news-details
അക്ഷരം

ചിന്തയുടെ വെളിച്ചം

 

സ്വാതന്ത്ര്യമെന്ന മൂല്യം

ധിഷണയുടെ തിളക്കം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ചിന്തകനും എഴുത്തുകാരനുമാണ് സി. ജെ. തോമസ്. 1960 - ല്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി വര്‍ഷമാണിത്. ഈ സന്ദര്‍ഭത്തില്‍ സി. ജെ. യുടെ ചിന്തകളെക്കുറിച്ച് സ്മരിക്കുന്നത് ഏറെ ഉചിതമാണ്. കാരണം നമ്മുടെ ചിന്തയില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം അത്ര ആഴത്തിലുള്ളതാണ്. സ്വാതന്ത്ര്യത്തിന്‍റെ പതാകയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. വ്യക്തിയെ പ്രധാനമായി കാണുന്നതാണ് സി. ജെ. യുടെ ദര്‍ശനം. പ്രസ്ഥാനങ്ങളുടെ ഒരേയച്ചില്‍ വാര്‍ത്ത ചിന്തകളെ അദ്ദേഹം എന്നും വെല്ലു വിളിച്ചു.  വ്യക്തിയുടെ മൂല്യം അദ്ദേഹത്തിനു പ്രധാനമായിരുന്നു. സി. ജെ. യഥാര്‍ത്ഥത്തില്‍ ബഹുമുഖ പ്രതിഭയായിരുന്നു. ചിന്തകനും വിമര്‍ശകനും വിഗ്രഹഭഞ്ജകനുമായ സി. ജെ യുടെ ദര്‍ശനത്തിന്‍റെ ആഴം സുവ്യക്തമാക്കുന്ന ഗ്രന്ഥമാണ് 'സി. ജെ. യുടെ ലേഖനങ്ങള്‍'. സി. ജെ. യുടെ ജന്മശതാബ്ദി ഉപഹാരമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്‍റെ വിപ്ലവകരവും പ്രഭാപൂരിതവുമായ വാക്കുകളെ പുതിയ കാലത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു. 

രാഷ്ട്രീയം, സാഹിത്യം, സംസ്കാരം എന്നിങ്ങനെ ഭിന്ന മേഖലകളിലാണ് സി. ജെ. യുടെ ധിഷ്ണ വ്യാപരിച്ചത്. നിര്‍ഭയമായി തന്‍റെ കാഴ്ചപ്പാട് ആവിഷ്കരിക്കാന്‍ സി. ജെ. യ്ക്കു കഴിയുന്നു. കുറിയ വാചകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ച ആശയങ്ങളുടെ മൂര്‍ച്ച ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നു. 
 
'ഞാന്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലെ ആശയം സി. ജെ. യുടെ ദര്‍ശനത്തിന്‍റെ മൗലിക സ്വഭാവം വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ സ്വത്വ ബോധത്തെ അടയാളപ്പെടുത്തുന്നതാണ് ഈ ലേഖനം. "ഞാന്‍ ജനിക്കുന്നതിന് വളരെ മുമ്പുതന്നെ പ്രപഞ്ചമുണ്ടായിരുന്നു. ഞാന്‍ മരിച്ചു കഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ അസ്തിത്വമാണ് ആദ്യത്തെ പടി. പ്രപഞ്ചത്തിന്‍റെ അസ്തിത്വത്തെ ഞാന്‍ അംഗീകരിക്കണമെങ്കില്‍ ഞാന്‍ ഉണ്ടായിരിക്കണം. അതിന് എന്‍റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ടു കഴിയുകയില്ലല്ലോ. എന്നെ നിഷേധിച്ചാല്‍ പ്രപഞ്ചത്തിനു നിലനില്ക്കാനാവില്ല. ഞാനില്ലെങ്കിലും പ്രപഞ്ചമുണ്ട് എന്ന് നിങ്ങളല്ലേ പറയുന്നത്? ഞാനില്ലെങ്കില്‍ ആ പ്രസ്താവനയുടെ ചുവട്ടില്‍ ഞാനെങ്ങനെ ഒപ്പുവയ്ക്കും? അതുകൊണ്ട് ഞാനുണ്ട്. പ്രപഞ്ചമുണ്ട് - ഞാന്‍ കൂടി ഉള്‍പ്പെട്ട പ്രപഞ്ചം. ഞാന്‍ പ്രപഞ്ചത്തിന്‍റെ ഒരു ഭാഗമാണ്, പക്ഷേ, ഘടികാരത്തിന്‍റെ ഒരു ചക്രം പോലെയല്ല എന്‍റെ അസ്ഥിത്വം. എനിക്ക് ബോധമുണ്ട്. ആ ബോധമുള്ള ഓരോ പ്രകൃതി ഘടകത്തെയും വ്യക്തിയെന്നു പറയാം." ഇതാണ് സി. ജെ. യുടെ ചിന്തയുടെ കാതല്‍. ആഴത്തിലുള്ള സ്വത്വബോധത്തില്‍ നിന്നാണ് ഈ ചിന്തകള്‍ ഉറവെടുക്കുന്നത്. 
 
'പ്രോക്രസ്റ്റസിന്‍റെ കട്ടില്‍' എന്ന ലേഖനം സി. ജെ. യുടെ സ്വാതന്ത്ര്യ ചിന്തയുടെ ഉത്തമ നിദര്‍ശനമാണ്. എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും മതങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ 'പ്രോക്രസ്റ്റസിന്‍റെ കട്ടിലാ'ണ്. മനുഷ്യനെ വെട്ടിച്ചുരുക്കിയും വലിച്ചു നീട്ടിയും അതിനനുസരിച്ച് പരുവപ്പെടുത്തിയെടുക്കുകയാണ് അവയുടെ രീതി. സി. ജെ. യ്ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്തതാണിത്. സ്വന്തം ധിഷ്ണ പണയം വയ്ക്കാന്‍  അദ്ദേഹത്തിന് സാധിക്കില്ല. നിത്യ പരിണാമിയായി വളര്‍ന്നു കൊണ്ടിരിക്കുന്നതാണ് മനുഷ്യസ്വത്വം. 'നേതി നേതി' എന്ന് ഓരോന്നിനെയും നിഷേധിച്ചു മുന്നേറുകയായിരുന്നു സി. ജെ. മനുഷ്യന്‍റെ വ്യക്തിത്വത്തിലെ വൈവിധ്യമാര്‍ന്ന സാധ്യതകളാണ് അദ്ദേഹത്തിന്‍റെ അന്വേഷണ വിഷയം. 'വൈവിധ്യം ഒരു വൈകൃതമല്ല. അതു പരിണാമത്തിന്‍റെ ആത്മാവാണ്. ഒരേ രൂപത്തിലുള്ള ഏകാണു ജീവികളില്‍ നിന്നു പരിണമിച്ചതാണ് ഇന്നത്തെ ജീവിലോകം എന്നാണല്ലോ ശാസ്ത്രം പറയുന്നത്. പുഴുവും പുഷ്പവും ഗാന്ധിയും കുരങ്ങുമെല്ലാം ഏകരൂപമല്ല. മനുഷ്യരില്‍ത്തന്നെയാണെങ്കില്‍ ശാരീരികമായി എത്ര സാമ്യമുണ്ടെങ്കിലും മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന കാര്യങ്ങളില്‍ ഗണ്യമായ വൈവിധ്യമുണ്ട്.' പരിണാമം ശാരീരികം മാത്രമല്ല, രുചി, യുക്തി, കാഴ്ചപ്പാട്. ആവശ്യങ്ങള്‍, ഭീതികള്‍, വികാരങ്ങള്‍ എന്നിങ്ങനെ പലതും, പരിണമിക്കുന്നുണ്ട്. ഇവയൊന്നും മനുഷ്യവര്‍ഗ്ഗത്തിനു പൊതുവായിട്ടില്ല' എന്നാണ് സി. ജെ. പറയുന്നത്. സാമാന്യ വല്‍ക്കരണത്തില്‍ നഷ്ടമാകുന്നത് മനുഷ്യ സ്വത്വത്തിന്‍റെ സവിശേഷ മുദ്രകളാണ്, എന്നാണ് അദ്ദേഹം എടുത്തു പറയുന്നത്. അനേക കാലമായി മനുഷ്യനെ വലിച്ചു നീട്ടിയും ചെത്തിക്കുറുക്കിയും ഭരണം നടത്തുന്ന മതത്തെയും രാഷ്ട്രീയത്തെയുമെല്ലാം മനുഷ്യ പക്ഷത്തു നിന്നുകൊണ്ട് സി. ജെ. കടന്നാക്രമിക്കുന്നു. രാക്ഷസന്‍റെ കട്ടിലിനെ മറികടക്കാത്തത് വ്യക്തിത്വം കൈവരിക്കാനാവില്ല എന്നാണ് അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസം.
 
'ജനാധിപത്യം ഒരാദര്‍ശമാണ്' എന്നാണ് സി. ജെ.  പ്രസ്താവിക്കുന്നത്. "സംസ്കാരത്തിലേക്കുള്ള മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിരന്തര പ്രയാണത്തില്‍ ലക്ഷ്യ നിര്‍ദേശം ചെയ്യുന്ന ഒരു പ്രകാശഗോപുരമാണത്. അത്  അങ്ങനെ ചക്രവാളത്തിനു മുകളില്‍ ജ്വലിച്ച് പ്രകാശിക്കും. നാം ചക്രവാളത്തിലെത്തുമ്പോള്‍ ആ ദീപശിഖ അതിനടുത്ത ചക്രവാളത്തിലേയ്ക്കു നീങ്ങിയതായി കാണും. അതങ്ങനെ മാടിവിളിച്ചു കൊണ്ട് നീങ്ങിക്കൊണ്ടിരിക്കും. അതിനെ അനുഗമിച്ചു നാം മുന്നോട്ടു പോകും. ഒരിക്കലും അവിടെ എത്തുകയുമില്ല. ഗംഗാജലത്തില്ല പുണ്യം, ഗംഗയിലേക്കുള്ള തീര്‍ത്ഥയാത്രയിലാണ്" എന്ന് സി. ജെ.  പറയുമ്പോള്‍ അദ്ദേഹത്തെ മുന്നോട്ടു നയിച്ച ദര്‍ശനമെന്തെന്ന് സുവ്യക്തമാകുന്നു.  
 
ചരിത്രം, മതം, കമ്യൂണിസം, തത്വ ചിന്ത, കല, സാഹിത്യം എന്നിങ്ങനെ ഭിന്ന ശാഖകളായി പടര്‍ന്നു നില്‍ക്കുന്നതാണ് സി. ജെ. യുടെ ചിന്തകള്‍. തലച്ചോറ് ആര്‍ക്കും പണയം വയ്ക്കാത്ത പ്രതിഭയെ നാം സി. ജെ. യില്‍ കാണുന്നു. അദ്ദേഹത്തിന്‍റെ ജീവിതം സത്യാന്വേഷണമായിരുന്നു. സി. ജെ. യുടെ മൗലികചിന്തകള്‍ പലരേയും പ്രകോപിപ്പിച്ചു. ബഹുവചനത്തില്‍ ലയിച്ചു ഇല്ലാതാകുന്ന ഏക വചനമാകരുത് മനുഷ്യവ്യക്തിത്വമെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മൂര്‍ച്ചയേറിയ തൂലിക കാലത്തെ കീറിമുറിക്കാന്‍ അദ്ദേഹം ഉപയോഗിച്ചു. സി. ജെ. യുടെ ചിന്തകള്‍ക്ക് ഇന്നും ശക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഓരോ ലേഖനവും തെളിയിക്കുന്നു. നാം ജീവിക്കുന്ന കാലത്തെ കൂടുതല്‍ ആഴത്തിലും തെളിമയിലും മനസ്സിലാക്കാന്‍ 'സി. ജെ. യുടെ ലേഖനങ്ങള്‍' നമുക്കു കരുത്തു നല്‍കും. സ്വാതന്ത്ര്യത്തിന്‍റെ മൗലിക ചിന്തയുടെ ചക്രവാളങ്ങളാണ് അദ്ദേഹം കാണിച്ചു തരുന്നത്. 'ആ മനുഷ്യന്‍ നീ തന്നെ' എന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. (സി. ജെ. യുടെ ലേഖനങ്ങള്‍- സി. ജെ. തോമസ്, കേരളസാഹിത്യ അക്കാദമി 2017 ) 
 

പുസ്തകപ്പുഴു

സമകാലിക കഥാകൃത്തുക്കളില്‍ ഏറെ ശ്രദ്ധേയമായതാണ് ഉണ്ണി ആര്‍.  തനതായ പാതയിലൂടെ സഞ്ചരിക്കുന്ന ഈ എഴുത്തുകാരന്‍ മൗലികമായ അന്വേഷണങ്ങള്‍ക്കാണ് മുതിരുന്നത്. ഉണ്ണി ആറിന്‍റെ വളരെ വ്യത്യസ്ഥമായ ഒരു ഗ്രന്ഥമാണ് 'പുസ്തകപ്പുഴു'. അദ്ദേഹം എഴുതിയ ലേഖനങ്ങളും കുറിപ്പുകളും പരിഭാഷകളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം നല്ല വായനാനുഭവമാണ് നമുക്കു സമ്മാനിക്കുന്നത്. വായനയുടെ വിശാലവും വ്യത്യസ്ഥവുമായ ലോകമാണ് ഉണ്ണിയെ ഈ ഗ്രന്ഥ രചനയ്ക്കു സഹായിക്കുന്നത്. ആനുകാലിക സംഭവങ്ങളില്‍ ഇടപെട്ട് ധൈര്യപൂര്‍വ്വം തന്‍റെ അഭിപ്രായം പറയാനും ഉണ്ണിക്കു കഴിയുന്നു. ഈ ഗ്രന്ഥത്തിന്‍റെ പാരായണം അനേകം പുസ്തകങ്ങളിലൂടെയുള്ള തീര്‍ത്ഥാടനം കൂടിയായി മാറുന്നു. ഒരു നല്ല വായനക്കാരന്‍റെ ആത്മകഥയായി ഈ പുസ്തകത്തെ കാണാവുന്നതാണ്. 

'പുസ്തകപ്പുഴു' എന്ന ലേഖനം ഉണ്ണിയുടെ വായനയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. 'പുസ്തകങ്ങളുടെ ലോകം വൈചിത്ര്യങ്ങള്‍ കൊണ്ട് സമ്പന്നമായ മറ്റൊരു ആവാസ വ്യവസ്ഥയാണെന്നു തിരിച്ചറിഞ്ഞ് എഴുത്തുകാരനെ നാമിവിടെ കണ്ടുമുട്ടുന്നു. ലോക സാഹിത്യത്തിലെ അസാധാരണ പ്രതിഭകളുമായി സംവദിച്ചതിന്‍റെ സാഫല്യമാണ് ഈ ലേഖനം. വായന നമുടെ സ്വത്വത്തെ എപ്രകാരം രൂപപ്പെടുത്തുന്നുവെന്ന തിരിച്ചറിവ് നമുക്കു പകരുകയാണ് ഉണ്ണി ആര്‍. "ഒരു വാക്കില്‍ നിന്ന്, ചിലപ്പോള്‍ ഒരു പുസ്തക ഗന്ധത്തില്‍ നിന്ന്, മറ്റു ചിലപ്പോള്‍ പ്രിയ പുസ്തകവുമായി കണ്ടുചേരുന്ന അപ്രതീക്ഷിത നിമിഷത്തിന്‍റെ അപൂര്‍വതയില്‍ നിന്ന് ഉറവ പൊട്ടുന്ന ക്ഷണികമെങ്കിലും ഏത് ആകാശത്തെയും പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ്ജത്തിലാണ്, ഒരു യഥാര്‍ത്ഥ വായനക്കാരന്‍ തന്‍റെ ജീവിതത്തിന്‍റെ സഫലമുഹൂര്‍ത്തമിതാകുന്നു എന്ന് സ്വയമറിയുന്നത്." എന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. പുസ്തകങ്ങളിലേക്കും വായനയിലേക്കുമുള്ള തന്‍റെ സഞ്ചാരത്തിന്‍റെ ചരിത്രം കഥപോലെ അദ്ദേഹം അവതരിപ്പിക്കുന്നു.  
 
വായനയുടെ ലോകത്ത് നിന്ന് എഴുത്തിന്‍റെ ലോകത്തേക്കു തിരിയുന്ന ഘട്ടവും ഈ എഴുത്തുകാരന്‍ സവിശേഷമായി അടയാളപ്പെടുത്തുന്നു. പാകമാകാത്ത ചെരിപ്പിട്ടു നടന്നതിനു ശേഷമാണ് പാകമാകുന്ന ചെരിപ്പിലേക്കു നാം എത്തുന്നത്. "ആത്മീയമായ ഒരു പ്രദക്ഷിണമായിരുന്നു പലോമറിനൊത്തുള്ള യാത്ര. ആ യാത്രയ്ക്കൊടുവില്‍ ഞാന്‍ എന്‍റെയുള്ളിലെ അയാളെ അഭിമുഖീകരിക്കാന്‍ തയ്യാറായി - എല്ലാ മനുഷ്യന്‍റെയുമുള്ളിലുള്ള ആ സത്ത എന്തെന്നു വിവരിക്കുക അസാദ്ധ്യം. സര്‍വ ചരാചരങ്ങളോടും സഹാനുഭൂതി, പ്രണയം, ആനന്ദം, ഏകാന്തത, അഹമില്ലാത്ത ശൂന്യാവസ്ഥ അധികനേരം ആ 'എന്നെ' നേരിടുക പ്രയാസമായിരുന്നു. ഒരു നിമിഷത്തേയ്ക്കു കിട്ടിയ വിവേകത്തിന്‍റെ വെളിച്ചത്തില്‍ മാത്രം തിരിച്ചറിഞ്ഞ  ആ അവസ്ഥയിലേക്ക് പരിണയിക്കാന്‍ തയ്യാറാവാത്ത ഒരു 'ഞാന്‍' എന്നെ ഇന്നും ഭരിക്കുന്നുണ്ട്. പാകമാകാത്ത ഒരു ചെരിപ്പ് എന്നെ കാത്തിരിപ്പുണ്ട്. മുടന്തി നടക്കാനുള്ള ധൈര്യമില്ല. അപരിചിതനായ ഏതോ ഒരു മനുഷ്യന്‍ മറ്റൊരു ഭൂഖണ്ഡത്തില്‍ തന്‍റെ സഹോദരനായ സഹജീവിയെ ഓര്‍ത്തുകൊണ്ട് മുടന്തിനടക്കുന്നുണ്ടാവാം. പാകമാകാത്ത ആ ചെരിപ്പിനുള്ളിലേക്ക് എന്‍റെയുള്ളം. പാകമാക്കാന്‍ ഈ പ്രപഞ്ചത്തിന്‍റെ ശക്തി അനുഗ്രഹിക്കട്ടെ" എന്നു ചിന്തിക്കുന്ന ഈ എഴുത്തുകാരന്‍ വായനയിലൂടെ മറ്റൊരു ലോകത്തെത്തുന്നു. 
 
എല്ലാ ചെവികള്‍ക്കും കേള്‍ക്കുവാന്‍ കഴിയാത്ത ചില ശബ്ദങ്ങളും എല്ലാ കണ്ണുകള്‍ക്കും കാണാന്‍ കഴിയാത്ത ചില കാഴ്ചകളുമുണ്ടെന്ന് ഉണ്ണി ആര്‍. നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. 'എഴുത്തു കടലാസിനും പേനയ്ക്കുമിടയില്‍ സ്വയം തോറ്റും ജയിച്ചും നടക്കുന്ന ഒരു മനുഷ്യന്‍റെ അത്രയേറെ സങ്കീര്‍ണ്ണമായ അവസ്ഥയാണ് എഴുത്തുകാരന്‍റെ ജീവിതം' എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. ഭയമില്ലാതെ, ജാതിയും മതവും ചോദിക്കാതെ രണ്ടു മനുഷ്യജീവികള്‍ക്കു സംസാരിക്കാനുള്ള ഇടം കുറഞ്ഞുവരുന്ന ഇക്കാലത്തെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. അപരശബ്ദത്തെ ഇല്ലാതാക്കുന്ന മതതീവ്രവാദത്തെ നിഷേധിക്കാന്‍ ഉണ്ണിക്കു കഴിയുന്നത് അതുകൊണ്ടാ ണ്. 'യുക്തി ചോര്‍ന്നു പോവുന്നിടത്താണ് 'ആത്മീയ കോളനി' കളുടെ അധിനിവേശം നടക്കുക. സമ്പത്തിന്‍റെ കേന്ദ്രീകരണവും നിശ്ശബ്ദരാക്കലും ബലപ്രയോഗവുമെല്ലാം ഈ കോളനിയുടെ സ്വഭാവമാണ്" എന്ന് അദ്ദേഹം തിരിച്ചറിയുന്നു. "സ്വന്തം ശരീരത്തിന്‍റെ ഒരംഗത്തെ അശുദ്ധമായിക്കാണുന്ന ഒരു ജനത അതിന്‍റെ സമൂഹ ശരീരത്തില്‍ മറ്റൊരു മനുഷ്യനെ ജാതീയമായ വേര്‍തിരിവുകളോടെ കാണുന്നതില്‍ അത്ഭുതപ്പെടാനില്ല" എന്നാണ് ഉണ്ണി നിരീക്ഷിക്കുന്നത്. 
 
'സ്മൃതിനാശമില്ലാത്ത ഒരു ജനതയാണ് സംസ്കാരത്തിന്‍റെ വാഹകരായിരിക്കുന്നത്' എന്നറിയുന്ന ഈ എഴുത്തുകാരന്‍ നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നു. 'പുസ്തകപ്പുഴു' എന്ന ഗ്രന്ഥം കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. പല തരത്തിലുള്ള വിഭവങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത ഹൃദ്യമായ വിരുന്നായി ഈ ഗ്രന്ഥം മാറുന്നു. വായനയുടെ ലോകത്തേക്കുള്ള ഉദാരമായ ക്ഷണം കൂടിയാണ് ഇത്. (പുസ്തകപ്പുഴു - ഉണ്ണി ആര്‍. മാതൃഭൂമി ബുക്സ്).

 

ഒരു പരമ രഹസ്യത്തിന്‍റെ ഓര്‍മ്മയ്ക്ക്

സ്ത്രൈണമായ കാഴ്ചകളുടെ അഗാധതലങ്ങള്‍ വെളിപ്പെടുത്തുന്ന എഴുത്തുകാരിയാണ് സാറാ ജോസഫ്. സ്ത്രീകളും അരികിലേക്കു മാറ്റപ്പെട്ട ദുര്‍ബലവും പ്രകൃതിയുമൊക്കെ അവരുടെ കഥയുടെ കേന്ദ്രത്തിലേക്കു നടന്നു കയറുന്നു. വിമോചനത്തിന്‍റെ പുതിയൊരു സ്വപ്നമാണ് അവള്‍ അവതരിപ്പിക്കുന്നത്. പുതിയ കഥാ സമാഹാരമായ 'പരമ രഹസ്യത്തിന്‍റെ ഓര്‍മ്മയ്ക്ക്' എന്ന പുസ്തകം സാറാ ജോസഫിന്‍റെ അന്വേഷണങ്ങളുടെ പുതിയ ഫലങ്ങളാണ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. പതിനൊന്നു കഥകളിലൂടെ സഞ്ചരിക്കുന്ന നാം സൂക്ഷ്മമായ ജീവിത ചിത്രങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചെറുതും വലുതുമായ സംഭവങ്ങളെ ജീവിത യാത്രയോടു ചേര്‍ത്ത് കൊരുത്തെടുക്കുന്ന മാന്ത്രിക വിദ്യ നാമിവിടെ കാണുന്നു. 
 
'പരമ രഹസ്യത്തിന്‍റെ ഓര്‍മ്മയ്ക്ക്' എന്ന കഥ ടോയ്ലറ്റ് അന്വേഷിക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ അനുഭവമാണ് ആവിഷ്കരിക്കുന്നത്. നിസ്സാരമെന്നു തോന്നുന്ന ഒരു സംഭവത്തെ സ്ത്രീയുടെ സവിശേഷ സാഹചര്യമായി കഥാകാരി എടുത്തു കാണിക്കുന്നു. പുരുഷാധിപത്യത്തിന്‍റെ അടയാളങ്ങള്‍ നില്‍നില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീ എങ്ങനെയൊക്കെയാണ് വിഷമിക്കുന്നതെന്നതിന്‍റെ സൂചനയാണ് കഥ നല്‍കുന്നത്. 'ഒരടി മുന്നോട്ടു വച്ചാല്‍ പത്തടി പിന്നാക്കം തള്ളിമാറ്റുന്ന ലോക നീതിയോടാണവള്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നത്' എന്ന് 'അവള്‍ വരുന്ന ദിവസം' എന്ന കഥയില്‍ കുറിക്കുന്നതിന് ഏറെ അര്‍ത്ഥാന്തരങ്ങളുണ്ട്. 
 
'നമ്മോടുകൂടെയുള്ളവന്‍' എന്ന കഥയില്‍ കരയാന്‍ പറ്റാത്തവരുടെ നഗരത്തെക്കുറിച്ച് കഥാകാരി എഴുതുന്നുണ്ട്. 
 
'കരയാന്‍ പറ്റാത്തതുകൊണ്ടുതന്നെ അവര്‍ക്കു ചിരിക്കാനും പറ്റിയിരുന്നില്ല. അകത്തും പുറത്തും വല്ലാത്ത ഭാരം. കരഞ്ഞ് ഒഴിവാക്കാത്തതുകൊണ്ടും ചിരിച്ച് ഒഴിവാക്കാത്തതുകൊണ്ടുമുള്ള പലതരം മാലിന്യങ്ങള്‍ ഉള്ളില്‍ കെട്ടിക്കിടന്ന് എല്ലാവരും ഏതാണ്ട് ചീഞ്ഞഴുകാന്‍ തുടങ്ങിയിട്ടുണ്ട്. അന്യന്‍റെ മുന്നില്‍ ചെല്ലാനോ മുഖത്തു നോക്കാനോ വാ തുറക്കാനോ എല്ലാവരും മടിക്കുന്നു." ഇത് ഇന്നിന്‍റെ യാഥാര്‍ത്ഥ്യമാണെന്നു നാം അറിയുന്നു. അങ്ങനെ യഥാര്‍ത്ഥ ജീവിതം കൈമോശം വന്നവരായി നാം അനന്തമായി ഓടിക്കൊണ്ടിരിക്കുന്നു. 
 
ആദര്‍ശവും ജീവിതവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് നാം തിരിച്ചറിയുന്നുണ്ട്. 'ആദര്‍ശം മനോഹരമാണ്. ചില്ലിട്ട് ചുമരില്‍ തൂക്കാന്‍ കൊള്ളാം' എന്ന് ഒരു കഥയില്‍ സാറാ ജോസഫ് എഴുതുന്നുണ്ട്. ആദര്‍ശങ്ങളില്‍ നിന്നു മൂല്യങ്ങളില്‍ നിന്നും അകന്നു പോകുമ്പോഴാണ് ജീവിതത്തിന്‍റെ അര്‍ത്ഥം നഷ്ടമാകുന്നത്. മൂല്യനിര്‍ഭരമായ ഒരു ജീവിതമാണ് കഥാകാരി എപ്പോഴും മുന്നില്‍ കാണുന്നത്. 
 
ഈ കഥകള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ജീവിതങ്ങള്‍ തികച്ചും സാധാരണമാണ്. എന്നാല്‍ കഥാകാരി ഓരോ ജീവിതത്തെയും സവിശേഷമായ മൂല്യം ഉള്ളതാക്കി മാറ്റുന്നു. പലവിധത്തില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന സ്ത്രീകളെയും സാധാരണക്കാരെയുമാണ് കഥാകാരി കണ്ടെത്തുന്നത്. ഫെമിനിസം എല്ലാ ദുര്‍ബലരെയും ചേര്‍ത്ത് നിര്‍ത്തുകയാണ് സാറാ ജോസഫിന്‍റെ കഥകളില്‍. ആഗോളീകരണത്തിന്‍റെ കാലത്ത് നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പലതും വിലപ്പെട്ടതാണെന്ന് നാം മനസ്സിലാക്കുന്നു. സ്ത്രീയുടെ കാഴ്ചകളുടെ സൂക്ഷ്മതയും ആഴവും നാം ഈ കഥകളില്‍ നിന്ന് അറിയുന്നു. സൂക്ഷ്മമായ രാഷ്ട്രീയമാണ് സാറാ ജോസഫിന്‍റെ കഥകളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. നിഷ്പക്ഷത പാപമാണ് എന്ന് ഈ കഥാകാരി ഉറച്ചു വിശ്വസിക്കുന്നു. ദുര്‍ബലരുടെ പക്ഷം ചേരുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം എന്ന ഉത്തമ ബോദ്ധ്യത്തില്‍ നിന്നു കൊണ്ടാണ് സാറാ ജോസഫ് എഴുതുന്നത്. 'ഒരു പരമ രഹസ്യത്തിന്‍റെ ഓര്‍മ്മയ്ക്ക്' എന്ന കഥാസമാഹാരം നമ്മെ പുതിയ കാഴ്ചകളിലേക്കും ചിന്തകളിലേക്കും ക്ഷണിക്കുന്നു. ('ഒരു പരമ രഹസ്യത്തിന്‍റെ ഓര്‍മ്മയ്ക്ക്' സാറാ ജോസഫ്, കറന്‍റ് ബുക്സ് തൃശൂര്‍)

You can share this post!

ജലം കൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
അടുത്ത രചന

ജലംകൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
Related Posts