കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു (സങ്കീ. 139:1)
"എല്ലാം കാണുന്ന ദൈവം" എന്നാണ് 139-ാം സങ്കീര്‍ത്തനത്തിന് പി. ഒ. സി. ബൈബിളിലെ തലക്കെട്ട്. ആ സങ്കീര്‍ത്തനം മുഴുവനും കൈമാറുന്ന ആശയവും അതുതന്നെ. മനുഷ്യനെ പൂര്‍ണമായി അറിയുന്ന ദൈവം. അമ്മയുടെ ഉദരത്തില്‍ രൂപപ്പെടും മുമ്പേ എന്‍റെ രൂപത്തെ, ജീവിതത്തെ ഒക്കെ അറിയുന്ന ദൈവം, ഇപ്പോഴത്തെ ഓരോ പ്രവൃത്തിയും അറിയുന്ന ദൈവം, എന്‍റെ അന്തരംഗം രൂപപ്പെടുന്നതിനും മുമ്പേ അതിനെ അറിഞ്ഞ ദൈവം. ഇത്തരം ഒരറിവ് സൗഖ്യം നല്കുന്ന ഒന്നാണ്. 'ദൈവമെല്ലാം അറിയുന്നുണ്ടല്ലോ' എന്നത് സാധാരണ മനുഷ്യന്‍റെ വളരെ ലളിതമായ പ്രത്യാശയാണ്. "നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു" എന്ന ഈശോയുടെ ഓര്‍മ്മപ്പെടുത്തലും ഇതുതന്നെയാണ്. അത്ര സൂക്ഷ്മമായി ദൈവം നമ്മളെ അറിയുന്നുണ്ട്, നമ്മുടെ വാക്കും പ്രവൃത്തിയും വികാരവിചാരങ്ങളും എല്ലാം.
"എല്ലാം കാണുന്ന ദൈവം" എന്നാണ് 139-ാം സങ്കീര്‍ത്തനത്തിന് പി. ഒ. സി. ബൈബിളിലെ തലക്കെട്ട്. ആ സങ്കീര്‍ത്തനം മുഴുവനും കൈമാറുന്ന ആശയവും അതുതന്നെ. മനുഷ്യനെ പൂര്‍ണമായി അറിയുന്ന ദൈവം. അമ്മയുടെ ഉദരത്തില്‍ രൂപപ്പെടും മുമ്പേ എന്‍റെ രൂപത്തെ, ജീവിതത്തെ ഒക്കെ അറിയുന്ന ദൈവം, ഇപ്പോഴത്തെ ഓരോ പ്രവൃത്തിയും അറിയുന്ന ദൈവം, എന്‍റെ അന്തരംഗം രൂപപ്പെടുന്നതിനും മുമ്പേ അതിനെ അറിഞ്ഞ ദൈവം. ഇത്തരം ഒരറിവ് സൗഖ്യം നല്കുന്ന ഒന്നാണ്. 'ദൈവമെല്ലാം അറിയുന്നുണ്ടല്ലോ' എന്നത് സാധാരണ മനുഷ്യന്‍റെ വളരെ ലളിതമായ പ്രത്യാശയാണ്. "നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു" എന്ന ഈശോയുടെ ഓര്‍മ്മപ്പെടുത്തലും ഇതുതന്നെയാണ്. അത്ര സൂക്ഷ്മമായി ദൈവം നമ്മളെ അറിയുന്നുണ്ട്, നമ്മുടെ വാക്കും പ്രവൃത്തിയും വികാരവിചാരങ്ങളും എല്ലാം.
എന്നാല്‍ ഈ ഒരറിവ് പേടിപ്പെടുത്തുന്ന ഒന്നല്ല മറിച്ച് ധൈര്യം നല്കുന്ന ഒന്നാണ്. മുറിപ്പെടുത്തുന്ന ഒരു നോട്ടമല്ല, പകരം സൗഖ്യപ്പെടുത്തുന്ന സാന്നിധ്യവും സംരക്ഷണം പകരുന്ന കനിവുള്ള കടാക്ഷവുമാണ് ദൈവത്തിന്‍റേത്. എന്‍റെ ബലവും ബലഹീനതയും കുറവും നിറവും അറിയുന്ന ദൈവം എന്നെ ഞാനായിരിക്കുന്നതുപോലെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇത്തരം ഒരു ബോധം പാരതന്ത്ര്യത്തിന്‍റെ കുരുക്കിടുന്നതല്ല മറിച്ച് സ്വാതന്ത്ര്യത്തിന്‍റെ ആകാശത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്ന ഒന്നാണ്.
ചെറുപ്പത്തില്‍ എവിടെയെങ്കിലും ഒളിച്ചാല്‍ ദൈവം കാണുമോയെന്നത് ഒരു സംശയമായിരുന്നു. കുറച്ചു മുതിര്‍ന്നപ്പോള്‍, യാത്രചെയ്യുമ്പോള്‍ ദൈവം കൂടെയുണ്ടോ, കാണുന്നുണ്ടോ എന്നൊക്കെയായിസംശയം. വലിയ മലമുകളില്‍ നിന്ന് താഴ്വാരത്തിലൂടെ ഉറുമ്പുകളെപ്പോലെ നീങ്ങുന്ന വാഹനങ്ങളെയും മനുഷ്യരെയും ഒക്കെ കാണുമ്പോള്‍ ഉന്നത സ്വര്‍ഗത്തില്‍നിന്ന് എല്ലാം കാണുന്ന ദൈവം എങ്ങനെയാകും കാണുന്നത് എന്നൊരു തോന്നല്‍. ഇപ്പോള്‍ ദൈവം കാണുന്നു എന്നതിന് ദൈവം അറിയുന്നു എന്ന രീതിയില്‍ കുറച്ചുകൂടി വ്യക്തത വരുന്നുണ്ട്. പൂര്‍ണമായും എന്നെ പൊതിഞ്ഞുനില്ക്കുന്ന സ്നേഹചൈതന്യമായ ദൈവം അറിയുകയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ആ പൊതിഞ്ഞു പിടിക്കലില്‍ ഞാന്‍ തനിച്ചല്ല, സര്‍വ്വപ്രപഞ്ചത്തിനും അതില്‍ ഇടമുണ്ട്. കാരണം ദൈവത്തിന്‍റെ കാഴ്ച മനുഷ്യന്‍റെ കാഴ്ചപ്പാടല്ലല്ലോ.
***********
മനുഷ്യരുടെ നോട്ടങ്ങള്‍ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. ജീന്‍ പോള്‍ സാര്‍ത്രിന്‍റെ ചിന്തയില്‍, മറ്റുള്ളവരുടെ നോട്ടം നമ്മളെ ഒരു വസ്തുവാക്കി (Object) മാറ്റുന്നു. ആരെങ്കിലും തുടര്‍ച്ചയായി നമ്മളെ നിരീക്ഷിക്കുന്നു എന്ന തോന്നല്‍ നമ്മുടെ ബോധത്തില്‍(consciouness) വളരെ അസ്വസ്ഥതകള്‍ (being restless) രൂപപ്പെടുത്താം. എല്ലാവരും നിരന്തരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതിപ്പോള്‍ നിരത്തിലിരിക്കുന്ന ക്യാമറകള്‍ മുതല്‍ വീട്ടുപകരണങ്ങളും സ്മാര്‍ട്ട് വാച്ചും മറ്റുപകരണങ്ങളും ഫോണുമെല്ലാം നമ്മുടെ അനുമതിയോടെയും അല്ലാതെയും നമ്മളെ നിരീക്ഷിക്കുന്നു. സ്വാതന്ത്ര്യം നല്കുന്ന അറിവാണ് ദൈവം എന്നെ കാണുന്നുണ്ട് എന്നത് നല്കുന്നതെങ്കില്‍ ഏതൊക്കെയോ അടിമത്വത്തിന്‍റെ ചങ്ങലകിലുക്കങ്ങളാണ് ഇവ നമ്മെ കേള്‍പ്പിക്കുന്നത്.
