ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന നിങ്ങള്‍ കാണുന്നത് തുറന്നുകിടക്കുന്ന നിങ്ങളുടെ വീട്. ഭീതിയോടെ അകത്തു കടക്കുമ്പോള്‍ കാണുന്നതത്രയും കടന്നുകയറ്റത്തിന്‍ മുദ്രകള്‍. അലങ്കോലമായി കിടക്കുന്ന മുറികള്‍, ചിതറിത്തെറിച്ചു കിടക്കുന്ന സാധനസാമഗ്രികള്‍, മറ്റാരോ താമസം തുടങ്ങിയപോലെ...പെട്ടെന്ന് പങ്കാളിയെ ഓര്‍ക്കുന്നു. ഉറക്കെ നിലവിളിക്കുന്നു. അടുത്തുവരുന്ന ചില കാല്‍പ്പെരുമാറ്റങ്ങള്‍. കഴുത്തിനു പിന്നില്‍ യന്ത്രത്തോക്കിന്‍റെ തണുപ്പ്. നട്ടെല്ലിലൂടെ ഭീതിയുടെ ഒരു കൊള്ളിയാന്‍ താഴേക്കു പായുന്നു. ചിന്തകള്‍ മരിക്കുന്നു. ശബ്ദം നിലയ്ക്കുന്നു. കൈയില്‍ കിട്ടിയ എന്തൊക്കെയോ തപ്പിയെടുത്തു തിരിഞ്ഞുനോക്കാതെ നിങ്ങള്‍ ഓടുന്നു. എവിടേക്ക് ഓടണം എന്നതായിരുന്നില്ല അപ്പോഴത്തെ നിങ്ങളുടെ ആകുലത അവള്‍/അവന്‍ എവിടെയാണ്? ഉയിരോടെ ഉണ്ടാകുമോ എന്നതാണ്. ഇത്തരമൊരു അനുഭവം നമുക്ക് ഉണ്ടാകാതിരിക്കട്ടെ. ഇങ്ങനെയുള്ള, എഴുതാനും പറയാനും കഴിയാത്തവിധം ക്രൂരമായ, നടുക്കുന്ന സംഭവവികാസങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. അധിനിവേശങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, ട്രൈബല്‍ യുദ്ധങ്ങള്‍, മത-രാഷ്ട്രീയ കാരണങ്ങളാലുള്ള സംഘര്‍ഷങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ഇവയൊക്കെ മൂലമുള്ള അരക്ഷിതാവസ്ഥ, തൊഴിലില്ലായ്മ, പട്ടിണി...
പലായനത്തിന് അങ്ങനെ എത്രയെത്ര കാരണങ്ങള്‍. സ്വന്തം ഇടം നഷ്ടപ്പെട്ടവരൊക്കെ അഭയാര്‍ഥികള്‍ തന്നെ. അതിപ്പോള്‍ യുദ്ധം മൂലം പലായനം ചെയ്യേണ്ടി വരുന്നവരും വികസനത്തിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരും ഭൂമി നഷ്ടപ്പെട്ട ആദിവാസിയും ഒക്കെ ഒരര്‍ത്ഥത്തില്‍ അഭയാര്‍ഥികള്‍ തന്നെ.
യുദ്ധവും അക്രമങ്ങളും അധിനിവേശങ്ങളും മനുഷ്യനി ലേല്‍പ്പിക്കുന്ന പരിക്കുകള്‍ അണ്വായുധം പോലെയാണ്. മുറിവുകളുണ്ടാക്കികൊണ്ട് പരന്നുകൊണ്ടേയിരിക്കുന്നു, ഒരവസാനം ഇല്ലാത്ത പോലെ. അവശേഷിക്കുന്ന മനുഷ്യരുടെ ഉടലുകളിലും ഉള്ളിലും ഏല്ക്കുന്ന മുറിവുകള്‍ ഉണങ്ങാന്‍ നാളുകള്‍ എത്ര എടുക്കും! മനുഷ്യന്‍ ഇപ്പോള്‍ പരസ്പരം വെറുക്കാനും ഇല്ലാതാക്കാനും ഓരോരോ കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. എന്‍റെ നിലനില്‍പ്പിന് അപരന്‍ ഒരു ഭീഷണിയാകുമോ എന്ന വിദൂരമായ ആശങ്കപോലും വലിയ ഭീതിയായി വളര്‍ന്ന് ആക്രമണത്തില്‍ കലാശിക്കുന്നു. കേരള ത്തില്‍ ഇടയ്ക്കിടെ അരങ്ങേറുന്ന വര്‍ഗീയ-രാഷ്ട്രീയ കൊലപാതക ങ്ങള്‍ ഇതേ ഗണത്തില്‍ പെടുന്നു. അതിനുപിന്നില്‍ ചുക്കാന്‍ പിടിക്കുന്നവരും കൊല നടത്തുന്നവരും യഥാര്‍ത്ഥത്തില്‍ എന്തു നേട്ടമാണ് ഉണ്ടാക്കുന്നത്, വെറുപ്പ് വിതച്ച് കൂടുതല്‍ വെറുപ്പ് കൊയ്യുന്നു എന്നല്ലാതെ. വെറുക്കപ്പെടുമോ എന്ന തോന്നല്‍ പോലും താങ്ങാനാവാത്തവരാണ് മനുഷ്യര്‍. എല്ലാ അധിനിവേശങ്ങളും അനീതിനിറഞ്ഞ താണ്. അതിപ്പോള്‍ റഷ്യന്‍ സൈന്യം ഉക്രെയ്നില്‍ നടത്തുന്ന അധിനിവേശം മാത്രമല്ല സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന കയ്യേറ്റങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും മരുന്നുകളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വിലയും നികുതിയും വര്‍ധിപ്പിച്ചു മനുഷ്യനെ പിഴിയുന്ന കേന്ദ്രത്തിലെ മോദി സര്‍ക്കാരും നടത്തുന്നത് അന്യായമായ അധിനിവേശം തന്നെയാണ്. ജനങ്ങളില്‍ നിന്ന്, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ നിയോഗിക്കപ്പെട്ടവര്‍ തന്നെ ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്നത് ഒട്ടും ആശാവഹമല്ല. പ്രകൃതി ഓരോരുത്തര്‍ക്കും നല്‍കിയ ഇടങ്ങളില്‍ ജീവിക്കാനാവശ്യമായത് പ്രകൃതിതന്നെ നല്‍കുന്നുണ്ട്. ഇല്ലാത്ത വിഭവങ്ങള്‍ പരസ്പരം പങ്കിട്ട് മനോഹരമാക്കുന്ന ഈ ഭൂമിയിലെ ജീവിതമാണ് ചിലരുടെ സ്വാര്‍ത്ഥത മൂലം നശിക്കുന്നത്. ഓരോരുത്തര്‍ക്കും ഒരിത്തിരിയിട മുണ്ട്(own space) എന്തു കാരണങ്ങളുടെ പേരിലാ യാലും അവിടെ അതിക്രമിച്ച് കടക്കുന്നത് ക്രൂരമാണ്.
ഇന്ന് ജീവിച്ചിരിക്കുന്നതിന്‍റെ
ഏറ്റവും വലിയ വൃത്തികേട്
ഞാന്‍ എന്നെക്കുറിച്ച്
മാത്രമോര്‍ക്കുന്നു എന്നതാണ്.
എവിടെ മറ്റേയാള്‍?
മറ്റൊരാള്‍ തീരെയില്ല.
എന്‍റെ ലോകത്ത് ഞാന്‍ മാത്രം.
(മോന്‍സി ജോസഫ്- 'കടല്‍ ആരുടെ വീടാണ്')
എവിടെയൊക്കെയോ ചിലര്‍ ഞാന്‍, ഞാന്‍ മാത്രം എന്ന് ചിന്തിച്ചു തുടങ്ങുമ്പോള്‍ മോന്‍സി ജോസഫ് പറഞ്ഞതുപോലെ, 'മറ്റേയാള്‍ തീരെ ഇല്ല, എന്‍റെ ലോകത്ത് ഞാന്‍ മാത്രം.' ബന്ധങ്ങ ളില്ല, മറ്റു മനുഷ്യരില്ല, പ്രകൃതിയില്ല, എന്തിന് ദൈവം പോലുമില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എല്ലാവരും സ്വന്തം ഇടത്തില്‍ (സ്വന്തമായതോ, വെട്ടിപ്പിടിച്ചതോ ആയ ഇടത്തില്‍) രാജാവാകാ നുള്ള പരിശ്രമത്തിലാണ്. ഇതിനിടയില്‍ ചിലര്‍ തോല്‍ക്കുന്നു, ചിലര്‍ക്ക് ഇടം നഷ്ടപ്പെടുന്നു, ചിലര്‍ക്ക് വീടുവിട്ട് എന്നേക്കുമായി പലായനം ചെയ്യേണ്ടി വരുന്നു.
ദുര്‍ബലമെങ്കിലും പ്രതിരോധം നിരന്തരവും ശക്തവുമാകുമ്പോള്‍ വമ്പനായ റഷ്യയ്ക്ക് ഉക്രെ യ്നില്‍ പലയിടത്തും തോറ്റ് പിന്മാറേണ്ടി വന്നു. പ്രതിഷേധം ശക്തമാകുമ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് മയം വന്നു തുടങ്ങുന്നു, ശ്രീലങ്കയില്‍ ചിന്തയില്ലാത്ത അധികാരികള്‍ക്ക് രാജിവെക്കേണ്ടിവരുന്നു. ജനത്തെ ദ്രോഹിക്കുന്ന, അടിച്ചമര്‍ത്തുന്ന ഭരണസംവിധാന ങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ പൊളിഞ്ഞു വീഴുക തന്നെ ചെയ്യും. മതവും ആദര്‍ശങ്ങളും പറഞ്ഞ് എല്ലാകാലത്തും മനുഷ്യനെ അടിമയാക്കി വയ്ക്കാന്‍ കഴിയുകയില്ലല്ലോ. മത-രാഷ്ട്രീയ ചൂഷണങ്ങളെ ചോദ്യം ചെയ്തതായിരുന്നു ഈശോയ്ക്ക് കുരിശു നേടിക്കൊടുത്തതിന്‍റെ ഒരു കാരണം എന്നു കൂടി നമുക്ക് ധ്യാനവിഷയമാക്കാം.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആയി ബന്ധപ്പെട്ട് പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ഫാദര്‍ ഷാജി സിഎംഐ എഴുതുന്നു, സുഡാനില്‍ യുദ്ധക്കെടു തികള്‍ അനുഭവിക്കുന്ന ജനങ്ങളുടെ ഇടയില്‍ സേവനം ചെയ്യുന്ന ഷിജു പോളച്ചന്‍ തന്‍റെ അനു ഭവം വിവരിക്കുന്നു.
ഉക്രെയ്നില്‍ അധിനിവേശത്തിന്‍റെ തിക്തഫല ങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളോടൊപ്പം അവരുടെ കഷ്ടത പങ്കിടുന്ന സന്നദ്ധപ്രവര്‍ത്തകരെ ഉദ്ധരിച്ച് സിസ്റ്റര്‍ സെലിനും എഴുതുന്നു. മറ്റു സ്ഥിരം പംക്തികളും നമുക്ക് വായിക്കാം.
സസ്നേഹം