news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ഇന്ത്യ ഇന്ത്യക്കാരെ ഏല്‍പ്പിച്ചാല്‍ ഇന്ത്യയുടെ സ്ഥിതി എന്താകുമെന്നതായിരുന്നു ഇംഗ്ലീഷുകാരുടെ ആകുലത. 'ഇത്രമാത്രം ജാതികളും മതങ്ങളും മറ്റു വൈജാത്യങ്ങളുമുള്ള ഇന്ത്യ ഛിന്നഭിന്നമായി പോകില്ലേ? അതുകൊണ്ട് നിങ്ങളുടെ നന്മയ്ക്ക് ഞങ്ങള്‍ നിങ്ങളെ ഭരിക്കാം' -ഇതായിരുന്നു അവരുടെ 'സദുദ്ദേശം'. ഭരിക്കുന്നവര്‍ക്ക് ഇങ്ങനെ പല 'നല്ല' ഉദേശങ്ങളുമുണ്ടാകാം. പക്ഷേ ഭരിക്കപ്പെടുന്നവര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നാണ്:Self-governance, not good governance. എന്നുവച്ചാല്‍, ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന്. ഞങ്ങളുടെ ജീവിതവും അതിന്‍റെ ഗതിയും ഇനിമേല്‍ ഞങ്ങള്‍ നിര്‍ണയിക്കുന്നു. ഇതിനൊക്കെ വേണ്ടിയാണ് നമ്മള്‍ നുകം കുടഞ്ഞുകളഞ്ഞതും സ്വന്തം കാലില്‍ നടന്നു തുടങ്ങിയതും.

രാഷ്ട്രീയമായ അധീശത്വത്തെക്കാളും സൂക്ഷ്മമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് അധീശത്വങ്ങളുമുണ്ടെന്ന് അംബേദ്കറിന് അറിയാമായിരുന്നു. ഭരണഘടന നിര്‍മ്മാണ അസംബ്ളിയില്‍ നടത്തിയ അവസാന പ്രസംഗത്തില്‍ അദ്ദേഹം നല്‍കിയ ഒരു മുന്നറിയിപ്പ് ഇതാണ്: ഭക്തി അഥവാ വീരാരാധന ഇത്രമേല്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു രാഷ്ട്രവും ലോകത്തില്ല. ആത്മീയതയില്‍ ഭക്തിക്ക് പ്രാധാന്യമുണ്ടെങ്കിലും സമൂഹത്തില്‍ അതിന്‍റെ അതിപ്രസരം അപചയത്തിനിട വരുത്തും.

ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നില്ലേ? ആട്ടിത്തെളിക്കപ്പെടാന്‍ എത്ര സന്നദ്ധരാണ് നാം എപ്പോഴും. ആരെയെങ്കിലുമൊക്കെ പൂജിക്കാതിരിക്കാന്‍ നമുക്കാവില്ലതന്നെ. നമ്മുടെ വീട്ടില്‍ ഒരിക്കല്‍പ്പോലും വരാത്ത, നമ്മുടെ കുട്ടിക്ക് അസുഖം വന്നാല്‍ ഒന്നറിയുകകൂടി ചെയ്യാത്ത, നമ്മള്‍ ജീവിച്ചാലും മരിച്ചാലും ഒരു പ്രശ്നവുമില്ലാത്ത ചില മനുഷ്യരുടെ -ചുവന്നുതുടുത്ത മുഖവും പതുപതുപ്പുള്ള കൈകളുമുള്ള ചിലരുടെ- മുന്‍പില്‍ എത്ര ഓച്ഛാനിച്ചാണ് നാം നില്‍ക്കുന്നത്. അവരുടെ അറിവുകളും ആജ്ഞകളും വേദവാക്യങ്ങളായി നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു. 'അങ്ങ് എവിടെയ്ക്കാണാവോ' എന്നാണ് കുടിയാന്‍ ജന്മിയോട് പറഞ്ഞിരുന്നത്. ചോദിക്കാനല്ല, അത്ഭുതപ്പെടാനേ അയാള്‍ക്ക് അവകാശമുണ്ടായിരുന്നുള്ളൂ. നമ്മളും ഇങ്ങനെ അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്. രാജ്യം രാമനെ ഏല്പിച്ചിട്ട് ദശരഥന്‍ വനവാസത്തിനു പോയി എന്നാണ് നാം വായിച്ചിട്ടുള്ളത്. അപ്പോള്‍ രാജ്യം എന്നത് -അതിലെ ആളുകളുടെ ഭാഗധേയം എന്നത്- രാമനെ ഏല്‍പ്പിക്കാനുള്ളതാണ്. അയാള്‍ എല്ലാം നോക്കിക്കൊള്ളും. നമുക്ക് അനുസരിക്കുക, അത്ഭുതപ്പെടുക.

പണ്ടത്തെപ്പോലെ മോശമല്ല നമ്മുടെ സ്ഥിതി എന്നാണ് നാം സ്വയം ആശ്വസിക്കുന്നത്. ചാനലുകള്‍ മാറി മാറി കാണാനും കാറുകള്‍ ഏതു വേണമെങ്കിലും ഉപയോഗിക്കാനും തെരുവില്‍ നിന്ന് ജയ് വിളിക്കാനും ഇപ്പോള്‍ നമുക്കാകും. ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ ഇന്നു നമുക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നമ്മുടെ ആഗ്രഹങ്ങള്‍തന്നെ നിയന്ത്രിക്കപ്പെടുന്നു എന്ന് നാം അറിയുന്നുവോ?  ഉദാഹരണത്തിന്, ചില കള്ളികളിലൊതുക്കാതെ നമുക്ക് മനുഷ്യരെ ഒന്നു നോക്കാനെങ്കിലും ആകുന്നുണ്ടോ? വോട്ടു ചെയ്യുമ്പോഴും കല്യാണം കഴിക്കുമ്പോഴും ഒരാളെ ജോലിക്ക് എടുക്കുമ്പോഴും ഹോട്ടലില്‍ കയറുമ്പോഴും ഏതു പത്രം വായിക്കണമെന്ന് തീരുമാനിക്കുമ്പോഴും നാമറിയാതെ നമ്മുടെ ഇഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍ നിയന്ത്രിക്കപ്പെടുന്നുണ്ട്, നിര്‍ണയിക്കപ്പെടുന്നുണ്ട്.

വല്ലവരുടെയും തലയുപയോഗിച്ച് നമ്മള്‍ ചിന്തിക്കുന്നതുകൊണ്ട് മനുഷ്യര്‍ തമ്മില്‍ വൈജാത്യങ്ങളെക്കാള്‍ കൂടുതല്‍ പൊരുത്തങ്ങളാണുള്ളതെന്നു നാം മറന്നുപോകുന്നു. 'ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സി'ന്‍റെ എസ്തോണിയന്‍ പരിഭാഷകന്‍ അരുന്ധതി റോയിയോടു ചോദിച്ചത്, 'ഞങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഇത്ര കൃത്യമായി എങ്ങനെ എഴുതാന്‍ പറ്റി?' എന്നാണ്.  എസ്തോണിയയില്‍ വളരുന്ന കുഞ്ഞിനും അയ്മനം ഗ്രാമത്തില്‍ വളരുന്ന കുഞ്ഞിനും സമാനതകള്‍ അത്രയേറെയാണ്. വെട്ടുകല്ലുണ്ടാക്കുന്ന ഒരു പണിക്കളം ഒരിക്കല്‍ കണ്ടു. കളം ഒരു കത്തോലിക്കന്‍റേത്. പണിയെടുത്തിരുന്നവര്‍ ശബരിമലയ്ക്ക് പോകാന്‍ നോമ്പുനോറ്റിരുന്ന ഒരാളും രണ്ടു പെന്‍റക്കോസ്റ്റല്‍ സഭാ വിശ്വാസികളും ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി അംഗവും. ഇത് ഇന്ത്യയുടെ ഒരു പരിച്ഛേദമാണ്. ഇവരുടെ ആവശ്യങ്ങള്‍ പരിമിതമാണ്. പക്ഷേ, അവരുടെ നേതാക്കള്‍ പറയുന്നത് ഇവിടെ അമ്പലമോ പള്ളിയോ മോസ്കോ പണിയണമെന്നും കൊടി നാട്ടണമെന്നുമൊക്കെയാണ്. തങ്ങള്‍ക്കൊക്കെ വീടു വേണമെന്ന ലളിതമായ കാര്യം അതോടെ പണിയാളുകള്‍ മറന്നുപോകുന്നു. അണികള്‍ അങ്ങനെ വിയര്‍ക്കുമ്പോള്‍ നേതാക്കള്‍ സുഖശീതള മുറിയിലിരുന്നു പുതിയ കണക്കുകൂട്ടലുകള്‍ നടത്തുന്നു.

അംബേദ്കര്‍ അന്നത്തെ പ്രസംഗത്തില്‍ നല്‍കിയ മറ്റൊരു മുന്നറിയിപ്പ് സാമ്പത്തിക അധീശത്വത്തെക്കുറിച്ചായിരുന്നു. ചില കണക്കുകള്‍ അദ്ദേഹത്തിന്‍റെ ആശങ്ക ശരിവയ്ക്കുന്നു. Association of Democratic Reform and National Election Watchന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിച്ച എം. പി. മാരുടെ സ്വത്ത് 2004-09 കാലത്ത് 289% ആണു വര്‍ദ്ധിച്ചത്. National Social Watch നടത്തിയ പഠനപ്രകാരം ഇപ്പോഴത്തെ ലോക്സഭയിലെ നാലിലൊന്നുപേര്‍ വന്‍കിട ബിസിനസുകാരാണ്. ഇവരാണ് വിവിധ നയരൂപീകരണ കമ്മിറ്റികളില്‍ സ്ഥാനം പിടിക്കുന്നത്.  ഇത്തരം കമ്മിറ്റികളാണ്  ഏതു മരുന്നു വില്‍ക്കപ്പെടണമെന്നും എവിടെ ഖനനം നടത്തണമെന്നും ആര്‍ക്ക് എത്ര സബ്സിഡി കൊടുക്കണമെന്നും നിശ്ചയിക്കുന്നത്.  കഴിഞ്ഞ ആറു വര്‍ഷമായി പ്രതിവര്‍ഷം ശരാശരി 3.5 ലക്ഷം കോടിരൂപയാണ് ഭരണകൂടം വ്യവസായ ഭീമന്മാര്‍ക്ക് നികുതിയിളവായി കൊടുത്തത്. ഇവര്‍ എടുക്കുന്ന നയങ്ങളും തീരുമാനങ്ങളും നിമിത്തമാണ് പാതിരാത്രിയില്‍ പോലീസും ബുള്‍ഡോസറും വന്ന് കുടിലുകള്‍ ഒഴിപ്പിക്കുന്നതും പകരം രണ്ടുമാസത്തിനകം ഒരു വന്‍കെട്ടിടസമുച്ചയം ഉയരുന്നതും. ആള്‍ഡസ് ഹക്സ്ലി താജ്മഹലിനെക്കുറിച്ച് പറഞ്ഞത് നമ്മുടെ വികസനത്തെ സംബന്ധിച്ചും ശരിയാണ്: അതു മറച്ചുവയ്ക്കുന്നത് തിന്മയുടെ ഒരു കൂമ്പാരത്തെയാണ്.

ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ളിക് ആയിരിക്കണമെന്ന നെഹ്റുവിന്‍റെ നിര്‍ദ്ദേശത്തോട് പ്രതികരിച്ചുകൊണ്ട് ആദിവാസികളെ പ്രതിനിധീകരിച്ച ജയ്പാല്‍ മുന്‍ഡ ഭരണഘടന നിര്‍മ്മാണ അസംബ്ലിയില്‍വച്ചു പറഞ്ഞു: 'നെഹ്റുവിന്‍റെ നിര്‍ദ്ദേശത്തിന്‍റെ നൈയാമിക വശങ്ങള്‍ എനിക്കറിയില്ല. എങ്കിലും എന്‍റെ സാമാന്യ ബോധമനുസരിച്ച് എനിക്കു തോന്നുന്നത് നാം ഒരുമിച്ച് സ്വാതന്ത്ര്യത്തിന്‍റെ പാതയില്‍ സഞ്ചരിക്കണമെന്നാണ്... ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അവഹേളിക്കപ്പെട്ട ജനവിഭാഗമാണ് ഞങ്ങള്‍... സിന്ധുനദീതടത്തില്‍ നിന്നും ഞങ്ങളെ വനത്തിലേക്ക് ആട്ടിയോടിക്കുകയായിരുന്നു അധിനിവേശക്കാര്‍. എന്‍റെ ജനത്തിന്‍റെ ചരിത്രം മുഴുവനും കീഴടക്കപ്പെട്ടതിന്‍റെയും പുറത്താക്കപ്പെട്ടതിന്‍റെയും ചരിത്രമാണ്... എങ്കിലും നെഹ്റുവിന്‍റെ വാക്കുകള്‍ ഞാന്‍ മുഖവിലയ്ക്കെടുക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും വാക്കുകള്‍ ഞാന്‍ മുഖവിലയ്ക്ക് എടുക്കുന്നു. നമുക്കൊരുമിച്ച് ചരിത്രത്തിന്‍റെ പുതിയൊരു അദ്ധ്യായം രചിക്കാം. ആരെയും നിഷ്കാസിതരാക്കാത്ത, അവസരസമത്വത്തിന്‍റെ അദ്ധ്യായമാവട്ടെ അത്.' ഈ ഒരു സ്വപ്നവുമായിട്ടാണ് സ്വതന്ത്ര ഇന്ത്യ പിറന്നുവീണത്. ഉറങ്ങാതെ ഈ സ്വപ്നത്തിനു നാം കാവലിരിക്കേണ്ടതുണ്ട്. ജാഗരൂകത പാലിച്ചില്ലെങ്കില്‍ നമ്മുടെ മനസ്സുകള്‍ കീഴടക്കപ്പെടും. നുരയുന്ന കൊക്കോകോളയും പതയുന്ന മോഹങ്ങളും ആകാശത്തിലെ സ്വര്‍ഗ്ഗവും നമുക്കു നല്കിയിട്ട് അവര്‍ എക്സ്പ്രസ്സ് ഹൈവേകള്‍ക്ക് വീതികൂട്ടിക്കൊണ്ടേയിരിക്കും. നമ്മുടെ കൃഷിയിടങ്ങളും നമ്മുടെ കടകളും നമ്മുടെ കുഞ്ഞുസ്വപ്നങ്ങളും അവരുടെ ചീറിപ്പായുന്ന കാറുകള്‍ക്കടിയില്‍ക്കിടന്ന് പിടയും. വലിയ വാക്കുകള്‍ക്കും ദുരൂഹമായ കണക്കുകള്‍ക്കും ചെവികൊടുക്കാതിരിക്കുക. എപ്പോഴും സ്വയം ചോദിക്കുക: ആരുടേതാണ് ഈ മണ്ണ്, നിരത്ത്, കൃഷി, വെള്ളം, ജീവിതം? നമ്മുടെ ജീവിതത്തിന്‍റെ ദിശ നമ്മള്‍ തീരുമാനിക്കുക.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts