One Square Inch Of Silence ഏതാണ്ട് ഒരു ശൈ ലിയായി മാറിയിട്ടുണ്ട്. ശബ്ദാലേഖനത്തില്‍ വിശ്വ പ്രസിദ്ധനായ Gordon Hemption മുന്നോട്ടു വച്ച സ്വപ്നസദൃശമായ ഒരു സാധ്യതയാണത്.ആ പേരില്‍ ഒരു ഗ്രന്ഥം അയാളുടേതായുണ്ട്. ശബ്ദവു മായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ക്ക് ഒരു ജൈ വികപ്രതിരോധം എന്ന നിലയിലാണ് അയാളത് വിഭാവനം ചെയ്യുന്നത്. ശബ്ദമായിരുന്നു അയാള്‍ ക്കെല്ലാം. അയാളുടെ ഭാഷയില്‍ അത് അയാളുടെ അപ്പം തന്നെയായിരുന്നു. സെഡോണ ഫിലിം ഫെസ്റ്റിവലില്‍ സൗണ്ട് ട്രാക്ക് എന്ന പേരില്‍ ഒരു ഡോക്യുമെന്‍ററി അദ്ദേഹത്തെക്കുറിച്ച് പ്രദര്‍ശിപ്പിച്ചി രുന്നു.
ഒരിക്കല്‍ കേള്‍വി കൈമോശം വന്നു എന്നൊരു ദുര്യോഗമുണ്ടായി അയാള്‍ക്ക്. അത്ഭുതകരമായ രീതിയില്‍ അത് പിന്നീട് വീണ്ടെടുക്കപ്പെട്ടപ്പോള്‍ മനുഷ്യനിര്‍മ്മിതമായ ശബ്ദങ്ങളോട് അയാള്‍ക്ക് ഒരു വിമുഖത ഇതിനകം രൂപപ്പെട്ടിരുന്നു. പ്രകൃതിയുടെ മൃദുവായ സ്വാഭാവിക ശബ്ദങ്ങളിലേക്ക് ഒരു പുന:പ്രവേശനം വേണമെന്നയാള്‍ വിശ്വസിച്ചു. സ്വാഭാവികനിശ്ശബ്ദത ഏതാണ്ട് അസാധ്യമായി തുടങ്ങിയെന്നും ഭൂമിയിലൊരിടത്തും ഒരു ദശവര്‍ഷത്തിനപ്പുറം അതിന് നിലനില്പില്ലെന്നും അയാള്‍ ഭയന്നു. വെറുതെ ഒന്ന് കണ്ണുപൂട്ടിയിരി ക്കുമ്പോള്‍ എന്തൊക്കെയാണ് കേള്‍ക്കുന്നത്. വാഹനങ്ങളുടെ ഇരമ്പല്‍ മാത്രമല്ല, റഫ്രിജറേറ്റ റിന്‍റെ മൂളല്‍വരെ സ്വാഭാവികനിശ്ശബ്ദതയെ ഭേദിക്കുന്നു. നമ്മുടെ ജന്മാവകാശമാണ് നിശ്ശബ്ദ തയെന്നും അതില്‍ മുഴങ്ങുന്ന ചെറിയ ശബ്ദങ്ങ ള്‍ക്ക് പലരീതിയില്‍ നമ്മെ സമാധാനത്തിലാക്കാ നാവുമെന്നും അയാള്‍ വിശ്വസിച്ചു. നിശ്ശബ്ദത ഒന്നിന്‍റെയും അഭാവമല്ലെന്നും പലതിന്‍റെയും നിറസാന്നിധ്യമാണെന്നുമാണ് അയാളുടെ മതം. മണ്ണിനോടും പരിണാമത്തിന്‍റെ ഒരു ഭൂതകാല ത്തോടും അവനവനോടുതന്നെയും നീതി പുലര്‍ ത്താനും അഗാധചങ്ങാത്തത്തിലാകാനും ഇതൊരു അനിവാര്യതയാണ്. ജ്ഞാനമതങ്ങള്‍ അനുശാസി ക്കുന്ന ശ്രദ്ധയിലേക്കുള്ള ഒരു പാത കൂടിയാണിത്. പ്രപഞ്ചത്തിന്‍റെ ഏറ്റവും അടിസ്ഥാനപരവും മുഖ്യ വുമായ ഒരു വിഭവശേഷിയാണ് അപായത്തിന്‍റെ വക്കിലെത്തിയിരിക്കുന്നത്-മൗനം.
ഒരു പ്രതീകമായാണ് അയാള്‍ ആ ചുവന്ന കല്ല് സ്ഥാപിച്ചത്.യുഎസിലെ Hoh Rain Forest of Olympic National park ലാണ് അതിന്‍റെ പ്രതിഷ്ഠാപനം. ഏതാനും എയര്‍കമ്പനികള്‍ തങ്ങളുടെ സഞ്ചാര പഥത്തെ ആയിടം ഒഴിവാക്കി റീറൂട്ട് ചെയ്താണ് ഗോര്‍ഡന്‍റെ ആഭിമുഖ്യങ്ങളോട് സാഹോദര്യം പ്രഖ്യാപിച്ചത്. നിശ്ശബ്ദതയുടെ ഒരിടം നിലനിര്‍ത്തേ ണ്ടത് ഏതൊരാളുടെയും ബാധ്യതയാണെന്ന് അടിവരയിടാനാണ് തന്‍റെ ഒറ്റപ്പെട്ട ശ്രമങ്ങള്‍ വഴി അയാള്‍ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നത്. ഇപ്പോള്‍ നിശ്ശബ്ദതയുടെ സ്ഥലരാശി ഹുവാന്‍ റൂള്‍ഫോയുടെ പ്രേതഭൂമി പോലെ ഭയപ്പെടുത്തുന്നില്ല. വിലോഭനീ യമായ ഈണങ്ങളിലും വര്‍ണ്ണങ്ങളിലും സാന്ദ്രമായ സ്പര്‍ശങ്ങളിലും സ്മൃതികളിലും കാത്തിരിപ്പുക ളിലുമായി അലംകൃതമായ തണുത്ത രാത്രികളുടെ അലൗകികധ്വനികളായി മാറുന്നു. നിശ്ശബ്ദത അതിന്‍റെ ഉള്ളടക്കംകൊണ്ടുതന്നെ സര്‍ഗ്ഗാത്മക മാണ്. എപ്പോള്‍വേണമെങ്കിലും ഭേദിക്കപ്പെടാവുന്ന ഒന്ന്. രാത്രിയുടെ നിശ്ശബ്ദത ക്രിസ്മസ് കാലങ്ങളില്‍ പ്രാചീനമായ സ്വരവീചികളെ സ്വപ്നം കാണുന്നുണ്ട്.
കാരള്‍ ഗായകരെ ഭയന്നു വിളക്കണച്ച് ജനാല യിലൂടെ അവര്‍ മടങ്ങുകയല്ലേ എന്ന് ഉറ്റുനോക്കി ഉറപ്പിക്കുന്നവരെക്കുറിച്ച് മാര്‍ ക്രിസോസ്റ്റം ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഒരു ഓര്‍മ്മ പങ്കു വയ്ക്കു ന്നുണ്ട്. എല്ലാവരും ഉറങ്ങിയെന്ന മട്ടില്‍ മടങ്ങിപ്പോ കാനായി കാരള്‍ സംഘം ആലോചിച്ചു തുടങ്ങു മ്പോള്‍ കൂട്ടത്തില്‍ ഒരു മോണ്‍സ്റ്റര്‍ എട്ടു ബാറ്ററി യുടെ ടോര്‍ച്ച് എരുത്തിലിനു മുന്നിലെ വൈക്കോല്‍ ത്തുറുവിനുള്ളില്‍ മിന്നിച്ചും കെടുത്തിയും കളിച്ചു.
വൈക്കോല്‍ത്തുറുവിനു തീ പിടിച്ചു എന്നലറി വിളിച്ച് സാക്ഷയെടുക്കാന്‍ നേരമില്ലാത്തതുകൊണ്ട് ജനലഴിയിലൂടെ കുഞ്ഞുകുട്ടിപരാധീനങ്ങളെല്ലാം പുറത്തുവന്നു. ശാന്തരാത്രി.. തീ രാത്രി...
'സന്തോഷസൂചകമായി സ്വീകരിച്ചത്' ശകലം കുറഞ്ഞുപോയെന്നോര്‍ത്ത് റബര്‍ ഷീറ്റു കൊണ്ട് ഉണ്ണിയെ പൊതിഞ്ഞുപോയ ബാലന്മാരൊക്കെ വളര്‍ന്നുവലുതായിട്ടുണ്ടാവും. എന്തൊക്കെ പറ ഞ്ഞാലും, ഇതൊരു കവിതയുള്ള സങ്കല്പമാണ്. മനുഷ്യര്‍ നിരത്തുകളിലൂടെ സ്നേഹഗീതങ്ങള്‍ ആലപിച്ചും ആലിംഗനം ചെയ്തും സമ്മാനം കൈമാറിയും ആര്‍ദ്രമായൊരു കാലത്തെ രചിക്കും. നമ്മളെത്ര നുള്ളാന്‍ ശ്രമിച്ചാലും പൂര്‍വാധികം പടര്‍പ്പുകളോടെ അത് അവതരിച്ചുകൊണ്ടേയി രിക്കും. നാലാം നൂറ്റാണ്ടു തൊട്ടു തുടങ്ങിയ വട്ടക്കളി യാണിത് -round dance accompanied by singing. അതേ കാലത്തിലുള്ള മിലാനിലെ ബിഷപ്പായിരുന്ന അംബ്രോസ് പുണ്യാളന്‍ കാരളിന്‍റെ തലതൊട്ടപ്പ നായി പരിഗണിക്കപ്പെടുന്നുണ്ട്.
ആരെങ്കിലുമൊക്കെ ഒരു സ്നേഹഗീതം ഉറക്കെ പാടാനുണ്ടായിരുന്നെങ്കില്‍ ലോകം കുറേക്കൂടി അഴകുള്ള ഇടമായേനെ. ക്രിസ്മസ് നാളുകളില്‍ മാത്രമല്ല, എല്ലാ കാലത്തിലും അതങ്ങനെ തന്നെയാണ്. അതിനു നിങ്ങള്‍ ഒരു ബാവുള്‍ ഗായകനാകണമെന്നോ സൂഫി നര്‍ത്തകനാകണ മെന്നോ ഒന്നുമില്ല. വെറുതെയൊന്ന് മൂളിപ്പാടാനുള്ള ധൈര്യമുണ്ടായാല്‍ മാത്രം മതി.
Les Miserables- ല്‍, ദൂരെ താഴ്വാരങ്ങളില്‍ നിന്ന് സായന്തനങ്ങളില്‍ ഉറക്കെ പാടിയിരുന്ന ഒരു ഗായക നുണ്ട്. ലളിതമായ ഒരു നാടോടിപ്പാട്ടാണയാള്‍ പാടുന്നത്; സ്നേഹിതയ്ക്കു വേണ്ടി എന്ന മട്ടില്‍ ചിട്ടപ്പെടുത്തിയത്- 'എന്‍റെ സെതുല്‍പേ വരൂ, എന്‍റെ മനസ്സില്‍ വാഴൂ...'
ഒരു കന്യകാലയത്തില്‍ അതുണ്ടാക്കിയ വ്യത്യാസം വളരെയായിരുന്നു. ജീവന്‍റെ നിലവറ യില്‍ എന്നോ ഒളിപ്പിച്ചുവയ്ക്കുകയും പിന്നെ കാലാ ന്തരെ മറന്നുതുടങ്ങുകയും ചെയ്ത പ്രണയഭാ വത്തെ വീണ്ടെടുക്കാന്‍ പര്യാപ്തമായിരുന്നു അത്. അതവരുടെ ചലനങ്ങള്‍ക്ക് ഉന്മേഷവും മിഴികള്‍ക്ക് നനവും തിരികെ കൊടുത്തു. തൂവാലയില്‍ പൂക്കള്‍ നെയ്യുന്നതുപോലെ ഏകാഗ്രതയിലും പുഞ്ചിരി യിലും അവര്‍ തങ്ങളുടെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടു. ഇരുള്‍ വീണ ഇടനാഴികളില്‍ മൂളിപ്പാട്ടും പൊട്ടിച്ചി രിയും പിന്നെ വാക്കിനേക്കാള്‍ പ്രഭയുള്ള മൗനവും ഉണ്ടായി.
ധനുരാവുകളില്‍ കാരള്‍ഗീതങ്ങള്‍ കേട്ടു തുടങ്ങി.
Silent night, holy night,
All is calm, all is bright
നിശ്ശബ്ദരാവുകള്‍ക്കുള്ള വാഴ്ത്തു കൂടിയാണ് ഈ ഗീതം. രാത്രികള്‍ രാത്രികളല്ലാതെയാവുന്ന ഒരു കാലത്തില്‍ റബര്‍ മിഠായി പോലെ പകലിനെ പരമാവധി വലിച്ചുനീട്ടുകയാണ്. ഉച്ചവെയിലിനേ ക്കാള്‍ പ്രകാശമുള്ള നിയോണ്‍ വിളക്കുകള്‍, പകലിനേക്കാള്‍ ആരവങ്ങളുള്ള രാത്രിയാമങ്ങള്‍, ദീര്‍ഘസംഭാഷണങ്ങള്‍... രാത്രി ഇനി ഏതായാലും ശാന്തവും നിശ്ശബ്ദവുമല്ല.
കഴിഞ്ഞ രാത്രിയില്‍ കേട്ട ആ ദീര്‍ഘമായ പ്രഭാഷണത്തിന്‍റെ സാരമെന്തായിരുന്നു? മണിക്കൂറു കളോളം നമ്മള്‍ എന്തിനേക്കുറിച്ചാണ് സംസാരിക്കു കയും തര്‍ക്കിക്കുകയും ചെയ്തത്? ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് പടര്‍ന്നു കയറി ഒടുങ്ങിയ ആ നീണ്ട പ്രാര്‍ത്ഥനയുടെ ആമേന്‍ ആയിരുന്നു ഏറ്റവും ഹൃദ്യമായി തോന്നിയതെന്ന് പള്ളിയില്‍ നിന്നു മടങ്ങുമ്പോള്‍ കുഞ്ഞുമകള്‍ കുറുമ്പു പറഞ്ഞതെ ന്തിന്? ഓര്‍മ്മയുടെ അരിപ്പയില്‍ തിളങ്ങുന്ന പരലുകളൊന്നും അവശേഷി പ്പിക്കാതെ ഒരു ആരവംപോലെ, മെക്ബത്ത് നിരീക്ഷിച്ച - full of sound and fury, signifying nothing -ജീവിതം.
സ്വന്തം ആന്തരികതയേ ക്കുറിച്ച് എന്തെങ്കിലും ആകുലത യുള്ളവര്‍ക്ക് എന്നെങ്കിലും മൗന ത്തിന്‍റെ തുരുത്തില്‍ തങ്ങളുടെ യാനപാത്രം തുഴഞ്ഞെത്തിയേ തീരൂ. ജീവിതം കുറേക്കൂടി നിശ്ശബ്ദത അര്‍ഹിക്കുന്നുണ്ട്. രാത്രി വിരിയുന്ന പൂക്കളുടെ പരിമളമറിയാനും ചക്രവാള ത്തിന്‍റെ അങ്ങേ ചരിവിലേക്ക് മുങ്ങിപ്പോയ കൊള്ളിമീനെ കാണാനും വില കുറഞ്ഞ ഡിറ്റര്‍ ജന്‍റുകളുപയോഗിച്ച് അവളുടെ വിരലുകള്‍ പരുപരുത്തു തുടങ്ങി യെന്ന് ആശങ്കപ്പെടാനും തൊട്ടി ലിലെ കുഞ്ഞിന്‍റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാന്‍ 'ഒന്നിനി ശ്രുതി താഴ്ത്തൂ' എന്ന് കുയിലി നോട് മൂളിപ്പാട്ടു പാടാനും വഴി തെറ്റി വരുന്ന ഏതോ ദേവദൂ തന്‍റെ മൃദുമന്ത്രണം കേള്‍ക്കാനും ഈ രാവ് ആത്മാവില്ലാത്ത ആര വങ്ങളില്‍ നിന്ന് മുക്തമായേ പറ്റൂ.
ഒരു ഉദ്ദീപനത്തിനും പ്രതികരണത്തിനും ഇടയില്‍ സൃഷ്ടിക്കുന്ന ഇടവേളയാണ് മൗനമായി നിര്‍വചിക്കപ്പെടുന്നത്. അതിനു ശേഷം നിങ്ങളുടെ പ്രതികരണങ്ങള്‍ കുറേക്കൂടി അഗാധവും കുലീനവുമാകുന്നു.
രാത്രിയുടെ നിശ്ശബ്ദതയില്‍ തളിര്‍ത്ത ആ കുഞ്ഞിനേക്കുറിച്ച് മുതിര്‍ന്നപ്പോള്‍ ഇങ്ങനെയാണ് അവന്‍റെ കാലം അടയാളപ്പെടുത്തിയത്- 'അവന്‍ തര്‍ക്കിക്കയോ ബഹളം വയ്ക്കയോ ഇല്ല. തെരുവു കളില്‍ ആരും അവന്‍റെ സ്വരം കേള്‍ക്കയില്ല.'
'ഒടുവില്‍ അവന്‍ എന്നെ ഒരു നീണ്ട മൗനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി' - കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍റെ ഈ വരികള്‍ മോഹിപ്പിച്ചു കൊണ്ടേ യിരിക്കുന്നു.