ഒരു പുഴ ആരുടേതാണ്? പുഴയുടെ അവകാശികള്‍ ആരാണ്? ഒരു പക്ഷേ ഈ ചോദ്യം ജലവിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്. ജലം എന്നത് ഭൂമിയിലൂടെയും പുഴകളിലൂടെയും ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു മഹാപ്രതിഭാസമാണ്. അതിനെ ഏറ്റവും സുന്ദരമായും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട്, ഭൂമിയുടെ എല്ലാ ആവാസവ്യവസ്ഥകള്‍ക്കും അതു നല്‍കാന്‍ കഴിവുള്ള പ്രകൃതിയുടെ ഏറ്റവും ലളിതമായ വഴിയാണ് പുഴ!
നമ്മുടെ കേരളത്തിലെ 44 കൊച്ചു പുഴകളും ഉത്ഭവിക്കുന്നത് പശ്ചിമഘട്ടമലനിരകളില്‍ നിന്നാണ്. പശ്ചിമഘട്ടം എന്ന അതിപുരാതന ഭൂപ്രദേശത്തെ വേണമെങ്കില്‍ നമുക്ക് ഈ 44 പുഴകളുടെ വൃഷ്ടി പ്രദേശമായി കാണാം. അങ്ങ് ഗുജറാത്തിന്‍റെ തെക്കേ അറ്റം മുതല്‍ കന്യാകുമാരി വരെ 1600 കി. മീ. നീണ്ടുകിടക്കുന്ന ഈ മലനിരകള്‍ ദക്ഷിണേന്ത്യയെ പോഷിപ്പിക്കുന്ന, നിലനിര്‍ത്തുന്ന എല്ലാ നദികളുടെയും ഉറവിടമാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏകദേശം 245 ദശലക്ഷം മനുഷ്യര്‍ പശ്ചിമഘട്ടത്തിനെ കുടിവെള്ളത്തിനും കൃഷിക്കും ജീവിതവൃത്തിക്കും മറ്റും വേണ്ടി പ്രത്യക്ഷവും പരോക്ഷവുമായി ആശ്രയിച്ചു പോരുന്നു എന്നാണ്. പഴമക്കാര്‍ക്കറിയാവുന്നതുപോലെ, കടലിന്‍റെ മത്സ്യസമ്പത്ത്പോലും വലിയൊരു പരിധിവരെ കാട്ടില്‍നിന്നും പുഴകള്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്ന സമ്പുഷ്ടമായ ജൈവാംശത്തെയും ലവണങ്ങളെയും മറ്റും ആശ്രയിച്ചിരിക്കുന്നു. കക്ക വാരിയും മത്സ്യം പിടിച്ചും ജീവിച്ചുപോന്നിരുന്ന മനുഷ്യര്‍ക്കും കടല്‍ ജീവിതമാര്‍ഗ്ഗമാക്കിയ മുക്കുവനും അറിയാം കാടും കടലും തമ്മിലുള്ള ഈ ജൈവബന്ധം. ഇന്ന് പുഴയിലും കായലിലും കടലിലും മറ്റും മത്സ്യസമ്പത്ത് കുറയുന്നുണ്ടെങ്കില്‍ അതിന് ഒരു പ്രധാന കാരണം, നമ്മുടെ മിക്ക പുഴകളും വേനല്‍ക്കാലത്ത് കടലില്‍ എത്തിച്ചേരുന്നില്ല എന്നതാണ്. കാട,് പുഴത്തീര വനങ്ങള്‍, കൃഷിയിടങ്ങള്‍, വെള്ളപ്പൊക്കസമതലങ്ങള്‍ മുതല്‍ കായല്‍, കണ്ടല്‍ പ്രദേശങ്ങള്‍വരെ നീണ്ടുകിടക്കുന്ന പലതരം ആവാസവ്യവസ്ഥകളെ കോര്‍ത്തിണക്കികൊണ്ട്, അവയ്ക്ക് ജീവജലം നല്‍കിക്കൊണ്ട്, അവയെ സമ്പുഷ്ടമാക്കിക്കൊണ്ട്, തിരിച്ച് അവയുടെ സമ്പന്നത ഏറ്റുവാങ്ങിക്കൊണ്ട് കടല്‍ എന്ന മഹാപ്രപഞ്ചത്തില്‍ ലയിക്കുക എന്ന പകരം വെക്കാനാകാത്ത ദൗത്യമാണ് പുഴകള്‍ ചെയ്തുപോരുന്നത്. ഇവിടെ പുഴയുടെ ഒഴുക്കിന്‍റെ ഗതിയും താളവും വ്യതിയാനങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട്, പുഴ നിര്‍വ്വഹിക്കുന്ന അതിപ്രധാനവും അതേ സമയം സങ്കീര്‍ണവുമായ ജല-ജൈവ ചക്രത്തെ മനസ്സിലാക്കികൊണ്ട് ജലവിഭവങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു ജനസമൂഹമാണ് നമുക്കു വേണ്ടിയിരുന്നത്. അത്തരം ഒരു ജനസമൂഹത്തിന് മാത്രമേ പുഴയുടെ മഹത്ത്വം തിരിച്ചറിയാന്‍ സാധിക്കൂ. പുഴയെ സംരക്ഷിച്ചുകൊണ്ട് അതിന്‍റെ സമ്പന്നത ഉപയോഗിക്കാന്‍ കഴിയൂ. അവര്‍ക്ക് മാത്രമേ പുഴയുടെ യഥാര്‍ത്ഥ അവകാശികള്‍ ആകാനും കഴിയൂ. അത്തരമൊരു കാഴ്ചപ്പാടില്‍ പുഴ എല്ലാവരുടേയും പൊതുസമ്പത്തായി മാറുന്നു. അതിന്‍റെ സംരക്ഷണം ആശ്രയിക്കുന്ന ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തം ആയി മാറുന്നു. യഥാര്‍ത്ഥ പൊതുജനപങ്കാളിത്തം അവിടെ സാധ്യമാകുന്നു. പരസ്പരാശ്രിതത്വത്തെ മനസ്സിലാക്കുന്ന, അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ജനസമൂഹമായി നാം പരിണമിക്കുന്നു.
എന്നാല്‍ നമുക്കറിയാം സ്ഥിതി തിരിച്ചാണ്. പുഴകളെ ദേവതകളായി കാണുന്ന സമൂഹമായിരുന്നു നമ്മുടേത്. ഗംഗയും യമുനയും കാവേരിയും നര്‍മ്മദയും ഒക്കെ നമുക്കു പുണ്യനദികളാണ്. നിളയും പെരിയാറും പമ്പയും കേരളീയര്‍ നെഞ്ചോടു ചേര്‍ത്തുവച്ച് ആരാധിക്കുന്ന പുഴകളാണ്. എന്നാല്‍ ഇന്നവയുടെ അവസ്ഥയെന്താണ്? നമ്മുടെ ഏതെങ്കിലും പുഴ ഇന്ന് മാലിന്യം വഹിക്കാത്തതായിട്ടുണ്ടോ? നഗരങ്ങളുടെ മുതല്‍ ഗ്രാമപഞ്ചായത്തിന്‍റെ വരെ എല്ലാതരം മാലിന്യങ്ങളും ഇന്ന് പുഴകളില്‍ എത്തിച്ചേരുന്നു. മണല്‍ വാരി വാരി കുഴികളും തോടുകളുമായി അവ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ മഴക്കാലത്തും പുഴത്തീരമിടിയുന്നു. പുഴയ്ക്കു നഷ്ടപ്പെടുന്ന മണലിന് പകരമായി പുഴ ഭൂമി കാര്‍ന്നെടുക്കുന്നതാണോ ആവോ? പുഴതീരം കൈയ്യേറി, പുഴയുടെ സ്വാഭാവിക വഴികള്‍ക്കു തടസ്സം സൃഷ്ടിക്കുന്നു. കുന്നിടിക്കലും മലകള്‍ തുരക്കലും മറ്റും കാരണം അവയില്‍നിന്നുല്‍ഭവിക്കുന്ന പുഴകളെ പോഷിപ്പിക്കുന്ന ചെറിയ നീര്‍ച്ചാലുകള്‍ എന്നന്നേക്കുമായി നിലച്ചു പോകുന്നു. ടൂറിസം കാരണം കാട്ടില്‍പോലും ഏറിവരുന്ന മാലിന്യക്കൂമ്പാരങ്ങള്‍ വേറെയും.
പുഴകളുടെ ഉല്‍ഭവ പ്രദേശങ്ങളായ കാടിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ 200 കൊല്ലത്തിലേറെ ചരിത്രമുള്ള വനനശീകരണവും, വനങ്ങളെ തോട്ടങ്ങളാക്കി മാറ്റിയതും പുഴകളുടെ നീരൊഴുക്കിനെ ഗണ്യമായി കുറച്ചിട്ടുണ്ട്. പുഴകള്‍ക്കു കുറുകെ പണിത അണക്കെട്ടുകള്‍ കാരണം ഒഴുക്കു മുറിയുകയും അണക്കെട്ടുകള്‍ക്കു താഴെ പുഴ മരിക്കാനും സാഹചര്യമുണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാറും പറമ്പിക്കുളം അണക്കെട്ടുകളും അതിന്‍റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. മനുഷ്യ സമൂഹത്തിന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ മുതല്‍ ടൂറിസംപോലുള്ള ആര്‍ഭാടങ്ങള്‍വരെ പൂര്‍ത്തീകരിക്കാന്‍ നാം പുഴകളെ ഉപയോഗിക്കുന്നുണ്ട്. പുഴ വഹിച്ചുകൊണ്ടുവരുന്ന ജലത്തെ പല സര്‍ക്കാര്‍ വകുപ്പുകളില്‍ നമ്മള്‍ വിഭജിച്ചുകഴിഞ്ഞു. ജലസേചന വകുപ്പും വൈദ്യുതി വകുപ്പും കൂടി പുഴയെങ്ങനെ, എപ്പോള്‍, ഏതു വഴികളില്‍കൂടി ഒഴുകണം എന്ന് തീരുമാനിക്കുന്ന ഭരണസംവിധാനത്തിലാണ് നാമിന്നു ജീവിക്കുന്നത്. എന്നുവച്ചാല്‍ പുഴയില്‍കൂടി എത്ര വെള്ളം, എപ്പോള്‍ തുറന്നു വിടണം എന്ന് തീരുമാനിക്കുന്നത് പുഴയല്ല, നമ്മുടെ വികസന ആവശ്യങ്ങളും അവയെ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമാണ്. പുഴതീര ഗ്രാമപഞ്ചായത്തുകള്‍ക്കും, ജല അതോറിറ്റിക്കും വേണം പുഴയിലെ വെള്ളം. അങ്ങനെ പുഴയും വെള്ളവും നിലവില്‍ വീതിക്കപ്പെട്ട അവസ്ഥയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത.് പൈപ്പില്‍ കൂടി വെള്ളം കിട്ടി തുടങ്ങിയപ്പോള്‍, കുളിമുറികള്‍ കുളിക്കടവിനെ മറികടന്നപ്പോള്‍ നാട്ടുകാരും പുഴയില്‍ നിന്നകന്നു. പുഴയുടെ നാശം നമ്മേ ബാധിക്കാതായി!
ശുദ്ധജലവാഹിനികളാണ് പുഴകള്‍. എന്നാല്‍ ഇന്ന് കേരളത്തിലെ മിക്കപുഴകളും വഹിക്കുന്നത് മലിനജലമാണ്. കനാലുകളില്‍ കൂടിയും പൈപ്പുകളില്‍ കൂടിയും മറ്റും പുഴയെ തിരിച്ചുവിട്ടപ്പോള്‍ ഒഴുക്കും കുറഞ്ഞു. വേനല്‍കാലങ്ങളില്‍ തീരെ ഒഴുക്കു കുറഞ്ഞതും, മഴക്കാലത്ത് പെട്ടെന്ന് വെള്ളപ്പൊക്കം കയറി നാശം വിതയ്ക്കുന്നതുമായവയായി പുഴകള്‍ രൂപാന്തരപ്പെട്ടു. ശുദ്ധജലത്തിനു വേണ്ടിയുള്ള ഓട്ടത്തില്‍, ബാക്കി നിലനില്‍ക്കുന്ന കാട്ടുപുഴകളും നീര്‍ച്ചാലുകളും കുപ്പിവെള്ളം നിറച്ചു വില്‍ക്കാനുള്ള സ്രോതസ്സായി മാറുകയും ചെയ്തും. ബാംഗ്ലൂര്‍, ദില്ലി പോലുള്ള മഹാനഗരങ്ങളില്‍ ശുദ്ധമായ കുടിവെള്ളത്തിന്‍റെ വിതരണം കാര്യക്ഷമമായി ഉറപ്പുവരുത്തുക സര്‍ക്കാര്‍ മെഷിനറിക്കും ബുദ്ധിമുട്ടായി തുടങ്ങി. പെരുകുന്ന നഗരവാസികളും അവരുടെ ഏറി വരുന്ന ആവശ്യങ്ങളും നിറവേറ്റാന്‍ എന്ന പേരില്‍, കുടിവെള്ള വിതരണമാണ് ആദ്യമായി സര്‍ക്കാരിന്‍റെ കൈകളില്‍നിന്നും സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറി തുടങ്ങിയത്. എന്നാല്‍ 'വികസനത്തിന്' ജലം എന്ന പ്രകൃതി വിഭവം അത്യന്താപേക്ഷിതമാണ് എന്ന് മനസ്സിലാക്കികൊണ്ടാണ് ആഗോള ഏജന്‍സികളായ ലോകബാങ്കും എ. ഡി. ബി. യും ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ. ബി. ഐ. സി യും രംഗത്തിറങ്ങിയത്. ആഗോളതലത്തിലും 'ജലം' ഒരു വില്‍പ്പന വസ്തു ആണെന്നും, അതിന്‍റെ യഥാര്‍ത്ഥ വില സമൂഹം നല്‍കേണ്ടതാണെന്നും അവര്‍ പ്രചരിപ്പിച്ചു. പുതിയ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരില്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തി. കൊക്കകോള, പെപ്സി, ബിസ്ലേരി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ കുടിവെള്ളം കുപ്പിയിലാക്കി വിറ്റും ശീതളപാനീയങ്ങളാക്കി വിറ്റും കോടികള്‍ സമ്പാദിച്ചു തുടങ്ങി. ജലവിഭവങ്ങള്‍ക്കു മേലുള്ള നിയന്ത്രണവും ഇവരുടെ അജണ്ടയായി മാറുകയായിരുന്നു. പല വികസ്വര രാജ്യങ്ങളിലും പുഴകളുടെ പരിപാലനത്തില്‍ പോലും ലോകബാങ്കും കൊക്കകോളയും മറ്റും ഇടപ്പെടാന്‍ തുടങ്ങി. മീക്കോംഗ് റിവര്‍ കമ്മീഷന്‍ എന്ന മീക്കോംഗ് നദി പരിപാലന പദ്ധതിയില്‍ Asian Development Bank (ADB) ഒരു പ്രധാന പങ്കാളിയാണ്.
ഇന്ത്യയില്‍ ഷിയോനാഥ് പുഴയുടെ സ്വകാര്യവല്‍ക്കരണമാണ് അത്തരം സംരംഭങ്ങളില്‍ ആദ്യത്തേത്. 2001 ല്‍ റേഡിയസ് വാട്ടര്‍ ലിമിറ്റഡ് എന്ന പ്രാദേശിക കമ്പനിയാണ് രംഗത്തിറങ്ങിയത്. ഏകദേശം 24 കി. മീ. പുഴയിലെ വെള്ളം അണക്കെട്ടു കെട്ടി പിടിച്ചു നിര്‍ത്തി, വെള്ളം അടുത്തുള്ള വ്യാവസായിക ശൃംഖലയ്ക്ക് വില്‍ക്കാന്‍ വേണ്ടിയായിരുന്നു ഈ കണ്‍സെഷന്‍. റേഡിയസ് കമ്പനിക്കു വേണ്ടി പുഴയില്‍ വെള്ളം ഉറപ്പുവരുത്തുന്നതിനു പുറമേ, ഛത്തീസ്ഗഢ് സര്‍ക്കാരിന്‍റെ Industrial Development Corporation അവര്‍ക്ക് പ്രോജകറ്റ് നടപ്പിലാക്കാന്‍ വേണ്ടി സാമ്പത്തിക സഹായം അടക്കം വാഗ്ദാനം ചെയ്തു എന്നുള്ളതാണ് അത്ഭുതകരമായ വസ്തുത. 24 കി. മി. പുഴയിലെ വെള്ളം തടഞ്ഞു നിര്‍ത്തി തുടങ്ങിയപ്പോള്‍, അതുവരെ കുളിക്കാനും കന്നുകാലികളെ ഇറക്കാനും കൃഷിചെയ്യാനും മണലിന് വേണ്ടിയും മറ്റും പുഴയെ ആശ്രയിക്കാനും തദ്ദേശീയരായ ഗ്രാമീണര്‍ക്കുള്ള അവകാശം നിഷേധിക്കപ്പെട്ടു. മാത്രമല്ല, അണക്കെട്ടിനു താഴെയുള്ള പതിനാറോളം ഗ്രാമങ്ങള്‍ക്കും വെള്ളം താഴോട്ടൊഴുകാത്തതു കാരണം അവരുടെ പല ആവശ്യങ്ങളും തടസ്സപ്പെട്ടു. പതുക്കെ പതുക്കെ ജനരോഷം ആളിക്കത്തി. വിഷയം ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ഏപ്രില്‍ 2003-ല്‍, റേഡിയസ് കമ്പനിക്കുള്ള കോണ്‍ട്രാക്റ്റ് റദ്ദ് ചെയ്യാന്‍ ഛത്തീസ്ഗഢ് നിയമസഭ തീരുമാനമെടുത്തു. എന്നാലും ചെറിയ തോതില്‍ ജലം ഇന്നും ഷിയോനാഥില്‍ വ്യവസായങ്ങള്‍ക്കു വില്‍ക്കുന്ന അവസ്ഥയാണ്.
പ്ലാച്ചിമടയിലും പുതുനഗരത്തിലും കൊക്കകോള, പെപ്സി കമ്പനികള്‍ നടത്തിവരുന്ന ജലചൂഷണം ഇതിന്‍റെ മറ്റൊരു മുഖമാണ്. ഷിയോനാഥില്‍ ഒഴുന്ന പുഴയാണെങ്കില്‍, ഇവിടെ ഭൂഗര്‍ഭജലമാണ് ചൂഷണവിധേയമാകുന്നത്. നിലവില്‍ ജലവൈദ്യുതി, ജലസേചനം എന്നീ മേഖലകളിലും സ്വകാര്യ കമ്പനികള്‍ കൈയേറി കഴിഞ്ഞിരിക്കുന്നു. നര്‍മ്മദാ നദിയിലെ മഹേശ്വര്‍ അണക്കെട്ടും ഹിമാചല്‍ പ്രദേശിലെ രണ്ട് അണക്കെട്ടുകളും സ്വകാര്യ കമ്പനികളാണ് പണിതുകൊണ്ടിരിക്കുന്നത്. ഇവിടെയെല്ലാം തന്നെ പദ്ധതിക്കെതിരേ കടുത്ത ജനകീയ പ്രതിരോധം നടന്നുവരുന്നുണ്ട്.
ഇത്തരത്തിലുള്ള ജലചൂഷണത്തിന്‍റെയും, ജലവിഭവ സ്വകാര്യവത്കരണത്തിന്‍റേയും ദുരിതം ഏറ്റു വാങ്ങുന്നത് തദ്ദേശവാസികളും പരമ്പരാഗതമായി ജലവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളുമാണ്. അവരുടെ ജന്മാവകാശം നിഷേധിച്ചുകൊണ്ടാണ് ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരുകളും സ്വകാര്യ ഏജന്‍സികളും കൈക്കൊള്ളുന്നത്. ഇത്തരം 'contract'തീരുമാനങ്ങളില്‍ ഒരിക്കലും അവര്‍ ഭാഗഭാക്കല്ല. മിക്കപ്പോഴും തീരുമാനങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ് താനും.
പലപ്പോഴും സര്‍ക്കാരിന്‍റെ പൊതുസംവിധാനത്തിന്‍റെ തകര്‍ച്ചയും വീഴ്ചയുമാണ് സ്വകാര്യവത്കരണത്തിലേക്കും ചൂഷണത്തിലേക്കും നയിക്കുന്ന പ്രധാന ഘടകം എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സ്വകാര്യ ഏജന്‍സികള്‍ ജലത്തിന്‍റെ 'പൊതു സമ്പത്തെ'ന്ന (common pool resources) സ്വഭാവം അട്ടിമറിച്ചിട്ടാണ് സ്വകാര്യ സമ്പത്തായി വ്യാഖ്യാനിക്കുന്ന, ക്രയവിക്രയം ചെയ്യപ്പെടേണ്ട വസ്തുവായി മാറ്റുന്ന രീതിയിലുള്ള നയരൂപീകരണത്തിനായി വാദിക്കുന്നത്. ജലം പൊതു സമ്പത്താണെന്നും, അതിനെ ഉപയോഗിക്കുന്നവര്‍തന്നെ സംരക്ഷണചുമതലയും ഏറ്റെടുക്കേണ്ടതാണെന്നും ഉള്ള നയങ്ങള്‍ സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ മടിക്കുംതോറും, സ്വകാര്യ മേഖലയുടെ ആധിപത്യത്തിന് അടിയറവ് പറയേണ്ട അവസ്ഥ തുടരും. ഇവിടെയാണ് ആദ്യം ഉയര്‍ത്തിയ ചോദ്യത്തിന് വീണ്ടും പ്രസക്തിയേറുന്നത്: 'ഒരു പുഴ ആരുടേതാണ്?' നിര്‍വ്വചനങ്ങള്‍ക്ക് സമയമായി.