സന്തോഷവും, സങ്കടവും, അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെ യാണ്. സമൂഹത്തിന്‍റെ പൊതുവേദിയായി അത് മാറിയതാകട്ടെ ചുരുങ്ങിയകാലം കൊണ്ട്. സമൂഹമാധ്യമങ്ങള്‍ സമൂഹത്തിന്‍റെ നേരിട്ടുള്ള വിലയിരുത്തലിന് വേദിയാക്കി മാറ്റാം എന്ന് യുവതലമുറ ആധുനിക സമൂഹത്തോട് വിളിച്ചുപറയുമ്പോള്‍ അത് തീര്‍ച്ചയായും പുതിയ ഒരു തിരിച്ചറിവിന് തന്നെ വഴി ഒരുക്കുകയാണ്. പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന് മനസ് തുറന്നു പ്രതികരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കുവാനും സമൂഹമാധ്യമങ്ങള്‍ ഉപകാരപ്പെടുന്നുണ്ട്. എന്നാല്‍ അതിനു വേണ്ടി ഉപയോഗിക്കുന്ന 'സമയമാണ്' പ്രധാനം.
.
പുതിയ ലോകത്തിന്‍റെ പരിച്ഛേദമാണ് സോഷ്യല്‍ മീഡിയകള്‍, നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാല്‍ ഇവിടെ നിയന്ത്രിക്കാന്‍ ആരുമില്ല എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത.
ഒരു ദിവസത്തില്‍ 6 മണിക്കൂറില്‍ ഏറെ സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ച് ശരീരത്തിന്‍റെ ഒരു അവയവംപോലെ ഒഴിച്ചുമാറ്റാന്‍ പറ്റാതെ, സമൂഹത്തോട് എങ്ങനെ പ്രതികരിക്കണം എന്നുപോലുമറിയാതെ മാനസിക പ്രശ്നം അനുഭവിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. നമുക്ക് വളരുവാനും, ചിന്തിക്കുവാനും, അറിവുനേടാനും അത് പകര്‍ന്നുനല്കുവാനും, സ്വഭാവരൂപീകരണ ത്തിനു വേണ്ടിയും നല്ല ബന്ധങ്ങള്‍ ഉണ്ടാകുവാനുമുള്ള സമയം മുഴുവന്‍ പകലോ രാത്രിയോ എന്നില്ലാതെ ഒരു മുറിക്കുള്ളില്‍ വെറുതെ നഷ്ടപ്പെടുത്തുന്നു. നിങ്ങള്‍ക്കും എനിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും അമേരിക്കന്‍ പ്രസിഡന്‍റിനും എല്ലാവര്‍ക്കും ഒരേപോലെ വിധിക്കപ്പെട്ട ഒറ്റ വിഭവമേ ഉള്ളൂ, അത് സമയമാണ്. സമയത്തെ ആര് ഭംഗിയായി ഉപയോഗിക്കുന്നോ അവര്‍ വിജയിക്കുന്നു എന്നതാണ് സത്യം. ആ സമയത്തിന്‍റെ വിലപോലും ഇന്ന് പലര്‍ക്കും അറിയില്ല.
തല ഉയര്‍ത്തിപ്പിടിച്ചു നടക്കേണ്ട ഇന്നത്തെ യുവതലമുറയെ തലതാഴ്ത്തി നിര്‍ത്തുന്ന സമൂഹമാധ്യമങ്ങളെ നാം കണ്ടില്ലെന്ന് നടിക്കരുത്. പള്ളിയില്‍ തലതാഴ്ത്തിനില്‍ക്കുന്ന എട്ടും പത്തും വയസുള്ള കുട്ടികളെ കാണുമ്പോള്‍ സന്തോഷമാണ്. എന്നാല്‍ അവര്‍ വായിക്കുന്നത് ബൈബിള്‍ അല്ല മറിച്ച്, മൊബൈല്‍ ഫോണിലെ കമന്‍റുകളാണെന്നറിയുമ്പോള്‍ തിരിച്ചറിയാം നമ്മുടെ മേല്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കുള്ള അധിനിവേശം. പ്രാര്‍ത്ഥിക്കാന്‍ പോലും, ജീവിതം ദാനമായിത്തന്ന ദൈവത്തിന് നന്ദി പറയാന്‍ പോലും സമയമില്ലാതായിരിക്കുന്നു എന്നറിയുമ്പോള്‍ മനസിലാക്കുന്നു നമ്മള്‍ നമ്മുടെ സംസ്കാരത്തെ നമ്മുടെ പൈതൃകത്തെ മറന്നുകൊണ്ടിരിക്കുന്നു എന്ന്.
കുടുംബങ്ങള്‍ സമൂഹത്തിന്‍റെ ആണിക്കല്ലായ കേരളസമൂഹത്തില്‍ പല കുടുംബങ്ങളുടെയും അടിത്തറ ഇളകുന്നതും സമൂഹമാധ്യമങ്ങള്‍ കാരണമാണ്. ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താവ് മുഴുവന്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു എന്നുപറയുന്ന ഭാര്യമാരുണ്ട്, ഭര്‍ത്താക്കന്മാരെ ശ്രദ്ധിക്കാതെ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന ഭാര്യമാരും ഉണ്ട്. ഇവരുടെ രണ്ടുപേരുടെയും ഈ സ്വഭാവം കണ്ടുവളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ പലപ്പോഴും നമ്മള്‍ മറന്നുപോകുന്നുണ്ട്. 'അധ്വാനത്തിലൂടെ മാത്രമേ ലോകത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റൂ.' ചിന്തിച്ചും വായിച്ചും അധ്വാനിച്ചും ലോകം കെട്ടിപ്പടുത്തവരാണ് നമ്മള്‍ ആരാധിക്കുന്ന മനുഷ്യന്മാര്‍. എന്നിട്ടും എന്തുകൊണ്ട് ഒരുപാട് പേര്‍ക്ക് അലസതയും മടിയും ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ വളരെ ലളിതമായ ഉത്തരമാണ് സോഷ്യല്‍ മീഡിയ.
രാത്രി അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, രാവിലെ വൈകി എഴുന്നേക്കല്‍, തുടര്‍ന്ന് ഭക്ഷണക്രമത്തില്‍ വ്യത്യാസം, ക്ഷീണം, ഇതൊക്കെ ഒരാളുടെ ജീവിതത്തില്‍ എത്രമാത്രം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നു നമ്മള്‍ ചിന്തിക്കുന്നതുപോലുമില്ല. ചെറുപ്പം മുതലേ ഒരു കുട്ടി ഈ ക്രമത്തിലാണ് ജീവിക്കുന്നതെങ്കില്‍ ആ കുട്ടിയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും. ഇത് തീര്‍ച്ചയായും ആ കുട്ടിയുടെ മാതാപിതാക്കളുടെ കുറ്റം തന്നെയാണ് എന്ന് ഞാന്‍ അടിവരയിട്ടു പറയും. കുട്ടി മൊബൈല്‍ ഫോണിലാണെങ്കില്‍, അച്ഛന്‍ ലാപ്പിലും അമ്മ ഓണ്‍ലൈനില്‍ പുതിയ സാരി ബുക്ക് ചെയ്യുന്നതിന്‍റെ തിരക്കിലുമാവും. 'സന്തുഷ്ടമായ കുടുംബം അല്ലേ?' വീട്ടുകാരില്‍ നിന്നും ഉണ്ടാകുന്ന ഇങ്ങനെയുള്ള അവഗണന തന്നെയാണ് കുട്ടികളെ മൊബൈല്‍ ഫോണിലേക്കും മറ്റ് സോഷ്യല്‍ മീഡിയയിലേക്കും അഡിക്ടഡ് ആക്കി മടി, അലസത, വാശി തുടങ്ങിയ മാനസികമായ അവസ്ഥയിലേക്ക് വഴിതിരിക്കുന്നത്.
ഇപ്പോഴത്തെ കുട്ടികളില്‍ ഏറെയും പ്രഭാത ഭക്ഷണം സ്കിപ് ചെയുന്നവരാണ്. പ്രഭാത ഭക്ഷണം തലച്ചോറിന്‍റെ ഭക്ഷണമാണ്. അതുകൊണ്ടുത്തന്നെ ശരീരത്തിനും തലച്ചോറിനും അത് അത്യന്താപേക്ഷിതമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഉച്ചയാകുമ്പോള്‍ നല്ല വിശപ്പും ക്ഷീണവും ആര്‍ത്തിയും ഉണ്ടാകും. ഇത് ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയായി മാറും. ഇതോടെ പ്രമേഹം ഉള്‍പ്പടെ പലതരം ജീവിത ശൈലീരോഗങ്ങള്‍ നമ്മളെ തേടി എത്തും. ദിവസവും സമീകൃത ആഹാരം കഴിക്കുന്ന കുട്ടികളെക്കാള്‍ ബുദ്ധിവികാസം കുറവായിരിക്കും പ്രഭാത ഭക്ഷണം സ്ഥിരമായി ഉപേക്ഷിക്കുന്നവര്‍ക്ക്. പഠനത്തില്‍ ശ്രദ്ധയില്ലായ്മ, ക്ലാസ്സില്‍ ഉറക്കം, ഹൈപ്പര്‍ ആക്ടിവിറ്റി ഇവയും ഇത്തരക്കാരില്‍ ഉണ്ട്. പ്രഭാതഭക്ഷണം കഴിക്കണമെങ്കില്‍ അത് പാകം ചെയ്യാന്‍ അമ്മ നേരത്തെ എണീക്കണമെന്ന് പറയേണ്ടതില്ലലോ, രാവിലെ കുട്ടി ക്ലാസ്സില്‍ പോയതിനു ശേഷം എഴുന്നേല്‍ക്കുന്ന മാതാപിതാക്കളെ എനിക്കറിയാം, മക്കളുടെ കൂടെ ഇരിക്കാന്‍ മാതാപിതാക്കള്‍ക്ക് എവിടെയാ സമയം! നേരെ മറിച്ചു കൈയിലിരിക്കുന്ന ഫോണ്‍ ഒന്ന് താഴെ വീണാലോ ചാര്‍ജ് തീര്‍ന്നാലോ അവര്‍ക്കുണ്ടാവുന്ന ടെന്‍ഷന്‍ എത്ര വലുതാണ് അല്ലേ? കയ്യെത്തും ദൂരത്ത് സ്മാര്‍ട്ഫോണും വച്ച് കിടന്നുറങ്ങുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം, സ്മാര്‍ട്ട് ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍സ് കാന്‍സറിനും കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്ക്കും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും പ്രത്യുല്പാദന തകരാറിനുമെല്ലാം കാരണമാകുന്നു.
ചെറിയ കുട്ടികള്‍ വാശി കാണിക്കുക സ്വാഭാവികമാണ്. അവര്‍ വാശിപിടിച്ചു നിലത്തു കിടന്നുരുളാം. കയ്യില്‍ കിട്ടുന്ന സാധനങ്ങള്‍
എടുത്തെറിയാം. കരഞ്ഞു ബഹളം വയ്ക്കാം. പൊതുസ്ഥലത്തു വച്ചു കുട്ടി വാശി പിടിക്കുമ്പോള്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നു കരുതി വിഷമിക്കേണ്ട കാര്യമില്ല. കുട്ടികള്‍ വാശി കാണിക്കുന്നതു സാധാരണമെന്നോര്‍ക്കുക. ഏതു സാഹചര്യത്തിലും മുതിര്‍ന്നവര്‍ സമചിത്തത വിടാതെ ശ്രദ്ധിക്കണം. ചെറിയ കുഞ്ഞുങ്ങളാണു വാശി പിടിക്കുന്നതെങ്കില്‍ നിറമോ ശബ്ദമോ ഉള്ള എന്തെങ്കിലും കാണിച്ചു കുഞ്ഞിന്‍റെ ശ്രദ്ധ മാറ്റുക. കുറച്ചു മുതിര്‍ന്ന കുട്ടി വാശി കാണിക്കുമ്പോള്‍ കുട്ടിയുടെ സമീപത്തു സമാധാനമായിരിക്കുക. അതല്ലെങ്കില്‍ അല്‍പസമയത്തേക്കു മുറിയില്‍ നിന്നു മാറി നില്‍ക്കുക. കുട്ടി കരച്ചില്‍ നിര്‍ത്തിക്കഴിഞ്ഞ ശേഷം മാത്രം മുറിയിലേക്കു ചെല്ലുക. വാശിയെടുക്കുന്ന കുട്ടിയോടു ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ഒഴിവാക്കണം. അതല്ലെങ്കില്‍ കുട്ടി കൂടുതല്‍ അസ്വസ്ഥമാകും. വാശി കൂടുകയും ചെയ്യും. ഇതിനൊക്കെ മാതാപിതാക്കള്‍ സമയം കണ്ടത്തിയാല്‍ കൊള്ളാം, അല്ലാതെ കാര്യമറിയാതെ ഫോണ്‍ എടുത്തു കൈയില്‍ കൊടുത്താല്‍ ഓര്‍ക്കുക അവര്‍ മനസിലാക്കുന്നതും സ്നേഹിക്കുന്നതും നിങ്ങളെയല്ല മറിച്ചു അവരുടെ കൈയില്‍ ഇരിക്കുന്ന ഫോണിനെയും അതിലൂടെ കണ്ടെത്തുന്ന പുതിയ ബന്ധങ്ങളെയും ആവും. 18 വയസുകാരന്‍ 56 വയസുകാരിയെ കല്യാണം കഴിച്ചതും കുടുംബിനിയായ യുവതി കാമുകന്‍റെ കൂടെ ഓടിപ്പോയതിന്‍റെയും കാരണം സോഷ്യല്‍ മീഡിയയാണെന്നുള്ള വാര്‍ത്തകള്‍ നമ്മള്‍ ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്നു.
നന്മയോടൊപ്പം ഏറെ ചതിക്കുഴികളുള്ള ഒരു സൈബര്‍ യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയ നല്ലതാണ് പക്ഷെ തെറ്റായി ഉപയോഗിച്ചാല്‍ അത് നമുക്ക് വലിയ ദോഷങ്ങള്‍ ഉണ്ടാക്കും. സൈബര്‍ യുഗത്തില്‍ ജീവിക്കുന്ന നമ്മുടെ കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെയാണ് ചെയുന്നത് എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. 14 വയസുള്ള മല്‍പ്രീത് എന്ന കുട്ടി സ്വന്തം ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ച വാര്‍ത്ത അറിയാമായിരിക്കും, അതിനു കാരണം ഒരു ഗെയിം ആണെന്നറിഞ്ഞപ്പോള്‍ നമ്മള്‍ എല്ലാവരും ഞെട്ടി. മൊബൈല്‍ ഫോണ്‍ വഴി കിട്ടിയ ഒരു ഗെയിം 'ബ്ലൂ വൈല്‍.' യുവാക്കളില്‍ കണ്ടുവരുന്ന സാഹസികതയോടുള്ള പ്രണയമാണ് ഇത്തരം ഗെയിമുകളില്‍ അഡിക്റ്റായി മരണത്തിലേക്ക് വഴുതി വീഴുന്നത്. തന്‍റെ കൂട്ടുകാരനേക്കാള്‍ നല്ല ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ വേണ്ടി പല സാഹസികത നിറഞ്ഞ സെല്‍ഫി എടുക്കുന്നതും അപകടത്തില്‍ പെടുന്നതും നമ്മള്‍ കാണാറും കേള്‍ക്കാറും ഉണ്ട്. തന്‍റെ പ്രണയിനിയെ കണ്‍വിന്‍സ് ചെയ്യാന്‍ വേണ്ടി ഫാനില്‍ കയര്‍ കെട്ടി തൂങ്ങിമരിക്കുന്ന പോലെ അഭിനയിച്ചു ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേ, മരണപ്പെട്ടവന്‍റെ വാര്‍ത്ത നമ്മളെ ഞെട്ടിച്ചതാണ്.
മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍ തലച്ചോറിന്‍റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയുംവരെ സ്ക്രീന്‍ അഡിക്ഷന്‍ സ്വാധീനിക്കുന്നു എന്നാണ് കണ്ടത്തല്‍. നമ്മള്‍ നടന്നു പോകുമ്പോള്‍ പെട്ടെന്ന് ഒരു പാമ്പിനെ കാണുമ്പോള്‍ നമ്മളില്‍ പേടികാരണം ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് അഡ്രിനാലിന്‍. എന്നാല്‍ ഇത് അധികനേരം നീണ്ടുനില്‍ക്കാറില്ല. മനസും ശരീരവും ശാന്തമാകുമ്പോള്‍ ഈ ഇഫക്റ്റ് കുറയുന്നു. എന്നാല്‍ ഈ അഡ്രിനാലിന്‍ ഇഫക്റ്റ് മണിക്കൂറുകളോളം നീട്ടികൊണ്ടുപോകാനാണ് ഗെയിമുകള്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അഡ്രിനാലിന്‍ ഉത്പാദനം നീണ്ടുനില്‍ക്കുന്നതോ ടൊപ്പം തലച്ചോറില്‍ വലിയ അളവില്‍ ഡോപ്പമിന്‍ ഉത്പാദിക്കുന്നു. ഈ അഡ്രിനാലിന്‍ഡോപ്പമിന്‍ ഇഫക്റ്റ് അഡിക്ഷന്‍ ശക്തമാക്കുന്നു. ഗെയിം കളിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയും ജീവന്മരണ പോരാട്ടം നടത്തി രക്ഷപെട്ട തോന്നലും യഥാര്‍ത്ഥ ജീവിതത്തില്‍ കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ ഗെയിമുകള്‍, സ്ക്രീനുകളുടെ ലോകത്തെ കൂടുതല്‍ ഇഷ്ടപെടുന്നു. ഇത് വായന, കളികള്‍, പഠനകാര്യങ്ങള്‍, സമൂഹവുമായുള്ള ഇടപെടല്‍, സൗഹൃദം, സ്വഭാവരൂപീകരണം തുടങ്ങിയവയ്ക്കു തടസ്സമാകുന്നു.
മസ്തിഷ്കം പൂര്‍ണമായി വികാസം പ്രാപിക്കാത്ത പ്രായത്തില്‍ അമിതമായ സ്ക്രീന്‍ ഉപയോഗം മസ്തിഷ്ക്ക വികാസത്തെ പ്രതികൂല മായി ബാധിക്കുകയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ദുര്‍ബലമാവുകയും ചെയുന്നു.
എല്ലാ സ്ക്രീനുകളും കുട്ടികളില്‍ നിന്ന് എടുത്തു മാറ്റുകയല്ല അവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. മൂന്ന് വയസ്സ് വരെ കുട്ടികള്‍ക്ക് സ്ക്രീനില്‍ ഒന്നും നല്‍കാതിരിക്കുക. മസ്തിഷ്ക വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണിത്. അഞ്ചു വയസ്സ് വരെ ദിവസം ഒരു മണിക്കൂറിലധികം സ്ക്രീന്‍ നല്‍കാതിരിക്കുക. അഞ്ചുവയസ്സിനു ശേഷം രക്ഷിതാക്കള്‍ ഉചിതമായ രീതിയില്‍ സമയക്രമം നിശ്ചയിക്കുകയും അത് പാലിക്കുകയും ചെയുക. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞപ്രയാം 13 വയസ്സാണ്. എന്നാല്‍ 18 വയസ്സ് വരെ സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നന്നേ ചെറുപ്പത്തില്‍ കുട്ടികളെ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് തിരിച്ചറിയുക.
അമേരിക്കയിലെ ഓരോ സ്റ്റേറ്റിലും ഏകദേശം 200 ഓളം സോഷ്യല്‍ മീഡിയ ഡീഅഡിക്ഷന്‍ സെന്‍ററുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. നമ്മുടെ നാട്ടിലും അധികം വൈകാതെ അതും വരുമെന്ന തിനു ഇപ്പോള്‍ സംശയമില്ലാതായിരിക്കുന്നു. സ്വന്തം വീട്ടിലെ കുട്ടികളുടെ കഴിവുകളെ കാണാതെ അടുത്തുള്ളവന്‍റെ സ്വകാര്യതയിലേക്ക് എത്തിനോ ക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ലൈക് നേടുന്നതിന്‍റെ സുഖം എന്തെന്ന് എനിക്ക് മനസിലാവുന്നില്ല.
ജീവിതത്തില്‍ പറന്നുനടന്നു ജീവിക്കേണ്ട കുട്ടികള്‍ പൊതുസമൂഹത്തില്‍ നിന്നും മാറി അവരവരുടെ ലോകത്തേക്ക് ചുരുങ്ങി ജീവിക്കുന്ന കാഴ്ച വളരെ വിഷമം ഉണ്ടാക്കുന്നതാണ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന പലരും രാത്രിയില്‍ സോഷ്യല്‍ വെബ്സൈറ്റുകളില്‍ കുരുങ്ങി പഠിക്കാനുള്ള തല്‍പര്യം കുറയുന്നതും കാണാന്‍ സാധിക്കുന്നു.
രണ്ടു വയസുള്ളവര്‍ മുതല്‍ 90 വയസുള്ളവര്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. വിട്ടുമാറാത്ത തലവേദന, തോളെല്ലുവേദന, ക്ഷീണം, കഴുത്തുവേദന, മൈഗ്രൈന്‍, കൈകാല്‍ വേദന, ടെന്‍ഷന്‍ എന്നിങ്ങനെ വിവിധ അവസ്ഥകള്‍ വര്‍ധിക്കുന്നതിന് പുറകിലും ഈ നൂതന ടെക്നോളജിയുടെ അമിത ഉപയോഗം തന്നെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? സോഷ്യല്‍ മീഡിയയില്‍ തലകുനിച്ചു ചുറ്റുമെന്ത് നടക്കുന്നു എന്നറിയാതെ സമയം കളയുമ്പോള്‍ കഴുത്തിലെ എല്ലുകള്‍ക്കും മസിലുക്കള്‍ക്കും ഉണ്ടാകുന്ന സ്ട്രൈയിന്‍ വളരെ വലുതാണ്.
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം മനസിന്‍റെ ഏകാഗ്രതയെ നശിപ്പിക്കും. ദിവസവും ഏതെങ്കിലും ഒരു സമയം നമ്മള്‍ ഇതിനു വേണ്ടി മാറ്റിവെക്കുക അതും കുറച്ചു സമയം മാത്രം. ശരിയാണ് ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഈ കാലഘട്ടത്തില്‍ വളരെ ഉപയോഗപ്രദമാണ്. നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും അപ്ഡേറ്റായി കിട്ടുന്ന ഒരിടം, എന്നാല്‍ പ്രാര്‍ത്ഥനാലയങ്ങളില്‍, പൊതുവേദികളിലും ഭക്ഷണം കഴിക്കുമ്പോളും എല്ലായിടത്തും ഇത് ഉപയോഗിക്കുന്നത് ശരിയാണോ?
ഒരു കാലത്തു വായനാശീലവും, കളിയും, കഥപറച്ചിലും ഒരുമിച്ചു ഒരു മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം പങ്കുവയ്ക്കുമ്പോളും എല്ലാവരുടെയും ഉള്ളില്‍ ഒരു ബന്ധമുണ്ടായിരുന്നു മങ്ങിപ്പോകാത്ത മാഞ്ഞുപോകാത്ത കളങ്കമില്ലാത്ത സ്നേഹം. ഇന്ന് സ്വന്തം മക്കളുടെ അടുത്ത കൂട്ടുകാരെയോ അവരെ പഠിപ്പിക്കുന്ന ടീച്ചറെയോ പലര്‍ക്കും അറിയില്ല. മക്കളുടെ കഴിവുകളെ അംഗീകരിച്ച് അവരുടെ കുറവുകളെ മാറ്റി അവരെ നല്ലവരാക്കാന്‍ ആര്‍ക്കാണ് നേരം.
ഇനി മുന്നോട്ടുള്ള കാലത്തു സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം വളരെ വലുതാണ്. മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കരുതെന്നും, സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും പറയാന്‍ സാധിക്കില്ല. കാരണം കത്തികൊണ്ട് നമുക്ക് ആപ്പിള്‍ മുറിക്കാനും ഒരാളെ കൊല്ലാനും സാധിക്കും. അതുകൊണ്ടു കൈയിലിരിക്കുന്ന വസ്തുവല്ല പ്രശ്നം അത് ഉപയോഗിക്കുന്ന രീതിയാണ്.
എല്ലാം നല്ലതാണ്, പക്ഷെ എല്ലാം ചിന്തിച്ച് ഉപയോഗിക്കുക അത് കുട്ടികളായാലും മാതാപിതാക്കളായാലും, കാരണം ചിന്തകളില്‍ നിന്നാണ് വികാരങ്ങള്‍ രൂപപ്പെടുക. വികാരങ്ങളില്‍ നിന്ന് പ്രവൃത്തിയും. എല്ലാ പ്രവൃത്തിയും ദൈവവിചാരത്തോടെ ആവട്ടെ.