news-details
കവർ സ്റ്റോറി

പ്രാഞ്ചിയേട്ടൻ എന്ന കണ്ണാടി

'പ്രാഞ്ചിയേട്ടന്‍ ആന്‍റ്  ദി സെയിന്‍റ്' സിനിമ പല തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജനപ്രീതി, തൃശൂര്‍ നഗരപരിസരത്തെ വൃത്തിയുള്ള ഭാഷ, മമ്മൂട്ടിയെന്ന നടന്‍റെ അതുല്യവും അനായാസവുമായ അഭിനയപ്രതിഭ, രഞ്ജിത്ത് എന്ന സിനിമാസംവിധായകന്‍റെ അസാധാരണമായ സംവേദന നൈപുണ്യം, കഥയോടൊപ്പം വിളക്കിച്ചേര്‍ക്കപ്പെട്ട നിരവധി പ്രമേയങ്ങള്‍, പച്ചപ്പരമാര്‍ത്ഥത്തിന്‍റെ തികച്ചും സര്‍ഗ്ഗാത്മകമായ അവതരണം... ഇങ്ങനെ എണ്ണിപ്പറയാവുന്ന നിരവധി പെരുമകള്‍ കൂടിച്ചേരുമ്പോള്‍ തീര്‍ച്ചയായും ഈയടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായി അത്.
'പ്രാഞ്ചിയേട്ടന്‍' സിനിമ ഒരുപാടു ജാലകങ്ങള്‍ തുറക്കുന്നുണ്ട്. ചില സംഭാഷണങ്ങളിലൂടെ, ചില ദൃശ്യങ്ങളിലൂടെ, ചില പ്രമേയങ്ങളിലൂടെ, ചില കഥാപാത്രങ്ങളിലൂടെ... കേരളം ഇന്നെത്തിനില്ക്കുന്ന സാംസ്കാരിക കാപട്യത്തിന്‍റെ നേരിട്ടുള്ളൊരു കാഴ്ച അതിലൂടെ കാണാം. അത്തരം ചില കാഴ്ചകളിലേയ്ക്ക് ചെറുതായൊരു ഇറങ്ങി നടത്തം - അതുമാത്രമാണ് ഈ താളുകളിലെ ഉദ്യമം.

ജീവിതം പുതുഭാഷയില്‍ വ്യാഖ്യാനിക്കുമ്പോള്‍

ഈ ജീവിതം വളരെ ലളിതമാണെന്നും സ്നേഹവും എളിയ നന്മ പ്രവൃത്തികളുമാണ് അതിന്‍റെ ആധാരമെന്നും ഇന്നു മനുഷ്യരോടു പറയാന്‍ മനുഷ്യര്‍ക്കാര്‍ക്കുമാവില്ല. അതിനുള്ള ഭാഷപോലും മനുഷ്യനു നഷ്ടപ്പെട്ടിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് ഈ ലോക യാഥാര്‍ത്ഥ്യമെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന പുതിയ ഭാഷയാണ് നാം പരിചയിച്ചുവരുന്നത്.  കല്പ്പിതമേത്, യാഥാര്‍ത്ഥ്യമേത് എന്നു തിരിച്ചറിയാന്‍പോലും കഴിയാത്തത്രയും ശക്തമാണ് പുതുസംസ്കാരത്തിന്‍റെ ഭാഷ. എന്നാല്‍ ഈ ഭാഷയ്ക്കു വഴങ്ങാത്ത ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അവയില്‍ ചിലതാണ് ജനനം, മരണം എന്ന ഇരു ധ്രുവങ്ങള്‍ക്കിടയിലുള്ള ജീവിതത്തിന്‍റെ അതീവ ലളിത്യം, സുകൃതങ്ങള്‍കൊണ്ട് അപരന്‍റെ ജീവിതങ്ങളെ തൊട്ടു സുഖമാക്കാം എന്ന സത്യം, അന്യരുടെ ജീവിതങ്ങളില്‍ നിക്ഷേപിക്കുന്ന നന്മയുടെ നാണയങ്ങള്‍കൊണ്ടാണ് ദൈവം  ഈ ജീവിതത്തിന്‍റെ മൂല്യം നിശ്ചയിക്കുന്നതെന്ന പരമാര്‍ത്ഥം... ഇതെല്ലാം പറയാന്‍ ഇന്നത്തെ മനുഷ്യര്‍ക്കാവില്ല. അതുകൊണ്ടാണ് ഫ്രാന്‍സിസ് പുണ്യവാന്‍ നേരിട്ട് പ്രാഞ്ചിയേട്ടനു മുന്നില്‍വന്ന് പച്ചയ്ക്കു ചില കാര്യങ്ങള്‍ തനി തൃശൂര്‍ ഭാഷയില്‍ത്തന്നെ പറയുന്നത്. നമുക്കു നഷ്ടപ്പെടുന്ന ഹൃദയത്തിന്‍റെ ഭാഷതന്നെ പുണ്യവാന്‍ ഓര്‍മ്മിപ്പിക്കുന്നു.

സ്വര്‍ണ്ണത്തിന്‍റെ വിലനിലവാര സൂചികയില്‍ തെളിയുന്ന ജീവിതത്തിന്‍റെ സാമ്പത്തികഭാഷ നമുക്കു സുപരിചിതമാണിന്ന്. വിരുന്നുശാലകളില്‍ നിരത്തുന്ന വിഭവങ്ങളുടെ അതിധാരാളിത്തത്തില്‍ മണക്കുന്ന ആര്‍ഭാടഭാഷയും നമുക്കറിയാം. ബിവറേജസ് കോര്‍പ്പറേഷന്‍ വര്‍ഷാവര്‍ഷം പുറത്തുവിടുന്ന സംഖ്യകളില്‍ ഗണിക്കപ്പെടുന്ന ലഹരിഭാഷയും നമുക്കു പരിചിതം. ഇതിനെല്ലാം പുറമേ, പരസ്യങ്ങളായ പരസ്യങ്ങളെല്ലാം വിളംബരം ചെയ്യുന്ന പകിട്ടുള്ള ലോകത്തെ സുഖഭാഷയും നമുക്കിന്നു ഹൃദിസ്ഥമാണ്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ്, കമ്പ്യൂട്ടര്‍, ഇവയ്ക്കിണങ്ങുംവിധം സ്വയം നവീകരിച്ച പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയിലൂടെ നാമറിയാതെതന്നെ പുതിയ ഭാഷ നാം വശമാക്കിക്കൊണ്ടിരിക്കുന്നു. നാമറിയാതെതന്നെ ആ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. നാമറിയാതെതന്നെ ആ ഭാഷയുടെ സംസ്കാരത്തില്‍ നമ്മെ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

പേരില്ല്യാന്നൊള്ളതാ പ്രശ്നം

അതുതന്നെയാണ് ഒരു ശരാശരി മലയാളി മനസ്സിലെ പ്രശ്നം - പേര്. പണമുണ്ട്, വച്ചതിനെല്ലാം ലാഭവുമുണ്ട്. എന്നാല്‍ പേരില്ല. ഒരു കളങ്കവുമില്ലാത്ത ആഗ്രഹമാണ് സല്‍പ്പേരിന്‍റെ പുറകിലുള്ളത്. അതെങ്ങനെ കിട്ടണം? എങ്ങനെയായാലും വിരോധമില്ല. ഇവിടെയാണ് മലയാളിയുടെ കുറുക്കുബുദ്ധി.

വാസ്തവത്തില്‍ പ്രാഞ്ചിയേട്ടന്‍ ഇരുന്നുപോയതും പേരില്‍ത്തന്നെയാണ്. "പ്രാഞ്ചിയേട്ടന്‍... അരിപ്രാഞ്ചി... ചിറമ്മേല്‍ ഈനാശുവിന്‍റെ ചെറുക്കന്‍ പ്രാഞ്ചി..." അതിലിരുന്നുപോയ ഒരു ജീവിതത്തെ പുതുലോകസംസ്കാരത്തില്‍ ഒന്നുയര്‍ത്തി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് പ്രാഞ്ചിയേട്ടന്‍റെ ജീവിതത്തിന്‍റെ മുഖ്യധാര. ഒരു ഭാഷയെയും സംസ്കാരത്തെയും അതുത്പാദിപ്പിക്കുന്ന ജീവിതത്തെയും ആവിഷ്കരിക്കാനുള്ള പരാക്രമം.

ജീവിതം ഒന്നു വിജയിപ്പിക്കാനാണ് ഈ പരാക്രമങ്ങളെല്ലാം. സമ്പാദിച്ച പണമത്രയും നല്കാന്‍ തയ്യാറുമാണ്. താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിതം വഴങ്ങണം. മറ്റുള്ളതെല്ലാം വഴങ്ങണം. അതിലൂടെ താനാഗ്രഹിക്കുന്ന തരത്തില്‍ തന്‍റെ മോഹം പൂവണിയണം. പ്രാഞ്ചിയേട്ടന്‍റെ പരിശ്രമങ്ങളുടെ വഴി അതാണ്. അതിനുപറ്റിയ ഉപദേശിയുമുണ്ട ്- മേനോന്‍.

ക്ലബ്ബിന്‍റെ പ്രസിഡന്‍റ്സ്ഥാനത്തേക്കു മത്സരിച്ച് സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തിന്‍റെയുള്ളില്‍ പേരുമാറ്റിയെടുക്കാനുള്ള ശ്രമമാണ് ആദ്യത്തെ ഇനം. 'എഡ്യുക്കേഷ'ന്‍റെ കുറവ് പരിഹരിക്കാനാണ് പാന്‍റ്, കോട്ട്, ടൈ, ഷൂ തുടങ്ങിയവ ഫിറ്റുചെയ്യുന്നത്. നാലാളെ മുന്നില്‍ക്കണ്ട് സംസാരിക്കുമ്പോഴുണ്ടാകുന്ന വിറയല്‍ മാറ്റാനാണ് അല്പം 'മറ്റവനെ' അകത്താക്കുന്നത്. എഡ്യുക്കേഷനും വിലയുമുള്ള എതിരാളിയെ വാക്ചാതുരിയില്‍ മറികടക്കാനാണ് 'കിടിലന്‍' വാക്കുകള്‍ കോര്‍ത്തിണക്കി കവിതയും ചേര്‍ത്ത് മനഃപാഠമാക്കിയ പ്രസംഗം: "പൂരങ്ങളുടെ പൂരമായ പൂരത്തിന്‍റെ പെരുമ കരിവീരന്‍ ശിരസ്സിലേറ്റുന്ന തിടമ്പുപോലെ അണിഞ്ഞുനില്ക്കുന്ന തൃശ്ശിവാപ്പേരൂര്‍ പട്ടണത്തിന്‍റെ പൊന്നോമനപ്പുത്രന്‍മാരുടെ സാംസ്കാരിക കൂട്ടായ്മയായ ഈ ക്ലബ്ബിന്‍റെ സാരഥ്യം ഏറ്റെടുക്കാന്‍..." എങ്ങനെയുണ്ട്? ഒഴുകണം. എന്നാല്‍ വിറയല്‍മൂലം വായില്‍ക്കിടന്ന് വാക്കുകള്‍ തട്ടിത്തടയാന്‍ തുടങ്ങിയപ്പോള്‍ അതൊരു നാണംകെട്ട പരാജയമായി മാറി.

നിരാശനായ പ്രാഞ്ചിയേട്ടന് അതു  മനഃശാസ്ത്രപരമായൊരു കീഴടങ്ങലായിരുന്നു. പഴയൊരു നുണക്കഥയുടെ ഓര്‍മ്മപ്പെടുത്തലില്‍ ശുദ്ധാത്മാവായ പ്രാഞ്ചിയേട്ടന്‍ പതറിവീണു. ഓര്‍ക്കാപ്പുറത്താണ് തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം. കറവക്കാരിയുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയെടുത്ത ഒരു പരട്ടക്കഥയിലെ ചോദ്യം. പേരുനേടാന്‍ പയറ്റുന്ന പ്രാഞ്ചിയേട്ടന് പേരിനെന്തെങ്കിലും കോട്ടം സംഭവിക്കാവുന്ന യാതൊന്നും ചിന്തിക്കാന്‍പോലുമാകില്ലായിരുന്നു. കറവക്കാരിയുമായി ബന്ധപ്പെടുത്തി ചമച്ച കഥ ധര്‍മ്മിഷ്ഠാനായി പേരുള്ള പ്രാഞ്ചിയേട്ടന്‍റെ സല്‍പ്പേരിനെ കളങ്കപ്പെടുത്താന്‍ മതിയായിരുന്നു.

ധാര്‍മ്മിക ബോധവും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആ വഴിയിലൂടെ തന്നെയാണ് ശത്രുക്കള്‍ ആക്രമിക്കുക. ഒരു വൈദികനെ ആക്രമിക്കാനും നിരായുധനാക്കാനും നിസ്സഹായനാക്കുവാനും ഏറ്റവും എളുപ്പമാര്‍ഗ്ഗം ഒരു സദാചാര ലംഘനാരോപണമാണ്. ധാര്‍മ്മികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സമൂഹത്തെ തകര്‍ക്കാനും അടിക്കേണ്ടതു ധാര്‍മ്മികതയില്‍ത്തന്നെയാണ്. സ്വാശ്രയപ്രശ്നം സങ്കീര്‍ണ്ണമായ പ്രതിസന്ധിയിലെത്തി നില്ക്കുമ്പോഴും വിവാദങ്ങളുടെ മര്‍മ്മം ധാര്‍മ്മികതയാണ്. അവിടെയും പ്രതികരണത്തില്‍ സഭ പലപ്പോഴും പ്രാഞ്ചിയേട്ടനായിപ്പോകുന്നില്ലേ എന്നു തോന്നാം. സല്‍പ്പേരും കീര്‍ത്തിയുമാണ് ഒരാളുടെ ദൗര്‍ബ്ബല്യമെങ്കില്‍ ആക്രമണവും അതേ വഴിയിലൂടെ തന്നെയായിരിക്കും, കരുതിയിരിക്കുക.

താരശോഭയുടെ അരികുപറ്റി

അതാണ് പിന്നെ അടുത്ത പരിപാടി. പേരു സ്വന്തമായിട്ടില്ലാത്തവര്‍ പേരുള്ളവരോടൊപ്പംനിന്ന് പേരുള്ളവരാകുക. ഓസ്കാര്‍ കിട്ടിയ ചേക്കുട്ടിക്കു കൊടുക്കുന്ന പൗരസ്വീകരണത്തില്‍ തൃശൂരിന്‍റെ സമ്മാനം നല്കാന്‍ പ്രാഞ്ചിയേട്ടന് ഒരവസരം. "സ്റ്റേജില്‍ ഒരു മന്ത്രി, ഒരു എം. പി., ഒരു എം.എല്‍.എ. പിന്നെ ഞാന്‍...!" പ്രാഞ്ചിയേട്ടന്‍ ഇതിലും വീണു. പരിപാടിയുടെ പേരു "ചിറമ്മേല്‍- ചേക്കുട്ടി ഈവനിങ്ങ്!" പണം വേണ്ടത്ര കൊടുത്താല്‍ മതി. താരങ്ങള്‍ വന്നു നില്ക്കുമ്പോള്‍ത്തന്നെ പൊതുജനം ആരാധനയോടെ അന്തംവിടും. താരങ്ങളുടെ വെള്ളിവെളിച്ചത്തിനരികില്‍ നില്ക്കുന്ന പ്രാഞ്ചിയേട്ടനെയും നോക്കി ജനം അന്തംവിട്ടുകൊള്ളും.

അതു സത്യമാണ് നമ്മുടെ നാട്ടില്‍. സന്തോഷ് മാധവന്‍ തന്‍റെയൊരു പൂര്‍വ്വാശ്രമത്തില്‍ ആര്‍ഭാടപൂര്‍വ്വമായൊരു കല്യാണം കഴിച്ചു, മംഗലാപുരത്തുവച്ച്, അഴകിയ കുതിരകളെ പൂട്ടിയ രഥത്തില്‍ എഴുന്നള്ളിയ വധൂവരന്മാരെ സ്വീകരിക്കാന്‍ താരനിരയെത്തന്നെ അണിനിരത്തിയിരുന്നു. ഉയര്‍ന്ന വിലയുള്ള ആഡംബരക്കാറുകള്‍ നിരത്തിയിട്ടിരുന്നു. അത്യാഡംബര രീതിയില്‍ വീഥികള്‍ അലങ്കരിച്ചിരുന്നു. ഭൂമിയില്‍ കാലുകുത്തി നില്ക്കാന്‍ പറ്റാത്തത്രയും ഉയര്‍ന്നൊരു പേരായിരിക്കും അതിനു സാക്ഷികളായവരും അറിഞ്ഞവരും സന്തോഷ് മാധവന് നല്കിയിട്ടുണ്ടാകുക. അതിന്‍റെ തെളിവാണല്ലോ ശതകോടീശ്വരനായി പരിലസിച്ച സ്വാമിയുടെ കഥയിലെ ഉത്തര കാണ്ഠം.

ശബരീനാഥും 'ടോട്ടല്‍ ഫോര്‍യൂ' തട്ടിപ്പിനായി പയറ്റിയതും അതേ തന്ത്രമാണ്. തിരുവനന്തപുരത്ത് സ്ഥാപനത്തിന്‍റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളികളായവര്‍ കോരിത്തരിച്ചുകാണും. ശബരീനാഥിനെ ഒരു മഹാസംഭവമാക്കി അവതരിപ്പിച്ചതിന് ചെലവെത്രയായാലെന്ത്? മറ്റുള്ളവര്‍ തന്ന പണം; മറ്റുള്ളവര്‍ തരും ഇനിയും പണം. ശബരീനാഥ് പേരെടുത്തുകൊണ്ടേയിരുന്നു. ആ പേരിന്‍റെ പ്രഭാവലയംകണ്ട് മോഹാലസ്യപ്പെട്ടവരാണ് സര്‍വ്വതും കൊണ്ടുപോയി നിക്ഷേപിച്ച് ടോട്ടല്‍ സ്റ്റുപ്പിഡ്സ് ആയത്. ചരിത്രത്തില്‍നിന്ന് പാഠങ്ങള്‍ ഇനിയും കേരളം ഉള്‍ക്കൊണ്ടിട്ടില്ലായെന്നതിനു തെളിവാണ് ആവര്‍ത്തിക്കുന്ന തട്ടിപ്പുകഥകള്‍. പേരെടുക്കാനുള്ള മോഹത്തിന് ഔചിത്യത്തിന്‍റെയോ മര്യാദയുടെയോ വഴികള്‍ അത്ര പഥ്യമല്ല. പ്രലോഭനങ്ങള്‍ക്കും മായക്കാഴ്ചകള്‍ക്കും എളുപ്പം വഴങ്ങുകയും അങ്ങനെ നേടിയ പേരില്‍ സ്വയം മറക്കുന്ന മാനസികാവസ്ഥയുമാണത്.

താരപ്പൊലിമയുള്ള പരിപാടിയിലൂടെ പേരെടുക്കാനുള്ള പ്രലോഭനത്തില്‍ പ്രാഞ്ചിയേട്ടന്‍ വീണു. സ്വീകരണയോഗത്തിന്‍റെ മുഴുവന്‍ ചെലവും കയ്യില്‍നിന്നു മുടക്കി. മറ്റാരുമെത്തുംമുന്‍പേ വേദിയില്‍ മുന്‍നിരയില്‍ ഇരിപ്പുമുറപ്പിച്ചു. പക്ഷേ, ഒടുവില്‍ ദയനീയമായി ഒഴിവാക്കപ്പെട്ടു. പത്മശ്രീ നേടിയ വിശിഷ്ടപൗരന്‍റെ പ്രോട്ടോക്കോള്‍, അങ്ങനെയൊന്നുമില്ലാതിരുന്ന പ്രാഞ്ചിയേട്ടനെ കസേരയില്ലാത്തവനാക്കി.

വീരാരാധനയും താരാരാധനയും ചരിത്രത്തില്‍ എന്നുമുണ്ടായിട്ടുണ്ട്. ഓരോ സംസ്കാരത്തിലും അത്തരം താരോദയങ്ങള്‍ ചുറ്റുമുള്ളവരില്‍ വിസ്മയവും ആരാധനയും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ആരാധന ഒരു ഭ്രാന്തായി മാറിയിട്ടുള്ളത് ഈയടുത്തകാലത്തു മാത്രമാണ്. വിവേകവും ബുദ്ധിയും നഷ്ടപ്പെട്ട വെറും പാവകളോ മൃഗങ്ങളോ ആയി മനുഷ്യര്‍ സ്വയം ഇകഴ്ത്തുകയും ദുര്‍ബ്ബലരാകുകയും ചെയ്യുന്ന പ്രതിഭാസം കണ്ടുതുടങ്ങിയത് ആധുനിക സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ താരാരാധന വിപണനം ചെയ്യപ്പെട്ടതുമുതലാണ്. ഇന്നലെവരെ സീറോ ആയിരുന്നവര്‍ക്ക് ഇന്ന് ഹീറോ ആകാം എന്ന സാധ്യത നല്കുന്ന അതിരുകളില്ലാത്ത മോഹത്തില്‍ ഇരകളുടെ എണ്ണത്തിന് കണക്കും അടയാളങ്ങളുമില്ല. എന്നാല്‍ സീറോയില്‍നിന്ന് ഹീറോ ആയവര്‍ മിന്നിത്തിളങ്ങി വിരാജിക്കുന്നതു കാണുന്നതുകൊണ്ടും ഇരകളാരും വെളിച്ചത്തില്ലാത്തതുകൊണ്ടും താരാരാധനയുടെ ഭ്രാന്ത് ഒരു മയക്കുമരുന്നുപോലെ മലയാളി മനസ്സിനെ ഗ്രസിച്ചിരിക്കുന്നു.

പ്രാഞ്ചിയേട്ടന്‍റെ ഇല്ലാത്ത ജീവചരിത്രം

എഴുതപ്പെട്ട ജീവചരിത്രം ഒരാളുടെ ജീവിതത്തിലേക്കും ജീവിതത്തിലൂടെയുമുള്ള യാത്രയാണ്. അയാള്‍ വെളിച്ചംവിതറിയ പാതകളിലൂടെയുള്ള അനുയാത്ര. അതുകൊണ്ടാണ് ചില ജീവചരിത്രങ്ങള്‍ കാലംമായ്ക്കാതെ കൈമാറുന്നത്. ഒരര്‍ത്ഥത്തില്‍ ചരിത്രത്തെ വെളിച്ചത്തിലൂടെ നയിക്കുന്നതും അത്തരം ജീവിതങ്ങള്‍ തന്നെ. ആത്മകഥകളും ജീവചരിത്രങ്ങള്‍ തന്നെയെങ്കിലും ആത്മാവോളം അടുത്തുനില്ക്കുന്ന ഉള്‍പ്പാതയിലൂടെയാണ് യാത്ര. ഒരാളുടെ ചിന്തകളിലൂടെ, അനുഭവങ്ങളിലൂടെ, കാഴ്ചപ്പാടുകളിലൂടെ, തിരിച്ചറിവുകളിലൂടെ, ദര്‍ശനങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഹൃദയപാതയിലെ വെളിച്ചമാണ് നാമവിടെ തേടുന്നത്. എത്രയോ ധന്യമായ ജീവിതങ്ങളാണ് ആത്മകഥാകഥനത്തിലൂടെ നമുക്കു മുന്നില്‍ അനശ്വരങ്ങളായി ഉയര്‍ന്നുനില്ക്കുന്നത്. സത്യാന്വേഷണ പരീക്ഷണങ്ങളായി ഗാന്ധിജിയുടെ ജീവിതം ഒരു പുസ്തകമായി ഇന്നും നമുക്കുമുന്നില്‍ തുറന്നുകിടക്കുന്നു.

ഇവയ്ക്കെല്ലാം അപവാദങ്ങളുമുണ്ട്. ചില ജീവചരിത്രങ്ങള്‍ അതിശയോക്തിപരമായി നിര്‍മ്മിക്കപ്പെട്ട നുണക്കഥകളാണ്. പല ഗൂഢലക്ഷ്യങ്ങളും അത്തരം ജീവചരിത്രകഥനങ്ങള്‍ക്കു പിന്നിലുണ്ടാവും. യേശുക്രിസ്തു കാഷ്മീരിലുണ്ടായിരുന്നുവെന്നും അവിടെനിന്ന് ബുദ്ധതത്ത്വങ്ങള്‍ പഠിച്ചുവെന്നും സ്ഥാപിക്കുന്ന നുണക്കഥകള്‍ ഈ ഗണത്തില്‍പ്പെടും. "ഞാനാരാ മോന്‍/ മോള്‍!" എന്നഹങ്കരിക്കുന്ന ആത്മകഥകളുണ്ട് - ചരിത്രം പലപ്പോഴും അവയെ ചവറ്റുകുട്ടയിലേക്കു തള്ളും എന്നാണെങ്കിലും അവയിലെ ഗൂഢലക്ഷ്യങ്ങള്‍ക്ക് ആത്മകഥാകഥനപ്പുറത്തേക്ക് വ്യാപ്തിയുണ്ടാകുന്നതുകൊണ്ട് കുറച്ച് ഓളങ്ങളും അസ്വസ്ഥതകളുമുണ്ടാക്കാന്‍ അവയ്ക്കു താത്ക്കാലികമായി കഴിഞ്ഞേക്കും. ജെസ്മിയെന്ന മുന്‍ കന്യാസ്ത്രീയുടെ 'ആമേന്‍' ആത്മകഥ അത്തരത്തില്‍പ്പെടുന്നതാണ്. കത്തോലിക്കാസഭയുടെ നേര്‍ക്കെറിയാവുന്ന ചെളി, കന്യാസ്ത്രീയുടെ ഗൂഢവത്കരിക്കപ്പെട്ട ജീവിതത്തിലെ അവിശുദ്ധിയും അഴുക്കും അന്വേഷിക്കുന്നവര്‍ക്ക് ഒരു ഇരയായി 'ആമേന്‍' കിടക്കുന്നു!

ഇത്രയും പറഞ്ഞത് പ്രാഞ്ചിയേട്ടനും പണംകൊണ്ടെഴുതിയ ജീവചരിത്രവുമായി 'പത്മശ്രീ' പുരസ്കാരം നേടാന്‍ പെടുന്ന കഷ്ടപ്പാട് കണ്ടതുകൊണ്ടാണ്. ഇല്ലാത്ത ജീവചരിത്രമെഴുതാന്‍ ഒരു റിട്ടയേര്‍ഡ് പ്രൊഫസര്‍ വാങ്ങിയത് ഒരുലക്ഷം രൂപ അഡ്വാന്‍സ്. ബാക്കിയൊക്കെ പിന്നാലെ. പത്മശ്രീക്ക് അനുയോജ്യമായ തരത്തില്‍ ചിറമ്മേല്‍ ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന് ഒരു ജീവചരിത്രമുണ്ടാകുന്നു. ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും നേര്‍വിപരീതത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ജീവചരിത്രം കേട്ട് പ്രാഞ്ചിയേട്ടനും അയാളെ അടുത്തറിയാവുന്നവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്നു. അത് കേരളസമൂഹത്തിന്‍റെ ഒരു വലിയ ഞെട്ടലിന്‍റെ പ്രതിഫലനമാണ്. ദിനംപ്രതി നാം കാണുന്നുണ്ട്, പണം കൊണ്ടോ സ്വാധീനംകൊണ്ടോ നിര്‍മ്മിക്കപ്പെടുന്ന ഇല്ലാത്ത ജീവചരിത്രങ്ങളെ.

ഇല്ലാത്ത പേരിനു വേണ്ടിയുള്ള പരക്കംപാച്ചിലുകള്‍ വികൃതമായ മനസ്സിന്‍റെയും പ്രതിഫലനമാണ്. ഉള്ളതിനെ അംഗീകരിക്കാന്‍ കഴിയാത്ത ചില കോംപ്ലക്സുകള്‍. അതു ബാല്യത്തിലേ തുടങ്ങുന്നതാണ്. അച്ഛന്‍റെയോ അമ്മയുടെയോ സൗന്ദര്യമോ നിറമോ പ്രൗഢിയോ തന്‍റെ താരതമ്യത്തിലും സങ്കല്പ്പത്തിലും താഴ്ന്നനിലവാരം പുലര്‍ത്തുന്നതുകൊണ്ട് സ്കൂളിലോ കോളേജിലോ പഠിക്കുന്ന മകന്‍/ മകള്‍ അവരെ ഒളിപ്പിക്കുന്ന കഥ സിനിമയില്‍ മാത്രമല്ലയുള്ളത്. വീടിനെക്കുറിച്ചും സ്വന്തം ചുറ്റുപാടുകളെക്കുറിച്ചും നുണകള്‍ കൊണ്ടുണ്ടാക്കുന്ന ബൃഹത്ചിത്രവും യാഥാര്‍ത്ഥ്യത്തില്‍നിന്നുള്ള ഒളിച്ചോട്ടം മാത്രമല്ല, ഒരു പേരിനു വേണ്ടിയുള്ള പരാക്രമവുമാണ്. പ്രാഞ്ചിയേട്ടനെ കാണുമ്പോള്‍ മലയാളി ആത്മപരിശോധന നടത്തുകയാണ്. ഏതോ ചില വമ്പന്‍ സങ്കല്പ്പങ്ങളില്‍ തറഞ്ഞുപോയ മനസ്സിന്‍റെ മോഹങ്ങളെ സാക്ഷാത്കരിക്കാനുള്ള നെട്ടോട്ടങ്ങളില്‍ ഈ ആത്മപരിശോധന വലിയ ഫലം ചെയ്യും. ജീവിതവും അതിന്‍റെ സ്വഭാവിക തെളിമയും നഷ്ടപ്പെടുത്തുന്ന കോംപ്ലക്സുകളെ ഉള്ളില്‍ത്തന്നെ കണ്ടെത്തുമെങ്കില്‍ അതൊരു തിരിച്ചറിവും പശ്ചാത്താപത്തോടെയുള്ള തിരിച്ചുവരവുമായിരിക്കും.

ഉള്ളില്‍ നിന്നുണരുന്ന നന്മ

നീ തേടുന്നത് നിന്‍റെയുള്ളില്‍ത്തന്നെയുണ്ട്. നിന്‍റെ ജീവിതത്തെ ഉണര്‍ത്തുന്നതും ഉയര്‍ത്തുന്നതും പുറത്തുനിന്നു നിന്നെ മാടിവിളിക്കുന്ന വ്യാമോഹക്കാഴ്ചകളല്ല പിന്നെയോ നിന്‍റെയുള്ളിലെ നന്മയില്‍ നിന്നുറന്നുവരുന്ന തെളിനീര്‍ സ്വപ്നങ്ങളാണ്. അവയില്‍ പ്രതിഫലിക്കുന്ന കാഴ്ചകള്‍ക്കു പിന്നാലെ നീ പോകുക. അവ നിന്നെ ജീവിതത്തിന്‍റെ സഫലതയോളം നയിക്കും. ഈ തിരിച്ചറിവാണ് ഫ്രാന്‍സിസ് പുണ്യവാന്‍ പ്രാഞ്ചിയേട്ടനു നല്കുന്നത്.

പ്രാഞ്ചിയേട്ടന്‍ ഉദാരനാണ്. തന്‍റെ സമ്പാദ്യത്തില്‍ നിന്നും പാവപ്പെട്ടവരെ സഹായിക്കാന്‍ ഉദാരമായി നല്കാറുണ്ട്. പ്രാഞ്ചിയേട്ടന്‍ കരുണയുള്ളവനാണ്. മനുഷ്യരുടെ നിസ്സഹായാവസ്ഥയോട് അനുകമ്പാര്‍ദ്രമായ ഹൃദയത്തില്‍ നിന്നും അയാള്‍ പ്രതികരിക്കാറുണ്ട്. ചിലപ്പോള്‍ അയാള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍പ്പോലും അയാള്‍ അലിവുള്ള ഹൃദയത്തെ കൈവിടുന്നില്ല. അതയാളെ പത്താംക്ലാസ്സില്‍ തോറ്റുപോകുന്ന ഒരു വാശിക്കാരന്‍ ബാലന്‍ പോളിയുടെ ജീവിതത്തിലേക്കു നടത്തുന്നു. അവന്‍റെ കയ്പ്പും കണ്ണുനീരും നടുക്കവും നിറഞ്ഞ ജീവിതാനുഭവ പരിസരങ്ങളെ നേരില്‍ കാണുവോളമെത്തിക്കുന്നു. ആര്‍ദ്രമായി പെരുമാറുവാനുള്ള ഉള്‍വിളിയോടയാള്‍ പ്രതികരിക്കുന്നു. അതേ നന്മയുറ്റ ഹൃദയം ജീവിതപ്രതിസന്ധിയില്‍ വഴിമുട്ടിനില്ക്കുന്ന യുവതിയിലേക്കു പ്രാഞ്ചിയേട്ടനെ നയിക്കുന്നു. അവിടെയും പ്രാഞ്ചിയേട്ടന്‍ ഹൃദയാലുവാകുന്നു. അവള്‍ നടക്കുന്നത് അയാളുടെ ഹൃദയത്തിലേക്കുതന്നെയാണ്.

പുറത്തെവിടെയും തേടേണ്ടതല്ല നിന്‍റെ ജീവിത സാഫല്യത്തിന്‍റെ മാര്‍ഗ്ഗം. അത് നിന്‍റെയുള്ളില്‍ത്തന്നെയാണ,് സ്വയമറിഞ്ഞാല്‍ മതി. തെളിഞ്ഞുകത്തുന്ന ഉള്‍വിളക്കു കാണാനായാല്‍ ഈശ്വരന്‍ നിനക്കായി പ്രകാശിപ്പിക്കുന്നതെന്തെന്നു തിരിച്ചറിയാന്‍ നിനക്കാവും. അതിനെ പിന്തുടര്‍ന്നാല്‍ മതിയെന്ന പാഠത്തോടൊപ്പം കപടമൂല്യങ്ങള്‍ ജീവിക്കുന്നവരുടെ ജീവിതശൂന്യതയും കാഠിന്യവും പ്രാഞ്ചിയേട്ടന് കാട്ടിക്കൊടുക്കുന്നുണ്ട് പുണ്യവാന്‍. പരസ്പരവിശ്വസ്തതയില്‍ കപടമുഖം സൂക്ഷിച്ച് ജീവിതം അഭിനയിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍ ദമ്പതികളും, കോടികള്‍ വാങ്ങി പത്മശ്രീയും മറ്റും സംഘടിപ്പിച്ചു കൊടുക്കുന്ന ഡോണും എവിടെയാണെന്നും എങ്ങനെയാണെന്നും കാണുമ്പോള്‍ തന്‍റെ സാഫല്യം തന്‍റെയുള്ളില്‍ വിടരുന്ന നന്മയുടെ വഴികളില്‍ മാത്രമാണെന്നുറപ്പിക്കാന്‍ പ്രാഞ്ചിയേട്ടനാവുന്നു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, പ്രാഞ്ചിയേട്ടന്‍ മറ്റാരുമാകേണ്ടതില്ല, പ്രാഞ്ചിയേട്ടനായാല്‍മാത്രം മതി. നന്മനിറഞ്ഞവനായ പ്രാഞ്ചിയേട്ടന്‍, തൃശൂരിന്‍റെ സ്വന്തം പ്രാഞ്ചിയേട്ടന്‍ അതുതന്നെയാണ് അയാളുടെ മഹത്തായ പേരും.

അതിനാല്‍ തന്‍റെയുള്ളിലെ നന്മയില്‍ നിന്നുറന്നു വരുന്ന ആ തീരുമാനം, അനാഥനായ ബാലനെ സ്വന്തമായിക്കരുതാനുള്ള ആലോചന, അത് ദൈവഹിതംതന്നെയെന്നു കണ്ടെത്തുന്നു പ്രാഞ്ചിയേട്ടന്‍.

ഴാങ് ഗിയോനോ (Jean Giono)  എന്ന ഫ്രഞ്ച് നോവലിസ്റ്റിന്‍റെ ഏറ്റവും പ്രചാരമുള്ള കഥ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന ചെറുരചനയാണ്. അതൊരു കഥയേയല്ല, ഉദാത്തമായ യഥാര്‍ത്ഥ ജീവിതം എന്നാണ് ലോകം വിശ്വസിക്കാനിഷ്ടപ്പെട്ടത്. ആല്‍പ്സ് പര്‍വ്വതനിരയുടെ താഴ്വാരത്തിലെ വരണ്ടുണങ്ങിയ സമതലങ്ങളില്‍ ഓക്കുമരവിത്തുകള്‍ നട്ടു കടന്നുപോയ എല്‍സിയാര്‍ഡ് ബോഫിയര്‍ എന്ന മനുഷ്യന്‍. മരങ്ങളില്ലാതെ ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവില്‍ കാര്യമായ മറ്റുപണിയൊന്നുമില്ലാത്തതിനാല്‍ ഈ സ്ഥിതിക്കു പരിഹാരമുണ്ടാക്കാന്‍ തീരുമാനിച്ചു അതാണ് ബോഫിയറുടെ വിശദീകരണം. മറ്റൊന്നും പ്രതീക്ഷിക്കാതെ, മറ്റാരെയും പ്രതീക്ഷിക്കാതെ അയാള്‍ വിത്തുകള്‍ ശേഖരിച്ചു; വേര്‍തിരിച്ചു; നല്ലവ നട്ടു. അങ്ങനെ മരുഭൂമികള്‍ ഹരിതവനങ്ങളായപ്പോഴും, ആവാസകേന്ദ്രങ്ങളായപ്പോഴും, ജൈവസംസ്കൃതി തിരികെയെത്തിയപ്പോഴും ബോഫിയര്‍ എന്ന വൃദ്ധന്‍ തന്‍റെ ഉദ്യമം തുടര്‍ന്നുകൊണ്ടേയിരുന്നു. തനിക്കപ്പുറത്തുള്ള ലോകം യുദ്ധത്തില്‍ പരസ്പരം നശിപ്പിച്ചു തകരുമ്പോഴും എല്‍സിയാര്‍ഡ് ബോഫിയര്‍ അതൊന്നുമറിയാത്തവനായി മരങ്ങള്‍ നട്ടുകൊണ്ടേയിരുന്നു.

ഈ കഥ ഒരു നോവലായല്ല, ഒരു ജീവിതവും സത്യവുമായി വായിക്കാനാണ് ലോകം ഇഷ്ടപ്പെട്ടത്. മരങ്ങള്‍ നടുന്ന ഒരുപാടുപേര്‍ ലോകമെങ്ങുമുണ്ടായി. പ്രാഞ്ചിയേട്ടനെ ഒരു സിനിമയായല്ല മലയാളം കണ്ടത്. നമ്മുടെ മനസ്സിന്‍റെയും ജീവിതാഭിമുഖ്യങ്ങളുടെയും കണ്ണാടിയായാണ്. കേരളത്തിലെ ശുദ്ധമായ നന്മയിലേക്കു തിരിച്ചെത്തി ആവിഷ്കരിക്കാനുള്ള ക്ഷണമായി വായിക്കാം ഈ പ്രാഞ്ചിയേട്ടനെയും.

You can share this post!

ചോര്‍ത്തപ്പെടുന്ന സ്വകാര്യത

മേഘ ആന്‍ മാത്യു (മൊഴിമാറ്റം - ടോം മാത്യു)
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts