news-details
കാലികം

സന്യാസത്തിന്‍റെ സ്വാതന്ത്ര്യം

സന്യാസം എന്ന വാക്ക് കേള്‍ക്കുമ്പോഴേ ചിലര്‍ക്കൊക്കെ മനസ്സിലേക്ക് വരുന്ന ചിന്ത നാലുചുവരുകള്‍ക്കുള്ളിലേക്ക് പിന്‍വലിഞ്ഞു ഇരുപത്തിനാലു മണിക്കൂറും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ചാണ്. ഇവരെല്ലാവരും ഒത്തിരി അസ്വാതന്ത്ര്യം അനുഭവിക്കുകയല്ലേ എന്നൊക്കെ ചിന്തിച്ചു നെറ്റിചുളിച്ചേക്കാം. ഇക്കാലഘട്ടത്തില്‍ ഒരു പൊളിച്ചെഴുത്ത് ഇങ്ങനെയുള്ള ജീവിതത്തിന് ആവശ്യമല്ലേ. ഇതൊരു ജീവിതം പാഴാക്കലല്ലേ... മൗലികാവകാശങ്ങള്‍ക്കെതിരല്ലെ ഇങ്ങനെയുള്ള ജീവിതരീതി എന്നു ചിന്തിക്കുന്ന ഒത്തിരി മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്.  ചിലര്‍ ചോദിക്കും ഇതൊരു അസ്വാഭാവിക ജീവിതമല്ലേ എന്ന്. എന്നാല്‍ ഇത് അസ്വാഭാവികമല്ല മറിച്ചു പ്രകൃത്യാതീതമായ -അഭൗമമായ- ആത്മലോകപരമായ ഒരു ജീവിതശൈലി ആണ്.

സന്യസ്തര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ആത്മീയ സന്തോഷവും നിര്‍വൃതിയും വാക്കുകള്‍ക്കും അപ്പുറത്താണ്.  ക്രിസ്ത്യന്‍സന്യാസത്തെ ദൂരെനിന്ന് വീക്ഷിച്ചാല്‍ മനസ്സിലായെന്ന് വരില്ല. അതിന്‍റെ ആരംഭവും ലക്ഷ്യവും മനസ്സിലാക്കിയാലേ സന്യാസി/സന്യാസിനി അനുഭവിക്കുന്ന ആത്മസന്തോഷം, ആത്മനിര്‍വൃതി, സ്വാതന്ത്ര്യം എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ.

കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തോടെ ക്രിസ്തുമതത്തിന് പ്രത്യേക പദവി കൈവന്നു.  അങ്ങനെ 313 മുതല്‍ നൈയാമികമായ പ്രത്യേക ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന മതമായി തീര്‍ന്നു ക്രിസ്തുമതം. എന്നാല്‍ നാലാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തില്‍ റോമാസാമ്രാജ്യം ഭരിച്ചിരുന്ന തിയോഡോസിയൂസ് ഒന്നാമന്‍ (347-392) 380 ല്‍ ക്രിസ്തുമതത്തെ ഔദ്യോഗിക മതമാക്കി മാറ്റി. ഇതിനെ തുടര്‍ന്ന് ക്രിസ്തുവിനെ അനുഗമിക്കുകയോ ആ മതത്തിലെ അംഗമായി തീരുകയോ ചെയ്യുന്നത് കുറ്റമല്ലാതായി തീര്‍ന്നു. കൂടാതെ സഭക്കെതിരെയുള്ള പീഡനവും നിലച്ചു.  അതുവരെ രക്തസാക്ഷികളുടെ ചുടുനിണത്തിലാണ് സഭ വളര്‍ന്നുവന്നത്. അക്കാലയളവിലെ ചിന്ത ക്രിസ്തുവിനെ അനുധാവനം ചെയ്യാനുള്ള ഏറ്റവും അഭികാമ്യമായ മാര്‍ഗം രക്തസാക്ഷിത്വം എന്നായിരുന്നു. എന്നാല്‍ ക്രിസ്തുമതത്തിന് ഔദ്യോഗികത കൈവന്നതോടെ രക്തസാക്ഷിത്വം വരിച്ചു ക്രിസ്തുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ അവസരം ഇല്ലാതായി തീര്‍ന്നു. അപ്പോള്‍ അടുത്ത ചിന്ത എങ്ങനെ ഈ സാഹചര്യത്തില്‍ ക്രിസ്തുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ സാധിക്കും. തീക്ഷ്ണതയുള്ള കുറെ മനുഷ്യര്‍ ചിന്തിച്ചു നാല് ചുവരുകള്‍ക്കുള്ളില്‍ കഠിനമായ തപശ്ചര്യകളില്‍ കൂടി ലോകത്തില്‍നിന്ന് മാറിനിന്നുകൊണ്ടു ഒരു ജീവിതം നയിച്ചാല്‍ അതൊരുപരിധിവരെ അവനെ സ്നേഹിക്കുന്നുവെന്നുള്ളതിനു തെളിവാണ്.  അങ്ങനെ കുറെപ്പേര്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അത് ക്രിസ്തുവിനോടുള്ള സ്നേഹത്തിന്‍റെ വ്യക്തമായ പ്രകടനമായി മാറി. അങ്ങനെ തുടങ്ങിയ സന്യാസം പിന്നീടറിയപ്പെടാന്‍ തുടങ്ങിയത് വെളുത്ത രക്തസാക്ഷിത്വം (white martyrdom) അല്ലെങ്കില്‍ രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വമെന്നാണ്. ഇങ്ങനെ അറിയപ്പെടാന്‍ കാരണം അത്ര കഠിനമായ തപശ്ചര്യകള്‍  ആദിമ സന്യസ്തര്‍ അനുഷ്ഠിച്ചു പോന്നതുകൊണ്ടാണ്. ഈ ജീവിതരീതി ക്രിസ്തുവിനോടുള്ള അപാരസ്നേഹത്തിന്‍റെ പാരമ്യമാണ്.  ലോകത്തില്‍ ജീവിക്കുന്ന സന്യാസി/സന്യാസിനി വിളിച്ചുപറയുന്നത് എനിക്ക് ക്രിസ്തുവാണ് ജീവിതം അവനുവേണ്ടി എല്ലാം വലിച്ചെറിയുന്നത് നേട്ടമാണെന്നത്രെ.  

മൂന്നും നാലും നൂറ്റാണ്ടിലായി  ജീവിച്ച ഈജിപ്തിലെ അന്തോണിയാണ് (251-356) ഏകാന്തവാസം അനുഷ്ഠിച്ചുകൊണ്ട് കഠിനമായ ക്രിസ്തീയസന്യാസത്തിന് തുടക്കം കുറിച്ചത്. എന്നിരുന്നാലും ഇതേ കാലയളവില്‍ ജീവിച്ചിരുന്ന പക്കോമിയൂസ് (292-348) ആണ് സമൂഹ സന്യാസജീവിതത്തിന് തുടക്കം കുറിച്ചത്.  ഇതിനെത്തുടര്‍ന്ന് പല സന്യാസ സമൂഹങ്ങളും നിലവില്‍ വന്നു. എല്ലാത്തിന്‍റെയും അന്തഃസത്ത ഒന്നുതന്നെ ആയിരുന്നു, അതായതു ക്രിസ്തുസ്നേഹം. സന്യാസിയായ ക്രിസ്തുവിനെ അതുപോലെ ഒപ്പിയെടുത്തു ജീവിക്കാന്‍ തീരുമാനിച്ചുകൊണ്ട് സന്യാസത്തിനൊരു വിപ്ലവാത്മക മുഖം നല്‍കിയത് അസ്സീസിയിലെ വി. ഫ്രാന്‍സിസ്(1181-1226) ആണ്.  അങ്ങനെ ദരിദ്രനായ, മരണത്തോളം അനുസരണം അഭ്യസിച്ച, ബ്രഹ്മചാരിയായ ക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചതുപോലെ ജീവിച്ചുകൊണ്ട് പിന്നീടങ്ങോട്ടുള്ള തലമുറയ്ക്ക് മുന്‍പില്‍ രണ്ടാം ക്രിസ്തുവായ ഫ്രാന്‍സിസ് അസ്സീസി ഒരു വെല്ലുവിളി ഉയര്‍ത്തി. വി. ഫ്രാന്‍സിസിനു ശേഷമുള്ള എല്ലാ സന്യാസ സമൂഹങ്ങളും ഈ മൂന്നു വ്രതങ്ങള്‍ അതായത് ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം/ കന്യാവ്രതം അവരുടെ മുഖമുദ്രയായിട്ട് കൈക്കൊള്ളുന്നതായിട്ടാണ് പിന്നീട് നമ്മള്‍ കാണുന്നത്. സുവിശേഷാനുസാരമായ ഈ മൂന്ന് വ്രതങ്ങളെ ഒന്നു പരിചയപ്പെടുന്നതു നന്നായിരിക്കും. ചിലരൊക്ക ചോദിച്ചേക്കാം 1600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് (പക്കോമിയൂസ്) അതുമല്ലെങ്കില്‍ 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് (വി. ഫ്രാന്‍സിസ് അസ്സീസി) എടുത്ത തീരുമാനങ്ങള്‍ കാലഹരണപ്പെട്ടതല്ലേ?  ഒരു പൊളിച്ചെഴുത്ത് ആവശ്യമല്ലേ എന്നൊക്കെ. ആരെയും അടിച്ചേല്പിക്കാത്ത ഇങ്ങനെയുള്ള ഒരു ജീവിതരീതി ക്രിസ്തുസ്നേഹത്തിന്‍റെ നാന്ദിയാണ് എന്നുമാത്രമല്ല പത്തു മുതല്‍ പതിനാറുവര്‍ഷം വരെ സമയമെടുത്ത്, ധ്യാന മനനങ്ങള്‍ക്കുശേഷമാണ് ഒരുവന്‍ ഈ ജീവിതരീതിയെ പുല്‍കുന്നത്.

പ്രത്യക്ഷത്തില്‍ സന്യാസത്തിലെ വ്രതങ്ങള്‍ എല്ലാം നിഷേധാത്മകമായി തോന്നിച്ചേക്കാം. ദാരിദ്ര്യം അതില്‍ത്തന്നെ തിന്മയാണെന്നു നമുക്കറിയാം. അപ്പോള്‍ സന്യാസ ദാരിദ്ര്യത്തിന്‍റെ പ്രസക്തി എന്ത്?  ഇതിനുള്ള ഉത്തരം 2 കോറി 8: 9ല്‍ കാണാം:  'അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി. തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടി തന്നെ.' ഒരു സന്യസ്തന്‍റെ ദാരിദ്ര്യം വഴിയാണ് അവന്‍/അവള്‍ ക്രിസ്തുവില്‍ സമ്പന്നനാ/യാകുന്നത്. ഇതുവഴി യഥാര്‍ത്ഥ സമ്പത്തിലേക്കുള്ള വഴികാട്ടികൊടുക്കാന്‍ സന്യസ്ത(ന്‍) പ്രാപ്തനാകുന്നു. ക്രിസ്തു തന്‍റെ സ്വര്‍ഗ്ഗസമാനത മുറുകെ പിടിക്കാതെ നമ്മിലൊരുവനായിത്തീര്‍ന്നത്, ദരിദ്രനായി തീര്‍ന്നത് ഈ സമ്പന്നതയിലേക്ക് നമ്മെ ഓരോരുത്തരെയും എത്തിക്കാനാണ് (Phil 2 :7) കുരിശില്‍ അവസാനതുള്ളി രക്തംവരെ ചിന്തിക്കൊണ്ട്, മനുഷ്യന്‍ ഏറ്റവും വിലമതിക്കുന്ന ജീവന്‍വരെ നല്‍കികൊണ്ട് ശൂന്യനായി, ദരിദ്രനായി അവന്‍ മരിക്കുമ്പോള്‍ ഈ ലോകത്തിന് കൈവന്നത് ഏറ്റവും വലിയ സമ്മാനമാണ്, നിത്യജീവനാണ്. ഇതാണ് മനുഷ്യന് പ്രാപ്യമാക്കാവുന്ന ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പത്തും. ഇതിന്‍റെ തുടര്‍ച്ചയാവണം സന്യസ്തന്‍റെ ദാരിദ്ര്യം.  ക്രിസ്തുവില്‍ സമ്പന്നനാകാനും ക്രിസ്തുവിനെക്കൊണ്ട് ലോകത്തെ സമ്പന്നമാക്കാനുമുള്ള സപര്യയാണ് സന്യസ്തന്‍റേത്. യഥാര്‍ത്ഥ നിധി കണ്ടെത്തിയവനാണ് സന്യസ്തന്‍. (Mt 13: 44 ,46). അതിനാല്‍ അവന്‍ ഇന്നലെ വരെ മുറുകെ പിടിച്ചതിനെ ഉച്ചിഷ്ടംപോലെ തള്ളിക്കളഞ്ഞുകൊണ്ടു സന്യാസത്തിലേക്കു കടന്നുവരുന്നു. അവന്‍/ അവള്‍ കണ്ടെത്തിയ നിധി/രത്നം ക്രിസ്തുവാണ്.

ബ്രഹ്മചര്യം മറ്റൊരു നിഷേധാത്മകമായ വ്രതം അല്ലെ എന്നു സ്വഭാവികമായും ചോദ്യമുണ്ടാകാം.  ദൈവം മനുഷ്യനു വരദാനമായി നല്‍കിയ കഴിവാണ് തന്‍റെ ലൈംഗികത. തന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനും ഈ ഭൂമിയെ നിലനിര്‍ത്തുന്നതിനും സമൂഹനിര്‍മിതിക്കും അവശ്യം ആവശ്യമായ കഴിവ്.  എന്നാല്‍ സന്യസ്തര്‍ ഈ കഴിവ് കുഴിച്ചുമൂടി തന്നിലേക്കുതന്നെ ഉള്‍വലിഞ്ഞു ജീവിക്കുന്നവരല്ലേ എന്ന ചോദ്യം പ്രസക്തമാണ്. മത്തായിയുടെ സുവിശേഷം നമുക്ക് ഇതിനുത്തരം നല്‍കും Mt 19:12 'സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്.  ഇത് ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.' കന്യാവ്രതം അന്യപ്രവേശനമില്ലാത്ത നിഷേധാത്മകമായ ഒരു ജീവിതം നയിക്കാനുള്ള വിളിയല്ല മറിച്ച് ലോകം മുഴുവനെയും തന്‍റെ സഹോദരിയായും സഹോദരനായും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന വ്രതമാണ്. രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന അസ്സീസിയിലെ ഫ്രാന്‍സിസിന് കാറ്റും, കടലും, മലയും, മഞ്ഞും, മനുഷ്യനും, മൃഗവും, സര്‍വ്വ പ്രപഞ്ചവും സഹോദരീസഹോദരന്മാരായി തീര്‍ന്നത് ഈ വ്രതത്തിന്‍റെ പിന്‍ബലത്തിലല്ലെങ്കില്‍ മറ്റെന്ത്?  

അനുസരണം ഒരുതരം അടിച്ചമര്‍ത്തലല്ലേ എന്നു ചോദിക്കുന്നവരുണ്ട്. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ മറ്റൊരു വ്യക്തിക്ക് കീഴ്പ്പെട്ടു ജീവിതകാലം മുഴുവന്‍ ചെലവഴിക്കുന്നത് ഒരു തരം അടിമത്തമല്ലേ?  എല്ലാ ചെറിയ കാര്യങ്ങള്‍ക്കും സമ്മതം വാങ്ങിച്ചു മാത്രമേ ചെയ്യാവൂ. ഈ 21-ാം നൂറ്റാണ്ടില്‍ അധികാരികളെന്തിനാണ് മറ്റുള്ളവരെ അനുസരിപ്പിക്കുന്നത്.  ഇതാരും ആരെയും ബലം പ്രയോഗിച്ചു ചെയ്യിക്കുന്ന, ചെയ്യിപ്പിക്കേണ്ട വ്രതമല്ല മറിച്ചു പിതാവിന് കീഴ്വഴങ്ങി ജീവിച്ച ക്രിസ്തുവിനോടുള്ള ഇഷ്ടത്താല്‍ സന്യസ്ത(ന്‍) അങ്ങനെ ജീവിക്കാന്‍ തുടങ്ങുകയാണ്. അനുസരണം എന്ന സന്യാസവ്രതത്തിന് ബലം നല്‍കുന്നത് ക്രിസ്തുവിന്‍റെ വാക്കുകളാണ് Jn 4: 34 'എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം.' അനുസരണം എന്ന വ്രതം കുറച്ചുകൂടി കഠിനമാണ്.  എന്‍റെ ഇഷ്ടത്തിനതീതമായി ദൈവഹിതം തിരയലാണത്; അങ്ങനെ പിതാവിനെ അനുസരിച്ചുകൊണ്ട് അവസാനതുള്ളി രക്തംവരെ (cf. Heb  9: 12) ചിന്തി മരണം പുല്‍കി ലോകരക്ഷ സാദ്ധ്യമാക്കിയ ക്രിസ്തുവിന്‍റെ അനുസരണമാണ് സന്യസ്തന്‍റെ ബലം. അധികാരി ആരായിരുന്നാലും ആ അധികാരിയില്‍ കൂടി ദൈവസ്വരം ശ്രവിക്കാനും ആ ദൈവഹിതം പ്രാവര്‍ത്തികമാക്കാനുമാണ് ഓരോ സന്യസ്തനും പരിശ്രമിക്കുന്നത്.  

ഈ വ്രതങ്ങളുടെ സാന്നിധ്യം വഴിയായി ചെയ്യാന്‍ പാടില്ലാത്ത നൂറുകൂട്ടം കാര്യങ്ങള്‍ ഒരു സന്യാസി/നിയെ സംബന്ധിച്ചുണ്ടാകാം.  ഒരു സന്യസ്തന് സ്വന്തമായിട്ട് വസ്തുവകകള്‍ പാടില്ല; ഒരു വാഹനം സ്വന്തമായിട്ട് പാടില്ല, വിവാഹം കഴിക്കാന്‍ സാധിക്കില്ല; മേലധികാരികളെ ധിക്കരിക്കാന്‍ സാധിക്കില്ല. അങ്ങനെ നീണ്ടു പോകുന്നു അരുതുകളുടെ നിര.  എന്നാല്‍ ഈ അരുതുകള്‍ സ്വാതന്ത്ര്യത്തിന്‍റെ അനന്തവിഹായസ്സിലേക്ക് പറക്കാനുള്ള ചിറകുകളാണ്. ഈ അരുതുകളില്‍ എത്രമാത്രം ഒരുവന്‍ ബലപ്പെടുന്നോ അത്രയും അവന്‍/അവള്‍ സ്വതന്ത്രയാവുന്നു.    ഈ അരുതുകള്‍ നിഷേധാത്മകമല്ല; മറിച്ച് അതൊരു ലോകം മുഴവന്‍ സ്വന്തമാക്കാനുള്ള സപര്യയാണ്; വാതായനമാണ്.

ഇതിനാല്‍ സന്യാസം ആത്മബലമുള്ളവന്/ഉള്ളവള്‍ക്ക് മാത്രം പറഞ്ഞിരിക്കുന്ന ഒരു ജീവിതശൈലിയാണ്. ഈ വ്രതങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് വളരാത്തവന്‍ ചെറിയ അപ്പക്കഷണങ്ങള്‍ക്കുമുന്‍പില്‍ കാലിടറി വീഴും. ഇങ്ങനെ കാലിടറി വീഴുന്നവരുടെ നിര ക്രിസ്തുവിന്‍റെ കാലം മുതല്‍ ഇന്നുവരെ നീണ്ടുനില്‍ക്കുന്നു.  എന്നാല്‍ ലക്ഷോപലക്ഷം പേര്‍ ഇന്നും ഈ ജീവിതരീതി വിശ്വസ്തതാപൂര്‍വം ജീവിച്ചു ക്രിസ്തുവിന്‍റെ വിളിക്ക് യോഗ്യരായി ജീവിക്കുന്നു; ഇതില്‍ത്തന്നെ തങ്ങളുടെ ധീരമായ ജീവിതശൈലിയിലൂടെ ഒത്തിരി അധികം പേര്‍ അള്‍ത്താര വണക്കത്തിന് യോഗ്യരാക്കപ്പെടുന്നു. സന്യാസം ഉപജീവനമാര്‍ഗ്ഗമല്ല മറിച്ച് ഉപാധികളില്ലാതെ ക്രിസ്തുവിനെ സ്നേഹിക്കാനുള്ള ധീരമായ ചുവടുവയ്പാണ്.  Mk 10: 22 (17-30) ല്‍ യേശുവിന്‍റെ മുന്‍പില്‍ മുട്ടുകുത്തിയ ഒരു ധനികനായ ചെറുപ്പക്കാരന് നിത്യജീവന്‍ അവകാശമാക്കാന്‍ ആഗ്രഹമുണ്ട്.  യേശുവിന്‍റെ ചോദ്യങ്ങള്‍ക്ക് അവനു നാവിന്‍ത്തുമ്പില്‍ ഉത്തരമുണ്ട,് പ്രമാണങ്ങളെല്ലാം കൊച്ചുന്നാള്‍ മുതല്‍ ഞാന്‍ പാലിച്ചു പോരുന്നവനാണ്.  യേശു പറഞ്ഞു: നിനക്കൊരു കുറവുണ്ട്.  അവന്‍റെ കുറവ് അവന്‍ ധനാഢ്യനാണെന്നുള്ളതാണ്.  അതിനാല്‍ നിത്യജീവന്‍ വേണോ അവന്‍റെ സമ്പാദ്യം സമ്മാനിച്ച കുറവ് അവന്‍ നികത്തിയേ പറ്റൂ. അതായത് ആ സമ്പത്തു മുഴുവന്‍ അവന്‍ വലിച്ചെറിയാന്‍ തയ്യാറാവണം.  പക്ഷെ അവന് ആത്മബലമില്ല. ഇതുകേട്ടപ്പോള്‍ അവന്‍റെ കാലുറയ്ക്കുന്നില്ല.  അവന്‍ അതീവദുഃഖിതനായി മടങ്ങി. ഈശോ അവനെ കരുണാപൂര്‍വം കടാക്ഷിച്ചുവെന്നാണ് വചനം പറയുന്നത്.  യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലേക്ക് സമ്പന്നതയിലേക്ക് ഈശോയുടെ മുന്‍പില്‍ വച്ചുപോലും എത്തിപ്പെടാന്‍ സാധിക്കാത്ത ഈ ചെറുപ്പക്കാരന്‍ ഇന്ന് പരാജയപ്പെടുന്ന സന്യസ്തരുടെ പ്രതീകമാണ്.  ധനമാകുന്ന അല്ലെങ്കില്‍ മറ്റെന്ത് ആകര്‍ഷണങ്ങളുടെ മുന്‍പിലുമുള്ള എട്ടുകാലിവലയുടെ ഊരാക്കുടുക്കില്‍ അവന്‍ അകപ്പെട്ട് ചുഴറ്റപ്പെടുകയാണ്.  മാടമ്പി ആകണമെന്നാഗ്രഹിച്ച അസ്സീസിയിലെ ഫ്രാന്‍സിസ് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ഉടുതുണിപോലും ഉപേക്ഷിച്ചു വിളിച്ചുപറഞ്ഞു: "ഇനിമുതല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവാണ് എന്‍റെ അപ്പന്‍" എന്ന്.  പാപം ചെയ്തു കഴിഞ്ഞപ്പോള്‍ ഇല വാരിപുതച്ചു നഗ്നത മറയ്ക്കുന്ന ആദത്തിന്‍റെ സ്ഥാനത്ത് അസ്സീസി പുണ്യവാളന്‍ തന്‍റെ ഉടുതുണികൂടി ഉരിഞ്ഞുകൊണ്ട് കൊച്ചുകുഞ്ഞിന്‍റെ സ്വാതന്ത്ര്യത്തിലേക്കുയരുന്നത് ഏതൊരുവനെയും ഹഠാദാകര്‍ഷിക്കുന്നതാണ്. ഉള്ളും ഉള്ളായ്മയും പൂര്‍ണമായും സമര്‍പ്പിക്കാന്‍ സാധിക്കുന്നവന്‍, ഞാനെന്ന ഭാവം മുറുകെ പിടിക്കാത്തവന്‍, എന്‍റേത് എന്ന ചിന്തയെ അതിജീവിച്ചവന്‍, എന്‍റെ ഹിതത്തിനുപരിയായി ദൈവഹിതത്തിന് എന്ന തലത്തിലേക്ക് എത്തുമ്പോള്‍ മാത്രമേ ഒരുവന്‍ യഥാര്‍ത്ഥ സന്യാസ സ്വാതന്ത്ര്യത്തിലേക്ക് ഉയരുന്നുള്ളൂ.  

അതുകൊണ്ട് ഇന്ന് സന്യാസത്തിലേക്കു മറ്റു ചിന്തകളുമായിട്ടെത്തുന്നവര്‍ ഒരു പുനര്‍വിചിന്തനത്തിനു തയ്യാറാവുക.  കാലം വച്ചുനീട്ടുന്ന മായാമോഹവലയങ്ങളില്‍ വീണ് കാലയവനികക്കുള്ളില്‍ മറയേണ്ടവനല്ല സന്യാസി/സന്യാസിനി മറിച്ചു തന്‍റെ സന്യാസത്തില്‍ കൂടി ദൈവത്തെ നേടുക എന്ന സ്വാതന്ത്ര്യത്തിന്‍റെ വിശാലതയിലേക്കു വളരാനാണ് പരിശ്രമിക്കേണ്ടത്.  മദര്‍ തെരേസക്ക് അല്‍ബേനിയ വിട്ട് ഇന്ത്യയില്‍ വന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മണ്ണിനോടുള്ള ആര്‍ത്തിയെ അതിജീവിക്കാന്‍ സാധിച്ചതുകൊണ്ടാണ്; സ്വത്വത്തോടുള്ള അഭിനിവേശം ഉപേക്ഷിക്കാന്‍ സാധിച്ചതുകൊണ്ടാണ്. ലോകം മുഴുവന്‍ എന്‍റെ സഹോദരീ സഹോദരന്മാരാണെന്നുള്ള ചിന്തയും വിളിയും ലഭിച്ചതുകൊണ്ടാണ് ഇവിടെ വന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. ആ സ്വാതന്ത്ര്യത്തിലേക്ക് എത്തിയ മദര്‍ തെരേസ സ്വര്‍ഗീയ അനുഭവം പകര്‍ന്നുകൊടുത്തിട്ടാണ് കടന്നുപോയത്.  അബ്രഹാം, ഊര്‍ എന്ന ചെറിയ നഗരം വിട്ടതുകൊണ്ടാണ് വിശ്വാസികളുടെ പിതാവായത്.  ദൈവത്തെ അനുസരിച്ചതുകൊണ്ടാണ് തലമുറകളുടെ പിതാവായത്.  ഈ സ്വാതന്ത്ര്യമാണ് ഓരോ സന്യാസിയും/സന്യാസിനിയും ആര്‍ജിക്കേണ്ടത.് ആത്മബലമില്ലാത്തവന്, ഉപേക്ഷിക്കാന്‍ ഭയമുള്ളവന് ആരെയും എന്തിനെയും എതിര്‍ക്കുന്നവന്, ധിക്കാരിക്ക് പറഞ്ഞിരിക്കുന്ന ജീവിതശൈലിയല്ല സന്യാസം.  ഈശോയോടുള്ള സ്നേഹത്താല്‍ നിറഞ്ഞു വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തയ്യാറുള്ള, ഉപേക്ഷിക്കാന്‍ തയ്യാറുള്ള, ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ തക്ക ഹൃദയമുള്ളവര്‍ക്ക്, മേലധികാരികളോടുകൂടി ഒന്നിച്ചു ദൈവഹിതം തിരയുകയും ആ ദൈവവഴിയില്‍ എളിമയോടും അനുസരണത്തോടും കൂടി പോകാന്‍ തയ്യാറുള്ളവര്‍ക്കും മാത്രമേ ഈ ലോകത്തിന് ക്രിസ്തുവിനെ കൊടുക്കാന്‍ പറ്റുകയുള്ളൂ; അങ്ങനെയുള്ളവര്‍ മാത്രമേ ഈ വഴി തേടാവൂ.  അതിനാല്‍ പൊളിച്ചെഴുത്തല്ല വേണ്ടത് സ്വയമേ പൊളിഞ്ഞു/ ശൂന്യനായി സന്യാസിയായ യേശുവിനെപ്പോലെ എല്ലാവര്‍ക്കുമെല്ലാമായിത്തീരുവാന്‍ ദൈവഹിതത്തിന് മുന്‍പില്‍ തലകുനിച്ചുകൊണ്ട് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും ആത്മനിര്‍വൃതിയിലേക്കും ആത്മീയ സന്തോഷത്തിലേക്കും ഉയര്‍ന്നുകൊണ്ട് ലോകത്തില്‍ ക്രിസ്തുവിനെ കാട്ടികൊടുക്കുന്ന ലവണമായി പ്രശോഭിക്കുവാന്‍ ഓരോ സന്യസ്തനും സാധിക്കട്ടെ.

You can share this post!

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമിതിയുടെ ആറാമത് അവലോകന റിപ്പോര്‍ട്ട്

(മൊഴിമാറ്റം: ടോം മാത്യു)
അടുത്ത രചന

സൂര്യനെ പ്രണയിച്ച ചന്ദ്രിക

ജോര്‍ജ് വലിയപാടത്ത്
Related Posts