news-details
എഡിറ്റോറിയൽ

"ഹേ ഭൂമി, നിന്നില്‍ നിന്നെടുക്കുന്നതെന്തോ
അതു വീണ്ടും മുളച്ചുവരട്ടെ. പാവനയായവളെ
ഞാനൊരിക്കലും നിന്‍റെ മര്‍മ്മങ്ങളെ,
നിന്‍റെ ഹൃദയത്തെ പിളര്‍ത്താതിരിക്കട്ടെ."
(അഥര്‍വവേദം 12:1)

"തന്‍റെ വസ്ത്രം പഴകിയതിനാല്‍ പുതിയ ഒരു വസ്ത്രം നല്കണ"മെന്ന് ഒരു ശിഷ്യന്‍ ശ്രീബുദ്ധനോട് അപേക്ഷിച്ചു.

ശ്രീബുദ്ധന്‍ ഉടന്‍തന്നെ അപേക്ഷ അനുവദിച്ചു.

അടുത്ത ദിവസം ബുദ്ധന്‍ ശിഷ്യനോട് ചോദിച്ചു: "പുതിയ വസ്ത്രം ലഭിച്ചോ? നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?"

ശിഷ്യന്‍ : "ഗുരോ, അവിടുത്തേയ്ക്കു നന്ദി. പുതിയ വസ്ത്രം കിട്ടി. മറ്റൊന്നും എനിക്കാവശ്യമില്ല."

ബുദ്ധന്‍ : "പഴയ വസ്ത്രം നീ എന്തുചെയ്തു?"

ശിഷ്യന്‍ : "അതു ഞാന്‍ കിടക്കവിരിപ്പായി ഉപയോഗിക്കുന്നു."

ബുദ്ധന്‍ : "അപ്പോള്‍ നീ ആ കിടക്കവിരിപ്പ് കളഞ്ഞുവോ?"

ശിഷ്യന്‍ : "ഇല്ല, ഞാനതു ജനാലമറയായി ഉപയോഗിക്കുന്നു."

ബുദ്ധന്‍ : "പഴയ മറ എന്തുചെയ്തു?"

ശിഷ്യന്‍ : "അതിപ്പോള്‍ അടുക്കളയില്‍ ചൂടുപാത്രങ്ങള്‍ എടുക്കാനായി ഉപയോഗിക്കുന്നുണ്ട്."

ബുദ്ധന്‍ : "അതിനു നേരത്തെ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?"

ശിഷ്യന്‍ : "അതു നിലം തുടയ്ക്കാന്‍ ഉപയോഗിക്കുന്നു."

ബുദ്ധന്‍ : "അപ്പോള്‍ നേരത്തെ നിലം തുടച്ചിരുന്ന തുണിയോ?"

ശിഷ്യന്‍ : "അതു തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാന്‍ സാധിക്കാത്തതുകൊണ്ട് മണ്‍വിളക്കിലെ തിരിയായി ഉപയോഗിക്കുന്നു."

ഈ കഥയ്ക്ക് ഇന്നു പ്രസക്തിയേറുന്നു. പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിവിഭവങ്ങളെ മിതമായി ഉപയോഗിക്കാനും പുനരുപയോഗിക്കാന്‍ കഴിയുന്നവയെ പരമാവധി പ്രയോജനപ്പെടുത്താനും ഓര്‍മ്മിപ്പിക്കുന്നു.  ഈ ഉപയോഗശൃംഖല മാലിന്യങ്ങള്‍ കുന്നുകൂടുന്നത് നിയന്ത്രിക്കും. അതുവഴി പ്രകൃതി കൂടുതല്‍ സുന്ദരവും നിര്‍മ്മലവുമാകും.

******

ഓര്‍മ്മപ്പെടുത്തലുകള്‍

'ദ ബോസ്റ്റണ്‍ ഹെരാള്‍ഡ്' (The Boston Herald) എന്ന പത്രത്തിലേക്ക് ഒരു വീട്ടമ്മ എഴുതിയ കത്താണ് റേച്ചല്‍ കാഴ്സന്‍റെ(Rachel Carson) ജീവിതത്തെ മാറ്റിമറിച്ചത്. കത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: "പതിവായി വസന്തകാലത്ത് എന്‍റെ വീട്ടുപരിസരത്തെത്തി മധുരമായ കൂജനം മുഴക്കിയിരുന്ന റോബിന്‍ കുരുവി(Robin birds)കളെ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല."

വസന്തത്തിന്‍റെ വരവറിയിച്ചിരുന്ന ഈ പക്ഷികള്‍ എങ്ങനെ അപ്രത്യക്ഷമായി എന്ന് റേച്ചല്‍ കാഴ്സന്‍ അന്വേഷണം ആരംഭിച്ചു. പ്രകൃതിയില്‍ വിതറിയ ഡി.ഡി.റ്റി. എന്ന മാരകവിഷമാണ് ഈ പക്ഷികളുടെ നാശത്തിന് കാരണമെന്ന് അദ്ദേഹം കണ്ടെത്തി. ഈ മാരകവിഷത്തിന്‍റെ ഉപയോഗത്തിനെതിരെ അദ്ദേഹം ഒറ്റയാള്‍ പോരാട്ടം നടത്തി. ഈ സമരം ജനശ്രദ്ധ നേടി. ആ ദേശക്കാരുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമഫലമായി ഭരണകൂടത്തെയും കുത്തക കമ്പനികളെയും മുട്ടുകുത്തിച്ചു.

1962ല്‍ പ്രസിദ്ധീകരിച്ച റേച്ചല്‍ കാഴ്സന്‍റെ  നിശ്ശബ്ദ വസന്തം (Silent Spring) എന്ന കൃതി 'പരിസ്ഥിതി സ്നേഹികളുടെ ബൈബിള്‍' എന്നു വിശേഷിപ്പിക്കപ്പെടുന്നു. പ്രകൃതിയെ കൂടുതല്‍ അടുത്തറിയാന്‍, സ്നേഹിക്കാന്‍ പ്രചോദനമേകുന്ന കൃതിയാണിത്.

******

കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഹാനികരമായപ്പോള്‍ അതു തടയാന്‍ ലോകരാഷ്ട്രങ്ങള്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്വീഡിഷ് വിദ്യാര്‍ത്ഥിനി ഗ്രേറ്റ തന്‍ബര്‍ഗ്(Greta Thunberg) ആഹ്വാനം ചെയ്ത സമരം ടSchool Strike for Climate Change ലോകം ഏറ്റെടുത്തു. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. 2019 ലെ Person of the Year അവാര്‍ഡ് ഗ്രേറ്റ തന്‍ബര്‍ഗിന് പ്രഖ്യാപിച്ചുകൊണ്ട് ടൈം മാഗസിന്‍റെ എഡിറ്റര്‍ എഡ്വേര്‍ഡ് ഫെല്‍സെന്‍താള്‍(Edward Felsenthal) പറഞ്ഞതിങ്ങനെയാണ്: "ലോകം നേരിടുന്ന ഏറ്റവും രൂക്ഷമായ പരിസ്ഥിതി പ്രശ്നത്തിനു നേരെ ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദമാണ് ഗ്രേറ്റ തന്‍ബര്‍ഗിന്‍റേത്."

******

അയ്യായിരം വര്‍ഷം പഴക്കമുള്ള ഒരു ഒലിവുമരത്തെ പരിചരിക്കുകയും പാറാവുകാരനെപ്പോലെ സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പാലസ്തീന്‍കാരനായ സലാഹ് അബു അലി(Salah Abu Ali). സ്വന്തം മക്കളെയെന്നപോലെ ഈ മരത്തെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അലി എല്ലാ ദിവസവും പലവട്ടം ഈ വൃക്ഷച്ചുവട്ടിലെത്തും. ആ മരം കനിഞ്ഞു നല്കുന്ന കായ്കളൊക്കെ ശേഖരിച്ച് വീട്ടിലേക്കു തിരിച്ചുപോകും. ഈ തടിച്ച മരവും ഇതിന്‍റെ കാവലാളായ അബുവും വിനോദസഞ്ചാരികള്‍ക്ക് ഒരു വിസ്മയവും കൗതുകവുമൊക്കെയാണ്.

******

മുതുകുളത്തിനടുത്ത് കൊലുകന്‍ തറവാടിന് പണ്ട് ഇരുനൂറൂ പറ നിലം ഉണ്ടായിരുന്നു. അന്ന് അതു വൈക്കോല്‍ ഉണക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു. നാലരയേക്കര്‍ വിസ്തൃതിയുള്ള ഈ ഭൂമി ഇന്നൊരു കാടാണ്. ആ തറവാട്ടിലെ ദേവകിയമ്മ കൃത്രിമവനമാക്കി മാറ്റിയ ഈ സ്ഥലം അറിയപ്പെടുന്നത് 'തപോവനം' എന്നാണ്. വരുംതലമുറയെ വരള്‍ച്ചയുള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍നിന്ന് രക്ഷിക്കാന്‍ സ്വന്തമായി വനം ഒരുക്കി ദേവകിയമ്മ അതിന് കാവലാളായി നിലകൊള്ളുന്നു.

******

കര്‍ണാടകയിലെ തിമ്മക്കമ്മയുടെ അരയാല്‍ മരങ്ങള്‍ പരിസ്ഥിതിക്കു ലഭിച്ച മറ്റൊരു വരദാനമാണ്.  മക്കളില്ലാത്ത തിമ്മക്കയും ഭര്‍ത്താവും കൂടി കര്‍ണാടകയിലെ ഹിലികര്‍-കൂഡൂര്‍ മേഖലയില്‍ നാലു കിലോമീറ്റര്‍ ദൂരം അരയാല്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നു. അവയെ സ്വന്തം മക്കളായി കരുതി സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു.

******

പ്രകൃതിയെയും മനുഷ്യരെയും സ്നേഹിക്കുന്ന കണ്ടല്‍ക്കാടിന്‍റെ ജനയിതാവായ പൊക്കുടനാണ്  മറ്റൊരു പരിസ്ഥിതിപ്രേമി. കണ്ടല്‍വനങ്ങള്‍ നട്ടുപിടിപ്പിച്ച്, അവയെ സംരക്ഷിക്കുന്നതിന് ഒറ്റയാള്‍ പോരാട്ടം നടത്തിയ പൊക്കുടന്‍റെ കണ്ടല്‍ചെടികളെത്രയെന്ന് ഇന്ന് എണ്ണിത്തിട്ടപ്പെടുത്താനാവില്ല - അഞ്ഞൂറില്‍ തുടങ്ങി, ആയിരവും കടന്ന്, ഇപ്പോള്‍ ലക്ഷങ്ങള്‍ക്കുമപ്പുറത്തേയ്ക്ക് പെരുകിപ്പെരുകിയങ്ങനെ...

******

ആദരിക്കപ്പെടേണ്ട മറ്റൊരു പ്രകൃതിസ്നേഹിയാണ്The Forest Man of India എന്നറിയപ്പെടുന്ന ആസാംകാരനായ ജാദവ് പായങ്ങ്(Jadev Payeng). ബ്രഹ്മപുത്രയുടെ തീരത്തുള്ള 1360 ഏക്കര്‍ മണല്‍പ്പരപ്പ് ഇദ്ദേഹം കൊടും കാടാക്കി മാറ്റി. രാജ്യം ഇദ്ദേഹത്തെ ആദരിച്ചത് പദ്മശ്രീ നല്കിയാണ്.

ഈ വ്യക്തികളും ഇവരുടെ ജീവിതവുമൊക്കെ ചില ഓര്‍മ്മപ്പെടുത്തലുകളാണ്. ചിലര്‍ പ്രകൃതിക്കുവേണ്ടി ജീവവിയര്‍പ്പൊഴുക്കിയപ്പോള്‍, മറ്റുചിലര്‍ അതിന്‍റെ ശീതളിമ ആസ്വദിച്ചു ജീവിക്കുന്നു. പ്രകൃതിയെ സ്വന്തം ശരീരംപോലെതന്നെ പരിഗണിക്കുക; പരിപാലിക്കുക; ഇത്തിരികൂടി കരുതലേകുക. സ്നേഹിച്ചില്ലെങ്കിലും നോവിക്കാതിരിക്കുക.
"നിന്നാലായതു നീ ചെയ്ക
എന്നാലായത് ഞാന്‍ ചെയ്യാം.
എന്നാലീ മണ്ണൊരുവേള
ഇനിയും പൂത്തുതളിര്‍ത്തേക്കാം."
(കുഞ്ഞുണ്ണിമാഷ്)

വിശപ്പടക്കാനുള്ള ഭക്ഷണവും ദാഹം തീര്‍ക്കാനുള്ള പാനീയവും കഴിക്കുക. ഒരു ചിത്രശലഭം പൂവിന്‍റെ ദലങ്ങള്‍ക്കോ കേസരങ്ങള്‍ക്കോ രൂപത്തിനോ പോറലേല്പിക്കാതെ തേന്‍ നുകരുന്നതുപോലെ ജീവിതത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുക. പ്രകൃതിയുമായി ഇടപെടുന്ന ഓരോ നിമിഷവും മനസ്സാക്ഷിയുടെ മന്ത്രണം കാതില്‍ സ്വരമാകട്ടെ; കരങ്ങളില്‍ കരുതലാകട്ടെ. വരുംതലമുറയില്‍ മനുഷ്യന് മനുഷ്യനോട് മാത്രമല്ല, പ്രകൃതിയോടും സാഹോദര്യഭാവം പുലരട്ടെ

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts