പുതുവര്‍ഷത്തിന്‍റെ പൊന്‍പുലരിയിലേക്ക് പ്രവേശിക്കുമ്പോള്‍ 'കാഴ്ച' യുടെ ചെറിയൊരു ധ്യാനവിചാരം നല്ലതാണ്. കാഴ്ചയാണ് വിശ്വാസം. കാഴ്ചയാണ് ധര്‍മ്മം. വിശ്വാസികള്‍ കാഴ്ചയുള്ളവരാണ്. അവര്‍ പ്രകാശത്തില്‍ നടക്കുന്നവരാണ്. പ്രകാശത്തോടെ നോക്കുമ്പോള്‍ എല്ലാം പ്രകാശിക്കും. 'കണ്ണ് പ്രകാശിപ്പിക്കുന്നു' എന്നു പറയുമ്പോള്‍, അകത്തുള്ളതിനെ പ്രകാശിപ്പിക്കുക എന്നതാണര്‍ത്ഥം. ഓരോരുത്തരുടെയും ഉള്ളില്‍ എന്താണെന്നു കാണിച്ചുതരുന്ന കിളിവാതിലാണ് കണ്ണ്. മിഴി ഒരു ജാലകമാണ്. വെളിച്ചം പുറത്തുനിന്ന് അകത്തേക്കു പ്രവേശിക്കുന്നതും അകത്തെ വെളിച്ചം പുറത്തേക്കു പ്രസരിക്കുന്നതും ആ ചില്ലുവാതിലിലൂടെയാണ്. അതുകൊണ്ടുതന്നെ പൊടിപുരളാതെയും മൂടല്‍മഞ്ഞുപതിയാതെയും അതിനെ സൂക്ഷിക്കേണ്ടതുണ്ട്.
മിഴിജാലകത്തിന്മേല്‍ അഴുക്കും മെഴുക്കും പിടിച്ച് സകല മനുഷ്യര്‍ക്കും അന്ധതപിടിച്ച കഥ പറയുന്ന ഒരു നോവലാണ് ഷൂസേ സരമാഗുവിന്‍റെ 'അന്ധത'Blindness എന്ന ആഖ്യായിക. നഗരത്തിലെ തിരക്കുപിടിച്ച ഒരു ട്രാഫിക് സിഗ്നലില്‍ ചുവപ്പുമാറി, പച്ചതെളിയാന്‍ കാത്തുനില്ക്കുകയാണ് ഒരു കാര്‍ യാത്രക്കാരന്‍. ലൈറ്റ് പച്ചയായത് അയാള്‍ കാണുന്നില്ല. അയാള്‍ കാണുന്നതെല്ലാം വെളുപ്പ്. പോലീസ് വന്നു കാര്യം തിരക്കി. അയാള്‍ അന്ധനായിരിക്കുന്നു. ഒരു സഹായി വന്ന് അയാളുടെ കാര്‍ ഓടിച്ച് അയാളെ വീട്ടിലെത്തിച്ചു. അയാളുടെ കൈക്കു പിടിച്ച് മുറിയിലാക്കി.
പുറത്തുപോയിരുന്ന അയാളുടെ ഭാര്യ വന്നപ്പോള്‍ ഭര്‍ത്താവിന്‍റെ അന്ധതയെക്കുറിച്ചറിഞ്ഞു. പക്ഷേ, കാറു കണ്ടില്ല. നല്ല സമരായക്കാരനായവന്‍ കാറുമായി കടന്നുകളഞ്ഞു! അന്ധന്‍റെ നിസ്സഹായത അയാള്‍ മുതലാക്കി. പിറ്റേന്ന് അന്ധനെ ഡോക്ടറെ കാണിച്ചു. അയാളുടെ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഡയറി ഇതാദ്യം. രോഗിയെ പരിശോധിച്ച ഡോക്ടറും പിറ്റേന്ന് അന്ധനായി. തുടര്‍ന്ന് പലരിലേക്കും അന്ധത പടര്‍ന്നു. നഗരത്തില്‍ കൂടുതല്‍ പേരിലേക്ക് അന്ധത പടരാതിരിക്കാന്‍, അന്ധരെയെല്ലാം പട്ടാളത്തിന്‍റെ സഹായത്തോടെ ഒരു പഴയ കെട്ടിടത്തിലടച്ചു. ഡോക്ടറുടെ ഭാര്യ അന്ധയല്ലെങ്കിലും ആന്ധ്യം നടിച്ച് ഡോക്ടറുടെ കൂടെ താമസിച്ചു. പകരുമെന്ന പേടിയില്‍ അന്ധരുമായി ആരും ബന്ധപ്പെടാതെ സൂക്ഷിച്ചു. ഭക്ഷണത്തെ ചൊല്ലിയുണ്ടായ കലാപം തീവെയ്പിലും ബഹളത്തിലും അവസാനിക്കുന്നു. അന്ധരെല്ലാവരും പുറത്തുചാടി. നഗരം മുഴുവന്‍ അന്ധരെക്കൊണ്ട് നിറഞ്ഞു. ഡോക്ടറുടെ ഭാര്യ മാത്രമാണ് അവിടെ കാഴ്ചയുള്ള ഏക വ്യക്തി. തിക്കിലും തിരക്കിലും പെട്ട് അവര്‍ നഗരത്തിന്‍റെ ഒരു കോണിലേക്ക് എത്തി. അവിടെയുള്ള ഒരു ദൈവാലയത്തില്‍ കയറിച്ചെന്നു. പള്ളിയിലെ സകല രൂപങ്ങളുടെയും കണ്ണ് കെട്ടിയിരിക്കുന്നു. ദൈവത്തെ കാണാന്‍ കഴിയാത്ത അന്ധത മനുഷ്യനെ ബാധിച്ചപ്പോള്‍ ദൈവം ഇനി മനുഷ്യനെ കാണണ്ട എന്നു വികാരി തീരുമാനിച്ചതിന്‍റെ ഇഫക്ട്.
ഒരാള്‍പ്പോലും നീതിമാനായിട്ടില്ലാത്ത ഒരു നഗരത്തിന്‍റെ കഥയാണിത്. കണ്ണുകാണുന്നവരും ശ്രമിച്ചത് കാഴ്ചകൊണ്ടുള്ള ചൂഷണത്തിനു മാത്രമാണ്. "എല്ലാവരെയും അവര്‍ അന്ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു." ഇതു നോവലിലെ വരികളല്ല. വേദപുസ്തകത്തിലെ ഉല്പത്തിത്താളില്‍ നിന്നാണിത്, 19:11. സോദോം നഗരത്തിന്‍റെ കഥ. സോദോമിലെ മനുഷ്യരും അന്ധരായിരുന്നു. എല്ലാറ്റിനെയും വെട്ടിപ്പിടിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ഉണ്ടാകുന്ന അന്ധത. ഇത് സരമാഗുവിന്‍റെ നോവലിലെ വെളുത്ത അന്ധത തന്നെ.
മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മരണം' എന്ന കഥയില്‍ അടച്ചിട്ട മുറിയില്‍ പെട്ടുപോകുന്ന പക്ഷി അവിടെ നിന്നു രക്ഷപ്പെടാന്‍ പറന്നു ജനാലയിലൂടെ ഗ്ലാസില്‍ ചെന്നിടിച്ച് താഴെ വീഴുന്നു. പിന്നെയും പിന്നെയും. അതിനെന്തുപറ്റി? കാഴ്ചയില്ല. അകംലോകത്തിനും പുറംലോകത്തിനും ഇടയിലുള്ള ഗ്ലാസ് കാണാനാകുന്നില്ല. ഈ പ്രപഞ്ചത്തില്‍ എനിക്കും മറ്റുള്ളവര്‍ക്കും ഇടയില്‍ ഒരു 'ഗ്ലാസു' ണ്ട്. അപരനെ അപരനാക്കുന്ന ഒരു ചില്ല്. അപരനെ എന്നില്‍നിന്ന് വേര്‍തിരിക്കുന്ന ഈ ഗ്ലാസ് ഞാന്‍ കാണണം. കാണാതായാല്‍ അത് എന്‍റെ അന്ധതയാണ്. ഈ അന്ധത ആദരവില്ലായ്മയാണ്. നിനക്കും എനിക്കുമിടയിലെ ആദരവിന്‍റെ ചില്ല് കാണുന്നവന്‍ പാദുകങ്ങള്‍ അഴിച്ചുമാറ്റും. കത്തുന്ന മുള്‍പ്പടര്‍പ്പില്‍ മാത്രമല്ല നടക്കുന്ന മനുഷ്യരിലും. ലോകം മുഴുവന്‍ പരസ്പരം ചെരുപ്പ് അഴിച്ചുവച്ച് അപരനെ ആദരിക്കുന്ന മാലാഖമാരാകും. അവര്‍ ദൈവം വിരുന്നിനു വരുന്നതു കാണും. "നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങള്‍ ആഹാരം നല്കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാന്‍ തന്നതും എപ്പോള്‍?" വിരുന്നിനു വന്ന പരദേശികളെ ഭോഗവസ്തുക്കളായി കണ്ട് വേട്ടയാടിയത് സോദോംകാരാണ്. അവരെ ദൈവത്തിന്‍റെ മാലാഖമാരായി കണ്ട് സ്വീകരിച്ചത് അബ്രാഹം. കാരണം അബ്രാഹം വിശ്വാസി. കാഴ്ചയാണ് വിശ്വാസം. വിശ്വാസികള്‍ കാഴ്ചയുള്ളവരാണ്. "കാഴ്ച ലഭിക്കുന്നതിന് കണ്ണിലെഴുതാനുള്ള അഞ്ജനം എന്നോടു വാങ്ങുക" വെളിപാട് 3: 18.