news-details
കാലികം

സൂര്യനെ അണിഞ്ഞ സ്ത്രീ

'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന അപ്പസ്തോലിക പ്രബോധനം ഫ്രാന്‍സിസ് പാപ്പാ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "ഈ വിചിന്തനങ്ങള്‍ പരിശുദ്ധ കന്യാമറിയത്താല്‍ കിരീടമണിയിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍ മറ്റാരും ജീവിച്ചിട്ടില്ലാത്തതുപോലെ യേശുവിന്‍റെ സുവിശേഷഭാഗ്യങ്ങള്‍ ജീവിച്ചവളാണവള്‍. പരിശുദ്ധ മറിയം വിശുദ്ധരിലെ വിശുദ്ധയാണ്. 'എന്‍റെ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍' എന്ന സുവിശേഷവചനങ്ങളുടെ സാധ്യത യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യവ്യക്തിയാണ് പരിശുദ്ധമറിയം."

കാലം എങ്ങനെ മറിയത്തിന്‍റെ ജീവിതത്തിന് സമാപ്തി വരുത്തിയെന്ന് ചരിത്രങ്ങളൊന്നും പറയുന്നില്ല. എങ്കിലും, അവസാനനാളുകളില്‍ യോഹന്നാനോടൊപ്പം എഫേസോസില്‍ കഴിഞ്ഞിരുന്നു എന്ന് അനുമാനിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ചരിത്രത്തിന്‍റെയോ, ബൈബിളിന്‍റെയോ, ഘനശാലികളായ വിശുദ്ധരുടെയോ പിന്തുണയില്ല. ക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ട് സ്വര്‍ഗാരോപണം നേടിയവള്‍ എന്ന സൂചന ബൈസന്‍റയിന്‍ പ്രാര്‍ത്ഥനകളില്‍ കാണാം. ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ഇവള്‍ മറ്റു ശിഷ്യന്മാരോടുകൂടി പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തിരുന്നു. ക്രിസ്തുവിന്‍റെ അമ്മ എന്നതിനേക്കാള്‍ ക്രിസ്തുശിഷ്യ എന്ന സ്ഥാനത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്ന് സെന്‍റ് അഗസ്റ്റിന്‍ പറയുന്നു. ക്രിസ്തുവിന്‍റെ മാതാവായ മറിയം പ്രഥമ ക്രിസ്തുശിഷ്യയായിത്തീര്‍ന്നു. മറിയം യേശുവിന്‍റെ ഗുരുനാഥയായിരുന്നു. കാരണം അവന്‍റെ മൊഴികളെ അവളുടെ വാക്കുകളുടെ നിഴല്‍ പുതപ്പിച്ചിരിക്കുന്നതായി കാണാം. ഉത്ഥിതനായ മിശിഹാ ശിഷ്യന്മാര്‍ക്കു നല്കുന്ന നിര്‍ദ്ദേശം 'ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാന്‍ അവരെ പഠിപ്പിക്കുക' എന്നതാണ്. കാനായിലെ കല്യാണനാളില്‍ 'അവന്‍ നിങ്ങളോടു പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍' എന്ന മേരിയുടെ വാക്കുകളുടെ മാറ്റൊലിയാണ് പിന്നീട് നാം ക്രിസ്തുവില്‍ കേട്ടത്. ഇവിടെ മറിയം ഗുരുസ്ഥാനത്താണ്.

മറിയം യേശുവിന്‍റെ ശിഷ്യയായിരുന്നു. "നിന്നെ  പാലൂട്ടിയ സ്തനങ്ങളും വഹിച്ച ഉദരവും ഭാഗ്യം ചെയ്തവ" എന്ന് ശ്രോതാക്കളിലൊരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍, 'ദൈവവചനം കേട്ടനുസരിക്കുന്നവര്‍ അതിനേക്കാള്‍ ഭാഗ്യം ചെയ്തവരാണെന്ന്' യേശു മറുപടി പറഞ്ഞു. 'ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിവൃത്തിയാകട്ടെ' എന്ന് ദൈവദൂതനോട് മറുവാക്ക് ചൊല്ലിയപ്പോള്‍, ശിലയില്‍ പണിത ഭവനത്തിന് തുല്യമായ വിശ്വാസത്തോടുകൂടിയ ശിഷ്യയായി മറിയം മാറി.

'സ്വര്‍ലോകരാജ്ഞി. ആനന്ദിച്ചാലും, എന്തെന്നാല്‍ കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു!' ജീവിതത്തിന്‍റെ അന്തഃസംഘര്‍ഷങ്ങള്‍ക്കൊടുവിലെ വിജയമായിരുന്നു ക്രിസ്തുവിന്‍റെ ഉത്ഥാനം. മറിയത്തിന്‍റെ ചുണ്ടിലെ നിശ്ശബ്ദമായ പുഞ്ചിരിയായിരുന്നു ഉത്ഥാനത്തിന്‍റെ അടയാളം. ആ ചെറുപുഞ്ചിരിയിലൂടെ അവള്‍ പറഞ്ഞു, അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു. അങ്ങനെ അവളുടെ ജീവിതം  രണ്ട് മംഗളവാര്‍ത്തകള്‍ക്കിടയിലെ മഴവില്ലായി തെളിഞ്ഞുനിന്നു. അവന്‍ നിന്നില്‍ ഉരുവം കൊള്ളുമെന്ന മംഗളവാര്‍ത്തയും അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റുവരുമെന്ന ഉത്ഥാനഗീതവും.

തന്‍റെ പരിശുദ്ധന്‍ അഴുകിപ്പോകാന്‍ അവിടുന്ന് അനുവദിക്കുകയില്ല എന്ന വേദപുസ്തകമൊഴിയുടെ സാക്ഷ്യമായിരുന്നു മറിയത്തിന്‍റെ ജീവിതം. ചില ഉടലുകള്‍ മണ്ണില്‍ ലയിച്ചുചേരാന്‍ ദൈവം സമ്മതിക്കില്ല. ദൈവത്തിനു പ്രിയങ്കരമായ ഉടലുകളെ ദൈവം വിണ്ണിലേക്ക് എടുക്കമത്രേ! മണ്ണിലഴുകുവാനുള്ളവരല്ല നാം, വിണ്ണിലേക്ക് ഉയരുവാനുള്ളവരാണ്. ഉത്പത്തി പുസ്തകത്തില്‍ ഹെനോക്ക് എന്ന ഒരു പരിശുദ്ധന്‍റെ ജീവചരിത്രക്കുറിപ്പുണ്ട്. മൂന്നേ മൂന്നു വാക്യങ്ങള്‍ - ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടില്ല. ദൈവം അവനെ എടുത്തു. (ഉത്പത്തി 5:24).

'മാതാവിന്‍റെ സ്വര്‍ഗാരോപണത്തെക്കുറിച്ചുള്ള അരിമത്യാക്കാരന്‍ ജോസഫിന്‍റെ വിവരണം സുറിയാനി, കോപ്റ്റിക്, അറബിക്, ലത്തീന്‍ തുടങ്ങിയ ഭാഷകളിലുണ്ട്. ഈ വിവരണപ്രകാരം മാതാവിന്‍റെ ആത്മാവ് എടുക്കപ്പെട്ടപ്പോള്‍ അപ്പസ്തോലന്മാര്‍ അവളുടെ ശരീരം സീയോന്‍ മലയില്‍ നിന്ന് ജോസഫാത്തിന്‍റെ താഴ്വരയിലേക്ക് സംവഹിച്ചു. അവിടെ ഒരു ശവകുടീരത്തില്‍ വലിയ ആദരവോടും വിലാപത്തോടും പ്രാര്‍ത്ഥനാഗീതങ്ങളോടും കൂടി അടക്കി, എന്നാല്‍ മാലാഖമാര്‍ അവളുടെ ശരീരം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിച്ചു. അപ്പസ്തോലന്മാരെ സ്വര്‍ഗ്ഗത്തിന്‍റെ ഒരു പ്രകാശം വലയം ചെയ്തിരുന്നതിനാല്‍ അതു കണ്ടില്ല.

ഇന്ത്യയില്‍ വചനപ്രഘോഷണത്തിലായിരുന്ന തോമാശ്ലീഹായ്ക്ക് ഇതിന്‍റെ ദര്‍ശനം ഉണ്ടായി. തോമാശ്ലീഹാ മറിയത്തോടു പ്രാര്‍ത്ഥിച്ചു, "നീ സ്വര്‍ഗ്ഗത്തിലേക്കു പോകുമ്പോള്‍ ഈ ദാസനോട് കരുണയുണ്ടാകണമേ." അപ്പോള്‍ മാതാവിന്‍റെ അരപ്പട്ട (സൂനാറ) താഴേക്കു നല്കപ്പെട്ടു. കര്‍ത്താവിന്‍റെ ഉത്ഥാനത്തില്‍ സംശയാലുവായിരുന്ന തോമാശ്ലീഹാ മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന്‍റെ വിശ്വാസത്തിന്‍റെ അടയാളം കൈയാളി. അങ്ങനെ അവന്‍ അരപ്പട്ട കെട്ടിയ വിശ്വാസിയായി. ഏതു കൊടുങ്കാറ്റിനെയും അതിജീവിക്കുന്ന ശിലാധാരമായ വിശ്വാസത്തിന്‍റെ ജീവിക്കുന്ന സാക്ഷ്യം.

'സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ' എന്നു പറഞ്ഞുകൊണ്ടാണ് വേദപുസ്തകഭാഗം അവസാനിക്കുക. പ്രകാശത്തെ വസ്ത്രമായി ധരിക്കുക. ആകാശമോക്ഷത്തില്‍ ആളുകളൊക്കെയും ഇങ്ങനെയാകും കാണപ്പെടുക, അല്ലേ! ഓരോ കോശവും ദീപ്തമാകുന്ന ഒരു കാലം, സ്വര്‍ഗാരോപണം നല്‍കുന്ന സ്വപ്നം. 

You can share this post!

സൂര്യനെ പ്രണയിച്ച ചന്ദ്രിക

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts