ലോകചരിത്രത്തില്‍ എക്കാലവും അരികുവല്‍ക്കരിക്കപ്പെട്ട ജനതയാണ് ഓരോ രാജ്യങ്ങളിലെയും തനത് ഗോത്രവിഭാഗങ്ങള്‍. സ്വന്തം ചരിത്രം നിര്‍മ്മിക്കാന്‍ അവകാശമില്ലാത്തതോ അല്ലെങ്കില്‍ അനുവദിക്കപ്പെടാത്തതോ ആയ ജനവിഭാഗങ്ങളാണവര്‍. അല്ലെങ്കില്‍ അത്തരം ചരിത്രനിര്‍മ്മിതികള്‍ അവഗണിച്ചുകളയുകയാകും ഭൂരിപക്ഷം ചെയ്തുവരുന്നത്. സിനിമയുടെ ചരിത്രവും സമം തന്നെയാണ്. ഗോത്ര/ദളിത് വിഭാഗങ്ങളെ കോമാളികളായോ, തരംതാഴ്ത്തിയോ, പരിഹാസകഥാപാത്രമായോ ഒക്കെയാണ് ഭൂരിപക്ഷ സിനിമകളില്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ഗോത്രജീവിതങ്ങളുടെ സൗന്ദര്യം പ്രതിപാദിക്കുന്ന ചലച്ചിത്രങ്ങള്‍ ഇല്ലെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, കുറവാണെന്ന യാഥാര്‍ത്ഥ്യം വിശദമാക്കല്‍ മാത്രമാണ് ഈ തുറന്നുപറച്ചിലിന്‍റെ ഉദ്ദേശ്യം. പോളിനേഷ്യന്‍ രാജ്യമായ ന്യൂസിലാന്‍റില്‍ നിന്നും 2002-ല്‍ പുറത്തിറങ്ങിയ വെയ്ല്‍ റൈഡര്‍ എന്ന ചലച്ചിത്രം ഗോത്ര ജീവിതം പ്രതിപാദിക്കുന്നതുകൊണ്ട് മാത്രമല്ല ശ്രദ്ധേയമാകുന്നത്. അത് സ്ത്രീയുടെ ഉയിര്‍പ്പിനെയും അവളുടെ അവഗണിക്കാനാകാത്ത കരുത്തിന്‍റെയും കഥ പറയുന്നതു കൊണ്ടുകൂടിയാണ്.
പോളിനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പൊതുവേ പരിമിതമായ സിനിമകള്‍ മാത്രമാണ് പുറത്തിറങ്ങാറുള്ളത്. അതില്‍തന്നെ ന്യൂസിലന്‍റ് സിനിമകളാണ് കൂടുതലും. മാര്‍ട്ടിന്‍ കാംപ്ബെല്‍, റസല്‍ ക്രോവ്, പീറ്റര്‍ ജാക്സണ്‍, അന്ന പാക്വിന്‍, ആന്‍ഡ്രൂ നിക്കോള്‍, ടൈക്ക വായ്റ്റിറ്റി എന്നിവരുള്‍പ്പെടെ ലോകസിനിമാചരിത്രത്തില്‍ ഇടംപിടിച്ച സിനി മാപ്രവര്‍ത്തകര്‍ക്ക് ജന്മം നല്‍കിയ നാടാണെങ്കിലും ലോകശ്രദ്ധ പിടിച്ചുപറ്റിയ ചലച്ചിത്രങ്ങള്‍ ഈ മേഖലാരാജ്യങ്ങളില്‍ നിന്നും കുറവായാണ് കാണുന്നത്. പ്രകൃതിരമണീയമായ ഈ ഭൂപ്ര ദേശത്തു ചിത്രീകരിച്ച സിനിമകള്‍ പലതും ലോകത്തിലെ ഏറ്റവും വലിയ നേട്ടങ്ങളുണ്ടാക്കി യിട്ടുമുണ്ട്. അവതാര്‍, ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദി റിങ്ങ്സ് പരമ്പരകള്‍, കിങ്ങ് കോങ്ങ് എന്നിവ അവയില്‍ ചിലതു മാത്രമാണ്. എന്നാല്‍ പോളിനേഷ്യന്‍ മേഖലയിലെ തനത് ജീവിതം ആവിഷ്കരിക്കുന്ന സിനിമകള്‍ പരിമിതമാണ് എന്ന് കാണാന്‍ കഴിയും. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് വെയ്ല്‍ റൈഡര്‍ എന്ന ചലച്ചിത്രം ചരിത്രമാകുന്നത്.
ന്യൂസിലാന്‍റിലെ ഗോത്രവിഭാഗമായ മാവോരി വിഭാഗത്തില്‍ നിലനില്‍ക്കുന്ന ആചാരവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം സ്ത്രീയുടെ അപരിമിതമായ ശക്തിയെ പരാവര്‍ത്തനം ചെയ്യുന്നത്. മാവോരി ഗോത്രത്തിന്‍റെ തലവനാകുന്നതിനായി നിയോഗിക്കപ്പെടേണ്ടത് ആണ്‍കുട്ടികള്‍ മാത്രമാണ്. അതാണ് ഗോത്രത്തിന്‍റെ ചരിത്രം. തലവന്‍റെ ഭാര്യക്ക് ജനിച്ച ഇരട്ട കുട്ടികളില്‍ ആണ്‍കുട്ടിമരണപ്പെടുകയും പെണ്‍കുട്ടി ജീവനോടെ അവശേഷിക്കുകയും ചെയ്യുമ്പോള്‍ ഗോത്രചരിത്രം ചോദ്യം ചെയ്യപ്പെടുകയാണ്. തലമുറകളായി ആണ്‍കുട്ടികള്‍ മാത്രമായിരുന്നു തലവനാകുന്നതിനായി ജനിച്ചിരുന്നത്. കാഹുവിന്‍റെ ജനനം ഗോത്രത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു എന്ന് കാഹുവിന്‍റെ മുത്തച്ഛനായ കോറോ വിശ്വസിക്കുന്നു. കാഹു തന്‍റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഗോത്രത്തിന്‍റെ തലവനാകുന്നതിനുള്ള അവകാശം ഉന്നയിക്കുന്നു. അത് അവളുടെ നിലനില്‍പ്പിന്‍റെ പ്രശ്നം തന്നെയായിരുന്നു. എന്നാല്‍ താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന തന്‍റെ മുത്തച്ഛന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരെ അവള്‍ക്ക് പോരാടേണ്ടി വരുന്നു. ഒരു സ്ത്രീ ഗോത്രത്തിന്‍റെ തലവനാകുക എന്ന അപമാനത്തില്‍നിന്നും ഒഴിവാകുന്നതിനായി കോറോ തന്‍റെ ഗ്രാമത്തിലെ യുവാക്കളില്‍ നിന്നും തലവനെ തിരഞ്ഞെടുക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുന്നു. ആയോധനകലകള്‍ പരിശീലിപ്പിക്കുന്നതിനായുള്ള ഈ കളരിയിലെ അഭ്യാസമുറകള്‍ കാഹു ഒളിച്ചിരുന്നു വീക്ഷിക്കുകയും പഠിച്ചെടുക്കു കയും ചെയ്യുന്നു. എല്ലാത്തരം സംഘര്‍ഷങ്ങള്‍ക്കു മൊടുവില്‍ കാഹു ഗോത്രത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നു.
വെയ്ല്‍ റൈഡര്‍ കേവലമൊരു ഗോത്രത്തിന്‍റെ ആചാരത്തിന്‍റെ കഥയല്ല. സ്നേഹത്തിന്‍റെയും, നിരാസത്തിന്‍റെയും, പോരാട്ടത്തിന്‍റെയും, വിജയത്തിന്‍റെയും ഇതിഹാസം രചിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ്. ഒരുപക്ഷേ സ്ത്രീകളുടെ നേര്‍ക്കുയരുന്ന എല്ലാത്തരം അവഗണനകളേയും ഉള്‍ക്കരുത്തിന്‍റെ ബലത്തില്‍ പൊരുതിത്തോല്‍പ്പിച്ച ലോകത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രതിനിധിയാണ് കാഹു അഥവാ പൈക. നേതൃത്വത്തിലേക്കുയരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതികൂലാനുഭവങ്ങള്‍ തന്മയത്വത്തോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
വിത്തി ഇഹിമാരിയുടെ നോവലിനെ ആസ്പദമാക്കിയാണ് സംവിധായികയായ നികി കാരോ ചിത്രം ഒരുക്കിയിട്ടുള്ളത്. കടലിന്‍റെ മനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കടലിന്‍റെ ശാന്തതയും വന്യതയും ഒരേസമയം മനോഹരമായി ആവിഷ്കരിക്കുന്നതില്‍ സംവിധായിക പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ടെന്ന് നിസംശയം പറയാന്‍ കഴിയും. ചിത്രത്തിലെ നായികയായ കെയ്ല്‍ കാസില്‍ ഹ്യൂസിന് അഭിനയത്തില്‍ യാതൊരു മുന്‍കാല പരിചയവുമില്ലാതിരുന്നിട്ടും ഇത്ര മനോഹരമായി അതീവസംഘര്‍ഷങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിഞ്ഞു എന്നത് സംവിധായികയുടെ കൂടി മികവാണ് എന്നതില്‍ തര്‍ക്കമില്ല. ഓസ്കാര്‍ നോമിനേഷന്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അഭിനേത്രി എന്ന നേട്ടം കൂടി ഈ ചിത്രത്തിലൂടെ അവര്‍ കൈവരിച്ചു. ലോകത്തിലെ എണ്ണംപറഞ്ഞ സിനിമാ ഫെസ്റ്റിവലുകളില്‍ ചിത്രം മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ടൊറന്‍റോ, റോട്ടര്‍ഡാം, സന്‍ഡേസ് എന്നീ ഫെസ്റ്റിവലുകളില്‍ ചിത്രം പുരസ്കാരം നേടി.
വേല്‍റൈഡര്‍ വിവിധമാനങ്ങളിലൂടെയാണ് വിജയത്തിന്‍റെ കഥ പ്രസ്താവിക്കുന്നത്. നിരന്തര മായ പരീക്ഷണങ്ങളും തടസ്സങ്ങളും അതിജീവിച്ച് വിജയം ആഘോഷിക്കുക എന്നത് ആത്മനിര്‍വൃതിയുടെ ഏറ്റവും അങ്ങേയറ്റത്തെ അനുഭവമാണെന്ന് ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.. നിരന്തരമായി നമ്മെ വേട്ടയാടുന്ന മാമൂലുകളെ നിശ്ചയദാര്‍ഢ്യ ത്തിന്‍റെ പിന്‍ബലത്തിലാണ് ഒരു പെണ്‍കുട്ടി കീഴടക്കിയത് എന്നോര്‍ക്കുമ്പോള്‍ ചരിത്രം ധീര വനിതകളുടേതുകൂടിയാണ് എന്നൊരു പുതുമുദ്രാ വാക്യം കൂടി ഈ സിനിമ മുന്നോട്ടുവെക്കുന്നുണ്ട് എന്ന് കാണാന്‍ കഴിയും. കണ്ണീര്‍ ഹൃദയങ്ങളെ കീഴടക്കുന്ന ഏതൊരു നിമിഷത്തെയും അതിജീവിക്കാന്‍ ഈ ചിത്രത്തിന്‍റെ കാഴ്ചകൊണ്ട് തീര്‍ച്ച യായും കഴിയും എന്നതില്‍ യാതൊരു സംശയവുമില്ല. അത്തരം അതിജീവനങ്ങള്‍ തന്നെയാണ് നമ്മുടെ ജീവിതങ്ങളെ മുന്നോട്ടു നയിക്കുന്നതും.