ഗുരുവിനെ കാണാന്‍ തടവറയിലെത്തിയ ശിഷ്യരെ നോക്കി ഗുരു മനോഹരമായി പുഞ്ചിരിച്ചു. ആകുലതയോടെ നില്ക്കുന്ന ശിഷ്യരോട് അദ്ദേഹം പറയുകയാണ്: "ഞാന്‍ എന്നും സ്വതന്ത്രനായിരുന്നു. ചന്തസ്ഥലത്തും പാഠശാലയിലും ദാ, ഇപ്പോള്‍ ഈ തടവറയിലും."
അന്ധകാരാവൃതമായ വിദേശാധിപത്യത്തിനെതിരെ വീറോടെ പോരാടി സ്വാതന്ത്ര്യം എന്ന ജന്മാവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശോജ്വലമായ ഓര്‍മ്മ പുതുക്കലിന് 75 വര്‍ഷത്തിന്‍റെ നിറവ്. ജന്മനാടിന്‍റെ അഖണ്ഡതയുടെയും ഐക്യത്തിന്‍റെയും പ്രാധാന്യവും ആവശ്യകതയും ചിന്താവിഷയം ആക്കിക്കൊണ്ട് ഓരോ ഭാരതീയ മനസ്സിലുമുണ്ട് കരുതലോടെ കുറിച്ചിടാന്‍ നിരവധി പാഠങ്ങള്‍. സമ്പന്നവും വികാരനിര്‍ഭരവുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് കൃതജ്ഞതയോടെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ സാഷ്ടാംഗപ്രണാമം അര്‍ഹിക്കുന്ന എത്രയെത്ര സുകൃതജന്മങ്ങളാണുള്ളത്. അഹിംസയെ രക്ഷാകവചമാക്കി ചര്‍ക്ക എന്ന സമരായുധവുമായി ഭാരതമണ്ണിന്‍റെ സമ്പൂര്‍ണ്ണസ്വാതന്ത്ര്യത്തിനായി ആത്മബലത്തോടെ പൊരുതിയ മഹാത്മാഗാന്ധിയുടെ... ആ പുണ്യാത്മാവിന്‍റെ കര്‍മ്മവീര്യത്തോടൊപ്പം ഏകസ്വരതയോടെ ചേര്‍ന്നുനടന്ന് നാട്ടിലെ ആബാലവൃദ്ധം ജനസമൂഹങ്ങളില്‍ രാജ്യസ്നേഹം തൊട്ടുണര്‍ത്തി ജ്വലിപ്പിച്ച, ആളിപ്പടര്‍ത്തിയ വീരസേനാനികളുടെയൊക്കെ നിസ്വാര്‍ത്ഥപ്രയത്നത്തിന്‍റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഒരൊറ്റ ഇന്ത്യ എന്ന മനോഹര ആശയത്തിന്‍റെ അഭിമാനജൂബിലിയിലൂടെ കടന്നുപോകുന്ന നാം ലോകചരിത്രത്തില്‍ ആഴമേറിയ മുദ്ര പതിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെക്കുറിച്ച്... സ്വാതന്ത്ര്യമെന്ന ഏകലക്ഷ്യവുമായി അഹോരാത്രം അടരാടിയ സമരസേനാനികളെക്കുറിച്ച് വലുതായ ബോധ്യവും കൃതജ്ഞതയും ഉള്ളവരായിരിക്കണം.
ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഭരണപദ്ധതികളുടെ ചുവടുപിടിച്ച് വളര്‍ച്ചയുടെ പടവുകളേറി ഇന്ത്യയെന്ന വലിയ ജനാധിപത്യശക്തിയുടെ വികസ്വരരാഷ്ട്രം എന്ന നിലയില്‍ നിന്ന് വികസിതരാജ്യമായുള്ള യാത്രയ്ക്കിടയില്‍ ഭരണമാറ്റങ്ങള്‍ പലതവണ നടന്നു. അധികാര കൊടിയടയാളങ്ങളില്‍ നിറഭേദങ്ങളും മാറിമറിഞ്ഞു. ഒട്ടേറെ പ്രതികൂലസാഹചര്യങ്ങളും സങ്കീര്‍ണതകളും ഒക്കെ പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലെത്തിയ നമ്മുടെ ജന്മനാടിന് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാന്‍ നേട്ടങ്ങളുടെ വലിയൊരു നിരതന്നെയാണുള്ളത്.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വിദേശ ശക്തികള്‍ക്കുപോലും വെല്ലുവിളികള്‍ ഉയര്‍ത്തുംവിധമുള്ള ഇന്ത്യയുടെ കുതിപ്പ് തികച്ചും ചാരിതാര്‍ത്ഥ്യജനകമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത RISAT-IA,, അതുപോലെ ചന്ദ്രയാന്‍ തുടങ്ങിയ കാല്‍വെപ്പുകളിലൂടെ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന ബഹിരാകാശസ്വപ്നങ്ങള്‍ തീര്‍ച്ചയായും ഭാവിയിലേക്കുള്ള വലിയൊരു വാതായനം തന്നെയാണ് തുറക്കുന്നത്. പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യകുടുംബക്ഷേമപദ്ധതികളിലും സ്വതന്ത്രഭാരതത്തിന് ബഹുദൂരം മുന്‍പിലേക്ക് എത്താനായിട്ടുണ്ട് എന്നതു വലിയൊരു പ്രതീക്ഷ നമുക്കു നല്കുന്നു. ജീവിതസൗകര്യങ്ങളുടെ കാര്യത്തില്‍ നമ്മളെക്കാള്‍ ഉയര്‍ന്നവര്‍ എന്നു കരുതിയിരുന്ന പല രാഷ്ട്രങ്ങളും കോവിഡിന്‍റെ സംഹാരതാണ്ഡവത്തിനുമുന്നില്‍ പതറിപ്പോയപ്പോഴും അവരെ അപേക്ഷിച്ച് ജനസാന്ദ്രത ഏറെ കൂടിയ ഇന്ത്യയിലെ നഗരങ്ങള്‍ ആ ഭീകരാവസ്ഥയെ ശക്തമായി നേരിട്ടതും അതിജീവനവഴിയെ ചങ്കുറപ്പോടെ മുന്നേറിയതും ഈ രാജ്യത്തെയോര്‍ത്ത് അഭിമാനിക്കാനുള്ള വലിയൊരവസരമായി നമുക്ക്. ഗതാഗതമേഖലകളിലും ത്രിവിധ സൈനികശക്തികളിലും മുന്‍നിരയിലേക്കെത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന്‍റെ വ്യാവസായിക സാമ്പത്തിക വളര്‍ച്ചയുടെ തോത് ജനസംഖ്യാനുപാതികമാകുന്ന കാലമാണ് നാമിനി കാത്തിരിക്കേണ്ടത്.
വിഹഗവീക്ഷണത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം നാടിന്‍റെ നന്മയും മൂല്യവും ഐക്യവും എന്നും പുലര്‍ന്നു കാണണമെന്ന് ആശിക്കുന്നവരുടെയെല്ലാം മനസ്സിനെ മുറിപ്പെടുത്തുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍കൂടി പറയാതെ പോകുന്നത് സ്വതന്ത്രഭാരതത്തോടുള്ള, ഹൃദയത്തോടു ചേര്‍ത്തുവച്ച് സംരക്ഷിക്കാന്‍ പൂര്‍വ്വീകര്‍ നമ്മെ ഏല്പിച്ച ഭാരതാംബയോടുള്ള അനീതിയായേ കാണാനാവൂ. ലോകരാജ്യങ്ങള്‍ വിസ്മയത്തോടെ, കൗതുകത്തോടെ നോക്കുന്ന ഈ വലിയ ജനാധിപത്യമതേതര രാജ്യത്തിലെ മതസൗഹാര്‍ദ്ദം, നമ്മുടെ ഭരണഘടന കല്പിച്ചു തന്ന മതസ്വാതന്ത്ര്യം അതു ഭാവിയിലേക്കുകൂടി ഉള്ളതാണ് എന്തുവില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന പരമ പവിത്ര സത്യത്തെ ചിലരെങ്കിലും മറന്നുതുടങ്ങിയിരിക്കുന്നു എന്നത് ജൂബിലി വര്‍ഷത്തിന് ശോഭ അല്പം കുറയ്ക്കുന്നില്ലേ... സംശയിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയതയുടെ പൈശാചികപ്രവണതകള്‍ പലയിടങ്ങളിലും ഫണമുയര്‍ത്തി അസ്വസ്ഥതകളും കലാപങ്ങളും സൃഷ്ടിക്കുമ്പോള്‍... ജനതയുടെ സ്വതന്ത്രജീവിതത്തിനു വിള്ളലായതു മാറുമ്പോള്‍ ഇവിടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി എന്നു പറയാനാവുമോ? സ്ത്രീധനം അല്പം കുറഞ്ഞതിന്‍റെ പേരില്‍ പെണ്‍ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നതും വീട്ടകങ്ങള്‍ കുരുതിക്കളമായി മാറുന്നതും ഒരു തുടര്‍ക്കഥയാകുന്ന തെരുവില്‍ പിച്ചിചീന്തപ്പെടുന്ന സ്ത്രീജന്മങ്ങള്‍, ഒരിറ്റ് നീതിക്കായി, സഹായത്തിനായി കേണലയുന്ന ഈ നാട് സ്വതന്ത്രം എന്നു പറയുവാനാകുമോ? അഴിമതിക്കഥകള്‍ ഭരണകൂടങ്ങളെ പിടിച്ചുലയ്ക്കുന്നത് നിത്യസംഭവമാകുമ്പോള്‍ ഈ നാട് സ്വതന്ത്രമോ? ഏതാനുംപേര്‍ സമ്പത്തുകൊണ്ട് അമ്മാനമാടി കളിക്കുമ്പോള്‍ വേണ്ടത്ര ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഇല്ലാതെ ഒരു വലിയ വിഭാഗം ജനങ്ങള്‍ വികസനം എത്തിനോക്കാത്ത പ്രദേശങ്ങളില്‍ മൃഗതുല്യം കഴിയുന്ന നാട് സ്വതന്ത്രമോ? നമ്മുടെ മഹാത്മാവ്, പൂര്‍വ്വികര്‍, ഒക്കെയും കിനാവു കണ്ട സ്വതന്ത്രഭാരത നിര്‍മ്മാണത്തിലേക്ക് ഇനിയും ഏറെദൂരം നാം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
വര്‍ഗീയകലഹങ്ങള്‍ ഇല്ലാതിരുന്ന, വിശ്വസാഹോദര്യത്തിന്‍റെ കാവലാളന്മാര്‍ ആയിരുന്ന ആര്‍ഷഭാരത പുനര്‍നിര്‍മ്മിതി ആവട്ടെ ഇനി നമ്മുടെ സ്വപ്നം. ജനനന്മയ്ക്കായി മാത്രം നിലകൊള്ളുന്ന അഴിമതിസ്പര്‍ശം ഇല്ലാത്ത, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ഇല്ലാത്ത ഭരണവര്‍ഗ്ഗത്തിനു വേണ്ടിയാവട്ടെ ഇനി നമ്മുടെ പ്രാര്‍ത്ഥനകള്‍. ധനത്തിനും അധികാരത്തിനുമായി ആരുടെ മുമ്പിലും നട്ടെല്ല് വളയ്ക്കാത്ത, അസഹിഷ്ണുതയുടെ കരിനിഴല്‍ പാടുകളേശാത്ത സത്യത്താല്‍ സ്വതന്ത്രമാക്കപ്പെട്ട ചിന്തയും മനസ്സും മനസ്സാക്ഷിയുമുള്ള സമൂഹമായി പുനര്‍ജനിയിലേക്ക് കടക്കാനാവട്ടെ ഇനി നമ്മുടെ നിയോഗങ്ങള്‍.
സ്വാതന്ത്ര്യം തന്നെ അമൃതം... സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന കവിമൊഴികളിലെ മധുരമായ താക്കീതിനെക്കുറിച്ച് ബോധവാനായി സ്വജീവിതം ചിട്ടപ്പെടുത്തിയാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ പല പ്രശ്നങ്ങളും. ജീവിതം അത് ജീവനുള്ളത് ആകണമെങ്കില്‍ ജീവിക്കുകയാണ് എന്ന വ്യക്തമായ തോന്നല്‍ ഉണ്ടാവണമെങ്കില്‍ ഉള്ളിലെ സ്വാതന്ത്ര്യസൂര്യനെ അതിന്‍റെ എല്ലാ പൊന്‍കതിരുകളോടുകൂടി പുറത്തെടുക്കേണ്ടതുണ്ട്. അപരന്‍റെ കണ്ണിലെ കരടിനായി മാത്രം സമയം പാഴാക്കാതെ ഒരു നല്ല സമരിയാക്കാരനാകാനുള്ള ശ്രമമാണ് നടത്തേണ്ടത്. ആകെ ഇരുളിലാണ്ട ആകാശത്തെ ഭംഗിയുള്ളതാക്കാന്‍ ഒരൊറ്റ നക്ഷത്രത്തിന്‍റെ പ്രഭയ്ക്ക് കഴിയുംപോലെ സഹജന്മങ്ങള്‍ക്കു പ്രകാശമാകാനും ചുറ്റുപാടുകളില്‍ മറഞ്ഞിരിക്കുന്ന മനോഹാരിതകളെ കണ്ടെത്താനും വെളിപ്പെടുത്താനുമായാല്‍ നമുക്കും ഈ ജീവിതം എത്ര സുന്ദരം എന്ന് പറയാനാവും.
"നിങ്ങള്‍ കാണുന്നവ കാണാന്‍ കഴിഞ്ഞ കണ്ണുകള്‍ എത്ര അനുഗൃഹീതം. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ കഴിയുന്ന കാതുകളും അപ്രകാരം." സ്വാതന്ത്ര്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ ക്രിസ്തുനാഥന്‍റെ ഈ ദിവ്യവചസ്സുകള്‍ മനസ്സില്‍ കുറിക്കാം. കാണുന്നതില്‍ എല്ലാം നന്മയെ കണ്ടെത്താന്‍, കേള്‍ക്കുന്നതില്‍ എല്ലാം നന്മയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അവസ്ഥയിലേക്കുള്ള മാനസിക പക്വത തീര്‍ച്ചയായും നമ്മെ സ്വതന്ത്രരാക്കും.