ഭൂമിയിലെ മാലാഖമാര്‍ എന്ന ഓമനപ്പേര് തരുന്ന കേള്‍വിസുഖം തങ്ങളുടെ ജോലിയില്‍ അത്രകണ്ട് ഇല്ല എന്നു മുന്നൂറോളം നേഴ്സുമാരില്‍ ലേഖിക നടത്തിയ പഠനം വെളിവാക്കുന്നു. നേഴ്സിംഗ് പഠനകാലവും പരിശീലനവും മുതല്‍ അവര്‍ കടന്നുപോകുന്നത് മാനസിക സംഘര്‍ഷങ്ങളുടെയും വെല്ലുവിളികളുടെയും വഴികളില്‍ക്കൂടിത്തന്നെയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപരനെ രാവും പകലും പരിചരിക്കുന്ന ഈ സുമനസ്സുകള്‍ അല്പംകൂടി മനഃസുഖവും സ്വാസ്ഥ്യവും അര്‍ഹിക്കുന്നില്ലേ?
ഏപ്രില്‍ ഏഴിന് ലോകമെമ്പാടും ലോകാരോഗ്യദിനം ആചരിക്കുമ്പോള്‍ നേഴ്സുമാരെയും മിഡ്വൈഫുമാരെയും ഓര്‍മ്മിക്കുക. മാത്രമല്ല അല്പം കൂടുതല്‍ നന്ദിയോടെ അവരെയൊന്ന് വണങ്ങുകകൂടി ആവാമെന്ന് ഈ കഴിഞ്ഞ കോവിഡ്കാലം നമ്മെ എല്ലാവരെയും നന്നായി പഠിപ്പിച്ചതാണ്. ശരീരവും മനസ്സും സമയവും മാത്രമല്ല, ഈ ലോകം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ എണ്‍പതിനായിരത്തിലധികം നേഴ്സുമാരാണ് കൊറോണായുടെ മടിയിലേക്ക് തങ്ങളുടെ വിലപ്പെട്ട ജീവനെ വിട്ടുകൊടുത്തത്. അതുകൊണ്ടുതന്നെയാണ് എല്ലാ ലോകരാജ്യങ്ങളും ഈ ലോകാരോഗ്യദിനത്തിന്‍റെ ടാഗ്ലൈന്‍ (tagline) 'സപ്പോര്‍ട്ട് നേഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ്' (മിഡ്വൈഫുമാരെയും നേഴ്സുമാരെയും താങ്ങിനിര്‍ത്തുക) എന്നാക്കി ആദരിക്കുന്നതും.
മറ്റു ജോലി മേഖലകളെ അപേക്ഷിച്ച് നേഴ്സിംഗ് കൂടുതല്‍ മാനസിക സംഘര്‍ഷം ഉളവാക്കുന്ന ജോലിയാണെന്നതില്‍ രണ്ടാമതൊരു അഭിപ്രായമില്ല. എന്നാല്‍ അത് അവരെ ഉറക്കമില്ലായ്മയിലേക്കും ഡിപ്രഷനിലേക്കും തള്ളിവിടുന്നു എന്ന തിരിച്ചറിവ് അത്ര ശുഭകരമായ വാര്‍ത്തയല്ല. ഒരു രോഗിക്കു മരുന്നു കൊടുക്കുന്നതും കുത്തിവയ്ക്കുന്നതും ഇത്ര വലിയ ജോലിയാണോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ കാണാതെ പോകുന്നത് രോഗീപരിപാലനയുടെ ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ പിന്നാമ്പുറങ്ങളാണ്.
ജോലിക്കിടയിലെ ഇവരുടെ മാനസികസമ്മര്‍ദ്ദങ്ങളുടെ കാരണങ്ങളില്‍ ചിലതു വായനക്കാര്‍ക്കു വേണ്ടി ഒന്നു പങ്കുവച്ചുകൊള്ളട്ടെ. ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ സന്തോഷകരമല്ലാത്തതും ചിലപ്പോള്‍ സുരക്ഷിതത്വം ഇല്ലാത്തതുമാണ്. ജോലി തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടുതല്‍ ജോലികള്‍ കുറഞ്ഞ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കേണ്ടതായി വരുന്നു. ജോലിസാഹചര്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും തുറന്നു പ്രകടിപ്പിക്കാന്‍ കഴിയാതെ വരുന്നു. ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങള്‍ കുടുംബജീവിതത്തെയും വ്യക്തിജീവിതത്തെയും ബാധിക്കാറുണ്ട്. ജോലിയിലെ ഉത്തരവാദിത്വങ്ങളുടെമേല്‍ പൂര്‍ണ്ണനിയന്ത്രണം തങ്ങളുടേതാകില്ല. ജോലിയില്‍ നല്ല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ അര്‍ഹമായ അംഗീകാരം/അഭിനന്ദനം കിട്ടാറില്ല. ജോലി നിറവേറ്റുന്നതിനായി തങ്ങളുടെ എല്ലാമികവുകളും വൈദഗ്ദ്ധ്യവും പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയാറില്ല.
ലേഖിക നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത് 15% നേഴ്സുമാരില്‍ വളരെ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദവും severe work stress) 50% പേരില്‍ താരതമ്യേന കൂടുതല്‍ (moderate) അളവിലും 26.67% പേരില്‍ അല്പം താഴ്ന്ന അളവിലും (mild) ജോലിമേഖലയുമായി ബന്ധപ്പെട്ട മാനസികസമ്മര്‍ദ്ദം ഉണ്ട് എന്നാണ്. അതായത് കേരളത്തിലെ ആതുരശുശ്രൂഷാരംഗത്തെ ഈ വെള്ളക്കുപ്പായക്കാരില്‍ 91.67% പേരും വിവിധ രീതിയില്‍ ജോലിയും അതിന്‍റെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് അസന്തുഷ്ടരും സന്തോഷമില്ലാത്തവരും പിരിമുറുക്കം ഏന്തി നടക്കുന്നവരുമാണ് എന്നല്ലേ?
ഇനി, ഇതുമൂലം ഉണ്ടാകുന്ന ഉറക്കപ്രശ്നങ്ങളോ? അതിനുമുണ്ട് കണക്കുകള്‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 60% പേരും ഉറക്കപ്രശ്നങ്ങളില്‍ വലയുന്നവര്‍തന്നെ. ജോലിസമ്മര്‍ദ്ദം കൂടിയ അളവില്‍ ഉള്ളവരില്‍ ഉറക്കപ്രശ്നങ്ങളും ഉയര്‍ന്ന അളവില്‍ത്തന്നെ. കണക്കുപ്രകാരം താരതമ്യേന കൂടുതല്‍ ഉറക്കപ്രശ്നങ്ങള്‍ ഉള്ളവര്‍ ആകെ എണ്ണത്തിന്‍റെ പകുതിയില്‍ അധികവും. അവര്‍ പറഞ്ഞ പ്രശ്നങ്ങളില്‍ ഉറക്കക്കുറവ് നിത്യജീവിതത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നു എന്നതുമുതല്‍ ഉറക്കത്തിന്‍റെ പ്രശ്നങ്ങള്‍ ഏകാഗ്രതയെയും ബുദ്ധിയെയും മൂഡ്വ്യത്യാസങ്ങളെയും സ്വാധീനിക്കുന്നു എന്നതില്‍ നിന്ന് ഈ വിഷയം അത്ര ലഘുവല്ല എന്നു കൂട്ടിവായിക്കേണ്ടിവരുന്നു.
നേഴ്സുമാരുടെ ഈ ശാരീരിക മാനസിക അനാരോഗ്യം അവരെയും അവരുടെ കുടുംബങ്ങളെയും അതുവഴി അവരുടെ പ്രിയപ്പെട്ടവരെയും മാത്രമല്ല, അവരാല്‍ ശുശ്രൂഷിക്കപ്പെടുന്ന എണ്ണമറ്റ രോഗികളെയും ആശുപത്രി സേവനങ്ങളുടെ ഗുണനിലവാരത്തെയും ആതുരശുശ്രൂഷാരംഗം എന്ന മേഖലയെത്തന്നെയും അടിമുടി ബാധിക്കും എന്നുള്ളത് ചില ഇടപെടലുകളുടെയും പുനര്‍വിചിന്തനങ്ങളുടെയും അത്യാവശ്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കഴിഞ്ഞുപോയവയെപ്പറ്റി പതം പറയാതെ ഇനി എന്തുചെയ്യാനാവും എന്നതിനെപ്പറ്റി ആലോചിക്കുന്നതാണ് കൂടുതല്‍ ബുദ്ധിപരം. ആതുരശുശ്രൂഷാരംഗത്തെ നിയമങ്ങളുടെയും പോളിസികളുടെയും പുനര്‍നിര്‍മ്മാണം, ജോലി സമയത്തിന്‍റെ കൃത്യതയും നിജപ്പെടുത്തലും പ്രശ്നങ്ങളെ അവതരിപ്പിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് തങ്ങളുടെ നേഴ്സിംഗ് സ്റ്റാഫിനു കൊടുക്കുന്ന വേദി, ബുദ്ധിമുട്ടുകളെ പങ്കുവയ്ക്കാന്‍ ഹോസ്പിറ്റലില്‍ ഉള്ള കൗണ്‍സലിംഗ് സൈക്കോളജിസ്റ്റിന്‍റെ സ്ഥിരമായ സാന്നിദ്ധ്യം തുടങ്ങി തൊഴില്‍ ദാതാവ് തന്‍റെ സ്ഥാപനത്തിലെ മറ്റ് അംഗങ്ങള്‍ക്ക് കൊടുക്കാവുന്ന (തൊഴിലിടത്തില്‍തന്നെ പരിശീലനം ചെയ്യാവുന്ന) യോഗ, മെഡിറ്റേഷന്‍, റിലാക്സേഷന്‍ ടെക്നിക്സ്, സ്ലീപ്പ് മാനേജ്മെന്‍റ് ടെക്നിക്സ്, തെറാപ്പികള്‍ മുതലായ കുറെയേറെ കാര്യങ്ങള്‍ സാഹചര്യത്തിന്‍റെ തീവ്രതയ്ക്ക് അയവു വരുത്തുവാന്‍ ഒരു പരിധിവരെയെങ്കിലും സഹായിക്കും എന്നു നമുക്കു പ്രത്യാശിക്കാം.