ബെന്യാമിന്‍റെ പുതിയ നോവലാണ് 'നിശ്ശബ്ദസഞ്ചാരങ്ങള്‍'. ചില സഞ്ചാരങ്ങള്‍ ലോകത്തെ മാറ്റിമറിക്കുമെന്ന് നമുക്കറിയാം. നേഴ്സുമാരുടെ ലോകസഞ്ചാരം എങ്ങനെയാണ് നമ്മുടെ നാടിനെ മാറ്റിയതെന്ന് നാം ആഴത്തില്‍ പഠിച്ചിട്ടില്ല. ലോകത്തിന്‍റെ വിഭിന്നഭാഗങ്ങളിലേക്ക് ജോലിക്കായി യാത്രചെയ്ത അവര്‍ നാടിന്‍റെ പുരോഗതിയില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാര്‍ത്താവിനിമയസംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തില്‍നിന്നു കുടുംബത്തെ രക്ഷിക്കാന്‍ കടലുകടന്ന മറിയാമ്മ എന്ന നേഴ്സിന്‍റെ സഞ്ചാരപാത തേടി അവരുടെ നാലാംതലമുറ നടത്തുന്ന അന്വേഷണമാണ് ഈ നോവല്‍. അവരുടെ സഞ്ചാരം നിശ്ശബ്ദമായിരുന്നു. തിരിച്ചറിയപ്പെടാതെപോയ ഈ യാത്രകളെ അടയാളപ്പെടുത്തുകയാണ് ബെന്യാമിന്‍.
മലയാളി നേഴ്സുമാരുടെ ആഗോളസഞ്ചാരം ആസ്പദമാക്കി എഴുതിയ ഒരു നോവലാണിത് എന്ന് ബെന്യാമിന്‍ പറയുന്നു. "അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്‍റെ ചിത്രമാണ് എനിക്കു മുന്നില്‍ അവരിലൂടെ തുറന്നു കിട്ടിയത്. എത്രയധികം രാജ്യങ്ങളിലേക്ക്, എത്രയധികം പ്രതിബന്ധങ്ങള്‍ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകള്‍ സഞ്ചരിച്ചത്. കാനഡയിലെ മഞ്ഞുവീണ ആര്‍ട്ടിക് പ്രദേശങ്ങളിലും മരുഭൂമിയിലെ ബദുക്കളുടെ ഗ്രാമങ്ങളിലും ആഫ്രിക്കയിലെ ഉള്‍നാടുകളിലും യൂറോപ്പില്‍ പരക്കെയും അവര്‍ എത്തിപ്പെട്ടു. അതില്‍ ഭൂരിപക്ഷവും പുരുഷനു മുന്‍പേയുള്ള യാത്രകളായിരുന്നു. അവ പക്ഷേ, എവിടെയും വേണ്ടവണ്ണം രേഖപ്പെടുത്തപ്പെട്ടില്ല എന്നു മാത്രം. അതിനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തിയത്" എന്ന് നോവലിസ്റ്റ് പ്രസ്താവിക്കുന്നു. നിശ്ശബ്ദസഞ്ചാരങ്ങളുടെ ചരിത്രം വിരചിക്കുകയാണ് അദ്ദേഹം.
കഥാനായകന്‍റെ, അന്വേഷകന്‍റെ ആശുപത്രിവാസത്തില്‍നിന്നാണ് കഥ തുടങ്ങുന്നത്. ഏകാന്തതയുടെ, നിസ്സഹായതയുടെ നിമിഷങ്ങളില്‍ ആരെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആരും ആഗ്രഹിക്കും. നേഴ്സുമാരുടെ ഈ ദൗത്യം ഈ ഏകാന്തതയിലാണ് കൂടുതല്‍ പ്രസക്തമാകുക. 'മനുഷ്യന്‍ ഏറ്റവും ദുര്‍ബലനായിപ്പോകുന്ന നിമിഷങ്ങളില്‍ അവനെ ദയാപൂര്‍വ്വം താങ്ങുക എന്നതിനോളം മഹനീയമായി മറ്റെന്തുണ്ട് ഈ ഭൂമിയില്‍' എന്ന് നാം മനസ്സിലാക്കുന്നു. ഈ തിരിച്ചറിവില്‍ നിന്നാണ് കഥനായകന്‍ അന്വേഷണത്തിനിറങ്ങുന്നത്. മറിയാമ്മ എന്ന പ്രതിഭാസത്തിനു പിന്നാലെ അയാള്‍ സഞ്ചരിക്കുകയാണ്. ഒറ്റയ്ക്കു തുടങ്ങിയ സഞ്ചാരം പിന്നീട് വളരുന്നു. അനേകരിലേക്ക് പടര്‍ന്നു കയറുന്നു. അങ്ങനെ ചരിത്രത്തിന്‍റെ പാളികള്‍ തുറന്നുകിട്ടുന്നത് നാം കാണുന്നു. നിശ്ശബ്ദസഞ്ചാരങ്ങളുടെ ചരിത്രം എത്ര ആഴത്തിലും പരപ്പിലുമുണ്ടെന്ന് നാമറിയുന്നു. അനേകമാളുകളുടെ അനുഭവങ്ങളും കഥകളും മറിയാമ്മയുടെ ജീവിതത്തോടു കൂടിക്കലരുന്നു. "നാം അറിയാത്ത എന്തെല്ലാം ചരിത്രങ്ങള്‍, എന്തെല്ലാം കഥകള്‍, എന്തെല്ലാം ജീവിതങ്ങള്‍, എന്തെല്ലാം അനുഭവങ്ങള്‍. നിറമില്ലാത്ത അപ്പൂപ്പന്‍താടികളെപ്പോലെ അവയെല്ലാം നമുക്കുചുറ്റും അദൃശ്യമായി ചുറ്റിപ്പറക്കുന്നു. അവയില്‍ ചിലതിനെയെങ്കിലും കണ്ടെത്തിയാല്‍ നമ്മുടെ ജീവിതം എത്ര മാറിപ്പോകുമായിരുന്നു" എന്ന് ബെന്യാമിന്‍ എഴുതുന്നു.
കത്തുകളും ഡയറികളും പഴയകാലചിത്രങ്ങള്‍ നിവര്‍ത്തിയിടുന്നു. അന്വേഷണം ദേശാന്തരങ്ങളിലേക്കു വ്യാപിക്കുന്നു. നിശ്ശബ്ദയാത്രകളുടെ ചരിത്രം അങ്ങനെ ഇതള്‍വിടരുന്നു. അന്വേഷണം മറിയാമ്മയുടെ ശവകുടീരത്തില്‍വരെയെത്തുന്നതിന്‍റെ ആവേശകരമായ അധ്യായങ്ങളാണ് നാം വായിക്കുന്നത്. സന്തോഷവും സന്താപവും നൊമ്പരങ്ങളും ഉള്‍ച്ചേരുന്ന മനുഷ്യയാത്രകളുടെ പൊരുള്‍ നാം അറിയുന്നു. കേവലം സാമ്പത്തികവിചാരങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്താവുന്നതല്ല ഈ നിശ്ശബ്ദസഞ്ചാരങ്ങള്‍. ഈ യാത്രകള്‍ക്കായി ത്വരിപ്പിക്കുന്ന മറ്റെന്തൊക്കെയോ ഘടകങ്ങള്‍ മനുഷ്യന്‍റെ ജീനുകളിലുണ്ട്.
"... മറഞ്ഞുകിടക്കുന്ന ഓരോ ജീവിതവും വെളിപ്പെടുത്തുക എന്നത് പ്രകൃതിയുടെ ആവശ്യമാണ്. ഒരിക്കല്‍ നാം അതു കണ്ടെത്താന്‍ സന്നദ്ധരായി തുനിഞ്ഞിറങ്ങിയാല്‍ പിന്നെ അതു നമ്മെ താനേ വഴിനടത്തിക്കൊള്ളും. തെളിവുകള്‍ നാം തേടിപ്പോകേണ്ടതില്ല. അതു സ്വയം നമ്മെ തേടി വന്നുകൊള്ളും"എന്ന അറിവ് കഥാനായകന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്നു. യാദൃച്ഛികതയുടെ മുഹൂര്‍ത്തങ്ങള്‍ അന്വേഷണത്തിന് പോഷണമേകുന്നു. അര്‍ത്ഥമില്ലാത്തത് എന്നു മറ്റുള്ളവര്‍ കരുതുന്ന അന്വേഷണത്തില്‍നിന്ന് കുഴിച്ചുമൂടിയ അനേകചരിത്രമുഹൂര്‍ത്തങ്ങള്‍ കഥാനായകന്‍ കണ്ടെടുക്കുന്നു. "ഒരു ലക്ഷ്യത്തിനുവേണ്ടിയല്ലാതെ നടത്തുന്ന ഏതൊരു പ്രവൃത്തിയെയും ആരും മണ്ടത്തരമായേ കാണൂ. ഈ കാലത്തിന്‍റെ സ്വഭാവം അതാണ്. കൗതുകത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികള്‍ ഒക്കെയും വ്യര്‍ത്ഥം എന്നു കരുതുന്ന കാലം. ലാഭമാണ് മാനദണ്ഡം. നേട്ടങ്ങളാണ് ലക്ഷ്യം. പണത്തിനാണ് മൂല്യം. മറ്റെല്ലാം ധൂര്‍ത്തിന്‍റെ, അനാവശ്യത്തിന്‍റെ, ഭ്രാന്തിന്‍റെ പട്ടികയിലേ വരൂ" എന്നറിഞ്ഞിട്ടും അന്വേഷണം തുടരാതിരിക്കാന്‍ കഥാനായകനു സാധിക്കുന്നില്ല. അനുഭവങ്ങളുടെ വന്‍കരകളിലൂടെ അയാള്‍ മുന്നേറുന്നു. ആഹ്ലാദനിമിഷങ്ങളുടെ പുതിയ താളുകള്‍ മറിയുന്നു. "ജീവിതം ഹനിക്കപ്പെടാം എന്നറിഞ്ഞുകൊണ്ട് ഇറങ്ങിപ്പുറപ്പെടാന്‍ തയ്യാറായ എത്രയോ പേരുടെ സന്നദ്ധതയുടെ ബാക്കിപത്രമാണ് ഇന്നു നാം ചുറ്റും കാണുന്ന ആരോഗ്യലോകം" എന്നാണ് എഴുത്തുകാരന്‍ എടുത്തുപറയുന്നത്.
'ദേശാടനങ്ങള്‍ ഒന്നും വെറുതെയല്ല. വഴിയില്‍ നാം കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ഭാവിജീവിതത്തിലേക്കുള്ള ഒരു മൂന്നാം കണ്ണ് തുറന്നുതരുന്നുണ്ട്" എന്ന് നാം തിരിച്ചറിയുന്ന അനേകം സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. "കാരണമില്ലാതെ സ്നേഹിക്കുകയും ഉപാധികളില്ലാതെ സഹായിക്കുകയും ചെയ്യുന്ന ചിലര്‍. അങ്ങനെ ചിലര്‍ ഈ ലോകത്തില്‍ ഇപ്പോഴുമുണ്ട് എന്നതാണ് ഈ ഭൂമിയുടെ മനോഹാരിതയില്‍ ഒന്ന്" എന്ന യാഥാര്‍ത്ഥ്യമാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. നിശ്ശബ്ദസഞ്ചാരങ്ങളുടെ ചരിത്രത്തിലേക്കാണ് ബെന്യാമിന്‍ വാതില്‍ തുറക്കുന്നത്.
(നിശ്ശബ്ദസഞ്ചാരങ്ങള്‍ - ബെന്യാമിന്‍,
ഡി. സി. ബുക്സ്)