news-details
കഥ

ഇരുള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും മോക്ഷം കാംക്ഷിച്ച്, മലമുകളിലെ ചെങ്കുത്തായ ഒരു പാറയുടെ മുനമ്പില്‍, ജീവിതത്തിന്‍റെ ആത്മഹത്യാ മുനമ്പില്‍ അവള്‍ നിന്നു. തന്നെ വിഴുങ്ങാന്‍ വായ് പിളര്‍ത്തി നില്‍ക്കുന്ന അഗാധഗര്‍ത്തം നയനയുടെ ഉള്ളില്‍ തെല്ലും ഭയം ഉണര്‍ത്തിയില്ല. ഈ അഗാധഗര്‍ത്തം പലര്‍ക്കും ആശ്വാസം നല്‍കിയിട്ടുണ്ട്. അടുത്ത നിമിഷം താനും അവരിലൊരാളാകാന്‍ പോകുന്നു. മുനമ്പില്‍നിന്നും ചാടി ആത്മഹത്യ ചെയ്തവരുടെ ആത്മാക്കള്‍ നയനയെനോക്കി പുഞ്ചിരിച്ചു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്നു.

നാളിതുവരെ സംഭവിച്ച കാര്യങ്ങള്‍ ഒന്നൊന്നായ് മനസ്സില്‍ മിന്നിമറയുമ്പോള്‍ അവളറിയാതെ, മിഴികള്‍ പ്രതികരിക്കുകയായിരുന്നു. 'ഈ ലോകം സ്നേഹമില്ലാത്തവരുടെ ആവാസ കേന്ദ്രമാണ്. സ്വാര്‍ത്ഥതയുടെ പര്യായമാണ്. പിതൃ-പുത്രി ബന്ധങ്ങളില്‍പോലും കാമത്തിന്‍റെ ചുവകലര്‍ന്ന ജീവിതം. ഈ ജന്മം മതിയാക്കി ഞാന്‍ യാത്രയാകുന്നു.'

മലനിരകളെ തഴുകി കടന്നുപോകുന്ന കുഞ്ഞിളം കാറ്റുകള്‍ അവളുടെ മേനിയെ തലോടി. അസ്തമയ സൂര്യന്‍റെ കിരണങ്ങള്‍ അവളുടെ മുഖകാന്തി വര്‍ദ്ധിപ്പിച്ചു. ആത്മഹത്യാ മുനമ്പെന്നു മുദ്രകുത്തിയ അഗാധഗര്‍ത്തത്തിലേയ്ക്കു ചാടാന്‍ കാലൂന്നി നില്‍ക്കുമ്പോഴും നയന എത്ര സുന്ദരിയാണ്. അവളുടെ മിഴിനിറഞ്ഞൊഴുകിയ അശ്രുകണങ്ങളില്‍ അരുണ കിരണങ്ങള്‍ മഴവില്ലുതീര്‍ക്കുന്നു. അവളെ ഒന്നു കബളിപ്പിച്ച് അവളുടെ നഗ്നമേനിയൊന്നു കാണാന്‍ കൊതിച്ച് കുഞ്ഞിളം കാറ്റുകള്‍ അവളുടെ വസ്ത്രമൊന്നാകെ ആടിയുലയ്ക്കുന്നു. യൗവ്വനത്തിന്‍റെ തീക്ഷ്ണമായ അച്ചില്‍ വാര്‍ത്തെടുത്ത തനുവുമായ് മലമുകളിലൊരു ശില്‍പം... നയന. അവളുടെ നീണ്ട കാര്‍കൂന്തല്‍ അലസമായ് പാറി പറന്നു.

എങ്കിലും...! തൃഷ്ണകളെല്ലാം മരവിച്ചവള്‍. ഈ പ്രകൃതിയില്‍ നിന്നും വിദൂരതയിലേയ്ക്ക്  ഓടിയകലാന്‍ അവളുടെ ഹൃദയം തിടുക്കം കൂട്ടി. ആഴമായ ഗര്‍ത്തത്തിന്‍റെ ഇരുള്‍ നിറഞ്ഞ അഗ്രത്തിലേയ്ക്കു കണ്ണുകള്‍ അയച്ച്. പിന്നെ അവ ഇറുക്കി അടച്ച് അവള്‍ ഒരു നിമിഷം ഒരുങ്ങി. ഈശ്വരാ...!

കുട്ടി...

പിന്നില്‍നിന്നും ഉയര്‍ന്ന ശാന്തമായ വിളികേട്ട് അവള്‍ പിന്തിരിഞ്ഞു നോക്കി. തന്നെ നോക്കി പുഞ്ചിരിച്ചു നില്‍ക്കുന്നു ഒരു പടുവൃദ്ധന്‍.

നരച്ചതലമുടി. ചുക്കിചുളിഞ്ഞ ശരീരം.

നിരുന്‍മേഷയായ് അവള്‍ അയാളെ നോക്കിനിന്നു. മുഖത്തെ പുഞ്ചിരി മറയ്ക്കാതെ അയാള്‍ പറഞ്ഞു.

"ആത്മഹത്യ ചെയ്യാനാണെങ്കില്‍ ഞാനുമുണ്ട്. എനിക്കു ഭയമായതിനാലാണു കുട്ടീ രാവിലെ മുതല്‍ ഞാനിവിടെ കാത്തിരിക്കുകയായിരുന്നു. മരണത്തിനൊപ്പം കൂട്ടുപോരാന്‍ ആരും തയ്യാറായില്ലല്ലോ. വരൂ... നമുക്കൊന്നിച്ച് മരണത്തിലേയ്ക്കു നടന്നുനീങ്ങാം."

യുവതിയെങ്കിലും, കെട്ടടങ്ങാത്ത ബാല്യത്വത്തിന്‍റെ കനലുകള്‍ ഉള്ളില്‍ നിറഞ്ഞ നയന കാലുകള്‍ പിന്‍വലിച്ച് അയാളുടെ ചാരെ അണഞ്ഞു. ജീവിതത്തില്‍ ഒരുപാടു പ്രതീക്ഷകളുമായ് ലോകം കൈയടക്കാന്‍ ആഗ്രഹിച്ചിരുന്നവളാണ് അവള്‍. എന്നാല്‍ അവള്‍ക്കുമുന്നില്‍ അവളറിയാതെ വന്നുചേര്‍ന്നു ദുരിതത്തിന്‍റെ ഭീകരമുഖങ്ങള്‍. വിവാഹ ജീവിതത്തില്‍ നിന്നും ബന്ധം വേര്‍പിരിഞ്ഞകന്ന മാതാവും പിതാവും. ജീവനു തുല്യം കരുതിയിരുന്ന പിതാവില്‍ നിന്നും കാമാഗ്നിയുടെ ക്രൂരമായ വിനോദം ഒരിക്കല്‍ അവളറിഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അവളുടെ സ്വപ്നങ്ങളെല്ലാം ഒറ്റനിമിഷം കൊണ്ട് തകര്‍ന്നുപോയി.

തന്‍റെ മുന്നില്‍ നില്‍ക്കുന്ന അപരിചിതനെ നോക്കി അവള്‍ തേങ്ങി. തനിക്ക് ജീവിതം നരകമാണ്. മരണം സ്വര്‍ഗവും. നിഷ്കളങ്കതയുടെ കണ്ണീര്‍കണങ്ങള്‍ സാക്ഷിയായ്.

"കരയാതെ കുഞ്ഞേ, അടുത്ത നിമിഷം മരണത്തിലേയ്ക്കു നമ്മള്‍ പ്രവേശിക്കുകയാണ്. വേദനകളില്ലാത്ത, ദുഃഖങ്ങളില്ലാത്ത ലോകത്തിലേയ്ക്ക്. ഒരിക്കല്‍ നിത്യരോഗിണിയായ ഒരു ഭാര്യ എനിക്കുണ്ടായിരുന്നു. ആര്‍ക്കും ഞാനവളെ വിട്ടുകൊടുക്കില്ല എന്നു വാശിപിടിച്ചിട്ടും പാതിവഴിയില്‍ മരണം അവളെ കവര്‍ന്നെടുത്തു. പിന്നെ നിന്നെപ്പോലെ സുന്ദരിയായ ഒരു മകള്‍. ഇന്നലെ അവളും എന്നെ പിരിഞ്ഞകന്നു. ഇന്നു ഞാനേകനാണ്. എന്‍റെ മരണത്തില്‍ എനിക്കൊരു കൂട്ട്. അതായിരുന്നു എന്‍റെ അവസാന ആഗ്രഹം. എന്‍റെ ആഗ്രഹം ഇവിടെ പൂവണിയുന്നു. നിന്നോടൊപ്പം... മരണം കവര്‍ന്നെടുത്ത എന്‍റെ മകള്‍ക്കൊപ്പം...!" അയാളുടെ കണ്ഠം ഇടറി.

ആകാംക്ഷയോടെ നയന അയാളുടെ മുഖത്തേയ്ക്കു നോക്കി. അയാള്‍ കരയുകയായിരുന്നു. നഷ്ടസ്വപ്നങ്ങളും ഭാണ്ഡവും ചുമലിലേറ്റി മനുഷ്യന്‍ അലയുകയാണ്, പ്രതീക്ഷകളുടെ കൂട്ടുപിടിച്ച്. പക്ഷെ പ്രതീക്ഷകളും സ്വപ്നങ്ങളും തകരുന്ന ബിന്ദുവില്‍ മരണം മനുഷ്യന്‍റെയുള്ളില്‍ ജനിക്കും. എന്തുകൊണ്ട് മനുഷ്യജന്മങ്ങളില്‍ യൗവ്വനം മരണത്തെ പുല്‍കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.  തകര്‍ന്ന ബിന്ദുവില്‍നിന്നും വീണ്ടുമൊരു തിരിച്ചുവരവ് അപ്രാപ്യമെന്ന് ലോകം അവനെ പഠിപ്പിച്ചതിനാലോ?

ചുക്കിചുളിഞ്ഞ കൈകളില്‍ പിടിച്ചുകൊണ്ട് ജീവിതത്തിന്‍റെ മുനമ്പില്‍ നിന്നും മരണത്തിന്‍റെ അഗാധ ഗര്‍ത്തം ലക്ഷ്യമാക്കി അവരൊന്നിച്ചു നടന്നടുത്തു. നിറഞ്ഞ നയനങ്ങളോടെ അവള്‍ അയാളെ നോക്കി. എന്തോ ആരായാന്‍ കൊതിച്ച്.

"ഉം.... എന്താകുഞ്ഞേ...?"

"മരിക്കും മുന്‍പ് ഈ പ്രകൃതിയെ സാക്ഷി നിര്‍ത്തി ഒരാവര്‍ത്തി ഞാനുച്ചത്തില്‍ 'അച്ഛാ' എന്നൊന്നു വിളിച്ചോട്ടെ." അയാളുടെ കൈകളില്‍ പിടിച്ച് അവള്‍ കരഞ്ഞു. കണ്ണീര്‍ കണങ്ങള്‍ ഏറ്റു വാങ്ങിയ പ്രകൃതിപോലും  ഒരുനിമിഷം തരിച്ചുനിന്നു. ആകാശമേഘങ്ങള്‍ അതുകണ്ട് കണ്ണീരൊഴുക്കിയെങ്കിലും മനുഷ്യന്‍റെ കാമാഗ്നിക്കു അറുതിയുണ്ടാകുമോ? അച്ഛന്‍ - മകള്‍ ബന്ധത്തിന്‍റെ പവിത്രതയ്ക്കുമേല്‍ ഒരിറ്റു വിശുദ്ധ ജലം അവള്‍ ലോകത്തിനു സമ്മാനിക്കുകയായിരുന്നു. ഒക്കെയും, അമ്മയോടുള്ള ഒരു മകളുടെ പരാതികളായിരുന്നു.

മിഴികളില്‍ ഒഴുകി ഇറങ്ങിയ കണ്ണീര്‍കണങ്ങള്‍ തന്നെ നോക്കി അച്ഛാ എന്നു വിളിക്കുംപോലെ തോന്നി അയാള്‍ക്ക്. അയാള്‍ വിറയാര്‍ന്ന കൈകള്‍കൊണ്ട് അവളെ വലിച്ചിഴച്ച് വേഗത്തില്‍ പിറകോട്ടു നടന്നു.

നേരം സന്ധ്യയായ്. അവരൊന്നിച്ച് മലയിറങ്ങി. അവള്‍ കരയുകയായിരുന്നു. പ്രേതങ്ങളുടെ താഴ്വരയില്‍ മോക്ഷപ്രാപ്തിക്കായ് കൊതിക്കുന്ന അനേകം ആത്മാക്കള്‍ അതുകണ്ടു മിഴിനനച്ചു. നിഴല്‍ വീണ സന്ധ്യക്ക് മേല്‍ വീണ നിലാവെളിച്ചം. ജീവിതം...? മരണം...?

You can share this post!

മിയ മാക്സിമ കുല്‍പ

ലിന്‍സി വര്‍ക്കി
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts