ഞാനൊരു കോളേജദ്ധ്യാപകനായതെങ്ങനെ? അതും ഒരു മലയാളം അദ്ധ്യാപകന്‍. ജീവിതത്തിന്‍റെ ഒരു ദശാസന്ധിയില്‍ ഒരു ഗുരുവിന്‍റെ അദൃശ്യസാന്നിദ്ധ്യം നമ്മെ നമ്മുടെ നേര്‍വഴിയിലേയ്ക്കു തിരിച്ചുവിടുകയാണോ?
എന്‍റെ ബാല്യകൗമാരത്തില്‍ പാഠപുസ്തകമല്ലാതെ മറ്റൊരു പുസ്തകം വീട്ടിലുണ്ടായിരുന്നില്ല. സ്കൂളില്‍ പേരിനൊരു ചെറിയ ലൈബ്രറി, വരാന്തയിലൂടെ നടക്കുമ്പോള്‍ ചിലപ്പോള്‍ കണ്ടെന്നുവരാം. അവിടെ പോകണമെന്നോ, പുസ്തകമെടുത്തു വായിക്കണമെന്നോ ആരുംപറഞ്ഞിട്ടില്ല. പിന്നെങ്ങനെ ഞാനൊരു സാഹിത്യാദ്ധ്യാപകനായി?
നാല്‍പ്പത്തിയെട്ടുവര്‍ഷത്തിനു പിന്നില്‍നിന്ന്, എന്‍റെ പ്രിയപ്പെട്ട അദ്ധ്യാപകരുടെ നിരയില്‍നിന്ന് ഒരു ഗുരു മുന്നില്‍വരുന്നു. പ്രത്യേകമായ ആകര്‍ഷണമൊന്നുമില്ലാത്ത, ഇരുനിറത്തില്‍, ചെറിയൊരു മനുഷ്യന്‍. കറുത്തമുടി പിന്നിലേയ്ക്കു ചീകിയൊതുക്കി, മുഖത്തൊരു ചെറുചിരി വിടര്‍ത്തി, വെളുത്തമുണ്ടും, തെറുത്തു കയറ്റാതെ കൈയറ്റംവരെ നീട്ടിയിട്ട വെളുത്ത ഷര്‍ട്ടുമിട്ട് ലേശമൊരു ഇളകിയാട്ടത്തോടെ അദ്ദേഹം ക്ലാസ്സിലേക്കുവരുമ്പോള്‍ കുട്ടികള്‍ നിശ്ചലരായി നിശ്ശബ്ദരായി നിന്നുപോകും. എന്‍റെ ഒന്‍പതു-പത്തു ക്ലാസ്സുകളിലെ മലയാളം സാറ്, കെ. പി. നായര്‍ സാറ്...
കെ. പി. നായര്‍സാറ്, ഭാരതത്തിലേയും രാമായണത്തിലേയും കഥകള്‍ സന്ദര്‍ഭോചിതമായി പറയും. കവിതകള്‍ ഇമ്പമായി ചൊല്ലും. കവിതകളുടെ ആത്മാവിലേയ്ക്കു കടന്നുചെല്ലും. അപ്പോള്‍ ആ മുഖമൊന്നു കാണണം. വൃത്താലങ്കാരങ്ങളില്ല, സന്ധിസമാസങ്ങളില്ല, കവിതയുടെ രസാനുഭൂതിയാണ് ആ മുഖത്ത്. അക്ഷരങ്ങള്‍ക്കുള്ളില്‍ നക്ഷത്രമുണ്ടെന്ന് എന്‍റെ ഉള്ളം മെല്ലെ തിരിച്ചറിയുകയായിരുന്നു.
നൂറ്റാണ്ടുകള്‍ക്കുമുമ്പു ഭാരതത്തില്‍ വിശ്വവിഖ്യാതങ്ങളായ പല സര്‍വ്വകലാശാലകളും ഉണ്ടായിരുന്നു. നളന്ദ അതിലൊന്നായിരുന്നു. നളന്ദ എന്നാല്‍ ന അലം ദ എന്നാണ്. 'കൊടുത്തതു പോര' എന്ന് അര്‍ത്ഥം. അദ്ധ്യാപനത്തിന്‍റെ മുദ്രാവാക്യമാണിത്. ആ മുദ്രാവാക്യം സൗമ്യമായി, ദീപ്തമായി ഉയര്‍ത്തിയ ഗുരുവാണ് എന്‍റെ കെ. പി. നായര്‍ സാര്‍.
അമരകോശത്തില്‍ അമരസിംഹന്‍ ബുദ്ധനെ വിശേഷിപ്പിച്ചത് ജ്ഞാനദയാസിന്ധു എന്നാണ്. ജ്ഞാനത്തിന്‍റെയും ദയയുടെയും കടല്‍, അതാണു ഗുരു. ജ്ഞാനം വിഷയനിഷ്ഠമാണ്. ദയ ആത്മനിഷ്ഠമാണ്. ബുദ്ധിയും മനസ്സും സംഗമിക്കുന്ന മനുഷ്യന്‍, അതാണെന്‍റെ ഗുരുസാഗരം.
കുറെനാള്‍ മുമ്പാണ്. ഒരു സന്ധ്യയില്‍ കോട്ടയം നാഗമ്പടത്തു മാതൃഭൂമിയുടെ മുമ്പില്‍ അദ്ദേഹം ബസ്സില്‍ നിന്നിറങ്ങുന്നു. ഞാനോടിച്ചെന്നു. "സാറിവിടെ?" "കുറച്ചു നാളായി ഞാനിവിടെയാണ്. നൈറ്റ്ഡ്യൂട്ടി. പ്രൂഫ്റീഡര്‍ തസ്തികയില്‍. നിങ്ങളെയൊക്കെ പഠിപ്പിച്ച അക്ഷരം ഞാന്‍ മറന്നുപോയില്ല. അക്ഷരം തെറ്റരുതല്ലോ." സാറിന്‍റെ സ്നേഹസ്പര്‍ശിയായ മൊഴിയും ചിരിയും. "സാറീപ്രായത്തില്‍ എല്ലാ രാത്രികളിലും ഉറങ്ങാതെ?" ഏതോ അക്ഷരപ്പിശകില്‍ ഞാന്‍ ചോദിച്ചുപോയി. "ഭാര്യ നേരത്തെ മരിച്ചുപോയി. എനിക്കു രണ്ടു പെണ്‍മക്കളാ. രണ്ടുപേരുടെയും കല്യാണമൊക്കെ കഴിഞ്ഞു. അവര്‍ക്കു കുട്ടികളുമായി. പക്ഷേ..."
കെ. പി. നായര്‍ സാറ് മാതൃഭൂമിയുടെ അക്ഷരക്കൂട്ടിലേക്ക് കൂനിക്കൂടി കയറിപ്പോയി. എന്തോ എന്‍റെ കണ്ണു നിറഞ്ഞു.
ഒന്‍പതില്‍ പഠിക്കുമ്പോള്‍, ഓണപ്പരീക്ഷകഴിഞ്ഞു കണക്കിന്‍റെ ഉത്തരക്കടലാസു കിട്ടിയ ദിവസം വെളിക്കുവിട്ടപ്പോള്‍ സ്കൂളിനു തെക്കുവശത്തുള്ള പ്ലാവിന്‍ചുവട്ടില്‍പ്പോയി നിന്നു ഞാന്‍ കരഞ്ഞു, ആരും കാണാതെ. അപ്പോള്‍ പിന്നില്‍നിന്നും എന്‍റെ ചുമലില്‍ ഒരു സ്പര്‍ശം. അതു കെ. പി. നായര്‍ സാറായിരുന്നു. "എന്താ മാത്യു കരയുന്നോ? ശ്ശേ മോശം സ്കൂളിന്‍റെ ലീഡര്‍ കരയുന്നോ? എന്താകുട്ടീ പറയൂ." "ഫ്രാന്‍സീസ് സാറ് എന്നെയൊത്തിരി വഴക്കുപറഞ്ഞു, കളിയാക്കി." "അതിനു കാരണം കാണുമല്ലോ?" "എനിക്കു കണക്കിനു അമ്പതില്‍ മൂന്ന്" ഞാന്‍ ഏങ്ങലടിച്ചുനിന്നു. "സാരമില്ല കുട്ടീ, ഇനിയും പരീക്ഷ വരുമല്ലോ. ഉത്സാഹിച്ചു പഠിച്ചു ക്രിസ്മസ്പരീക്ഷയ്ക്കു നല്ല മാര്‍ക്കു വാങ്ങാം. ഞാന്‍ മാക്കീല്‍ എബ്രാഹം സാറിനോടു പറയാം. അദ്ദേഹം ട്യൂഷനെടുക്കും. മാത്യുവിനു മലയാളത്തിനും ഇംഗ്ലീഷിനുമൊക്കെ നല്ല മാര്‍ക്കുണ്ടല്ലോ. എല്ലാറ്റിനും ഫസ്റ്റ് ക്ലാസ് മാര്‍ക്കു കിട്ടണമെന്നൊന്നുമില്ല. വിജയം മാത്രമല്ല തോല്‍വിയും നല്ലതാണ്. കരയുന്നതും നല്ലതാണ്. മാത്യു മിടുക്കനല്ലേ, സ്കൂള്‍ ലീഡറല്ലേ. എസ്. എസ്. എല്‍. സിക്കു നമ്മുടെ സ്കൂളിനു ഫസ്റ്റ്ക്ലാസ് വാങ്ങിക്കൊടുക്കേണ്ട കുട്ടിയല്ലേ? വാ."
ഇതാണു ഗുരുകൃപ. നിരാലംബമായ ഇളംമനസ്സിനു ഭാവിയിലേക്കു കരുത്തുപകരുന്ന ഗുരുവിന്‍റെ ജ്ഞാനം, ദയ, ജ്ഞാനദയാസിന്ധു.