news-details
കവർ സ്റ്റോറി

കാഴ്ചയിലെ ഉള്‍ക്കാഴ്ച

കലയും കാഴ്ചയും മനുഷ്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനെന്ന സമൂഹജീവിയുടെ ഉല്പത്തിക്കു മുമ്പുതന്നെ ജീവിലോകം കാഴ്ചയുടെ വലിയ സൗഭാഗ്യം ആസ്വദിച്ചു തുടങ്ങിയിരുന്നു. സസ്യങ്ങളെയും ഇതര ജീവജാലങ്ങളെയും വേര്‍തിരിക്കുന്ന ഒരു പ്രധാനഘടകവും 'കാഴ്ച'യാണ്. ഈ കാഴ്ചയുടെ വര്‍ണ്ണപ്രപഞ്ചമാണ് മനുഷ്യനെ കലയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണി.

എന്താണ് 'കല' എന്നത് ഇവിടെ വളരെ പ്രസക്തമാകുന്നു. 'കല' എന്നതിനു കാലാകാലങ്ങളായി അനേകം നിര്‍വചനങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ നിത്യജീവിതവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ നാം ജീവിക്കുന്നതുതന്നെ കലകളിലൂടെയാണ് എന്നു ബോധ്യമാവും. ആദിമ മനുഷ്യന്‍ മുതല്‍ ഇന്നു നാം എത്തിനില്‍ക്കുന്ന അതിസാങ്കേതിക ജീവിതംവരെ പരിശോധിച്ചാല്‍, ദൈനംദിന ജീവിതത്തില്‍ നമ്മള്‍ നടത്തുന്ന എല്ലാ തിരഞ്ഞെടുക്കലുകളും നമ്മിലെ ക്രിയാത്മകതയല്ലേ പ്രതിഫലിപ്പിക്കുന്നത്. ഇതേ ക്രിയാത്മകതയുടെ ദൃശ്യരൂപത്തിനെ തന്നെയല്ലേ സാമാന്യഭാഷയില്‍ നാം 'കല' എന്നു വിശേഷിപ്പിക്കുന്നത്.

കലയുടെ വിവിധ തലങ്ങള്‍

കല അഥവാ 'ആര്‍ട്ട്' എന്നതു വിവിധങ്ങളായ സങ്കേതങ്ങളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ്. ഇതിനെ പ്രധാനമായും മൂന്നു മേഖലകളായി തിരിക്കാം.

1. Liberal Arts (സ്വതന്ത്രകല/ഉദാരകല)

സ്വതന്ത്രമായി നില്‍ക്കാന്‍ സാധിക്കുന്നതും അതില്‍ത്തന്നെ പൂര്‍ണ്ണത കണ്ടെത്താവുന്നതുമായ കലാവൈജ്ഞാനിക മേഖലകളെ ലിബറല്‍ ആര്‍ട്ട്സ് എന്നു വിവക്ഷിക്കാം. സാധാരണയായി നാം വിദ്യാഭ്യാസപരമായി സമീപിക്കുന്ന വിജ്ഞാനശാഖകളെല്ലാം ഈയൊരു ഗണത്തില്‍ വരുന്നു. ഉദാ: ഭൂമിശാസ്ത്രം, ചരിത്രം, ഗണിതശാസ്ത്രം...

ഒരു മനുഷ്യന് അവന്‍റെ സാമൂഹിക വ്യവസ്ഥിതിയുമായി ഇടപഴകി, അവന്‍റെ അന്തസ്സും ആഭിജാത്യവും പ്രശോഭിതമാക്കി ഉത്തമപൗരനായി ജീവിക്കുന്നതിന് ഈ വിജ്ഞാനശാഖകളെക്കുറിച്ച് ഒരു അടിസ്ഥാന അവബോധം ആവശ്യമാണ്.

അതുകൊണ്ടാണ് ഓരോ വ്യക്തിക്കും ലഭിക്കേണ്ടതായ അടിസ്ഥാന വിദ്യാഭ്യാസത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസതലത്തിലേക്കു വരുമ്പോള്‍ ഓരോരുത്തരും ഏതെങ്കിലും പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് മുമ്പോട്ടു പോകുന്നു. അങ്ങനെ ലിബറല്‍ ആര്‍ട്ട്സ്/സ്വതന്ത്രകല ഒരു കേവലമനുഷ്യനെ തനതായ വ്യക്തിത്വമുള്ള ഒരു സാമൂഹിക ജീവിയാക്കി പരിണമിപ്പിക്കുന്നു.

2. Functional Arts (സോപയോഗ കലകള്‍)

കലകളില്‍ നമ്മുടെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന മറ്റൊരു മേഖലയാണ് 'സോപയോഗ കലകള്‍ അഥവാ ഫംങ്ങ്ഷണല്‍ ആര്‍ട്ട്സ്'. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ടവയും എന്നാല്‍ ആ ഉപയോഗത്തിനൊപ്പം ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നതുമായ വസ്തുക്കളെയാണ് സോപയോഗകലകള്‍ എന്നു വിവക്ഷിക്കുന്നത്.

നാം ഉപയോഗിക്കുന്ന മനോഹരങ്ങളായ കസേരകള്‍, മേശകള്‍, പാത്രങ്ങള്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍ അലങ്കരിക്കുന്നത് ഒക്കെ സോപയോഗകലകളുടെ ഗണത്തില്‍ വരുന്നു. കലാലോകത്ത് ഏറ്റവും അധികം ഉത്പന്നങ്ങളും ഉപശാഖകളും ഉള്ളതു സോപയോഗ കലകള്‍ക്കാണ്.

3. Fine Arts (സുകുമാരകല)

'കല', 'കലാകാരന്മാര്‍' എന്നൊക്കെ സാധാരണ നാം പറയുന്നത് സുകുമാരകലകളെ മുന്‍നിര്‍ത്തിയാണ്. തികച്ചും ഇന്ദ്രിയാനുഭവങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന ആശയസംവേദന ഉപാധികളാണ് സുകുമാരകലകളില്‍ നാം കാണുന്നത്. ചിത്രകല, ശില്പകല, സംഗീതം, നൃത്തം മുതലായ കലാസങ്കേതങ്ങളാണ് ഈ കലാമേഖലയെ സമ്പന്നമാക്കുന്നത്.

പ്രത്യേകിച്ച് ഒരു വിവരണമോ വിശദീകരണമോ ഇവയ്ക്ക് ആവശ്യമില്ല, എന്നാല്‍ ഈ കലാസങ്കേതങ്ങളില്‍ കൂടിയും സംവദിക്കുവാന്‍ ശ്രമിക്കുന്ന ആശയങ്ങളും ഉള്ളടക്കവും മുന്‍നിര്‍ത്തി അവയെ വീണ്ടും തരംതിരിക്കാന്‍ സാധിക്കും. സുകുമാരകലകളുടെ മറ്റൊരു പ്രത്യേകത അവ മറ്റു കലാമേഖലകളുമായും പരസ്പരവും ബന്ധപ്പെട്ടിരിക്കുന്നു. ഇവ ഓരോ പ്രത്യേകം പഠനശാലകളായും വികസിച്ച് വന്നിരിക്കുന്നു.

കാഴ്ചയുടെ സങ്കേതങ്ങള്‍

'കാഴ്ച' എന്ന വാക്കു നിരവധി അര്‍ത്ഥതലങ്ങളെ സൂചിപ്പിക്കുന്നു. ഒരു ഇന്ദ്രിയ അനുഭവത്തില്‍ തുടങ്ങി അതീന്ദ്രിയവും അഭൗമവുമായ തലങ്ങളില്‍വരെ അതു വ്യാപിച്ചുകിടക്കുന്നു. സംസാരഭാഷയില്‍ കാഴ്ച എന്നാല്‍ കണ്ണുകള്‍കൊണ്ട് കാണുക എന്നാണല്ലോ അര്‍ത്ഥം. എന്നാല്‍ ഇതേ കാഴ്ചയുടെ മറ്റൊരു വശമാണ് 'വീക്ഷണം' അതില്‍ കേവലം കാണുക എന്നതിന്‍റെ കൂടെ വ്യക്തിപരമായ അഭിപ്രായവും കൂടെ ചേര്‍ത്തുവയ്ക്കപ്പെടുന്നു. അതുപോലെ 'ഉള്‍ക്കാഴ്ച, അത് മറ്റൊരു കാഴ്ചയാണ്. ഉപരിപ്ലവമായ വസ്തുവോ ആശയമോ എന്നതിനുപരി അതിന്‍റെ ആന്തരികമായ തലത്തിലേക്ക് ഇറങ്ങിചെല്ലുമ്പോള്‍ അത് ഉള്‍ക്കാഴ്ച ആകുന്നു. എന്നാല്‍ ഇതിനെക്കാളൊക്കെ മീതെയുള്ള മറ്റൊരു കാഴ്ചാനുഭവമാണ് 'ദര്‍ശനം'. അതില്‍ ബാഹ്യവും ആന്തരികവും അതീന്ദ്രിയവും ദൈവികവുമായ തലങ്ങള്‍ അടങ്ങിയിരിക്കുന്നു.

ഇപ്രകാരം നമ്മുടെ കാഴ്ചയും അതിലുള്ള ഉള്‍ക്കാഴ്ചയും ക്രിയാത്മകതയും കലാവബോധവും എല്ലാം പരസ്പരപൂരകങ്ങളായി തീരുന്നു. 'കാഴ്ച' എന്നതു വെറുംകാഴ്ച മാത്രമല്ല എന്ന ഒരു അവബോധത്തിലേക്ക് ഈ പരസ്പരപൂരകത്വം വിരല്‍ ചൂണ്ടുന്നു.

കാഴ്ചയുടെ പരിപ്രേക്ഷ്യം (Visual Perception)

""Its not what you look at that matters, Its what you see''  - Henry David Theoreau

കാഴ്ചയുടെ പരിപ്രേക്ഷ്യം അഥവാ വിഷ്വല്‍ പെര്‍സെപ്ഷന്‍ മനുഷ്യന്‍റെ കാഴ്ചാശീലങ്ങള്‍ക്ക് ഒരു മാനുഷികതലം ഉണ്ടെന്നു വ്യക്തമാക്കുന്നു. ഈ പരിപ്രേക്ഷ്യമാണ് ഇതര ജീവികളുടെ കാഴ്ചയില്‍ നിന്നു മനുഷ്യന്‍റെ കാഴ്ചയെ വ്യത്യസ്തമാക്കുന്നത്. എന്താണു നോക്കുന്നത് എന്നതിനേക്കാള്‍ എന്താണ് കാണുന്നത് എന്നതു പ്രാധാന്യം അര്‍ഹിക്കുന്നു.

പ്രശസ്ത ആംഗലേയ സാഹിത്യകാരനും തത്വചിന്തകനുമായ Aldous Huxley കാഴ്ചയെ നിര്‍വചിക്കുന്നതു വളരെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്‍റെ "The Art of Seeing; An Adventure in Re education' എന്ന ഗ്രന്ഥത്തില്‍ സ്വന്തം ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി കാഴ്ചക്ക് വിശാലമായ ഒരു അര്‍ത്ഥതലം നല്‍കുന്നു. ഇദ്ദേഹത്തിന്‍റെ വാദഗതികളെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം വാദങ്ങള്‍ ഉണ്ടെങ്കിലും നോട്ടവും കാഴ്ചയും തമ്മിലുള്ള ബന്ധത്തെ വളരെ ലളിതമായി ഇവിടെ മനസ്സിലാക്കാം. Aldous Huxley യുടെ പതിനാറാമത്തെ വയസ്സില്‍ ഒരുതരം നേത്രരോഗം പിടിപെട്ട് കാഴ്ചശക്തി കുറഞ്ഞുവന്നു. തന്‍റെ കാഴ്ചയെ വീണ്ടെടുക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ഫലമായി കാഴ്ചക്ക് പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും കണ്ടെത്തുവാന്‍ ഹക്സ്ലിക്ക് സാധിച്ചു. അദ്ദേഹം ഇതിനെ ഇപ്രകാരം നിര്‍വ്വചിക്കുന്നു.

Sensing + Selecting + Perceiving = Seeing

Sensing അഥവാ ധരിക്കുക എന്നത് കാഴ്ചയില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു വസ്തുവിനെ കാണുക എന്നതു (എന്താണ് എന്ന ധാരണ) കണ്ണിന്‍റെ ധര്‍മ്മവും ആ കാഴ്ചയെ തിരിച്ചറിയുക എന്നതു നാഡീവ്യൂഹത്തിന്‍റെ പ്രവര്‍ത്തനവും അതിനെ ഗ്രഹിക്കുകയെന്നതു മനസ്സിന്‍റെ പ്രക്രിയയും ആണ്. ഗ്രഹണശക്തി അഥവാ ഗ്രഹിക്കുന്നതിനുള്ള കഴിവ് ഓരോ വ്യക്തിയിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു. അത് വിഭിന്നങ്ങളായ പരിജ്ഞാനങ്ങളുടെയും സ്മൃതിപഥത്തിലുള്ള അനുഭവങ്ങളുടെയും തഴക്കങ്ങളുടെയും ഒക്കെ ആകെ തുകയാണ്. ഇങ്ങനെ ഗ്രഹണശക്തിയിലെ വ്യത്യാസങ്ങളാണ് പ്രത്യേക ബൗദ്ധിക മാനസിക നിലവാരങ്ങളും കാഴ്ചപ്പാടുകളും ഒക്കെ നല്‍കി ഓരോ വ്യക്തിയെയും വേറിട്ട വ്യക്തിത്വങ്ങളുടെ ഉടമകളാക്കുന്നത്.

ഈ കാഴ്ചകളുടെ ഉള്ളറകളില്‍ ഒരു സെലക്ഷന്‍/തിരഞ്ഞെടുപ്പ് പ്രക്രിയ സംഭവിക്കുന്നുണ്ട്. അതായത് കണ്ണുകള്‍കൊണ്ട് കാണുന്ന അനേകം വസ്തുക്കളില്‍ നിന്ന് നാം ആവശ്യമുള്ളതിനെ മാത്രം ശ്രദ്ധിക്കുകയും അതിനെമാത്രം മനനം ചെയ്തു ഗ്രഹിക്കുകയും അങ്ങനെ ആ വസ്തുവിനെ കാണുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു ചെറിയ ആള്‍ക്കൂട്ടത്തിന് ഇടയില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവരെ നാം വേഗം കാണുകയും തിരിച്ചറിയുകയും ചെയ്യും. എന്നാല്‍ ആ വ്യക്തിയുടെ ചുറ്റുപാടും ആരൊക്കെ, എങ്ങനൊക്കെ നിന്നിരുന്നു എന്നതു നമ്മുടെ കണ്ണുകളുടെ ദൃഷ്ടിപഥത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കൂടിയും നാം തിരിച്ചറിയാതെ അല്ലെങ്കില്‍ 'കാണാതെ' പോകുന്നു. ഇതുതന്നെയാണ് മഹാഭാരത കഥയില്‍ ദ്രോണാചാര്യരുടെ പരീക്ഷണ സമയത്ത് അര്‍ജ്ജുനന്‍ കിളിയുടെ കണ്ണുമാത്രമായി കാണുന്നതിന്‍റെ പൊരുളും. ഇവിടെ 'കാഴ്ച' ഒരു ദൃശ്യം എന്നതില്‍ നിന്ന് 'അനുഭവം' എന്ന തലത്തിലേക്ക് പരിണമിക്കുന്നു. കലാസ്വാദനത്തിലും ഇതേ പരിണാമം സംഭവിക്കുന്നിടത്താണ് കല ഒരു ജീവിതാനുഭവമായി നമ്മോടു സംവദിക്കുന്നത്.
കലാസ്വാദനവും ക്രൈസ്തവാത്മീയതയും 
കാഴ്ചയും കലയും ജീവിതാംശി ആയിരിക്കകൊണ്ടുതന്നെ നമ്മുടെ മതജീവിതവുമായും ഇതു ബന്ധപ്പെട്ടിരിക്കുന്നു. 'വേണ്ടതിനെ' കാണുക എന്നതിന് 'നല്ലതിനെ' കാണുക എന്ന ആത്മീയതലം നല്‍കുന്നത് നമ്മുടെ മതോന്മുഖതയാണ്. ക്രൈസ്തവത വിശ്വാസരൂപീകരണവും കലാസങ്കേതങ്ങളുമായി വളരെ അടുത്തുനില്‍ക്കുന്നു. ആദിമ സഭ രൂപപ്പെട്ടു വരുന്ന കാലം മുതല്‍ത്തന്നെ ദൃശ്യരൂപങ്ങളും സൂചകങ്ങളും (Images like good shepherd, Orant  etc & symbols like Ichthys) കാഴ്ചയിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലേക്കും വിശ്വാസസമൂഹമായി വളരുന്നതിലേക്കും ഉപയോഗിച്ചുപോന്നു.

ബൈസന്‍റ്റ്റൈന്‍ (Byzenstine)) സഭാ പാരമ്പര്യങ്ങളില്‍ ഉടലെടുത്തതും പൗരസ്ത്യ സഭകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഐക്കണ്‍ ചിത്രങ്ങള്‍ ഈ വിചാരഗതി കുറെക്കൂടെ വ്യക്തമാക്കുന്നു. കേവലദൃശ്യാനുഭവത്തിനും ആസ്വാദനത്തിനും ഉപരിയായി തിരുവചനങ്ങളെ ദൃശ്യരൂപത്തിലേക്ക് സന്നിവേശിപ്പിച്ച് അതീന്ദ്രിയമായ ഒരു തലത്തില്‍ നിന്നുകൊണ്ട് തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുന്ന, പ്രഘോഷിക്കുന്ന കലാസങ്കേതങ്ങളായി അവ മാറുന്നു. Fr. Maximons Constas -ന്‍റെ The Art of Seeing - Paradox and Perception in Orthodox Iconography എന്ന ഗ്രന്ഥത്തില്‍ ഈ പരിണാമത്തിന്‍റെ ആന്തരിയാര്‍ത്ഥങ്ങളെയും പരിപ്രേക്ഷ്യത്തെയും വളരെ ഭംഗിയായി വിശദീകരിക്കുന്നു.

ക്രൈസ്തവ ദേവാലയ വാസ്തുവിദ്യയില്‍ എന്നും അനുപമമായി നിലനില്‍ക്കുന്ന ഗോഥിക് ശൈലിയില്‍ കാഴ്ചയുടെ മറ്റൊരു വീക്ഷണം കാണാം. ഇതില്‍ ഉപയോഗിക്കുന്ന വലിയ ജനലുകളും അവയുടെ ചിത്രപ്പണിചെയ്ത ചില്ലുകളും പുഷ്പാകൃതിയില്‍ ചില്ലുകള്‍ ഉള്ള 'റോസ് വിന്‍ഡോസ്'കളും എല്ലാം ചേര്‍ന്ന് ഗോഥിക് ദേവാലയങ്ങളില്‍ അഭൗമികമായ ഒരു വര്‍ണ്ണപ്രപഞ്ചം ഒരുക്കുന്നു. അത് വിശ്വാസികളില്‍ ഒരു ആസ്വാദകനോപാധി എന്നതിലുപരി പറുദീസയുടെ ഒരു മുന്നനുഭവവും വിശ്വാസസ്ഥിരതയും പ്രദാനം ചെയ്യുന്നു.

ലിയനാര്‍ഡോ ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ തുടങ്ങിയ വിശ്വപ്രസിദ്ധരായ ചിത്രകാരന്മാരുടെ വിഖ്യാതചിത്രങ്ങളും (Last Supper by Davinci, Sistine chapel Ceiling paintings by Michael Angelo.). കാഴ്ചയുടെ ഈയൊരു അനുഭവതലങ്ങളെ സ്പര്‍ശിക്കുന്നവ ആണ്. നവോത്ഥാന കാലഘട്ടത്തിലും തുടര്‍ന്നും ഇന്ന് ഈ ആധുനിക കലാസാങ്കേതിക തലങ്ങളിലും ക്രൈസ്തവ കലാസൃഷ്ടികള്‍ അതു നല്‍കുന്ന ആദ്ധ്യാത്മിക ഉള്‍ക്കാഴ്ചകളാല്‍ പ്രഭാപൂരിതമായിരിക്കുന്നു.

ഇന്നത്തെ ആത്മീയ ഉള്‍ക്കാഴ്ചകളുടെ മറ്റൊരു വശമാണ് 'ദര്‍ശനങ്ങള്‍' (Visions). ഗളിവറിന്‍റെ യാത്രകള്‍ എന്ന കൃതിയിലൂടെ ഏവര്‍ക്കും സുപരിചിതനായ ഐറിഷ് എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റ് ദര്‍ശനങ്ങളെ വിവക്ഷിക്കുന്നത് ഇപ്രകാരമാണ്:
"Vision is the art of seeing what is invisible to others.'
മറ്റാര്‍ക്കും കാണാന്‍ സാധിക്കാത്തത് കാണുന്ന കലയാണ് ദര്‍ശനം. വിശുദ്ധ ഗ്രന്ഥം ഇത്തരം ദര്‍ശനങ്ങളാല്‍ സമ്പന്നവുമാണ്. കാഴ്ചയുടെ അര്‍ത്ഥതലങ്ങളില്‍ കൂടെ സഞ്ചരിച്ച് ഉള്‍ക്കാഴ്ചയിലൂടെ ദര്‍ശനം കാണുന്ന തലത്തിലേക്ക് വളരുവാന്‍ സാധിക്കുമ്പോഴാണ് കല നമ്മുടെ ഹൃദയമാലിന്യങ്ങളെ വെടിപ്പാക്കാനുള്ള ഉപാധികൂടിയായി പരിണമിക്കുന്നത്. അവിടെയാണ് കാഴ്ചയുടെയും കലയുടെയും ധര്‍മ്മം സാര്‍ത്ഥകമാകുന്നത്.
‘Art washes away from the soul
the dust of everyday life.’
- Pable Picasso

 

 

നിസ സൂസന്‍
(SJCC, Changanacherry)

You can share this post!

സഞ്ചരിക്കുന്ന മരങ്ങള്‍

ഫാ. ജി. കടൂപ്പാറയില്‍ MCBS
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts