news-details
കവർ സ്റ്റോറി

അത്യുന്നതന്‍റെ സംരക്ഷണത്തില്‍ ഈ ജീവിതം

2001 ലെ ക്രിസ്മസ് കാലം. ഞാനന്ന് വൃക്ക രോഗബാധിതനായി പലവിധ ചികിത്സകള്‍ക്ക് വിധേയനായി, ഒന്നും ഫലിക്കാതെ അലഞ്ഞു നടക്കുന്നു. സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുന്നു. യാതൊരു മരുന്നും ഫലിക്കുന്നില്ല. എറണാകുളത്തുള്ള തമ്മനം സെന്‍റ് ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ പുല്ക്കൂടിനു മുമ്പില്‍ ഞാന്‍ ഹതാശനായി നിന്നു. ഉണ്ണിയെ നോക്കിയപ്പോള്‍ എന്‍റെ കണ്ണില്‍ നീരു പടര്‍ന്നു. ഒരു പക്ഷേ, ഇത് ജീവിതത്തിലെ അവസാനത്തെ ക്രിസ്മസ് ആയിരിക്കാം. ആ നിമിഷത്തിന്‍റെ ദുഃഖശൂന്യതയില്‍ ഞാന്‍ പിടഞ്ഞു.

എങ്ങനെയാണ് എനിക്ക് വൃക്കരോഗം ബാധി ച്ചതെന്ന് അറിഞ്ഞുകൂടാ രോഗം തിരിച്ചറിയുമ്പോള്‍ ഞാന്‍ മഞ്ഞുമ്മല്‍ കര്‍മലീത്താ സന്ന്യാസസഭ യില്‍ ദൈവശാസ്ത്ര ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി യാണ്. പുലര്‍കാലങ്ങളില്‍ പല്ല് ബ്രഷ് ചെയ്യുമ്പോള്‍ ഛര്‍ദ്ദി വരുന്നു. ഇടയ്ക്കിടെ പനിക്കുന്നു. പിന്നെ കുറേക്കാലമായി വിട്ടുമാറാത്ത നടുവേദനയുണ്ട്. അങ്ങനെയാണ് ചികിത്സാര്‍ത്ഥം എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. മാണിയെ കാണു ന്നത്. ബയോപ്സി എടുത്തു.

അക്കാലത്ത് ലിസി ആശുപത്രിയില്‍ എനിക്ക് ഒരു സീനിയര്‍ കന്യാസ്ത്രീസുഹൃത്തുണ്ടായിരുന്നു - സിസ്റ്റര്‍ ജോസിയ. എന്‍റെ ബയോപ്സിയുടെ ഫലം മണത്തറിഞ്ഞ പുലരിയില്‍ അവര്‍ എനിക്ക് ഗ്രീറ്റിംഗ് കാര്‍ഡു പോലെ മനോഹരമായി ഡിസൈന്‍ ചെയ്ത ഒരു കാര്‍ഡ് കൊണ്ടു വന്നു തന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: "നിന്നെ ഞാന്‍ ഒരിക്കലും മറക്കുകയില്ല. ഞാന്‍ നിന്നെ എന്‍റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു!" ഏശയ്യായുടെ പ്രകാശപൂര്‍ണമായ വാക്കുകള്‍!

അല്പം കഴിഞ്ഞ് ഡോക്ടര്‍ വന്നു. അദ്ദേഹം പറഞ്ഞു: ബയോപ്സി ഫലം വന്നു. ബ്രദറിന്‍റെ കിഡ്നിക്ക് തകരാറുണ്ട്... എന്താണ് തകരാറ് എന്നു ഞാന്‍ ചോദിച്ചില്ല. രോഗത്തിന്‍റെ ഗൗരവം ഞാന്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിരുന്നില്ല എന്നതാണ് വാസ്തവം. എങ്കിലും ജീവിതം ഇനി പഴയതു പോലെയാകില്ല എന്ന് എനിക്കു തോന്നി. ഡോക്ടര്‍ പോയപ്പോള്‍ ഞാന്‍ സി. ജോസിയ തന്ന കാര്‍ഡ് എടുത്ത് ഒന്നു കൂടി വായിച്ചു. എന്‍റെ മനസ്സില്‍ ആ വാക്കുകള്‍ ഒരു കവിതയായാണ് വിരിഞ്ഞത്: 'മറക്കില്ലൊരിക്കലും പ്രിയനേ, നിന്നെയെന്‍ കരതലത്തില്‍ വാര്‍ത്തു,

ശില്പി പോലെ ഞാന്‍ ഓമനേ നിന്നെയെന്‍ കരതലത്തില്‍ തീര്‍ത്തൂ,
ആലോലമാടിയെന്‍ ഹൃത്തില്‍ പൈതലായ് നീയുറങ്ങൂ, കണ്മണി നീയുറങ്ങൂ...'
ഞാന്‍ തിരികെ  ദൈവശാസ്ത്രവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മഞ്ഞുമ്മല്‍ ആശ്രമത്തില്‍ എത്തി. അതിവേഗം എന്‍റെ ആരോഗ്യം ക്ഷയിച്ചു. കൂടിയ ഡോസ് സ്റ്റീറോയിഡുകളാണ് ഡോക്ടര്‍ എനിക്ക് തന്നത്. അതിന്‍റെ ഫലമായി എന്‍റെ കണ്ണുകളില്‍ തിമിരം വന്നു മൂടി. ഒരുനാള്‍, കളമശേരിയിലുള്ള ജ്യോതിര്‍ഭവന്‍ ദൈവശാസ്ത്ര കോളേജിന്‍റെ പുറത്തേക്കിറങ്ങി ബസ് പിടിക്കാനിറങ്ങിയ ഞാന്‍ അമ്പരന്നു. ബസ് റോഡിലൂടെ ഒഴുകുന്ന ഒരു ചുവപ്പു നിറം മാത്രം. ബസിന്‍റെ പേരും അത് പോകുന്ന ഇടവും കലങ്ങിമറിഞ്ഞിരിക്കുന്നു! വെളിച്ചം കണ്ണിലേക്ക് പ്രവഹിക്കുമ്പോള്‍ യാതൊന്നും എനിക്കു കാണാന്‍ സാധിക്കുന്നില്ല. എല്ലാം വെളിച്ചത്തില്‍ ഒഴുകുന്ന നിറങ്ങള്‍ മാത്രം. എങ്ങനെയോ ഏന്തിവലിഞ്ഞ് ഞാന്‍ ഏതോ ബസില്‍ കയറി മഞ്ഞുമ്മലിലെത്തി. ആറുമാസമേ ഞാന്‍ മഞ്ഞുമ്മലില്‍ തുടര്‍ന്നുള്ളൂ. ചികിത്സയുടെ സൗകര്യാര്‍ത്ഥം ഞാന്‍ വീട്ടിലേക്ക് അയക്കപ്പെട്ടു.

അതിനുശേഷം മൂന്നു കൊല്ലമാണ് അലോപ്പതി മരുന്നുകളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചത്. ഒരേയൊരു പോംവഴി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണെന്ന് അലോപ്പതി ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. അതു കേട്ട് പേടിച്ച മമ്മി ആ വഴിക്ക് സമ്പൂര്‍ണമായി തടയിട്ടു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അത്യന്തം അപകടകരമായൊരു പ്രക്രിയ ആണെന്നും അതിന് ശ്രമിച്ചാല്‍ മകന്‍ മരിച്ചുപോകുമെന്നും എങ്ങ നെയോ മമ്മി ധരിച്ചുവശായിരുന്നു. ഇക്കാരണം കൊണ്ട് അലോപ്പതി മരുന്നുകള്‍ ഉപേക്ഷിച്ച് സിദ്ധവൈദ്യവും ഹോമിയോമരുന്നും കൂണ്‍മരുന്നും പിന്നെ വേറെയെന്തെല്ലാമോ ഔഷധവഴികളും അശരണനായി ഞാന്‍ താണ്ടി. ഒന്നും എനിക്ക് ശമനം നല്കിയില്ല. മാസികകള്‍ക്കു വേണ്ടി കുറിപ്പു കള്‍ എഴുതിയും വാക്ക്മാനില്‍ ഭക്തിഗാനങ്ങള്‍ കേട്ടും ഞാന്‍ ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടി.

ആ കാലങ്ങളില്‍ എനിക്ക് സാന്ത്വനവുമായി എത്തിയിരുന്ന സുമനസ്സുകളെ നന്ദിപൂര്‍വ്വം ഓര്‍ ക്കുന്നു. അവരായിരുന്നു എന്‍റെ ആശ്വാസം. എത്ര പേരാണ് എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നതെന്ന് എണ്ണിപ്പറയുക വയ്യ. മുഖമറിയാത്ത സാഹോദര്യ ത്തിന്‍റെ കൂടാരത്തിനുള്ളില്‍ എന്‍റെ ജീവന്‍ സുരക്ഷിതമായിരുന്നു. ഏറ്റവും ശക്തമായത് എന്‍റെ മമ്മിയുടെ പ്രാര്‍ത്ഥനകളായിരുന്നു. ദൈവത്തിന് സ്വസ്ഥത കൊടുക്കാതെയുള്ള പ്രാര്‍ത്ഥനകള്‍. എന്‍റെ പ്രാണന്‍ പിടയുമ്പോള്‍ അതിനെ താങ്ങി നിര്‍ത്താന്‍ മമ്മി നിരന്തരം സമീപിച്ചിരുന്ന പ്രാര്‍ത്ഥ നാസുഹൃത്തുക്കള്‍...(മമ്മി ഇന്ന് ജീവിച്ചിരിപ്പില്ല. 2022 ജനുവരി 31 -ാം തീയതി മമ്മി യാത്രയായി). ധന്യന്‍ തിയോഫിനച്ചന്‍റെ കബറിടം കുടികൊ ള്ളുന്ന പുന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തിന്‍റെ സമീപത്തായിരുന്നു, അക്കാലത്ത് എന്‍റെ വീട്. തിയോഫിനച്ചന്‍റെ കുടീരത്തില്‍ ഞാന്‍ അഭയം തേടി പലനാളുകളിലും എത്തിയിരുന്നു. എന്‍റെ ആത്മാവിനെ താങ്ങിനിറുത്തിയത് പുന്നുരുന്നി ആശ്രമത്തിലുണ്ടായിരുന്ന ഇമ്മാനുവേലച്ചന്‍റെ പക്കല്‍ ചെന്നുള്ള കുമ്പസാരങ്ങളായിരുന്നു.

ഒരിക്കല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടാന്‍ പോയത് ഓര്‍ക്കുന്നു. ഇരുന്ന് പ്രഭാഷണ ങ്ങള്‍ കേള്‍ക്കാന്‍ സാധ്യമല്ലാതിരുന്നതിനാലും ഇടയ്ക്കിടെ ഛര്‍ദ്ദിച്ചിരുന്നതിനാലും കിടപ്പുരോഗി കളുടെ കൂടെയാണ് ഞാന്‍ കിടന്നിരുന്നത്. ഭക്ഷണത്തിനും നിയന്ത്രണമുണ്ടായിരുന്നു. ഉപ്പും എണ്ണയും എല്ലാം വളരെക്കുറച്ചുള്ള ഭക്ഷണം പ്രത്യേകം തയ്യാറാക്കി തരുമായിരുന്നു. അവിടെ ചിരിക്കുന്ന മുഖമുള്ള ഒരു കന്യാസ്ത്രീ ഉണ്ടാ യിരുന്നു. അവര്‍ എന്നെ കാണുമ്പോഴൊക്കെ പുഞ്ചിരിച്ചു തലയാട്ടിക്കൊണ്ടു പറയുമായിരുന്നു: ബ്രദറിന് ദൈവം ഒരു പുതിയ കിഡ്നി തരും! ദൈവം എനിക്ക് പുതിയ കിഡ്നി തന്ന കഥയാണ് ഇനി...

വര്‍ഷം 2002. മഴ കനത്ത ജൂണ്‍ മാസം. ഒന്‍ പതാം തവണയും ഛര്‍ദ്ദിച്ചു കഴിഞ്ഞപ്പോള്‍ ബാക്കി വന്നത് രക്തം. അയല്ക്കാരിയുടെ പിറ്റേന്ന് നട ക്കേണ്ട വിവാഹത്തിനൊരുക്കിയിട്ടിരുന്ന കാറില്‍ പാതിരാത്രി ആശുപത്രിയിലെത്തുമ്പോള്‍ പുരാതന വിധിതീര്‍പ്പുകള്‍ കുറിച്ചിട്ട ഒരാളെ പോലെ, ഞാന്‍ ജീവന്‍ വാര്‍ന്നു കിടന്നു.

അഗതികളായ ഒരപ്പനും അമ്മയും എന്തു ചെയ്യ ണമെന്നറിയാതെ നോക്കിനില്ക്കേ ഐസിയുവില്‍ എന്നെക്കാണാന്‍ ദൈവമയച്ചതു പോലെ ഒരതിഥി യെത്തി. വരാപ്പുഴയുടെ മുന്‍ മെത്രാപ്പോലീത്ത ഡാനിയേല്‍ അച്ചാരുപറമ്പില്‍. വിശേഷപ്പെട്ട ഏതോ ജീവന്‍ എന്നു തെറ്റിദ്ധരിച്ച് പാവം നഴ്സു മാര്‍ ഉഷാറായി. നെഫ്രോളജിസ്റ്റ് ഓടിയെത്തി. ആയുസ്സിന്‍റെ നൂല്പാലത്തില്‍ വീശുന്ന ഏതു കാറ്റും ജീവനെടുക്കാം. നിരന്തരം ഡയാലിസിസിനു കുറിക്കുമ്പോള്‍ ഒരു ഭാഗ്യപരീക്ഷണം എന്നതിലപ്പുറം മറ്റൊന്നും ഡോക്ടര്‍ കരുതിയിരുന്നില്ല. സന്ദര്‍ശകരെ പ്രവേശിപ്പിക്കാത്ത മുറിയില്‍ ഇടയ്ക്കു വന്നുപോയിരുന്ന തൂപ്പുകാരി സ്ത്രീകളും പരസ്പരം അടക്കം പറഞ്ഞത്, ഇയാള് ഇനി എത്ര നാള് എന്ന്...

മരണം ധ്യാനമായത് ആ കിടക്കയിലാണ്. നമ്മള ണിയുന്ന കിരീടങ്ങള്‍ക്ക് വയ്ക്കോലിന്‍റെ വില യേയുള്ളൂ. നമ്മുടെ പിടിവാശികളും താന്‍പോരി മയും മേല്ക്കോയ്മകളും ഒരു ചെറു കാറ്റില്‍ പറന്നു പോകുന്ന പതിരുപോലെ. കാട്ടിക്കൂട്ടുന്ന വിഡ്ഢി ത്തങ്ങളെയോര്‍ത്ത് സൗമ്യമായി ഉള്ളുതുറന്ന് ചിരിക്കാം. എന്തൊക്കെ പറഞ്ഞാലും മരണഭയം പോലെ ഒന്ന് മനുഷ്യന് അനുഭവിക്കാനില്ല. അജ്ഞാതം എന്ന വാക്ക് നിങ്ങളുടെ മുന്നില്‍ ഒരു മഹാമേരുപോലെ വളര്‍ന്നു നില്ക്കും. അജ്ഞാ തവും അനന്തവുമായ ഇരുള്. അതിനെയാണ് നാം ഭയക്കുന്നത്. അതിനെ ജയിച്ചാല്‍ നിങ്ങള്‍ ക്രിസ്തു വായി, ക്രിസ്തുവിനോടൊപ്പമായി...

ഉയിര്‍ത്തെഴുന്നേല്പു പോലെ പ്രകാശപൂര്‍ ണമായ മറ്റൊരു വാക്കില്ല എന്നു നിങ്ങള്‍ തിരി ച്ചറിയുന്നത് ഈ മരണഭീതിയിലൂടെ തുടര്‍ച്ചയായി കടന്നുപോയിക്കഴിയുമ്പോളാണ്. അജ്ഞാതമായ ആ മഹാഇരുളില്‍ നിന്ന് ഒരാള്‍ പ്രകാശധാര പോലെ നടന്നുവരുന്നു. അനാദികാലം മുതല്ക്കേ പ്രഹേളികയായിരുന്ന മരണം എന്ന ഇരുണ്ട മുറി പൊടുന്നനെ പ്രകാശമാനമാകുന്നു. ഇത് കേവലം ഒരു വിശ്വാസത്തിന്‍റെ മാത്രം പ്രശ്നമല്ല. ഒരു അനുഭവത്തിന്‍റെ പേരാണ്. ഒരാള്, നമുക്ക് മുമ്പേ പോയി എന്ന അറിവ് ആ അജ്ഞാതത്വത്തിന്‍റെ മഞ്ഞുമലയെ തകര്‍ക്കുന്നു.

ജീവനും മരണത്തിനുമിടയിലെ ആ നനുത്ത പാടയുടെ മറുവശത്ത് ഒരാള്‍ നില്ക്കുന്നു എന്ന അറിവുപോലെ മനസ്സിനെ ശാന്തമാക്കുന്ന മറ്റൊ ന്നില്ല. ഞാന്‍ ഒരു ദര്‍ശനത്തിലും ക്രിസ്തുവിനെ കണ്ടിട്ടില്ല. പക്ഷേ, എന്‍റെ മടക്കയാത്രയില്‍ ശ്വാസം പോലെ യാഥാര്‍ത്ഥ്യമായിരുന്നത് ക്രിസ്തുവായി രുന്നു. അത് ഒരു അത്ഭുതം പോലെയല്ല, പൂ വിരിയും പോലെ, ഇളംകാറ്റ് വീശുന്നതുപോലെ, അത്ര സ്വാഭാവികമായിരുന്നു. അത്ര സാവധാനമാ യിരുന്നു. പ്രകൃതിയുടെ ക്രമം തെറ്റാതെ, മൃദുവായി...

എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ഞാന്‍ നൂറ്റിമുപ്പതോളം ഡയാലിസിസിന് വിധേയനായി. സമ്മാനം കിട്ടിയ സോണിയുടെ വാക്ക്മാനും കൊണ്ടാണ് ഞാന്‍ ഡയാലിസിസ് റൂമിലേക്ക് പോയിരുന്നത്. പ്രത്യാശ പകരുന്ന ഭക്തിഗാനങ്ങള്‍ മുഴങ്ങുന്ന എന്‍റെ വാക്ക്മാന്‍ അന്നൊക്കെ അവിടെ പലര്‍ക്കും പരിചിതമായിരുന്നു!

ഇക്കാലയളവില്‍ കിഡ്നി ട്രാന്‍സ്പ്ലാന്‍റേഷ നോടുള്ള എന്‍റെ മമ്മിയുടെ ഭീതി നീങ്ങിയിരുന്നു. 2003 മാര്‍ച്ച് ആയപ്പോഴേക്കും എന്‍റെ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. ആയിടെ പത്രത്തില്‍ ഒരു പരസ്യം കണ്ടു, വെല്ലൂ രിലെ പ്രശസ്തമായ ആശുപത്രിയില്‍ നിന്ന് ഡോ. എബി എബ്രഹാം എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് സ്ഥലം മാറി എത്തിയിരി ക്കുന്നു. ആയിരത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്കിയ വ്യക്തി എന്ന് ആ പരസ്യത്തില്‍ പറഞ്ഞിരുന്നു. മമ്മി തന്നെ യാണ് ആ പരസ്യം പത്രത്തില്‍ കണ്ടതും പുന്നുരു ന്നിയില്‍ താമസമാക്കിയ ഡോക്ടര്‍ എബിയെ കാണാന്‍ മുന്‍കൈ എടുത്തതും.

ഇരുപത്തിയേഴാം വയസ്സിലാണ് എന്‍റെ വൃക്ക മാറ്റിവച്ചത്. 2003 മെയ് 6 ന്. എന്‍റെ ഡാഡിയായി രുന്നു വൃക്കദാതാവ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ തലേന്നാള്‍ സന്ധ്യയ്ക്ക് രണ്ട് അതിഥികളെത്തി. എന്നെ അവസാനമായി കാണു ന്നതു പോലെയാണ് അവര്‍ നോക്കിയതും പെരുമാറിയതും. അവരില്‍ ഒരാള്‍ പറഞ്ഞു: "അത്യന്തം അപകടകരമായ ശസ്ത്രക്രിയയാണിത്. ഒരു കൈപ്പിഴവ് മതി കാര്യങ്ങളെല്ലാം അവതാള ത്തിലാകാന്‍!" എന്‍റെ നെഞ്ചിലേക്ക് ഒരു കാര്‍മേഘ ത്തുണ്ട് പറത്തിവിട്ടിട്ട് അയാള്‍ പോയി.
ഏത് ഭയത്തിന്‍റെ നിമിഷത്തിലും ഞാന്‍ മുറുകെ പിടിച്ചിരുന്ന ഒരു സങ്കീര്‍ത്തനമുണ്ട്. 91-ാം സങ്കീര്‍ ത്തനം. അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കു ന്നവരെക്കുറിച്ച് ദാവീദ് പാടുന്ന സങ്കീര്‍ത്തനം. പിറ്റേന്ന് ഓപ്പറേഷന്‍ തീയേറ്ററില്‍ ദൈവത്തിന്‍റെ ഇടനെഞ്ചിലേക്കാണ് ഞാന്‍ മിഴികളടച്ചത്. മന സ്സിനെ അത്യുന്നതന്‍റെ സംരക്ഷണത്തിന്‍റെ താഴ്വരയില്‍ മേയാന്‍ വിട്ടു. ഭീതി ഒരു തൂവാല പോലെ കാറ്റില്‍ പാറിപ്പോയി. പിന്നീട് ഞാനുണരുമ്പോള്‍, പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലാണ് ഞാന്‍. സെഡേഷനുകളുടെ പിടിവിട്ട് വേദന പതുക്കെ ഉണരുന്നു. ഐസിയുവില്‍ കിടന്നിരുന്ന ആ ഏഴു ദിവസങ്ങളില്‍ വേദനയും ക്രിസ്തുവും എനിക്ക് കൂട്ടായി.

പിന്നീട് മൂന്നു മാസം ഒരു മുറിക്കുള്ളില്‍ ഏകാന്തവാസം. ഓപ്പറേഷന്‍ കഴിഞ്ഞുള്ള ആദ്യകാ ലങ്ങളില്‍ നമ്മുടെ പ്രതിരോധശക്തി തീരെ കുറവായിരിക്കും. മരുന്നുകള്‍ കൊണ്ട് അങ്ങനെ കുറച്ചു വയ്ക്കുന്നതാണ്, ശരീരം പുതിയ വൃക്കയെ തള്ളിക്കളയുന്നത് ഒഴിവാക്കാന്‍ വേണ്ടി. മൂന്നു വര്‍ഷം നീണ്ട പലവിധ പൂര്‍വ്വചികിത്സ കൊണ്ടും ഒരു വര്‍ഷത്തെ ഡയാലിസിസ് കൊണ്ടും എന്‍റെ ആരോഗ്യം വല്ലാതെ ക്ഷയിച്ചിരുന്നതിനാല്‍ വളരെ സാവധാനമാണ് ഞാന്‍ സാധാരണ ജീവിതത്തി ലേക്ക് മടങ്ങി വന്നത്. ആറു മാസത്തോളം ഞാന്‍ ഏകാന്തവാസം നയിച്ചു. പുസ്തകങ്ങളായിരുന്നു, എന്‍റെ സന്തതസഹചാരികള്‍.

ഓരോ പ്രഭാതത്തിലും ജീവിതത്തിലേക്ക് പിച്ച വയ്ക്കുന്നവനെ പോലെയായിരുന്നു, ഞാന്‍. വീടിന് പുറത്തിറങ്ങി അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ പിച്ച വയ്ക്കുകയായിരുന്നു. ആദ്യം ഏതാനും ചുവടുകള്‍  മാത്രം. പിറ്റേന്ന് അഞ്ചുമിനിറ്റ്, പിന്നെ പത്ത്, പതിനഞ്ച്... ദിവസേനയുള്ള നടത്തം എനിക്ക് ശക്തി പകര്‍ന്നു. ഞാന്‍ ജീവിതത്തിന്‍റെ പ്രകാശം കണ്ടു. ഡോക്ടര്‍ നിഷ്കര്‍ഷിക്കുന്നതനുസരിച്ച് കൃത്യമായി മരുന്നുകള്‍ കഴിക്കുക, ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, ആരോഗ്യം അനുവദിക്കുന്ന രീതിയില്‍ വ്യായാമം ചെയ്യുക, ലഹരിപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക, ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന യാതൊന്നും ചെയ്യാതിരി ക്കുക, പ്രാണന്‍ ദാനമായി തന്ന ഉടയവനില്‍ ആശ്രയിക്കുക.  

ഈ പത്തൊന്‍പതു വര്‍ഷങ്ങള്‍ എന്നെ കാത്തതും വഴിയില്‍ വന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ ശക്തി പകര്‍ന്നതും ക്രിസ്തുവായിരുന്നു. പിന്നെ എന്‍റെ ആരോഗ്യം ഉലഞ്ഞപ്പോഴൊക്കെ സ്നേഹത്തോടെ എന്‍റെ അരികത്തിരുന്ന, ഞാന്‍ സുരക്ഷിതനാണെന്ന് ഉറപ്പിച്ച ശേഷം ആശ്വാസ ത്തിന്‍റെ നെടുവീര്‍പ്പയച്ചിരുന്ന എന്‍റെ ആയുസ്സിന്‍റെ സഹയാത്രികനായ പ്രിയപ്പെട്ട ഡോക്ടര്‍ എബി എബ്രഹാം, എനിക്കു വേണ്ടി വൃക്ക പകുത്ത എന്‍റെ ഡാഡി, എന്‍റെ ആയുസ്സിനു വേണ്ടി രാപകലുകള്‍ കണ്ണീര്‍ വാര്‍ത്തു ഞാന്‍ സുരക്ഷിതനാണെന്ന് ഉറപ്പിച്ച് മണ്മറഞ്ഞു പോയ എന്‍റെ മമ്മി, ഞാന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയാണെന്ന് അറിഞ്ഞു കൊണ്ട് എന്നെ വരിക്കാന്‍ തയ്യാറായ എന്‍റെ ഭാര്യ സുനിത... ഒപ്പം. എനിക്കീ വഴിയില്‍ തണലായ എണ്ണമറ്റ സ്നേഹിതര്‍... നന്ദി, ഓരോരുത്തര്‍ക്കും.

അവയവദാനത്തെ പേടിയോടെ നോക്കിക്ക ണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഞാന്‍ കിഡ്നി ട്രാന്‍സ്പ്ലാന്‍റേഷന് വിധേയനായത്. എന്‍റെ ജീവന്‍ അപകടത്തിലാകും എന്നു പറഞ്ഞുകൊണ്ട് ആരൊ ക്കെയോ എന്‍റെ മമ്മിയെ ഭയപ്പെടുത്തിയിരുന്നു. ആ ഭയം എന്‍റെ ജീവിതം മൂന്നു വര്‍ഷത്തോളം ക്ലിഷ്ടപൂര്‍ണമായ വഴികളിലൂടെ അലയാന്‍ കാരണമായി. കഴിഞ്ഞു പോയ ഈ പത്തൊന്‍പത് വര്‍ഷങ്ങള്‍ ഞാന്‍ സാധാരണ ജീവിതമാണ് ജീവിച്ചത്. എന്‍റെ ഡോക്ടര്‍ എന്നും പറയാറു ണ്ടായിരുന്നതുപോലെ, സ്വയം രോഗി എന്നു പറയ രുത്. കിഡ്നി ട്രാന്‍സ്പ്ലാന്‍റേഷന്‍ കഴിഞ്ഞയാള്‍ പിന്നെ രോഗിയല്ല! ഞാന്‍ വിവാഹജീവിതം തിരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ടത് ഡോക്ടര്‍ തന്നെയാണ്. യൂ ആര്‍ അബ്സൊല്യൂട്ട്ലി നോര്‍മല്‍! അദ്ദേഹം പറയുമായിരുന്നു. ഫാ. ഡേവിസ് ചിറമ്മേല്‍ വൃക്ക ദാനം ചെയ്തപ്പോള്‍ അതിന് നേതൃത്വം ചെയ്തവരിലൊരാള്‍ ഡോ. എബിയാണ്. തങ്ങളുടെ ആരുമല്ലാത്തവര്‍ക്കു വൃക്ക ദാനം ചെയ്യാന്‍ തയ്യാറായ ചിറമ്മേലച്ചനെയും കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളിയെയും ഞാന്‍ ആദരവോടെ സ്മരിക്കുന്നു. ജീവിതശൈലി കൊണ്ടോ, നമ്മുടെ നാട്ടിലെ ഭക്ഷണത്തിലെ വിഷാംശം കൊണ്ടോ ഒക്കെ നിരവധി പേരാണ് ഇന്ന് വൃക്കരോഗികളാകുന്നത്. ഡയാലിസിസ് മോചനമില്ലാത്ത ഒരു ഭ്രമണചക്രം പോലെയാണ്. ഡയാലിസിസ് ചെയ്ത് രണ്ടോ മൂന്നോ ദിവസത്തെ ആശ്വാസത്തിനു ശേഷം രോഗി പഴയപടിയാകുന്നു. അത് മനസ്സ് മരവിപ്പിക്കുന്ന ഒരവസ്ഥയാണ്. അതില്‍ നിന്നുള്ള ഒരു മോചനമാണ് കിഡ്നി ട്രാന്‍സ്പ്ലാ ന്‍റേഷന്‍. എന്‍റെ ഡാഡി കിഡ്നി നല്കാന്‍ മനസ്സ് കാണിച്ചതുകൊണ്ടാണ് ഞാന്‍ നിലനില്ക്കുന്നത്. ഡാഡിക്ക് ഇപ്പോള്‍ 78 വയസ്സായി. അദ്ദേഹത്തിന് കിഡ്നി സംബന്ധമായ യാതൊരു അസുഖവും ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെ നിരവധി പേര്‍ കിഡ്നി മാത്രമല്ല, മറ്റ് അവയവങ്ങളും ദാനം ചെയ്യാന്‍ മുന്നോട്ടു വരണം. ഒരു ആയുസ്സിനെ നീട്ടാന്‍ നിങ്ങള്‍ ഒരു നിമിത്തമാകുമെങ്കില്‍ അതിലേറെ മറ്റൊരു സുകൃതമുണ്ടോ?

You can share this post!

ജീവന്‍റെ സംരക്ഷണവും അവയവദാനവും

ബിഷപ്പ് ജേക്കബ് മുരിക്കന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts