news-details
കവർ സ്റ്റോറി

അച്ഛന്‍റെയും അമ്മയുടെയും  അമ്മാവന്മാരുടെയും അമ്മായിമാരുടെയും അങ്ങനെ ഒത്തിരി ഒത്തിരിപ്പേരുടെ ലാളനകളും വാത്സല്യങ്ങളും ആവോളം അറിഞ്ഞ് ജീവിക്കുന്ന കാലമാണ് ബാല്യം എന്നത് എനിക്കൊരു കേട്ടറിവ് മാത്രം. ഇപ്പറഞ്ഞവരൊക്കെ എനിക്കുണ്ടായിട്ടും എന്‍റെ ബാല്യം എനിക്ക് തിരസ്ക്കരിക്കപ്പെട്ടു. ഒരു അശുഭ ജന്മത്തിന്‍റെ രുചിഭേദങ്ങളാണ് എന്നെ വരവേറ്റത്. ആരുടെയൊക്കെയോ സ്വാര്‍ത്ഥതയ്ക്കു മുന്‍പില്‍ എന്‍റെ ബാല്യം നഷ്ടപ്പെടുകയായിരുന്നു.

'അച്ഛന്‍റെ മോളുതന്നെ,' അച്ഛനും ഞാനും തമ്മിലുള്ള രൂപസാദൃശ്യത്തെപ്പറ്റി പലരും പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ ആ രൂപസാദൃശ്യം എനിക്ക് കണ്ടറിയാന്‍ അവസരം ലഭിച്ചത് വനിതാകമ്മീഷന്‍റെ സിറ്റിംഗിലും പോലീസ് സ്റ്റേഷന്‍ വരാന്തയിലും കോടതി മുറിയിലുമൊക്കെ വച്ച് അച്ഛനെ കണ്ടപ്പോള്‍ മാത്രം. അന്ന് എന്‍റെ മനസ്സില്‍ എന്തു വികാരമാണുണ്ടായതെന്ന് ഓര്‍മ്മയില്ല. വെറുപ്പൊന്നും തോന്നിയിരിക്കില്ല. കാരണം അന്നെനിക്ക് വെറുപ്പും വിദ്വേഷവും പകയുമൊന്നും കൂട്ടിനില്ലായിരുന്നു. പക്ഷേ പിന്നീട് ഞാന്‍ അനുഭവിച്ച ഒറ്റപ്പെടുത്തലുകള്‍, തരംതാഴ്ത്തലുകള്‍, നിന്ദനങ്ങള്‍ ഒക്കെ ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കുമായിരുന്നു. എന്‍റെ അമ്മയെപ്പോലുള്ള അനേകം അമ്മമാര്‍ക്കുവേണ്ടി, എന്നെപ്പോലുള്ള നിരവധി കുഞ്ഞുങ്ങള്‍ക്കുവേണ്ടി.

ലേബര്‍ റൂമിനു വെളിയില്‍ കുട്ടിയെയും കൊണ്ടുവന്ന നേഴ്സ് ചോദിച്ചു: 'കുഞ്ഞിന്‍റെ അച്ഛനെവിടെ?' അച്ഛനോ അച്ഛന്‍റെ വീട്ടുകാരോ എന്നെ സ്വീകരിക്കാന്‍ എത്തിയില്ല, അറിയിച്ചിട്ടുപോലും. കുടുംബപ്രശ്നങ്ങളുടെ പേരില്‍ ഉപേക്ഷിക്കപ്പെട്ടവളുടെ കുഞ്ഞ് നേരിട്ട ആദ്യത്തെ അവഗണന.

'തൊട്ടുകൊടുക്കാന്‍ അച്ഛന്‍റെ വീട്ടുകാരാരുമില്ലേ?' അടുത്ത കട്ടിലില്‍ കിടക്കുന്നവരുടെ അന്വേഷണം. അതിന് മറുപടി പറയുമ്പോള്‍ സ്വരമിടറിയ വല്യമ്മ. ആ ഇടറിയസ്വരം എന്‍റെ കുഞ്ഞുകാതുകളിലേക്ക് താരാട്ടിന്‍റെ ഈണത്തോടൊപ്പം ഒരു തേങ്ങലായി എത്തി.
അടുത്തദിവസം അച്ഛന്‍റെ ഏട്ടത്തിയമ്മയെത്തി. അനിയന്‍റെ കുട്ടിയെ കാണാനല്ല.  എന്നെയും അമ്മയേയും തന്‍റെ അനിയനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം അറിയിക്കാന്‍. ഒരു സ്ത്രീയുടെ ദുഷ്ചിന്തയും പ്രലോഭനങ്ങളും കാരണം എന്‍റെ അമ്മയ്ക്ക് ഭര്‍ത്താവ് നഷ്ടപ്പെട്ടു; എനിക്ക് 'അച്ഛാ' എന്നു വിളിക്കാനുള്ള ഭാഗ്യവും.

എല്ലാ സങ്കടവുമുള്ളിലൊതുക്കിയ അമ്മയോടൊപ്പം, അമ്മയുടെ വീട്ടിലെത്തി. ദിവസങ്ങള്‍ മാസങ്ങളായപ്പോള്‍, കെട്ടിച്ചുവിട്ട പെണ്ണിനും കുഞ്ഞിനും ചെലവിനു കൊടുക്കുന്നതില്‍ ഉറ്റവര്‍ക്ക് അമര്‍ഷം തോന്നിത്തുടങ്ങി. അതൊടുവില്‍ തറവാടിന്‍റെ ഭാഗംവയ്ക്കലില്‍വരെ ചെന്നെത്തി. ആരോരുമില്ലാത്ത പെണ്ണിന്‍റെയും കുഞ്ഞിന്‍റെയും പക്ഷംചേര്‍ന്നതില്‍ ഒറ്റപ്പെട്ടുപോയ വല്യമ്മയും വല്യച്ചനും. ഉള്ളിലൊരു നെരിപ്പോടാണ് ഞാന്‍ പലര്‍ക്കും. തറവാടിന്‍റെ നാശത്തിന് വഴിതെളിച്ചവള്‍ എന്നുവരെ യാതൊരു മടിയും കൂടാതെ പറഞ്ഞിറങ്ങിയവര്‍ എന്‍റെ ബാല്യത്തെ പുറംകാലുകൊണ്ട് തട്ടിക്കളിക്കുകയായിരുന്നു.

താളം തെറ്റിയ താരാട്ടിന്‍റെ ഈണവും ആഘോഷിക്കപ്പെടാതെ പോയ പിറന്നാളുകളും ലഭിക്കാതെ പോയ സമ്മാനപ്പൊതികളും നറുമുത്തങ്ങളും എന്‍റെ ബാല്യത്തെ ബാല്യമല്ലാതാക്കി.

ഒത്തിരിയൊത്തിരി പ്രതീക്ഷയോടെ നേഴ്സറിയിലെത്തി. പക്ഷേ അവിടെ എന്നെ കാത്തിരുന്നത് എന്‍റെ നഷ്ടബാല്യത്തിന്‍റെ തിരിച്ചറിവുകള്‍ നല്കുന്ന കൂട്ടുകാരായിരുന്നു. "നിന്‍റെ പപ്പാ എന്തു വയസനാ... ഞങ്ങളുടെ പപ്പായാ നല്ലത്" എന്നെകൊണ്ടുവിടാനും കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വല്യപ്പച്ചന്‍റെ പ്രായം അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കാം. അതവര്‍ തുറന്നുപറഞ്ഞു, അത്രമാത്രം.

സ്കൂളില്‍ ചേര്‍ന്ന അവസരത്തില്‍ അച്ഛനെപ്പറ്റി ടീച്ചര്‍ ചോദിച്ചപ്പോള്‍, വല്യച്ചന്‍റെ മുഖം വാടിയതും അച്ഛനുപേക്ഷിച്ച കുട്ടിയാണെന്ന് പറഞ്ഞതും, ടീച്ചറെന്നെ സഹതാപം നിറഞ്ഞ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയതും ബാല്യത്തിലെ മറക്കാനാവാത്ത ഓര്‍ മ്മയാണ്. അച്ഛനുണ്ടായിട്ടും ഞാന്‍ 'അച്ഛനില്ലാത്ത' കുട്ടിയായി.

"നിന്‍റെ അച്ഛനൊരാള്, രക്ഷാകര്‍ത്താവ് വേറൊരാള്‍, എന്താണിങ്ങനെ എഴുതിയിരിക്കുന്നത്?" ക്ലാസുമുറിയില്‍ വച്ച് പരസ്യമായി വെടിപൊട്ടുന്ന ഒച്ചയില്‍ പരിഹാസത്തോടെ ചോദിച്ച ടീച്ചറിന്‍റെ ശബ്ദം ഇന്നും എന്‍റെ കാതുകളെ പലപ്പോഴും കുത്തി നോവിക്കാറുണ്ട്. 'അവളുടെ അമ്മയെ അച്ഛന്‍ ഉപേക്ഷിച്ചു പോയതാ' എന്ന് ടീച്ചറിനോട് പറഞ്ഞ കൂട്ടുകാര്‍. സഹതപിച്ച കൂട്ടുകാരും പരിഹസിച്ച കൂട്ടുകാരും ഉണ്ട്.
സ്കൂള്‍ പി.റ്റി. എ. യ്ക്കു ഒരിക്കല്‍പ്പോലും വരാത്ത അമ്മ. അറിവായതില്‍പ്പിന്നെ ഞാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. വല്യപ്പച്ചന്‍ പി.റ്റി. എയ്ക്കു വന്നതിന്‍റെ കാരണത്തെപ്പറ്റി കുശുകുശുക്കുന്ന മറ്റ് കുട്ടികളുടെ  അമ്മമാര്‍. 'പാവം! വയസനാം കാലത്ത് വന്ന ഗതികേട്' അവരുടെ അടക്കംപറച്ചിലുകള്‍. എന്‍റെ അച്ഛന്‍ എന്നോടു കാണിച്ച ക്രൂരതയുടെ തീക്ഷ്ണത ഞാന്‍ അവരിലൂടെയൊക്കെ തിരിച്ചറിഞ്ഞു തുടങ്ങി. ഇവയൊക്കെ അനുഭവിക്കണമെന്ന് ഞാന്‍ വിധിക്കപ്പെടുകയായിരുന്നു. സ്നേഹവും കൗതുകവും മനസ്സില്‍ കാത്തുസൂക്ഷിക്കേണ്ട പ്രായത്തില്‍ എന്‍റെയുള്ളില്‍ വെറുപ്പും വിദ്വേഷവും അപകര്‍ഷതയും നിറഞ്ഞു. എന്‍റെ ബാല്യത്തില്‍ കരിനിഴലുകള്‍ വീഴ്ത്താന്‍ കൂട്ടുനിന്നവര്‍ ഇതിനുത്തരം പറയേണ്ടതല്ലെ?

അച്ഛന്‍റെ വീട്ടില്‍ താമസിക്കുന്ന കുട്ടിക്കു മാത്രമേ സ്വന്തം അഡ്രസ്സുള്ളൂ എന്നു ശഠിക്കുന്ന സമൂഹത്തോട് ഞാന്‍ ഒന്നു ചോദിച്ചോട്ടെ, അമ്മയുടെ സംരക്ഷണത്തില്‍ മാത്രം വളരുന്ന ഒരു കുട്ടിക്ക് ആരുടെ മേല്‍വിലാസമാണ് നല്കേണ്ടത്? ഒരിക്കല്‍പ്പോലും മോളെയെന്ന് വിളിക്കാത്ത, കാണുമ്പോള്‍ തിരിഞ്ഞു നില്ക്കുന്ന അച്ഛന്‍റെ 'പേര്' എന്‍റെ പേരിനോടൊപ്പം ചേര്‍ക്കാത്തതില്‍ എന്‍റെ അമ്മയെ പരിഹസിച്ചവര്‍ക്ക്, ചോദ്യം ചെയ്തവര്‍ക്ക് എന്ത് ന്യായമാണ്  പറയാനുള്ളത്? ഒരു കുട്ടിയോട് കാണിക്കേണ്ട മാനുഷിക പരിഗണനപോലും അച്ഛനുപേക്ഷിച്ച കുട്ടി എന്ന പേരില്‍ നിങ്ങള്‍ എനിക്ക് നിഷേധിക്കുന്നതെന്തുകൊണ്ട്?

വിവാഹമോചനം വഴി അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും കുഞ്ഞുകുഞ്ഞു മോഹങ്ങളും സ്വപ്നങ്ങളും ഒക്കെയുണ്ട്. അവയൊക്കെ സാധിച്ചു തരണമെന്നല്ല പറഞ്ഞുവരുന്നത്. അവയൊക്കെ ചവിട്ടിയരയ്ക്കരുതേ എന്നുമാത്രം യാചിക്കുകയാണ്... അമ്മയുടെ വാത്സല്യത്തിനൊപ്പം അച്ഛന്‍റെ വാത്സല്യവും സംരക്ഷണവും ലഭിക്കാന്‍ ഭാഗ്യമില്ലാതെപോയ കുഞ്ഞുങ്ങളെ നിങ്ങള്‍ സ്നേഹിച്ചില്ലെങ്കിലും പരസ്യമായി അച്ഛനുപേക്ഷിച്ച കുട്ടി എന്ന ലേബലൊട്ടിച്ച് മാറ്റിനിര്‍ത്തരുതെ...

You can share this post!

സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍

ഡോ. മാര്‍ട്ടിന്‍ N ആന്‍റണി O. de M
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts