പഴകിയ വീഞ്ഞിനു ലഹരി കൂടുതലാണെന്ന് പറയാറുണ്ട്. ചില സിനിമകളും അത്തരത്തിലാണ് ലഹരി സമ്മാനിക്കുന്നത്. 1953-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രമായ ടോക്യോ സ്റ്റോറി (Tokyo Story) അത്തരത്തിലുള്ളൊരു ചലച്ചിത്രമാണ്. ചിത്രം റിലീസ് ചെയ്തപ്പോള്‍ സാധാരണ ഒരു ജാപ്പനീസ് ചലച്ചിത്രം എന്ന നിലയില്‍ മാത്രം പരിഗണിക്കപ്പെടുകയും പിന്നീട് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടുകയും ഏറ്റവും മികച്ച ഏഷ്യന്‍ ചലച്ചിത്രങ്ങളിലൊന്നെന്ന ഖ്യാതി നേടുകയും ചെയ്തു എന്ന ചരിത്രമാണ് ഈ സിനിമക്കുള്ളത്.
ചലച്ചിത്രങ്ങള്‍ക്ക് നിറം വെക്കുന്ന കാലത്തിനു മുന്‍പാണ് യാസുജിറോ ഓസു എന്ന ജാപ്പനീസ് സംവിധായകന്‍ സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ ത്തിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ഭൂരിഭാഗം സിനിമകളും, ചെറുചിത്രങ്ങളും കുടുംബം, വിവാഹം, ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഒരുപക്ഷേ കുടുംബബന്ധങ്ങ ളെക്കുറിച്ചും അതിന്‍റെ വ്യാപ്തിയെക്കുറിച്ചും ആഴത്തെക്കുറിച്ചുമെല്ലാം ഇത്രയധികം സിനിമകള്‍ ചെയ്ത സംവിധായകരിലൊരാളും അദ്ദേഹമാണ്. ജാപ്പനീസ് ചലച്ചിത്രങ്ങളില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ധാരാളം സിനിമകള്‍ കുടുംബം, ബന്ധങ്ങള്‍, സ്നേഹം, പ്രകൃതി, വൈകാരികവും സങ്കീര്‍ണ്ണവു മായ തലമുറകളില്‍ ജീവിക്കുന്നവരുടെ ജീവിത ങ്ങള്‍ എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് കാണുന്നതിന് കഴിയുന്നുണ്ട്. തകേഷി കിതാ നോയുടെ ഫയര്‍വര്‍ക്ക്സ്, ഹിരെക്കാസു കോര്‍-എ ദയുടെ നോബഡി നോസ് (Nobody Knows), ഔര്‍ ലിറ്റില്‍ സിസ്റ്റേഴ്സ്, യോജിറോ തകീതയുടെ ഡിപ്പാ ര്‍ച്ചേഴ്സ്, ഹിരക്കൊസു കൊരീഡയുടെ സ്റ്റില്‍ വാക്കിങ്ങ് എന്നീ സിനിമകളെല്ലാംതന്നെ ഈ ഗണത്തില്‍ പെടുന്നവയാണ്.
യാസുറിജോ ഓസുവിന്‍റെ നോറിക്കോ ട്രൈ ലോജിയില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ ചല ച്ചിത്രമാണ് ടോക്യോ സ്റ്റോറി, 1949-ല്‍ പുറത്തിറങ്ങിയ ലേറ്റ് സ്പ്രിങ്ങ്, 1951-ല്‍ പുറത്തിറങ്ങിയ ഏര്‍ലി സമ്മര്‍ എന്നിവയാണ് ഈ ട്രൈലോജിയിലെ മറ്റ് ചലച്ചിത്രങ്ങള്‍. ജാപ്പനീസ് സിനിമാചരിത്ര ത്തിലെ നാഴികക്കല്ലുകളായാണ് ഈ ട്രൈലോജിയിലെ മൂന്നു ചിത്രങ്ങളും വിശേഷിപ്പിക്കപ്പെടുന്നത്. ഇതില്‍ തന്നെ ടോക്യോ സ്റ്റോറിയാസുജിറോ ഓസുവിന്‍റെ മാസ്റ്റര്‍പീസ് ആയിട്ടാണ് ചലച്ചിത്ര ലോകം കണക്കാക്കുന്നത്.
ടോക്യോ സ്റ്റോറി ടോക്യോ നഗരത്തെക്കുറി ച്ചുള്ള ചലച്ചിത്രമല്ല, മറിച്ച്, ടോക്യോയിലെത്തുന്ന രണ്ട് വൃദ്ധ ദമ്പതികളുടെ കഥയാണ്. ടോക്യോ യില്‍ നിന്നും മൈലുകള്‍ക്കിപ്പുറത്തുള്ള ചെറി യൊരു ഗ്രാമത്തില്‍ നിന്നുമാണ് അവര്‍ ടോക്യോ യിലേക്ക് യാത്ര തിരിക്കുന്നത്. ചിത്രത്തിന്‍റെ ആരംഭംതന്നെ ടോക്യോ തിരക്കും, യാന്ത്രികവും, അത്രതന്നെ നിര്‍മ്മലവുമല്ലെന്ന സൂചനകള്‍ സംവിധായകന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഗ്രാമത്തി ലുള്ളവര്‍ ടോക്യോയിലേക്ക് പോകാന്‍ സാധിക്കു ന്നതില്‍ ദമ്പതികളെ അഭിനന്ദിക്കുന്നു. ഗ്രാമത്തിലു ള്ളവരുടെ നഗരവാഞ്ഛയെ സംവിധായകന്‍ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവരുടെ യാത്രയുടെ ഉദ്ദേശ്യം നഗരദര്‍ശനമായിരുന്നില്ല, മറിച്ച് തങ്ങളുടെ മക്കളെയും പേരമക്കളെയും കാണുകയും അവരോടൊത്തു കുറച്ച് ദിവസങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു.
എല്ലാ നഗരവാസികളെയും പോലെ അവരുടെ മക്കളും ചെറുമക്കളും തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ദിവസേന സഞ്ചരിച്ചുകൊണ്ടി രുന്നു. അവരുടെ ദിനചര്യകള്‍പോലും തിരക്കുകളുടേതായിരുന്നു. തിരക്കുകളുടേതായ ചെറുതോടുകള്‍ അവരുടെ സമയം അപഹരിക്കുന്നതിനായി ദിനേന അവരിലേക്കൊഴുകിയെത്തിക്കൊണ്ടിരുന്നു. തങ്ങളുടെയടുത്തേക്ക് വര്‍ഷങ്ങള്‍ക്കു ശേഷമെത്തിയ മാതാപിതാക്കളെ ശരിയായി പരിചരിക്കുവാനോ അവരോടൊത്ത് സമയം ചെലവഴിക്കാനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. യഥാര്‍ത്ഥമായി പറഞ്ഞാല്‍ അതിനവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരു ന്നില്ലതാനും. ഡോക്ടറായ മകനും സലൂണ്‍ നടത്തുന്ന മകളും,ബിസിനസുകാരനായ ഇളയ മകനും അവരുടേതായ തിരക്കുകളില്‍ മുഴുകുകയും യുദ്ധത്തില്‍ മരണപ്പെട്ട തങ്ങളുടെ സഹോദരന്‍റെ ഭാര്യയായ നോറിക്കോയെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിന് നിയോഗിക്കുകയും ചെയ്തു.
നഗരത്തിലെത്തി ദിവസങ്ങള്‍ക്കകം ദമ്പതികള്‍ക്ക് നഗരം അതിശയമാംവിധം അപരിചിതവും അസഹ്യവും ദുരിതപൂര്‍ണ്ണവുമായിത്തീര്‍ന്നു. മാതാപിതാക്കളെ താമസിപ്പിച്ചിരുന്ന മുറി തന്‍റെ മീറ്റിങ്ങുകള്‍ക്കുപയോഗപ്പെടുത്തുന്നതിനായി മകള്‍ അവരെ ഉഷ്ണജലസങ്കേതത്താല്‍ ശരീരം മെരുക്കുന്ന ഒരു സ്പായിലേക്ക് അയച്ചു. അവിടുത്തെ രാത്രി ദിനങ്ങള്‍ വൃദ്ധയായ മാതാവിന് അസഹ്യവും തന്‍റെ ദിനചര്യകളെ കെുടുത്തിക്കള യുന്നതുമായിരുന്നു. ദിവസങ്ങള്‍ പോകെപ്പോകെ തങ്ങളുടെ മക്കള്‍ ആകെ മാറിയെന്നും തങ്ങള്‍ക്ക് അപരിചിതമായ മറ്റേതോ ഭൂമികയിലാണ് അവര്‍ ജീവിക്കുന്നതെന്നും അവര്‍ക്ക് മനസിലായിത്തുടങ്ങി. തങ്ങളുടെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അവര്‍ക്ക് സൃഷ്ടിക്കുന്ന അലോസരങ്ങള്‍ അവരുടെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും പ്രകടമായിത്തുടങ്ങിയപ്പോള്‍ അവര്‍ തിരികെ നാട്ടിലേക്കു മടങ്ങമാമെന്നു തീരുമാനമെടുത്തു. ജീവിതക്രമങ്ങളുടെ വ്യതിയാനം കാരണം സംഭവിച്ച രോഗാരംഭവും അവരുടെ തീരുമാനത്തിന് കാരണമായിരുന്നു.
തിരികെയുള്ള യാത്രയില്‍ ഇളയമകനെ കാണാമെന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും വൃദ്ധയുടെ രോഗാവസ്ഥ അവരെ അതിന് സമ്മതിച്ചില്ല. ഗ്രാമത്തിലെത്തിയ ഉടന്‍തന്നെ ടോമിയുടെ രോഗം മൂര്‍ച്ഛി ക്കുകയും മരണപ്പെടുകയും ചെയ്യുന്നു. ശവമടക്ക ത്തിനുശേഷം മറ്റ് മക്കളെല്ലാവരും മടങ്ങുകയും മരുമകളായ നോറിക്കോയും ഇളയമകളായ ക്യോക്കോയും മാത്രം അവശേഷിക്കുകയും ചെയ്തു. തന്‍റെ സഹോദരങ്ങള്‍ ക്രൂരരാണെന്നും ദയാവായ്പില്ലാത്തവരാണെന്നും മാതാപിതാക്കളെ ശ്രദ്ധിക്കാത്തവരാണെന്നുമുള്ള വിലാപത്തെ നോറിക്കോ ശാന്തമായി എതിര്‍ക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള മാനസിക ഐക്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഒരാളുടെ പരിമിതമായ ജീവിതത്തില്‍ നിന്നും സമയം മറ്റൊരാള്‍ക്കുവേണ്ടി മാറ്റിവെക്കുന്നത് വളരെയധികം സങ്കീര്‍ണ്ണമാണ് എന്ന് ജീവിതം കൊണ്ട് ക്യോക്കോക്ക് പഠിക്കാനാവുമെന്ന് നോറിക്കോ പറഞ്ഞുവെക്കുന്നു. അവസാനം നോറിക്കോയും പിരിയുന്നതിന് അനുവാദം ചോദിക്കുകയും അതിന് മറുപടിയായി ടോക്യോയില്‍ നോറിക്കോയോടൊത്ത് കഴിഞ്ഞ ദിനങ്ങള്‍ അവിസ്മരണിയങ്ങളായിരുന്നുവെന്ന തന്‍റെ ഭാര്യ യുടെ പരാമര്‍ശത്തെ വൃദ്ധനായ ഷുകിച്ചി അവളെ ഓര്‍മ്മിപ്പിക്കുന്നു. ഷുകിച്ചി തനിക്ക് സമ്മാനിച്ച ടോമിയുടെ പഴയ വാച്ചുമായി നോറിക്കോ ടോക്യോ യിലേക്ക് തന്‍റെ ഏകാന്തമായ ജീവിതത്തിലേക്ക് മടങ്ങുന്നു. മരണം സമ്മാനിച്ച ഒറ്റപ്പെടലുമായി പൊരുത്തപ്പെടാനാകാതെ ഷുകിച്ചി തന്‍റെ പകലു കളുടെ ജനാലകള്‍ ഓര്‍മ്മകളിലേക്ക് തുറന്നിടുന്നു.
ടോക്യോ സ്റ്റോറി അതീവ ജീവിതഗന്ധിയായ മനുഷ്യജീവിതങ്ങളെയാണ് എടുത്തുകാണിക്കു ന്നത്. തങ്ങളുടെ ജീവിത പരിസരങ്ങളില്‍ അങ്ങേയറ്റം സത്യസന്ധരായ മനുഷ്യരാണവര്‍. ടോക്യോ സ്റ്റോറി നമ്മളുടെ വൈകാരിക ചങ്ങലകളെ ബലപ്പെടുത്താനല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ പങ്കുവെക്കുന്നതിനാണ്. നമ്മളുടെ അപൂര്‍ണ്ണതയെ അഥവാ ബലഹീനതകളെ മനസിലാക്കിച്ചുതരുവാനുള്ള മനോഹരമായ ശ്രമം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്. വിവാഹം, കുടുംബം, ജീവിതം, മരണം എന്നീ കൊച്ചുവാക്കുക ള്‍ക്ക് ശക്തമായ സൗന്ദര്യമുണ്ടെന്നുകൂടി കാണിച്ചു തരികയാണ് ടോക്യോ സ്റ്റോറി.
ടോക്യോ സ്റ്റോറിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് ചിഷു റിയു, ചെയ്കോ ഹിഗാഷിയാമ, സെറ്റ്സുകോ ഹാരാ, ഹാരുകോ സുഗിമുറാ, സോ യമാമുറ എന്നിവരാണ്. യുഹാരു അത്സൂതയുടെ അതിശിഷ്ടമായ ചിത്രീകരണവും, സിനിമയുടെ ആദിയോടന്തം ഹൃദയം പിളര്‍ത്തുന്ന സംഗീതമൊരുക്കിയ തകനോബു സെയ്തോയുടെ പ്രതിഭാവിലാസവും ചിത്രത്തിന്‍റെ പൂര്‍ണ്ണതക്ക് മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല.
യാസുജിറോ ഓസുവിന്‍റെ സിനിമകള്‍ കണ്ടുക ഴിയുമ്പോള്‍ അയാള്‍ ഒരു സംവിധായകനെന്ന തിനപ്പുറം നമുക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്ത് എന്ന നിലയിലാവും പരിഗണിക്കപ്പെടുന്നത്. അത്രമേല്‍ നാട്യങ്ങളില്ലാതെ കാലാതിവര്‍ത്തിയായ ജീവിതപരിസരങ്ങളാണ് അദ്ദേഹം കാഴ്ചക്കാര്‍ ക്കായി ഒരുക്കിവെച്ചിട്ടുള്ളത്. നമുക്ക് പരിചിതമായ മാനസികവ്യാപാരങ്ങളിലൂടെയാണ് അയാളുടെ സിനിമകളുടയും സഞ്ചാരപഥങ്ങള്‍.അതീവ ചലനാ ത്കമകമാണ് ടോക്യോ സ്റ്റോറിയിലെ ദൃശ്യങ്ങള്‍. എന്നാല്‍ ഒരേയൊരു തവണ മാത്രമാണ് ക്യാമറ ചലനാത്മകമായിട്ടുള്ളത്. പക്ഷേ നിശ്ചലമായ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്ന ചാരുതായാര്‍ന്ന ദൃശ്യബിംബങ്ങളുടെ കരുത്ത് ഈ സിനിമയുടെ മാത്രം പ്രത്യേകതയാണ്.
ആത്യന്തികമായി ടോക്യോ സ്റ്റോറി മനുഷ്യന്‍റെ കഥയാണ്. നമുക്കോരോരുത്തര്‍ക്കും സ്വയം അനു ഭവിക്കാന്‍ കഴിയുന്ന ജീവിക്കാന്‍ കഴിയുന്ന ഒരിടവും, നമുക്ക് ശ്വസിക്കാന്‍ കഴിയുന്ന വായുവും കുടിക്കാന്‍ കഴിയുന്ന വെള്ളവും ഭക്ഷണവുമാണ് ഈ സിനിമ. നോറിക്കോ എന്ന ജാപ്പനീസ് വാക്കിന്‍റെ അര്‍ത്ഥം നിയമം, ആചാരം എന്നൊ ക്കെയാണ്. തീര്‍ച്ചായായും സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിന് നോറിക്കോ എന്ന് പേരിട്ടിട്ടുള്ളത് യാദിശ്ചികമല്ല, മറിച്ച് ആ കഥാപാത്രമാണ് നമ്മളെ ജീവിതം പഠിപ്പിക്കുന്നത് എന്നതു കൊണ്ടുതന്നെയാണ്. സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും കയ്യൊപ്പ് എന്നൊക്കെ പറയുന്നത് ഇത്തരം ചില പാത്രസൃഷ്ടികളിലൂടെയാണ് പൂര്‍ണ്ണമാകുന്നത് എന്നത് സത്യമായ കാര്യമാണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ലോക ക്ലാസിക്കുകളില്‍ ഒന്നാണ് ഈ ചലച്ചിത്രം.