news-details
കവർ സ്റ്റോറി

പലതുള്ളി കിണര്‍വെള്ളം

സര്‍ക്കാര്‍ ജലസേചന ജലവിതരണ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് സ്വന്തം പറമ്പിലെ മഴവെള്ളം സ്വന്തം പറമ്പില്‍തന്നെ ആവുംവിധം സംരക്ഷിക്കാന്‍ കേരളീയ കുടുംബങ്ങള്‍ ശ്രദ്ധിച്ചിരുന്നു. നമ്മുടെ പറമ്പില്‍ കിട്ടുന്ന മഴവെള്ളത്തെ ആവുന്ന രീതിയിലൊക്കെ തടഞ്ഞു നിര്‍ത്തി ആ പ്രദേശത്തെ ഭൂഗര്‍ഭജലവിതാനത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇവിടെ ചെയ്തിരുന്നത്. അങ്ങനെ വീട്ടുകിണറുകളില്‍  യഥേഷ്ടം ജലം ഉണ്ടായിരുന്നു. പക്ഷേ, ഈ നാട്ടറിവ് ഇന്നത്തെ തലമുറയില്‍നിന്ന് അന്യംനിന്നു പോയിക്കൊണ്ടിരിക്കുകയാണ്. ചെലവു തീരെക്കുറവുള്ള ഈ നാടന്‍ ജലസംരക്ഷണരീതിയെ കാത്തുസൂക്ഷിക്കേണ്ടതും ഇതിനെക്കുറിച്ച് പുതിയ തലമുറക്ക് അറിവു പകര്‍ന്നു നല്‍കേണ്ടതും ഇന്ന് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.

ഇന്ന് നമ്മുടെ പുരയിടങ്ങളുടെ വലിപ്പം വളരെ വളരെ ചെറുതായിട്ടുണ്ട്. അതായത് ഏകദേശം 15-20 സെന്‍റ് വീതമുള്ള തുണ്ടു ഭൂമികളാണ് കൂടുതലും. എങ്കിലും കേരള കുടുംബങ്ങള്‍ ഈ ചെറിയ പുരയിടങ്ങളിലെ വീട്ടുകിണറുകളെതന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. സെന്‍സസ് (2001) കണക്കു പ്രകാരം കേരളത്തിലെ 75% കുടുംബങ്ങളും വീടിനടുത്തുള്ള ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. പുരയിട വിസ്തീര്‍ണ്ണം ചെറുതാണെങ്കില്‍പോലും പരമ്പരാഗതമായ ജലസംരക്ഷണ മാര്‍ഗ്ഗമാണ് ഏറ്റവും അഭികാമ്യം. എന്നാല്‍ നമ്മുടെ പുരയിടങ്ങളുടെയും കൃഷിഭൂമികളുടേയും കെട്ടും മട്ടും ഇന്നു വളരെ മാറിയിരിക്കുന്നു. സര്‍ക്കാര്‍ ജലവിതരണ പൈപ്പ് സംവിധാനം വന്നതോടെ പരമ്പരാഗത ജലസംരക്ഷണരീതിയെ ജനം മറന്നു. എന്‍റെ പറമ്പിലെ മഴവെള്ളം എന്‍റെ പറമ്പില്‍ എന്ന തത്ത്വശാസ്ത്രത്തിന് പകരം എന്‍റെ പറമ്പിലെ മഴവെള്ളം അന്യന്‍റെ പറമ്പിലേക്ക് അല്ലെങ്കില്‍ പടിക്കുപുറത്ത് എന്നുള്ള ആശയത്തിലാണ് ഇന്ന് എത്തി നില്‍ക്കുന്നത്. ചെലവില്ലാതെ ലഭിക്കുന്ന മഴസമ്പത്തിനെ കേരളകുടുംബങ്ങള്‍ ഇന്ന് ആട്ടിപായിക്കുകയാണ്.  നമ്മുടെ നാട്ടില്‍ സാമാന്യം തരക്കേടില്ലാതെ മഴ ലഭിക്കുന്നുണ്ട്. അല്പം മനസ്സുവച്ചാല്‍ ഈ അനുഗ്രഹം ഉപയോഗിച്ച് നമ്മുടെ കിണറുകള്‍ മരിക്കാതെ കാത്തുസൂക്ഷിക്കാവുന്നതാണ്. അതിനുവേണ്ട ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. പുരയിടത്തിലെ വെള്ളം പുറത്തുകളയാതിരിക്കുക.

വീടിനു ചുറ്റുമുള്ള മതിലുകളില്‍ ദ്വാരം നിര്‍മ്മിച്ച് മഴവെള്ളം പുറത്തുവിടുന്നത് ഇന്ന് സാധാരണ കാഴ്ചയാണ്. കിണറുള്ള ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു വലിയ നഷ്ടം അവര്‍തന്നെ വരുത്തിവയ്ക്കുകയും ചെയ്യുന്നു. മലിനജല ഓടകള്‍ ഗ്രാമങ്ങളില്‍ വരാന്‍ തുടങ്ങിയതോടെ അടുക്കളയില്‍നിന്നുള്ള മലിനജലവും വീടിനു പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ ഇത് അടുക്കളത്തോട്ടത്തിലോ, സമീപ തെങ്ങിന്‍തടങ്ങളിലോ താഴുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് എല്ലാ വെള്ളവും പടിക്ക് പുറത്താണ്.

2. വീട്ടുമുറ്റം കോണ്‍ക്രീറ്റ് ചെയ്യാതിരിക്കുക

അലങ്കാര ഇഷ്ടികകള്‍ ഭംഗിയായി വീട്ടുമുറ്റത്ത് നിരത്തുന്നത് ഇന്ന് ഒരു പത്രാസ് പ്രവൃത്തിയാണ്. അതുവഴി പക്ഷേ പാവം വീട്ടുകിണറാണ് ബലിയാടാകുന്നത്. മഴവെള്ളം വീട്ടുമുറ്റത്ത് താഴാന്‍ വഴിയില്ലാത്തതിനാല്‍ ഈ വീടുകളിലെ കിണറുകളില്‍ വെള്ളം തീരെ കുറവായി കാണാം. ആയതിനാല്‍ മുറ്റം കോണ്‍ക്രീറ്റ് ചെയ്യുന്നതും അവിടെ അലങ്കാര ഇഷ്ടിക വിരിക്കുന്നതും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.

3. പുരയിടത്തിനു ചുറ്റും മണ്‍വരമ്പു നിര്‍മ്മിക്കുക

പുരയിടത്തിനു ചുറ്റുമുള്ള മതിലില്ലാത്ത അതിര്‍ത്തി ഭാഗത്ത് ആദ്യകാലങ്ങളില്‍ ചെയ്തിരുന്നതുപോലെ മണ്‍വരമ്പുകള്‍ തീര്‍ത്ത് ജൈവവേലികള്‍ (സസ്യവേലികള്‍) നിര്‍മ്മിക്കേണ്ടതാണ്. ഈ മണ്‍വരമ്പുകള്‍ തീര്‍ക്കാന്‍ ചെറിയ ചാലുകള്‍ കീറി പുറത്ത് വരുന്ന മണ്ണ് എടുത്ത് ഉപയോഗിക്കാം. മണ്‍വരമ്പുകള്‍ ബലപ്പെടുത്തുവാന്‍ വരമ്പുകളില്‍ വേരുപടര്‍പ്പുള്ള കുറ്റിച്ചെടികളും ചെമ്പരത്തി, ആടലോടകം, രാമച്ചം,  കൈത, പൂവള്ളി ചെടികള്‍ എന്നിവയൊക്കെ വയ്ക്കണം. മഴപെയ്താല്‍ പറമ്പില്‍നിന്ന് ജലം, മണ്ണ് എന്നിവ ഒരു തരത്തിലും ഒഴുകിപ്പോകാതെ നോക്കുക. പണ്ട് വേനല്‍ മഴയില്‍ പൂര്‍വികര്‍ ഈ വരമ്പുകളില്‍ കഴ (ഓവ്) തീര്‍ത്ത് പുറത്തുകൂടി ഒഴുകിപ്പോകുന്ന മഴവെള്ളത്തേയും മണ്ണിനേയും വളത്തേയും പറമ്പിനകത്തേയ്ക്ക് ഒഴുക്കി ഇറക്കുമായിരുന്നു. ഫലമോ മണ്ണ്, വെള്ളം, ജൈവവളങ്ങള്‍ തുടങ്ങിയവ പറമ്പില്‍ അടിയുക നിമിത്തം വിളകള്‍ക്ക് തണുപ്പും പറമ്പിലെ കിണറ്റില്‍ ധാരാളം വെള്ളവും ലഭിച്ചിരുന്നു. ഇതിനൊന്നും വലിയ സാങ്കേതിക സങ്കീര്‍ണ്ണതകളും ചെലവും വരുന്നില്ല എന്നുള്ളതാണിതിന്‍റെ മെച്ചം.  എന്നാല്‍ ഇന്ന് പല പറമ്പുകളുടേയും അതിര്‍ത്തികളില്‍ ചിലതരം വേലിക്കെട്ടുകള്‍ അല്ലെങ്കില്‍ ചെടികള്‍ വെറുതെ കുത്തി നിറുത്തുകയേ ചെയ്യുന്നുള്ളൂ. ഈ ചെടികള്‍ക്കിടയിലൂടെ മഴവെള്ളം പുറത്തു പോകുന്നത് നാം അത്ര ശ്രദ്ധിക്കാറില്ല, അതിനാല്‍ മണ്‍വരമ്പില്‍ തീര്‍ത്ത സസ്യവേലികള്‍ പുരയിടതല നീര്‍ത്തടപരിപാലനത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

4. മഴക്കുഴികള്‍ നിര്‍മ്മിക്കുക

മഴവെള്ളം പറമ്പിനു പുറത്ത് പോകാതായാല്‍ പറമ്പില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടാകുന്നു. അതിനാല്‍ ഈ ചെളിക്കെട്ട് ഒഴിവാക്കാനുള്ള പുതിയ മാര്‍ഗ്ഗമാണ് മഴക്കുഴികള്‍. ഇത് ആവശ്യമാണെങ്കില്‍ മാത്രം കുഴിച്ചാല്‍ മതി. താഴ്ന്ന സ്ഥലങ്ങളിലൊന്നും ഇത് പറ്റില്ല. ഇതിന്‍റെ വലിപ്പത്തെപ്പറ്റി പറയുകയാണെങ്കില്‍, വാഴക്കുഴിയുടെ പകുതിയോളം വലുപ്പമുള്ളകുഴികളാണ് നിര്‍ദ്ദേശിക്കാറുള്ളത്. ചെരിവുള്ള സ്ഥലങ്ങളില്‍ ഇത് വളരെ സൂക്ഷിക്കേണ്ടതാണ്. ഈ പ്രദേശങ്ങളില്‍ നീളമുള്ളതും ആഴം കുറവുള്ളതുമായ കുഴികളാണ് അഭികാമ്യം. എടുത്ത കുഴികളിലെ മണ്ണ് ഒഴുകി പോകാതെ ഒരു കൊച്ചു വരമ്പ് ചെരുവിന് കുറുകെയായി നിര്‍മ്മിച്ച് പുല്ലു പിടിപ്പിച്ച് ബലപ്പെടുത്തണം. കേരള പുരയിടങ്ങള്‍ ഇക്കാലത്ത് ചെറിയ വിസ്തീര്‍ണ്ണത്തിലുള്ളവയായതിനാല്‍ വീടിരിക്കുന്ന സ്ഥലം കഴിഞ്ഞ് ഒരുപാട് മഴക്കുഴിക്കൊന്നും സാദ്ധ്യതയില്ല.  ഏതായാലും ഓരോ പുരയിടത്തിനും യോജിച്ച വഴികള്‍ അതാതു കുടുംബങ്ങള്‍ തന്നെ തീരുമാനിക്കട്ടെ. പ്രധാന തത്ത്വം ഏതായാലും 'എന്‍റെ പറമ്പില്‍ ചെലവില്ലാതെ ലഭിക്കുന്ന മഴനിധിയെ എന്‍റെ പറമ്പില്‍ തന്നെ ആവുംവിധം കുഴിച്ചിടാം.' അതുവഴി എന്‍റെ വീട്ടുകിണറിലെ ജലനിലവാരം വര്‍ദ്ധിക്കട്ടെ. ഇങ്ങനെ എല്ലാ കേരള കുടുംബങ്ങളും ചിന്തിച്ചാല്‍ കേരളത്തില്‍ കുടിവെള്ളക്ഷാമം ഉണ്ടാകില്ല.

5. തെങ്ങിന്‍ തടത്തില്‍ മഴവെള്ളം കെട്ടിനിര്‍ത്തുക

പുരയിടത്തിലുള്ള തെങ്ങിന്‍ തടങ്ങള്‍ വിസ്തരിച്ചെടുത്ത് മഴവെള്ളം നിറയ്ക്കുക എന്നുള്ളതാണ് മറ്റൊരു രീതി. ഇത് ഒരു പുതുമയുള്ള സംഗതിയല്ലെങ്കിലും ഇക്കാലത്ത് പലകാരണങ്ങള്‍ പറഞ്ഞ് തെങ്ങിന്‍ തടങ്ങള്‍ മഴക്കാലത്ത് തുറക്കാറില്ലതന്നെ. തേങ്ങായ്ക്ക് വിലകുറഞ്ഞത് ആഗോളവല്ക്കരണത്തിന്‍റെ ഫലമാണെങ്കില്‍ ഇതു മൂലം കര്‍ഷകര്‍ക്ക് കാര്‍ഷിക പണിയിലൂടെയുള്ള ഇത്തരം ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയില്ലാതെയായി. ഇതു വീട്ടുകിണറിനേയും ബാധിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ആഗോളവല്‍ക്കരണം വീട്ടുകിണറുകളേയും പറ്റിച്ചു എന്നര്‍ത്ഥം. മഴയിലുള്ള വ്യതിയാനം നിമിത്തം കര്‍ക്കിടമാസത്തില്‍ തെങ്ങിന്‍ തടം നിറഞ്ഞു നില്‍ക്കുന്നത് ഇപ്പോള്‍ ചുരുക്കമാണ്. അതിനാല്‍ മേല്‍ക്കൂരയില്‍ നിന്നു വരുന്ന മഴവെള്ളം തെങ്ങിന്‍ തടങ്ങളില്‍ നിറുത്തുകയാണെങ്കില്‍ അതും ഒരു മഴവെള്ള സംഭരണ രീതിതന്നെ. തെങ്ങിന്‍ ചുവടിന് ചുറ്റും ചകിരി പാകിക്കൊണ്ടുള്ള ജലസംരക്ഷണ വിദ്യ തെങ്ങിനും വീട്ടുകിണറിനും ഒരുപോലെ ഗുണം ചെയ്യും.

6. കാര്‍ഷിക ജലസംരക്ഷണ രീതികള്‍ സ്വീകരിക്കുക

മഴയെത്തിയ ഉടന്‍ തന്നെയുള്ള പറമ്പു കിളക്കല്‍ അല്ലെങ്കില്‍ തുലാകൊത്ത് തുടങ്ങിയ കാര്‍ഷിക വഴികളിലുള്ള ജലസംരക്ഷണ രീതികള്‍ പഴയകാലം മുതല്‍ക്കേനാം അനുവര്‍ത്തിച്ച് വന്നിരുന്ന ഒരു മാര്‍ഗ്ഗമാണ്.  കൂട്ടത്തില്‍ പുതയിടലും മറ്റും നടന്നിരുന്നു. അതുകൊണ്ട് മണ്ണിലെ ജൈവാംശവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കുമായിരുന്നു. ഖണ്ഡം തിരിച്ച്, വരമ്പ് തിരിച്ചുള്ള കൊത്ത്, മണ്ണും പുല്ലും ചേര്‍ത്ത് കൂട്ടിയിടുന്ന തീരപ്രദേശ രീതികള്‍ തുടങ്ങിയവ സ്ഥലമുള്ളവര്‍ക്ക് ഇനിയും ചെയ്യാവുന്ന കാര്യങ്ങളാണ്. കാര്‍ഷികവിളകള്‍ക്ക് വില കുറഞ്ഞാലും ഇത്തരം കാര്‍ഷികമുറകള്‍ നാം അനുവര്‍ത്തിച്ചില്ലെങ്കില്‍ കിണറിലെ വെള്ളം മുട്ടും എന്നുള്ള സ്ഥിതിയാണിപ്പോള്‍.

7. മഴച്ചാല്, മഴക്കുളം എന്നിവ നിര്‍മ്മിക്കുക

മഴക്കുഴി പഥ്യമായവര്‍ക്ക് മഴചാല്, മഴക്കുളം തുടങ്ങിയവ സൗകര്യം പോലെ വിഭാവനം ചെയ്യാം. മഴക്കുഴികളില്‍ കുട്ടികളോ കന്നുകാലികളോ മറ്റും വീഴാതിരിക്കാന്‍ പറമ്പിനകത്ത് ഒഴുകി നടക്കുന്ന മഴചാല് ഉപയോഗപ്പെടുത്താം. ആവശ്യാനുസരണം വിസ്താരമുള്ള ചാലെടുത്ത് മഴവെള്ളത്തെ പറമ്പില്‍തന്നെ താഴ്ത്താന്‍ ഇത് ഉപയോഗപ്പെടുത്താം. ഇതുമല്ലെങ്കില്‍ വീട്ടുമുറ്റത്ത് മഴക്കാലത്ത് ഒരു താമരക്കുളംപോലുള്ള മഴക്കുളം നിര്‍മ്മിച്ച് മഴയെ മണ്ണിലിറക്കാം. ചരിവുള്ള പ്രദേശങ്ങളില്‍ പറമ്പിലെ കിണറിന് മുകള്‍വശം കണ്ട് വേണം കുടുതലായും ഇക്കാര്യങ്ങളൊക്കെ ചെയ്യേണ്ടത്. എന്നാല്‍ മാത്രമേ കൂടുതല്‍ ജലപരിപോഷണം നമ്മുടെ കിണറില്‍ നടക്കുകയുള്ളൂ.

8. കിണര്‍ പരിരക്ഷിക്കുക

കിണര്‍ ജലപരിപോഷണമാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. കര്‍ക്കിടകമാസത്തില്‍ നാം കര്‍ക്കിടക കഞ്ഞി കുടിക്കാറുണ്ടല്ലോ. അതേ പ്രമാണമാണ് കര്‍ക്കിടകമാസത്തില്‍ കിണറിനും ചെയ്യേണ്ടത്. കിണറുകളുടെ വേനല്‍ക്കാല അസുഖങ്ങളായ വെള്ളക്കുറവ്, ഉപ്പുരസം തികട്ടല്‍ ആദിയായവയ്ക്ക് ധാരാളം മഴവെള്ളം കിണറുവായില്‍ മഴക്കാലത്ത് നിക്ഷേപിക്കേണ്ടതാണ്. ഇതിന് അവലംബിക്കാവുന്ന രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നാമത്തേത്, കിണറിനു ചുറ്റും കുഴികളും ചാലും ഉണ്ടാക്കി വീട്ടുകിണറിന്‍റെ ഉറവുകളില്‍ ധാരാളം മഴവെള്ളം ഒഴുക്കി ഇറക്കി കിണറിനെ സമ്പുഷ്ടമാക്കുക എന്നതാണ്. കിണറിനു തൊട്ടടുത്ത് കുഴിയോ ചാലോ എടുക്കരുത്. കാരണം, ഇവയിലെ മഴവെള്ളത്തിന്‍റെ സമ്മര്‍ദ്ദം മൂലം കിണര്‍ഭിത്തി ഇടിയാന്‍ സാദ്ധ്യതയുണ്ട്. രണ്ടാമത്തേത്, മേല്‍ക്കൂരയില്‍നിന്നുള്ള മഴവെള്ളം ഫില്‍റ്റര്‍ ചെയ്ത് കിണറിന്‍റെ താഴെത്തട്ടിലെത്തിച്ച് കിണറിന് ജലപരിപോഷണം നടത്തുക എന്നതാണ്.

9. പറമ്പിനെ പച്ച അണിയിക്കുക

പറമ്പിലെ സാധ്യമായ സ്ഥലങ്ങളിലെല്ലാം നാട്ടുമരങ്ങളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് മഴവെള്ളത്തെ സാവധാനം മണ്ണിലിറക്കുക. മഴ പെയ്തു തീര്‍ന്നാലും മരം പെയ്തുതീരില്ല എന്ന പഴമൊഴി അര്‍ത്ഥവത്താണ്. മണ്ണില്‍ ജൈവാംശവും ജലാംശവും വര്‍ദ്ധിപ്പിക്കാന്‍ വൃക്ഷങ്ങളെക്കാള്‍ മേന്മ മറ്റെന്തിനാണുള്ളത്? നമ്മുടെ പള്ളിമുറ്റങ്ങളും പാഴായി കിടക്കുന്ന ഇടങ്ങളുമൊക്കെ നാട്ടുമരങ്ങള്‍കൊണ്ട് നിറയട്ടെ.

ഇത്തരത്തില്‍ കേരളത്തിലെ ഓരോ പുരയിടവും ഓരോ സ്ഥാപനവും സ്വന്തം പറമ്പിലെ മഴവെള്ളം സ്വന്തം പറമ്പില്‍ത്തന്നെ താഴ്ത്തിയാല്‍ ആദ്യകാലങ്ങളിലേതുപോലെ നമുക്കു ജലസ്വയംപര്യാപ്തത നേടിയെടുക്കാം. ഓര്‍ക്കുക, സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരുന്നതിനുമുമ്പ് പുരയിട ജലപരിപാലനവും തോടുകളിലെ മണ്‍ചിറകളുമായിരുന്നു നമ്മുടെ പ്രധാന ജലസംരക്ഷണ വഴികള്‍. ഇനിയും ഇതുതന്നെ ചെയ്ത് ജലസ്വയംപര്യാപ്തത നേടാവുന്നതേയുള്ളൂ. സര്‍ക്കാര്‍ കോടികള്‍ മുടക്കിയിട്ടും സാധ്യമാകാത്ത ജലസംരക്ഷണം ഓരോരുത്തരും മനസ്സുവച്ചാല്‍ സാധ്യമാകുകതന്നെ ചെയ്യും.

You can share this post!

സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍

ഡോ. മാര്‍ട്ടിന്‍ N ആന്‍റണി O. de M
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts