news-details
കവർ സ്റ്റോറി

കുട്ടികള്‍ക്കും അവകാശങ്ങള്‍ ഉണ്ട്

കുട്ടികള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ ഉണ്ടെന്നു വളരെയധികം അംഗീകരിക്കപ്പെടുകയും, അതേസമയം നമ്മുടെ ചുറ്റുവട്ടങ്ങളില്‍ കുട്ടികള്‍ ചൂഷണങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, വായനക്കാരുടെ മനസ്സില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചെറിയൊരു ചിന്ത നല്‍കുവാനുള്ള പരിശ്രമമാണ് ഈ ലേഖനം. മുതിര്‍ന്നവരെപ്പോലെ അവകാശസംരക്ഷണ മുദ്രാവാക്യമുയര്‍ത്തി സമരം നടത്തി കുഞ്ഞുങ്ങള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കും എന്നു പ്രതീക്ഷിക്കാന്‍ കഴിയില്ല. മുതിര്‍ന്നവര്‍ അറിഞ്ഞ് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ 'കുട്ടികളുടെ അവകാശങ്ങള്‍' ഒരു യാഥാര്‍ത്ഥ്യമാകുകയുള്ളൂ. ഇന്ത്യന്‍ ഭരണഘടനയിലും നിയമങ്ങളിലും വിവിധ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലും പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ 1989 ലെ 'കുട്ടികളുടെ അവകാശ ഉടമ്പടി'യിലും, 2002 ലെ 'കുട്ടികള്‍ക്കിണങ്ങിയ ലോകം' പ്രഖ്യാപനത്തിലുമൊക്കെ നിഴലിക്കുന്നത് കുട്ടികളുടെ പരിരക്ഷയിലും ക്ഷേമത്തിലും അവകാശസംരക്ഷണത്തിലും ലോകമനഃസാക്ഷി അതീവ തല്പരയാണെന്നാണ്. എന്നാല്‍ ചുറ്റുപാടും നാം കാണുന്ന തിരസ്കരണവും അവകാശനിഷേധവും ചൂഷണങ്ങളും പീഡനങ്ങളുമൊക്കെ വിരല്‍ചൂണ്ടുന്നത് ഇനിയും നമ്മള്‍ ഏറെ ജാഗരൂകരാകേണ്ടിയിരിക്കുന്നുവെന്നാണ്.

കുട്ടികളുടെ അവകാശ ഉടമ്പടി (1989)

കുട്ടികള്‍ക്ക് നല്‍കേണ്ട പ്രത്യേക പരിഗണന, അവരുടെ ക്ഷേമം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ അനാദികാലം മുതലേ സമൂഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കാണാമെങ്കിലും കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിച്ച് നല്‍കണം എന്ന കാഴ്ചപ്പാട് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് 1924-ലെ ജനീവാ പ്രഖ്യാപനത്തിനു ശേഷമാണ്. സാര്‍വ്വത്രികമായി അംഗീകരിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന 1989 -ലെ 'കുട്ടികളുടെ അവകാശ ഉടമ്പടി' യിലെ ഓരോ ഭാഗവും സുപ്രധാനമാണ്. ഭാരത പശ്ചാത്തലത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധമായ അന്വേഷണം ആദ്യം നമ്മെ കൊണ്ടെത്തിക്കുക 1950 ജനുവരി 26-ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയിലാണ്. 1974- ലെ കുട്ടികളെ സംബന്ധിച്ച ദേശീയ നയവും, 1986-ല്‍ പ്രാബല്യത്തില്‍ വന്ന ബാലനീതി നിയമവും  (2000 ലും 2006 ലും ബാലനീതി നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്) 1986 ലെ ബാലാദ്ധ്വാന നിയന്ത്രണ - നിരോധന നിയമവുമൊക്കെ നമ്മുടെ രാജ്യത്തെ മുഴുവന്‍ കുട്ടികളും രാഷ്ട്രത്തിന്‍റെ സമ്പത്താണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നവയാണ്. 1990-ല്‍ 'കുട്ടികളുടെ അവകാശ ഉടമ്പടി'യില്‍ ഭാരതം ഒപ്പുവച്ചതുമുതല്‍ പ്രസ്തുത നിയമത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടു വിവിധ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിക്കുകയും നടപ്പിലാക്കിവരികയുമാണ്.

1989 ലെ 'കുട്ടികളുടെ അവകാശ ഉടമ്പടി' കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെട്ടിരിക്കുന്ന ഒരു ആധികാരികരേഖ തന്നെയാണ്. 3 ഭാഗങ്ങളിലായി 54 വകുപ്പുകളായി എഴുതി തയ്യാറാക്കി ഐക്യരാഷ്ട്രസഭയും അംഗരാഷ്ട്രങ്ങളും അംഗീകരിച്ച് നടപ്പിലാക്കിവരുന്ന ഈ ഉടമ്പടി കുട്ടിയുടെ നിര്‍വ്വചനം മുതല്‍ ഓരോ വ്യക്തിയും രാഷ്ട്രവും അനുവര്‍ത്തിക്കേണ്ടതും അംഗീകരിക്കേണ്ടതുമായ സമഗ്രമായ വ്യവസ്ഥകള്‍വരെ നിര്‍വ്വചിച്ചിരിക്കുന്നു. ഒന്നാം വകുപ്പ് തുടങ്ങുന്നതുതന്നെ 18 വയസ്സില്‍ താഴെപ്രായമുള്ള എല്ലാവരെയും കുട്ടികളുടെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. കുട്ടികള്‍ എന്നാല്‍ 18 വയസ്സില്‍ താഴെയുള്ള മുഴുവന്‍ പേരും എന്ന് അംഗീകരിച്ചുകൊടുക്കുന്ന എത്രപേരുണ്ട്? പല വേദികളിലും ക്ലാസ്സുകളിലും ഈ ചോദ്യം ഉന്നയിച്ചപ്പോഴൊക്കെ കുട്ടികള്‍ എന്ന നിര്‍വ്വചനത്തില്‍ മിക്കവരും ഉറപ്പിച്ചു പറയുക 12 വയസ്സില്‍ താഴെയുള്ളവര്‍ എന്നാണ.് കുറെപ്പേര്‍ 14 വയസ്സെന്നും പറയാറുണ്ട്. മറ്റൊരു പ്രധാനകാര്യം "കുട്ടിയുടെ ക്ഷേമത്തിനായി പൊതു-സ്വകാര്യ-സാമൂഹ്യക്ഷേമ സ്ഥാപനങ്ങള്‍, കോടതികള്‍, ഭരണാധികാരികള്‍, നിയമനിര്‍മ്മാണസഭകള്‍ എന്നിവ സ്വീകരിക്കുന്ന നടപടികളില്‍ പ്രഥമ പരിഗണന കുട്ടികളുടെ ഉത്തമ താല്പര്യത്തിനായിരിക്കണം" എന്ന അടിസ്ഥാന പ്രമാണമാണ്. ഈ നിയമത്തെ കൂടുതല്‍ മനസ്സിലാക്കാനും അപഗ്രഥിക്കുവാനും ശ്രമിക്കുന്ന ഏതൊരാള്‍ക്കും 4 പ്രത്യേക ഗണങ്ങളായി കുട്ടികളുടെ അവകാശങ്ങളെ  ക്രമീകരിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. കുട്ടികളുടെ അവകാശ ഉടമ്പടി പഠിക്കാനും അതിനനുസരിച്ച് കുട്ടികളെ ഉള്‍ക്കൊള്ളാനും ശ്രമിക്കുന്ന ഏതൊരാള്‍ക്കും പുതിയ ദിശാബോധവും കാഴ്ചപ്പാടും ലഭിക്കാതിരിക്കുകയില്ല.

അതിജീവനാവകാശം

കുട്ടികളുടെ അവകാശ ഉടമ്പടിയുടെ വകുപ്പ് 6 മുതല്‍ 27 വരെയുള്ള ഭാഗങ്ങള്‍ കുട്ടിയുടെ പ്രകൃതിദത്തമായ ജീവനും ജീവിക്കാനുമുള്ള അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നവയാണ്. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോള്‍തന്നെ കുട്ടിയുടെ ജീവിതാവകാശം ആരംഭിക്കുകയാണ്. പ്രസവത്തിന് മുന്‍പും പിന്‍പുമുള്ള അമ്മമാരുടെ ആരോഗ്യസംരക്ഷണം, കുട്ടികള്‍ക്കുള്ള വൈദ്യസഹായം തുടങ്ങിയവയൊക്കെ അതിജീവനാവകാശത്തെ ഊട്ടിയുറപ്പിക്കുന്ന വകുപ്പുകളാണ്.

നല്ലരീതിയില്‍ ജീവിക്കാനുള്ള അവസരം ഉണ്ടാകേണ്ടതും അതിജീവനാവകാശത്തിന്‍റെ പരിധിയില്‍പെടുന്ന കാര്യമാണ്. കുട്ടികള്‍ക്കു ഹാനികരമാകുന്ന പലകാര്യങ്ങളും ഇന്ന് കുടുംബങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. മാതാപിതാക്കളുടെ പുകവലിയും മറ്റു ലഹരി ഉപയോഗങ്ങളും കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും തടസ്സം നില്‍ക്കുകയാണ്. 'പാസ്സീവ് സ്മോക്കിങ്ങ്' മൂലം ഓരോ ശിശുവും വിവിധതരത്തിലുള്ള ശാരീരിക രോഗങ്ങള്‍ക്ക് അടിമയാകുന്നുണ്ട്. 'കുട്ടികള്‍ക്കുവേണ്ടി ജീവിക്കുന്നു' എന്നു പറയുന്ന പലരും ഇക്കാര്യം ഗൗരവമായി എടുക്കുന്നുമില്ല.

സംരക്ഷണാവകാശം

കുട്ടിയുടെ വളര്‍ച്ചയെയും ക്ഷേമത്തേയും ദോഷകരമായി ബാധിക്കുന്ന എല്ലാത്തരം ചൂഷണങ്ങളില്‍നിന്നും കുട്ടിയെ സംരക്ഷിക്കുവാന്‍ ലക്ഷ്യമിടുന്ന വകുപ്പുകളാണ് സംരക്ഷണാവകാശത്തില്‍ പ്രതിപാദിക്കുന്നത്. കുട്ടിയുടെ ആത്മാഭിമാനം, ആരോഗ്യം, അന്തസ്സ് എന്നിവയെ ഒരു സംരക്ഷിത വലയത്തിലാക്കുന്നതിനാണ് ഉടമ്പടി ഊന്നല്‍ നല്‍കുന്നത്. ചില കുടുംബങ്ങളിലെങ്കിലും കുട്ടികള്‍ പ്രത്യേകിച്ച,് പെണ്‍കുട്ടികള്‍ വിവിധതരം ചൂഷണങ്ങള്‍ക്കു വിധേയമാകുന്നുണ്ടെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സംരക്ഷകരാകേണ്ടവര്‍തന്നെ ചൂഷകരാകുന്ന അവസ്ഥയില്‍ അത് ആരോടും പറയാനാവാതെപോകുന്നു.  നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ചിലപ്പോള്‍ നമ്മുടെ കുട്ടികളെ ചൂഷണത്തിന് വിധേയരാക്കുന്നത്  'തിരക്കില്‍ മുങ്ങുന്ന' പല മാതാപിതാക്കളും അറിയാറില്ലായെന്നതാണ് വാസ്തവം.

ഒന്നോ രണ്ടോ മക്കള്‍ മാത്രമുള്ള മാതാപിതാക്കള്‍ ഇന്ന് അവരുടെ മക്കളെ ശാരീരികമായി ശിക്ഷിക്കുന്ന പ്രവണത വളരെയധികം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മാനസികമായ ശിക്ഷകള്‍ മുമ്പത്തേതിനേക്കാള്‍ കൂടിയതായും കാണുന്നു. കഴിവുകളുടെ കാര്യത്തില്‍  മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുക, കഴിവുകള്‍ക്കുമപ്പുറം എത്തുവാനാവശ്യപ്പെടുക എന്നിവ കുട്ടികള്‍ക്കു നല്‍കുന്ന മാനസികശിക്ഷകളായി കണക്കാക്കണം. അതോടൊപ്പം അതവരുടെ സംരക്ഷണാവകാശത്തിന്മേലുള്ള കടന്നുകയറ്റമായും മനസ്സിലാക്കണം. കുടുംബങ്ങളിലുണ്ടാകുന്ന വിവിധ സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍, നമ്മുടെ കുട്ടികള്‍ക്ക് വലിയ മാനസികാഘാതങ്ങള്‍ ഏല്പ്പിക്കുന്നു. മുതിര്‍ന്നവരില്‍നിന്നും നല്ല മാതൃകകള്‍ ലഭിക്കുക എന്നതും ഓരോ കുട്ടിയേയും സംബന്ധിച്ച് അവരുടെ അവകാശമായി കരുതേണ്ടതുണ്ട്.

എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളില്‍നിന്ന് സ്നേഹവും സംരക്ഷണവും വാത്സല്യവും ലഭിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മക്കളെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ബോര്‍ഡിങ്ങുകളില്‍ താമസിപ്പിക്കുന്നതും, അവരെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതും കുട്ടികളോടുള്ള ഗുരുതരമായ അവകാശനിഷേധമായിട്ടാണ് അവകാശ ഉടമ്പടി വിവക്ഷിക്കുന്നത്.

ഉന്നമനാവകാശം

കുട്ടികളുടെ നൈസര്‍ഗ്ഗിക വാസനകളുടെ പോഷണത്തെയും ശാരീരികവും മാനസികവുമായ ഉന്നമനത്തെയും ലക്ഷ്യമാക്കുന്നതാണ് ഉന്നമനാവകാശം. നിര്‍ബ്ബന്ധിതവും സാര്‍വ്വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനും, വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള ഉത്തരവാദിത്തം രാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് നിയമം അനുശാസിക്കുന്നു. കുട്ടികളുടെ വിശ്രമം, വിനോദം, കലാ-കായിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവയ്ക്കുള്ള അവകാശങ്ങള്‍ പരിപോഷിപ്പിക്കുവാനും ഉടമ്പടി നിര്‍ദ്ദേശിക്കുന്നു. കുട്ടികളുടെ അവകാശ ഉടമ്പടിയുടെ വകുപ്പ് 28 മുതല്‍ 31 വരെയുള്ള ഭാഗങ്ങളാണ് ഉന്നമനാവകാശത്തെപ്പറ്റി പ്രതിപാദിക്കുന്നത്.

ശരിയായ വിദ്യാഭ്യാസത്തിനും വിശ്രമത്തിനും വിനോദത്തിനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന കാര്യങ്ങള്‍ ഒരുക്കി കൊടുക്കുവാന്‍ മാതാപിതാക്കള്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ മിക്കവാറും കുടുംബങ്ങളില്‍ പഠനഭാരം നിമിത്തം കുട്ടികള്‍ക്ക് ഇവയൊക്കെ നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. എല്ലാ കുട്ടികളും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ അവരുടെ കഴിവുകളും വ്യത്യസ്തമായിരിക്കും. മാതാപിതാക്കളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് കുട്ടിയെ മാറ്റിയെടുക്കുന്നത് വിവിധ രീതിയിലുള്ള സ്വഭാവ വൈകല്യങ്ങള്‍ക്ക് ഇടയാക്കും. കഴിവില്ലാതിരുന്നിട്ടും ഒരു പ്രത്യേക മേഖലയിലേക്കു നയിക്കപ്പെടുന്നതും, ഉള്ള കഴിവുകള്‍ കണ്ടെത്താതെ നിരുത്സാഹപ്പെടുത്തുന്നതും കുട്ടികളുടെ വികസനാവകാശങ്ങളുടെ നിഷേധമായി കാണേണ്ടതുണ്ട്.

കുടുംബങ്ങളില്‍ ബാലസൗഹൃദ അന്തരീക്ഷം ഉണ്ടാകേണ്ടത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികള്‍ക്കു നല്കേണ്ട സ്നേഹം, അംഗീകാരം, പരിഗണന, വാത്സല്യം, ബഹുമാനം എന്നിവ മതിയാവോളം നല്‍കുന്നുവെന്ന് പല മാതാപിതാക്കളും കരുതുന്നുണ്ടെങ്കിലും അത് ശരിയായ രീതിയില്‍ നല്കാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഒരിക്കല്‍ നാട്ടുകാര്‍ക്ക് പ്രശ്നമായിത്തീര്‍ന്ന 12 വയസ്സായ ഒരാണ്‍കുട്ടിയേയും കൊണ്ട് ഒരമ്മ കൗണ്‍സലിങ്ങിനു വന്നു. വീട്ടിലും നാട്ടിലും മഹാവികൃതിയായിരുന്ന അവന്‍റെ പ്രശ്നം അവന്‍റെ അമ്മ അവനെ സ്നേഹിക്കുന്നില്ലായെന്ന ചിന്തയായിരുന്നു എന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. തന്നെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനോടുള്ള പ്രതികാരത്തില്‍ ആത്മഹത്യചെയ്യുവാന്‍ തീരുമാനിച്ചെങ്കിലും മകനെപ്രതി അതു ചെയ്യാതിരുന്ന ആ അമ്മയെ, സ്വന്തം മകനില്‍നിന്നു കേട്ട ഈ വാക്കുകള്‍ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. നമ്മുടെ വീടുകളില്‍ പ്രകടിപ്പിക്കപ്പെടാതെപോകുന്ന സ്നേഹം മക്കളുടെ സര്‍വ്വതോന്മുഖമായ വികാസത്തിന് തടസ്സം നില്‍ക്കുന്നുവെന്നതിന് ഒരു ഉദാഹരണമാണിത്.

പങ്കാളിത്താവകാശം

ഒരു കുട്ടിക്കു തന്നെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായി അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും അവ പ്രകടിപ്പിക്കുവാനുമുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് നിയമം അനുശാസിക്കുന്നു. കുട്ടിയുടെ പ്രായത്തിനും പക്വതയ്ക്കും അനുയോജ്യമായ രീതിയില്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം കൊടുക്കണം. കുട്ടികള്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ ചിന്തിച്ചുകൊള്ളണമെന്നും തീരുമാനങ്ങളെടുത്തുകൊള്ളണമെന്നും ഉള്ള ചിന്താഗതിയുടെ ചോദ്യംചെയ്യലാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വിപ്ലവകരമായ ഈ മാറ്റത്തെ സമൂഹത്തിന് ഉള്‍ക്കൊള്ളുവാന്‍ കഴിയണം. കുട്ടികളുടെ അഭിപ്രായങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടണം. "കുട്ടികളെ ബാധിക്കുന്ന നടപടിക്രമത്തില്‍ പ്രാബല്യത്തിലുള്ള തദ്ദേശീയ നിയമത്തിനും നടപടിക്രമങ്ങള്‍ക്കും സാമാന്യനീതിക്കും വിധേയമായി ഭരണ-നീതിന്യായ അധികാരികള്‍ കുട്ടികള്‍ക്കു പറയാനുള്ളത് കേള്‍ക്കാനും വിവരങ്ങള്‍ വെളിപ്പെടുത്തുവാനും അവസരം നല്‍കണം" എന്ന് ഉടമ്പടിയിലെ 12(2) വകുപ്പ് എടുത്തുപറയുന്നു. ഇങ്ങനെയൊക്കെ മാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നാം വിമുഖത കാട്ടുകയാണ്. കുട്ടികളെ കേള്‍ക്കാനും ശ്രദ്ധിക്കാനും ആധുനിക തലമുറയിലെ മാതാപിതാക്കള്‍ക്കോ, അദ്ധ്യാപകര്‍ക്കോ സാധിക്കാതെ വരുന്നു. പങ്കാളിത്തത്തിന് അവസരം കൊടുക്കാന്‍ മെനക്കെടാത്തവര്‍ ആരുതന്നെയായാലും അവര്‍ തീര്‍ച്ചയായും കുട്ടികളുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരാണെന്നേ പറയുവാന്‍ കഴിയൂ.

ഏതു മേഖലയില്‍ ഉപരിപഠനം നടത്തണം, ഭാവിയില്‍ ആരായിത്തീരണം മുതലായ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ പലപ്പോഴും മക്കളുടെ അഭിപ്രായങ്ങള്‍ ചോദിക്കുന്ന പ്രവണതയില്ല. വിവിധ തൊഴില്‍സാദ്ധ്യതകളെ പരിചയപ്പെടുത്തുകയും, കുട്ടിയുടെ കഴിവ് കണ്ടെത്തുകയും അതനുസരിച്ച് സ്വന്തമായ തീരുമാനങ്ങളെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായിത്തീരുന്നത് കാണാം.

ഇന്നത്തെ മാതാപിതാക്കളുടെ ഒരു സ്ഥിരം പരാതിയാണ് കുട്ടികളോട് പറഞ്ഞാല്‍ ഒന്നുംതന്നെ അനുസരിക്കുന്നില്ലായെന്നത്. കുട്ടികളുടെ അഭിപ്രായങ്ങള്‍ ആരായാതെ മാതാപിതാക്കളുടെ തീരുമാനങ്ങള്‍ അടിച്ചേല്പിക്കുമ്പോള്‍ അവ നടപ്പാകാതിരിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍, അവരെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ട് ടിവി കാണുന്ന സമയം തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ അത് നടപ്പിലാക്കാന്‍ സാധ്യതയേറെയെന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു.

കുട്ടികള്‍ ചെയ്യേണ്ടതായ പലകാര്യങ്ങളും അവരെക്കൊണ്ട് ചെയ്യിക്കാതെ എല്ലാംതന്നെ മാതാപിതാക്കള്‍ നിറവേറ്റുന്ന പ്രവണത ഇന്ന് വ്യാപകമായി കണ്ടുവരുന്നു. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ന്നുവരുവാന്‍ അവശ്യം വേണ്ടതാണ് ഉത്തരവാദിത്വങ്ങള്‍ ഭരമേല്പിക്കല്‍. ഇന്ന് നമ്മുടെ കുട്ടികള്‍ക്കില്ലാതെ പോകുന്നത് ഈ ആത്മവിശ്വാസമാണ.് അതുകൊണ്ടുതന്നെയാണ് നമ്മുടെ കുട്ടികളുടെ ശരിയായ കഴിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതും. ഭാവിജീവിതത്തില്‍ കുടുംബജീവിതത്തിന്‍റെ പരിശീലന പാഠങ്ങള്‍ ലഭ്യമാകുന്നതും കുടുംബത്തിലൂടെയാണല്ലോ. അതുകൊണ്ടുതന്നെ കുട്ടികളുടെ പങ്കാളിത്താവകാശം എന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഉപസംഹാരം

കാലം മാറിയെന്ന് നാം എല്ലാവരും സമ്മതിക്കുന്നു. പക്ഷേ കാലത്തിനനുസരിച്ച് മുതിര്‍ന്നവരും മാറണം. കുട്ടികള്‍ക്കൊപ്പം, കുട്ടികള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നുവെന്ന് വീമ്പിളക്കുന്നവരില്‍ എത്രമാത്രം പേര്‍ കുട്ടികളുടെ അവകാശ ഉടമ്പടിയുടെ അന്തഃസത്തയ്ക്കനുസരിച്ച് തങ്ങളുടെ മക്കളെ വളര്‍ത്തുന്നുണ്ട്. വീടുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, വാഹനങ്ങള്‍, കളിസ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി എല്ലായിടവും കുട്ടികള്‍ക്ക് അരക്ഷിതമായി മാറിക്കൊണ്ടിരിക്കുന്നതായല്ലേ നാം കാണുന്നത്. പത്രമെടുത്താല്‍ ബാലികയെ പീഡിപ്പിച്ച അയല്‍പക്കക്കാരന്‍റെയും, സ്വവര്‍ഗ്ഗരതിക്കാരനായ അദ്ധ്യാപകന്‍റെ ചൂഷണത്തിന് വിധേയരായ വിദ്യാര്‍ത്ഥികളുടെയും, പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ നടത്തിയ കുട്ടിയുടെയും, ബാലവേലക്ക് വില്‍ക്കപ്പെട്ട കുട്ടി അനുഭവിച്ച പീഡനങ്ങളുടെയും, മറ്റും വിശദീകരണങ്ങളടങ്ങിയ വാര്‍ത്തകളാണ് നാം മിക്കദിവസവും വായിക്കുന്നത്. കുട്ടികളുടെ സംരക്ഷകരായി നിയോഗിക്കപ്പെട്ടവര്‍തന്നെ ബലഹീനരായ കുട്ടികളെ നശിപ്പിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ എത്രയെത്ര സംഭവങ്ങള്‍. ഉന്നമനാവകാശവും സംരക്ഷണാവകാശവും നിഷേധിക്കപ്പെടുന്ന നൂറുനൂറു സാഹചര്യങ്ങള്‍, സംഭവങ്ങള്‍. ഇതൊക്കെ കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഓരോരുത്തരുടെയും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയങ്ങളാണ്. ഓരോ കുഞ്ഞിനെയും ബഹുമാനത്തോടും ആദരവോടുംകൂടി നോക്കി പരിപാലിച്ചു വളര്‍ത്തണമെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ആരായാലും അവര്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം. അതേ, ലോകത്തിലെ "എല്ലാ കുട്ടികള്‍ക്കും അവരുടെയോ, മാതാപിതാക്കളുടെയോ, രക്ഷിതാക്കളുടെയോ, മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, ഭാഷ, ലിംഗം, ദേശീയത, വംശീയത, ജനനം, സമ്പത്ത് മറ്റേതെങ്കിലും പദവി എന്നിവ മൂലമുള്ള വിവേചനം കൂടാതെ ഉടമ്പടയില്‍ വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന എല്ലാ അവകാശങ്ങളോടും കൂടി" (വകുപ്പ് 2 (I)) വളര്‍ന്നുവരുവാനുള്ള അവസരം നല്‍കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. ഗര്‍ഭഛിദ്രം, ബാലവേല, ബാലഭിക്ഷാടനം, ബാലപീഡനം, നിരക്ഷരത, മാറാരോഗങ്ങള്‍, ഉപേക്ഷിക്കപ്പെടല്‍, ലൈംഗിക പീഡനം തുടങ്ങി കുട്ടികളുടെ സമഗ്രമായ ഉന്നമനത്തിന് തടസ്സം നില്‍ക്കുന്ന എല്ലാ സാഹചര്യങ്ങളെയും പിഴുതെറിയുവാന്‍ കുട്ടികളെ ഇഷ്ടപ്പെടുന്ന, കുട്ടികള്‍ക്ക് വിശ്വസിക്കാവുന്ന, അവകാശധ്വംസനങ്ങളെ ചോദ്യം ചെയ്യുന്ന, തിരുത്തല്‍ ശക്തിയായി മാറിയ ഒരു സമൂഹം ഉയര്‍ന്നു വരണം.

കുട്ടികളുടെ അവകാശ സംരക്ഷകരായി മാറുമ്പോള്‍ നമുക്ക് ഓര്‍ത്തിരിക്കാം, നാമോരോരുത്തരും 'കുട്ടികളുടെ ഉത്തമ താല്പര്യങ്ങള്‍' മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നവരാണോയെന്ന്. 'കുട്ടികള്‍ക്കിണങ്ങിയ ലോകം ' സ്വപ്നം കാണുവാന്‍ ശ്രമിക്കുന്ന നമുക്കോരോരുത്തര്‍ക്കും ബാലസൗഹൃദ കേരളത്തിനായി, ബാലസൗഹൃദ ഭാരതത്തിനായി യത്നിക്കാം. എല്ലാത്തരം അവഗണനകളില്‍നിന്നും ക്രൂരതകളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും ഓരോ കുട്ടിയും സംരക്ഷിക്കപ്പെടുന്ന സാഹചര്യത്തിനായി നമുക്ക് പണിയെടുക്കാം.

You can share this post!

സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍

ഡോ. മാര്‍ട്ടിന്‍ N ആന്‍റണി O. de M
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts