ഗൗരവപൂര്‍ണ്ണമായ എല്ലാ അദ്ധ്യയനങ്ങളും ആരംഭിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണ്. ജീവിതത്തിലേക്ക് വേണ്ടിവരുന്ന എല്ലാ ശൈലികളു ടെയും കരട് രൂപം വീടുകളില്‍ നിന്നും ആദ്യമേ തന്നെ ആര്‍ജ്ജിക്കപ്പെടുമെങ്കിലും അതിന് നിയത മായ ചട്ടക്കൂടുകള്‍ നിര്‍മ്മിച്ച് പരുവപ്പെടുത്തിയെടു ക്കുന്നതില്‍ ശ്രദ്ധവെക്കുന്ന സാമൂഹികസ്ഥാപനമാ യാണ് വിദ്യാലയങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചിട്ടകളിലൂടെയും ശീലങ്ങളിലൂടെയും വ്യക്തികളെ ക്രിയാത്മകമായി പരിശീലിപ്പിക്കേണ്ട വിദ്യാലയങ്ങളില്‍ ഭിന്നിപ്പിന്‍റെയും തിരിച്ചു വ്യത്യാസങ്ങളുടെയും കറുത്ത അദ്ധ്യയനശീലങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികളുടെ മനോനില എത്തരത്തിലാണ് ആയിരിക്കുക എന്നത് പറയാന്‍ കഴിയില്ല. ശാരീരീകവും, മാനസികവും, ബുദ്ധിപ രവും, സാമൂഹികപരവുമായ അവഹേളനങ്ങളുടെ നീണ്ടനിരകള്‍ ഏല്‍ക്കേണ്ടിവരുന്ന കുട്ടികളുടെ സങ്കടകഥകള്‍ നിരന്തരം പത്രക്കോളങ്ങളിലെ നാലുദിന-നാലുകോള വാര്‍ത്തകളായി അസ്തമി ക്കാറുമുണ്ട്. ഏകതയുടെ ആദ്യപാഠങ്ങള്‍ അച്ചടിക്ക പ്പെടേണ്ട കുട്ടിക്കാലത്തിന്‍റെ കടലാസുകളില്‍ പിന്നെയെപ്പോഴോ മാത്രം ഇടംപിടിക്കേണ്ട പകയും പ്രതികാരവും നിഷേധവും തരംതിരിവുകളുമെല്ലാം ആദ്യമേ എഴുതിച്ചേര്‍ക്കേണ്ടിവരുന്നതില്‍ തീര്‍ച്ച യായും ഉത്കണ്ഠപ്പെടേണ്ടതുണ്ട്.
ഹാര്‍മണി ലെസ്സണ്‍സ് എന്ന കസാഖിസ്ഥാന്‍ ചിത്രം വിദ്യാലയങ്ങളിലെ അവഹേളനങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. കഠിനമായ വിദ്യാലയ-ഹോസ്റ്റല്‍ അനുഭവങ്ങളെക്കുറിച്ച് മിഴിവേറിയ ആഖ്യാനം ചമക്കുമ്പോള്‍ സംവിധായകനായ എമിര്‍ ബൈഗാസിന് പ്രായം മുപ്പത് തികഞ്ഞിരുന്നില്ല. പ്രായത്തേക്കാള്‍ തീവ്രമായി സംസാരിക്കുന്ന അനുഭവങ്ങളുടെ ആഴവും പരപ്പുമാണ് ഹാര്‍മണി ലെസ്സണ്‍ എന്ന ചിത്രത്തെ തീവ്രമാക്കുന്നത്.
വളരെ സാവധാനമാണ് ചിത്രം പുരോഗ മിക്കുന്നത്. പുതിയ വിദ്യാലയത്തിലേക്ക് പഠന ത്തിനായി എത്തുകയാണ് അസ്ലാന്‍. അവിടുത്തെ രീതികളുമായി ചേര്‍ന്നുപോകുന്നതിന് അവന് ബുദ്ധിമുട്ടുണ്ട്. പോരാത്തതിന് സ്കൂളിലെ പ്രധാന ഗ്യാങ്ങുകളുടെ ഉപദ്രവവും നേരിടേണ്ടിവന്നു. ആദ്യദിവസങ്ങളിലൊന്നില്‍ സ്കൂളില്‍ ചേര്‍ ന്നതിന്‍റെ ഭാഗമായി നടത്തിയ ശാരീരികപരിശോധന ഒളിച്ചുനിന്നുകണ്ട സംഘാംഗങ്ങള്‍ അസ്ലാനെ അവഹേളിക്കുന്നു. ആ അവഹേളനം അസ്ലാനെ അന്തര്‍മുഖനാക്കുകയാണുണ്ടായത്. വിദ്യാലയ ത്തിലെ ഗ്യാങ്ങുകളെ നിയന്ത്രിച്ചിരുന്നത് പുറത്തു നിന്നുള്ളവരായിരുന്നു. അവര്‍ക്കിടയിലും കിടമല്‍ സരമുണ്ട്. വിദ്യാര്‍ത്ഥികളില്‍നിന്നും പണമായും, സാധനങ്ങളായും അവര്‍ ഗുണ്ടാപിരിവ് നടത്തി യിരുന്നു. വിദ്യാലയത്തിലെ അവരുടെ നേതാവ് ബോലത് എന്ന വിദ്യാര്‍ത്ഥിയായിരുന്നു. തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരിക്കുകയോ, പിരിവ് നല്‍കാതിരിക്കുകയോ ചെയ്തിരുന്ന എല്ലാ വിദ്യാര്‍ ത്ഥികളെയും അവര്‍ ശാരീരികമായി ഉപദ്രവി ക്കുകയും ചെയ്തിരുന്നു. എതിര്‍ക്കുന്ന എല്ലാവ രെയും ഭയപ്പെടുത്തുകയും അടക്കിഭരിക്കുകയും ചെയ്യുന്ന ലോകത്തെവിടെയുമുള്ളഎല്ലാ ഗ്യാങ്ങുക ളുടെയും തന്ത്രം തന്നെയാണ് ഇവിടെയും അവര്‍ ശീലിച്ചുപോന്നത്.
ക്ലാസുകളില്‍ കുട്ടികള്‍ക്ക് പഠിക്കേണ്ടിയിരുന്നത് മഹാത്മാഗാന്ധിയെക്കുറിച്ചും, ചാള്‍സ് ഡാര്‍വിനെ ക്കുറിച്ചുമൊക്കെയാണ്. ഗാന്ധിജിയുടെ സമരരീതിക ളെക്കുറിച്ചു അദ്ധ്യാപകന്‍ വിശദീകരിക്കുമ്പോള്‍ ശത്രുതാമനോഭാവത്തോടെ അസ്ലാനെ വീക്ഷി ക്കുന്ന സംഘാംഗങ്ങളുടെ ചിത്രീകരണം പഠിപ്പി ക്കലും, പഠിച്ചെടുക്കുന്നതും പ്രാവര്‍ത്തിക മാക്കുന്നതും വ്യത്യസ്തമാണെന്ന് തെളിയിക്കു ന്നുണ്ട്. സംഘാംഗങ്ങളുടെ ഉപദ്രവം പലദിവസങ്ങ ളിലും പല വിദ്യാര്‍ത്ഥികള്‍ക്കും ഏല്‍ക്കേണ്ടിവരു ന്നുണ്ട്. അവരുടെ ശരീരത്തില്‍ മാരകമായ പരുക്കു കള്‍ സംഘം ഏല്‍പ്പിക്കുന്നുമുണ്ട്. അസ്ലാന്‍റെ ഏക സുഹൃത്തായ മിര്‍സെയ്നിനെ സംഘാംഗങ്ങള്‍ പലപ്പോഴായി ഉപദ്രവിക്കുന്നുണ്ട്. ആദ്യത്തെ അവഹേളനം മനസില്‍കൊണ്ടുനടക്കുന്ന അസ്ലാന്‍ സംഘത്തലവനായ മോലത്തിനോട് പ്രതികാരം ചെയ്യുന്നതിന് തീരുമാനിക്കുന്നു. അതിനവന് അവന്‍റേതായ വഴിയുണ്ടായിരുന്നു. ഇരുമ്പുകഷണ ങ്ങള്‍ കൂട്ടിയോജിപ്പിച്ച് അവന്‍ സ്വന്തമായി ഒരു തോക്കുണ്ടാക്കുന്നു. പലതവണ പരീക്ഷിച്ച് അവന്‍ അതിന്‍റെ പ്രവര്‍ത്തനവിജയംവിലയിരുത്തുന്നുണ്ട്. സഹപാഠിയായ അഖ്സാനിനോട് അവന് അതി നിടെ അവന് പ്രത്യേക മമതയും തോന്നുന്നുണ്ട്.
അവഹേളനങ്ങളും, സംഘാംഗങ്ങളുടെ ഉപദ്രവവും തുടരുന്നതിനിടെയാണ് സംഘത്തലവനായ മോലത്ത്, അസ്ലാന്‍റെ ക്ലാസിലേക്ക് എത്തുന്നത്. അസ്ലാന്‍ ആദ്യമായി അവഹേളിക്കപ്പെട്ടതും, അവന്‍ ഓര്‍ക്കാനിഷ്ടപ്പെടാത്തതുമായ ആ പഴയ ദിനത്തില്‍ ഒരു പ്രത്യേകതരം ഗ്ലാസ് പാത്രത്തിന്‍റെ കാഴ്ചയും സാമീപ്യവും അവന്‍ വെറുത്തിരുന്നു. പിന്നീട് അത്തരത്തിലുള്ള ഏത് പാത്രത്തിന്‍റ കാഴ്ചയും അവന്‍റെ വയറിനെ കയ്പ്പിക്കുയും ഛര്‍ദ്ദിപ്പിക്കുകയും ചെയ്തിരുന്നു. അവനെ അവഹേളിക്കുന്നതിന് കാരണമായ വസ്തുക്കളി ലൊന്നായിരുന്നു ആ ഗ്ലാസ് പാത്രവും. മോലത്ത്, അസ്ലാന്‍റെ ക്ലാസിലേക്കെത്തിയ ദിവസം തന്നെ അത്തരമൊരു പാത്രത്തിന്‍റെ കാഴ്ച അസ്ലാന്‍റെ നിയന്ത്രണം തെറ്റിച്ചു. അവന്‍ ക്ലാസിലാകെ ഛര്‍ദ്ദിച്ചു. മോലത്ത് അവിടെവെച്ചും അസ്ലാനെ അധിക്ഷേപിക്കുന്നത് തുടര്‍ന്നു. അധിക്ഷേപം സഹിക്കാതായനിമിഷം അസ്ലാന് വേണ്ടി പ്രതികരി ച്ചത് മെര്‍സെയ്നായിരുന്നു. അതിന്‍റെ പ്രതിഫലം അന്നുതന്നെ മെര്‍സെയ്നിന് ലഭിച്ചു. കഠിനമായി ഉപദ്രവിക്കപ്പെട്ട മെര്‍സെയ്നിന്‍റെ അടുക്കലെത്തിയ അസ്ലാന്‍ അവനെ ആശ്വസിപ്പിക്കുന്നു.
വെടിയേറ്റ് മരണപ്പെട്ട് കിടക്കുന്ന മോലത്തിന്‍റെ ചിത്രം പ്രിന്‍ററിലൂടെ പുറത്തുവരുന്ന രംഗം മുതല്‍ ചിത്രം പീഡനങ്ങളുടെ മറ്റൊരു തലത്തിലേക്ക് മാറുകയാണ്. മോലത്ത് കൊല്ലപ്പെടുന്നതും, അസ്ലാന്‍ തന്‍റെ പ്രതികാരം പൂര്‍ത്തിയാക്കുന്നതുമൊന്നും ചിത്രത്തില്‍ കാണിക്കാതെ അവര്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക ക്ലേശങ്ങളിലേക്കാണ് സംവിധായകന്‍ ശ്രദ്ധവെക്കുന്നത്. കാരണം തന്‍റെ ചിന്തയും താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യവും അത്രമേല്‍ പ്രസക്തമാണെന്ന ഉത്തമബോദ്ധ്യം അദ്ദേഹത്തിനുണ്ടാകണം. അധികാരികളുടെ നിരന്തരമായ പീഡനങ്ങള്‍ക്കൊടുവില്‍ മെസെയ്ന്‍ മാപ്പുസാക്ഷിയാകുന്നു. മാപ്പെഴുതിക്കൊടുത്ത് മുറിയിലേക്കുവരുന്ന മെര്‍സെയ്നിനോട് ഒരക്ഷരം പോലും സംസാരിക്കാതെ അസ്ലാന്‍ സ്പൂണ്‍ തറയിലുരച്ചുണ്ടാക്കിയ കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിക്കുന്നു. മാരകമായി മുറിവേറ്റെങ്കിലും ആശുപത്രിവാസത്തിനൊടുവില്‍ അസ്ലാന്‍ തന്‍റെ അനിഷ്ടങ്ങളെ മറക്കുകയും സ്വയം പുതുക്കപ്പെടുകയും ചെയ്യുന്നു. ഭ്രമകല്‍പ്പനകളുടെ കാഴ്ചയിലേക്കും അവസാനരംഗങ്ങളില്‍ സംവിധായകന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.
ഒരുപക്ഷേ ലോകത്താകമാനമുള്ള എല്ലാ വിദ്യാലയങ്ങളിലും ഏറിയും കുറഞ്ഞും ഇത്തരം അനുഭവങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് അനുമാനിക്കാന്‍ കഴിയുക. അത് അപകടകരവുമാണ്. ശാരീരിക-മാനസിക അവഹേളനങ്ങളുടെ ഫലമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ജീവിതം അവസാനിപ്പിച്ചുപോകുന്നവരുടെ ചരിത്രം നമുക്കു മുമ്പിലുണ്ട്. സമൂഹത്തിന്‍റെ ഏതുമേഖലയിലായാലും ഇത്തരം അവഹേളനങ്ങള്‍ ന്യായീകരിക്ക ത്തക്കതല്ല. വ്യക്തിയെ അവന്‍റെ എല്ലാ സവിശേഷ തകളോടും കൂടെ അംഗീകരിക്കുക എന്നതാണ് ആരോഗ്യകരമായ സമൂഹം ചെയ്യേണ്ടത്. അത് തുടങ്ങേണ്ടതാകട്ടെ നമ്മളോരോരുത്തരുടെയും മനസിലുമാണ്. ചെറുപ്പത്തില്‍ ഏല്‍ക്കപ്പെടുന്ന കളിയാക്കലുകളുടെ മുറിപ്പാടുകള്‍ വ്യക്തികളെ അപകടകാരികളാക്കുന്ന കാഴ്ച സങ്കടകരമാണ്. അത്തരം ശീലങ്ങള്‍ക്കപ്പുറം വ്യക്തിയെ ഐക്യത്തി ന്‍റെയും മാനവികതയുടെയും പരസ്പരസ്നേഹത്തി ന്‍റെയും ആദ്യപാഠങ്ങള്‍ ശീലിപ്പിക്കേണ്ട ഇടങ്ങ ളായി മാറണം എന്ന വ്യക്തമായ സന്ദേശമാണ് ഹാര്‍മണി ലെസണ്‍ കാഴ്ചക്കാര്‍ക്ക് സമ്മാനി ക്കുന്നത്.
2013-ല്‍ പുറത്തിറങ്ങിയ ഹാര്‍മണി ലെസണ്‍സ് കസാഖിസ്ഥാനിലെ ഏറ്റവും മികച്ച ചിത്രങ്ങളി ലൊന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മഞ്ഞുപുതഞ്ഞുകിടക്കുന്ന കസാഖ് ഗ്രാമങ്ങളുടെയും, ചാരം തലയില്‍ വാരിപ്പൊത്തിയപോലെ മഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന മലനിരകളുടെയും കൊതിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിന്‍റെ സവിശേഷതയാണ്. തിമൂര്‍ ഐമാര്‍ബെക്കോവ്, അസ്ലാന്‍ അനാര്‍ബയേവ്, മുഖ്താര്‍ അന്തസ്സോവ്, അനെലിയ അദില്‍ബെക്കോവ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവത രിപ്പിച്ചിട്ടുള്ളത്. 2013-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം സില്‍വര്‍ ബിയര്‍ പുരസ്കാരവും നേടി. നിരവധി അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ഇരുപതിലധികം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. എമിര്‍ ബെയ്സാഗിന്‍റെ സിനിമാത്രയങ്ങളില്‍ ആദ്യത്തേതാണ് ഹാര്‍മണി ലെസണ്‍സ്.
ശാരീരിക-മാനസിക അവഹേളനങ്ങളെക്കുറിച്ച് വര്‍ത്തമാനകാലം ചര്‍ച്ചചെയ്യുന്നുണ്ട്. പക്ഷേ അത്തരം ചര്‍ച്ചകള്‍പോലും വഴിതെറ്റിപോകുകയും ഇത്തരം ഇകഴ്ത്തലുകളെ ഒരുപരിധിവരെയെങ്കിലും ന്യായീകരിക്കുന്നതും കണ്ടുവരുന്നുണ്ട്. ചിലയാളുകള്‍ ഇത്തരം കളിയാക്കലുകളെ തങ്ങളുടെ ജീവിതം ക്രമപ്പെടുത്താനുള്ള ഊര്‍ജ്ജമായി കാണുകയും അവഗണിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ചിന്താശേഷിയുള്ള ആളുകള്‍ കുറവാണെന്നിരിക്കെ തളര്‍ന്നപോകുകയും പ്രതിസ ന്ധിയില്‍ തളര്‍ന്ന് രംഗമൊഴിയുകയും ചെയ്യുന്നവ രാണ് ഭൂരിപക്ഷവും. ആ ഭൂരിപക്ഷത്തെയാണ് സമൂഹം ചേര്‍ത്തുനിര്‍ത്തേണ്ടത്. സമൂഹത്തിന്‍റെ കടമയും അതുതന്നെയാണ്. വ്യക്തികളെ നിര്‍മ്മിക്കുന്ന ഫാക്ടറികളായ വിദ്യാലയങ്ങളെക്കുറിച്ചും, വിദ്യാര്‍ത്ഥികളെക്കുറിച്ചുമുള്ള ഈ ചിത്രം ധീരമായ ചലച്ചിത്ര ആവിഷ്കാരമാണ്. അവഹേളനങ്ങള്‍ പലപ്പോഴും സൃഷ്ടിക്കുന്നത് ഇരുണ്ട ഭാവിയേയാണ് എന്ന ചിന്ത മനുഷ്യനുണ്ടാകുന്ന കാലത്തുമാത്രമേ സമൂഹത്തിന് പ്രത്യാശിക്കാന്‍ വകയുണ്ടാകുകയുള്ളൂ.