എന്താണ് അരക്ഷിതാവസ്ഥ? അഭയം തേടാന്‍ ഒരിടമില്ലാത്തതുതന്നെ. തണുക്കുമ്പോള്‍ ഒരു കമ്പളത്തോളം അഭയം മറ്റെന്തുണ്ട്? അല്ലെങ്കില്‍ ഒരു ചൂടുകാപ്പിയോളം? കാറ്റിലും മഴയിലും കയറി നില്‍ക്കാനൊരു ഇളംതിണ്ണ. അരവയര്‍ ഭക്ഷണം. നെടുവീര്‍പ്പിടുന്ന നേരത്ത് ഒന്നു ചാഞ്ഞു നില്‍ക്കാനൊരു ചുമല്‍. സാരമില്ലെന്ന് ഒരു വാക്ക്. നാണയത്തുട്ടു കൊടുത്തു വാങ്ങാന്‍ കഴിയാത്ത വലിയ സൗഭാഗ്യങ്ങള്‍..!
സത്യത്തില്‍ അയാള്‍ അവള്‍ക്ക് നല്‍കിയത് വലിയൊരു അഭയമാണ്; ജോസഫ് എന്ന തച്ചന്‍ മറിയം എന്ന വധുവിന്. വിവാഹത്തിന് വാക്കു പറഞ്ഞിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് കടപ്പാട് ഒന്നുമില്ലയാള്‍ക്ക്. ആ വാക്ക് ഉപേക്ഷിച്ചുകളയാന്‍ തക്കകാരണം ഉണ്ടായിരുന്നു താനും. എന്നിട്ടും... ആ പുരുഷന്‍ നല്‍കുന്ന സുരക്ഷിതത്വ ബോധ ത്തോളം വലുതായി അവള്‍ക്ക് മറ്റൊന്നുമില്ല. സത്രങ്ങളൊക്കെ കൊട്ടിയടയ്ക്കപ്പെടുമ്പോഴും അവള്‍ സങ്കടപ്പെടുന്നില്ല തന്നെ. കാരണം, അഭയമായി അയാള്‍ കൂടെയുണ്ട്. മഞ്ഞിലും തണുപ്പിലും തൊഴുത്തിലും അയാളാണ് അഭയം. അസൂയ തോന്നേണ്ടത് അയാളോട് തന്നെ. അത്രമേല്‍ ബലിഷ്ഠഗോപുരമായി ഒരു പെണ്ണിന്‍റെ ഹൃദയം കവര്‍ന്നതിന്. മാറ്റിപ്പറയാത്ത വാക്കിന്‍റെ പേരാണ് ജോസഫ്. അഭയമേകുന്ന ഹൃദയത്തിന്‍റേതും.
ഒരിത്തിരി പോന്ന വാക്ക് അത്ര ചെറുത് എന്നു കരുതരുത്. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നു എന്നു കേട്ട മാത്രയില്‍ ഹൃദയത്തില്‍ പൂത്തിരി കത്തിയ കുറച്ച് എളിയ മനുഷ്യരുണ്ട്, ആട്ടിടയ ന്‍മാര്‍. എത്ര പെട്ടെന്നാണ്, ഒരു ചെറിയ സന്ദേശം കേട്ട് അവര്‍ പ്രചോദിതരാകുന്നത്. ശൈത്യം ഉറങ്ങുന്ന മനസിന് ഒരു വാക്കു നല്‍കുന്ന ഊഷ്മാവു ചെറുതല്ല തന്നെ. വാക്കാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അഭയത്തിന്‍റെയും ആശ്രയത്തി ന്‍റെയും വാക്കാണു ക്രിസ്തുമസ്.
ജ്ഞാനികള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ആ മനുഷ്യര്‍. അവരും കണ്ടെത്തി ഒരു അഭയത്തെ. വഴി കാട്ടുന്ന ഒരു നക്ഷത്രത്തെ. ഏതു നക്ഷത്രത്തെ പിന്‍തുടരണമെന്ന തിരിച്ചറിവാകുന്നു ജ്ഞാനം. ജ്ഞാനികള്‍ എന്നു വിളിക്കപ്പെടാനുള്ള യോഗ്യ തയും അതു തന്നെ. ആചാരമനുസരിച്ചാവില്ല പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ചത് എന്നു വിശ്വസിക്കാനാണ് മനസിനിഷ്ടം. ഈ പൊന്നിനെക്കാള്‍ വിലയേറിയതെന്ന്, ഈ മീറ യെക്കാള്‍ വലിയ ഔഷധമെന്ന്, ഈ കുന്തിരി ക്കത്തെക്കാള്‍ സൗരഭമുള്ളതെന്ന് ആ പൈതലി നോട് പറയാതെ പറയുകയായിരുന്നില്ലേ അവര്‍?
തൊഴുത്തില്‍ നിന്നു പറുദീസയോളം വളരാമെന്നാണ് ശിമയോന്‍ എന്ന വയോധികന്‍ പറഞ്ഞു വയ്ക്കുന്നത്. അതു കേട്ട ഒരാള്‍ക്ക് ജീവിതത്തിന് അതിരു നിശ്ചയിക്കാനാവുമോ? ചക്രവാളങ്ങളി ല്ലാത്ത ജീവിതമായി അവന്‍ സ്വയം അടയാളപ്പെടു ത്തുന്നു. വര്‍ഷങ്ങള്‍ രണ്ടായിരവും കഴിയുവോളം. ഒരു ജന്മദിനാശംസക്ക്, സമ്മാനങ്ങള്‍ക്ക് വിലയില്ല എന്ന് ഇനി പറയാന്‍ കഴിയുമോ? ഏതു കുരിശു മരണത്തെയും അതിജീവിച്ച് തിരിച്ചുവരാന്‍ പ്രേരി പ്പിക്കുന്ന സ്നേഹത്തിന്‍റെ അടയാളമായി അത ങ്ങിനെ കിടക്കും. ഹൃദയപൂര്‍വം നല്‍കുമ്പോള്‍.
തേടിത്തിരഞ്ഞ് തിരികെ വരാന്‍ മാത്രം ഞാനവന് ഹൃദയത്തില്‍ ഇടം കൊടുത്തിരുന്നോ, ഒരു പിറന്നാള്‍ ആശംസയോ സമ്മാനമോ ഹൃദയ പൂര്‍വം കൊടുത്തിരുന്നോ എന്ന ചോദ്യം നെഞ്ചുലയ്ക്കുന്നുണ്ട്. എങ്കിലും മുടന്തുള്ള ആട്ടിന്‍കുട്ടിയെ കൂടി നഷ്ടപ്പെടാതെ കാക്കുന്ന ഇടയന്‍റെ മനസാണ് അവന് എന്നതൊരു വലിയ പ്രതീക്ഷയാണ്. രക്ഷിക്കാന്‍ വരുന്നവനെക്കു റിച്ചുള്ള പ്രതീക്ഷയാണല്ലോ ക്രിസ്തുമസ്. അനാഥരായി വിടുകില്ല എന്നു പറഞ്ഞൊരു വാക്കുണ്ട്. വെറും വാക്ക് പറയാത്ത അപ്പന്‍ വളര്‍ത്തിയ മകനാണല്ലോ. ഉറപ്പിക്കാം. പ്രതീ ക്ഷകള്‍ തളിര്‍ക്കട്ടെ, മനസിന്‍റെ ചില്ലകളില്‍.
ക്രിസ്തുമസ് വിളക്കും നക്ഷത്രവും തൂക്കാന്‍ മറക്കണ്ട. ഒരു കരോള്‍ ഗാനം പ്ലേ ചെയ്യാന്‍ മടി ക്കണ്ട. ഹൃദയപൂര്‍വം നല്ല രണ്ട് വാക്കുകള്‍ മെസേജ് ചെയ്യാന്‍ മറക്കണ്ട. ഒരു പുല്‍ത്തൊഴു ത്തിന്‍റെ മിനിയേച്ചര്‍ ശല്യമില്ലാതെ ഇരുന്നോട്ടെ ആ മുറ്റത്തിന്‍റെ ഒരരികില്‍. ശൈത്യമുറഞ്ഞു പോയ ഏതു ഹൃദയത്തെയാണ് അതുണര്‍ത്തുക എന്നു പറയുക വയ്യ. ചേതമില്ലാത്ത ഉപകാരമല്ലേ ചങ്ങാതീ, നാമാരുടെ ജീവിതത്തെയാണ് പ്രകാശിപ്പിക്കുക എന്നുറപ്പില്ലല്ലോ.
വലിയ കാര്യങ്ങളുടെയല്ല, ചെറിയ കാര്യങ്ങളുടേതാണ് ക്രിസ്തുമസ്. ഒരു വാക്ക്, ഒരു നോട്ടം, ഒരു പുഞ്ചിരി, ഒരു സന്ദേശം, ഒരു സമ്മാനം ... ഒന്നും ചെറുതല്ല തന്നെ. അത് നല്‍കുന്ന അഭയവും പ്രചോദനവും ചെറുതല്ല. ചേക്കേറാന്‍ ഇടമില്ലാത്ത എത്രയോ അനാഥരുള്ള ഈ ഭൂമിയില്‍ നമ്മുടെ ഹൃദയവാതിലുകള്‍ മലര്‍ക്കെ തുറന്നുവയ്ക്കാം. സത്രങ്ങളില്‍ ഇടം കിട്ടാതിരുന്നവര്‍ക്ക് നാമാവട്ടെ അഭയം.
ഹാപ്പി ക്രിസ്തുമസ് ...!