ആറുദിവസത്തെ സൃഷ്ടിയുടെ അവസാനം ദൈവം സാബത്തിന്‍റെ വിശ്രമത്തില്‍ സൃഷ്ടിയെ മുഴുവന്‍ നോക്കി സ്നേഹത്തിന്‍റെ ആനന്ദകീര്‍ത്തനം ആലപിച്ചു: "വളരെ നന്നായിരിക്കുന്നു."
ആഘോഷത്തിന്‍റെയും തിരുനാളിന്‍റെയും വചനമാണിത്. സഭാപിതാവായ ക്രിസോസ്റ്റോം പറയുന്നു: "എവിടെ സ്നേഹം ആനന്ദിക്കുന്നുവോ, അവിടെ സന്തോഷമുണ്ടാകും." സ്നേഹം ആനന്ദിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ ധാരാളമുണ്ട്. ജനനം, പിറന്നാള്‍, വിവാഹം, ഗൃഹപ്രവേശം, ജൂബിലി... ഈ കമ്പിത്തിരി ആഘോഷങ്ങളൊക്കെ പൊടിപൂരമാക്കുന്നത് അവയോട് പറയുന്ന ആമ്മേന്‍ എന്ന കീര്‍ത്തനത്തിലൂടെയാണല്ലോ. "ഉണ്മയുടെ മുമ്പില്‍ അംഗീകാരത്തിന്‍റെ കീര്‍ത്തനമാലപിക്കുന്നവര്‍ക്കേ ഉത്സവമുണ്ടാകൂ." നീഷേ.
ഗ്രീക്ക് ഇതിഹാസത്തിലെ മെര്‍ക്കുറി ദേവന്‍ ഹാസ്യരസത്തിന്‍റെ ദേവനായിട്ടുകൂടി അറിയപ്പെടുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം തന്‍റെ ഭക്തന്മാരിലൊരുവന് പ്രത്യക്ഷപ്പെട്ട് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളൂ എന്നു പറഞ്ഞു. ചോദിക്കുന്നതെന്തും - യൗവ്വനമോ, സൗന്ദര്യമോ, അധികാരമോ, ദീര്‍ഘായുസോ, സുന്ദരികളോ - എന്തും ചോദിക്കാം. പക്ഷേ ഒരേയൊരു കാര്യം മാത്രമേ ആവശ്യപ്പെടാനാകൂ. ദീര്‍ഘനേരത്തെ മൗനത്തിനുശേഷം ഭക്തന്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു: "ഒരു കാര്യം ഞാന്‍ തിരഞ്ഞെടുക്കുന്നു, ചിരി. അതെപ്പോഴും എന്‍റെ കൂടെ ഉണ്ടായിരിക്കട്ടെ." സോറന്‍ കീര്‍ക്കഗോര്‍ ആണ് ഈ കഥ പറയുന്നത്. ബുദ്ധിമാനായ ഭക്തനെ ശ്ലാഘിച്ചുകൊണ്ട് മെര്‍ക്കുറിദേവന്‍ ചിരി എന്ന വരം അയാള്‍ക്കു നല്കി അനുഗ്രഹിച്ചു. കാരണം, ഉള്ളുതുറന്നു ചിരിക്കുന്നവന് യൗവ്വനവും സൗന്ദര്യവും ദീര്‍ഘായുസ്സും എല്ലാം ലഭിക്കും. വായിച്ചുമടക്കിയ ചില പുസ്തകങ്ങളിലെ ചിരിത്താളുകളെ വീണ്ടും കണ്ടെത്തുകയാണ് ഈ ലക്കത്തില്‍.
ബൈബിള്‍
കിളവിയും വന്ദ്യയുമായിരുന്ന സാറാ ഗര്‍ഭം ധരിച്ചു. അപ്പോള്‍ അവള്‍ ആത്മഗതം ചെയ്തു: ദൈവം എനിക്കു ചിരി നല്കിയിരിക്കുന്നു. കേള്‍ക്കുന്നവരൊക്കെ എന്നെ ചൊല്ലി ചിരിക്കും. (ഉല്‍പത്തി 21:6).
സഹനത്തിനു ജോബിനു കിട്ടുന്ന വാഗ്ദാനം: ദൈവം നിന്‍റെ വായ് ചിരികൊണ്ട് നിറയ്ക്കും, ജോബ് 8:21.
ഇപ്പോള്‍ കരയുന്നവരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ ചിരിക്കും, ലൂക്കാ 7: 21.
ഒരു കണ്ണീര്‍ക്കണവും ഒരു പുഞ്ചിരിയും
യുവാവ് എല്ലാ ദിശകളിലേക്കും നോട്ടമയച്ചശേഷം യുവതിയോടു പറഞ്ഞു: "പ്രിയേ, എന്‍റെ സമീപത്ത് ഇരിക്കൂ. ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കൂ. പുഞ്ചിരിക്കൂ. നിന്‍റെ പുഞ്ചിരി നമ്മുടെ നല്ല ഭാവിയെക്കുറിച്ചുള്ള ഒരു അടയാളമാണ്. പുഞ്ചിരിക്കൂ, എന്‍റെ പ്രിയേ, എന്‍റെ നിധിപേടകത്തിലെ സ്വര്‍ണ്ണനാണയങ്ങളെപ്പോലെ പുഞ്ചിരിക്കൂ. എത്ര മനോഹരമാണ് നിന്‍റെ പുഞ്ചിരി. ഇതെന്‍റെ ഭാഗധേയത്തിന്‍റെ പുഞ്ചിരിയാണ്." ജിബ്രാന്‍
ഒരു ചെറു പുഞ്ചിരി
ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് സിനിമ. സാഹിത്യലോകത്തെ ശ്രദ്ധേയസാന്നിദ്ധ്യമായ എം. ടി. വാസുദേവന്‍ നായരുടെ ഒരു തിരക്കഥയാണ് 'ഒരു ചെറുപുഞ്ചിരി.' കന്നഡസാഹിത്യകാരനായ ശ്രീരമണയുടെ മിഥുനം എന്ന കഥയാണ് തിരക്കഥയ്ക്ക് ആധാരം. വൃദ്ധദമ്പതികളായ അമ്മാളുവിന്‍റെയും കൃഷ്ണക്കുറുപ്പിന്‍റെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥപറയുന്ന സിനിമയാണ് ഒരു ചെറുപുഞ്ചിരി. ഇണങ്ങിയും പിണങ്ങിയും വാര്‍ദ്ധക്യത്തെ സന്തോഷകരമാക്കുന്ന ദമ്പതികളെയാണ് ഇതില്‍ കാണാന്‍ കഴിയുക. അവരുടെ തൊടി നിറയെ അവര്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളും വാഴയും തെങ്ങും കമുങ്ങുമൊക്കെയാണ്. അവയ്ക്ക് ശുശ്രൂഷചെയ്തും അവയില്‍ നിന്ന് കായ്കനികള്‍ പറിച്ചെടുത്തു പാചകം ചെയ്തും അവര്‍ ദിനങ്ങള്‍ തള്ളിനീക്കുന്നു. ഒരു ദിവസം പെട്ടെന്ന് കൃഷ്ണക്കുറുപ്പ് ഈ ലോകത്തോട് വിടപറയുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ അകാലനിര്യാണത്തില്‍ അതീവദുഃഖിതയായ അമ്മാളു വീടിന്‍റെ പുറത്തിറങ്ങാന്‍ വിസമ്മതിച്ച് അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടുന്നു. തന്‍റെ പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ പുറത്തിറങ്ങി. തന്‍റെ ഭര്‍ത്താവ് നട്ടുവളര്‍ത്തിയ പടവലച്ചെടിയുടെ അടുത്തു ചെന്നുനില്‍ക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ ആത്മാവ് ഒരു കാറ്റായ് വന്ന് പടവലച്ചെടിയെ മെല്ലെ ഉലച്ച്, അതിന്‍റെ ഇലകളും വള്ളികളും കൊണ്ട് അമ്മാളുവിനെ തലോടി കടന്നുപോകുന്നു. അന്നേരം അവരുടെ മുഖത്തു വിരിയുന്ന ഒരു ചെറുപുഞ്ചിരിയുടെ ക്ലോസപ്പ് ദൃശ്യത്തോടെ സിനിമ അവസാനിക്കുകയാണ്.
മുറിവുകള്‍
തിരുവനന്തപുരത്തെ പ്രശസ്തമായ ഓള്‍ സെയയിന്‍റ്സ് കോളേജിലെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ മേരി ആലീസ് എന്ന കന്യാസ്ത്രീയെക്കുറിച്ചാണ് ഈ കഥ. മലയാളം അറിയാത്ത സിസ്റ്റര്‍ മേരി ആലീസ്. ഒടുങ്ങാത്ത സ്നേഹവായ്പിന്‍റെ നിതാന്ത പ്രതീകമായിരുന്നു അവര്‍. ഒരമ്മയുടെ വാത്സല്യവും സംരക്ഷണവും അവര്‍ എനിക്ക് ആവോളം തന്നു. അവരുടെ മരണം ഞാന്‍ അറിഞ്ഞത് പത്രത്തില്‍ നിന്നാണ്. ഞാന്‍ കോണ്‍വെന്‍റിലേക്കു തിരിച്ചു. അവിടുത്തെ ചാപ്പലിലാണ് അമ്മ കിടക്കുന്നത്. ഞാന്‍ അകത്തേക്കു കടന്നു. അമ്മയുടെ ചലനമറ്റ ശരീരം എങ്ങനെയാണ് ഞാന്‍ കാണാന്‍ പോവുക? ഈശ്വരാ എനിക്കു ധൈര്യം നല്കണമേ. ഞാന്‍ അമ്മയുടെ അടുത്തെത്തി. അമ്മയെ ഒരുക്കികിടത്തിയിരിക്കുകയാണ്. കാല്‍ക്കല്‍ അമ്മയുടെ ഷൂസും പിടിച്ച് ഞാന്‍ ഏറെ നേരം നിന്നു. അപ്പോഴാണ് മദര്‍ സുപ്പീരിയര്‍ എന്നെ കണ്ടത്. ഞാനും അമ്മയുമായുള്ള ബന്ധം നന്നായറിയാവുന്നതുകൊണ്ട്, ഞാനും അമ്മയുമൊത്തുള്ള ഒരു പടമെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതു കണ്ടു.
എനിക്ക് എന്‍റെ പടമെടുക്കുന്നത് ഇഷ്ടമല്ല. പണ്ടേയുള്ള ഒരു ശീലമാണ്. ഇന്നും അങ്ങനെ തന്നെ. എനിക്ക് ഈ പടത്തില്‍ നിന്നും രക്ഷപെടണം. ഫോട്ടോഗ്രാഫര്‍ എന്‍റെ അടുത്തേക്കു വരികയാണ്. പെട്ടെന്നു ഞാന്‍ എന്‍റെ മുഖം അമ്മയുടെ ഷൂസിലേക്ക് അമര്‍ത്തി. കുറെനേരത്തേയ്ക്കു ഞാന്‍ മുഖം ഉയര്‍ത്തിയില്ല. ഫോട്ടോഗ്രാഫര്‍ പോയിക്കാണുമെന്ന നിശ്ചയത്തില്‍ ഞാന്‍ തല പൊക്കി.
അയാളവിടെ ഇല്ല. ഇനി വരുന്നതിനു മുമ്പ് പോകണം. അവസാനമായി അമ്മയുടെ മുഖത്ത് ഒന്നു നോക്കണം. എന്നിട്ട് അവിടം വിടണം. കാല്ക്കല്‍ നിന്നു ഞാന്‍ അമ്മയുടെ മുഖത്തിന്‍റെ അടുത്തേയ്ക്കു ചുവടുവച്ചു. എന്നിട്ട് അമ്മയെ ഒന്നു നോക്കി. വലിയൊരു അത്ഭുതം അവിടെ സംഭവിച്ചു. അമ്മ എന്നെ നോക്കി ഒന്നു ചിരിച്ചു. ഞാന്‍ ചെയ്ത കുസൃതിക്കുള്ള അംഗീകാരം പോലെ കുസൃതി നിറഞ്ഞ ഒരു ചിരി.
ആരും വിശ്വസിക്കില്ല... വേണ്ട.. വിശ്വസിക്കേണ്ടാ... അവര്‍ ചിരിച്ചു എന്നുള്ളതു സത്യം.
- സൂര്യ കൃഷ്ണമൂര്‍ത്തി
ഒരു ചിരി, പിന്നെ മറ്റൊരു പുഞ്ചിരിയും
മറ്റൊരു സന്ധ്യ. കണ്ണുകള്‍ കാത്തുനിന്നു. എന്താണ് വരാത്തത്? പെട്ടെന്ന് ലേബര്‍ റൂമിന്‍റെ വാതില്‍ തുറന്ന് ഒരു വീല്‍ചെയര്‍ പുറത്തേക്കു വരുന്നു. നീണ്ടു ചുരുണ്ട കറുത്ത മുടി രണ്ടു ഭാഗം മെടഞ്ഞിരുന്നു. ഞാനടുത്തേക്കോടി ചെന്നു. ക്ഷീണം മറന്ന് എന്നെ നോക്കി അവള്‍ പുഞ്ചിരിച്ചു. ആ ചിരി ഇന്നും, എന്നും എന്‍റെ ഓര്‍മ്മയിലെ വെളിച്ചമാണ്. ഈ ചിരിപോലെ തന്നെ മറ്റൊരു ചിരിയും ഓര്‍മ്മയിലെന്നും തെളിഞ്ഞുനില്‍ക്കുന്നു. ആദ്യമായി നിന്നെ കാണാന്‍ നിന്‍റെ വീട്ടില്‍ വന്നപ്പോള്‍. കാണാന്‍ കൊതിച്ച ആളെ കാത്തിരുന്നപ്പോള്‍ - വാതില്‍പ്പാളികള്‍ക്കു പിന്നില്‍ പ്രത്യക്ഷപ്പെട്ട ഒരു മുഖം, അപ്പോള്‍ വിടര്‍ന്ന നിന്‍റെ ചിരി.
ജെ. ആര്‍. പ്രസാദ്
'ഓര്‍മ്മ' എഡി. ഷെല്‍വി
ചിരിയുടെ ചിറകു മുളയ്ക്കാന്‍ മനസ്സിലെ ഭാരമിറക്കി ലഘുവാകുക. ചിരി ഭാരമില്ലാത്തവരോടും കുട്ടികളോടും മണ്ടന്മാരോടും കോമാളികളോടും കൂടെ കഴിയുന്നു. ചിരി ഭാരമില്ലാത്ത പറന്നുയരലാണ്. ചിരിയുടെ മാലാഖമാര്‍ കുട്ടികളും. മാനസാന്തരപ്പെട്ട് കുഞ്ഞുങ്ങളെപ്പോലെ ചിരിക്കുവിന്‍, ദൈവരാജ്യം കൈക്കലാക്കുവിന്‍...!