news-details
സഞ്ചാരിയുടെ നാൾ വഴി

മണ്‍പാത്രത്തിലെ നിധിയെന്നു മനുഷ്യജീവിതത്തെ പൗലോസ് സംഗ്രഹിക്കുമ്പോള്‍ വീഴാനും ഉടയാനും സാധ്യതയുള്ളൊരാള്‍ എന്നുതന്നെ അര്‍ത്ഥമാക്കിയിട്ടുണ്ടാവണം. മണ്ണില്‍നിന്ന് മനുഷ്യനെ മെനഞ്ഞെടുത്ത ആ പരമചൈതന്യത്തിനറിയാം എത്ര വള്‍നറബിളാണ് തന്‍റെ സൃഷ്ടിയെന്ന്. മനുഷ്യനും മുമ്പേ വെളിച്ചത്തിന്‍റെ വാഹകന്‍ - ലൂസിഫര്‍ എന്നു പേരുള്ള മാലാഖപോലും വീണിട്ടുണ്ട്. ശക്തന്മാര്‍ എങ്ങനെയാണു വീണതെന്ന ചോദ്യത്തിനു വേദംനിറയെ ഇടമുണ്ട്. മറിയത്തിന്‍റെ സ്തോത്രഗീതങ്ങളില്‍പോലും അതിന്‍റെ ആവര്‍ത്തനങ്ങളുണ്ട്: ഏണിയും പാമ്പും കളിപോലെ, കയറിയതിനെക്കാള്‍ വേഗത്തില്‍ നിലംപതിക്കുന്നവര്‍.

എന്തുകൊണ്ടു വസ്തുക്കള്‍ വീഴുന്നുവെന്നൊരു ചോദ്യം ശാസ്ത്രവിചാരത്തില്‍ ഉണ്ടാക്കിയ ഗുരുത്വം അനന്യസാധാരണമായിരുന്നു. അത്തരമൊരു ചോദ്യത്തിന് ഒരാളുടെ ആന്തരികപ്രപഞ്ചത്തെയും സഹായിക്കാനാവും. സ്വന്തം മണ്‍പാദങ്ങളെ തിരിച്ചറിയാതെയോ കണ്ടെത്താതെയോ പോകുന്നുവെന്നതു നിശ്ചയമായും ഒരു കാരണമാണ്. വൃക്ഷം എവിടെയ്ക്കാണോ ചാഞ്ഞുനില്ക്കുന്നത് അവിടേയ്ക്കായിരിക്കും അതിന്‍റെ വീഴ്ചയെന്നു മനസ്സിലാക്കുവാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല.

മണ്‍പാത്രങ്ങള്‍ ഒരു പഴയനിയമസൂചനയാണ്. അസാധാരണ വലിപ്പമുള്ള ഒരു ശില്പം. പലതരം ലോഹങ്ങള്‍കൊണ്ടാണ് അത് പണിതീര്‍ത്തിട്ടുള്ളത്. എന്നാല്‍ ഒരു കുഴപ്പമുണ്ട്, അതിന്‍റെ കാല്പാദം മാത്രം മണ്ണുകൊണ്ടുള്ളത്. ദൃഢഗാത്രരുടെ ദുര്‍ബ്ബലയിടങ്ങള്‍. ഹെബ്രായര്‍ക്കു മാത്രമല്ല എല്ലാ വംശങ്ങളിലുമുണ്ട് സമാനമായ കഥകള്‍. യവനപുരാണങ്ങളില്‍ അത് അക്വിലാസിന്‍റെ ഉപ്പൂറ്റിയാവുന്നു. അമര്‍ത്യതയ്ക്കു കാരണമാകുന്ന നദിയില്‍ കുഞ്ഞിനെ മുക്കിയെടുക്കുമ്പോള്‍ ആ ഇത്തിരിയിടം മാത്രം നനയാതെ പോയി. അവിടെ അമ്പെയ്തു നിങ്ങള്‍ക്ക് അയാളെ കൊല്ലാനാവും. ഭാരതത്തില്‍ അയാള്‍ക്ക് ദുര്യോധനന്‍ എന്നുപേര്. ഗാന്ധാരിയുടെ അനുഗ്രഹകടാക്ഷം അയാളില്‍ പതിക്കുമ്പോള്‍ അമ്മയുടെ മുമ്പില്‍ പോലും തന്‍റെ നഗ്നത മറയ്ക്കാനായിരുന്നു അയാളുടെ ശ്രമം. ഇനി അയാളുടെ തുടയില്‍ അടിച്ചു നിങ്ങള്‍ക്കയാളെ വീഴ്ത്താനാവും. നിങ്ങളുടെ മണ്‍പാദമേതാണ്?

സ്വന്തം ദൗര്‍ബ്ബല്യത്തെ കണ്ടെത്തുകയാണ് പ്രധാനം. ഗുപ്തമായോ ദൃശ്യമായോ അതിന്‍റെ അടയാളങ്ങള്‍ ഒരാളില്‍ വളരെനേരത്തെ കണ്ടെത്താനാവും. ശരാശരി മനുഷ്യരുമായുള്ള താരതമ്യവിചാരങ്ങളില്‍ അത്തരമൊരു മണ്‍പാദത്തെ എനിക്കു കണ്ടെത്താനാവില്ല. എന്നാല്‍ ഒരു ഗുരുസന്നിധിയില്‍ മിഴിപൂട്ടിയിരിക്കുന്ന ഒരാള്‍ക്ക് തന്‍റെ അപൂര്‍ണ്ണതകളെ തിരിച്ചറിയാനാകും. പാപം നിന്‍റെ  പടിപ്പുരയില്‍ നില്പുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ അതു നിന്നെ കീഴ്പ്പെടുത്തുമെന്ന ഉല്പത്തി പുസ്തകത്തിലെ സൂചന ഗുരുവിലൂടെയാണ് നമ്മുടെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഒരു ഉദാഹരണത്തിന് യൂദാസ് തട്ടിവീണ ധനമെന്ന കടമ്പയെ ശ്രദ്ധിക്കുക. അയാളതിലേക്കു നേരത്തെതന്നെ ചാഞ്ഞുനിന്നിരുന്നു. ഒരു സ്ത്രീ തന്‍റെ ജീവിതത്തിന്‍റെ പ്രതീകമായ സുഗന്ധ തൈലത്തിന്‍റെ വെണ്‍കല്‍ ഭരണി അവനുമുമ്പാകെ ഉടച്ചഭിഷേകം ചെയ്യുന്നു. അവള്‍ പാഴാക്കി കളഞ്ഞ ധനത്തെ ഓര്‍ത്തയാള്‍ ഭാരപ്പെടുന്നു. ക്രിസ്തു അയാളെ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ടോ തിന്മകളിലേക്കു ചാഞ്ഞുപോകുന്ന മനുഷ്യര്‍ക്കു പഴയനിയമത്തിലെ ഫറവോയുടെ മനസ്സാണ്. ഓരോ ഇടപെടലിലും കുറച്ചൊന്നു ചഞ്ചലചിത്തരാകുന്ന അവര്‍ അടുത്തനിമിഷത്തില്‍ അതിന്‍റെ കൂട്ടുപലിശയ്ക്കു കൂടി കഠിനഹൃദയരാകുന്നു. അയാളുടെ വീഴ്ച ഒരു സ്വാഭാവിക പരിണതി ആയിരുന്നു. കഠിനമായ അഹത്തിലേക്ക് ചാഞ്ഞുനിന്ന മനസ്സായിരുന്നു പത്രോസിന്‍റേത്. ഇടയനെ അടിക്കുകയും ആടുകള്‍ ചിതറപ്പെടുകയും ചെയ്യുന്ന രാവിനെക്കുറിച്ചു പറയുമ്പോള്‍ തനിക്ക് അതൊരിക്കലും സംഭവിക്കില്ലെന്ന് അയാള്‍ ആണയിടുന്നു. ക്രിസ്തു അയാളെയും തിരുത്തുന്നുണ്ട്. ഒടുവില്‍ അവനവന്‍ കടമ്പയില്‍ തട്ടി അയാളും വീഴുന്നു.

ചെറിയ കാര്യങ്ങളിലുള്ള അവിശ്വസ്തതകളില്‍ നിന്നാണു വീഴ്ചകളൊക്കെ ആരംഭിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവരെയാണ് അവിടുന്ന് വലിയ കാര്യങ്ങള്‍ക്കുവേണ്ടി കരുതിവയ്ക്കുന്നത്. ഒരുദിവസം കൊണ്ടല്ല റോമാ പണിയപ്പെട്ടതെന്ന പഴഞ്ചൊല്ലിന്‍റെ റിവേഴ്സ് വായനയും സംഭവിക്കേണ്ടതുണ്ട്. ഒരു ദിവസം കൊണ്ടല്ല റോമാ ജീര്‍ണ്ണിച്ചതും തകര്‍ന്നതും. പഴയനിയമത്തിലെ ഏറ്റവും വലിയ വീഴ്ച സാംസന്‍റേതാണെന്നു തോന്നുന്നു. കടിഞ്ഞാണില്ലാത്ത മമതകളായിരുന്നു അയാളുടെ മണ്‍പാദം. എവിടെയാണ് അയാളുടെ ശക്തി എന്നാരാഞ്ഞ ദലീലയോട് മുടിച്ചുരുളുകളെന്ന് അയാളുടെ മറുപടി മിക്കവാറും ഒരു ഫലിതമായിരിക്കണം. എന്നിട്ടും ആ മുടിയിഴകള്‍ മുറിച്ചുകളഞ്ഞപ്പോള്‍ ഒരു ചണനാരുകൊണ്ട് കെട്ടിയിട്ടിട്ടുപോലും പൊട്ടിക്കാനാവാതെ അയാള്‍ ദുര്‍ബലനായി നില്‍ക്കുന്നതു കാണുന്നില്ലേ? ഏറ്റവും ചെറിയ കാര്യങ്ങളിലെ അശ്രദ്ധപോലും വല്യവീഴ്ചകളുടെ വാരിക്കുഴിയായി മാറുന്നു. ആകാശത്തുനിന്നു വീണാല്‍ പിന്നെ നക്ഷത്രങ്ങള്‍ ഇല്ല -കരിക്കട്ട മാത്രം.

അവനവന്‍ കടമ്പ പൊത്തോം,പൊത്തോം  - കാവാലവും കൂട്ടരും കോറസ്സു പാടുകയാണ്. തങ്ങളില്‍തന്നെ കഠിനമായി വിശ്വസിക്കുകയും അഗാധമായി അഭിരമിക്കുകയും ചെയ്തവര്‍ക്ക് വീഴ്ച ഒരു സാധാരണ തലവരയാണെന്നു തോന്നുന്നു. വീഴാന്‍പോകുന്നവരെ താങ്ങിനിറുത്താനായി കാലവും മനുഷ്യനും ദൈവവും കൈനീട്ടുന്നുണ്ട്. ആ കരം നിങ്ങള്‍ വേണ്ടെന്നുവച്ചാല്‍ എന്തു ചെയ്യും. ഒരു കഥപോലെ വായിച്ചെടുക്കാവുന്ന പത്രോസിന്‍റെ കടലിനുമീതെയുള്ള യാത്രയെടുക്കുക. എല്ലാത്തിനും മീതെ നടക്കാനുള്ള ഗുരുവിന്‍റെ ക്ഷണവുമായി ബന്ധപ്പെട്ട് ഒരു പ്രതീകാത്മക സംഭവമായിരിക്കാമത്. ഏതാനും കാതങ്ങള്‍ അയാള്‍ നടന്നതുമാണ്. പിന്നെ അയാള്‍ മുങ്ങി തുടങ്ങി. പരമ്പരാഗതമായ ഒരു വിശ്വാസമിതാണ്. അത്രയും നേരം അയാള്‍ ക്രിസ്തുവിനെ ഉറ്റുനോക്കി ചുവടുചവിട്ടുകയായിരുന്നു. ക്രിസ്തുവിനെ ഉറ്റുനോക്കുന്നവര്‍ക്കാര്‍ക്കും അഹത്തിന്‍റെ ഭാരമുണ്ടാവില്ല. അവര്‍ക്കൊരു തൂവലിന്‍റെ കനമേയുണ്ടാകൂ. എന്നാല്‍ എപ്പഴോ അയാള്‍ ആ കണ്ണുവലിച്ച് തന്നിലേക്കുതന്നെ അഹന്തയോടെ നോക്കിയിട്ടുണ്ടാവും. കാണക്കാണെ അയാളുടെ ഭാരം വര്‍ദ്ധിക്കുന്നു. മുങ്ങാതെ തരമില്ല. അതു പറഞ്ഞയാള്‍ നിലവിളിക്കുമ്പോള്‍ ആ കരം അയാളെ വീണ്ടും മുറുകെപ്പിടിക്കും. ഒരാള്‍ വീഴാതിരിക്കുമെന്നുള്ളത് അയാളുടെ മെറിറ്റായി എണ്ണരുതെന്നു സാരം. ഒരു കുറ്റവാളിയെ പട്ടാളക്കാര്‍ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോള്‍ ഫ്രാന്‍സിസ് തന്‍റെ സ്നേഹിതരോട് വിതുമ്പുന്നതുപോലെ, ദൈവം കരുതിയില്ലായിരുന്നെങ്കില്‍ ഞാന്‍ അയാളെക്കാളും ഇടറിയേനെ.

എത്ര വീണിട്ടാണു കുഞ്ഞുങ്ങളായ നമ്മള്‍ നടക്കാന്‍ പഠിച്ചത്. ഒരാളും കുറ്റപ്പെടുത്തിയിട്ടില്ല. അത്തരം അനുഭാവത്തിന്‍റെ ഭാഗ്യം പലപ്പോഴും മുതിര്‍ന്നവര്‍ക്കു കിട്ടുന്നില്ല. മാപ്പുകൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു. ഗൗരവമായ ഒരിടര്‍ച്ചയെക്കുറിച്ച് തന്‍റെ സ്ത്രീയോട് ഏറ്റുപറയാന്‍ തയ്യാറാകുന്ന ഒരാള്‍ അവളുടെ ക്ഷോഭത്തിലോ സങ്കടത്തിലോ താന്‍  ചിതറിപ്പോകുമെന്നു ഭയന്നുനില്ക്കുമ്പോള്‍ അവളിങ്ങനെ പറഞ്ഞു: "എനിക്കിപ്പോള്‍ തോന്നുന്നു. പുറത്തുകളിക്കാന്‍ പോയൊരു കുട്ടി സുഖകരമല്ലാത്ത കുസൃതി ചെയ്തിട്ട് അമ്മയുടെമുമ്പില്‍ പരുങ്ങി നില്ക്കുന്നതുപോലെ നിങ്ങളെന്ന്. നിങ്ങള്‍ക്കു ഞാന്‍ മാപ്പുനല്കിയില്ലെങ്കില്‍ മറ്റാരാണതു തരിക."

ലോകത്തെ ഏറ്റവുംവലിയ ഹീനത വീണവനെ നിങ്ങള്‍ ആക്രമിക്കുകയെന്നതാണ്. ഒരു യുദ്ധത്തിന്‍റെ നെറികേടില്‍പോലും അതു ചെയ്യാതിരിക്കാനുള്ള വിവേകം ഭൂമിയിലേക്കുവച്ച് ഏറ്റവും കഠിനഹൃദയനായ ഒരു പോരാളിക്കുണ്ട്. എന്നിട്ടും ഗാര്‍ഹിക സാമൂഹിക പരിസരങ്ങളില്‍ ആ നന്മ പലപ്പോഴും ലംഘിക്കപ്പെടുന്നു.

സ്വയം മാപ്പുകൊടുക്കാന്‍ പഠിക്കുകയാണ് പ്രധാനം. അറിഞ്ഞോ അറിയാതെയോ സംഭവിച്ച വീഴ്ചകളില്‍ ജീവിതകാലം മുഴുവന്‍ ആത്മനിന്ദയുടെ കനലില്‍ വേവുന്നവരെ കണ്ടിട്ടുണ്ട്. മനുഷ്യന്‍റെ വീഴ്ചകളോട് സഹാനുഭൂതിപുലര്‍ത്തുന്ന ഒരു ദൈവസങ്കല്പമാണല്ലോ, ക്രിസ്തുവിലൂടെ മറനീക്കി വരുന്നത്. ആരോഗ്യമുള്ളവര്‍ക്കല്ല ആതുരര്‍ക്കാണ് വൈദ്യന്‍റെ ആവശ്യമെന്നു പറഞ്ഞ് വീണവരും പരിക്കേറ്റവരുമാണു തന്‍റെ മുന്‍ഗണനാക്രമത്തിന്‍റെ ആദ്യത്തെ പട്ടികയിലെന്ന് അവന്‍ വ്യക്തമാക്കി.  നോമ്പുകാലത്ത് കുരിശിന്‍റെ വഴി പ്രാര്‍ത്ഥനകളിലൂടെ കടന്നുപോയവര്‍ക്കറിയാം മൂന്നിടങ്ങളിലെങ്കിലും നിങ്ങള്‍ അവന്‍റെ വീഴ്ചയെ ധ്യാനിക്കുന്നത്. എന്തൊരു സാന്ത്വനമാണ് ആ ഇടങ്ങള്‍ ഒരാള്‍ക്കു സമ്മാനിക്കുന്നത്. വീണപ്പോള്‍ അവന്‍ നമ്മളൊടൊപ്പം വീണു. എഴുന്നേറ്റപ്പോള്‍ അവന്‍ നമ്മളെയും കൈപിടിച്ചുയര്‍ത്തി. സീസര്‍ നിലംപതിച്ചപ്പോള്‍ മാര്‍ക്ക് ആന്‍റണി പറഞ്ഞതില്‍നിന്ന് വിഭിന്നമാണിത്: വല്ലാത്തവീഴ്ചയാണിത്, സീസര്‍ വീണപ്പോള്‍ ഞാനും നിങ്ങളും അയാളോടൊപ്പം വീണു. പറഞ്ഞുവരുന്നത് ദൈവം നിങ്ങളോട് ഉപാധികളില്ലാതെ പൊറുത്തുവെന്നാണ്. ഒരു പെണ്‍കുട്ടിയുടെ ഭൂതകാലം ഇടര്‍ച്ചകളുടെ ആകെത്തുകയായിരുന്നു. മനസ്സുമടുത്തവള്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു. കടലോരത്തുകൂടെ നടന്ന് പിന്നെ തിരകളിലേക്ക് കുതിക്കാന്‍ ആഞ്ഞപ്പോള്‍ ഉള്ളില്‍നിന്ന് ഒരു ശബ്ദം കേട്ടു: "തിരിഞ്ഞു നോക്കുക." അവള്‍ തിരിഞ്ഞു നോക്കി. അവള്‍ നടന്നുവന്ന വഴികളില്‍ ഭൂതകാലംപോലെ അവളുടെ കാല്പാടുകള്‍. നോക്കി നില്ക്കുമ്പോള്‍തന്നെ ഒരു തിര വന്ന് ആ അടയാളങ്ങളെ തുടച്ചുനീക്കി, വീണ്ടും കടലിലേക്കുമടങ്ങി. എല്ലാം പുതുതായി ആരംഭിക്കുവാന്‍ അവിടുന്ന് ഒരു സ്ളേറ്റ് വൃത്തിയാക്കുന്ന കണക്ക് എന്‍റെ ഇന്നലെകളില്‍നിന്ന് എനിക്കു മോചനം നല്കിയെന്ന് അവള്‍ സ്വസ്ഥതപ്പെട്ടു.

ഒപ്പം നിങ്ങളുടെ വീഴ്ചയില്‍ ഉലഞ്ഞുപോയ നിങ്ങളുടെ ഉറ്റവരും അതിനെ മറന്നുതുടങ്ങി. ദുര്‍ഘടമായ ഇടമാണെങ്കിലും അവിടെ ചെറിപ്പൂക്കളിനിയും വിരിയുന്നുണ്ട്. വീണ്ടെടുക്കപ്പെടാനുള്ള നിങ്ങളുടെ ശ്രമത്തെ അവര്‍ മാനിക്കുന്നുണ്ട്. ആടു മോഷ്ടിച്ച ഒരു കള്ളന്‍റെ നെറ്റിയില്‍, ഷീപ്പ് എന്നര്‍ത്ഥത്തില്‍ െ എന്നു പച്ചകുത്തി. പിന്നീടുള്ള കാലം അയാളില്‍ ഉണ്ടാക്കിയ വ്യതിയാനവും വിമലീകരണവും കണ്ടിട്ട് അയാളുടെ നെറ്റിത്തടത്തിലതിന്‍റെ അര്‍ത്ഥം 'സെയിന്‍റ്' എന്ന് അവര്‍ കുഞ്ഞുമക്കള്‍ക്കു പറഞ്ഞുകൊടുത്തു. അതെ ഇനിയും പൊറുക്കാത്തത് നിങ്ങളാണ്. ഒരു വീഴ്ചയില്‍ സംഭവിച്ച ഉലച്ചിലിലും ആത്മനിന്ദയിലും നിങ്ങള്‍ ഇതിനകംതന്നെ ആവശ്യത്തിലേറെ പ്രായശ്ചിത്തവും പരിഹാരവും ചെയ്തിരിക്കുന്നു. കറ നല്ലതാണെന്ന് ഒരു ഡിറ്റര്‍ജന്‍റിന്‍റെ പരസ്യത്തില്‍ പറയുന്നതുപോലെ വീഴ്ചയക്കും ചില പ്രയോജനങ്ങള്‍ ഉണ്ടാവണം. സ്വന്തം ജീവിതത്തെ വിനയത്തോടും യാഥാര്‍ത്ഥ്യബോധത്തോടും  പുനര്‍വിചിന്തനം ചെയ്യാനായി. ഇനി സ്വയംപൊറുത്ത് വര്‍ത്തമാനകാലത്തെ പ്രകാശിപ്പിക്കുക. എന്തുടഞ്ഞുപോയാലും അതിനെ പുതുക്കി പണിയാനാകുമെന്നുള്ളതാണല്ലോ അയാള്‍ വച്ചുനീട്ടുന്ന സുവിശേഷം. ഏറ്റവും കഠിനവും അവസാനത്തേതുമായ വീഴ്ച മരണമാണ്. അതില്‍പ്പോലും  നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്നു ലോകത്തോടു നിരന്തരം വിളിച്ചുപറയുക. 

You can share this post!

ആലിംഗനം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts