അതിരില്ലാത്ത ഉപഭോഗത്തെ വളര്‍ത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജീവിതത്തിന്‍റെ കേന്ദ്രമായി വിപണി മാറിയിരിക്കുന്നു. വാങ്ങിക്കൂട്ടി മേനി നടിക്കുന്ന ഉപഭോക്താവായി ഓരോരുത്തരും സ്വയം നിര്‍വചിക്കുന്നു. ഏകമാനമനുഷ്യരുടെ പെരുക്കമാണ് വിപണിസമ്പദ്വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യസ്വത്വത്തിന്‍റെ അനന്യതയും അനന്തസാധ്യതകളും ന്യൂനീകരണത്തിനു വിധേയമാകുന്നു. എത്രയധികം ആസക്തിയോടെ വാങ്ങിക്കൂട്ടാം എന്നതാണ് നമ്മെ നയിക്കുന്ന ആദര്‍ശം. ജീവിതവിജയത്തെ ഈ ആസക്തിയുമായി കൂട്ടിക്കെട്ടിയിരിക്കുന്നവര്‍. ഉപഭോഗത്തിലെ സമൃദ്ധി ജീവിതവിജയമായെണ്ണുന്ന കാലത്ത് മാറിനില്‍ക്കാന്‍ ആത്മബലം ഏറെ ആവശ്യമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് എങ്ങനെ കുറച്ചുകാര്യങ്ങള്‍കൊണ്ട് ജീവിക്കാമെന്നു നാം പഠിച്ചുകൊണ്ടേയിരിക്കുന്നു. വളര്‍ച്ചയുടെ, ഉപഭോഗത്തിന്‍റെ അതിരെവിടെയാണ് എന്ന അന്വേഷണം അത്യന്തം പ്രസക്തമാണ്. മനുഷ്യനു ജീവിക്കാന്‍ കുറച്ചുവസ്തുക്കള്‍ മതിയെന്ന ചിന്തയില്‍ നിന്നാണ് 'മിനിമലിസം' എന്ന ദര്‍ശനം രൂപംകൊള്ളുന്നത്. രാധിക പദ്മാവതി എഴുതിയ 'മിനിമലിസം ഒരു പുതുജീവിതവഴി' എന്ന ചെറുഗ്രന്ഥം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഉപഭോഗാസക്തിയുടെ വേലിയേറ്റത്തില്‍ എത്രകാലം നമുക്കു നിലനില്‍ക്കാന്‍ കഴിയും എന്ന ചോദ്യത്തില്‍ നിന്നാണ് മിനിമലിസത്തിന്‍റെ പ്രസക്തി രൂപമെടുക്കുന്നത്.
"ഏറ്റവും കുറച്ചു ഭൗതികവസ്തുക്കളുമായി എങ്ങനെ ജീവിക്കാമെന്ന് ആളുകളെ മനസ്സിലാക്കിക്കുന്ന ജോലിയിലായിരുന്നു, കഴിഞ്ഞ എത്രയോ വര്‍ഷമായി തന്‍റെ ശ്രദ്ധ" എന്ന് ജോഷ്വാബക്കര്‍ പറയുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന നമുക്കു ലളിതമായി ജീവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ എളുപ്പമല്ല. എന്താണ് ശരിയായ ജീവിതം എന്നതിനു കൃത്യമായ നിര്‍വ്വചനം ഇല്ല. "അവനവനു മനസ്സമാധാനം കിട്ടുന്ന, പ്രകൃതിക്കോ സഹജീവികള്‍ക്കോ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ലളിത ജീവിതരീതിയാണ് ഇനി ലോകം ആവശ്യപ്പെടുന്നത്" എന്നതാണ് പ്രധാനം. ലാളിത്യമാണ് എല്ലാ മിനിമലിസ്റ്റ് പ്രമാണങ്ങളുടെയും അടിസ്ഥാനം. സന്തോഷം പണം കൊടുത്തു വാങ്ങാം എന്ന തെറ്റായ ധാരണയാണ് മനുഷ്യനെ കണ്‍സ്യൂമറിസത്തിന്‍റെ അടിമയാക്കുന്നത് എന്നാണ് ഗ്രന്ഥകാരി പറയുന്നത്.
"വലിയ വീട്, കൂടുതല്‍ ആധുനികതയുള്ള കാര്‍ തുടങ്ങിയവ സമൂഹത്തില്‍ തനിക്കു മെച്ചപ്പെട്ട സ്ഥാനം നല്കും എന്നൊരു തെറ്റായ വിശ്വാസം ലോകത്തിലെ വലിയൊരു ശതമാനം ആളുകള്‍ക്കുമുണ്ട്. നമ്മള്‍ മലയാളികള്‍ക്ക് ആ തോന്നല്‍ മറ്റു ജനസമൂഹങ്ങളെ അപേക്ഷിച്ച് കൂടുതലാണ് എന്നാണ് രാധിക സൂചിപ്പിക്കുന്നത്. "ജീവിതവിജയം അളക്കുന്നത് പലപ്പോഴും ഒരാള്‍ ഭൗതികമായി നേടിക്കൂട്ടിയതിനെ അടിസ്ഥാനപ്പെടുത്തിയാണെന്നത് സങ്കടകരമാണ്. മറിച്ച്, ഒരാള്‍ എത്രമാത്രം സന്തോഷവാനാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാവണം" എന്ന് അവര്‍ എടുത്തുപറയുന്നു. അകം പൊള്ളയാക്കുന്ന ഉപഭോഗാസക്തിക്കു ബദലാണ് സന്തോഷം പ്രധാനമാകുന്ന മിനിമലിസ്റ്റ് ജീവിതരീതി.
"മിനിമലിസ്റ്റാവുന്നതുവഴി ഒരാള്‍ക്ക് പ്രകൃതിയോടും ഭൂമിയോടും നീതിപുലര്‍ത്താന്‍ കഴിയും. മിനിമലിസ്റ്റിന്‍റെ ജീവിതം കൂടുതല്‍ ലളിതവല്‍ക്കരിക്കപ്പെടുന്നു. അവിടെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കിടമില്ല; ഒരു പുഴ ഒഴുകുന്നതുപോലെ സ്വച്ഛമായ ജീവിതം" എന്നതാണ് പ്രധാനം. വരും തലമുറയ്ക്കായി നമ്മള്‍ പ്രകൃതി നല്കിയ അനുഗ്രഹങ്ങള്‍ ഒന്നും തന്നെ സൂക്ഷിച്ചുവയ്ക്കുന്നില്ല എന്നത് എത്ര ക്രൂരമായ ഏര്‍പ്പാടാണ് എന്ന് രാധിക ചോദിക്കുന്നു.
"മറ്റുള്ളവരുടെ ലെന്‍സിലൂടെ സ്വന്തം ജീവിതം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ എളുപ്പമല്ല" എന്നാണ് ഗ്രന്ഥകാരി പറയുന്നത്. "ഏറ്റവും പ്രധാനമായി ഉത്തരം കിട്ടേണ്ട ഒരു ചോദ്യം, എന്താണ് താന്‍ ആഗ്രഹിക്കുന്നത്, മാനസ്സികസമ്മര്‍ദ്ദവും ആശങ്കയുമില്ലാത്ത ജീവിതമാണോ എന്നതാണ്." സ്വന്തം ജീവിതം ജീവിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും കൈവരിക്കുകയാണു വേണ്ടത്. "വേണ്ട എന്നു വയ്ക്കുന്നതിനു പകരം ഇതുമതി എന്നു തീരുമാനിക്കാനുള്ള മനസ്സിന്‍റെ സാന്നിദ്ധ്യമാണ് ഒരു മിനിമലിസ്റ്റിന് ആവശ്യം... സാധനങ്ങള്‍ ഒതുക്കിയും തുടച്ചുമിനുക്കിയും വൃത്തിയാക്കി വയ്ക്കുന്നതല്ല മിനിമലിസം. വളരെ കുറച്ചുമാത്രം സാധനങ്ങള്‍കൊണ്ട് ജീവിക്കുന്ന രീതിയാണത്."
'സ്ലോ ലിവിങ്ങ്' ആണ് മിനിമലിസ്റ്റ് ഇഷ്ടപ്പെടുന്നത്. വേഗം കുറയ്ക്കുക എന്നത് വിലപ്പെട്ടത്. "മറ്റൊരാളെ താനുമായി താരതമ്യം ചെയ്തു വിഷമിക്കുന്ന രീതി തീര്‍ത്തും വിഡ്ഢിത്തമാണെന്നു തിരിച്ചറിഞ്ഞവരാണ് സ്ലോ ലിവിങ്ങ് അനുവര്‍ത്തികള്‍." സ്വീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നതില്‍ താല്പര്യം കാണിക്കുന്നവരാണ് ലളിതജീവിതമാര്‍ഗം സ്വീകരിക്കുന്നവര്‍. അതുകൊണ്ടുതന്നെ അവര്‍ക്കു പരാതികളോ അനാവശ്യ നിരാശകളോ ഇല്ല.
ഒരാള്‍ മിനിമലിസ്റ്റ് ആകുന്നതോടെ അയാളും പണവുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കേണ്ടതായി വരുന്നു. കൂടുതല്‍ സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതുകൊണ്ടു മാത്രം ഒരാള്‍ കൂടുതല്‍ സന്തോഷവാനാകണമെന്നില്ല. അളവുകോലുകളുടെ ഒരു മാറ്റം, അതാണ് മിനിമലിസം മുന്നോട്ടു വയ്ക്കുന്നത്. വാസ്തവത്തില്‍, ആവശ്യവും ആഗ്രഹവും തമ്മിലുള്ള ഒരു വേര്‍തിരിവില്ലായ്മയാണ് മനുഷ്യജീവിതത്തിന്‍റെ വലിയ പരാജയം. 'സുരക്ഷിതത്വത്തിനുള്ള അടങ്ങാത്ത ആഗ്രഹവും മറ്റുള്ളവര്‍ നല്കുന്ന അംഗീകാരവും സ്വീകാര്യതയുമാണ് മനുഷ്യനെ ഒരു കണ്‍സ്യൂമര്‍ ജീവിയായി മാറ്റുന്നത്." അങ്ങനെ പൊള്ളയായ ഒരു ജീവിതത്തിലേക്ക് ഓരോരുത്തരും നിപതിക്കുന്നു. ആത്മാവ് നഷ്ടപ്പെടുത്തി നേടുന്നതൊന്നും യഥാര്‍ത്ഥ സന്തോഷം നല്‍കുന്നില്ല.
'ക്ഷമയും ലാളിത്യവും ചേരുന്ന ഒന്നാണ് മിനിമലിസം. അതു തിരിച്ചു തരുന്നതോ, സമ്മര്‍ദ്ദമില്ലാത്ത സന്തോഷമുള്ള മനസ്സാണ്' എന്ന് ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. മിനിമലിസം പുതിയൊരു ജീവിതദര്‍ശനമാണ്. വേഗം കുറഞ്ഞ യാത്രയാണ്. യഥാര്‍ത്ഥ സന്തോഷത്തിലേക്കുള്ള പാതയാണ്. സുസ്ഥിരജീവിതത്തിന്‍റെ അടിത്തറയാണ്. അതുകൊണ്ടുതന്നെ 'മിനിമലിസം' എന്ന രാധിക പദ്മാവതിയുടെ ഗ്രന്ഥം ഭാവിയിലേക്കുള്ള കൈചൂണ്ടിയാണ്.
(മിനിമലിസം ഒരു പുതിയ ജീവിത വഴി- രാധിക പദ്മാവതി- കറന്‍റ് ബുക്സ് തൃശൂര്‍)