(പാരിസ്ഥിതിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി, അന്തരിച്ച ഡോ. എ ലതയുടെ നേതൃത്വത്തില്‍ ആരംഭിച്ച റിവര്‍ റിസേര്‍ച്ച് സെന്‍ററിന്‍റെ അവിഭാജ്യ ഘടകമായ സ്കൂള്‍സ് ഫോര്‍ റിവേര്‍-ന്‍റെ പ്രവര്‍ത്തനമേഖലകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഒരു തലമുറയെ പ്രതീക്ഷയുടെയും പച്ചപ്പിന്‍റെയും പുത്തനുണര്‍വിലേക്ക് നയിക്കാനായതിന്‍റെയും അവരിലൂടെ ഒരു നവലോകസാധ്യതയുടെ കിരണങ്ങളെ കണ്ടെത്തിയതിന്‍റെയും അനുഭവക്കുറിപ്പ്.)
പുഴകളെ അടുത്തറിയാനും സ്നേഹിക്കാനും ഒരു ശ്രമം
യുവതലമുറയ്ക്ക് പുഴസംരക്ഷണത്തിന്‍റെ പാഠങ്ങള്‍ ചൊല്ലിക്കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവരുടെ സംവേദനക്ഷമതയെ ഉണര്‍ത്തുക എന്നത് വരുംതലമുറ പുഴകളെ സംരക്ഷിക്കേണ്ടതിന് അത്യന്താപേക്ഷിതമാണ്. അനുദിനം വേഗത്തിലാ കുന്ന നമ്മുടെ പാരിസ്ഥിതിക കാലടിപ്പാടുകള്‍ വളരെ കുറച്ച് ഒഴുകുന്ന പുഴകളെയേ വരുംതല മുറകള്‍ക്കായി ഈ ഭൂമിയില്‍ അവശേഷിപ്പിച്ചിട്ടുള്ളൂ. അവര്‍ക്ക് പുഴയുടെ അല്പം അടയാളങ്ങളെങ്കിലും ബാക്കി വെക്കണമെങ്കില്‍, അത് കാണാനും അനുഭവിക്കാനും മനസ്സിലാക്കാനും പഠിക്കാനും സംരക്ഷണത്തിന്‍റെ സംസ്കാരം വളര്‍ത്താനും പകര്‍ന്നുകൊടുക്കാനും കഴിയണമെങ്കില്‍ ഈ പ്രാധാന്യം നാം മനസ്സിലാക്കണം. നമ്മുടെ വിദ്യാലയങ്ങളിലും അതിനാല്‍ ഇത്തരം പ്രവര്‍ത്ത നങ്ങള്‍ പഠനത്തിന്‍റെ ഭാഗമാക്കേണ്ടത് അത്യന്താ പേക്ഷിതമാണ്.
ശുദ്ധജലത്തിന്‍റെ ഒഴുകുന്ന സ്രോതസ്സുക ളായ പുഴകളെ ദശലക്ഷക്കണക്കിന് ജനങ്ങളാണാ ശ്രയിക്കുന്നത്. നിരവധി സസ്യ-ജന്തുജാതികള്‍ക്ക് ആവാസസ്ഥലവും കൂടിയാണ് പുഴകള്‍. ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ ചില നദികളെ അവയുടെ പാരിസ്ഥിതിക, ഭൗതിക, പരിണാമ പരമായ പ്രത്യേകതകളും പ്രാധാന്യവും കണക്കി ലെടുത്ത് വന്യനദികളാچയി പ്രഖ്യാപിച്ച് സംരക്ഷിച്ചു പോരുന്നുണ്ട്. ലോകമൊട്ടുക്ക് ഒട്ടനവധി സംഘടനകള്‍ നദീസംരക്ഷണം ഒരു പ്രധാനപ്പെട്ട വിഷയമായി വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
നമ്മുടെ രാജ്യത്തെ നദികള്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും യുവതലമുറയെ പുഴസംരക്ഷണവുമായി ബന്ധിപ്പിക്കുന്ന നല്ല പരിപാടികള്‍ ഇന്ത്യയില്‍ തുലോം കുറവാണ്. പശ്ചിമഘട്ടത്തെ ആശ്രയിച്ചൊഴുകുന്ന പുഴകളുള്ള കേരളത്തില്‍ അവയുടെ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് റിവര്‍ റിസര്‍ച്ച് സെന്‍റര്‍ വിവിധ പഠനങ്ങളും പ്രവര്‍ത്തനങ്ങളും ക്യാംപെയ്നുകളും തുടര്‍സംവാദങ്ങളും നടത്തിവരികയാണ്. പതിനഞ്ച് വര്‍ഷത്തിലേറെയായി പുഴ-പരിസ്ഥിതി സംരക്ഷണ ത്തിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ച് സ്കൂള്‍-കോ ളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റിവര്‍ റിസര്‍ച്ച് സെന്‍റര്‍ അംഗങ്ങള്‍ സംവദിച്ചുകൊണ്ടിരിക്കുന്നു. ഈ അനുഭവത്തില്‍ നിന്നു കൂടിയാണ് സ്കൂള്‍സ് ഫോര്‍ റിവര്‍ എന്ന പേരില്‍ ഒരു പുഴ-പരിസ്ഥിതി വിദ്യാഭ്യാസപരിപാടിയ്ക്ക് രൂപം നല്‍കാന്‍ 2006-ല്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്.
ഏകദേശം 38,000 ച. കി. മീ. വരുന്ന പ്രദേശത്ത് വസിക്കുന്ന 30 ദശലക്ഷത്തിലേറെ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന നമ്മുടെ കേരളത്തിലെ പുഴകള്‍ വളരെ ചെറുതും മഴയെ മാത്രം ആശ്രയിക്കുന്നവയുമാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ശുദ്ധജലമെത്തിക്കുന്നതും പാരിസ്ഥിതികധര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിക്കു ന്നവയുമാണ് ആരോഗ്യമുള്ള പശ്ചിമഘട്ടനദികള്‍ എന്നുപറയാം. എന്നാല്‍ അമിതചൂഷണവും അശ്രദ്ധയും കാരണം നമ്മുടെ പുഴകളുടെ വര്‍ഷം മുഴുവന്‍ ഒഴുകാനുള്ള ശേഷി നഷ്ടപ്പെട്ടുകൊണ്ടി രിക്കുകയാണ്. സമ്പൂര്‍ണ്ണസാക്ഷരത നേടിയ സംസ്ഥാനമെന്ന് അംഗീകരിക്കപ്പെടുമ്പോഴും കേരളത്തിലെ ആളുകള്‍ക്ക് പ്രകൃതിസമ്പ ത്തുക്കളോടുള്ള കരുതല്‍ എത്രയുണ്ടെന്നും പ്രകൃതിസ്നേഹത്തില്‍ നിന്നെല്ലാം എത്ര വേഗമാണ് കേരളസമൂഹം അകന്നുകൊണ്ടിരിക്കുന്നതുമെല്ലാം തിരിച്ചറിയുമ്പോള്‍ ഇത്തരം അമൂല്യസമ്പത്തുകളെ സ്നേഹിച്ച് തന്നെ അവയെ സംരക്ഷിക്കാനുള്ള അവബോധം ഓരോ തലമുറയ്ക്കും നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതൊരു തുടക്കം മാത്രമാണ്. പുഴസംരക്ഷണത്തിനായി കുട്ടികള്‍ രംഗത്തിറങ്ങുന്ന തരത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ് വേണ്ടത്.
ചാലക്കുടിപ്പുഴത്തടത്തിലെ സ്കൂള്‍-കോ ളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുഴ-പരിസ്ഥിതി വിഷയങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ പരിപാടിയാണ് 'സ്കൂള്‍സ് ഫോര്‍ റിവര്‍'. ചാലക്കുടിപ്പുഴത്തടത്തിലെ വിവിധ സ്കൂളുകളിലായി 'സ്കൂള്‍സ് ഫോര്‍ റിവര്‍' ഈ വിഷയത്തില്‍ പ്രവര്‍ത്തനങ്ങള്‍, യാത്രകള്‍, ക്യാമ്പുകള്‍, പഠനക്കളരികള്‍ തുടങ്ങിയവ നിരന്തരം നടത്തിവരികയാണ്. നമ്മള്‍ ജീവിക്കുന്ന പുഴത്ത ടത്തെ നമ്മുടേതെന്ന് കരുതി സ്നേഹിക്കാനും സംരക്ഷിക്കാനും കുട്ടികളെ സജ്ജരാക്കുക, പൂര്‍ണ്ണമായി പുഴയെ മനസ്സിലാക്കാനുള്ള സാഹചര്യങ്ങളൊരുക്കുക എന്നിവയെല്ലാമാണ് പരിപാടിയുടെ മുഖ്യലക്ഷ്യങ്ങള്‍. തെരഞ്ഞെടുത്ത സ്കൂളുകളിലെ ഇക്കോക്ലബ്ബുകളുമായി ചേര്‍ന്നാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായി ഞങ്ങള്‍ ചെയ്ത/ചെയ്തുപോരുന്ന പ്രവര്‍ത്തങ്ങള്‍ ഇവയാണ്.
1. പുഴയോര ജൈവസംരക്ഷണം
പൊതുജനങ്ങളെ കൂടി പുഴസംരക്ഷണ ത്തില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശികപങ്കാളിത്തത്തോടെയുള്ള പുഴയോരസംരക്ഷണപരിപാടി റിവര്‍ റിസര്‍ച്ച് സെന്‍റര്‍ ആരംഭിക്കുന്നത്. ചാലക്കുടി പുഴത്തീരത്ത് തനത് പുഴയോരവൃക്ഷങ്ങളും ചെടികളും നട്ട് പുഴയോരനിവാസികളുടെ സഹായത്തോടെ സംരക്ഷിക്കുക എന്നതാണ് പദ്ധതി. ജൈവമാര്‍ഗ്ഗങ്ങളിലൂടെ പുഴയോരം സംരക്ഷിക്കുന്നതിന് കോണ്‍ക്രീറ്റ് ഭിത്തികളേക്കാള്‍ പുഴയോരസസ്യങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം. ചാലക്കുടി മുനിസിപ്പാലിറ്റിയു ടെയും സോഷ്യല്‍ ഫോറസ്ട്രിയുടെയുമെല്ലാം സഹായത്തോടെയാണ് ഈ പരിപാടി നടത്തിവരു ന്നത്. 2014 ജൂലൈയിലാണ് ഔദ്യോഗികമായി ഈ പരിപാടിയുടെ ഉദ്ഘാടനം നടന്നത്. തൈകള്‍ നടുക, സംരക്ഷിക്കുക, നനയ്ക്കുക, ട്രീഗാര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങി പല കാര്യങ്ങളിലും സ്കൂള്‍സ് ഫോര്‍ റിവറിന് പ്രധാനപങ്ക് വഹിക്കാനാകുന്നുണ്ട്.
ചെടികള്‍ക്ക് നന്നായി ചകിരിയും ഉണങ്ങിയ ഇലകളും കൊണ്ട് പൊതയിട്ട് പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ച് അവയില്‍ സുഷിരങ്ങളിട്ട് തുള്ളിനന വഴി ഒരാഴ്ചയോളം തടങ്ങളില്‍ നനവ് നിലനിര്‍ത്തുന്നു. ആഴ്ച തോറും സ്കൂള്‍ വിദ്യാര്‍ ത്ഥികളോടൊപ്പം ചെന്നാണ് ഇത് ചെയ്തുവരുന്നത്. ചിലയിടങ്ങളില്‍ അതാത് പറമ്പുകളുടെ ഉടമസ്ഥരും നനച്ചുവരുന്നുണ്ട്. കുട്ടികള്‍ക്ക് അവധി വരുന്ന അവസരങ്ങളില്‍ പുഴയോരനിവാസികളായ സുഹൃത്തുക്കളും ഒപ്പം ചേരാറുണ്ട്.
2. പ്ലാസ്റ്റിക് ഫ്രീ ക്യാംപെയ്ന്‍
അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്ലാസ്റ്റിക് മലിനീകരണം കാരണം നിരവധി വന്യജീവിമരണം ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാനിന്‍റെ ജീര്‍ണ്ണിച്ച ശരീരത്തില്‍ അവശേഷിച്ചിരി ക്കുന്ന പ്ലാസ്റ്റിക്കിന്‍റെ ചിത്രം വ്യാപകമായി പത്രങ്ങളില്‍ വാര്‍ത്തയായതോടു കൂടി ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് സംസ്ഥാന വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ അടിയന്തരനടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ബന്ധപ്പെട്ട എല്ലാവരോടും പ്ലാസ്റ്റിക്മുക്തവാഴച്ചാലിനായുള്ള ഉദ്യമത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇതിനെ തിരെ അവബോധമുണ്ടാക്കാനായി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കിയിരുന്നു. അതിന് ശേഷം ആരംഭിച്ച പ്ലാസ്റ്റിക് ഫ്രീ വാഴച്ചാല്‍ ക്യാപെയ്നില്‍ വനംവകു പ്പിന്‍റെ സഹായത്തോടെ വിവിധ സ്റ്റിക്കറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുകയും കുട്ടികള്‍ എല്ലാ ശനിയാഴ്ചകളിലും അവിടെ പോയി വിനോദസഞ്ചാരികളോട് സംസാരിക്കുകയും അവരുടെ വാഹനങ്ങളില്‍ സ്റ്റിക്കറുകളൊട്ടിക്കുകയും ചെയ്യുന്നു.
ഈ പരിപാടി ഉച്ചവരെ ചെയ്തതിന് ശേഷം വന്ന ക്യാംപെയ്ന്‍ ടീമിനോട് പുഴ-പരിസ്ഥിതി വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ശേഷം അവര്‍ക്ക് പുഴയില്‍ കുളിക്കാനും ആസ്വദിക്കാനുമായി സമയം നല്‍കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലൊരു കാര്യം ആളുകളോട് സംസാരിക്കുമ്പോഴാണ് അവര്‍ എത്ര അശ്രദ്ധമായാണ് സംസാരിക്കുന്നതെന്ന് കുട്ടികള്‍ തിരിച്ചറിയുന്നത്. പരിസ്ഥിതിയെയും പുഴയെയുമൊക്കെ കാണുന്ന സമീപനത്തില്‍ മാറ്റം വേണമെന്ന് കുട്ടികള്‍ തിരിച്ചറിയുകയായിരുന്നു.
3. പുഴനടത്തങ്ങള്‍/യാത്രകള്‍
പുഴയുമായി ബന്ധപ്പെട്ട വിവിധ ആവാസ വ്യവസ്ഥകളിലേക്ക് ഞങ്ങള്‍ ധാരാളം യാത്രകള്‍ നടത്താറുണ്ട്. കാടുകളിലേക്കും പുഴയുടെ കീഴ്ത്തട ങ്ങളിലേക്കും തണ്ണീര്‍ത്തടങ്ങളിലേക്കും നീര്‍ത്തട ങ്ങളിലേക്കുമെല്ലാം നടത്താറുള്ള ഈ യാത്രകളി ലൂടെ പുഴയ്ക്ക് വിവിധ ആവാസവ്യവസ്ഥകളുമായും കുട്ടികള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ജലത്തെ ക്കുറിച്ചുമുള്ള പരസ്പരബന്ധം മനസ്സിലാക്കാന്‍ സാധിക്കുന്നു.
4. അവധിക്കാലക്യാമ്പുകള്‍
യാത്രകള്‍ പോലെ തന്നെ ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടവ തന്നെയാണ് അവധിക്കാ ലക്യാമ്പുകള്‍. പുഴയുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലങ്ങളില്‍ മൂന്ന് ദിവസം താമസിക്കുകയും പുഴകളെ പ്രതി കുട്ടികളുടെ സംവേദനക്ഷമത ഉണര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അവരോട് സംവദിക്കുകയും പല തരം പ്രവര്‍ത്തനങ്ങളിലൂടെ ഈ അനുഭവം ആസ്വാദ്യകരമാക്കുകയും ചെയ്യാറുണ്ട്. എല്ലാ കുട്ടികളും ഏറെ ഇഷ്ടപ്പെടുന്ന ഇത്തരം ക്യാമ്പുകളുടെ അവസാനത്തില്‍ അവര്‍ എന്തെങ്കിലുമൊരു കൈപ്പുസ്തകമോ പോസ്റ്ററുകളോ ചിത്രങ്ങളോ മാസികയോ ഒക്കെ തയ്യാറാക്കാറുണ്ട്. ഉദാഹരണത്തിന് 2015-ലെ അവധിക്കാലക്യാമ്പില്‍ എഴുതാനും വരയ്ക്കാനുമെല്ലാം അറിയാവുന്ന കുട്ടികളെ ക്ഷണിച്ചിരുന്നു. അവരെല്ലാവരും ചേര്‍ന്ന് പുഴയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ അവരുടെ ഭാവനയില്‍ എഴുതുകയും വരയ്ക്കുകയുമെല്ലാം ചെയ്തു. കുട്ടികള്‍ക്കായി ഉടന്‍ പ്രസിദ്ധീകരിക്കുന്ന പുഴപ്പുസ്തകങ്ങളില്‍ ഇവയില്‍ തെരഞ്ഞെടുത്ത സൃഷ്ടികള്‍ ഉള്‍പ്പെടുത്താന്‍ കൂടിയാണ് ഇത്തരത്തിലൊരു څപുഴ-വരയും വരിയുംچ ക്യാമ്പ് സംഘടിപ്പിച്ചത്. ഏതായാലും കവിതകളും കഥകളും ലഘുനാടകവും വര്‍ണ്ണശബളമായ ചിത്രങ്ങളും പോസ്റ്ററുകളും അടക്കം കുട്ടികളുടെ ഗംഭീര സൃഷ്ടികളാല്‍ ക്യാമ്പ് വന്‍വിജയമായി. കഴിഞ്ഞവര്‍ഷം ജൈവവൈവിദ്ധ്യവുമായി ബന്ധപ്പെട്ട കൊളാഷുകളും പോസ്റ്ററുകളുമാണ് ക്യാമ്പില്‍ കുട്ടികള്‍ തയ്യാറാക്കിയത്.
5. പുഴ ഉത്സവം: 'പുഴയോളങ്ങള്‍'
ഒരു പുഴത്തടത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം ചേര്‍ത്ത് 2016 ജനുവരിയില്‍ സംഘടിപ്പിക്കപ്പെട്ട വര്‍ഷാവസാനപരിപാടി. ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്കൂളുകളിലെ കുട്ടികള്‍ പുഴയുമായി ബന്ധപ്പെട്ട തൊഴിലുകള്‍, പുഴയുമായി ബന്ധപ്പെട്ട വിവിധ ആവാസവ്യവ സ്ഥകള്‍, പുഴയും നീര്‍ത്തടവും, പുഴ നേരിടുന്ന പ്രശ്നങ്ങള്‍, പുഴ-സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങളില്‍ പഠനറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കു കയും വിവരശേഖരണത്തിന് ശേഷം ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്രകള്‍ നടത്തുകയും അവയിലെ അനുഭവങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. ശേഷം മറ്റ് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മുമ്പാകെ നാടകം, ഹ്രസ്വചിത്രങ്ങള്‍, സംഗീതശില്പം, ടാബ്ലോ, പാട്ടുകള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങി ആസ്വാദ്യകരവും സര്‍ഗ്ഗാത്മകവുമായ വിവിധ രീതികളില്‍ അവര്‍ മനസ്സിലാക്കിയ വിഷയങ്ങള്‍ ഒരു പൊതുപ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചു.
6. ആവാസവ്യവസ്ഥാ നിരീക്ഷണം
ഓരോ സ്കൂളുകളും വിവിധ ആവാസവ്യവസ്ഥകള്‍ തെരഞ്ഞെടുക്കുകയും തുടര്‍ച്ചയായുള്ള ഇടവേളകളില്‍ അവ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ രേഖപ്പെടുത്തി സുക്ഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ചുറ്റുപാടുമുള്ള ജൈവലോകത്തെ പരസ്പരബന്ധം കൂടുതല്‍ അറിയാനും കണ്ണും കാതും തുറന്ന്വെച്ച് നല്ല നിരീക്ഷകരായി മാറാനും കഴിയുന്നു.
വരുംകാലങ്ങളില്‍ വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള കാഴ്ചപ്പാട് ഏറെ മാറേണ്ടിയിരിക്കുന്നു. കരിയര്‍ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള വിദ്യാഭ്യാസം കുട്ടികളെ നല്ല പ്രകൃതിസ്നേഹിയും മനുഷ്യസ്നേഹിയുമൊന്നുമായിത്തീരാന്‍ സഹായിക്കുന്നതാവില്ല. നമ്മുടെ ഭൂമിയെ പുതുതലമുറയെ ഏല്പിക്കും മുമ്പ് ഇത്തരം കാര്യങ്ങള്‍ കൂടി സഗൗരവം കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്.
പുഴകളുടെ സംരക്ഷണത്തില്‍ കുട്ടികള്‍ക്ക് സര്‍വ്വസന്നദ്ധരായി എങ്ങനെ പങ്കാളികളാകാ മെന്നതിന് ഒരു ചെറിയ ഉദാഹരണമാണ് څസ്കൂള്‍സ് ഫോര്‍ റിവര്‍چ. എല്ലാ പുഴത്തടങ്ങളിലെയും കുട്ടികള്‍ ഇതൊരു ഉദ്യമമായി ഏറ്റെടുക്കുകയാണെങ്കില്‍ പുഴകളെ സംരക്ഷിക്കുന്ന ഒരു വലിയ പരിപാടിയായി ഇത് മാറും. പരിസ്ഥിതിയിലെ വിവിധ വസ്തുക്കള്‍ തമ്മിലുള്ള പാരസ്പര്യമാണ് നമ്മുടെ കുട്ടികള്‍ തിരിച്ചറിയേണ്ട ആദ്യത്തെ കാര്യം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട പുഴകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൂന്ന് പുഴപ്പുസ്തകങ്ങള്‍ പുതുവര്‍ഷത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം.
സ്കൂള്‍സ് ഫോര്‍ റിവറിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്:
1) പുഴയും പ്രകൃതിയുമായുള്ള, നഷ്ടപ്പെട്ടു പോകുന്ന ആത്മബന്ധം വീണ്ടെടുക്കാനായി അവരുടെ സംവേദനക്ഷമതയെ ഉണര്‍ത്തുക
2) പ്രവര്‍ത്തനങ്ങളിലൂടെയുള്ള പഠനം
3) പ്രവര്‍ത്തനങ്ങളിലൂടെ അനുഭവങ്ങള്‍ പ്രകടിപ്പിക്കുക (സര്‍ഗ്ഗാത്മകതയും ആത്മവിശ്വാ സവും വര്‍ദ്ധിപ്പിക്കുക)
4) പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിച്ച് മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കുക, പ്രചരിപ്പിക്കുക
മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വ്യക്തമായ ഒരു പ്രവര്‍ത്തനപദ്ധതി കൂടി ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്കൂളുകളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം പുഴയോട് സംവേദനക്ഷമതയുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ക്കണമെന്നും സാധ്യമെങ്കില്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉവ ഉള്‍ച്ചേര്‍ക്കണമെന്നുമാണ് കരുതുന്നത്.
പുഴയില്‍ ഇറങ്ങി അതിന്‍റെ ഓളങ്ങളുടെ തണുപ്പും ജീവനും അതിലെ മീനുകളുടെ ഊര്‍ജ്ജവും എല്ലാം അനുഭവിച്ചറിയുന്ന ഒരു കുട്ടിക്ക് പുഴയ്ക്കു കുറുകെ തടയണ വരാന്‍ പാടില്ലെന്ന് പറയാന്‍ തോന്നും എന്നതാണ് സ്കൂള്‍സ് ഫോര്‍ റിവര്‍ പദ്ധതിയുടെ ഏറ്റവും അടിസ്ഥാനപരമായ തത്വശാസ്ത്രം.