മുഖത്തിന്‍റെ ചന്തമോ, തൊലിയുടെ നിറമോ, ജാതിമതമഹത്വമോ പരിഗണിക്കാത്ത നല്ല സുഹൃത്തുക്കളെ തേടി 'വെര്‍ച്വല്‍ ലോക'ത്തു ജീവന്‍ നടത്തിയ അന്വേഷണങ്ങളിലായിരുന്നു എല്ലാറ്റിന്‍റെയും തുടക്കം. തുടക്കത്തില്‍ ആശ്വാസം നല്കിയ ചാറ്റ്മുറികള്‍ പില്‍ക്കാലത്ത് ജീവിതം തകര്‍ക്കുംവിധം തന്നെ അടിമ(addict)യാക്കുമെന്ന് അവനന്ന് അറിയില്ലായിരുന്നു. ജീവന്‍ തന്‍റെ ജീവിതം പറയുന്നു:
ആത്മനിയന്ത്രണത്തിന്‍റെ അനിവാര്യത എന്നെ ബോധ്യപ്പെടുത്തുംവിധം അപ്രതീക്ഷിതപരിണാമത്തിലേക്ക് ജീവിതം എന്നെക്കൊണ്ടെത്തിച്ചു. 39 വര്‍ഷംകൊണ്ട് ഞാന്‍ നേടിയതെല്ലാം എനിക്ക് നഷ്ടമായി. ജോലി മാത്രമല്ല, അഭിമാനം, അന്തസ്സ്, വിശ്വാസ്യത, സ്വീകാര്യത എല്ലാം. സമൂഹം എന്നെ തെറ്റുകാരനെന്ന് വിളിച്ചു. ഇനിയെത്ര വര്‍ഷം, ആ പതനത്തില്‍ നിന്ന് കരകയറാന്‍?
ബാല്യം നിരവധി പ്രതിസന്ധികളാല്‍ എന്‍റെ വീഴ്ചകളിലേക്ക് വഴിതെളിച്ചു. വഴികാട്ടാനോ വൈകാരിക പിന്തുണ നല്‍കാനോ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്‍റെ അമ്മ ചെറുപ്പത്തില്‍ തന്നെ ഞങ്ങളെ വിട്ടുപിരിഞ്ഞിരുന്നു. അച്ഛന്‍ ജോലിക്കായി വിദേശത്തും. ആത്മവിശ്വാസം അത്രയൊന്നുമില്ലാതിരുന്ന ഞാന്‍ അങ്ങനെ ഏകനായി. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അശക്തനായി. സുഹൃത്തുക്കളെ സമ്പാദിക്കുക എനിക്ക് അസാധ്യമായിരുന്നു. അത് യഥാര്‍ത്ഥലോകത്തു നിന്ന് എന്നെ അകറ്റി. അവശ്യം വേണ്ട, പേര് ചൊല്ലി വിളിക്കാനാവാത്ത എന്തോ ഒന്ന് എന്‍റെ ജീവിതത്തിന് നഷ്ടമായി.
മധ്യേഷ്യയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍, ചെലവുകുറഞ്ഞ ആശയവിനിമയോപാധി എന്ന നിലയില്‍ ഞാനും ജ്യേഷ്ഠനുമായി ഇന്‍റര്‍നെറ്റ് വഴി ബന്ധപ്പെട്ടിരുന്നതിനാല്‍ സാമൂഹികമാധ്യമങ്ങളും ചാറ്റിങ്ങും (യാഹൂ, എം എസ് എന്‍ മെസഞ്ചര്‍) ചെറുപ്പം മുതല്‍ എനിക്ക് പരിചിതമായിരുന്നു. അച്ഛനെ ലൈനില്‍ കിട്ടാന്‍ കാത്തിരിക്കെ വിരസത ഒഴിവാക്കാന്‍ ഞാന്‍ ചാറ്റ് റൂമില്‍ തെരയാനും കിട്ടുന്ന ആളുകളുമായി ചാറ്റ് ചെയ്യാനും തുടങ്ങി. ആദ്യകാലത്ത് ചാറ്റിങ്ങിലൂടെയുള്ള സൗഹൃദം ഏതാനും ദിവസങ്ങളോ കൂടിവന്നാല്‍ ഒരാഴ്ചയോ മാത്രമേ നിലനിന്നുള്ളൂ.
പല തരത്തിലുള്ള ആളുകള്‍ പല കാരണങ്ങളാല്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്നു. ചിലര്‍ സഹതാപവും ശ്രദ്ധയും ആവശ്യപ്പെടുന്നു. ചിലര്‍ അംഗീകാരവും അഭിനന്ദനവും ആഗ്രഹിക്കുന്നു. സംസാരിക്കാന്‍ മാത്രമായി ചാറ്റിങ്ങിനെത്തുന്ന അപൂര്‍വ്വം പേരെ മാത്രമേ ഞാന്‍ ബന്ധപ്പെട്ടിട്ടുള്ളൂ. ആ ബന്ധം സംഭാഷണത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.
വൈകാതെ ചാറ്റ് ചെയ്യുന്ന വ്യക്തികളെ അടിസ്ഥാനമാക്കി ഞാന്‍ എന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ തുടങ്ങി. ദീര്‍ഘമായി ചാറ്റ് ചെയ്ത ചിലരെ സുഹൃത്തുക്കളാക്കി മാറ്റി. ഒരിക്കലും എന്‍റെ നഗരത്തില്‍ നിന്ന് ഞാന്‍ കൂട്ടുകാരെ തെരഞ്ഞെടുത്തില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എനിക്ക് അങ്ങനെ ബന്ധങ്ങളുണ്ടായി.
ഞാന്‍ മണിക്കൂറുകള്‍ സൈബര്‍ കഫേയില്‍ ചെലവിട്ടു. എന്‍റെ പോക്കറ്റ്മണിയത്രയും അതിനായി മാറ്റിവെച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എനിക്ക് മികച്ച ശബളത്തില്‍ എന്‍ജിനീയറായി ജോലി ലഭിച്ചു. അതോടെ സൈബര്‍ കഫേയില്‍ ചെലവഴിക്കുന്ന സമയം ഇരട്ടിയായി.
വൈകാതെ, ഇന്‍റര്‍നെറ്റ് വീട്ടില്‍ ലഭ്യമായി. ഞാന്‍ ഇഷ്ടപ്പെടുന്നവരുമായി രാവും പകലും സംസാരിക്കാന്‍ സ്വന്തം കംപ്യൂട്ടറും ഇന്‍റര്‍നെറ്റും എന്നെ പ്രാപ്തനാക്കി. എനിക്കു മുന്നില്‍ വിലക്കുകളില്ലാതെയായി. ചെറുപ്പം, പ്രായപൂര്‍ത്തിയായവന്‍, സമ്പാദിക്കുന്നവന്‍ - ഞാന്‍ കൈവിട്ടു പറക്കുകയായിരുന്നു.
എന്‍റെ ദിനങ്ങള്‍ ചാറ്റിങ്ങിനെ കേന്ദ്രീകരിച്ചായിരുന്നു. അത് അത്ര മഹത്തെന്ന് ഞാന്‍ കരുതി. നന്നായി സംസാരിക്കുക, ലോകമെങ്ങും സുഹൃത്തുക്കളെ സമ്പാദിക്കുക, അതു മാത്രമായി എന്‍റെ ലക്ഷ്യം. അവിടെ എനിക്ക് സ്വീകാര്യത ലഭിക്കുന്നു. എന്‍റെ ആത്മവിശ്വാസം കുതിച്ചുകയറി.
തിരിച്ചറിവുകള്‍ ഉണ്ടാകാന്‍ വളരെ വൈകി. ആരാണ് ഞാന്‍, എന്ന് ചിന്തിച്ചു തുടങ്ങിയത് അപ്പോള്‍ മാത്രം. ഞാന്‍ ആരായിത്തീര്‍ന്നിരിക്കുന്നു? അസംതൃപ്തമായ ബാല്യമാണോ എന്നെ ഇവ്വിധം ആക്കിത്തീര്‍ത്തത്? എനിക്ക് വഴികാട്ടാന്‍ വിസമ്മതിച്ച അച്ഛനും ജ്യേഷ്ഠനുമാണോ തെറ്റുകാര്‍? അതോ അകാലത്തില്‍ മരിച്ച അമ്മയോ? അച്ഛനെന്തുകൊണ്ട് വീണ്ടും വിവാഹം ചെയ്തു? ഞാന്‍ വിഷാദരോഗിയാണോ? അച്ഛന്‍റെ രണ്ടാം വിവാഹത്തിന് ആറുമാസം ശേഷം ജ്യേഷ്ഠന്‍ വിദ്യാഭ്യാസത്തിനായി വേര്‍പിരിഞ്ഞപ്പോള്‍ ഞാന്‍ എത്രമാത്രം ഏകനും പുറന്തള്ളപ്പെട്ടവനുമായി? രണ്ടാനമ്മയുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ മാത്രമേ എന്നില്‍ അവശേഷിക്കുന്നുള്ളൂ?
കൗമാരത്തില്‍ ഞാന്‍ പെണ്‍കുട്ടികള്‍ക്ക് നല്ലൊരു ആണ്‍സുഹൃത്തായിരുന്നില്ല. സങ്കീര്‍ണവ്യക്തിത്വമായിരുന്നു എന്‍റേത്. സൗഹൃദങ്ങള്‍ നന്നായി തുടങ്ങി. മോശമായി അവസാനിച്ചു. ഞാന്‍ മാത്രമല്ല തെറ്റുകാരന്‍. പെണ്‍കുട്ടികളും ഉള്‍ക്കൊള്ളാന്‍ കുറച്ചു ബുദ്ധിമുട്ടുള്ളവര്‍ തന്നെ. ഒടുവില്‍ ഒരു വിവാഹവെബ്സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഞാന്‍ വിവാഹം ചെയ്തു. അവള്‍ ദയാലുവും ഉദാരമതിയുമായിരുന്നു. ഞാന്‍ പിന്നിട്ട കാലത്തെ വേദനകള്‍ അവള്‍ മനസ്സിലാക്കി. എനിക്കൊപ്പം നില്‍ക്കാന്‍ സന്നദ്ധയായി. ഒരുമിച്ച് സന്തോഷപൂര്‍വ്വം ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
രണ്ടു വര്‍ഷത്തിനുശേഷം ഭാര്യ ഗര്‍ഭിണിയായി. തികവാര്‍ന്ന ഒരു കുടുംബചിത്രം ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞു. അക്കാലത്ത് ഞാന്‍ കഠിനമായി ജോലി ചെയ്തു തുടങ്ങി. അധികസമയം ഓഫീസില്‍ ചെലവഴിക്കുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകി. ഞാന്‍ തിരക്കിലായിരുന്നു. ഭാര്യയ്ക്ക് എന്‍റെ ശ്രദ്ധ ആവശ്യമുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ല. സ്നേഹമുള്ള, കരുതലുള്ള ഭര്‍ത്താവാകാന്‍ എനിക്ക് കഴിഞ്ഞില്ല. അവളുടെ അമ്മയാണ് അക്കാലത്ത് അവള്‍ക്ക് ആവശ്യമായ പരിചരണം നല്‍കിയത്.
ഇത് ഞങ്ങള്‍ക്കിടയില്‍ വിടവുണ്ടാക്കി. പ്രശ്നം രൂക്ഷമാക്കി, എന്‍റെ മുന്‍പെണ്‍സുഹൃത്ത് ദീര്‍ഘകാലത്തിനുശേഷം ഞാനുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും വിവാഹിതയും ഒരു കുഞ്ഞിന്‍റെ അമ്മയുമായിരുന്നു അവള്‍. ഭര്‍ത്താവും അയാളുടെ കുടുംബാംഗങ്ങളുമായി അവള്‍ക്കു ചില പ്രശ്നങ്ങളുണ്ടായിരുന്നു. അല്പം ആശ്വാസത്തിനായി ആരോടെങ്കിലും സംസാരിക്കാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു അവള്‍. മുന്നേ അറിയാമായിരുന്നതിനാല്‍ ഞാനാണ് ഉത്തമം എന്നവള്‍ ഉറപ്പിച്ചു.
ഞങ്ങള്‍ രണ്ടുപേരും പകല്‍ജോലി ചെയ്യുന്നവരാകയാല്‍ രാത്രി വൈകുവോളം ഞങ്ങള്‍ ചാറ്റ് ചെയ്തു. എനിക്കൊരു ബന്ധം ആവശ്യമില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നതിനാല്‍ അതില്‍ കുറ്റബോധത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. ഞാനെന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. പക്ഷേ വിരസത അകറ്റാന്‍ എനിക്കെന്തെങ്കിലും വേണം. പുതിയ എന്തെങ്കിലും ഒന്ന്. ഉന്മേഷം നല്കുന്ന ഒന്ന്. ഞാന്‍ ജീവിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. മുന്‍കാമുകിക്ക് പുറമേ സ്വകാര്യചാറ്റ് ഫോറങ്ങളിലെ സ്ത്രീകളുമായി ഞാന്‍ ചാറ്റ് ചെയ്തു തുടങ്ങി. പരസ്പരം വെളിപ്പെടുത്താത്ത ഈ ചാറ്റിങ്ങിലും എന്‍റെ വിഷയം എന്‍റെ ജീവിതവും പ്രശ്നങ്ങളും ചിന്തകളും തന്നെയായിരുന്നു.
ഞാന്‍ ചാറ്റിംഗിന് അടിമയായി. സംഭാഷണം 'സൈബര്‍ സെക്സി'ലേക്ക് പുരോഗമിച്ചു. ഓരോ സന്ദേശങ്ങളും എന്നില്‍ ആവേശം നിറച്ചു. ജീവിതത്തില്‍ എനിക്ക് നേടാനാവാത്ത സ്വപ്നലോകത്തില്‍ അതെന്നെ എത്തിച്ചു. ഞാനും ഭാര്യയും അപരിചിതരായി. ഞങ്ങള്‍ രണ്ടുലോകത്ത് ജീവിച്ചു. അവള്‍ പലപ്പോഴും എന്നെ നേരിട്ടു. അപരിചിത സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നതും ജീവിതം പങ്കുവയ്ക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അത് വലിയ കുഴപ്പത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
കുറ്റബോധം തോന്നിത്തുടങ്ങി. അവസാനിപ്പിക്കണം എന്നു ബോധ്യമായി. എന്നാല്‍ അതത്ര എളുപ്പമല്ലെന്നും ബോധ്യമായി. അത് പുകവലി നിര്‍ത്തുംപോലെയാണ്. ഇനിയില്ല, ഞാന്‍ ഉറപ്പിക്കുന്നു. പക്ഷേ ഒരിക്കല്‍ക്കൂടി...? വീണ്ടും തീരുമാനം, വീണ്ടും തെറ്റി... ഇല്ല, ഇതത്ര തെറ്റൊന്നുമല്ല, മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമം. സമയമാകുമ്പോള്‍ ഞാനും ഭാര്യയും ഒന്നിച്ചിരുന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും, പരിഹരിക്കും, ഒരുമിച്ച് ജീവിക്കും... അതുവരെ... അതുവരെ മാത്രം...
ഞാന്‍ ചാറ്റിങ്ങ് തുടര്‍ന്നു. നേരത്തെ ചാറ്റ് ചെയ്തിരുന്നവരുമായും പുതുതായി കണ്ടെത്തുന്നവരുമായും. അതങ്ങനെ തുടര്‍ന്നു. ഭാര്യ എന്‍റെ സന്ദേശങ്ങളത്രയും വായിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. സന്ദേശങ്ങളും ഇ മെയിലുകളും ഫോണിലെ ചാറ്റുകളും അവള്‍ കണ്ടെത്തി. ക്ഷമാപണങ്ങളുടെ പെരുമഴയായി പിന്നെ. അവളുടെ മനസ്സലിയിക്കാന്‍ പോന്ന വാക്കുകള്‍, വാഗ്ദാനങ്ങള്‍...
എല്ലാം അവസാനിപ്പിക്കാനും എന്നെ വിട്ടുപോകാനും ഭാര്യ തീരുമാനിച്ചു. പക്ഷേ ഞങ്ങളുടെ കുട്ടിയും അവളുടെ മാതാപിതാക്കളും അതില്‍ മുറിവേല്‍ക്കും. എന്നോടൊപ്പം തുടരാന്‍ അവള്‍ തീരുമാനിച്ചു. പക്ഷേ എന്നില്‍ അല്പവും വിശ്വാസമില്ലെന്നും എനിക്കൊരു തിരിച്ചുവരവ് പ്രതീക്ഷയില്ലെന്നും അവള്‍ തീര്‍ത്തു പറഞ്ഞു. എന്നിരുന്നാലും ഈ ചാറ്റിങ്ങ് വലിയ കുഴപ്പത്തിലേക്ക് നയിക്കുമെന്ന് അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ഒരു സ്ഥലം മാറ്റം ഒരു പക്ഷേ ജീവിതത്തിന്‍റെ അമൂല്യതയെക്കുറിച്ചും കുടുംബമൂല്യങ്ങളെക്കുറിച്ചും പഠിക്കാന്‍ എന്നെ സഹായിച്ചേക്കുമെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും തോന്നി. ചാറ്റ്റൂമുകളിലല്ല, കുടുംബബന്ധത്തിലാണ് സ്നേഹത്തിന്‍റെ ഊഷ്മളതയെന്ന് ഒരുപക്ഷേ ഞാന്‍ മനസ്സിലാക്കിയേക്കാം.
ഞങ്ങളുടെ ന്യൂയോര്‍ക്ക് ഓഫീസില്‍ ഒരു വര്‍ഷം ജോലി ചെയ്യാനുള്ള അവസരം ഞാന്‍ സ്വീകരിച്ചു. അതെന്‍റെ വ്യക്തിജീവിതത്തെ മാത്രമല്ല തൊഴില്‍ജീവിതത്തെയും സഹായിച്ചു. ഭാര്യ തികഞ്ഞ പിന്തുണ നല്കി. വീട്ടുകാര്യങ്ങള്‍ അവള്‍ ഭംഗിയായി നിര്‍വഹിച്ചു. വേനല്‍ക്കാലം ന്യൂയോര്‍ക്കില്‍ കുടുംബസമേതം ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി, എന്‍റെ ഉള്ളില്‍ കുറ്റബോധം തോന്നിത്തുടങ്ങി. ഞാന്‍ ചാറ്റിങ്ങ് നിര്‍ത്താന്‍തന്നെ തീരുമാനിച്ചു. പക്ഷേ കുറച്ചു മാസത്തേയ്ക്ക് ചാറ്റിങ്ങ് അവസാനിപ്പിച്ചെങ്കിലും അതിനുള്ള അദമ്യമായ ദാഹം എന്‍റെയുള്ളില്‍ നിലനില്‍ക്കുന്നതായി ഞാന്‍ മനസ്സിലാക്കി. മ്ലാനമായ ആഴ്ചയറുതിയില്‍ ഫ്ളാറ്റിലെ ഏകാന്തതയില്‍ ആകാശത്തലയുന്ന ഒറ്റ മേഘത്തെ നോക്കിയിരിക്കെ ലാപ്ടോപ്പിന്‍റെ സ്ക്രീന്‍ എന്നെ മാടിവിളിക്കുന്നു, 'വരൂ, നമുക്ക് ചാറ്റ് ചെയ്യാം.' ഒരു നിമിഷം ചിന്തിക്കാന്‍ ഇടകിട്ടും മുന്‍പ് ഞാന്‍ ചാറ്റ്റൂം ലോഗിന്‍ ചെയ്തുകഴിഞ്ഞു.
പഴയതുപോലെ വിവിധ പ്രായത്തിലുള്ള ആളുകളുമായി ഞാന്‍ ചാറ്റ് ചെയ്തു തുടങ്ങി. അറിയപ്പെടുന്ന എല്ലാ ഡേറ്റിങ്ങ്, ചാറ്റിങ്ങ് സൈറ്റുകളിലും എനിക്ക് അക്കൗണ്ടുണ്ടായി. നിശ്ചയിച്ചതുപോലെ വേനലവധിയില്‍ കുടുംബം ന്യൂയോര്‍ക്കില്‍ എത്തി. ഓഫീസില്‍ നിന്നു സമയം കണ്ടെത്തി ഞാനവരെ പുറത്തുകൊണ്ടുപോയി. എങ്കിലും മൊബൈല്‍ ഫോണ്‍ തുടരെ ഉപയോഗിക്കുന്നതു ശ്രദ്ധിച്ച ഭാര്യ ഞാന്‍ എന്‍റെ ദുശ്ശീലം ഉപേക്ഷിച്ചിട്ടില്ലെന്ന് മനസ്സിലാക്കി. നല്ലയൊരു അവധിക്കാലം അലങ്കോലപ്പെടുത്താന്‍ ഇഷ്ടപ്പെടാത്തതിനാല്‍ അതെക്കുറിച്ച് ഒന്നും പറയാതെ അവള്‍ ഇന്ത്യയിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം കഴിയുന്നതിനേക്കാള്‍ ചാറ്റിംഗിനു പ്രാമുഖ്യം നല്‍കുന്നതില്‍ അവള്‍ക്കുള്ള ദുഃഖം അവള്‍ പിന്നീട് സൂചിപ്പിച്ചു. എന്നത്തെയുംപോലെ, ഇതൊരു നിരുപദ്രവകാര്യം എന്നു ഞാന്‍ സമാധാനിച്ചു. സമയം വരുമ്പോള്‍ എല്ലാം ശരിയാകും.
ആ വര്‍ഷത്തെ ശീതകാലത്ത് ഓഫീസില്‍ നിന്ന് വീട്ടിലെത്തി, വീഞ്ഞു നുണഞ്ഞിരുന്ന ഞാന്‍ ഒരു ചാറ്റ് ആപ്ലിക്കേഷനില്‍ കണ്ട പുതിയൊരാള്‍ക്ക് സന്ദേശം അയച്ചു. വയസ്സ് 21 എന്നവള്‍ വ്യക്തമാക്കിയിരുന്നു. പ്രൊഫൈല്‍ ചിത്രം വളരെ മനോഹരം. 15-20 മിനിറ്റിനുശേഷം അവള്‍ക്ക് 21 വയസ്സ് അല്ല, 18ഉം ആയിട്ടില്ല എന്നറിയിക്കുന്ന സന്ദേശം എനിക്ക് ലഭിച്ചു. ഞാനത് കണക്കാക്കിയില്ല. 18 വയസ്സില്‍ കുറവുള്ളവര്‍ക്ക് ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനാകില്ല.
ആ സായാഹ്നത്തില്‍ എങ്ങനെയും സമയം കൊല്ലണം എന്നതുമാത്രമായിരുന്നു എന്‍റെ ആഗ്രഹം. അവള്‍ക്ക് 18 വയസ്സ് ആകാത്തതില്‍ കുഴപ്പമില്ല എന്ന് ഞാന്‍ അറിയിച്ചു. മറിച്ച് പ്രായമുള്ള ഒരാളുമായി അവള്‍ ചാറ്റ് ചെയ്യാന്‍ തയ്യാറായതില്‍ സന്തോഷവുമുണ്ട്. ആ വൈകുന്നേരം സംഭാഷണം അധികം നീണ്ടില്ല. എന്നാല്‍ തുടര്‍ന്ന് അതേസമയത്ത് അവളെ ഞാന്‍ ഓണ്‍ലൈനില്‍ ശ്രദ്ധിച്ചു. ഞാനവളോട് വാട്ട്സാപ്പില്‍ ചാറ്റ് ചെയ്യാമോയെന്ന് ആരാഞ്ഞു. അതാണ് കൂടുതല്‍ സൗകര്യം. എന്നെ അത്ഭുതപ്പെടുത്തി അവള്‍ നമ്പര്‍ നല്കി. ഞങ്ങള്‍ വാട്ട്സാപ്പില്‍ ചാറ്റിങ്ങ് തുടങ്ങി. ഓണ്‍ലൈനില്‍ സ്ത്രീകളായി നടിക്കുന്നവര്‍ പുരുഷന്മാരും ചിലപ്പോള്‍ കിഴവന്മാര്‍ വരെയാണെന്ന് എനിക്കറിയാം. പെണ്‍കുട്ടിയോ എന്നുറപ്പിക്കുന്നതിന് ഞാനൊരു ടെലഫോണ്‍ സംഭാഷണമോ വീഡിയോ കോളോ ആവശ്യപ്പെട്ടു. അവളതു നിരസിച്ചു. മാതാപിതാക്കള്‍ അവളുടെ മൊബൈല്‍ഫോണ്‍ എടുത്തുമാറ്റിയത്രേ.
മറ്റ് ചാറ്റിങ്ങുകള്‍ എല്ലാം നിര്‍ത്തിവച്ച് എന്നേക്കാള്‍ രണ്ടു പതിറ്റാണ്ട് പ്രായം കുറവുള്ള ഈ പെണ്‍കുട്ടിയില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരാഴ്ചയോളം ചാറ്റിങ്ങ് തുടര്‍ന്നപ്പോള്‍ സംഭാഷണം ലൈംഗികച്ചുവയിലേക്ക് ചുവടുമാറുന്നതായി ഞാന്‍ അറിഞ്ഞു. അക്കാലത്ത് യു. എസിലെ അറിയപ്പെടുന്ന ഒരു നഗരത്തിലേക്ക് യാത്രപോകാന്‍ ഞാന്‍ ഒരുങ്ങുകയായിരുന്നു. അവള്‍ ആ നഗരത്തിനടുത്താണ് താമസമെന്ന് ഞാന്‍ മനസ്സിലാക്കി. അവള്‍ ചെറുപ്പമാണ്. സുന്ദരിയും. എന്നെ കാണുന്നതിനും എന്നോടൊപ്പം സമയം ചെലവഴിക്കുന്നതിനും അവള്‍ക്കും ഏറെ താല്പര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. സഹപാഠിയെ കാണാന്‍ പോകുന്നുവെന്നും രാത്രി അവളുടെ വീട്ടില്‍ തങ്ങുമെന്നും മാതാപിതാക്കളെ ധരിപ്പിക്കാമെന്ന് അവള്‍ അറിയിച്ചു.
ഞങ്ങള്‍ മുഖാമുഖം കാണാന്‍ തീരുമാനമായി. ആ നഗരത്തിലെത്തി. രാവിലെ കാഴ്ചകള്‍ കണ്ടു നടന്നു. ഉച്ചയ്ക്കുശേഷം കാണാമെന്നാണ് ഞങ്ങള്‍ പറഞ്ഞുറപ്പിച്ചിരുന്നത്. ഒരു കഫേയില്‍ കണ്ടുമുട്ടി ഉച്ചഭക്ഷണം കഴിച്ചശേഷം ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോകാം എന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ പൊതുസ്ഥലത്ത് എന്നെ സന്ധിക്കാന്‍ അവള്‍ക്കാവില്ല. ഹോട്ടല്‍ ലോബിയിലെ ലിഫ്റ്റിനടുത്ത് അവള്‍ വരും.
ഞാന്‍ ലിഫ്റ്റിനെ സമീപിച്ചു. ഒരു പറ്റം ആള്‍ക്കാര്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു. തങ്ങള്‍ രഹസ്യപ്പോലീസുകാരാണെന്ന്(Under Cover Agents ) അവര്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയായി നടിച്ച് എന്നോട് ചാറ്റ് ചെയ്തത് കൂടെയുള്ള സ്ത്രീയാണ്. അവരെന്നെ മുറിയിലേക്ക് നയിച്ചു. ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്തുകൊണ്ട് ഞാനിവിടെ? ഈ നഗരത്തില്‍ എന്‍റെ സന്ദര്‍ശനോദ്ദേശ്യം എന്ത്? ലൈംഗികച്ചുവയുള്ള എന്‍റെ സംഭാഷണങ്ങള്‍ അവര്‍ ഉറക്കെ വായിച്ചു. ആ ചോദ്യംചെയ്യല്‍ അപ്പോള്‍തന്നെ ആദ്യാവസാനം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ലോകമെങ്ങുമായി രണ്ടായിരത്തോളം പേര്‍ അത് തത്സമയം കണ്ടു. ആകെത്തകര്‍ന്ന് പൊട്ടിക്കരഞ്ഞ്, മാപ്പിരക്കുന്ന എന്നെ ലോകം കണ്ടു.
വൈകാതെ ലോകം എന്നെ വിലയിരുത്തി, ഞാന്‍ ആരാണ്? എന്തുതരം മനുഷ്യനാണ് ഞാന്‍? അവര്‍ അഭ്യൂഹങ്ങള്‍ നിരത്തി. കുട്ടിക്കടത്തു നടത്തുന്ന സംഘത്തിലെ അംഗമാണ് ഞാന്‍ - ചിലര്‍പറഞ്ഞു. ബഹുരാഷ്ട്രകമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നതിനാലും വിദേശകുടിയേറ്റക്കാരനായതിനാലും കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായി. വിദേശികള്‍ക്ക് ജോലി നല്കുന്നതിന് ഗവണ്‍മെന്‍റിനെതിരെപോലും വിമര്‍ശനമുണ്ടായി.
വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഞാന്‍ അങ്ങേയറ്റം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു പ്രത്യാഘാതം. എന്‍റെ ഭാര്യയുടെ ആവര്‍ത്തിച്ചുള്ള അപേക്ഷ മാത്രം മനസ്സില്‍ മുഴങ്ങി, 'ഇത് കുഴപ്പമാകും.' അതെ അവള്‍ പറഞ്ഞതു ശരിയായിരുന്നു. ഞാന്‍ സ്വയം നാശത്തിലേക്ക് കുതിക്കുകയായിരുന്നു. രഹസ്യ എജന്‍റുമാര്‍ എന്നെ പോലീസിനു കൈമാറി. ഒന്നരവര്‍ഷത്തെ തടവിന് ഞാന്‍ ശിക്ഷിക്കപ്പെട്ടു.
എന്നെ കുടുക്കിയവര്‍ അതുകൊണ്ടും അടങ്ങിയില്ല. അവര്‍ വാര്‍ത്ത 'വൈറലാക്കി.' എല്ലാ പത്രങ്ങളിലും എന്‍റെ ഫോട്ടോ സഹിതം വാര്‍ത്ത വന്നു. സമൂഹമാധ്യമങ്ങളിലെ സാധ്യമായ സൈറ്റുകളിലും തത്സമയ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തു. ഇന്ത്യന്‍ പത്രങ്ങളും എരിവും പുളിയും ചേര്‍ത്ത് 'കഥ' പ്രസിദ്ധീകരിച്ചു.
എന്‍റെ കുടുംബം തകര്‍ന്നു. ഏറെ അപമാനവും പീഡനവും അവര്‍ സഹിച്ചു. ജോലിക്കു പോകാനോ സുഹൃത്തുക്കളെ അഭിമുഖീകരിക്കാനോ ആകാതെ ഭാര്യ തളര്‍ന്നു. അവളെ ആശ്വസിപ്പിക്കാനാകാതെ മാതാപിതാക്കള്‍ കുഴങ്ങി. ബന്ധുക്കളുടെയും മിത്രങ്ങളുടെയും അന്വേഷണങ്ങള്‍ക്കു മുന്നില്‍ അവര്‍ പകച്ചു.
ഞാന്‍ തടവിലായി. ആരുമായും ബന്ധപ്പെടാനായില്ല. എന്‍റെ കുടുംബത്തിന് എന്തു സംഭവിച്ചു? എന്നെ ആശ്വസിപ്പിക്കാന്‍ ആരുമില്ല. ഞാന്‍ എന്തു ചെയ്യാന്‍? ആരെയും കാണാനാകാതെ, ആരോടും മിണ്ടാനാകാതെ തടവറയുടെ കനത്ത നാലു ചുവരുകള്‍ക്കുള്ളില്‍ കുറ്റബോധവും ആത്മനിന്ദയും താങ്ങാനാകാതെ ഞാന്‍. തിരിച്ചറിവുകളുടെ തീയില്‍ എന്‍റെയുള്ളം പൊള്ളി. എത്ര ഭാഗ്യവാനായിരുന്നു ഞാന്‍. സ്നേഹമയിയായ ഭാര്യ. കരുതല്‍ മാത്രമുള്ള അമ്മായിയച്ഛനും അമ്മയും. എല്ലാറ്റിനുമുപരിയായി എന്‍റെ പൊന്നുമോന്‍. അവര്‍ക്ക് ഞാന്‍ എന്‍റെയുള്ളില്‍ അല്പവും ഇടം കൊടുത്തില്ല. യഥാര്‍ഥലോകത്തെ വിട്ട് ഭാവനാ ലോകത്ത് വിഹരിച്ച ഞാന്‍ എത്ര വിഡ്ഢി.
ചിലര്‍ക്ക് കുറ്റബോധത്തെ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാം. അവര്‍ അനായാസം കുറ്റബോധം കുടഞ്ഞുകളഞ്ഞ് അടുത്ത ജീവിതത്തിലേക്ക് കാല്‍വയ്ക്കുന്നു. ഞാനതില്‍ പരാജയപ്പെട്ടു. കുറ്റബോധം അത്ര ആഴത്തിലായിരുന്നു. അങ്ങനെ സ്വയം ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനായി പരിണമിക്കുന്ന വേദനാജനകമായ പ്രക്രിയയ്ക്ക് തുടക്കമായി - ആദിയില്‍ ഞാന്‍ ആയിരുന്നതിലേക്കുള്ള മടക്കം. ജീവിതം ഇനിയൊരിക്കലും മുന്‍പത്തേതുപോലെയാകില്ല - എനിക്കറിയാം. മുറിവുകളുണങ്ങാന്‍ കാലമേറെയെടുക്കും. കുറ്റബോധത്തില്‍ നിന്ന് പുറത്തുകടക്കണം. പുതിയ ജീവിതം തുടങ്ങണം. ഇപ്പോഴും ഞാന്‍ ജീവിക്കുന്നു. ഞാന്‍ ശ്വസിക്കുന്നു. അത്രയും ഭാഗ്യവാനല്ലേ ഞാന്‍. ഇപ്പോഴും എന്നെ വിശ്വസിക്കുന്ന, എന്നിലെ എന്നെ മനസ്സിലാക്കുന്ന ആത്മാര്‍ത്ഥതയുള്ള ചില മനുഷ്യരുണ്ടെന്നത് മഹാത്ഭുതമല്ലേ? അവര്‍ എന്നെ ഒരു തരത്തിലും വിധിക്കുന്നില്ല. ജീവിതം നമ്മെ ചിലപ്പോള്‍ കഠിനപാഠങ്ങള്‍ പഠിപ്പിക്കും. പക്ഷേ അത് ജീവിതം ഉപേക്ഷിക്കാനുള്ള കാരണമാകുന്നില്ല. പുതിയ അവബോധത്തിലേക്ക് ഉണരാനും ഇന്നലെകളെ കുടഞ്ഞെറിഞ്ഞ് നന്മയിലേക്ക് വളരാനുമുള്ള അവസരമാണത്.
സമൂഹമാധ്യമവും ചാറ്റിങ്ങും നമ്മുടെ ജീവിതത്തെ ബാധിക്കാവുന്ന ആയിരക്കണക്കിന് വഴികളില്‍ ഒന്നുമാത്രമാണ് ഇതുവരെ ഞാന്‍ വിവരിച്ചത്. നമ്മുടെ കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ വിരിച്ച വലയില്‍ കുടുങ്ങുന്ന വാര്‍ത്തകള്‍ നാം ദിവസേന വായിക്കുന്നു. സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. കുടുംബത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തുറവിയുണ്ടാകേണ്ടിയിരിക്കുന്നു. ഒരു പ്രതിസന്ധിയില്‍ കുടുംബം കൂടെയില്ലെങ്കില്‍ ഗുരുക്കന്മാരോട്, അല്ലെങ്കില്‍ മാതൃകാപുരുഷനോട് സംസാരിക്കുക, ഉപദേശം തേടുക. അപരിചിതരോടോ അല്പം മാത്രം പരിചയമുള്ളവരോടോ അരുത്.
ഞാനെന്‍റെ ജീവിതകഥ തുറന്നുപറയാന്‍ ഏക കാരണം ഈ അവബോധം പ്രചരിപ്പിക്കുക എന്ന സാധ്യത മുന്നില്‍ കണ്ടുമാത്രം.
"മനുഷ്യരായ നാം നമ്മുടെ ജീവിതത്തിന്‍റെ അധികാരികളാകണം. മറ്റൊന്നിനെയും - ഇലക്ട്രോണിക് ഉപകരണങ്ങളോ, വെര്‍ച്വല്‍ ലോകമോ, സാമൂഹ്യമാധ്യമോ, എന്തുമായിക്കൊള്ളട്ടെ- നമ്മെ അടിമപ്പെടുത്താന്‍ അനുവദിക്കരുത്. നമ്മുടെ ജീവിതത്തെ വികലമാക്കാനോ നിയന്ത്രിക്കാനോ ഒന്നിനെയും അനുവദിക്കരുത്. ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ നാം പ്രതിസന്ധികളെ നേരിടേണ്ടിവരും. മറ്റാരോടും പറയാനാകാത്ത പ്രശ്നങ്ങള്‍ നമുക്കുണ്ടാകും. സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാരം തേടരുത്.
ഒരു സ്ക്രീനിനു പിന്നില്‍ ഒളിച്ചിരിക്കുന്ന ആളിനോട് സംസാരിക്കുന്നതിനേക്കാള്‍ നൂറു മടങ്ങ് മെച്ചമത്രേ അപരിചിതനെങ്കില്‍പ്പോലും ഒരാളോട് മുഖാമുഖം സംസാരിക്കുന്നത്. അഭിമുഖസംഭാഷണത്തില്‍ ശരീരഭാഷയും സ്വരഭേദവും മുഖഭാവവും അംഗവിക്ഷേപവും നല്‍കുന്ന അടുപ്പം ഹൃദയം തുറക്കാനും ഹൃദയത്തില്‍ നിന്ന് സംസാരിക്കാനും നമുക്ക് പ്രേരണയാവുന്നു.
ചാറ്റ് മാധ്യമത്തില്‍ അപരന്‍ നമ്മെ ആശ്വസിപ്പിക്കാന്‍ പറയുന്ന വാക്കുകള്‍ നാം സ്വീകരിക്കുക നമ്മുടെ മനോഭാവം അനുസരിച്ചു മാത്രമാണ്. നാം ദേഷ്യത്തിലെങ്കില്‍ അപരന്‍ പറയുന്നതത്രയും അരിശത്തോടെയേ നാം സ്വീകരിക്കൂ. നിസംഗതയിലെങ്കില്‍ ആശ്വാസവാക്കുകളും നിസംഗതയില്‍ സ്വീകരിക്കപ്പെടുന്നു. നമ്മെ ഉത്തേജിപ്പിക്കാന്‍, മാറ്റിത്തീര്‍ക്കാന്‍ ആ വാക്കുകള്‍ക്ക് കഴിയുന്നില്ല, കാരണം അവ യാന്ത്രികമത്രേ.