ഡിസംബര്‍ 28, 1895. പാരീസിലെ ഒരു തണുത്ത പ്രഭാതം. ഗ്രാന്‍റ് കഫേ (Grand Cafe) യുടെ താഴത്തെനിലയില്‍ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികള്‍ ഒന്നിച്ചുകൂടി. ഭിത്തിക്കഭിമുഖമായിട്ടിരിക്കുന്ന കസേരകളില്‍ അതിഥികള്‍ ഇരിപ്പുറപ്പിച്ചു. ആകെയുണ്ടായിരുന്ന വെളിച്ചവും അണഞ്ഞു. അതുവരെ ശൂന്യമായിരുന്ന ഭിത്തിയില്‍ ചിത്രങ്ങള്‍ തെളിയാന്‍ തുടങ്ങി. കലയോട്, പ്രത്യേകിച്ച് ചിത്രകലയോട് ആഭിമുഖ്യമുണ്ടായിരുന്ന പാരീസുകാര്‍ അന്നവിടെ കണ്ടത് ഗാലറിയിലുള്ള നിശ്ചലദൃശ്യങ്ങളായിരുന്നില്ല. മറിച്ച്, ജീവനുള്ള ചലിക്കുന്ന ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ പുക തുപ്പി തങ്ങളുടെനേരെ വന്ന ട്രെയിന്‍ കണ്ടപ്പോള്‍ അവര്‍ ഇറങ്ങിയോടി. തങ്ങള്‍ കണ്‍മുമ്പില്‍ കണ്ട ചലിക്കുന്ന ആ അയഥാര്‍ത്ഥ്യത്തെ അവര്‍ യാഥാര്‍ത്ഥ്യമായിത്തന്നെ വിശ്വസിച്ചു.
ഏപ്രില്‍ 17, 2018 ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോണ്‍ എന്ന ചെറുപ്പക്കാരന്‍ തന്‍റെ ബഡ്സൈഡില്‍ വച്ചിരുന്ന മൊബൈല്‍ എടുത്ത്, രാത്രിയില്‍ വന്ന മെസേജുകള്‍ നോക്കിയശേഷം യോഗ ചെയ്യാന്‍ യൂട്യൂബ് തുറന്നു. സജക്ഷന്‍ ആയി ആദ്യം വന്നു കിടക്കുന്ന വീഡിയോ മുന്‍ പ്രസിഡന്‍റായ ബറാക്ക് ഒബാമയുടേതാണ്. ഒബാമ അനുഭാവിയായ ജോണ്‍ ഉടനെതന്നെ അതു ക്ലിക്കു ചെയ്ത് കാണുവാന്‍ തുടങ്ങി.
"........ President Trump is a total and complete dipshit.'' ജോണിനെപ്പോലെ അന്നേദിവസം ആ വീഡിയോ ആദ്യം കാണുന്ന ആയിരക്കണക്കിനാളുകള്‍, കുറച്ചു സമയത്തേക്കാണെങ്കിലും പരിഭ്രാന്തരായി. ജോര്‍ഡന്‍ പീല്‍ എന്ന സംവിധായകന്‍ ചെയ്ത deepfake വിഡീയോ കാണുന്ന ഏതൊരാളും അതില്‍ സംസാരിക്കുന്നത് ഒബാമ ആണെന്നേ വിശ്വസിക്കൂ.
മനുഷ്യന്‍റെ 93% ആശയവിനിമയവും സാധ്യമാകുന്നത് ദൃശ്യങ്ങള്‍ വഴിയാണ്. ജനിക്കുമ്പോള്‍ മുതല്‍ ഒരു കുട്ടി ലോകത്തെ മനസ്സിലാക്കുന്നത്, ആളുകളെ മനസ്സിലാക്കുന്നത്, തന്‍റെ വ്യക്തിത്വത്തെതന്നെ രൂപപ്പെടുത്തിയെടുക്കുന്നത് താന്‍ കണ്ട, കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളിലൂടെയാണെന്നു പറയാം. അതുകൊണ്ടായിരിക്കാം സംസാരഭാഷ ഉണ്ടാവുന്നതിന് 35000 വര്‍ഷങ്ങള്‍ക്കു മുന്‍പേ മനുഷ്യര്‍ ചിത്രങ്ങളില്‍ക്കൂടി സംസാരിക്കാന്‍ തുടങ്ങി (Caves of Altamira, Lascaux, Chauvet)). സംസാരഭാഷ (verbal) യാകട്ടെ, ദൃശ്യഭാഷയുടെ (visual) ചുവടുപിടിച്ചാണ് രൂപപ്പെട്ടത്. മെസോപ്പൊട്ടോമിയന്‍ സംസ്കാരത്തിലെ ക്യുണിഫോം ലിപി എടുത്താലും, ഈജിപ്റ്റിലെ ഹ്വിറോഗ്ലിഫിക്സ് (hieroglyphics) എടുത്താലും, രണ്ടോ അതിലധികമോ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മൂന്നാമത് ഒരു അര്‍ത്ഥമുണ്ടാക്കുന്ന രീതിയിലാണ് ഈ ലിപികളില്‍ വായിക്കുന്നതെന്നു കാണാം. ഇന്നു സംസാരിക്കുന്ന ഭാഷയുടെ അക്ഷരങ്ങള്‍തന്നെ ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ രൂപപ്പെട്ടതാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ "A' എന്ന അക്ഷരം, കലയുടെ അടിസ്ഥാന ഘടകമായ വരകള്‍ (Lines - Basic elements of art) പ്രത്യേകരീതിയില്‍ കൂട്ടിച്ചേര്‍ത്ത് വരച്ചെടുത്തതാണ്. അതിന് ഒരു സിമ്പോളിക് അര്‍ത്ഥവും കൊടുത്തിരിക്കുന്നു. എല്ലാ ഭാഷയും ഇതേപോലെയാണ്. ആയതിനാല്‍ സംശയമെന്യേ പറയാം മനുഷ്യര്‍ പ്രീ-പ്രോഗ്രാം (Pre-Program)) ചെയ്യപ്പെട്ടിരിക്കുന്നത് ദൃശ്യങ്ങള്‍ വായിക്കാനാണ് (Visual Communication).
എങ്ങനെയാണ് ഈ ദൃശ്യങ്ങളുടെ കാഴ്ച സാധ്യമാകുന്നത്? എന്താണ് ഈ കാഴ്ച? ന്യൂറോ സയന്‍റിസ്റ്റായ Dr. Seungന്‍റെ പഠനങ്ങള്‍ ഈ മേഖലയില്‍ ശ്രദ്ധേയമാണ് കാഴ്ചയെന്ന പ്രക്രിയ തുടങ്ങുന്നത് പ്രകാശരശ്മികള്‍ കണ്ണിന്‍റെ പ്യൂപ്പിളില്‍ കൂടി കടന്നു ന്യൂറല്‍ (nueral cells) സെല്ലുകള്‍ അതിനെ ഇലക്ട്രിക് പാറ്റേണുകളാക്കി (electric pattern) മാറ്റി റെറ്റിനാ - (retina) യിലെ മെമ്ബ്രേന്‍ (membrane) ല്‍ പതിപ്പിക്കുന്നു. ഒരു ഫിലിം സ്ട്രിപ്പില്‍ ചിത്രങ്ങള്‍ പതിക്കുന്നതുപോലെയാണെന്ന് നമ്മള്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ Dr. Seung പറയുന്നത് അതൊരു തെറ്റിദ്ധാരണയാണെന്നാണ്. റെറ്റിന ഒരു കമ്പ്യൂട്ടര്‍ പോലെയാണ്. ഒരു ക്യാമറപോലെയല്ല. വളരെ സങ്കീര്‍ണമായ ന്യൂറല്‍ നെറ്റ് വര്‍ക്കുകളാല്‍ (neural networks) നിറഞ്ഞതാണ് റെറ്റിന. തലച്ചോറിന്‍റെ ഒരു ഭാഗംതന്നെയാണ് റെറ്റിനയെന്ന് പറയാം. ദൃശ്യങ്ങള്‍ കാണുവാനുള്ള നമ്മുടെ കഴിവും; ദൃശ്യങ്ങളെ മനസ്സിലാക്കുവാനും അപഗ്രഥിക്കാനുമുള്ള കഴിവും, തലച്ചോറിന്‍റെ പ്രോസസിങ്ങ് പവറിനെയാണ് (Processing power) ആശ്രയിച്ചിരിക്കുന്നത് ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ കാണുന്നത് കണ്ണുകള്‍ കൊണ്ടല്ല, മറിച്ച് തലച്ചോര്‍ കൊണ്ടാണ്. കാഴ്ചയെന്നു പറയുന്നത് കാണുന്ന ബയോളജിക്കല്‍ പ്രക്രിയയും (biological Process) തലച്ചോറിന്‍റെ വിഷ്വല്‍ പ്രോസസിങ്ങും (Visual processing) ചേര്‍ന്നതാണ്. Vision = sight + brain.
താഴെക്കാണുന്ന ചിത്രത്തില്‍ എന്തെല്ലാമാണ് നിങ്ങള്‍ കാണുന്നത്? ആദ്യം ഒരു പക്ഷെ ദൃഷ്ടിയെത്തുന്നതു നടുക്കുള്ള മഞ്ഞക്കാറിലാണ്. പക്ഷേ അതുമാത്രമല്ല അതിലുള്ളത്. മറ്റു വാഹനങ്ങളുണ്ട്, പലതരത്തില്‍ വസ്ത്രം ധരിച്ച ആളുകളുണ്ട്. അവരെല്ലാവരും തന്നെ പല പ്രവൃത്തികളില്‍ വ്യാപൃതരാണ്. ചെടികള്‍, പൂക്കള്‍, മേശ, കസേര അതിന്‍റെ ആകൃതി, കളര്‍, സ്ട്രീറ്റ് ലൈറ്റുകള്‍, കടകള്‍, വിവിധതരം ബില്‍ഡിങ്ങുകള്‍ വിഷ്വല്‍ സ്റ്റിമ്യുലസിന്‍റെ (visual stimuli) സ്ഫോടനമാണ് ഈ ഒറ്റ ചിത്രത്തില്‍ തന്നെയുള്ളത്. ഇതൊരു ചലിക്കുന്ന ചിത്രമാണെങ്കില്‍ വീണ്ടും സങ്കീര്‍ണമാകും അതിന്‍റെ ചിത്രഘടന. മനുഷ്യന്‍റെ തലച്ചോര്‍ റെറ്റിന വഴി കാണുന്ന എല്ലാ സന്ദേശങ്ങളും ഒരേപോലെ പ്രോസസ്സ് ചെയ്യില്ല. കാണുന്ന ദൃശ്യങ്ങളുടെ ചില ഭാഗങ്ങള്‍മാത്രം ഫോക്കസ് ചെയ്ത് ബാക്കിഭാഗങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തലച്ചോര്‍ സെലക്റ്റ് ചെയ്യുന്ന പ്രക്രിയയാണ് അറ്റന്‍ഷന്‍ (attention). ഇങ്ങനെ ബോധപൂര്‍വ്വം, ബാക്കിയുള്ള ദൃശ്യങ്ങളെ അവഗണിക്കുന്ന പ്രതിഭാസത്തെ ""inattentional blindness'' എന്നു വിളിക്കുന്നു. ഹാര്‍ഡ്വാര്‍ഡ് സൈക്കോളജിസ്റ്റുകളായ ഡാനിയേല്‍ സിംപസണ്‍(Daniel Simpson) ഉം ക്രിസ്റ്റഫര്‍ ചെബ്രിസ് (Christopher Chabris) ഉം ആണ് ഇതിനെ നിര്‍വ്വചിച്ചിരിക്കുന്നത്. അറ്റെന്‍ഷന്‍ പറയുന്നത് ഒരു തരത്തില്‍ സെലക്ഷന്‍ ആണ്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണു വിഷ്വല്‍ മെമ്മറി (Visual memory)യും. ദൃശ്യങ്ങളുടെ രൂപത്തില്‍ റെറ്റിനയില്‍ക്കൂടി കടന്നുവന്ന് ഓര്‍മകളില്‍ സൂക്ഷിച്ചിരിക്കുന്ന സന്ദേശങ്ങളാണ് വിഷ്വല്‍ മെമ്മറി. വിഷ്വല്‍ മെമ്മറിയും വിഷ്വല്‍ അറ്റെന്‍ഷനും ആണ് ഈ ദൃശ്യലോകത്തെക്കുറിച്ചുള്ള അവബോധം ജനിപ്പിക്കുന്നത്. (Visual memory + visual attention = perception of the world)
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ദൃശ്യലോകത്തിലേക്കു തിരിച്ചുവരാം. ഗൂഗിളും ഫേസ്ബുക്കും ടെലിവിഷനും സിനിമയും പരസ്യങ്ങളുമെല്ലാം നിറഞ്ഞ ദൃശ്യലോകം. മനുഷ്യചരിത്രത്തില്‍ മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ലാത്ത വിധം ദൃശ്യങ്ങള്‍ നിറഞ്ഞലോകം. വേഗതയേറിയ ഇന്‍റര്‍നെറ്റും ചെലവുകുറഞ്ഞ സ്മാര്‍ട്ട് ഉപകരണങ്ങളും അത്യന്തം സങ്കീര്‍ണമായ കമ്പ്യൂട്ടര്‍ അല്‍ഗോരിത - (Computer algorithms) ങ്ങളും ഒരു ദൃശ്യസംസ്കാരം കടഞ്ഞെടുത്തു. ഇന്ന് ദൃശ്യങ്ങള്‍ പണമാണ്. തങ്ങളുടെ കണ്ടന്‍റുകള്‍ എത്രപേര്‍ കാണുന്നുവെന്നതനുസരിച്ച് കണ്ടന്‍റ് ക്രീയേറ്ററിന് പണം വരുന്നു. ഇന്ന് ദൃശ്യങ്ങള്‍ സ്വാധീനമാണ്. എല്ലാ ദിവസത്തെ മുഖ്യധാരാ പത്രങ്ങളിലും, പെട്രോള്‍ പമ്പുകളിലും വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളിലും തങ്ങളുടെ ചിത്രങ്ങള്‍ വരാന്‍ അധികാരത്തിലിരിക്കുന്നവര്‍ മത്സരിക്കുന്നു. ഇന്ന് ദൃശ്യങ്ങള്‍ ആയുധമാണ്. ഒരു ജനതയെ, അവരുടെ ചിന്താശേഷിയെ, അവരില്‍ രൂഢമൂലമായിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ തന്നെ മാറ്റിമറിക്കാന്‍ ദൃശ്യങ്ങള്‍ക്കാവും. മനുഷ്യമനസ്സിനെ ഹാക്ക് ചെയ്യുന്ന പ്രോഗ്രാമിങ്ങ് ഭാഷയാണ് (progaming language) ഇന്ന് ദൃശ്യങ്ങള്‍.
ഇതു content കളുടെ കാലഘട്ടമാണ്. കണ്ടന്‍റ് content എന്നതു നിശ്ചലചിത്രങ്ങളെയും ചലിക്കുന്ന ചിത്രങ്ങളെയും സൂചിപ്പിക്കുന്ന ഒരു ബിസിനസ്സ് പദം (term) ആണ്. ഈ കണ്ടന്‍റുകളില്‍ കൂടിയാണ് മുന്‍പ് പറഞ്ഞ mind hacking നടത്തുന്നതും വന്‍കിട ബിസിനസ്സുകള്‍ കോടികള്‍ ഉണ്ടാക്കുന്നതും. എങ്ങനെയാണ് കണ്ടന്‍റ് ക്രീയേറ്റര്‍ ഈ മൈന്‍ഡ് ഹാക്കിങ്ങ് നടത്തുന്നതെന്ന് നോക്കാം. ഒരിക്കല്‍ക്കൂടി പാരീസിലെ ഗ്രാന്‍ഡ് കഫേയിലേക്കു പോകാം. ഒരു Two diamentional ആയ ഭിത്തിയില്‍ ചലിക്കുന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരു കൂട്ടം ആളുകള്‍ അവിടെനിന്ന് ഭയന്നോടിയ ആ സംഭവംതന്നെ ദൃശ്യങ്ങളുടെ മൈന്‍ഡ് ഹാക്കിങ്ങിന്‍റെ ആദ്യസംഭവമെന്നു പറയാം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സിനിമയെന്ന കല ഒരു തരത്തില്‍ ഒരു മൈന്‍ഡ് ഹാക്കിങ്ങ് ടെക്നിക്ക് ആണ്. എത്ര തവണ മോഹന്‍ലാലിന്‍റെ സിനിമകള്‍ നമ്മള്‍ കണ്ടിരിക്കുന്നു. ഓരോ ചിത്രത്തിലും പല കഥാപാത്രങ്ങളാണെങ്കിലും, അതു യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയാണെന്നു നമുക്കറിയാം. എന്നിരുന്നാലും സിനിമ തുടങ്ങുമ്പോള്‍ അയാള്‍, സിനിമക്കുള്ളിലെ കഥാപാത്രമായി നമ്മള്‍ വിശ്വസിക്കുന്നു. കഥാപാത്രത്തിനോടൊപ്പം നമ്മള്‍ ചിരിക്കുന്നു. കഥാപാത്രത്തിനോടൊപ്പം കരയുന്നു. ചിത്രത്തില്‍ മുഴുവനായും മുഴുകുന്നു (suspension of disbelief). സിനിമയുടെ ഉത്ഭവം മുതല്‍ വികാസം പ്രാപിച്ചിട്ടുള്ള ദൃശ്യവ്യാകരണമാണ് ഇന്ന് വിജയിക്കുന്ന (successful) ഓരോ കണ്ടന്‍റിന്‍റെയും പുറകിലുമുള്ളത്.
സിനിമയെന്നത് ഒരു വലിയ കബളിപ്പിക്കലാണ്. സിനിമയുടെ സ്രഷ്ടാക്കള്‍; ഷോട്സ്, ആംഗിള്‍സ്, കോമ്പോസിഷന്‍, എഡിറ്റിംഗ്, കളേഴ്സ്, ലൈറ്റിംഗ് തുടങ്ങി നിരവധി സങ്കീര്‍ണമായ (complex)സിനിമാറ്റിക് ടെക്നിക്കുകള്‍ (cinematic techniques) അടങ്ങിയ ദൃശ്യഭാഷയും അതിന്‍റെ വ്യാകരണവും ഉപയോഗിച്ച് കാണികളുടെ ശ്രദ്ധയെ (അറ്റെന്‍ഷന്‍) നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. കാണുന്ന ചിത്രങ്ങളിലെ അറ്റെന്‍ഷന്‍ പോയിന്‍റുകളാണ് തലച്ചോര്‍ അപഗ്രഥനം ചെയ്യുന്നതെന്നു നമ്മള്‍ കണ്ടു കഴിഞ്ഞു. ഇപ്രകാരമാണ് സിനിമയില്‍ അയഥാര്‍ത്ഥമായവ കാണികളുടെ മറ്റ് ഇന്ദ്രിയങ്ങളെയും ബോധത്തെയും കബളിപ്പിച്ച് അതു പച്ചയായ യാഥാര്‍ത്ഥ്യമെന്നു വിശ്വസിപ്പിക്കുന്നത്. സിനിമയെന്നത് ഒരു മഹത്തായ കലയായി മാറുന്നത് ഇവിടെയാണ്. സിനിമാ വ്യാകരണത്താല്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ടാണ് പരസ്യങ്ങള്‍ വളരെ ചുരുങ്ങിയ സമയംകൊണ്ട് നമ്മുടെ മനസ്സില്‍ കയറിപ്പറ്റുന്നത്. "വിശ്വാസം അതല്ലേ എല്ലാം" എന്ന വാചകം നിങ്ങള്‍ വായിക്കുമ്പോള്‍ അത് ഏതു കമ്പനിയുടെ പരസ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് ഓര്‍ത്തുവച്ചിട്ടു നമുക്കു വലിയ പ്രയോജനമില്ല. ഒരിക്കല്‍പോലും അവിടെ പോയിട്ടുകൂടി ഉണ്ടാവില്ല. എങ്കില്‍കൂടിയും ഏതുറക്കത്തിലും ചോദിച്ചാലും പറയാന്‍ കഴിയും വിധം അത് നമ്മുടെ ഓര്‍മ്മയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. ഇതാണു ദൃശ്യഭാഷയുടെ ശക്തി. ഇതാണു മൈന്‍ഡ് ഹാക്കിങ്ങ്.
സിനിമയാകട്ടെ, പരസ്യങ്ങളാവട്ടെ, അതിന്‍റെ വശീകരണതയില്‍ ഒരു പരിമിതിയുണ്ടെന്നു വാദിക്കാം. പക്ഷേ ഇത്ര ശക്തിമത്തായ ഈ ദൃശ്യഭാഷ അതിസങ്കീര്‍ണമായ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ അടുക്കലേക്ക് എത്തിക്കുമ്പോള്‍ അത്യുഗ്ര പ്രഹരശേഷിയുള്ള ഒരു ആയുധമായി മാറുമെന്നതില്‍ സംശയമില്ല. ഇന്ന് ഇത്തരത്തിലുള്ള അല്‍ഗോരിതവും വിഷ്വല്‍ കണ്ടന്‍റ്സും ഉള്ളവരാണ് ഏറ്റവും പ്രബലരായ ആളുകള്‍. 24 മണിക്കൂറിലും ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയായിലും സമയം ചെലവഴിക്കുന്ന നമ്മളെ മാനിപ്പുലേറ്റ് (manipulate) ചെയ്യാന്‍ വളരെ എളുപ്പമാണ്. ഈ മാനിപ്പുലേഷന്‍ വിദ്യ ഒരു ബിസിനസ്സ് ആയി മാറ്റിയാല്‍ ആരാണ് അതു വാങ്ങുവാന്‍ വരാത്തത്. ഈ തരത്തിലുള്ള നിരവധി കമ്പനികള്‍ ലോകമെമ്പാടും ഇന്നുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക (Cambridge Analytica) എന്ന കമ്പനി വെളിച്ചത്തുവന്ന ഒരു പേരു മാത്രം. തങ്ങളുടെ ജീവിതം മുഴുവനും സെല്‍ഫികള്‍ കൊണ്ടും സാമൂഹികജീവിതത്തിന്‍റെ ചിത്രങ്ങള്‍കൊണ്ടും ഭക്ഷണം കഴിക്കുന്നതുമുതല്‍ യാത്രകള്‍ പോവുന്നതുവരെയുള്ള ചിത്രങ്ങള്‍ കൊണ്ടും ഫേസ്ബുക്കുപോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പോസ്റ്റു ചെയ്ത് ജീവിക്കുന്നവരാണ് നമ്മള്‍. ഒരാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ എടുത്തുനോക്കിയാല്‍ അതില്‍ അയാള്‍ അപ്ലോഡു ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമായ ചിത്രങ്ങള്‍ അപഗ്രഥിച്ച് അയാളുടെ സൈക്കോളജിക്കല്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ വളരെയെളുപ്പമാണ്. വളരെ എഫിഷ്യന്‍റ് ആയ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് വളരെയെളുപ്പം ഈ ക്രാക്കിങ്ങ് (cracking) സാധിക്കും. അയാളുടെ പ്രൊഫൈല്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ അയാളെ ഹാക്ക് ചെയ്യാന്‍ എളുപ്പമാണ്. ഏതെല്ലാം തരത്തില്‍ ഉള്ള വിഷ്വല്‍ മെസേജസും അതിനുവേണ്ട ഗ്രാമറും ഉപയോഗിച്ച് എത്ര ഇടവേളയില്‍ അയാളുടെ ഫീഡില്‍ ദൃശ്യമാവണം തുടങ്ങിയ കാര്യങ്ങള്‍ സെല്‍ഫ് ലേണിംഗായ അല്‍ഗോരിതമുകള്‍ നോക്കിക്കൊള്ളും. ഈ രീതിയില്‍ ലോകത്തിലെ പല ഭാഗങ്ങളില്‍ പ്രത്യേകിച്ച് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വരെ ഈ തരത്തില്‍ വിഷ്വല്‍ ക്രാക്കിങ്ങും ഹാക്കിംഗും (visual cracking and hacking) നടന്നിരുന്നതായി പറയപ്പെടുന്നു.
Deepfake ന്‍റെയും 'മെറ്റ'യും 'കേംബ്രിഡ്ജ് അനലിറ്റിക്ക'യും പോലുള്ള കമ്പനികളുടെയും ലോകത്ത് ഇന്നു വേണ്ടതു ദൃശ്യസാക്ഷരതയാണ്. 1960കളുടെ തുടക്കത്തില്‍ ടെലിവിഷനുകളുടെ കാലത്താണ് ഈ ടേം ആദ്യമായി ഉയര്‍ന്നുവരുന്നത്. ഇന്ന് ഇത് ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. ദൃശ്യങ്ങളെ വളരെ നിരൂപണപരമായി കാണുവാനും അപഗ്രഥിക്കാനും അതോടൊപ്പംതന്നെ വ്യാകരണം മനസ്സിലാക്കി ദൃശ്യങ്ങളെ സൃഷ്ടിക്കാനും ദൃശ്യങ്ങള്‍കൊണ്ട് സംസാരിക്കാനും സാധിക്കുന്ന കഴിവിനെയാണ് ദൃശ്യസാക്ഷരത അഥവാ വിഷ്വല്‍ ലിറ്ററസി (visual literacy) എന്നു പറയുന്നത്. പ്രൈമറി സ്കൂളുകള്‍ മുതല്‍ത്തന്നെ ഇത് ആരംഭിക്കണം. സ്കൂളുകളില്‍ ഭാഷകള്‍ പഠിക്കുന്നതോടൊപ്പം തന്നെ അവരെ ദൃശ്യഭാഷയും പഠിപ്പിക്കണം. കേവലം ആര്‍ട്ട് എഡ്യുക്കേഷന്‍ (art education) കുട്ടികളെ ദൃശ്യസാക്ഷരതയുള്ളവരാക്കില്ല. വിഷ്വല്‍ ലിറ്റററസിയെ മുന്‍നിര്‍ത്തി പെഡഗോജിയും (Pedagogy) കരിക്കുലവും (Curiculam) ഡിസൈന്‍ ചെയ്യണം. അതില്‍ പെയിന്‍റിംഗും ഫോട്ടോഗ്രാഫിയും സിനിമയും തുടങ്ങി ഈ വിഷ്വല്‍ ഗ്രാമര്‍ കൊണ്ട് സംവേദിക്കുന്ന എല്ലാ ദൃശ്യകലകളും (Visual Arts) ഉള്‍പ്പെടുത്താം. എങ്കില്‍മാത്രമേ ഇന്നത്തെ ലോകത്തും ഇനി വരാന്‍പോകുന്ന ലോകത്തും പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന മനുഷ്യരല്ലാതാവാന്‍ പറ്റൂ. ദൃശ്യസാക്ഷരത ഈ കാലഘട്ടത്തിന്‍റെ തന്നെ ആവശ്യകതയാണ്.
ജിനു കെ. വര്‍ഗീസ്
(SJCC, Changanacherry)