ലെനിനിസവും സ്റ്റാലിനിസവും പിന്നിട്ട് മുന്നോട്ടു പോയ കമ്മ്യൂണിസം സൃഷ്ടിച്ച ലോകം തകര്‍ന്നപ്പോള്‍ തുടര്‍ന്ന് സംഭവിച്ചത് പ്രതീക്ഷിക്കാത്തതാണ്. അത് വിവരിക്കുന്ന സ്വെറ്റ്ലാന കഴിഞ്ഞ കാലത്തെയും അപഗ്രഥിക്കുന്നു. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിയപ്പെട്ട സാധാരണ മനുഷ്യര്‍ ജീവിക്കാനായി അനുഭവിച്ച വിഷമതകള്‍ അനുഭവസ്ഥര്‍ തന്നെ വിവരിക്കുകയാണ്. "ഇന്ന് സ്നേഹിക്കാന്‍ ആര്‍ക്കും സമയമില്ല. എല്ലാവരും പണം സമ്പാദിക്കുന്ന തിരക്കിലാണ്. പണം എന്ന വസ്തു, ഒരു ആറ്റംബോംബുപോലെ നമ്മുടെ നടുവില്‍ വന്നു വീണിരിക്കുകയാണ്" എന്നു പറയുമ്പോള്‍ പരിവര്‍ത്തനത്തിന്‍റെ സ്വഭാവം വ്യക്തമാകുന്നു. വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും മേലേ വസ്തുക്കള്‍ക്ക് മൂല്യം വര്‍ദ്ധിച്ച കാലം സംജാതമായെന്ന് എഴുത്തുകാരി എടുത്തുപറയുന്നു. മനുഷ്യരെ മരപ്പാവകളെന്നപോലെ കണ്ട കാലത്തിനുശേഷം വലിയ പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇരുമ്പുമറ ഭേദിച്ചപ്പോള്‍ ഉണ്ടായത് അശാന്തിയുടെ കാലമായിരുന്നു.
'വില്ക്കാന്‍ പഠിക്കൂ. കുന്നോളമാണ് നമ്മളെ രക്ഷിക്കുക' എന്നതാണ് പുതിയ കാലത്തിന്‍റെ മുദ്രാവാക്യം. "നമ്മള്‍ ആകെ തളര്‍ന്നിരിക്കുന്നു, പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ ഭാവി...യാതനയുടെ ഭാഷയാണ്" എന്നു പറയുമ്പോള്‍ വേദനയുടെ ചരിത്രം അനാവൃതമാകുന്നു. ഉദാത്തമായ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും പകരം മറ്റെന്തെല്ലാമോ കടന്നുവന്നിരിക്കുന്നു. സ്വന്തം രാജ്യം നഷ്ടപ്പെട്ടപ്പോള്‍ വന്നുചേര്‍ന്നത് പ്രതിസന്ധികളുടെ പുതിയൊരു കാലമാണ്. അതിസുന്ദരങ്ങളായ ആശയങ്ങളെല്ലാം ചോരയില്‍ കുതിര്‍ന്നതായിരുന്നുവെന്നതില്‍ നിന്നാണ് സ്വാതന്ത്ര്യത്തിന്‍റെ പുതിയ ആകാശം ജനത സ്വപ്നം കണ്ടത്. ജീവിച്ചിരിക്കുന്നു എന്നു പറയാന്‍ കഴിയാതെ അവസാനനാളുകള്‍ക്കായി കാത്തിരിക്കുകയാണ് എന്നു പറയുന്നത് മാറ്റത്തെ അടയാളപ്പെടുത്തുന്നുണ്ട്.
'ആരുടെ കൈയിലാണ് യഥാര്‍ത്ഥ സത്യമിരിക്കുന്നത്?' എന്ന ചോദ്യം ഗ്രന്ഥത്തില്‍ മുഴങ്ങിനില്‍ക്കുന്നു. കമ്മ്യൂണിസവും അതിനുശേഷമുളള കാലവും സത്യത്തെക്കുറിച്ചുളള വിവിധചിന്തകളാല്‍ കലുഷമാകുന്നു. 'മനുഷ്യന്‍ പറയുന്ന സത്യം... അത് ഓരോരുത്തര്‍ക്കും അവനവന്‍റെ തൊപ്പിതൂക്കിയിടാനുള്ള ഒരാണി മാത്രമാണ്' എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. മനുഷ്യനെക്കാള്‍ കൂടുതലായി പൊളിപറയുന്ന രേഖകളും ഇവിടെ തുറന്നു പരിശോധിക്കപ്പെടുന്നു. എല്ലാം കമ്പോളാധിഷ്ഠിതമായ കാലത്തിലേക്കു നിപതിച്ചപ്പോള്‍ എല്ലാ മൂല്യങ്ങളും മാറിമറിഞ്ഞു. "മനസ്സുനിറയെ മുറിവുകളുമായാണ് ഞാനിത്രയും കാലം ജീവിച്ചത്" എന്നത് ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും വിലയിരുത്തുന്ന വാക്കുകളാണ്. 'ഓര്‍മ്മകള്‍ വേദനയാണ്, എന്നാലും അവ എന്‍റേതുമാത്രമാണ്' എന്നു പറയുന്നവരുടെ കഥകള്‍ നമ്മെ ആഴത്തില്‍ സ്വാധീനിക്കുന്നു.
'ഇരുമ്പുമുഷ്ടികൊണ്ട് നമ്മള്‍ മാനവരാശിയെ സന്തോഷത്തിന്‍റെ നാട്ടിലെത്തിക്കും' എന്നു പറഞ്ഞവള്‍ സൃഷ്ടിച്ചത് സ്വര്‍ഗ്ഗമായിരുന്നില്ല. അടിമത്തത്തിന്‍റെ ലോകത്തുനിന്ന് സ്വാതന്ത്ര്യത്തിന്‍റെ ആകാശത്തിലേക്ക് പറക്കാന്‍ ഒരു ജനത ആഗ്രഹിക്കുന്നതിനു കാരണമതാണ്. "മനസ്സു നോവുമ്പോഴേ എന്തിന്‍റെയും യാഥാര്‍ത്ഥ്യം അറിയാനാവൂ... ചില്ലറ വേദനയല്ല... തീവ്രമായ വേദന" എന്നതാണ് യാഥാര്‍ത്ഥ്യം. സ്വപ്നത്തകര്‍ച്ചയുടെ ദൈന്യം എങ്ങനെയാണ് മനുഷ്യനെ ബാധിക്കുന്നതെന്ന് ഗ്രന്ഥകാരി കണ്ടെത്തുന്നു.
'ക്ലാവ് പിടിച്ചകാലം' അവതരിപ്പിക്കുന്നത് നമ്മെ ഞെട്ടിക്കുന്ന സത്യങ്ങളാണ്. ചരിത്രത്തില്‍ പങ്കാളികളായിരുന്നവര്‍ പറയുകയാണ് കമ്മ്യൂണിസത്തിന്‍റെ കാലവും അതിനുശേഷമുളള തകര്‍ച്ചയുടെ സന്ദര്‍ഭങ്ങളും തുടര്‍ന്നുവരുന്ന സംഭവങ്ങളും ഈ ബൃഹദ്ഗ്രന്ഥത്തില്‍ സ്വെറ്റ്ലാന ആവിഷ്കരിക്കുന്നു. ഈ ഗ്രന്ഥം നമ്മുടെ മുന്‍ധാരണകള്‍ പലതും തിരുത്തുന്നു. മനുഷ്യയാതനകളുടെ മഹാഖ്യാനമായി ഈ പുസ്തകം മാറുന്നു "Svetlana Alexicievich Orchestata a rich symphony of Russian voites telling their stories of love and death, joy and sorrow, as they try to make sense of the twentieth century, so tragic for their country” എന്ന് ജെ.എം. കൂറ്റ്സി എഴുതുന്നത് യാഥാര്‍ത്ഥ്യമാണ്. (ക്ലാവു പിടിച്ച കാലം - സ്വെറ്റ്ലാന അലക്സിവില്ല് - വിവ: രമാമേനോന്‍, ഗ്രീന്‍ ബുക്സ്).
പി.എന്‍.ദാസ് എഴുതുമ്പോള്‍
ആത്മാവില്ലാത്ത വാക്കുകളുടെ കാലമാണിത്. ആത്മാവുള്ള വാക്കുകള്‍കൊണ്ട് നമ്മെ ആശ്വസിപ്പിക്കുന്ന എഴുത്തുകാരനാണ് പി.എന്‍.ദാസ്. മതാതീതമായ ആത്മീയതയാണ് അദ്ദേഹത്തിന്‍റെ വഴി. 'വാക്കുകളുടെ വനത്തില്‍നിന്ന് ഒരിലയുമായി' എന്ന പുതിയ പുസ്തകത്തിലൂടെ പി.എന്‍.ദാസ് നമ്മെ വെളിച്ചത്തിന്‍റെ പാതയിലേക്കു നയിക്കുന്നു. അന്ധമായ നമ്മുടെ കണ്ണുകള്‍ക്കും മനസ്സുകള്‍ക്കും നന്മയുടെ, സ്നേഹത്തിന്‍റെ പ്രകാശം പകര്‍ന്നുനല്‍കുന്നതാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. 'ഒരു പൂ വേരുകളുടെ ആഴത്തില്‍നിന്ന് അതിസ്വാഭാവികമായും മനോഹരമായും ഒരു മരച്ചില്ലയിലേക്കു വരുന്നതുപോലെയുള്ള ഓര്‍മ്മകള്‍' എന്നാണ് നാം ഉപശീര്‍ഷകമായി വായിക്കുന്നത്. ആത്മകഥാപരമായ കുറിപ്പുകളും ജീവിതചിന്തകളും പെയ്തിറങ്ങുന്ന ഈ പുസ്തകം നമ്മുടെ ഹൃദയത്തോടാണ് സംവദിക്കുന്നത്. 'പി.എന്‍.ദാസ് സത്യവാക്കാണ്. അദ്ദേഹത്തില്‍ കാണുന്ന സൗന്ദര്യം സത്യത്തിന്‍റേതാണ്' എന്ന് എം.എന്‍.കാരശ്ശേരി കുറിക്കുന്നത് യാഥാര്‍ത്ഥ്യമാണ്.
വലുതുകള്‍ക്കു പിന്നാലെയാണ് എല്ലാവരും പായുന്നത്. 'വലുതുകളുടെ ലോകത്തില്‍ ചെറുതുകളുടെ ഭംഗിയോ വിലയോ, നാം കാണുന്നില്ല' എന്നാണ് പി.എന്‍.ദാസ് അഭിപ്രായപ്പെടുന്നത്. നാം നമ്മുടെ ചുറ്റും കാണുന്ന ചെറിയവരില്‍, ചെറിയ വസ്തുക്കളില്‍ നിറയുന്ന ജീവിതസത്യങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ലോകത്തില്‍ സന്തോഷത്തോടെ സമാധാനത്തോടെ, സ്നേഹത്തോടെ ജീവിക്കാന്‍ മനുഷ്യവംശത്തിന് എന്തുകൊണ്ടാണ് സാധിക്കാത്തതെന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്. 'ചെറിയ മനുഷ്യന്‍റെ വലിയ സ്വപ്ന'മാണിത്.
രോഗത്തെ നാം എപ്പോഴും പഴിക്കാറുണ്ട്. രോഗങ്ങള്‍ നമ്മെ ആഴത്തിലുള്ള തിരിച്ചറിവുകളിലേക്ക് നയിക്കുന്നുവെന്നാണ് പി.എന്‍.ദാസ് നിരീക്ഷിക്കുന്നത്. "രോഗവും വേദനയും മനുഷ്യന്‍റെ വലിയ ശത്രുവാണെന്നു ചെറുപ്പത്തില്‍ തോന്നിയിരുന്നു. എന്നാല്‍ ഇവ തന്നതുപോലുള്ള വെളിച്ചം മറ്റൊന്നും തന്നിട്ടില്ല. രോഗം ഒരു പുതിയ രീതിയില്‍ ജീവിതം അനുഭവിക്കാന്‍ നിങ്ങള്‍ക്കവസരം തരുന്നു" എന്നാണ് അദ്ദേഹം പറയുന്നത്. നാം ഓരോന്നിനെയും എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. രോഗത്തിന്‍റെ നിമിഷങ്ങള്‍ ജീവിതാവബോധത്തെ കൂടുതല്‍ അഗാധമാക്കുന്നു. 'ജീവിതത്തിന് ഒരു വിലയുണ്ടെന്ന് മരണം നമ്മെ പഠിപ്പിക്കുന്നു. ആരോഗ്യം എത്ര വിലമതിക്കാനാവാത്തതാണെന്ന് രോഗവും' എന്ന ദര്‍ശനം ഏറെ പ്രധാനമാണ്.
ശബ്ദാസുരന്‍റെ നഗരത്തില്‍ ജീവിക്കുന്ന നാം ശബ്ദപ്രളയത്തിനു നടുവിലാണ് ജീവിക്കുന്നത്. ഈ കോലാഹലങ്ങള്‍ക്കിടയില്‍ മൗനത്തിന്‍റെ മൂല്യം നാം തിരിച്ചറിയുന്നില്ല. മൗനം നല്‍കുന്ന ഊര്‍ജ്ജത്തെക്കുറിച്ച് പി.എന്‍.ദാസ് എടുത്തു പറയുന്നു. 'ചെറിയൊരളവ് വെളിച്ചവും വളരെ ഇരുളിനെ നീക്കുന്നു' എന്നതാണ് സത്യം. 'മൗനത്തിന്‍റെ, നിശ്ശബ്ദതയുടെ ആന്തരിക ഉറവിടമായി ബന്ധം' സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണസ്വാസ്ഥ്യത്തിലേക്ക് നാം അടുക്കുന്നു. "മൗനം മനസ്സിനുള്ള പരിചരണമാകുന്നു. ഈ ചിന്തകള്‍ക്കുമപ്പുറത്തേക്കു പോകാന്‍ വഴിതുറക്കുന്നു. ചിന്തയുടെയും വാക്കിന്‍റെയും പിറകില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും കുറച്ചുനേരം ശാന്തമായിരിക്കാനും കഴിയുമ്പോള്‍ മനസ്സും ദേഹവും തണുക്കുന്നു. ഇത് ഏറെ നവ്യവും പോഷകവുമാകുന്നു. അന്തര്‍മുഖതയോടുള്ള സ്നേഹം, ഏകാന്തത, നിശ്ശബ്ദത നമ്മുടെ ജീവിതത്തിനു മുന്നില്‍ മനോഹരമായ ഒരു വഴി തുറന്നുതരുന്നു. അപ്പോള്‍ ജീവിതം ലളിതമാവുന്നു" എന്നതാണ് ഗ്രന്ഥകാരന്‍ കണ്ടെത്തുന്ന ദര്‍ശനം.
ഒരു കാലത്ത് തീവ്രവാദരാഷ്ട്രീയത്തിന്‍റെ വക്താവായിരുന്നു ഗ്രന്ഥകാരന്‍. കുറച്ചുകാലം തടവറയില്‍ കഴിഞ്ഞിട്ടുമുണ്ട്. ഇരുട്ടുമുറികള്‍ നല്‍കിയ അഗാധമായ തിരിച്ചറിവുകളെക്കുറിച്ച് അദ്ദേഹം ഹൃദയസ്പര്‍ശിയാംവിധം എഴുതുന്നു. ഹിംസയുടെ നിരര്‍ത്ഥകതയെക്കുറിച്ച് പി.എന്‍. ദാസ് തിരിച്ചറിവുനേടുന്നു". ഞാനെന്നത് പ്രപഞ്ചത്തിലെ ഒരു വ്യക്തി. എന്നിലുള്ളതൊക്കെയാണ് ലോകത്തെല്ലാരിലുമുള്ളത്. ഞാനാണ് ലോകം. ലോകത്തിലെ ആളിപ്പടരുന്ന തീയ്ക്കു ഞാനാണ് കാരണക്കാരന്‍. ഒരു പുതിയ ലോകയുദ്ധമുണ്ടാകാന്‍ പോകുന്നുണ്ടെങ്കില്‍ ഞാനാണു കാരണക്കാരന്‍" എന്നു പറയുമ്പോള്‍ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം വര്‍ധിക്കുന്നു. 'അഹിംസയിലൂടെ മാത്രമേ യുദ്ധരഹിതമായ, സമാധാനപൂര്‍ണമായ ഒരു വര്‍ഗ്ഗരഹിത സമുദായത്തെ ഉണ്ടാക്കാനാവൂ. ഹിംസയുടെ വിത്തുകളാണ് ഒരാള്‍ വിതയ്ക്കുന്നതെങ്കില്‍ പൂക്കള്‍ ഹിംസയുടെ ഗന്ധമുള്ളവ തന്നെയാവും. അയാള്‍ വിതച്ചതാണ് ആ പൂക്കളായി വിരിയുന്നത്" എന്ന് കുറിക്കുന്നത് നാം ശ്രദ്ധിക്കേണ്ടതാണ്.
പി.എന്‍. ദാസിന്‍റെ പുസ്തകം നമ്മെ കുറച്ചുകൂടി നല്ല മനുഷ്യരായി ജീവിക്കാന്‍ പ്രചോദിപ്പിക്കുന്നു. ഇപ്പോള്‍ നാം അധികം കേള്‍ക്കാത്ത ആത്മീയസ്വരമാണ് അദ്ദേഹത്തില്‍നിന്ന് നിര്‍ഗ്ഗളിക്കുന്നത്." വൈദ്യമുക്തവും ഗുരുമുക്തവും മതമുക്തവുമായ ഒരു സംസ്കാരത്തിനു മാത്രമേ ശരീരത്തിനും മനസ്സിനും ആത്മാവിനും ആരോഗ്യമുള്ള മനുഷ്യരെ വളര്‍ത്തിയെടുക്കാനാവൂ" എന്ന കാഴ്ചപ്പാട് നാം ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണ്. (വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി - പി.എന്‍.ദാസ് - ഡി.സി. ബുക്സ്)
നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി
കഥയും പരിസ്ഥിതിയും, ഹരിതനിരൂപണം മലയാളത്തില്‍, ഭാവനയുടെ ജലസ്ഥലികള്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെ മലയാളത്തിലെ ഹരിതചിന്തകള്‍ക്ക് ആഴം നല്‍കിയ നിരൂപകനാണ് ജി. മധുസൂദനന്‍. അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിസ്ഥിതി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹം 'നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി' എന്ന പുതിയ പുസ്തകത്തില്‍ കേരളത്തിന്‍റെ പാരിസ്ഥിതിക ചരിത്രമാണ് എഴുതുന്നത്. ആദ്യമാണ് മലയാളത്തില്‍ പാരിസ്ഥിതികചരിത്രം രചിക്കപ്പെടുന്നത്. ചരിത്രം പച്ചയായി എഴുതുമ്പോള്‍, ആരണ്യകം നമുക്കു നല്‍കിയത്, വനവും ജനവും കേരളത്തില്‍, തകരുന്ന നമ്മുടെ ജലവ്യൂഹം, കൃഷിയും അനുബന്ധമേഖലകളും ഭാവി സുരക്ഷയും, ഊര്‍ജ്ജം പുരോഗതി പരിസ്ഥിതി, 2050: ഹരിത ഊര്‍ജ്ജംകൊണ്ട് പുലരുന്ന കേരളം, നഗരങ്ങള്‍ നിര്‍മ്മാണം വ്യവസായം മലിനീകരണം ടൂറിസം, പ്രതിരോധത്തിന്‍റെ പുതിയ ഇടങ്ങള്‍ ഭാവിയ്ക്കുവേണ്ടി ഒരു മാനിഫെസ്റ്റോ എന്നീ അധ്യായങ്ങളിലൂടെ മധുസൂദനന്‍ കേരളത്തിന്‍റെ പരിസ്ഥിതിയുടെ ചരിത്രം സമഗ്രമായി ആവിഷ്കരിക്കുന്നു.
മുതലാളിത്തവും ഉപഭോഗസംസ്കാരവും പരിസ്ഥിതിയില്‍ ഏല്പിച്ച ആഘാതങ്ങള്‍ നിരവധിയാണ്. 'മനുഷ്യനിര്‍മ്മിതമായ മാറ്റങ്ങള്‍ എത്രത്തോളമാകാം എന്നതാണ് നിര്‍ണ്ണയിക്കപ്പെടേണ്ടത്' എന്നാണ് ഗ്രന്ഥകാരന്‍റെ വീക്ഷണം. 'പാരിസ്ഥിതിക ചരിത്രം ജീവല്‍സമസ്യകളുടെ ചരിത്രമാണ്; പ്രകൃതിയെക്കുറിച്ചുള്ള ഗൃഹാതുരയുടെയും, ഇതരജീവികളോടുള്ള കാരുണ്യത്തിന്‍റെയും മാത്രം കഥയല്ല' എന്ന് മധുസൂദനന്‍ സൂചിപ്പിക്കുന്നു. 'ബദല്‍ സാധ്യതകളടെ ആലേഖനം കൂടിയാണ് ഈ നവചരിത്രം. നമ്മുടെ പ്രകൃതിയും വിഭവങ്ങളും വ്യത്യസ്തരീതിയില്‍ ജീവസന്ധാരണത്തിന് ഉപയോഗിക്കാമായിരുന്നോ എന്നുള്ള വീണ്ടുവിചാരം കൂടിയാണിത്' എന്നതാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. 'പാരിസ്ഥിതികചരിത്രം അതിന്‍റെ സജീവമായ സ്വത്വശക്തി തിരിച്ചറിഞ്ഞുതുടങ്ങുന്നത്, വികസനത്തിന്‍റെ മുഖ്യധാരാസങ്കല്പങ്ങള്‍ക്ക് ബദലുകള്‍ ചമച്ചുകൊണ്ടാണ്" എന്ന കാഴ്ചപ്പാട് സുപ്രധാനമാണ്.
നമ്മുടെ വികസനസങ്കല്പങ്ങളെയും ഉപഭോഗതൃഷ്ണയെയും ഗ്രന്ഥകാരന്‍ വിമര്‍ശനവിധേയമാക്കുന്നു. 'മുഖ്യധാരാനാഗരിക മനുഷ്യന്‍റെ സ്വപ്നങ്ങളുടെ തീക്കണ്ണുകള്‍ ദഹിപ്പിക്കുന്നത് നമ്മുടെ മലകളെയും വനങ്ങളെയും ആദിമജനതയെയുമാണ്" എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. "കേരളത്തിലെ 'സമ്പൂര്‍ണ്ണ സാക്ഷരത'യുടെയും 'പുരോഗതി'യുടെയും ഇരുണ്ടവശം, ജീവിതത്തിന്‍റെ ജൈവഅടിത്തറകളെക്കുറിച്ചുളള ബോധം നഷ്ടമായി എന്നതാണ്". ഹരിതസാക്ഷരതയുടെ അനിവാര്യതയാണ് മധുസൂദനന്‍ എടുത്തുപറയുന്നത്. നമ്മുടെ വികസനസങ്കല്പങ്ങളില്‍ തിരുത്തലുണ്ടായാല്‍ മാത്രമേ പരിസ്ഥിതിയെ നിലനിര്‍ത്താന്‍ സാധിക്കൂ എന്നുതന്നെയാണ് ഗ്രന്ഥകാരന്‍റെ അഭിപ്രായം.
തകരുന്ന നമ്മുടെ ജലവ്യൂഹത്തെക്കുറിച്ച് മധുസൂദനന്‍ സവിശേഷമായി പഠിക്കുന്നുണ്ട്. "മൂലധനപ്പെരുപ്പത്തിനും ലാഭത്തിനുമായുളള മനുഷ്യവൃത്തികള്‍ക്ക് പ്രകൃതിയും ജലവും ഇരയാകുമ്പോഴുണ്ടാകുന്ന ദുരന്തമാണ്, കേരളം ഇപ്പോള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയിലെത്തിയത്" എന്ന് അദ്ദേഹം ശരിയായി വിലയിരുത്തുന്നു. നാം പ്രകൃതിയോടു ചെയ്യുന്നത് നമുക്കുതന്നെ തിരിച്ചുകിട്ടുന്നു. പൊന്‍മുട്ടയിടുന്ന താറാവിനെ സ്വാര്‍ത്ഥമതികള്‍ ഇല്ലാതാക്കുന്നതിന്‍റെ പ്രത്യാഘാതം വലുതാണ്. ഭാവിതലമുറകളാണ് ഭീകരമായ പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ക്ക് ഇരകളാകേണ്ടിവരുന്നത് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ബദലുകള്‍ വികസിപ്പിച്ചുകൊണ്ടുള്ള സംയോജിത പരിണാമത്തിലൂടെ മാത്രമേ ഈ പ്രതിസന്ധികളെ നമുക്കു മറികടക്കാന്‍ സാധിക്കൂ.
'പ്രകൃതി നല്‍കുന്ന പാരിസ്ഥിതിക സേവനങ്ങള്‍ തിരിച്ചറിയാന്‍ സഹജാവബോധമുള്ളവര്‍ക്ക് കണക്കുകളുടെ ആവശ്യമില്ല' എന്ന് ലേഖകന്‍ കരുതുന്നു. ഇതു തിരിച്ചറിയാത്തവര്‍ വികസനത്തിന്‍റെ പേരില്‍ എന്തു വിനാശത്തിനും കൂട്ടുനില്‍ക്കുന്നു. ഇതിനെ പ്രതിരോധിക്കേണ്ടത് ഏവരുടെയും കടമയാണ്. 'എവിടെ നോക്കിയാലും ജലമുളള കേരളത്തില്‍, മലയാളിക്ക് ജലത്തിന്‍റെ പ്രാധാന്യമറിയില്ല; നമുക്ക് ഒരു ജലസംസ്കാരമില്ല" എന്നത് സുപ്രധാനനിരീക്ഷണമാണ്. ഹരിതസാക്ഷരതയില്‍ പ്രധാനമാണ് ജലസാക്ഷരത.
പുനര്‍നിര്‍മ്മിതിയുടെ പുതിയൊരു ശാസ്ത്രത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥം അവസാനിക്കുന്നത്. 'നാം പ്രതിരോധയഞ്ജങ്ങളുടെ ജ്വാല അണയാതെ നിര്‍ത്തണമെ'ന്ന് മധുസൂദനന്‍ ഓര്‍മ്മിപ്പിക്കുന്നു. "നാം വെറും മേല്‍നോട്ടക്കാരോ പാട്ടക്കാരോ ആണ്, ഒരു നല്ല കുടുംബകാരണവരെപ്പോലെ ഭാവിതലമുറയ്ക്ക് ഭൂമിയിലെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ കൈമാറണം" എന്ന ചിന്ത എടുത്തുപറയേണ്ടതാണ്. ഏറെ പ്രധാനപ്പെട്ട ഒരു ചോദ്യത്തിലാണ് ഈ പുസ്തകം അവസാനിക്കുന്നത്. "കേരളത്തില്‍ ഇന്ന് ജീവിക്കുന്ന തലമുറകള്‍ക്കു മുന്നിലുള്ള ചോദ്യം, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുസ്ഥിരമായി ജീവിക്കാന്‍ യോഗ്യമായ പാരിസ്ഥിതിക പശ്ചാത്തലസംവിധാനങ്ങളുള്ള ഒരു കേരളം അവര്‍ക്കു കൈമാറാന്‍ നമുക്കു കഴിയുമോ എന്നതാണ്". ഈ ചോദ്യത്തിനുള്ള ഉത്തരം തേടലാണ് 'നഷ്ടമാകുന്നു നമ്മുടെ സ്വപ്നഭൂമി' എന്ന പുസ്തകം. നമ്മുടെ പരിസ്ഥിതി ചിന്തകള്‍ക്ക് ആഴം നല്‍കുന്ന കൃതിയാണിത്. (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി - ജി. മധുസൂദനന്‍ - കേരള സാഹിത്യ അക്കാദമി)