ആരോഗ്യമുള്ള ശരീരവും സംതൃപ്തി നിറഞ്ഞ മനസ്സും ആത്മീയത ഇഴപാകിയ ജീവിതവുമാണ് ഭൂമിയിലെ ജീവിതത്തെ വര്‍ണശോഭയുള്ളതാക്കുന്നത്. ഏപ്രില്‍ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കുന്നു. അവബോധത്തോടെയും ശ്രദ്ധയോടെയും ജീവിച്ചാല്‍ ആരോഗ്യമുള്ള ജീവിതം അകലെയാവില്ല.
കൃതജ്ഞതയോടെയുള്ള ജീവിതം സംതൃപ്തിക്കും ആരോഗ്യത്തിനും കാരണമാകും. ഈശോ പിതാവായ ദൈവത്തോടു നന്ദി പറഞ്ഞുകൊണ്ടാണ് ദിവസം ആരംഭിച്ചിരുന്നതുതന്നെ. എല്ലായ്പ്പോഴും കൃതജ്ഞത അര്‍പ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. വാര്‍ദ്ധക്യത്തിലായ അപ്പച്ചന്‍ സംസാരത്തിനിടയില്‍ എന്നോടു പറഞ്ഞു: "പിന്നോട്ടു നോക്കുമ്പോള്‍ എനിക്ക് സംതൃപ്തി തോന്നുന്നു. ആരെയും ഞാന്‍ മനപ്പൂര്‍വ്വം ഉപദ്രവിച്ചിട്ടില്ല. എല്ലാവരും എന്നോട് സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. എന്‍റെ സംതൃപ്തി നിറഞ്ഞ ജീവിതത്തിന്‍റെ പ്രധാനപ്പെട്ട കാരണം, രാവിലെ ഞാന്‍ നന്ദി പറഞ്ഞാണ് ഏണീക്കുക. ഏകദേശം അരമണിക്കൂറോളം എല്ലാത്തിനും നന്ദി പറയും. വെറുപ്പും വിദ്വേഷവും പകയും അനാവശ്യസംസാരവും ആരോഗ്യത്തിനു ഹാനികരം തന്നെ. എല്ലാ വിജയങ്ങളോടും പരിക്കുകളോടും കൃതജ്ഞതയോടെ ജീവിക്കുക."
""Inspite of everything I still belive that people are really good at heart.''
""Think of all the beauty still left around you and be happy.''
നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുമ്പോള്‍ ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പിലെ വരികളാണിത്. കഷ്ടതകളുടെയും യാതനകളുടെയുമിടയില്‍ ശുഭാപ്തിവിശ്വാസമുള്ള വാക്കുകളാണ് ഈ പെണ്‍കുട്ടി എഴുതിവച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മനോഭാവം വളര്‍ത്തിയെടുക്കുക അത്യന്താപേക്ഷിതമാണ്. ഏതു ജീവിതാവസ്ഥയെയും നോക്കി പുഞ്ചിരിക്കാനും ശുഭാപ്തിവിശ്വാസത്തോടെയും പോസിറ്റീവ് മനോഭാവത്തോടെയും മുന്നോട്ടുപോകാനും ഊര്‍ജ്ജം സംഭരിക്കണം. ഇത്തരത്തിലുള്ള മനോഭാവം മാനസിക ബലത്തിനും ആരോഗ്യമുള്ള ശരീരത്തിനും കാരണമാകാം.
ഒച്ച് മരത്തിനു മുകളിലേക്കു സാവധാനം നീങ്ങുന്നത് മുകളില്‍ നിന്ന് കണ്ട കാക്ക ചോദിച്ചു: "എങ്ങോട്ടാ?" "മുകളില്‍ ഫലങ്ങള്‍ പാകമായോ എന്നു നോക്കാന്‍ പോവുകയാ." "അതിന് ഇനിയും സമയമെടുക്കും; ഇപ്പോള്‍ വരേണ്ടതില്ല," എന്നു പറഞ്ഞ് കാക്ക പറന്നകന്നു. പിന്നീട് കാക്ക വരുമ്പോഴും ഒച്ച് മരത്തിന്‍റെ മുകള്‍ഭാഗത്തെ ലക്ഷ്യമാക്കി കയറിക്കൊണ്ടിരിക്കുന്നു. കാക്ക പരിഹാസരൂപത്തില്‍ പറഞ്ഞു: "ഞാന്‍ പറഞ്ഞതല്ലേ, ഫലങ്ങള്‍ പാകമായില്ലെന്ന്. പിന്നെന്തിനാ ഇപ്പോഴെ മുകളിലേക്ക്...!" "ഇപ്പം കയറിത്തുടങ്ങിയാലേ ഫലങ്ങള്‍ പാകമാകുമ്പോള്‍ എനിക്ക് മുകളിലെത്താന്‍ സാധിക്കൂ."
ലക്ഷ്യം പാകമായ പഴങ്ങളാണ്. യാത്ര നേരത്തെ തുടങ്ങേണ്ടതുണ്ട്. പിതാവിന്‍റെ ഇഷ്ടം നിറവേറ്റുക, മാനവകുലത്തിന്‍റെ പരിഹാരബലി, ദൈവരാജ്യം എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ചിന്തിച്ചും ശ്രദ്ധയോടും നേരത്തെതന്നെ യാത്ര തുടങ്ങിയവനാണ്. ഭൂമിയില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ ഒരു ലക്ഷ്യം ആവശ്യമുണ്ട്. ലക്ഷ്യത്തോടുള്ള തീവ്രത കൂടുന്നതനുസരിച്ച് യാത്രയിലുള്ള സഹനങ്ങളെയും യാതനകളെയും ഏറ്റെടുക്കാന്‍ തക്കവിധം ഒരുക്കമുള്ളവരാകും. ലക്ഷ്യം ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ പരിപുഷ്ടിപ്പെടുത്തുകയും ഉണര്‍വ്വോടെ നിര്‍ത്തുകയും ചെയ്യുന്നു. വലിയ പദ്ധതിയുടെ ഭാഗമാകുമ്പോള്‍ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അസ്വസ്ഥപ്പെടില്ല. മറിച്ച് ലക്ഷ്യത്തിലേക്കുള്ള പ്രയാണം എപ്പോഴും ചിന്തയിലുണ്ടാകും.
ഭരണങ്ങാനം സെറാഫിക് സെമിനാരിയിലായിരുന്നു ആദ്യവര്‍ഷങ്ങള്‍ ചെലവഴിച്ചിരുന്നത്.small things matters എന്ന കാര്യം പഠിപ്പിച്ചതും പഠിച്ചതും അവിടെവച്ചാണ്. രാവിലെ ഏണീക്കുമ്പോള്‍ കിടക്കയും മുറിയും അടുക്കും ചിട്ടയുമുള്ളതാക്കാന്‍ ശ്രദ്ധിക്കുക, ചവിട്ടുപടികളിറങ്ങി ആശ്രമത്തിലേക്കു പോകുമ്പോള്‍ അനാവശ്യമായി തെളിഞ്ഞുകിടക്കുന്ന ബള്‍ബുകള്‍ ഓഫാക്കുക, ചെരിപ്പിന്‍റെ ശബ്ദം കേള്‍പ്പിക്കാതെ ശ്രദ്ധയോടെ നടക്കുക, പള്ളിയില്‍ കയറുന്നതിനു മുമ്പ് ചെരിപ്പു രണ്ടും ഊരി വലിച്ചെറിയാതെ ഒരുമിച്ചുവയ്ക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പാലിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ടെന്നു പഠിച്ചു. ചെറിയകാര്യങ്ങള്‍ ശ്രദ്ധയോടെയും ക്രമമായും ചെയ്യുമ്പോള്‍ മാനസികമായ സന്തോഷം കൂടുന്നു. തന്നോടുതന്നെയുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാധാരണ കാര്യങ്ങള്‍ അസാധാരണ ലാവണ്യത്തോടെ ചെയ്ത മഹത്വ്യക്തിത്വങ്ങള്‍ നമുക്കു മുമ്പിലുണ്ട്. ആരോഗ്യമുള്ള ജീവിതത്തിന് ചെറിയ കാര്യങ്ങള്‍ക്കും പ്രസക്തിയുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുവെന്നുമാത്രം.
ഇന്‍റര്‍വ്യുവിനു വന്ന ചെറുപ്പക്കാരനോട് മാനേജര്‍ ചോദിച്ചു: "എന്തുകൊണ്ടാണ് നിങ്ങളുടെ വസ്ത്രമാകെ നനഞ്ഞും ചുളിഞ്ഞുമിരിക്കുന്നത്? നിങ്ങള്‍ ഒട്ടും പ്രൊഫഷണലായിട്ടല്ലല്ലോ വന്നിരിക്കുന്നത്." ചെറുപ്പക്കാരന്‍ പറഞ്ഞു: "വരുന്ന വഴിയില്‍ വൃദ്ധയായ ഒരു സ്ത്രീ മഴ നനഞ്ഞ് കൂനിപ്പിടിച്ച് നടക്കുന്നതു കണ്ടു. അവര്‍ നനയാതിരിക്കാന്‍ കുടയില്‍ കയറ്റി. അപ്പോള്‍ ഞാന്‍ നനഞ്ഞു. അതുകൊണ്ടാണ് എന്‍റെ വസ്ത്രമൊക്കെ നനഞ്ഞുചുരുണ്ടിരിക്കുന്നത്." ആ ചെറുപ്പക്കാരന് ഉറപ്പായും ജോലി വാഗ്ദാനം ചെയ്തു.
"നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ, അതു ലഭിക്കാന്‍ അവകാശമുള്ളവന് നിഷേധിക്കരുത്" (സുഭാ. 3:27).
"രണ്ട് ഉടുപ്പുള്ളവന്‍ ഒന്ന്, ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ." (ലൂക്കാ 3:11).
അപരന്‍റെ ജീവിതത്തെ പ്രകാശമാനമാക്കുക എന്‍റെയും ഉത്തരവാദിത്വമാണ്. നിസ്സഹായനെയും ബലഹീനനെയും സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി അനിര്‍വ്വചനീയമാണ്. അപരന്‍റെ മുഖത്ത് പുഞ്ചിരി വിരിയുമ്പോള്‍ നമ്മുടെ സന്തോഷം ഇരട്ടിയാകും. ഭൂമിയില്‍ ആരോഗ്യകരമായ ജീവിതത്തിന് പ്രധാനപ്പെട്ടതെന്നു കരുതുന്നത്, ചുറ്റുവട്ടങ്ങളിലുള്ളവരെ സഹായിക്കാന്‍ തക്കവിധമുള്ള വിശാലമായ മനസ്സാണ്.
പ്രധാനമായും നാല് Happiness Hormones -Dopamine, Serotonin, Endorphins, Oxytocin ആണ് നമുക്കുള്ളത്. മുകളില്‍ പറഞ്ഞുവച്ചിരിക്കുന്ന ചെറിയ കാര്യങ്ങള്‍ ഇത്തരം ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാന്‍ സഹായകരമായേക്കും. അതു മാനസികമായ സന്തോഷത്തിനുള്ള കാരണങ്ങളാണ്; ഒപ്പം ശരീരത്തിനും. ആത്മീയ ആരോഗ്യവും പ്രധാനമാണ്. ശ്രദ്ധയോടെയും കരുതലോടെയും ജീവിക്കാം.
*** *** *** ***
സഹന-മരണ-ഉത്ഥാന ചിന്തകളാല്‍ വിശുദ്ധവാരം അര്‍ത്ഥപൂര്‍ണ്ണമാകുന്നു. ജീവിതം തീര്‍ത്ഥാടനമാണെന്നതും ക്രിസ്തുവും സാധാരണ മനുഷ്യര്‍ കടന്നുപോകുന്നതുപോലെ, ഈ ഭൂമിയില്‍ ജീവിച്ച് കടന്നുപോയതും ഒരാശ്വാസം തന്നെയാണ്. രക്ഷകന് ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ പോകേണ്ടിവന്നത് സഹനമരണങ്ങളെ പ്രതീക്ഷയോടെ സ്വീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
പൂര്‍ണ്ണ അറിവോടെ സഹനം ഏറ്റെടുക്കപ്പെടുമ്പോഴാണ് ക്രിസ്തുവിന്‍റെ കുരിശോട് ചേരുന്നത്. കുരിശോളമെത്തുന്ന സ്നേഹം തന്നെയാണത്. കുരിശു വന്നുചേരുന്നതല്ല. മറിച്ച് കുരിശിലേക്ക് എത്തിച്ചേരുന്നതാണ്.
ദൈവം തന്നെയായ മനുഷ്യപുത്രന്‍ മരണപ്പെട്ടു എന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്. മരണം കൂദാശപോലെ കാണേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ക്രിസ്തുവിന്‍റെ മരണത്തിലുണ്ട്. ശരിയായ ലക്ഷ്യത്തിനുവേണ്ടി ജീവിച്ചതിന്‍റെ പേരില്‍, ജീവിക്കാന്‍ പഠിപ്പിച്ചതിന്‍റെ പേരില്‍ മരണം ക്രിസ്തുവിനെത്തേടി വന്നു. അതുകൊണ്ടുതന്നെയാണ് ഈ മരണത്തില്‍ വല്ലാത്ത അഴകും ഭംഗിയും തോന്നുന്നത്.
ഉപ്പ് അലിഞ്ഞുചേരുന്നതുപോലെ ഉത്ഥാനത്തിലൂടെ പിതാവായ ദൈവത്തിലേക്കും സഹായകനിലേക്കും മനുഷ്യരിലേക്കും ഉത്ഥിതന്‍ അലിഞ്ഞുചേരുന്നു. ഈ ഉത്ഥിതനായ ക്രിസ്തുവിന്‍റെ ജീവിത, സഹന, മരണ, ഉത്ഥാന വഴി പകരുന്ന പ്രകാശത്തിലൂടെ വഴിനടക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു വിശുദ്ധവാരം.
പൗരോഹിത്യം, പീഡാസഹനം, ഉത്ഥാനം, ഓട്ടിസം, ആരോഗ്യം തുടങ്ങി ഏപ്രില്‍ മാസത്തെ പ്രസക്തമായ വിഷയങ്ങളാണ് ഈ ലക്കം അസ്സീസി മാസികയില്‍. ചിന്തിക്കാനും ധ്യാനിക്കാനും ജീവിതത്തില്‍ നടപ്പിലാക്കാനും ശ്രമകരമായ ലേഖനങ്ങളാണ് പങ്കുവയ്ക്കുന്നത്. നല്ല ആരോഗ്യകരമായ ജീവിതത്തിലൂടെ സംതൃപ്തകരമായ ജീവിതം സാധ്യമാകട്ടെ.
എല്ലാവര്‍ക്കും ഉയിര്‍പ്പുതിരുനാളിന്‍റെ മംഗളങ്ങള്‍.