നമ്മുടെ വ്യക്തിപരമായ പല വിവരങ്ങളും ശേഖരിക്കാനും സൂക്ഷിക്കാനും ഗൂഗിളിനും മറ്റ് ആപ്പുകള്‍ക്കും നമ്മള്‍ അറിഞ്ഞോ അറിയാതെയോ അനുമതി നല്കിയിട്ടുണ്ട്. ഇരുപത് ആപ്പുകള്‍ എങ്കിലും ഗൂഗിളിന്‍റെതായി നമ്മുടെ സ്മാര്‍ട്ട് ഫോണുകളിലുണ്ട്. ഓരോ ആപ്പുകളും പ്രവര്‍ത്തിക്കുന്നത് നമ്മളില്‍ നിന്നും ലഭിക്കുന്ന വ്യത്യസ്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ വ്യത്യസ്തമായ അറിവുകളെല്ലാം കൂടിചേര്‍ന്നാല്‍ നമ്മളെക്കുറിച്ച് നമുക്ക് അറിയാവുന്നതിനെക്കാള്‍ വിവരം ഗൂഗിളിനു ലഭിക്കുന്നു. പേര്, അഡ്രസ്സ്, ഫോണ്‍നമ്പര്‍, ഇമെയില്‍, പാസ്വേഡുകള്‍, പണമിടപാടുകള്‍ തുടങ്ങി നമ്മളെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍ ഗൂഗിളിന് അറിയാം. അതുപോലെ യുട്യൂബില്‍ നമ്മള്‍ എന്താണ് കാണുന്നത്, ഫേസ്ബുക്കില്‍ വായിക്കുന്നതെന്ത്, ഗൂഗിളില്‍ തിരയുന്നതെന്ത് എന്നൊക്കെ ഉള്ള വിവരങ്ങള്‍ നിര്‍മ്മിത ബുദ്ധിയുടെയും അല്‍ഗോരിതങ്ങളുടെയും സഹായത്തോടെ വിശകലനം ചെയ്ത് നമ്മള്‍ എന്ത് കാണണം, കേള്‍ക്കണം, വായിക്കണം, ഏതൊക്കെ പരസ്യങ്ങള്‍ കാണണം എന്നൊക്കെ നിശ്ചയിക്കാന്‍ അവര്‍ക്കു കഴിയുന്നു.
ദ സോഷ്യല്‍ ഡിലൈമ (The Social Dilemma) എന്ന പേരില്‍ 2020ല്‍ നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററി ഈ കാര്യങ്ങളൊക്കെ വളരെ വിശദമായി പറയുന്നു. സ്വകാര്യതയുടെ ലംഘനം നടക്കുന്നുണ്ട് എന്ന തിരിച്ചറിവില്‍ പല പ്രമുഖകമ്പനികളില്‍ നിന്നും രാജിവച്ചവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ഡോക്യുമെന്‍ററി ഇന്നിന്‍റെ മാധ്യമസംസ്കാരത്തെക്കുറിച്ച് പുതിയ വെളിച്ചം നല്കുന്നതാണ്.
ഇന്ന് അഭിപ്രായരൂപീകരണത്തിന്, വ്യവസായത്തിന്, മാര്‍ക്കറ്റിംഗിന് ഒക്കെ കമ്പനികളും സംഘടനകളും വലിയതോതില്‍ നിര്‍മ്മിതബുദ്ധിയും അല്‍ഗോരിതങ്ങളും നിയന്ത്രിക്കുന്ന സാമൂഹിക മാധ്യമങ്ങളെയും ടെക് കമ്പനികളെയും ഉപയോഗിക്കുന്നുണ്ട്. സ്വകാര്യമെന്ന് നമ്മള്‍ കരുതുന്ന ഉടങ്ങള്‍ അത്ര സ്വകാര്യവും സുരക്ഷിതവും അല്ല എന്ന കരുതല്‍ ഉണ്ടാകുക വളരെ പ്രധാനമാണ്. ഉപകരണങ്ങള്‍ നമ്മളെ നിയന്ത്രിക്കാന്‍ അനുവദിക്കാതെ അവയെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി നമ്മള്‍ ഉപയോഗിക്കുന്ന രീതി ഉണ്ടാകണം. ഫ്രീയായി നമ്മള്‍ സ്വീകരിക്കുന്ന ഈ സേവനങ്ങള്‍ അത്ര ഫ്രീയൊന്നുമല്ല. വിലയായി നമ്മുടെ സമയമാണ് നമ്മള്‍ കൊടുക്കുന്നത്. സമയം എന്നാല്‍ നമ്മുടെ ജീവിതം തന്നെ.
നമ്മള്‍ എങ്ങനെ സ്വയം കാണുന്നു എന്നതും വളരെ പ്രധാനപ്പെട്ട സംഗതിയാണ്. സ്വയം അംഗീകരിക്കുകയും ആത്മാഭിമാനവും (self esteem) സ്വയാദരവും (self respect) വളര്‍ത്തിയെടുക്കുകയും ചെയ്തുകൊണ്ട് സ്വയാഭിനിവേശം (self obsession and selfishness) മാറ്റിയെടുക്കാന്‍ കഴിയട്ടെ. അപ്പോള്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും, ലൈക്കുകള്‍ കുറയുന്നതിനെ കുറിച്ചോ ഒക്കെയുള്ള ആകുലതകളെ അകറ്റി, സ്വന്തകഴിവുകളെ വളര്‍ത്തിയെടുക്കാന്‍ കഴിയും. അതിലുപരി ഉള്ളില്‍ സംതൃപ്തിയും സന്തോഷവും സ്നേഹവും നിറയും. ദൈവത്തിന്‍റെ കാഴ്ചയിലൂടെ, സ്വയം അംഗീകരിക്കുന്ന, സ്നേഹിക്കുന്ന, ആദരിക്കുന്ന എന്നാല്‍ സ്വാര്‍ത്ഥത അല്ലാത്ത ഒരു കാഴ്ച നമുക്കു രൂപപ്പെടുത്തേണ്ടതുണ്ട്.
ഈ ലക്കം അസ്സീസിയില്‍ അനുദിനജീവിതത്തില്‍ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ജെര്‍ളിമാഷും കുട്ടികളുടെ ജീവിതത്തില്‍ നവമാധ്യമങ്ങള്‍ സ്വാധീനിക്കുന്ന രീതികളെക്കുറിച്ച് പ്രൊഫ. ജോളി ജോസും ഡോ. അരുണും എഴുതുന്നു. ഈശോയുടെ മനസ്സറിഞ്ഞ അല്‍ഫോന്‍സാമ്മയെക്കുറിച്ച് സി. ഫ്രാന്‍സിന്‍ സംസാരിക്കുന്നു. മാസികയ്ക്ക് നിങ്ങള്‍ നല്കുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിന് നന്ദി പ്രകാശിപ്പിക്കട്ടെ. തുടര്‍ന്നും വായിക്കുകയും വായിക്കുന്നവരിലേക്ക് അസ്സീസി എത്തിക്കാന്‍ സഹായിക്കുകയും പ്രതികരണങ്ങളിലൂടെ ഞങ്ങളുടെ ക്രിയാത്മകതയ്ക്കും പ്രതിബദ്ധതയ്ക്കും കരുത്തേകുകയും ചെയ്യുക.
സസ്നേഹം
റോണി കിഴക്കേടത്ത്