കണ്ണീരിന്‍റെ താഴ്വരയെന്നൊക്കെയാണ് ചില പ്രാര്‍ത്ഥനകളില്‍ ഭൂമിയെക്കുറിച്ചുള്ള പരാമര്‍ശം. ശരിയാണ്, ഒരുപാടു ദുഃഖങ്ങളും വേദനകളുമുണ്ടിവിടെ. അവയെ പൊതുവെ രണ്ടായി തരംതിരിക്കാം: മനുഷ്യനിര്‍മ്മിതവും അല്ലാത്തതും. ചൂഷണം, ഹിംസ, അപവാദം തുടങ്ങിയവ ആദ്യവിഭാഗത്തില്‍ പെടുന്നു; സുനാമികള്‍, രോഗങ്ങള്‍, വൈകല്യങ്ങള്‍ തുടങ്ങിയവ രണ്ടാമത്തേതിലും.
വേദഗ്രന്ഥം പക്ഷേ പറയുന്നത് എല്ലാറ്റിന്‍റെയും ഉടയവന്‍ ഈശ്വരനാണെന്നും എല്ലാം സുന്ദരമാണെന്നുമാണ്. നദികള്‍, മലകള്‍, പൂവുകള്‍, മനുഷ്യര്‍... എല്ലാം എത്ര സുന്ദരം! പക്ഷേ, മലകള്‍ തീ തുപ്പുന്നു, സമുദ്രം അലറിയടുക്കുന്നു, മനുഷ്യന്‍ പിശാചിനോളം അധഃപതിക്കുന്നു... അപ്പോഴോ?
എന്തുകൊണ്ട് ഈ ലോകത്ത് ഇത്രയേറെ വേദന? കാരണങ്ങള്‍ എത്രവേണമെങ്കിലും നിരത്തപ്പെടാറുണ്ട്. അവയില്‍ ചിലതു മനുഷ്യനെ കുറ്റപ്പെടുത്തുന്നു; മറ്റുചിലതു ദൈവത്തെയും. പുകയ്ക്കു കാരണം തീയാണെന്ന് ഒരാള്‍ പറഞ്ഞാല്‍, തീയുള്ളിടത്തൊക്കെ പുക കാണിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതിന് അപവാദം ഒന്നുപോലും ഉണ്ടാകരുത്. വേദനകള്‍ക്കു നിമിത്തമായി അവതരിപ്പിക്കപ്പെടുന്ന കാരണങ്ങള്‍ക്ക് അപവാദങ്ങളില്ലേ?
ഇവിടുത്തെ ദുഃഖത്തിനും സഹനത്തിനുമൊക്കെ മനുഷ്യനെ പ്രതിക്കൂട്ടിലാക്കുന്നവര്‍ പറയുന്നതെന്താണ്? എന്നോ ചെയ്തുപോയ ചില തെറ്റുകള്‍, ഈശ്വരവിശ്വാസമില്ലായ്മ... അങ്ങനെ കുറെ കാര്യങ്ങള്‍. എത്രകണ്ട് ശരിയാണിത്? ഒരു വീട്ടില്‍ ഒരുവനൊഴികെ ബാക്കിയെല്ലാവരും വേളാങ്കണ്ണിക്കു തീര്‍ത്ഥയാത്ര പോയി; അവന്‍ നാട്ടിലെ കള്ളുഷാപ്പിലേക്കും. അയാള്‍ ഷാപ്പില്‍ കിടന്നുറങ്ങി; തീര്‍ത്ഥാടനത്തിനു പോയവരെ സുനാമി കൊണ്ടുപോയി. ഈ സംഭവം അയാളെ മാറ്റിയെടുക്കുമെന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ അതിന് ഇത്ര വലിയവില കൊടുക്കണോ? അഞ്ചാറുപേരുടെ സ്വപ്നങ്ങള്‍, നന്മകള്‍, ജീവന്‍...? ദൗര്‍ഭാഗ്യങ്ങളെ അകറ്റിനിര്‍ത്താന്‍ പ്രാര്‍ത്ഥനയ്ക്കും ഈശ്വരവിശ്വാസത്തിനും എത്രമാത്രമാകും? ഹൃദയത്തിന് ഒരു തകരാറുമായി ഒരു കുഞ്ഞ് ജനിച്ചുവെന്നിരിക്കട്ടെ. മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും ഡോക്ടറുടെ ചികിത്സയും മൂലം കുഞ്ഞ് കുഴപ്പമില്ലാതെ വളരുന്നു. അവള്‍ വലുതായി രണ്ടുകുട്ടികളുടെ അമ്മയായിക്കഴിഞ്ഞ്, ഹൃദയാഘാതം മൂലം മരിക്കുന്നു. വിശ്വസിക്കുന്നവര്‍ക്ക് നന്മയായതു മാത്രമേ സംഭവിക്കൂ? ഒരു കഥ നമ്മെ പരിഹസിക്കുന്നുണ്ട്: മറവിക്കാരനായ ഒരാള്‍ പച്ചക്കറി വാങ്ങാന്‍ സൈക്കിളില്‍ ചന്തയ്ക്കു പോകുന്നു. അവയൊക്കെ വാങ്ങി മടങ്ങിവരുന്നതിനിടയ്ക്കാണ് അയാള്‍ ഓര്‍ത്തത്, "ദൈവമേ! സൈക്കിള്‍ എടുത്തില്ലല്ലോ!" പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ച് അയാള്‍ ചന്തയിലെത്തിയപ്പോള്‍ ദൈവാനുഗ്രഹം! സൈക്കിള്‍ വച്ചിടത്തുതന്നെയുണ്ട്. വീട്ടിലേയ്ക്കു പോരുന്നതിനിടയ്ക്ക് ഒരു പള്ളി കണ്ടപ്പോള്‍ ദൈവത്തിനു നന്ദി പറയാമെന്ന് അയാള്‍ കരുതി. സൈക്കിള്‍ പള്ളിമുറ്റത്തുവച്ച്, ഭണ്ഡാരത്തില്‍ പത്തുരൂപയുമിട്ട് അയാള്‍ മടങ്ങിവന്നപ്പോള്‍, സൈക്കിള്‍ ആരോ മോഷ്ടിച്ചുകൊണ്ടു പോയിരിക്കുന്നു! ഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളും തീര്‍ച്ചയായും ഉണ്ടാകുന്നുണ്ട്. പക്ഷേ അതിന് നിന്‍റെ നന്മതിന്മയുമായും ഈശ്വരവിശ്വാസവുമായും ബന്ധമുണ്ടെന്ന് അത്രയുറപ്പിച്ചു പറയാനാവില്ല.
ഇനിയൊരു കൂട്ടര്‍ ദുഃഖത്തിനു കാരണക്കാരനായി കാണുന്നത് ദൈവത്തെയാണ്. ടെറസില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് താഴേയ്ക്കു വീഴുന്നു, കുടുംബത്തിനു ചോറു കൊടുത്തിരുന്നവന്‍ രോഗത്തിനടിമപ്പെടുന്നു, ഹിറ്റ്ലറുടെ സംഹാര താണ്ഡവത്തില്‍ ലക്ഷങ്ങള്‍ കൊല്ലപ്പെടുന്നു... എവിടെ ദൈവം? എത്ര ക്രൂരനാണയാള്‍? ദൈവം എന്തുചെയ്യണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്? കുഞ്ഞ് താഴേയ്ക്കു വീഴാന്‍ പാടില്ലെന്നോ? അതായത് ഭൂഗുരുത്വാകര്‍ഷണബലമുണ്ടാകാന്‍ പാടില്ലെന്ന്, അല്ലേ? അതില്ലെങ്കില്‍ ഈ പ്രപഞ്ചമുണ്ടോ? രോഗമെന്തുകൊണ്ട് എന്നു ചോദിക്കുന്നവര്‍ പറയുന്നത് അണുക്കളുണ്ടാകരുതെന്നാണ്. പിന്നെ പാലു തൈരാകുമോ? വസ്തുക്കള്‍ ചീയുമോ? മാലിന്യക്കൂമ്പാരമാക്കണോ ഭൂമിയെ? ഹിറ്റ്ലറെ തെറ്റുചെയ്യാന്‍ ദൈവം അനുവദിച്ചത് എന്തുകൊണ്ട് എന്നു ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ദൈവം മനുഷ്യനെ മൂക്കുകയറിട്ടു നടത്തണമെന്നാണ്, ശരിയോ തെറ്റോ ചെയ്യാനുള്ള സ്വാതന്ത്ര്യം എടുത്തുനീക്കണമെന്നാണ്, മനുഷ്യരെല്ലാം റോബോട്ടുകളാകണമെന്നാണ്. ഭൂകമ്പങ്ങള്‍കൊണ്ട് മനുഷ്യര്‍ മരിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ഹിമാലയം ഉണ്ടായത് അങ്ങനെയാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതില്ലായിരുന്നെങ്കില്‍ ഗംഗയില്ല. ഗംഗയില്ലെങ്കില്‍ ഇന്ത്യയില്ല. നിഗൂഢമാണ് ഈ പ്രപഞ്ചം. അതിന്‍റെ മുമ്പില്‍ തലയിട്ടടിക്കുകയല്ല, തല കുമ്പിടുക എന്നതല്ലേ കരണീയം?
ദൈവത്തെ കുറ്റപ്പെടുത്തുന്നവരും മനുഷ്യരെ കുറ്റപ്പെടുത്തുന്നവരും വിശ്വസിക്കുന്നത്, സംഭവിക്കുന്ന എല്ലാറ്റിനും പിന്നില്‍ വ്യക്തമായ ഒരു കാരണമുണ്ടെന്നാണ്. അത് എത്രകണ്ട് ശരിയാണ്? ഒരു കൊടുങ്കാറ്റ് ഒരു പ്രദേശത്തെ ചില വീടുകള്‍ തകര്‍ക്കുന്നതിനെ ദൗര്‍ഭാഗ്യമെന്നും ചില വീടുകള്‍ തകര്‍ക്കാതിരിക്കുന്നതിനെ ഭാഗ്യമെന്നും വിളിക്കാമെന്നല്ലാതെ, കാരണങ്ങള്‍ വ്യക്തമായി എന്താണു പറയാനുള്ളത്? ഹോട്ടലിലിരുന്ന് ഒരാള്‍ ചായ കുടിക്കുന്നു. അപ്പോള്‍ അയാള്‍ക്കു തോന്നുന്നു, ഒരെണ്ണം കൂടിയാവാം. അപ്പോളതാ തെരുവില്‍ ഉന്മാദിയായ ഒരാള്‍ വെടിയുതിര്‍ക്കുന്നു. ദൈവത്തിന്‍റെ രൂപത്തിനു ചാര്‍ത്താന്‍ പൂമാല വാങ്ങാന്‍ കടയില്‍ വന്നവള്‍ കൊല്ലപ്പെടുന്നു. ഒരിക്കലും രണ്ടുചായ കുടിക്കാത്ത അയാള്‍ക്ക് അന്നങ്ങനെ തോന്നിയില്ലായിരുന്നെങ്കില്‍ അയാള്‍ തെരുവിലിറങ്ങുകയും കൊല്ലപ്പെടുകയും ചെയ്തേനെ. എന്തേ അപ്പോള്‍ അങ്ങനെ തോന്നിയത്? കാലാവസ്ഥ വേറൊന്നായിരുന്നെങ്കില്‍ രൂപത്തിനു മുമ്പിലെ പൂമാല വാടാതിരിക്കുകയും അവള്‍ കൊല്ലപ്പെടാതിരിക്കുകയും ചെയ്തേനെ. എന്തുകൊണ്ടാവാം അന്നുതന്നെ പൂമാല വാടിയത്? റഷ്യയുടെ അവസാനത്തെ സാര്‍ ചക്രവര്‍ത്തിയുടെ മകനു ഹീമോഫീലിയ എന്ന രോഗമായിരുന്നുവെന്നും, അക്കാരണത്താല്‍ ചക്രവര്‍ത്തി മാനസികമായി തകര്‍ന്നുവെന്നും, അതു ഭരണത്തെ ബാധിച്ചുവെന്നും, അതു ബോള്‍ഷെവിക് വിപ്ലവത്തിനു വഴിമരുന്നിട്ടെന്നും പറയപ്പെടുന്നു. ചക്രവര്‍ത്തിയുടെ അനേകലക്ഷം ബീജങ്ങളില്‍ രോഗമുള്ള ഒന്നുമാത്രം ആ കുട്ടിക്കു ജന്മം കൊടുത്തതും, അതുവഴി ചരിത്രത്തെ മാറ്റിമറിച്ചതും എന്തുകൊണ്ടാവാം? അല്ല, അല്ല, കാരണങ്ങളൊന്നും വ്യക്തമല്ല.
ദുഃഖവും വേദനയും എവിടെനിന്ന് എന്നതിനെക്കുറിച്ച് ക്രിസ്തുവിന് ഒന്നും പറയാനില്ല. എന്നാല്‍, അവ നമ്മെ എങ്ങോട്ടു നയിക്കണം എന്നതിനെക്കുറിച്ച് അവന് ഒരുപാടു പറയാനുണ്ട്. സന്തോഷങ്ങളെ അവന്‍ ആസ്വദിച്ചു; ദുഃഖങ്ങളോട് അവന്‍ പൊരുതി. എന്നിട്ടും തോല്പിക്കാനാവാതിരുന്ന വേദനകളുടെ മുമ്പില്‍ അവന്‍ ശിരസുയര്‍ത്തി നിന്നു. ശരിയാണ്, അവന് ആഗ്രഹമുണ്ട്, ദാരുണമായ ഒരന്ത്യം എങ്ങനെയും ഒഴിവാക്കണമെന്ന്. അതിനുവേണ്ടി നെഞ്ചുപൊട്ടി ദൈവത്തോട് അപേക്ഷിക്കുന്നുമുണ്ട്. പക്ഷേ ദൈവം ഒരത്ഭുതവും ചെയ്യുന്നില്ല. അപ്പോള്‍, അവിടെ ക്രിസ്തു സ്വയമൊരു അത്ഭുതമായിത്തീരുകയാണ്. നെഞ്ചത്തു കുത്തിയവനോടു പൊറുക്കുകയാണ്. ആളുകള്‍ക്ക് അവനെ തൂക്കിലേറ്റാനേ പറ്റിയുള്ളൂ; അവന്‍റെ ചുണ്ടത്തെ ചിരി മായ്ക്കാനായില്ല. വിചാരിക്കരുത്, കുരിശില്‍ മാത്രമായിരുന്നു അവന്‍റെ സഹനമെന്ന്. നിഴല്‍പോലെ അതവനെ പിന്തുടരുന്നുണ്ട്. അവനു വട്ടാണോയെന്ന് സ്വന്തക്കാര്‍പോലും സംശയിക്കുന്നുണ്ട് (മര്‍ക്കോ. 3:21). തിരികളൊക്കെ കെട്ടുപോകുകയും നക്ഷത്രങ്ങളൊക്കെ അണഞ്ഞുപോകുകയും ചെയ്തിരുന്നു, അവന്‍റെ ജീവിതത്തില്‍. എന്നിട്ടുമവന്‍ ഉള്ളിലെ കനലിനെ ജ്വലിപ്പിച്ചുനിര്‍ത്തുകയാണ്. അവന്‍റെ ജീവിതം നല്കുന്നത് പ്രശ്നങ്ങള്‍ക്കു പരിഹാരമല്ല, അവ നേരിടാനുള്ള കരുത്താണ്. പനിപിടിച്ചു വിറയ്ക്കുന്ന കുഞ്ഞിനരികെ അമ്മ ഇരിക്കുന്നതുപോലെ. പനിയെന്തുകൊണ്ട് എന്ന ചോദ്യത്തിന് അവള്‍ക്കുത്തരമില്ല. പക്ഷേ കൂടെനിന്ന് അവള്‍ കുഞ്ഞിന് കരുത്തേകുകയാണ്. ക്രിസ്തുവിനെ അന്വേഷിക്കുന്നവര്‍ക്ക് അവന്‍ കൊടുക്കുന്നതും കരുത്താണ്, ഉത്തരങ്ങളല്ല. അവനെ കാര്യമായി അന്വേഷിക്കാതിരുന്ന ഒരുവള്‍, തന്‍റെ ഭര്‍ത്താവിനെ ബൈപാസ് സര്‍ജറിക്ക് ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചപ്പോള്‍, ജീവിതത്തിലാദ്യമായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഓപ്പറേഷന്‍ വിജയമായിരുന്നു. പിന്നീട് അവള്‍ പറഞ്ഞത് ഇതാണ്: ഞാനവനെ അറിഞ്ഞു. ഇനി ഭര്‍ത്താവു മരിച്ചാലും വിഷയമില്ല. ഗീതയെന്നൊരു സ്ത്രീയെക്കുറിച്ചു വായിച്ചിട്ടുണ്ട്. അവളുടെ ഭര്‍ത്താവ് മദ്യത്തിനടിമയായിരുന്നു. പെട്ടെന്നുതന്നെ അവള്‍ വിധവയായി. ഇന്നവള്‍ മദ്യപന്മാരുടെ ഭാര്യമാരെ സഹായിക്കുന്നു. ജീവിതം വച്ചു നീട്ടുന്ന സുഖദുഃഖങ്ങളുടെയും ഭാഗ്യദൗര്‍ഭാഗ്യങ്ങളുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. എന്നാല്‍, അവയെ എങ്ങനെ അഭിമുഖീകരിക്കണം എന്നത് നിങ്ങളുടെ മാത്രം നിയന്ത്രണത്തിലാണ്. കുരിശിലെ ക്രിസ്തു പഠിപ്പിക്കുന്നത് അതാണ്.