ഭംഗിയുള്ള ഒരു വാതുവയ്പായിരുന്നു അത്. അയാളെ അതിനു പ്രേരിപ്പിച്ചതെന്താവാം- പരിഭവം, കൊടിയ നൈരാശ്യം, അഗാധദുഃഖം- നമുക്കറിയില്ല. അവിടുത്തെ ക്ഷതങ്ങള്‍ കാണാതെ അതില്‍ വിരല്‍ തൊടാതെ ഞാന്‍ അവനില്‍ വിശ്വസിക്കുകയേയില്ല! തോല്ക്കുന്നതില്‍ ഒരാപകതയുമില്ലെന്ന് കരുതുന്ന ഗുരുവാണ് ക്രിസ്തു. അവനെ വീണ്ടെടുക്കാനായി അവിടുത്തേക്ക് വീണ്ടും വരേണ്ടിവന്നു. അവരുടെ മദ്ധ്യേനിന്ന് തോമസിനെ വിളിച്ചുകൊണ്ടിങ്ങനെ പറഞ്ഞൂ: വരൂ, എന്‍റെ ക്ഷതങ്ങള്‍ കാണൂ...
നോക്കിനില്‍ക്കേ ഒരു ബന്ധം അഗാധമാവുകയാണ്. നമുക്കുതന്നെ അറിയാം എങ്ങനെയാണ് സൗഹൃദങ്ങള്‍ ആഴപ്പെടുന്നത്. കൊച്ചുവര്‍ത്താമനങ്ങളിലും, കുസൃതികളിലും കണ്ണുപൊത്തിക്കളിച്ചു കൊണ്ടിരിക്കുന്ന രണ്ടുപേര്‍ - പെട്ടെന്നെപ്പോഴോ അതിലൊരാളുടെ സങ്കടങ്ങളിലേക്ക് ഒരു ചെറിയ കിളിവാതില്‍ തുറക്കുകയോ തുറക്കപ്പെടുകയോ ചെയ്യുന്നു. അപ്പോള്‍, അപ്പോള്‍ മാത്രമാണ് അവരുടെ വേരുകള്‍ അഗാധങ്ങളില്‍ വല്ലാതെ പിണയുന്നത്.
മനുഷ്യരുടെ ക്ഷതങ്ങളിലേക്ക് ഒരു മൂന്നാംകണ്ണ് തുറന്നിരിക്കുക വളരെ പ്രധാനപ്പെട്ടയൊരു കാര്യമാണെന്ന് തോന്നുന്നു. ഒന്നോര്‍ത്താല്‍ ഒരാളുടെ ക്ഷതങ്ങളാണ് അയാള്‍. അയാള്‍ ഏര്‍പ്പെടുന്ന കോമാളിത്തരങ്ങള്‍, പറയുന്ന പൊങ്ങച്ചങ്ങള്‍, കാണിക്കുന്ന പകിട്ടുകള്‍ ഒക്കെ പടമാണെന്നറിയാനുള്ള വിവേകം ആര്‍ക്കാണില്ലാത്തത്. ഈ പരുക്കുകളൊഴിച്ച് ബാക്കിയുള്ളതൊക്കെ തട്ടിപ്പാണ്. ലോകത്തെ ചിരിപ്പിച്ച ഒരു മനുഷ്യന്‍റെ ആത്മകഥയോളം ഭാരപ്പെടുത്തിയ അധികം പുസ്തകങ്ങള്‍ ഉണ്ടായിട്ടില്ല. അതെ ചാപ്ളിനെയാണ് പരാമര്‍ശിക്കുന്നത്.
ക്ഷതങ്ങള്‍ കാണുകയെന്നാല്‍ ഒരാളുടെ ആന്തരികാടരുകളിലേക്ക് ഞൊടിയിടയില്‍ പ്രവേശനം കിട്ടുകയെന്നതുതന്നെ സാരം. ഒരു സ്പാനിഷ് ചലച്ചിത്രം കണ്ടു. ഓപ്പറവേദിയിലാണ് അതാരംഭിക്കുന്നത്. കഠിനദുഃഖത്തില്‍ നടനമാടുന്ന രണ്ടു സ്ത്രീകള്‍. മുന്‍നിരയില്‍ത്തന്നെ അവരെയുറ്റു നോക്കി കണ്ണീരൊഴുക്കുന്നയൊരാള്‍. അയാളാണ് ചിത്രത്തിന്‍റെ നായകന്‍. കാളപ്പോരിലേര്‍പ്പെടുന്ന നിശ്ചയദാര്‍ഢ്യമുള്ള ഒരു സ്ത്രീയോട് അവരുടെ രോഗാതുരതയോട് അടുത്തുനില്‍ക്കുന്ന ചില പ്രത്യേകതകളുടെ പേരില്‍ അയാള്‍ക്ക് താത്പര്യമുണ്ടാകുന്നു. ഒരു രാത്രിയില്‍ അവളെ സ്വന്തം വീട്ടിലാക്കി അയാള്‍ മുന്നോട്ട് തന്‍റെ കാര്‍ നീക്കിത്തുടങ്ങുമ്പോള്‍ അകത്തേക്ക് പോയ ആ സ്ത്രീ നിലവിളിച്ചുകൊണ്ട് പുറത്തേക്കു വരുന്നതു കണ്ടു. മല്ലയുദ്ധത്തില്‍ കൂറ്റന്‍ കാളകളെ കീഴ്പ്പെടുത്തുന്ന അവള്‍ ഒരു ചെറിയ പാമ്പിനെ കണ്ടു ഭയന്നിരിക്കുന്നു! അഗാധമായ ആന്തരികതയുള്ള മനുഷ്യനാണയാള്‍. അയാള്‍ അവളെ പരിഹസിക്കുന്നില്ല. അകത്തു പ്രവേശിച്ച് അതിനെ കൊന്ന് പുറത്തേക്കു വരുമ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് അവള്‍ കണ്ടു. അയാള്‍ പറഞ്ഞു. എനിക്ക് നിന്നെ മനസ്സിലാകും. എന്‍റെ ജീവിതത്തിലേക്ക് പ്രവേശിച്ച ഏക സ്ത്രീ, അവള്‍ക്കും പാമ്പുകളെ ഭയമായിരുന്നു. എനിക്ക് സ്ത്രീകളുടെ ഫോബിയകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്! എത്ര പെട്ടെന്നാണ് ഒരു ബന്ധം ആഴപ്പെടുന്നത്. ഒരാളുടെ ഫോബിയ, വള്‍നറബിലിറ്റി തുടങ്ങിയവ ആരാഞ്ഞാണ് ഭൂമിയിലുള്ള എല്ലാ മൈത്രികളും അതിന്‍റെ നിലനില്‍പ്പ് കണ്ടെത്തേണ്ടതെന്ന് തോന്നുന്നു.
എന്നിട്ടും പുരുഷനതത്ര സ്വാഭാവികമായി അനുഭവപ്പെടുന്നില്ല. തന്‍റെ ക്ഷതങ്ങളെ മറച്ചുപിടിക്കാനാണയാള്‍ കാംക്ഷിക്കുന്നതെന്നു തോന്നുന്നു. വസ്ത്രം കൊണ്ട് സ്ത്രീ മറയ്ക്കുന്നത് ഒരു മുറിവും പുരുഷന്‍ ഒരു കഠാരയുമാണെന്നൊക്കെ കവിതയെഴുതുമ്പോഴും ഉള്ളിന്‍റെയുള്ളില്‍ രണ്ടു പേരും ഒരേപോലെ പരുക്കേറ്റവര്‍തന്നെയെന്ന് നമുക്കറിയാം. പണ്ടൊക്കെ നമ്മള്‍ വിചാരിച്ചിരുന്നു, മുറിവുകള്‍ക്ക് മീതേ ഇങ്ങനെ പല ചുറ്റുകള്‍ ചുറ്റിയാലേ അതുണങ്ങുകയുള്ളൂയെന്ന്. അതങ്ങനെയല്ല സൂര്യവെളിച്ചവും കാറ്റും കൂടിചേര്‍ന്നാണ് ആ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നത്. ഭാഗ്യവതിയാണ് സ്ത്രീ. കുറഞ്ഞപക്ഷം തന്‍റെ മുറിവുകളെക്കുറിച്ച് പറയാന്‍ അവള്‍ ഒരിടം തിരയുന്നെങ്കിലുമുണ്ട്. മേലധികാരിയാല്‍ അപഹസിക്കപ്പെട്ട ഒരു സ്ത്രീ ആദ്യവണ്ടിക്കുതന്നെ വീട്ടിലേക്ക് പായുന്നത് തന്‍റെ പുരുഷനോട് അതു പറയാനാണ്. എന്നാല്‍, സമാനമായ അനുഭവത്തിന് വിധേയനായ അവളുടെ പുരുഷനാകട്ടെ എല്ലാത്തരം കുശലാന്വേഷണങ്ങളും ഒഴിവാക്കാനായി രാവൈകുവോളം അലഞ്ഞുനടക്കുന്നത് കണ്ടില്ലേ.
അസാധാരണമായ ആന്തരിക പ്രകാശമുള്ളവര്‍ക്കേ അപരന്‍റെ ക്ഷതങ്ങളെ തിരിച്ചറിയാനുള്ള പ്രഭയുള്ളൂ. ശിമയോനെ കണക്കുള്ള പ്രവാചകന്മാര്‍ക്ക് അതിനായിട്ടുണ്ട്. അതുകൊണ്ടാണല്ലോ യുവതിയായ ഒരമ്മയോട് നിന്‍റെ ചങ്കിലൊരു വാളുണ്ടാകും എന്നയാള്‍ പ്രവചിച്ചത്. ക്രിസ്തുവിന്‍റെ ബന്ധങ്ങളുടെ ദൃഢതപോലും അത്തരമൊരു വിചാരത്തിന്‍റെ മൂലക്കല്ലില്‍ പണിതതുകൊണ്ടായിരുന്നു. അല്ലെങ്കില്‍ അലഞ്ഞുനടന്ന ചെറുപ്പക്കാരന് കൂടുംകൂട്ടുമുള്ള സ്ത്രീകള്‍ ഇത്രയും പ്രിയപ്പെട്ടവനായി കരുതിയത് എന്തുകൊണ്ട്. അവര്‍ അവനില്‍ കണ്ട ഒരു മതിപ്പ് സ്ത്രീകളുടെ സങ്കടം ആരാഞ്ഞു എന്നതുതന്നെയാണ്. ഏറ്റവും ക്ലാസ്സിക് ഉദാഹരണം, ഉത്ഥാനത്തിനുശേഷം സംഭവിച്ച കാര്യങ്ങളാണ്. മിഴിനീരിന്‍റെ മുഖപടമുയര്‍ത്തി തന്നെ നോക്കിയ സ്ത്രീയോട് നീയെന്തിന് കരയുന്നുവെന്ന് ചോദിക്കുന്ന ക്രിസ്തു. ഒരുപക്ഷേ, ചിരപരിചയം കൊണ്ട് അവളുടെ പുരുഷന്‍പോലും ചോദിക്കാന്‍ മറന്നുതുടങ്ങിയ ഒരു കുശലമാണത്. മനുഷ്യരുടെ സങ്കടകാരണങ്ങളെ ആരായുക, അതിന് ലളിതമായ ചില പരിഹാരങ്ങള്‍ നല്‍കുക തുടങ്ങിയതൊക്കെ അവിടുത്തേക്കു മാത്രം സാധ്യമായ കാര്യമെന്ന് ധരിക്കുന്നതാണ് തെറ്റ്. ഇത്തിരി പ്രകാശമുള്ള എല്ലാവരും അനുവര്‍ത്തിക്കേണ്ട സുകൃതമാണത്. സ്വന്തം സങ്കടങ്ങളെ ഗൗരവമായി എടുക്കാത്ത ഒരാളുടെ മുമ്പില്‍ ആരും ആരുടെയും മനസ്സ് തുറക്കില്ല. നിലത്തുവീണാല്‍ എടുത്തുയര്‍ത്താന്‍ ആരുമില്ലാത്ത അനാഥമായ ഒരു പൈതല്‍ കരയാറില്ലെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ.
സ്വന്തം പരുക്കുകളെ മറച്ചുപിടിക്കാന്‍ ക്രിസ്തു ഒരിക്കലും ശ്രമിച്ചിട്ടുമില്ല. അതില്‍ ലജ്ജിക്കാനൊന്നുമില്ലെന്ന് അവിടുന്ന് ഭൂമിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. പൊതുവേയുള്ള ഗുരുസങ്കല്പവുമായി പൊരുത്തപ്പെടുന്ന കാര്യമല്ലയത്. സ്വന്തം വൈകാരികതയെ വെളിപ്പെടുത്തുന്നതില്‍ അപമാനകരമായി എന്തോ ഉണ്ടെന്ന് കരുതിയവരായിരുന്നു അവര്‍. എന്നാല്‍ ക്രിസ്തുവാകട്ടെ തന്‍റെ അഗാധദുഃഖങ്ങളെ മറനീക്കി വെളിപ്പെടുത്തി. എന്‍റെ ഹൃദയം മരണത്തോളം അസ്വസ്ഥമായിരിക്കുന്നു എന്നൊക്കെയുള്ള മൊഴികള്‍ ശ്രദ്ധിക്കുക. ഈ രാത്രി എനിക്ക് തനിച്ചിരിക്കാനാവില്ല, എന്നോടൊപ്പം ഉണര്‍ന്നിരിക്കുക എന്ന മറ്റൊരു വചനവും. തന്നെ അനുയാത്ര ചെയ്യുക എന്നതിന്‍റെ അര്‍ത്ഥംപോലും തന്‍റെ ക്ഷതങ്ങളെ അനുധാവനം ചെയ്യുക എന്ന മട്ടിലാക്കി ക്രിസ്തു. നിങ്ങള്‍ക്ക് ഞാന്‍ കുടിക്കുന്ന പാനപാത്രത്തിലും സ്നാനത്തിലും പങ്കുചേരാനാകുമോ തുടങ്ങിയ അന്വേഷണങ്ങളുടെ സൂചന അതാണ്. പാനപാത്രമെന്നൊക്കെവച്ചാല്‍ ദുഃഖമെന്നേ ബൈബിളില്‍ അര്‍ത്ഥമുള്ളൂ. ഇത്തരം ക്ഷണങ്ങളുടെ പൊരുള്‍ മനസ്സിലാക്കാത്തത് കൊണ്ടാണ് ചെറുപ്പത്തിലൊക്കെ ചില സുകൃതജീവിതങ്ങളോട് നമുക്കനുഭവപ്പെട്ട വിപ്രപത്തിയുടെ കാരണം. വിശുദ്ധര്‍ സഹനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതോര്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചിരികോണില്‍ ഒരു പരിഹാസം ഉണ്ടായി. മെലങ്കോളിക്കായ മനുഷ്യരാണവരെന്നൊക്കെ നമ്മള്‍ നിരീക്ഷിച്ചു.
അതങ്ങനെയല്ലെന്നറിയണമെങ്കില്‍ കുറഞ്ഞത് ഒരു നാല്പതു വയസ്സെങ്കിലുമാകണം. അപ്പോളറിയാം ഇതിനകത്തൊക്കെ എന്തോ ചില കാര്യങ്ങള്‍ ഉണ്ടെന്ന്. കാരണം അവര്‍ കരുതുന്നത് നസ്രത്തിലെ യേശുവാണ് അവരുടെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതനെന്ന്. നല്ല സ്നേഹിതര്‍ക്ക് എപ്പോഴുമൊരാഗ്രഹമുണ്ട്. തങ്ങളുടെ ഉറ്റവര്‍ കടന്നുപോകുന്ന അനുഭവങ്ങളിലൂടെ ഒരു ചെറിയനുപാതത്തിലെങ്കിലും നടന്നുപോവുക. ഏതൊരു സ്നേഹാനുഭവത്തിലും അത്തരം ചില ഔത്സുക്യങ്ങളുണ്ട്. അലഞ്ഞുനടക്കുന്ന ഒരു ചെറുപ്പക്കാരനെ പ്രണയിക്കുന്ന ഭദ്രമായ ജീവിതമുള്ള ഒരു പെണ്‍കുട്ടിയെ കണക്കാണത്. കോരിച്ചൊരിയുന്ന മഴയത്ത് നനഞ്ഞൊലിക്കുന്ന തെരുവോരത്തെ വെയിറ്റിംഗ് ഷെഡ്ഡില്‍ നായ്ക്കളോടും നാടോടിക്കൂട്ടങ്ങളോടുമൊപ്പം രാവുറങ്ങുന്ന അവനെയോര്‍ത്ത് അവള്‍ക്കുറക്കം കെടുന്നു. പിന്നെ തന്‍റെ റൂംഹീറ്റര്‍ അണച്ച് കുറച്ചെങ്കിലും കാറ്റും മഴയും മുറിയിലേക്ക് പ്രവേശിക്കാന്‍ ജാലകങ്ങള്‍ മലര്‍ക്കേ തുറന്നിട്ട് അവള്‍ പ്രാര്‍ത്ഥിക്കുകയാണ്. കാറ്റേ, മഴയേ എന്നെയും തൊടാതെ പോകരുതേ. പിന്നെ നിലത്തുവിരിച്ച അറേബ്യന്‍ കാര്‍പ്പറ്റ് തെറുത്ത് വച്ച് തണുത്ത തറയില്‍ ചുരുണ്ടുകൂടി ഉറങ്ങുന്നു. വേണമെങ്കില്‍ പൈത്യമെന്നു വിശേഷിപ്പിക്കാവുന്ന ഇതിനെ ചിലര്‍ സ്നേഹമെന്നും വിളിക്കാറുണ്ട്. വിശുദ്ധര്‍ പഞ്ചക്ഷതങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിലൂടെ വെളിപ്പെടുത്തുന്നത് പ്രാന്തോളമെത്താവുന്ന സമാനമായ സ്നേഹാഭിമുഖ്യങ്ങള്‍തന്നെ.
മറ്റൊരു പ്രതലം കൂടി ആദ്യം പരാമര്‍ശിച്ച ക്ഷണത്തിലുണ്ട്. ചിത്രങ്ങളില്‍ തോമസ് ക്രിസ്തുവിന്‍റെ തിരുവിലാവില്‍ കൈയിട്ടുനില്‍ക്കുന്നതായി കണ്ടിട്ടുണ്ട്. എന്തായാലും സുവിശേഷത്തില്‍ അങ്ങനെയൊരു വരിയില്ല. ഒരാള്‍ തന്‍റെ ക്ഷതങ്ങളെ വെളിപ്പെടുത്താന്‍ തയ്യാറാകുമ്പോള്‍ പിന്നെ അതിനുമീതേ സ്കെപ്പ്റ്റിക്കലാവുക ഹീനരായ മനുഷ്യര്‍ക്ക് മാത്രം അനുഷ്ഠിക്കാവുന്ന ഒന്നാണ്. തോമസിന്‍റെ നിലവിളിയാണ് ശ്രദ്ധിക്കേണ്ടത്. ക്രിസ്തു തന്‍റെ മുറിവുകളെ കാണിച്ചയുടനെ ഈ മനുഷ്യന്‍ ഇങ്ങനെയാണ് നിലവിളിച്ചത്: എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ! അവിടുത്തെ മുറിവുകളിലേക്കു മാത്രമല്ല ആരുടെ ക്ഷതങ്ങളിലേക്കും നിങ്ങള്‍ക്ക് ഒരു കാഴ്ച ലഭിക്കുമ്പോള്‍ അതല്ലാതെ മറ്റെന്തു പറഞ്ഞു നിലവിളിക്കാന്‍. അതിലേക്കു പ്രവേശനമില്ലാത്തതുകൊണ്ടാണ് നമ്മള്‍ അപരനെ വിധിക്കുകയെന്ന നീചകര്‍മ്മത്തില്‍ ഏര്‍പ്പെടുന്നത്. ഇത്രയും പരിക്കേറ്റ ചിലര്‍ നമുക്കിടയില്‍ കാര്യമായ രോഗാതുരതകളില്ലാതെ ജീവിക്കുന്നതോര്‍ക്കുമ്പോള്‍ത്തന്നെ പെരുവിരല്‍ തൊട്ട് വിറയല്‍ പടരുന്നുണ്ട്. അവളെന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല. അയാള്‍ക്കെന്തുകൊണ്ട് ഭ്രാന്തു പിടിച്ചില്ല. നമ്മുടെ ഗാര്‍ഹിക പരിസരങ്ങളിലെ അസ്വസ്ഥതകളുമായി പോലും കൂട്ടിവായിക്കാവുന്ന ഒരു വിചാരമാണിത്. ഒരുദാഹരണത്തിന് ഒരു വീടിനകത്ത് എല്ലാ കാര്യങ്ങളും അയാള്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും ആവശ്യത്തിലേറെ കലഹങ്ങളില്‍ അവള്‍ അയാളോട് ഏര്‍പ്പെടുന്നുണ്ട്. ഒരുമിച്ചിരുന്ന് ചില കുരുക്കുകള്‍ അഴിക്കുമ്പോള്‍ ആവശ്യത്തിലേറെ അഭയമറ്റ ബാല്യമായിരുന്നു അവള്‍ക്കെന്നു മനസ്സിലാവുന്നു... അതിന്‍റെ ഉണങ്ങാവ്രണങ്ങളില്‍ നിന്ന് ചോരപൊടിയുമ്പോഴാണ് അവള്‍ ഇങ്ങനെയൊക്കെ. അത് അവളിലേക്കുള്ള ഒരു കിളിവാതിലാണ്. അതോടുകൂടി അയാളില്‍ കരുണയുണ്ടാകുന്നു: എന്‍റെ എല്ലാമായ ഈ ചെറിയ പെണ്‍കുട്ടി, അവളെന്തിലൂടെയൊക്കെയാണ് ഇടറി നടന്നത്...
കുഞ്ഞുമക്കളോടു പറയണം മനുഷ്യരെ ക്രിയേറ്റീവായി സൂക്ഷിക്കുന്നത്, എഴുത്തുകാരും പാട്ടുകാരും സ്നേഹമുള്ളവരുമൊക്കെയാക്കി മാറ്റുന്നത് അവരുടെ പരുക്കുകള്‍ കൊണ്ടാണെന്ന്. സ്വന്തം പരുക്കുകള്‍ വെളിപ്പെടുത്തുന്നതില്‍ ലജ്ജിക്കാനായി ഒന്നുമില്ലെന്ന് അവരോട് നിരന്തരം ചെവിട്ടോര്‍മ്മ പറയുക. കൂടുതല്‍ വെളിപ്പെടുത്തുന്നതു വഴി ഞാന്‍ കൂടുതല്‍ ലജ്ജിതനാകുമോ എന്ന ആ പുരാതന ഭയത്തെ കുറുകെ കടക്കുക അത്ര എളുപ്പമല്ല. പറയണം, ഇപ്പോള്‍ നീയെനിക്ക് ഇന്നലത്തേതിനെക്കാള്‍ ആദരണീയനും പ്രിയങ്കരുമാണെന്ന്, മിഴിനിറഞ്ഞ് ചേര്‍ത്തുപിടിച്ച്...