news-details
സഞ്ചാരിയുടെ നാൾ വഴി

1
Struch cow - എന്നൊരു ശൈലി കണ്ടു.
മൈതാനത്ത് മേയുന്ന കാലികള്‍.

മഴ!

എത്ര ഓടിയാലും എരുത്തിലെത്താനാവില്ല എന്ന സാമാന്യബുദ്ധി അവയ്ക്കുണ്ട്.
പിന്നെ ഒരു നില്‍പ്പാണ്.
മഴയിലേക്കു നോക്കി, നിസ്സംഗമായി...

മടങ്ങിയെത്താന്‍ അഭയസ്ഥലികളില്ലാത്ത എല്ലാ മനുഷ്യരെയും ഓര്‍മ്മിപ്പിച്ചുകൊണ്ട്!
അവരെ തട്ടിയുണര്‍ത്തി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കേണ്ട ബാദ്ധ്യത എല്ലാവര്‍ക്കും ഉണ്ട്.

നിന്നുപോകുന്ന കാലത്തിന്‍റെ ദൈര്‍ഘ്യവും തീവ്രതയും അനുസരിച്ച് അതിന് പലതരം ചെല്ലപ്പേരുകളുണ്ടാവുന്നു. അലസത, മടി, മടുപ്പ്, വിഷാദം, ട്രോമ എന്നിങ്ങനെ...
അതില്‍ താരതമ്യേന അപകടം കുറഞ്ഞ മടുപ്പാണ് ഇത്തവണത്തെ നമ്മുടെ വിഷയം.

2
വാശിപിടിച്ച ഉത്സാഹം ഉണ്ടാക്കാന്‍ ആവില്ല എന്ന രീതിയില്‍ പ്രിയപ്പെട്ട ജോര്‍ജ് വലിയപാടത്തിന്‍റെ ഒരു കുറിപ്പ് ചുമ്മാ കട്ട് & പേസ്റ്റ് ചെയ്യുന്നു.

കാത്തലിക് തിയോളജിക്കല്‍ യൂണിയന്‍ എന്ന യൂണിവേഴ്സിറ്റിയിലെ വേഡ് ആന്‍റ് വേര്‍ഷിപ്പ് വിഭാഗത്തിന്‍റെ ചെയര്‍മാനായ ഡോ. റിച്ചാര്‍ഡ് ഫ്രഗോമീനി പറഞ്ഞാണ് കഴിഞ്ഞയാഴ്ച 'ഉത്സാഹി' (enthusiast))  എന്ന വാക്കിനെക്കുറിച്ച് ഞാന്‍ കേട്ടത്. ഇത് ഗ്രീക്കില്‍ നിന്നാണ് വന്നത്. 'എന്‍-തൗസ്' എന്നത് ദൈവം ഉള്ളില്‍ എന്നാണ്. അതിനാല്‍, ഇന്‍തൂസിയാസ്റ്റിക്കോസ് - enthousiastikos അര്‍ത്ഥമാക്കുന്നത്: ദൈവം ആവേശിച്ചിരിക്കുന്ന അവസ്ഥ. ഒരിക്കല്‍ നാം  ദൈവത്താല്‍ ആവേശിക്കപ്പെട്ടാല്‍, നമുക്ക് നന്മയും തീക്ഷ്ണതയും ഒരുമിച്ചുണ്ടാകും. അതെ, തീര്‍ച്ചയായും നമുക്കു തീപിടിക്കും. ക്രിസ്തീയ പശ്ചാത്തലത്തില്‍ നാം മനസ്സിലാക്കുകയാണെങ്കില്‍, നാം സന്തോഷവും സ്നേഹവും സഹാനുഭൂതിയും തീക്ഷ്ണതയും ഉള്ളവരായിത്തീരും.

എന്നാല്‍ സങ്കടകരമെന്നു പറയട്ടെ, ഇന്ന് 'ഉത്സാഹി'കളായി എനിക്കറിയാവുന്ന പലരും ദൈവത്താല്‍ വശീകരിക്കപ്പെട്ടവരാണെന്ന് തോന്നുന്നില്ല. കുറഞ്ഞപക്ഷം അവര്‍ അങ്ങനെ കാണപ്പെടുന്നില്ല??  

~ഒരു അധ്യാപക - പുരോഹിതന്‍ പഴയനിയമത്തില്‍ നിന്ന് പലപ്പോഴും ഉദ്ധരിച്ചിരുന്നു:
"ഞാന്‍ പ്രവാചകന്മാരെ അയച്ചില്ല.
എന്നിട്ടും അവര്‍ ഓടി;
ഞാന്‍ അവരോട് സംസാരിച്ചില്ല;
എന്നിട്ടും അവര്‍ പ്രവചിച്ചു." (ജറെ. 23:21)

3
മടുപ്പിനെ കുറുകെ കടക്കാന്‍ പ്രിയമുള്ളവയെ തേടുകയെന്നത് ശരിയായൊരു പരിഹാരം ആണ് എന്നു തോന്നുന്നില്ല. പ്രേയസ് എന്നും ശ്രേയസ് എന്നുമാണ് കാലാകാലങ്ങളായി മനുഷ്യര്‍ പുലര്‍ത്തുന്ന ആഭിമുഖ്യങ്ങളെ ഭാരതം വകഞ്ഞുവെച്ചിരിക്കുന്നത്. വാക്കു സൂചിപ്പിക്കുന്നതുപോലെ സുഖം തരുന്നവയെ മാത്രം പിന്‍തുടരുക അല്ലെങ്കില്‍ മഹത്തായ കാര്യങ്ങള്‍ അന്വേഷിക്കുക എന്ന സാധ്യതകളുടെ അവസാനിക്കാത്ത പരീക്ഷയാണ് ജീവിതം.

Ikigai എന്ന പുസ്തകമോ ആശയമോ കാര്യമായ മതിപ്പ് ഉണര്‍ത്താന്‍ കഴിയാതെ പോയതിന്‍റെ കാരണം അതു മുന്നോട്ട് വെയ്ക്കുന്ന ആനന്ദമേഖലയെക്കുറിച്ച് തര്‍ക്കം ഉള്ളതുകൊണ്ടാണ്.

പലരീതിയില്‍ അതു പറയാന്‍ ശ്രമിക്കുന്നത് മനുഷ്യര്‍ അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെട്ട് തങ്ങളുടെ പിരിമുറുക്കങ്ങളെ കുറയ്ക്കണമെന്ന് തന്നെയാണ്.

അവനവന് പ്രിയതരമായ കാര്യങ്ങള്‍ മാത്രം മനുഷ്യര്‍ തേടിയിരുന്നു എങ്കില്‍ ലോകം എത്ര ഇരുണ്ട ദേശമായിരുന്നേനെ...

അനന്തമായ ആത്മബലികളായിരുന്നു ചരിത്രഗതിയുടെ സഞ്ചാരത്തെ അനായാസമാക്കിയ ശരിയായ lubricant..

നോക്കൂ, ദാരിദ്ര്യവും ഉറ്റവരുടെ രോഗാതുരതയും  ഒക്കെ ഹൃദയവേദനയോടെ അവഗണിച്ച് പുസ്തകരചനയില്‍ ഏര്‍പ്പെടുന്ന ആ മനുഷ്യന്‍ തൊഴിലാളികള്‍ക്കുള്ള സുവിശേഷമാണ് അടയാളപ്പെടുത്തുന്നത്. അയാള്‍ക്കെന്തു പറ്റിയെന്ന ചങ്ങാതിമാരുടെ അന്വേഷണങ്ങള്‍ക്ക് പോലും മറുകുറി ലഭിക്കുന്നത് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ്!

4
നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുക എന്ന പോംവഴിയാണ് മടുപ്പുമായി ബന്ധപ്പെട്ട് എല്ലാവിചാരങ്ങളിലും പൊതുവെ ആവര്‍ത്തി ക്കപ്പെടുന്നത്. അത് എന്തുമാവാം. പുതിയൊരു ഭാഷ, സ്കില്‍, വിനോദം, അറിവ് അങ്ങനെ അങ്ങനെ. ഓരോ പുലരിയിലും അവിടുത്തെ സ്നേഹം പുതിയതാണ് എന്ന മട്ടില്‍ ഒരു തിരു വചനമുണ്ട്. പുതുക്കി പുതുക്കിയാണ് ദൈവം പോലും ആവര്‍ത്തനത്തിന്‍റെ ബോറടിമാറ്റുന്നത് എന്ന് പറഞ്ഞാല്‍ കുഴപ്പം വല്ലതുമുണ്ടോ.

5
The general word for sin in Hebrew is non (kheit). It refers to “missing the mark,” failing to hit the target” (as in archery)
പാപമെന്ന പദം പലപ്പോഴും ചെടിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
എന്നാല്‍ വേദപുസ്തകം ഉപയോഗിക്കുന്ന ഹെബ്രായ മൂലപദം കുറെക്കൂടി സെന്‍സിബിള്‍ ആയി തോന്നി. അമ്പ് എയ്യുമ്പോള്‍ ലക്ഷ്യം തെറ്റുന്ന പരിപാടിയാണത്.
ജീവിതത്തിന്‍റെ ഏകാഗ്രതയെയും ഉന്മേഷ ത്തെയും തടസ്സപ്പെടുത്തുന്ന എന്തോ ഒന്നായി അതിനെ പിടുത്തം കിട്ടിയപ്പോള്‍ ബോധം കുറെ ക്കൂടി മെച്ചപ്പെട്ടു. അങ്ങനെയാണ് മടുപ്പിനെ കുറെക്കൂടി ശ്രദ്ധിക്കണം എന്ന തോന്നലുണ്ടായത്.

6
എന്നാല്‍, പത്രോസ് മറ്റു പതിനൊന്നുപോരോ ടുമൊപ്പം എഴുന്നേറ്റു നിന്ന് ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസ ലെമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍; എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.

നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല. കാരണം ഇപ്പോള്‍ ദിവസത്തിന്‍റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ?

ക്രിസ്തീയ ധര്‍മ്മത്തിലെ ആദ്യത്തെ പ്രഭാഷണം ആരംഭിക്കുന്നത് ഒരു നുള്ള് ഫലിതത്തോ ടെയാണ്, ഇത്ര വെളുപ്പിനെ തുറക്കുന്ന ഏത് ബാറുണ്ട് എന്ന കൊച്ചുവര്‍ത്തമാനത്തോടെ?
കള്ള് കുടിക്കാതെ ഫിറ്റാകാന്‍ പലവഴികള്‍ ഉണ്ടാകാം.

ഉപാധികളില്ലാതെ നിങ്ങളിപ്പോഴും സ്നേഹിക്കപ്പെടുന്നു എന്ന ധൈര്യമാണ് പട്ടികയിലാദ്യത്തേത്... passionately loved.

അവന്‍ വെള്ളം വീഞ്ഞാക്കി എന്ന കവിതയിലാണ് യേശുവിന്‍റെ പരസ്യ ജീവിതം ആരംഭിക്കുന്നത്. എന്തൊരു സാധ്യതയാണ് നമുക്ക് മുമ്പില്‍ ഉറഞ്ഞുപോയത്. നുരയുന്ന നിമിഷങ്ങളുടെ സൗഭാഗ്യം പ്രാര്‍ത്ഥിച്ചുകൊണ്ട്.

You can share this post!

അങ്കക്കലി

ബോബി ജോസ് കട്ടികാട്
അടുത്ത രചന

ഉദാരം

ബോബി ജോസ് കട്ടികാട്
Related Posts