news-details
സഞ്ചാരിയുടെ നാൾ വഴി

ദൈവമായിരുന്നു മനുഷ്യനുള്ള കുപ്പായം ആദ്യം തുന്നിയത്. തോലുകൊണ്ടുള്ള ഒരുടുപ്പ് കൊടുത്തു. ഒരിടര്‍ച്ചയ്ക്കുശേഷമായിരുന്നു അത്. അതിനുമുമ്പുവരെ നഗ്നത മനുഷ്യനെ ലജ്ജിപ്പിച്ചിട്ടില്ല. സ്വയം ലജ്ജിതരാകാന്‍ കാരണമുള്ളവര്‍ക്ക് ഇപ്പോള്‍ പലതും മറച്ചുപിടിക്കേണ്ട ബാധ്യതയുണ്ടാകുന്നു. പുറത്തെല്ലാം പഴയതുപോലെതന്നെയായിരിക്കും. എന്നാല്‍, അവരിപ്പോള്‍ പഴയതല്ല. കാരണങ്ങള്‍ എന്തുമാകട്ടെ, മനുഷ്യന്‍റെ നഗ്നതയെ ഉടുപ്പിക്കേണ്ട ധര്‍മ്മം ദൈവത്തിന്‍റേതാണ്. അന്നുമുതല്‍ നഗ്നനെ അണിയിക്കുക ദൈവികമായ ഒരു കര്‍മ്മമായിരുന്നു. അതിനും പരസഹസ്രവര്‍ഷങ്ങള്‍ക്കിപ്പുറംനിന്ന് നസ്രത്തിലെ ആ ഗുരു പറയും: ഞാന്‍ നഗ്നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചു.

ദൈവത്തിന്‍റെ മഹാകാരുണ്യത്തെ വാഴ്ത്തുമ്പോള്‍ വയല്‍പ്പൂക്കളെ ഉടുപ്പിക്കുന്നവനെന്ന വിശേഷണം ആ തച്ചന്‍ തന്‍റെ പിതാവിനു ചാര്‍ത്തിക്കൊടുക്കും. അതും ശലമോനെക്കാള്‍ ചന്തത്തില്‍, ഇത്തിരിപ്പൂക്കള്‍ക്ക് കുപ്പായം തുന്നുകയാണ് ദൈവം.

 നിറവയറുള്ള ഒരു സ്ത്രീ ഒരു ചെറിയ കുപ്പായം തുന്നുന്ന ഒരു ചിത്രം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഉള്ളിലെ വാത്സല്യത്തെ ഉണര്‍ത്തുന്ന എന്തോ ഒന്ന് ആ നൂലിഴകളിലുണ്ട്. വസ്ത്രങ്ങളില്‍ അമിതമായ ഭ്രമമുണ്ടായിരുന്ന ഒരാളായിരുന്നു സോളമന്‍ രാജാവ്. ഓരോ പ്രഭാതത്തിലും അയാള്‍ക്കുവേണ്ടി നെയ്ത്തുകാര്‍ പുത്തന്‍ അങ്കികള്‍ തുന്നിക്കൊടുത്തു. എന്നിട്ടും ഒരു വയല്‍ലില്ലിയുടെ ശുഭ്രതയും സ്നിഗ്ധതയും സുഗന്ധവും അതിന് ഇല്ലെന്നോര്‍ത്ത് അവര്‍ വ്യാകുലപ്പെട്ടു... വയല്‍പ്പൂക്കളെപ്പോലെയുള്ള ചെറിയ മനുഷ്യരുടെമേല്‍ ഇപ്പോഴും നിത്യനായ നെയ്ത്തുകാരന്‍റെ അങ്കികള്‍ വന്നുവീഴുന്നുവെന്ന നിരവധി സൂചനകള്‍ വേദം മുഴുവനുണ്ട്.

ഏശയ്യായില്‍ അത് സ്തുതിയുടെ മേലങ്കിയാണ്. എല്ലാത്തിനോടും കൃതജ്ഞതാഭരിതമായി നില്ക്കാനുള്ള ഒരു മനസ്സ് നിങ്ങള്‍ക്ക് സ്വന്തമാകുന്നതിന്‍റെ സൂചനയാണത്. കണ്ണു നിറയാന്‍ മാത്രം കാരണങ്ങള്‍ ജീവിതം കരുതിവച്ചിട്ടും എന്തുകൊണ്ടാണ് നിങ്ങളുടെ കണ്ണുനനയാത്തത്. മനുഷ്യരുടെമേല്‍ മാത്രമല്ല ഈ പ്രപഞ്ചവൃക്ഷത്തിന്‍റെ എല്ലാ തളിരുകളുടെ മീതെയും കൃതജ്ഞതയുടെ ആ നനുത്ത അദൃശ്യഅങ്കി വീണിട്ടുണ്ട്. അതുകൊണ്ടാണ് കാറ്റും പുഴയും വൃക്ഷച്ചില്ലകളും നക്ഷത്രങ്ങളുമൊക്കെ അദൃശ്യസങ്കീര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ധ്യാനത്തിലായിരിക്കുന്നവര്‍ക്കത് ഗോചരമാകുന്നുണ്ട്. എന്തുകൊണ്ടാണ് ദൈവത്തെക്കുറിച്ചു പറഞ്ഞുതുടങ്ങുമ്പോള്‍ ആല്‍മണ്ട് ഞൊടിയിടയില്‍ പൂവിട്ടതായി കസന്‍ദ്സാക്കിസ് കണ്ടത്. മനുഷ്യന്‍ നിശ്ശബ്ദനാകുമ്പോള്‍ കല്ലുകള്‍ ദൈവത്തെ ആര്‍ത്തുഘോഷിക്കുമെന്ന് ക്രിസ്തു പറഞ്ഞത് അതുകൊണ്ടാണ്.

ചിലരെ ദൈവം പ്രണയത്തിന്‍റെ അങ്കികള്‍കൊണ്ടു പുതപ്പിക്കുന്നു. ബോവാസിന്‍റെ മെതിക്കളത്തില്‍ അയാളുടെ കാല്പാദങ്ങളില്‍ കിടന്നുറങ്ങിയ റൂത്തിനെപ്പോലെ. അങ്ങയുടെ വസ്ത്രം ഇവളുടെമേല്‍ വിരിച്ച് ഇവളെ സ്വീകരിക്കുക എന്നാണവള്‍ യാചിക്കുന്നത്. അത് അയാളെ അത്ഭുതപ്പെടുത്തുന്നുണ്ട്. അവളുടെ ഔദാര്യമായിട്ടാണ് അയാള്‍ അതാദ്യം മനസ്സിലാക്കുന്നത്: മകളേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ! നീ ഇപ്പോള്‍ കാണിക്കുന്ന ഔദാര്യം ആദ്യത്തേതിലും വലുതാണ്. യുവാക്കന്മാരെ - ധനികരെയോ ദരിദ്രരെയോ ആകട്ടെ - തേടാതെ നീ എന്‍റെ അടുക്കല്‍ വന്നല്ലോ (റൂത്ത് 3/10). യുവതിയായ ഒരു പെണ്‍കുട്ടി നിശ്ചയമായും ചാരിനില്ക്കാന്‍ ആഗ്രഹിക്കുന്നത് ബലിഷ്ഠമായ ഒരു ചുമലായിരിക്കുമെന്ന നമ്മുടെ ഒരു ഇല്യൂഷന്‍ റൂത്ത് തകര്‍ത്തുകളയുന്നുണ്ട്. ശരീരത്തിന് പ്രവേശനമില്ലാത്ത ഏതോ വിശുദ്ധ സ്ഥലികളില്‍ നിന്നാണ് പ്രണയത്തിന്‍റെ പുഴയൊഴുകുന്നതെന്നു തോന്നുന്നു. മലയാളത്തില്‍ റൂത്തിന്‍റെ നല്ലൊരു കാവ്യഭാഷ്യം വരുന്നുണ്ട്, കാവാലം ബാലചന്ദ്രന്‍റേത്. പ്രസാധകര്‍ തിയോയും.

ഏലിയായുടെ അങ്കിയും  ദൈവം നൂല്‍ നൂര്‍ത്തിയതുതന്നെ. ഒരേ സമയത്ത് തിരഞ്ഞെടുപ്പിന്‍റെയും നിലയ്ക്കാത്ത അനുഗ്രഹങ്ങളുടെയും സൂചനയാണത്. വയല്‍ ഉഴുതുകൊണ്ടിരുന്ന ഏലീഷായുടെ മേല്‍ പാടത്തുകൂടെ നടന്നുപോകുമ്പോള്‍ അയാള്‍ തന്‍റെ മേലങ്കി ഇട്ടു. തന്‍റെ കാളയെ കൊന്ന്, കലപ്പ കത്തിച്ച് മാംസം വേവിച്ച് കൂട്ടുകാര്‍ക്ക് കൊടുത്ത അയാള്‍ അന്നുതൊട്ട് ഏലിയായുടെ ഉപാസകനായി. ആഗ്നേയ രഥങ്ങളില്‍ ആകാശങ്ങളിലേക്ക് എടുക്കപ്പെടുമ്പോള്‍ ഏലിയായുടെ മേലങ്കി ഏലീഷായുടെ മീതെ വീഴുന്നു. ആ അങ്കിയെടുത്ത് പുഴയില്‍ അടിക്കുമ്പോള്‍ പുഴ രണ്ടായി അയാള്‍ക്ക് നടവഴി തീര്‍ക്കുന്നു. ദൈവമിപ്പോഴും തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരെ ജ്ഞാനത്തിന്‍റെയും ആത്മാഭിഷേകത്തിന്‍റെയും അങ്കികൊണ്ട് പുതപ്പിക്കുന്നുവെന്നതില്‍ എന്തെങ്കിലും സന്ദേഹമുണ്ടോ നിങ്ങള്‍ക്ക്. ക്രിസ്തു പറഞ്ഞ കഥയില്‍, അലഞ്ഞലഞ്ഞലഞ്ഞ് ഒടുവില്‍ തന്‍റെ വീടുകണ്ടെത്തിയ മകനെ പുത്രസ്വീകാര്യത്തിന്‍റെ മേല്‍ത്തരം വസ്ത്രം കൊണ്ട് പുതപ്പിക്കുന്ന അപ്പനുണ്ട്. ദൈവത്തെ വസ്ത്രമായുടുത്തവര്‍ എന്നൊരു സൂഫി ശൈലിയുടെ ഓര്‍മ്മപ്പെടുത്തല്‍പോലെ ആ അങ്കിയില്‍ അയാളുടെ നഷ്ടപ്പെട്ട സംവത്സരങ്ങള്‍ ഒരാള്‍ക്ക് തിരികെ ലഭിക്കും. അതുകൊണ്ടാണ് സ്നേഹശൂന്യതയുടെ കൊടുംശൈത്യങ്ങള്‍ ഇനി അവരെ തണുപ്പിക്കാത്തത്.

ക്രിസ്തുവിന് വിശേഷപ്പെട്ട ഒരങ്കിയുണ്ടായിരുന്നു. അത് തുന്നലില്ലാതെ മുകള്‍ മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു (യോഹ 19/23). അത് നാലായികീറാമെന്ന് പട്ടാളക്കാര്‍ തീരുമാനിച്ചതാണ്. എന്നിട്ടും ഏതോ ഒരു അദൃശ്യകരം അവരെ അതില്‍നിന്നു തടഞ്ഞു. അവരത് കുറിയിട്ടെടുക്കുകയാണ് ചെയ്തത്. ക്രിസ്തു അനുഭവിച്ചിരുന്ന സമഗ്രതയുടെ പ്രതീകമായിട്ടാണ് തുന്നലില്ലാത്ത വസ്ത്രത്തെ യോഹന്നാന്‍ രേഖപ്പെടുത്തുന്നത്. അടിമുടി ഒറ്റയായി അകവും പുറവും ഒന്നായി, വലിച്ചിട്ടും വിഭജിക്കപ്പെടാത്ത ഒരങ്കി നമ്മളുടെ മള്‍ട്ടിപ്പിള്‍ വ്യക്തിത്വത്തെ തെല്ലുഭാരപ്പെടുത്തില്ലേ. യോഹന്നാന്‍ വീണ്ടും ആ സൂചന ഉപയോഗിക്കുന്നുണ്ട്. നൂറ്റിയന്‍പത്തിമൂന്ന് മത്സ്യം കുരുങ്ങിയിട്ടും പൊട്ടാത്ത വലയും അര്‍ത്ഥമാക്കുന്നത് ഇതുതന്നെ. ആ അങ്കി അവന്‍റെ അമ്മ നെയ്തതാണെന്നൊരു പാരമ്പര്യമുണ്ട്. ദൈവത്തിനായി അര്‍പ്പിക്കപ്പെട്ട മക്കള്‍ക്കുവേണ്ടി അമ്മമാര്‍ വിശേഷപ്പെട്ട ഒരങ്കി സമ്മാനിക്കുന്ന രീതിയുണ്ടായിരുന്നു. ബാലനായ സാമുവേല്‍ കര്‍ത്താവിന് ശുശ്രൂഷ ചെയ്തുപോന്നു. ചണനൂല്‍കൊണ്ടുള്ള ഒരു വിശേഷവസ്ത്രമാണ് അവന്‍ ധരിച്ചിരുന്നത്. ബലിയര്‍പ്പിക്കുവാന്‍ ഭര്‍ത്താവിനോടൊപ്പം വര്‍ഷംതോറും പോകുമ്പോള്‍ അവന്‍റെ അമ്മ ചെറിയ ഉടുപ്പുണ്ടാക്കി അവനു കൊടുത്തിരുന്നു (1 സാമൂവേല്‍ 18/19). ദൈവവേലയ്ക്ക് പുറപ്പെട്ടുപോയ മക്കള്‍ക്കുവേണ്ടി സുകൃതനൂലുകള്‍ കൊണ്ട് അങ്കി നെയ്യുന്ന എണ്ണിയാലെടുങ്ങാത്ത അമ്മമാരെ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയാതിരിക്കുന്നതെങ്ങനെ.

സൂര്യനെ വസ്ത്രമായി ധരിച്ച സ്ത്രീയെന്നൊരു ക്ലാസ്സിക്ക് വചനവുമുണ്ട്. വെളിപാടിന്‍റെ പുസ്തകത്തില്‍ സങ്കല്പിക്കുമ്പോള്‍ ത്തന്നെ നിറവുതോന്നും. പ്രകാശത്തെ വസ്ത്രമായി ധരിക്കുന്ന ഒരു കാലം വരാനിരിക്കുന്നതേയുള്ളു. ഓരോ കോശവും ദീപ്തമാകുന്ന ആ കാലത്തില്‍ ഫ്രാന്‍സീസ് ക്ലാരയോടു പറഞ്ഞതുപോലെ മനുഷ്യര്‍ പരസ്പരം മന്ത്രിക്കും: നിങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ എനിക്കു തോന്നുന്നു, മനുഷ്യര്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലെന്ന്.

പകിട്ടിന്‍റെയും പട്ടിന്‍റെയും ഈ ആഡംബരകാലത്ത് ഒറ്റയുടുപ്പിട്ടുകൊണ്ടു നടന്ന ഒരാളെ ഓര്‍ക്കാമോ?  യാത്രയ്ക്കു പോകുമ്പോള്‍ പരമാവധി മറ്റൊരുടുപ്പു കൂടിയാകാമെന്ന് പറഞ്ഞിട്ടുള്ള അയാളെ ഓര്‍ത്താല്‍ അതൊരു അപശകുനമായി മാറുമോ. വായനക്കാരാ, ദാരിദ്ര്യം കേട്ടുകേട്ട് നിങ്ങള്‍ക്ക് മടുക്കുന്നുണ്ടോ. 'ആടപാതി ആളുപാതി' എന്ന ചൊല്ലുപോലും അപ്രസക്തമാകുമാറ് ജൗളികമ്പോളം പൊടി പൊടിക്കുകയാണ്. ആട തന്നെയെല്ലാം - ആടിമാസക്കിഴിവുമുണ്ട്. ഭൂമിമലയാളത്തിലേക്കു വച്ചുതന്നെ ഏറ്റവും വലിയ തുണിക്കടയുടെ പേരാണ് രസം - ഇമ്മാനുവേല്‍!

ഗാന്ധി പുഴയോര ത്തിരിക്കുകയാണ്. അതിനിടയിലും അയാള്‍ ശ്രദ്ധിക്കുന്നുണ്ട് പുഴയില്‍ കുളിച്ചു കിടക്കുന്ന സ്ത്രീ കരയിലോട്ടു കയറുന്നേയില്ല. "ബേട്ടീ, ഇനിയും കയറിയില്ലെങ്കില്‍ നിനക്കു പനി പിടിക്കും." "ബാപ്പൂ എനിക്കു ചുറ്റിവരാന്‍ ചേലയില്ല." അപ്പോള്‍ അയാള്‍ക്കു തന്‍റെ മേല്‍ പുതപ്പുപോലും ആഡംബരമായി തോന്നി. പുഴയുടെ മീതേക്ക് അത് അയാള്‍ ഇട്ടുകൊടുത്തു. അതു ചുറ്റി അവര്‍ കയറി വന്നു. പിന്നീട് അയാള്‍ തന്‍റെ ഉപവസ്ത്രം ഉപയോഗിച്ചിട്ടില്ല. ഒറ്റമുണ്ടുടുത്ത് നാടായ നാടൊക്കെ ചുറ്റി. ഉണ്ട് സര്‍, അങ്ങനെയും ചില സമാന്തര ജീവിതങ്ങള്‍. പുതയ്ക്കാന്‍ കവണിയില്ലാത്തതിന്‍റെ പേരില്‍ പള്ളിയില്‍ പോകാത്ത വല്യമ്മച്ചിമാര്‍. രാത്രിയില്‍ നനച്ചിട്ട വസ്ത്രം ഉണങ്ങാതെ ഇസ്തിരിയിട്ട് അതിന്‍റെ വാടയുള്ള യൂണിഫോം ഇടുന്ന കുഞ്ഞുമക്കള്‍. പഴന്തുണിപോലെ നിറം കെട്ട് അവരുമൊക്കെ ഈ ലോകത്തുണ്ട്.

ആ അതുപോട്ടെ. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ഉള്ള നഗരത്തില്‍ നഗ്നനെ ഉടുപ്പിക്കുകയെന്ന ക്രിസ്തു സൂചനയുടെ പൊരുളെന്തായിരിക്കണം. അപരന്‍റെ സ്വകാര്യതകളെ സംരക്ഷിക്കുകയെന്ന് നിശ്ചയമായും ഒരു വായനയുണ്ടാവണം. ഓരോ തരത്തിലുള്ള ഒളിഞ്ഞു നോട്ടങ്ങള്‍ക്ക് ഓരോരുത്തരുടെയും ജീവിതം വിധേയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ കെട്ടകാലത്തിന്‍റെ അഹന്തപോലും - ഞാനയാളെ തുറന്നു കാട്ടിയെന്നൊക്കെയാണ്. ഒരാളുടെ നിഗൂഢതകള്‍ അയാളുടെ ദൈവികതയുടെ ഭാഗമാണ്. എന്നാല്‍, അതിനെ അങ്ങനെ കാണാന്‍ പ്രകാശമില്ലാത്തവരുടെ കാലമാണ് വരാനിരിക്കുന്നത്. കാണണം, കൗരവസദസ്സില്‍ നഗ്നയാക്കപ്പെടേണ്ട ഒരു സ്ത്രീയെ ഭഗവാന്‍ അഴിച്ചെടുക്കാനാവാത്ത ഉത്തരീയം കൊണ്ടു ചുറ്റുന്നത്. ആരും കൂട്ടില്ലാത്ത സീതയെ ഭൂമി സ്വയം നെഞ്ചു പിളര്‍ന്ന് ഒളിപ്പിച്ചതും മറക്കരുത്.

ഏതൊരാള്‍ക്കും വിലപ്പെട്ടത് അയാളുടെ ആത്മാഭിമാനമാണ്. അതിന് പരുക്കുപറ്റാതെ സൂക്ഷിക്കേണ്ട ധര്‍മ്മം പ്രകാശമുള്ള എല്ലാവര്‍ക്കുമുണ്ട്. ഒരാളെ സര്‍ഗ്ഗാത്മകമായി തിരുത്തുന്നതു പോലും നീയും അവനും മാത്രമായിരിക്കുമ്പോഴാവണമെന്ന് ക്രിസ്തു ശഠിച്ചു. ഒരാളെ സഹായിക്കുമ്പോള്‍ വലതുകരം ചെയ്തത് ഇടതുകരം അറിയരുതെന്ന് നിര്‍ദ്ദേശിച്ചു. ഒക്കെ അതിനുവേണ്ടിയാണ്.  ഒരാള്‍ വിവസ്ത്രനെക്കണക്ക് ലജ്ജിതനാകാതെയിരിക്കാന്‍. സാന്താക്ലോസ് എന്ന സങ്കല്‍പം പോലും അങ്ങനെയാണ് രൂപപ്പെട്ടത്. പാവപ്പെട്ടൊരു കുട്ടിയെ നിന്ദിക്കാതിരിക്കാന്‍ സമ്മാനംവെച്ചത് ക്രിസ്മസ് അപ്പൂപ്പനാണെന്ന് പറയുക.

അപ്പന്‍റെ നഗ്നത കണ്ട മകന്‍ മരിക്കണമെന്ന് പഴയ നിയമം പറയുന്നു. കാര്യമിതാണ്, അപ്പന് എന്‍റെ അമ്മയെക്കൂടാതെ വേറെ ചില അടുപ്പങ്ങളുണ്ടായിരുന്നു. കൗമാരത്തിലോ യൗവനത്തിലോ എത്തിയ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ധാരണ കിട്ടുന്നു. നിങ്ങളെന്തു ചെയ്യും. അയാളെ തുറന്നുകാട്ടി, കുറെക്കൂടി പരിക്കേല്‍പ്പിക്കുമോ, അതോ മാപ്പിന്‍റെ അത്തിയില കൊണ്ട് അയാളെ പുതപ്പിക്കുമോ. രണ്ടാമത്തേതാണ് കഠിനമെങ്കിലും സ്നേഹത്തിന്‍റെ വഴി. കത്തീഡ്രല്‍ പള്ളിയിലെ മാലാഖമാരുടെ ചിത്രത്തിലെ  നഗ്നതയെ മറ്റൊരു മാലാഖയുടെ ചിറകുകൊണ്ട് മറയ്ക്കുന്നതുകണ്ടിട്ടില്ലേ.

എല്ലാവര്‍ക്കും ധ്യാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രകാശത്തിന്‍റെയും വസ്ത്രം സമ്മാനിച്ച ക്രിസ്തു നഗ്നനായി മരിച്ചു എന്നിടത്താണ് ഈ വിചാരങ്ങളുടെ ഐറണി. ഒരുപക്ഷേ, അയാള്‍ പുതിയ ആദമായി, നഗ്നതയില്‍ ലജ്ജിക്കാന്‍ ഒന്നുമില്ലാത്ത പറുദീസയിലേക്ക് പ്രവേശിച്ചതു കൊണ്ടാവാം. 

You can share this post!

ആലിംഗനം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts