"നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങളുടെ സ്നേഹം നല്‍കുക. പക്ഷെ നിങ്ങളുടെ സ്വപ്നങ്ങള്‍ നല്‍കരുത്. കാരണം അവര്‍ക്ക് അവരുടെ സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങളെ നിങ്ങളുടേതാക്കി മാറ്റുക."-ഖലീല്‍ ജിബ്രാന്‍. ഇനി മുതല്‍ കൗമാരക്കാരുടെ വാക്കുകളും സ്വപ്നങ്ങളും നിലപാടുകളും Gen Next എന്ന പംക്തിയിലൂടെ അസ്സീസി പ്രസിദ്ധീകരിക്കുകയാണ്. അസ്സീസി മാസിക കൈകാര്യം ചെയ്യുന്ന വിഷയങ്ങളെപ്പറ്റി എഴുതാന്‍ താല്പര്യമുള്ള കൗമാരക്കാര്‍ക്ക് മാസികയുമായി ബന്ധപ്പെടാവുന്നതാണ്.
Mob: 9495 628422, e-mail: assisi.magz@gmail.com എഡിറ്റര്‍ ഇന്‍ ചീഫ്
"സഭ രോഗബാധിതയാണെങ്കിലും അവള്‍ എന്‍റെ അമ്മയാണ്" ഈ വാക്കുകള്‍ സഭയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു ബലം നല്‍കുന്നവയാണ്. കാലത്തിന്‍റെ ഗതിവിഗതികളില്‍ അവള്‍ രോഗിണിയാകുമ്പോഴും അമ്മയാണെന്ന് അറിഞ്ഞ് സ്നേഹിക്കാന്‍ ഇതൊരു പ്രചോദനമാണ്.
ക്രിസ്തുവിനെ അനുകരിച്ചും ജീവിച്ചും വന്ന അനേകരുടെ ജീവിതശൈലിയുടെ ആകെത്തുകയാണ് ക്രിസ്തീയത. സഭയായി രൂപപ്പെട്ട ഈ ജീവിതശൈലി വളര്‍ച്ചയുടെ വിവിധ കാലഘട്ടങ്ങളില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. സഭാപിതാക്കന്മാരുടെയും വിശുദ്ധരുടെയും നീണ്ടനിര ഇതിനുദാഹരണമാണ്. ആധൂനികകാലത്തു ജീവിച്ചിരിക്കുന്ന ഒരുപാടു ക്രിസ്തീയ മാതൃകകള്‍ നമുക്കിടയിലുണ്ട്. ഇടവകക്കാര്‍ക്ക് വീടില്ലാത്തപ്പോള്‍ പള്ളിപണി വെണ്ടെന്നും പറഞ്ഞ ഫാ. ഐസക് ഡാമിയന്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്ന ആളാണ്. വ്യക്തിപരമായ രോഗാവസ്ഥകളിലൂടെ കടന്നുപോയപ്പോള്‍ മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണ്ടായ വേദനകളെയൊക്കെ തണുപ്പിക്കാന്‍ ഇടയ്ക്ക് കുര്‍ബാനയുമായി രോഗക്കിടക്കയ്ക്ക് അരികിലെത്തി തമാശകളൊക്കെയായി സമയം ചിലവഴിച്ചിരുന്ന ജോസഫച്ചന്‍ എന്‍റെ വ്യക്തിപരമായ അനുഭവമാണ്. വല്ലാതെ വേദന കൂടുന്ന രാത്രികളില്‍, ക്ഷീണംപോലും വകവയ്ക്കാതെ ആശ്വാസവാക്കുകളുമായി അദ്ദേഹം വന്നിരുന്നു. ഇതുപോലെ ഓര്‍ത്തെടുക്കുമ്പോള്‍ സജീവമായ മാതൃകകലുമായി ഒരുപാട് സന്ന്യസ്തരും, അല്‍മായരും, വൈദികരും ഉണ്ട്. എന്‍റെ സഭാസ്നേഹത്തിന്‍റെ അന്തര്‍ധാര ഇവരാണ്. സജീവമായ മാതൃകകളാണ് സഭയുടെ ബലം.
സമ്പത്തിന്‍റെയും സമുദായത്തിന്‍റെയും പേരില്‍ ഇന്ന് സഭയുടെ ബലം കെട്ടുപോകുന്നുണ്ട് എന്ന വസ്തുത വേദനിപ്പിക്കുന്നതാണ്. ഉത്തമമായ മാതൃകയുടെ അഭാവം കൂടുതലാണ്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് വീരോചിത ജീവിതം നയിക്കുന്നത്. അവരാകട്ടെ അപ്രധാനികളായി തഴയപ്പെടുന്നു. എന്‍റെ സഭയ്ക്ക് ഇന്ന് വീരചരിത്രം പറയാനുണ്ട്. എന്നാല്‍ ജ്വലിക്കുന്ന ഒരു വര്‍ത്തമാനകാലം ഇല്ല. ദൈവശാസ്ത്രത്തിന്‍റെ വിപ്ലവങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ആദ്ധ്യാത്മിക വളര്‍ച്ച സാധ്യമാകുന്നില്ല. സാധാരണക്കാരന്‍റെ വിശ്വാസത്തിനുമേല്‍ ഇത്തരം ശാസ്ത്രങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍ വിശ്വാസത്തിനുവിലയിടുന്നതിന് തുല്യമാണ്. ജനം എന്തൊക്കെയോ പ്രതീക്ഷിക്കുന്നു എന്ന് ചിന്തിച്ച് എന്തൊക്കെയോ ചെയ്തുകൂട്ടുന്ന സഭ ഒരു പ്രസ്ഥാനത്തിന്‍റെ ചട്ടക്കൂട്ടിലേയ്ക്ക് മാറ്റപ്പെട്ടു. പ്രതികരിക്കുന്നവര്‍ക്ക് വിലക്കും, താക്കീതും, പുറത്താക്കലും ലഭിച്ചു തുടങ്ങിയപ്പോള്‍ സഭാസ്നേഹികള്‍പോലും മനംനൊന്ത് മൗനം പാലിച്ചു. ജനം വായിക്കുന്ന ആദ്ധ്യാത്മികഗ്രന്ഥം സഭാമക്കളുടെ ജീവിതമാണ് (സെന്‍റ് അഗസ്റ്റിന്‍). ഏകപക്ഷിയമായ പള്ളിപ്രസംഗങ്ങള്‍ക്ക് ആമ്മേന്‍ പറഞ്ഞ കുഞ്ഞാടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാചാലരായപ്പോള്‍ ഇടയന്മാര്‍ മൗനം പാലിക്കേണ്ടി വന്നു. ആകാശവിസ്മയവും വഴിമുടക്കുന്ന പ്രദക്ഷിണശക്തിപ്രകടനങ്ങളും സുവിശേഷത്തിന്‍റെ വിലാപമാണ്. ആരാധനാക്രമം ഗാനമേളകള്‍ക്ക് വഴിമാറിയപ്പോള്‍ വിശുദ്ധര്‍ ഭിത്തിയലങ്കരിക്കുന്ന ജീവനറ്റ ചിത്രങ്ങള്‍ മാത്രമായി. ചേരിതിരിവും തര്‍ക്കങ്ങളുംകൊണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെ നിരയിലേക്ക് സഭയുടെ ആധികാരികത അധഃപതിച്ചു.
ഇതായിരുന്നോ എന്‍റെ സഭ? അല്ല എന്ന് സാഹചര്യങ്ങള്‍ ഉറപ്പിച്ചു തരുന്നുണ്ട്. വിശ്വാസി എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന സഭ ഇതൊന്നുമല്ല. വൈദികനെന്നോ, അല്മായനെന്നോ അധികാരിയെന്നോ തിരിവുകളുല്ലാതെ ഒരുമിച്ച് നിന്ന് ലോകത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാകണം സഭ. ഇല്ലായ്മയും, ദാരിദ്ര്യവും, അവഗണനയും അനുഭവിയ്ക്കുന്ന ജനത്തിന്‍റെതാകണം സഭയുടെ സമ്പത്തും സൗകര്യങ്ങളും. ദരിദ്രരുടെ പക്ഷം എന്ന തത്വചിന്തയ്ക്കുമപ്പുറത്ത് അവന്‍റെ അടുപ്പിന്‍റെ പുകയുന്ന തീക്കൊള്ളിക്കടുത്ത്വരെ എത്തിച്ചേരണം.
അധികാരത്തിന്‍റെ ചിഹ്നങ്ങള്‍ ശുശ്രൂഷയുടെ അടയാളങ്ങള്‍ക്ക് വഴി മാറേണ്ടതാണ്. ഇടങ്ങഴി ഉപദേശങ്ങള്‍ക്കുപകരം നാഴി മാതൃക നല്‍കാന്‍ പോന്ന ഉറച്ച ജീവിതസാക്ഷ്യം സഭയുടെ എല്ലാ തലങ്ങളിലുമുണ്ടെങ്കില്‍ (സിനഡുമുതല്‍ ഇങ്ങു പള്ളിക്കമ്മറ്റിവരെയുള്ള വൈദിക-സമര്‍പ്പിത-അല്മായ പ്രാതിനിധ്യം) യുവതലമുറയ്ക്ക് നവഊര്‍ജ്ജവും തേജസും കൈവരും. ഒപ്പം മനോഭാവങ്ങളില്‍ ക്രിസ്തുവിനാല്‍ നിറഞ്ഞ നേതൃത്വം രൂപംകൊള്ളും. സാമൂഹ്യമാധ്യമങ്ങളുടെ തെരുവിലിരുന്നു അന്തിചര്‍ച്ച നടത്തുന്നത് സഭക്ക് തുറസായ ഒരു പ്രതികരണവേദി ഇല്ലാത്തതുകൊണ്ടാണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവരെ അടിച്ചമര്‍ത്താതെ ക്രിയാത്മകമായ ഒരു വേദി രൂപപ്പെടേണ്ടത് അനിവാര്യതയാണ്.
വിശ്വാസി എന്ന നിലയില്‍ സഭയെ സ്നേഹിക്കുന്നവന്‍ ആയതിനാല്‍ എന്‍റെ സഭ ദരിദ്രയാണെങ്കില്‍ എനിക്ക് തൃപ്തിയുണ്ട്. എന്നാലിന്ന് വിശ്വാസി ദരിദ്രരും സഭ സമ്പന്നയുമാണ്. കാഴ്ചപ്പാടുകള്‍മുതല്‍ മാറ്റത്തിന്‍റെ അലയൊലികള്‍ കണ്ടു തുടങ്ങണം. കാതടപ്പിക്കുന്ന കവലപ്രസംഗങ്ങളുടെ കാലം അവസാനിച്ചു. സുവിശേഷത്തിന്‍റെ സാക്ഷ്യമാകുന്ന നിശബ്ദമായ വാചാലതകള്‍ നമുക്കു ചുറ്റുമുള്ളത് കണ്ടെത്തി അതിനെ വളര്‍ത്തണം. കൈപ്പന്‍പ്ലാക്കലച്ചനോ, കുറ്റിക്കലച്ചനോ മാത്രം പോര, സഭയുടെ ദാരിദ്ര്യം നാം കൂടി കാണണം. പ്രതികരണങ്ങളും, അഭിപ്രായങ്ങള്‍ ആരായുന്നതിനും ഒരു കുര്യന്‍ ജോസഫിനെയോ, സിറിയക് തോമസിനെയോ, എ.കെ.സി.സി. തലയന്മാരെയോ മാത്രം പരിഗണിക്കാതെ സാധാരണ വിശ്വാസിയിലേയ്ക്കു സഭ കടന്നുവരണം. ഞാനുള്‍പ്പെടുന്ന സാധാരണ ജനങ്ങള്‍ അതാഗ്രഹിക്കുന്നുണ്ട്. എനിക്ക്, ഞങ്ങള്‍ക്ക് വേണ്ടത്, ഒന്നുമില്ലാത്ത-കൈവിരിച്ചു നില്‍ക്കുന്ന സഭയെയാണ്. അവള്‍ക്ക് മാത്രമേ നസ്രായക്കാരനായ ക്രിസ്തുവിനെപ്പോലെ എല്ലാവരേയും ഉള്‍ക്കൊള്ളാനാവൂ.
(കുറവിലങ്ങാട് ദേവമാതാ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് രചയിതാവ് )