news-details
സഞ്ചാരിയുടെ നാൾ വഴി

ആര്‍ഷമെന്ന് ഗണിക്കാവുന്ന ഒരു സംഘാവബോധം ഉള്ളടരുകളില്‍ മയങ്ങുന്നതുകൊണ്ടാവണം അറിഞ്ഞോ അറിയാതെയോ പ്രാണന്‍ ഒരു ഗുരുവിനെ തേടിക്കൊണ്ടിരിക്കുന്നത്. അഗാധമായ ഒരു നിലനില്‍പ്പിന് നമ്മളെ പ്രേരിപ്പിക്കുന്ന ഏതൊരാള്‍ക്കും ആ നാമം നന്നായി വഴങ്ങും. മലമുകളില്‍ കൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ താഴ്വാരങ്ങളിലേക്കുള്ള വഴി കണ്ടെത്താനാവാതെ പരിഭ്രമിച്ചുപോയ ചെറുപ്പക്കാരനോട് വിറകുവെട്ടുകാരന്‍ പറഞ്ഞു: ആ അരുവിയെ പിന്തുടരുക - അതാണ് അടിവാരത്തിലേക്കുള്ള വഴി. അങ്ങനെയാണ് അയാള്‍ അവന് ഗുരുവായത്. ജീവിത സഞ്ചാരങ്ങളെ പ്രകാശിപ്പിക്കുന്ന ഏതൊരാള്‍ക്കും വഴങ്ങുന്നതാണ് ഗുരുവെന്ന വിശേഷണം. ആ അര്‍ത്ഥത്തിലാണ് ഹെസ്സെയുടെ സിദ്ധാര്‍ത്ഥ, ഗണികയും വര്‍ത്തകനും തോണിക്കാരനും ഒടുവില്‍ പുഴയുമൊക്കെ തന്‍റെ ഗുരുവായിരുന്നുവെന്ന് ആത്മഗതം ചെയ്തത്.

എല്ലാവരിലുമുള്ള ആ ഗുരുപ്രസാദത്തിന്‍റെ അദൃശ്യപരാഗങ്ങള്‍ ഏറ്റവും കൃത്യമായി നാം തേടുന്നത് നമ്മുടെ അധ്യാപകരിലാണെന്ന് തോന്നുന്നു. അത് അയാളുടെ ജീവിതത്തെ ഒരേ നേരം ശ്രേഷ്ഠവും, ക്ലേശപൂര്‍വ്വകവുമാക്കുന്നു. പള്ളിക്കൂടം അത്ര നല്ല കാര്യമാണോയെന്ന് അറിഞ്ഞുകൂടാ. അല്ലെങ്കില്‍ത്തന്നെ നല്ലതല്ലാത്ത എത്ര കാര്യങ്ങള്‍ക്ക് കപ്പം കൊടുത്തിട്ടുവേണം ഈ ചെറിയ ജീവിതത്തിന്‍റെ അരങ്ങൊഴിയാന്‍. ക്ലാസ്മുറി ഒരു തടവറയാണെന്നും അതില്‍ അധ്യാപകനും കുട്ടികളും ഒരേപോലെ കുരുങ്ങിയല്ലോയെന്നും നെടുവീര്‍പ്പെടുന്നത് അധ്യാപകനായ ഒരു കവി തന്നെയാണ്.

എന്നിട്ടും അധ്യാപകരിത്തിരി മനസ്സുവെച്ചാല്‍ അവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ, ആ അത്ര നല്ലതല്ലാത്തയിടത്തെയും ഭൂമിയിലേക്ക് വെച്ച് ഏറ്റവും പ്രസാദമധുരമായ അനുഭവമാക്കി മാറ്റാനാവുമെന്ന് ശക്തമായ തോന്നലുണ്ട്. വിശേഷിച്ചും അങ്ങനെ കുറെപ്പേരെ കാണാനും അടുത്തിടപഴകാനും ഭാഗ്യമുണ്ടായപ്പോള്‍. ഏറ്റവും അടുത്ത് തൃശ്ശൂര്‍ കേരളവര്‍മ്മയിലെ കുട്ടികള്‍ അവരുടെ അധ്യാപകനെക്കുറിച്ച് തയ്യാറാക്കിയ ഒറ്റമരക്കാട് എന്ന സ്മൃതി രേഖയിലൂടെ കടന്നുപോകുമ്പോഴായിരുന്നു അത്. പ്രവാഹത്തിലെ ഒരിലയെ ഒരു പുല്‍നാമ്പുകൊണ്ട് തൊട്ട് അതിന്‍റെ വഴി തിരിച്ചുവിടുന്നതുപോലെ ഏറ്റവും സൗമ്യമായി തന്‍റെ വിദ്യാര്‍ത്ഥികളുടെ ജീവിതയാനങ്ങളെ തെല്ല് മാറ്റിവിട്ട ആ അധ്യാപകന്‍ പ്രിയപ്പെട്ട വി. ജി. തമ്പിമാഷാണ്.

മധുരചൂരല്‍ എന്നൊരു പംക്തിയുണ്ട്, മാതൃഭൂമി ആഴ്ചപതിപ്പില്‍. തങ്ങളുടെ ഗുരുജനങ്ങള്‍ക്ക് ചിലര്‍ അര്‍പ്പിക്കുന്ന വാക്കിന്‍റെ പ്രണാമമാണത്. ഇന്ന് വളരെ അറിയപ്പെടുന്ന ഒരു കവിയുടെ ഓര്‍മ്മയുണ്ട് അതില്‍. കോരിച്ചൊരിയുന്ന മഴയത്ത്, കുടയില്ലാതെ നനഞ്ഞൊട്ടി ക്ലാസ്സില്‍ എത്തുന്ന ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി - അധ്യാപകന്‍റെ ശകാരം ഉറപ്പിച്ച് പുറത്ത് ഭയന്നുനില്‍ക്കുമ്പോള്‍, അകത്തുനിന്ന് ഇങ്ങനെയൊരു  സ്വാഗതം: 'അലക്സാണ്ടര്‍ ദ ഗ്രേറ്റ് അകത്തേക്കു വരിക.' പരിഹാസമെന്ന് നിനച്ച് പിന്നെയും ചുരുങ്ങി നില്ക്കുമ്പോള്‍ അയാള്‍ വിശദീകരിച്ചു. ഒരു നാടകത്തിന്‍റെ തയ്യാറെടുപ്പിലാണവര്‍. അതിലെ നായകന്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ റോള്‍ വൈകിയെത്തിയവനു വേണ്ടി അധ്യാപകന്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നിട്ടും അവന് ആത്മവിശ്വാസം പോരാ: 'എനിക്കിതിന് ആവില്ലാ.' അയാള്‍ ആ നനഞ്ഞ കോഴിക്കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് പറഞ്ഞു: 'നിനക്ക് കഴിയും, നിനക്ക് മാത്രം.' ആ നിമിഷം അവന്‍ മറക്കില്ല, നമ്മളും.

ഇതാണ് ശരിക്കുമുള്ള അധ്യയനം. 'എജ്യുക്കേഷന്‍' എന്ന വാക്കിന്‍റെ എത്തിമോളജി പുറത്തുകൊണ്ടുവരിക എന്ന അര്‍ത്ഥത്തിലുള്ള ലാറ്റിന്‍ പദമുണ്ട്. മണ്ണുവിഴുങ്ങിയ കുഞ്ഞിന്‍റെ വായില്‍ മണ്ണൊഴികെ എല്ലാമുണ്ടെന്ന് കണ്ണന്‍റെ അമ്മ കണ്ടതുപോലെ ചില ഗുരുക്കന്‍മാര്‍. സാവകാശത്തില്‍ അവര്‍ ഓരോരോ അത്ഭുതങ്ങളെ പുറത്തുകൊണ്ടുവരും. എങ്ങനെയാണ് ശില്പങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ വെണ്ണക്കല്ലില്‍ ഓരോരോ രൂപങ്ങള്‍ ഉണ്ട്. അതൊഴിച്ച് ബാക്കിയുള്ളതിനെയെല്ലാം കല്ലുളികൊണ്ട് ചെത്തിമാറ്റിയാല്‍ മതിയെന്ന മൈക്കളാഞ്ചലിന്‍റെ മറുപടിപോലെ ഋജുവായ ഒരു ബോധനരീതി.

എന്നിട്ടും അത്തരം വ്യക്തിപരമായ കണ്ടെത്തലുകള്‍ നമ്മുടെ ക്ലാസ്സ്മുറികളില്‍ സംഭവിക്കുന്നില്ല. ആ ഇടയഗുരു പറയുന്നതുപോലെ ഞാനെന്‍റെ ആടുകളെ പേരുചൊല്ലിവിളിക്കുന്നു, എന്നു പറയാനുള്ള ചങ്കുറപ്പില്ലാത്ത അധ്യാപകര്‍. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല, ഒരിത്തിരി ശ്രദ്ധ, സാധന കൊണ്ടൊക്കെ സാധ്യമാണത്. ഒരു വീട്ടമ്മയ്ക്കത് മനസ്സിലാകും, കഴുത്തില്‍ പുള്ളിക്കുത്തുള്ള കോഴിക്കുഞ്ഞിനെ കണ്ടില്ലല്ലോയെന്നൊക്കെ അവര്‍ കൂട്ടിലേക്കു നോക്കി പരിഭ്രമിക്കുന്നത് കണ്ടിട്ടില്ലേ. അത്രയും പോലും ബന്ധം ക്ലാസ്സ്മുറിയില്‍ കുഞ്ഞുങ്ങളുമായി നമ്മള്‍ പുലര്‍ത്തിയില്ലെങ്കില്‍ അത് കഠിനമായ അപരാധമല്ലേ സാര്‍. ജോണിനെ ലാറ്റിന്‍ പഠിപ്പിക്കുവാന്‍ ലത്തീന്‍ മാത്രമല്ല ജോണിനെയും അറിയണമെന്ന ഒരു പഴയ ഓര്‍മപ്പെടുത്തലുണ്ട്. നിര്‍ഭാഗ്യവശാല്‍ ജോണിനെ തീരെ അറിയാതിരിക്കുകയും ലത്തീന്‍ നന്നായി അറിയുകയും ചെയ്യുന്ന അധ്യാപകരുടെ എണ്ണം പെരുകുകയാണ്. അധ്യാപകരോട് നമുക്ക് തോന്നാതെ പോയ അടുപ്പക്കുറവാണ് പലവിഷയങ്ങളോടും നമ്മളിപ്പോഴും പുലര്‍ത്തുന്ന ചവര്‍പ്പിന് കാരണമെന്ന നിരീക്ഷണവുമുണ്ട്. ഉദാഹരണത്തിന് കണക്ക് കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിലാകുന്ന വിഷയമാണ്. എന്നിട്ടും മുതിര്‍ന്നിട്ടു പോലും നമ്മളില്‍ പലരും അതിനോടു പുലര്‍ത്തുന്ന വിപ്രതിപത്തിക്ക് കണക്ക് മാഷ്മാരെല്ലാം ചേര്‍ന്ന് എന്‍റെ പിഴ, എന്‍റെ പിഴ, ഞങ്ങളുടെ വലിയ പിഴ എന്ന് പറയണമെന്ന് സാരം!

അധ്യാപനത്തെ ഒരു നിയോഗമായി മനസ്സിനെ പരിശീലിപ്പിക്കുകയാണ് പ്രധാനം -God Given Destiny. മീന്‍പിടിച്ചിരുന്നവരോട് മനുഷ്യരെ പിടിക്കണമെന്നാണ് ആ വിശ്വഗുരു ആവശ്യപ്പെട്ടത്. ഏതൊരു കര്‍മ്മത്തില്‍ ആയിരിക്കുമ്പോഴും മനുഷ്യനുമായി ബന്ധപ്പെട്ട ഏതെങ്കിലും ചില ഇടപെടലുകള്‍ നടത്തുക എന്തൊരു സുകൃതമാണ്. മനുഷ്യരെ പിടിക്കുവാന്‍ ക്ഷണം കിട്ടിയവരാണ് അധ്യാപകര്‍. അത് തിരിച്ചറിഞ്ഞവര്‍ക്ക് ജീവിതത്തിന്‍റെ ഒന്നാംമൈലുകള്‍ ഒരിക്കലും സ്വാസ്ഥ്യം നല്‍കില്ല. ഒന്നാം മൈലെന്നാല്‍ ജീവിതം നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും പരിമിതപ്പെട്ട ഉത്തരവാദിത്വമാണ്. സിലബസും, കരിക്കുലവുമൊക്കെ ഒന്നാംമൈല്‍ മാത്രമാണ്. അതിനപ്പുറത്തേക്ക് ഒരു രണ്ടാംമൈല്‍ കണ്ടെത്താനായില്ലെങ്കില്‍ നിങ്ങള്‍ക്കുപോലും നിങ്ങളെ മടുത്തു തുടങ്ങും! പ്രോഗ്രസ് കാര്‍ഡില്‍ ചുവന്ന വരകൊണ്ട് വട്ടം വരയ്ക്കുമ്പോള്‍ ആ പഴയ സെന്‍പാഠം ഓര്‍ക്കണം: ഒരാപ്പിളില്‍ എത്ര കുരുവുണ്ടെന്നു നിങ്ങള്‍ക്ക് എണ്ണിയെടുക്കാം, എന്നാല്‍ ഒരു കുരുവില്‍ എത്ര ആപ്പിള്‍?

നിരന്തരം സഞ്ചാരത്തില്‍ ആയിരുന്നുകൊണ്ട് പഠിപ്പിച്ചിരുന്ന ആ ഗുരുവിന്‍റെ കാലടികള്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ശരീരം കൊണ്ടും അതിലേറെ മനസ്സുകൊണ്ടും കുഞ്ഞിനെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഇടമെന്നു ക്ലാസ്സ്മുറികളെ അടയാളപ്പെടുത്താന്‍ ആകണം. വായിച്ചിട്ടില്ലെങ്കില്‍ നിശ്ചയമായും തപ്പിയെടുത്ത് വായിക്കേണ്ട പുസ്തകം ടോട്ടോച്ചാന്‍ ആണ്. വിദ്യാലയത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ചെറിയ കുട്ടിയെ ആ വിവരം പോലും പറയാതെ കോബയാഷിന്‍ മാസ്റ്ററുടെ അടുക്കല്‍ എത്തിക്കുകയാണ്. ഒരു പഴയ ട്രെയിന്‍ പള്ളിക്കൂടം ആക്കി മാറ്റിയിരിക്കുകയാണ്. എല്ലാ വാഗണുകളും ക്ലാസ്സുമുറികള്‍! സഞ്ചാരങ്ങളെ വിലക്കാത്ത ഒരിടത്തിന്‍റെ പ്രതീകമായിട്ടുവേണം ആ തീവണ്ടിയെപ്പോലും വായിച്ചെടുക്കേണ്ടതെന്ന് തോന്നുന്നു. ടോട്ടോച്ചാന്‍റെ പള്ളിക്കൂടം പോലെ വരില്ലെങ്കിലും നമ്മള്‍ പഠിച്ച പഴയ വിദ്യാലയങ്ങള്‍ എന്തായാലും ഇന്നത്തേതിനെക്കാള്‍ ഭേദപ്പെട്ടതുതന്നെയായിരുന്നു. ആ അര്‍ത്ഥത്തില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഏത് വശത്തുനിന്നും പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷമാകാനും പരുവത്തിലുള്ള അരമതിലുള്ള വിദ്യാലയം. അവിടെയിരുന്ന് നിരത്തിലേക്കു നോക്കിയാണ് ഞങ്ങളുടെ ലോകവീക്ഷണം രൂപപ്പെട്ടത്. അതെ എല്ലാം കാണാം - നിരത്ത്, ഉപ്പുമാവ്പുര, അറവുശാല, മത്സ്യം വില്‍ക്കുന്നവര്‍, ദേശത്തിന്‍റെ സ്വന്തം പൈത്യക്കാര്‍, ഹെഡ്മാസ്റ്ററുടെ ഓഫീസ്, മൈതാനത്തില്‍ കല്ലുകൊത്തിക്കളിക്കുന്ന എട്ട് ബി യിലെ ശാന്തിയും കൂട്ടരും ഒക്കെ! ഇരിക്കുന്ന ക്ലാസ്സിനെക്കാള്‍ വ്യക്തമായി കാണാവുന്ന അടുത്തുള്ള ക്ലാസ്സ്മുറികള്‍. അങ്ങനെ ഒരു കൂട്ടുകാരി സ്വപ്നാടത്തിലെന്ന പോലെ ഇറങ്ങി അടുത്ത ക്ലാസ്സില്‍ പോയിരുന്ന് ആഘോഷമായി ടീച്ചറിന്‍റെ തല്ലുവാങ്ങി!

അനുയാത്രയില്‍ അധിഷ്ഠിതമായ ബോധനരീതിയാണ് പൊതുവേ ഗുരുക്കന്മാരെല്ലാം അനുഷ്ഠിച്ചിരുന്നത്. ക്രിസ്തുവില്‍ അതിന്‍റെ അളവ് തെല്ല് കൂടുതലാണുതാനും. വരൂ എന്നെ അനുഗമിക്കൂ (Come follow me) തുടങ്ങിയ ക്ഷണങ്ങളുടെ സൂചനയതാണ്. എന്നെ അനുഗമിക്കുക എന്നതിന് എന്‍റെ ജീവിതം നിരീക്ഷിക്കുക എന്നും അര്‍ത്ഥമുണ്ടല്ലോ. അത് ഒരു അസാധാരണ ധൈര്യമാണ്. എന്നില്‍ നിന്ന് പഠിക്കുക (Learn from me) എന്ന് മറ്റുചിലപ്പോള്‍. അവിടെ ആ സൂചന കുറെക്കൂടി വ്യക്തമായി. ജ്ഞാനം അതില്‍ത്തന്നെ അത്ര പ്രധാനപ്പെട്ട കാര്യമായി ക്രിസ്തു ഗണിച്ചില്ല. അതിന് ജീവിതവുമായി ഉണ്ടാകേണ്ട ബന്ധങ്ങളിലായിരുന്നു അവിടുത്തെ ശ്രദ്ധ. ഗോതമ്പുമണിയുടെ മെറ്റഫറൊക്കെ ക്രിസ്തു ഉപയോഗിക്കുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. ഗ്രീക്കുകാര്‍ നിന്നെ അന്വേഷിക്കുന്നുവെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. ജ്ഞാനത്തോട് ഭ്രാന്തമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരായിരുന്നു യവനര്‍. ക്രിസ്തുവിനെ കണക്ക് ഒരു ജ്ഞാനിക്ക് ആ ദേശത്ത് ശ്രേഷ്ഠമായ ഒരിടം ഉണ്ടായിരിക്കുമെന്നതായിരുന്നു ചൂണ്ട. അവരോടാണ് ഗോതമ്പുമണി നിലത്തുവീണ് അഴിഞ്ഞില്ലെങ്കില്‍ അതിന് ജീവനേകാന്‍ ആവില്ലെന്ന് ക്രിസ്തു പറഞ്ഞത്. ജീവിതവുമായി ഉരസാത്ത ജ്ഞാനം കൊണ്ടെന്തു കാര്യം. ഗ്രന്ഥപ്പുരയുടെ സൂക്ഷിപ്പുകാരനായ ലാവോത്സായെ പ്രകാശിപ്പിച്ചത്, താന്‍ കാവലിരുന്ന പുസ്തകങ്ങളല്ല മറിച്ച് വൃക്ഷത്തില്‍ നിന്ന് അടര്‍ന്ന് വീണ ഒരിലയായിരുന്നുവെന്ന് ഓര്‍ക്കണം. അടര്‍ന്നുവീണ ഒരു ഇലയോളം ജൈവികമല്ല ഒരു മഹാഗ്രന്ഥവും.

അന്ധന്‍ അന്ധരെ നയിക്കുന്നുവെന്നുള്ളതാണ് ഗുരുതുല്യരായി ഗണിക്കപ്പെടുന്ന ഓരോ മനുഷ്യരും അവന്‍റെ അധരത്തില്‍ നിന്ന് കേള്‍ക്കേണ്ടിവരുന്ന പരാതി. സ്വയം പ്രകാശത്തില്‍ ആയിരിക്കാനുള്ള ബാധ്യത മുതിര്‍ന്ന എല്ലാവരുടെയും ജീവിതത്തെ മൊട്ടുസൂചിയില്‍ നിര്‍ത്തുന്നുണ്ട്. ധ്യാനമല്ലാതെ പ്രകാശത്തിലേക്ക് വേറെന്ത് വഴി. അപ്പോഴാണ് ക്രിസ്തുവിനെപ്പോലെ പുതിയ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ നമ്മുടെ ചെറിയ പ്രാണനും പരുവപ്പെടുന്നത്. സുവിശേഷങ്ങളില്‍ എത്രയിടങ്ങളിലാണ് നമ്മളിങ്ങനെ വായിക്കുന്നത്: നിങ്ങള്‍ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ, എന്നാല്‍, ഞാന്‍ നിങ്ങളോട് പറയാം... എഴുത്തുകാര്‍ അവരോടുതന്നെ പുലര്‍ത്തുന്ന ഒരു പഴയശീലമുണ്ട് - പുതുതായി ഒന്നും പറയാനില്ലെങ്കില്‍ എഴുതാതിരിക്കുക. അധ്യാപകര്‍ക്കും പരിശീലിക്കാവുന്നതാണ് ആ നിഷ്ഠ.

എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്കും ക്രിസ്തുവിനും ഇടയില്‍ സംഭവിച്ച കാര്യങ്ങള്‍ ബോധനരീതിയുടെ ചില ഹൃദ്യമായ ചുവടുകളായി പരിഗണിച്ച് നല്ല വായനകള്‍ കിട്ടിയിട്ടുണ്ട്. ക്രിസ്തു അവരുടെ സംഭാഷണങ്ങളില്‍ കൂട്ടുചേര്‍ന്നുകൊണ്ടാണ് അനുയാത്ര ആരംഭിക്കുന്നത്. ഗുരുക്കന്മാര്‍ പുലര്‍ത്തേണ്ട അപ്പര്‍പെഡസ്ട്രലുകളെക്കുറിച്ച് എന്തൊക്കെ തെറ്റുധാരണകളാണ് ചുറ്റിനും. അത് പൊളിച്ചെഴുതിയത് നിശ്ചയമായും ക്രിസ്തുവാണ്. മല സമതലങ്ങളോട് സംസാരിക്കുന്നതുപോലെ അവരോട് സംസാരിച്ചുവെന്നൊക്കെ ഖലീല്‍ ജിബ്രാന്‍ എഴുതുമ്പോള്‍ അതിനെ അലങ്കരിച്ച വാക്കായി മാത്രം ഗണിച്ചാല്‍ മതി. ആശാരി മുക്കുവരോടു സംസാരിച്ചത് അങ്ങനെയാവാന്‍ തരമില്ല. മന്ദബുദ്ധികളേ എന്നൊക്കെയാണ് അവരെ വിളിക്കുന്നത്. ചീത്തവിളിക്കാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലുത്! അത്തരം വിളിനിറയെ അടുപ്പവും ചൂടുമുണ്ട്.

അവനുമായി സംസാരിക്കുമ്പോള്‍ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നുവെന്നാണ് പിന്നീടവര്‍ ആ യാത്രയെ അടയാളപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കുശേഷം നമ്മള്‍ എണ്ണിയാല്‍ തീരാത്ത അധ്യാപകരുടെ ഓര്‍മ്മച്ചിത്രങ്ങളില്‍നിന്ന് അങ്ങനെ ചൂണ്ടിക്കാണിക്കുവാന്‍ എത്രപേര്‍ അവശേഷിച്ചിട്ടുണ്ടാകും. ദൈവമേ ഭയം തോന്നുന്നു.

അന്തിയില്‍ ഒരുമിച്ചിരുന്ന് അപ്പം ഭക്ഷിക്കുവോളം അവര്‍ അവനെ തിരിച്ചറിഞ്ഞില്ല എന്നതാണ് ആ യാത്രയുടെ ഭരതവാക്യം. ഒരു ഗുരു നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കിയ രാസപരിണാമങ്ങളെക്കുറിച്ച് അയാളോടൊപ്പം ആയിരിക്കുമ്പോള്‍ നമുക്കൊരു ധാരണയുമില്ല. ബാക്കി ഏതു കര്‍മ്മത്തിലും നമ്മള്‍ ഉണ്ടാക്കിയ പുരോഗതിയെക്കുറിച്ച് ഏതെങ്കിലും ഒക്കെയൊരറിവുണ്ട്. അധ്യാപകനെ അളക്കാനുള്ള അപ്പാരറ്റസ് ഇനിയും കണ്ടെത്തിയിട്ടില്ല. വല്ലപ്പോഴും ഒരു സായന്തന സവാരിയില്‍ എതിരെ വന്ന് നില്‍ക്കുന്ന ഒരു പഴയ വിദ്യാര്‍ത്ഥിയുടെ മിഴികളിലെ നനവല്ലാതെ.

You can share this post!

അങ്കക്കലി

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts