എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ല. കണ്ണുകളൊന്നടയ്ക്കാന്‍പോലും കഴിയുന്നില്ല. അയാള്‍ സാവധാനം എണീറ്റിരുന്നു. ചിന്തകള്‍ക്കു ഭ്രാന്തു പിടിക്കുന്നു. പരിഹാരം കാണാനാവാത്ത നൂറു കൂട്ടം പ്രശ്നങ്ങള്‍...

ഒരു ദരിദ്രവാസിയുടെ സ്വപ്നങ്ങള്‍ക്ക് ആയിരങ്ങളുടെ വിലപറയാന്‍ ആരു പറഞ്ഞു? നിന്‍റെ ആസ്തി ദാരിദ്ര്യം മാത്രമല്ലേ?.. പക്ഷേ ദരിദ്രനും സ്വപ്നമുണ്ടാകില്ലേ? മോഹമുണ്ടാകില്ലേ? സങ്കല്പങ്ങളുണ്ടാകില്ലേ?

താന്‍ വെറുമൊരു ദരിദ്രന്‍ മാത്രമല്ലല്ലോ... ഒരു ഭര്‍ത്താവല്ലേ.... രണ്ടു പെണ്‍മക്കളുടെ അച്ഛനല്ലേ...

കൈയെത്താത്ത ദൂരത്തുള്ള മംഗല്യ സ്വപ്നങ്ങളുമായ് മൂത്തമകള്‍ ഒരു മറയ്ക്കപ്പുറത്ത് ഉറങ്ങുന്നു.  അച്ഛനെ വിഷമിപ്പിക്കാതിരിക്കാന്‍, ഉയരുന്ന നെടുവീര്‍പ്പുകളെപ്പോലും ഉള്ളിലടിച്ചമര്‍ത്തുന്നവള്‍. എത്രയെത്ര അമര്‍ത്തി അടക്കിയാലും അവളൊരു പെണ്ണല്ലേ... ചോരയും നീരുമുള്ള പെണ്ണ്.

താനും തുരുമ്പുപിടിച്ച എന്‍റെ ഓട്ടോയും എത്ര ഓടി. എന്നിട്ടൊന്നും മിച്ചംവയ്ക്കാനായില്ല. അയാളുടെ ഉള്ളം വെന്തു വിണ്ടുകീറി.

പിഞ്ഞിയ ചാക്കിട്ട് മറച്ച ജനലിനരുകിലേക്ക് അയാള്‍ നടന്നു. ചാക്കു കര്‍ട്ടന്‍ പതിയെ മാറ്റി. പുലരാറാകുന്നതേയുള്ളൂ. അയാള്‍ വാതില്‍ക്കലേക്ക് തിരിഞ്ഞു. യദൃച്ഛികമായാണ് അയാളുടെ പാദം മൂലയ്ക്കിരുന്ന തകരപ്പെട്ടിയില്‍ മുട്ടിയത്. അയാളുടെ തലച്ചോറിലൂടെ ഒരു മിന്നല്‍. അവന്‍ ആവേശത്തോടെ പെട്ടി തുറന്നു. അതിനടിയില്‍ പ്ലാസ്റ്റിക് കവറിലിട്ടു സൂക്ഷിച്ചുവച്ചിരുന്ന രണ്ടു പേപ്പര്‍ തപ്പിയെടുത്തു. അയാളുടെ മുഖഭാവം പെട്ടെന്ന് വികൃതമായി. പിന്നെ സാവകാശം ശാന്തമായി. കണ്ണുകള്‍ നിറഞ്ഞൊഴുകി. എവിടെയോ ഒരു തെരുവു നായ കാലന്‍കൂവി. അസമയത്ത് പക്ഷികള്‍ കരഞ്ഞു. ഒരു ആത്മാവ് യാത്രയാകാന്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്.

തനിക്കൊരു അപകടമരണം സംഭവിച്ചാല്‍ തന്‍റെ മക്കളുടെ ഭാവി ശോഭനമാക്കുമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനി നല്കിയ 'ഉറപ്പ്' അയാളുടെ കൈയിലിരുന്ന് വിറച്ചു. ഞാന്‍ കമ്പനിയെ വിശ്വസിക്കുകയാണ്... എന്‍റെ രണ്ടു മക്കളുടെ ഭാവിയുടെ ഗ്യാരന്‍റി ഈ പേപ്പറിലുറങ്ങുന്നുണ്ട്.

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണോ? അല്ല, ഇതൊരു ജീവത്യാഗമാണ്. സ്വന്തം രക്തത്തില്‍ പിറന്ന മക്കള്‍ക്കുവേണ്ടി അവസാനത്തുള്ളിവരെ ഊറ്റിക്കൊടുക്കുകയാണ്. അതിന്‍റെ പേര് ആത്മഹത്യയെന്നാകുമോ... അറിയില്ല.. ഒന്നുമാത്രം അറിയാം, ഞാനൊരച്ഛനാണ്.

അയാള്‍ തിരിഞ്ഞു നോക്കി. ഭര്‍ത്താവ് മരണദൂതനുമായി ഉടമ്പടി ചെയ്തതറിയാതെ ശാന്തമായി ഉറങ്ങുന്ന ഭാര്യ. ഭര്‍ത്താവിനും  മക്കള്‍ക്കും വേണ്ടി അരവയറിലൊതുങ്ങേണ്ടിവരുന്നതിന്‍റെ വല്ലായ്മ അവളുടെ തളര്‍ന്ന മുഖവും ശരീരവും വിളിച്ചുപറയുന്നുണ്ട്. തന്‍റെ എല്ലാ ബലഹീനതകളിലും  താങ്ങായ് നിന്നവള്‍. ഇന്ന് നിന്നെയും മക്കളെയും ഞാന്‍ ഉപേക്ഷിക്കുകയാണ്. അല്ല, ഒരിക്കലും ഉപേക്ഷിക്കുകയല്ല. ഒക്കെ നിങ്ങള്‍ക്കു സാവകാശം മനസിലാകും. ഒന്നു മാത്രം മറക്കരുത്. പോളിസിയുടെ കാര്യം. എല്ലാം കാര്യകാരണസഹിതം വിളിച്ചു പറയണമെന്നയാള്‍ക്കു തോന്നി. എങ്കിലും അതൊന്നും പാടില്ലല്ലോ. താനിപ്പോള്‍ നിസ്സഹായനല്ലേ.

അയാള്‍ പേപ്പറുകള്‍ പെട്ടിക്കുള്ളിലേക്കു തിരികെവച്ചു. കതകുപാളി മെല്ലെ മാറ്റി പുറത്തേക്കിറങ്ങി. ഉമ്മറത്തിണ്ണയില്‍ ഇളയ മകളിരുന്നു പഠിക്കുന്നുണ്ട്.

'നീ നേരത്തെ എണീറ്റായിരുന്നോ?'

"വെളുപ്പാന്‍ കാലത്ത് ഞാനൊരു സ്വപ്നം കണ്ടു. എന്‍റെയും ചേച്ചിയുടെയും വിവാഹം ഒരേ പന്തലില്‍ നടക്കുന്നു. ഞങ്ങള്‍...." അവള്‍ സ്വപ്നം വര്‍ണ്ണിക്കാന്‍ തുടങ്ങി. പക്ഷേ അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കുകയറി ചോദിച്ചു.

"അപ്പോള്‍ അച്ഛനും ഉണ്ടായിരുന്നോ?"

"ഇല്ലച്ഛാ. അമ്മ ഞങ്ങളുടെ അടുത്തുതന്നെയുണ്ടായിരുന്നു. പക്ഷേ അവിടെല്ലാം തിരഞ്ഞിട്ടും അച്ഛനെ കണ്ടില്ല."

അയാളുടെ ഉള്ളിലൊരു വെള്ളിടി വെട്ടി. സമയമായിരിക്കുന്നു. ഇനി വൈകരുത്. പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ് ചൊല്ല്. അയാള്‍ യാന്ത്രികമായി ഓട്ടോ സ്റ്റാര്‍ട്ടാക്കി.

'അച്ഛനിത്ര വെളുപ്പിനെ എവിടെയ്ക്കാ?"

"എന്നെ ഒരു ദീര്‍ഘദൂര ഓട്ടത്തിനു വിളിച്ചിട്ടുണ്ട്." അയാള്‍ തിരിഞ്ഞുനോക്കാതെ പറഞ്ഞു.

നേരം നന്നേ പുലര്‍ന്നു. അയാളുടെ വീട്ടിലേക്ക് അയല്‍ക്കാരും ബന്ധുക്കളും ഒറ്റയ്ക്കും കൂട്ടമായും എത്തിത്തുടങ്ങി.

ഒന്നും മനസ്സിലാകാതെ പകച്ചുനിന്ന അമ്മയുടെയും മക്കളുടെ കാതുകളില്‍ ആ വാര്‍ത്തയെത്തി. പുലര്‍ച്ചെ റെയിവേക്രോസില്‍ ഒരു ഓട്ടോറിക്ഷാ അപകടത്തില്‍പെട്ടു....
നേരം ഉച്ചതിരിഞ്ഞു. ഉമ്മറക്കോണില്‍ തളര്‍ന്നു മയങ്ങിക്കിടക്കുന്ന അമ്മയുടെയും മക്കളുടെയും മുന്നില്‍ അയാളെ വെള്ള പുതപ്പിച്ചു കിടത്തി.

മുറ്റത്തിന്‍റെ ഒരു കോണില്‍ കൂടിനിന്നവര്‍ അന്ത്യകര്‍മ്മങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തു. മറ്റൊരു കോണില്‍ ഒറ്റയ്ക്കു നിന്ന കമ്പനി ഏജന്‍റ് പോളിസിയുടെ ഇതുവരെയുള്ള അടങ്കല്‍ തുകയെപ്പറ്റിയും കുടിശികയെപ്പറ്റിയും ഇനി മുന്നോട്ട് പേപ്പറുകള്‍ നീക്കേണ്ടതിനെക്കുറിച്ചും നീക്കുബാക്കിയായി എന്തെങ്കിലും കിട്ടുമോയെന്നതിനെക്കുറിച്ചും മനസ്സില്‍ കൂട്ടലും കിഴിക്കലും നടത്തി.

തകരപ്പെട്ടിയിലെ പേപ്പറുകള്‍ക്കിടയില്‍ കണക്കിലെ കളിയറിയാതെ ഒരു ഹൃദയം തുടിച്ചു... എത്രയും വേഗം ഇതൊന്നു സാങ്ങ്ഷനായെങ്കില്‍...

You can share this post!

ഹാര്‍ട്ട്പെപ്പര്‍ റോസ്റ്റ്

ലിന്‍സി വര്‍ക്കി
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts