news-details
സഞ്ചാരിയുടെ നാൾ വഴി

ഇങ്ങനെ പറഞ്ഞാണ് അവിടുന്ന് വാനമേഘങ്ങളിലേക്ക് മടങ്ങിപ്പോയത്: "ഭൂമിയുടെ അതിരോളം നിങ്ങള്‍ എന്‍റെ സാക്ഷികളായിരിക്കും"(നടപടി 1:8). കാണികള്‍ പെരുകുന്ന ഭൂമിയില്‍ സാക്ഷിയായി നിലനില്‍ക്കാനുള്ള അവന്‍റെ ക്ഷണത്തെ സാധകര്‍ കുറെക്കൂടി ഗൗരവമായി കാണേണ്ടതാണ്.

'സാക്ഷി' ഒത്തിരി അനുരണനങ്ങള്‍ ഹൃദയത്തിലുണര്‍ത്തുന്ന പദമാണ്. സൂര്യനെ കര്‍മ്മസാക്ഷിയെന്നാണ് വിശേഷിപ്പിക്കുന്നത്. പകലിന്‍റെ ചലനങ്ങളെല്ലാം അത് ഇമയനക്കാതെ കാണുന്നുണ്ട്. എന്നാല്‍ ഇരുളില്‍ സൂര്യന്‍ നിസ്സഹായനാകുന്നു. അപ്പോഴും പകല്‍പോലെ എല്ലാം കണ്ടുകൊണ്ടൊരാള്‍ നില്‍പ്പുണ്ട്, ഈശ്വരന്‍ എന്ന നിത്യ-നൂതന സാക്ഷി. ഒരു നെടുവീര്‍പ്പോടെ ഭൂമിയിലെ മനുഷ്യരെയൊക്കെയത് ഏറ്റുപറയുന്നുണ്ട്. മത്സ്യങ്ങളെപ്പോലെ ദൈവത്തിന്‍റെ മിഴികള്‍ക്ക് ഇമകളില്ലെന്നു മക്കളോടു പറഞ്ഞുകൊടുക്കണം. 'എന്‍റെ കര്‍ത്താവ് മയങ്ങുന്നില്ല'യെന്നു സങ്കീര്‍ത്തകനും പാടുന്നു. അങ്ങനെ വരുമ്പോള്‍ ദൈവവുമായി ബന്ധമുള്ള ഒരു വാക്കാണ് 'സാക്ഷി' എന്നു തോന്നുന്നു. സാക്ഷി കാണികളെപ്പോലെ നിസ്സംഗനോ, നിസ്സഹായനോ അല്ല. ശരിയായ നേരത്ത് അയാളുടെ ശക്തമായ ഇടപെടലുണ്ടാകും. ഗുരുക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയുമാണ് ആ സനാതനസാക്ഷി നമ്മുടെ ചരിത്രത്തിലേക്കു പ്രവേശിക്കുന്നത്. അഗാധങ്ങളിലൂടെ ഒഴുകുന്ന പുഴ മേല്‍ത്തട്ടിലേക്കു വരുന്നതുപോലെ.

നോക്കണം യോഹന്നാന് സുവിശേഷം വച്ചുനീട്ടുന്ന അവധാനം: "ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്‍റെ പേര് യോഹന്നാന്‍. അവന്‍ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍" (യോഹ. 1:6). ഒരര്‍ത്ഥത്തില്‍ ക്രിസ്തുവും സാക്ഷി തന്നെ. ആദിതൊട്ടേ ആരുടെ പാര്‍ശ്വത്തിലായിരുന്നോ ആ ചൈതന്യത്തെക്കുറിച്ചുള്ള സാക്ഷ്യമായിരുന്നല്ലോ അവിടുത്തെ വാക്കും ജീവിതവും. 'അബ്രാഹത്തിനു മുന്‍പേ ഞാനുണ്ടായിരുന്നു' എന്നുപറഞ്ഞ് തന്‍റെ കാലത്തെ അമ്പരപ്പിച്ച ആ മുപ്പതുവയസ്സുകാരന്‍ 'എന്നെ കാണുന്നവന്‍ എന്‍റെ പിതാവിനെ കാണുന്നു' എന്നുപറഞ്ഞ് പുഞ്ചിരിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?

സാക്ഷിയായിരിക്കുക അത്ര സരളമായ പ്രക്രിയയല്ല. വലിയ മൂലധനം ആവശ്യമുള്ളതും നിരന്തരം കപ്പം കൊടുക്കേണ്ടി വരുന്നതുമായ ഒരു വ്യാപാരമാണ് അത്. കോടതിമുറിയിലെ ഒരു സാക്ഷിയുടെ ഉത്തരവാദിത്വം ആ മരക്കൂട്ടില്‍നിന്ന് ഇറങ്ങുന്നതോടെ തീരുന്നുണ്ടാവും. പക്ഷേ ഒരു ക്രിസ്തുസാക്ഷി എന്തു ചെയ്യും? അവിടുത്തെ മൊഴിയും ജീവിതവും നിരന്തരം മനുഷ്യരുടെ വിചാരണയ്ക്കു വിധേയപ്പെട്ട് നില്‍ക്കുമ്പോള്‍ അവസാന  ശ്വാസത്തോളം അയാള്‍ക്ക്  അങ്ങനെ നിലനില്‍ക്കുകയേ തരമുള്ളൂ എന്ന മാക്സ് കേക്കാഡോയുടെ നിരീക്ഷണം ഓര്‍ക്കുന്നു.

നിരന്തരം സത്യത്തിലായിരിക്കുക എന്നതാണ് സാക്ഷിയുടെ ധര്‍മ്മം. ഒരു കോടതിമുറിപോലും അയാള്‍ ആചരിക്കുന്ന അനുഷ്ഠാനം ശ്രദ്ധിക്കുന്നു. തന്‍റെ വേദപുസ്തകത്തില്‍തൊട്ട് അയാള്‍ ഇങ്ങനെ വിളിച്ചുപറയുന്നുണ്ട്: 'സത്യമേ പറയൂ, മുഴുവന്‍ സത്യവും, സത്യമല്ലാതെ മറ്റൊന്നും പറയാനുമില്ല.' അസത്യം അരങ്ങുതകര്‍ത്താടുന്ന അത്ര നല്ലതല്ലാത്ത ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അതിനിടയില്‍ സത്യത്താല്‍ സ്വതന്ത്രരാക്കപ്പെട്ട ഒരു ചെറിയ അജഗണത്തെ നസ്രത്തുകാരനായ ഗുരു തിരയുന്നുണ്ട്. ഉല്‍പ്പത്തി തൊട്ട് വെളിപാടുവരെ ബൈബിള്‍ കണിശമായി നേരിടുന്നത്, വലിയൊരപരാധമാണ്, അസത്യം. നുണയുടെ പിതാവെന്നാണ് യോഹന്നാന്‍ സാത്താനെ വിളിക്കുന്നത്. അവന്‍ നുണ പറഞ്ഞിട്ടില്ലെന്നാണ് ഏശയ്യായുടെ മിശിഹായെക്കുറിച്ചുള്ള വാഴ്ത്ത് (ഏശ. 53:9). വെറുതെയല്ല ഗാന്ധി സത്യത്തെ ദൈവം എന്നു വിളിച്ചത്. 'എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍' എന്ന ആത്മകഥയുടെ ശീര്‍ഷകത്തെ 'ദൈവാന്വേഷണ പരീക്ഷണങ്ങള്‍' എന്ന് തിരുത്തിവായിച്ചാലും കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? കബീറിന്‍റെ ഗീതങ്ങളില്‍ ഈശ്വരനെ സത്യത്തിന്‍റെ മഹാപ്രഭു എന്നാണ് വിളിക്കുന്നത്.

അസത്യത്തില്‍ മരണമുണ്ട് എന്നൊരു പാഠം നടപടി പുസ്തകത്തിലുണ്ട്. അനനിയാസിന്‍റെയും സഫീറയുടെയും കഥയാണത്. നുണ പറയുന്നതോടെ മരിച്ചുവീഴുന്നവര്‍. എവിടെയൊക്കെ അസത്യമുണ്ടോ അവിടെയൊക്കെ എന്തോ ചില അളവില്‍ മരണവുമുണ്ട്. അഗാധമായ ഒരു സൗഹൃദത്തില്‍പ്പോലും അസത്യങ്ങള്‍ മരണത്തെ ക്ഷണിച്ചുവരുത്തുന്നുണ്ട്. അപര്‍ണാ സെന്നിന്‍റെ 'ജാപ്പനീസ് വൈഫ്' എന്ന ചിത്രം കണ്ടു. ജീവിതത്തിലൊരിക്കലും പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടു പേര്‍, ഒരു ബംഗാളി അദ്ധ്യാപകനും ജാപ്പനീസ് സ്ത്രീയും. കത്തുകളിലൂടെ, ഒരുമിച്ചു താമസിക്കുന്നവരേക്കാള്‍ അടുപ്പത്തിലും വിശ്വസ്തതയിലുമാണ് അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. അഗാധദുഃഖവുമായി തന്‍റെ അടുക്കലെത്തിയ ഒരു സ്ത്രീയെ നിരാസക്തിയോടെ തലോടി അയാള്‍ക്ക് ആശ്വസിപ്പിക്കേണ്ടിവന്നു. അതുപോലും തന്‍റെ കൂട്ടുകാരിയോടുള്ള വ്രതലംഘനമായി കരുതിയ അയാള്‍ വിറയലോടെ അതും അവള്‍ക്ക് എഴുതി അറിയിക്കുന്നുണ്ട്: "ഈ കത്ത് വായിച്ചതിനുശേഷം നീ എനിക്ക് വീണ്ടും എഴുതില്ല എന്നു ഞാന്‍ ഭയക്കുന്നു. എങ്കിലും എനിക്കു നിന്നോട് പറയാതിരിക്കാനാവില്ല. എല്ലാം തുറന്നുപറയാനായില്ലെങ്കില്‍പ്പിന്നെ എന്താണ് നമ്മുടെ ബന്ധത്തിന്‍റെ സാംഗത്യം..." സത്യത്തിന്‍റെ നീര്‍ത്തടങ്ങളിലാണ് സന്തോഷത്തിന്‍റെ ആമ്പല്‍പ്പൂക്കള്‍ വിരിയുന്നത്.

എന്തുകൊണ്ടാണ് മനുഷ്യര്‍ എന്നിട്ടും സത്യത്തില്‍നിന്ന് മാറി നടക്കുന്നത്? സത്യം പലപ്പോഴും കഠിനമാണ്. ആവശ്യത്തിലേറെ പരുക്കുകളും അസ്വസ്ഥതയും അതു നിങ്ങളില്‍ അവശേഷിപ്പിക്കും. എന്നിട്ടും സത്യത്തിന്‍റെ സംഗീതം നിങ്ങള്‍ അഭിമുഖീകരിച്ചേ തീരൂ. Facing Music  എന്നൊരു ഇംഗ്ലീഷ് ശൈലിയുണ്ട്. അതൊരു നാടോടിക്കഥയില്‍നിന്ന് രൂപപ്പെട്ടതാണ്. കൊട്ടാരത്തില്‍ വലിയൊരു വാദ്യസംഘമുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു വിരുതനുണ്ട്. സംഗീതം തീരെ വശമില്ലാത്ത അയാള്‍ പുല്ലാങ്കുഴല്‍ വായിക്കുന്നമട്ടില്‍ കൂട്ടത്തിലിരിക്കും. വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് രാജാവിന് ഓരോരുത്തരുടെയും സംഗീതം വേറിട്ട് കേള്‍ക്കാനാഗ്രഹമുണ്ടായത്. അവന്‍റെ ദിനമെത്തിയപ്പോള്‍ അവന്‍ രോഗിയായി നടിച്ചു കിടന്നു. കൊട്ടാരം വൈദ്യന്‍ ആ നുണയും പൊളിച്ചു. പിന്നെ സ്വയം കഥ അവസാനിപ്പിക്കുകയല്ലാതെ അയാളുടെ മുമ്പില്‍ വേറെ വഴിയില്ല.

അനുഭവങ്ങളാണ് അയാളുടെ ഊര്‍ജ്ജം. മറ്റാരുടെയെങ്കിലും കാഴ്ചയോ കേള്‍വിയോ അയാളെ സഹായിക്കാന്‍ പോകുന്നില്ല. സ്വന്തം അടുപ്പില്‍ ചുട്ട അപ്പം മാത്രമേ അയാള്‍ ഉറ്റവര്‍ക്കായി വിളമ്പുന്നുള്ളൂ. ശിഷ്യരെ സാക്ഷികളാക്കാനുള്ള അനുശാസനങ്ങളുടെ ഭാഗമായിട്ടാണ് ക്രിസ്തു അവരോട് ആ രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലും - "ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്/ ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?" അങ്ങനെയാണ് കാണി സാക്ഷിയായി സ്നാനം ചെയ്യുന്നത്. പത്തുകല്പനകള്‍ക്കിടയില്‍ നമ്മളെ പരാമര്‍ശിക്കുന്നതല്ലെന്നു കരുതി വളരെ വേഗത്തില്‍ വിട്ടുകളയുന്ന കല്പന, കള്ളസാക്ഷി പറയരുത് എന്നതായിരിക്കണം. ജീവിതത്തിലൊരിക്കലും ഒരു കോടതി വ്യവഹാരത്തില്‍പ്പെടുകയോ, പെടാന്‍സാധ്യതയോ ഇല്ലാത്തതായ നമ്മള്‍ എന്തു കള്ളസാക്ഷി പറയാന്‍. അങ്ങനെയാശ്വസിക്കാന്‍ വരട്ടെ, നേരിട്ടനുഭവമില്ലാതെ പറയുകയോ, ചെയ്യുകയോ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിശാലമായ ഒരര്‍ത്ഥത്തില്‍ അതിനു താഴെ വരും. ദൈവത്തെക്കുറിച്ച് കുഞ്ഞുങ്ങളോടു പറയുമ്പോള്‍പ്പോലും ഭയപ്പെടേണ്ട കാര്യമാണത്.

സ്ഥൈര്യമാണ് അയാള്‍ പുലര്‍ത്തുന്ന മറ്റൊരു ശ്രേഷ്ഠത. മൊഴി മാറുന്ന സാക്ഷികള്‍ എന്ന വര്‍ത്തമാനം എത്ര അപഹാസ്യമാണ്. വസ്ത്രം മാറുന്നതിനേക്കാള്‍ വേഗത്തില്‍ മനുഷ്യര്‍ അവരുടെ നിലപാടുകള്‍ മാറുന്നതു കാണുമ്പോള്‍ പേടിവരുന്നു. ഹാ! മണലില്‍ വീടു പണിയുന്നവരെ... നിരന്തരമായ പരിണാമങ്ങളിലൂടെ കടന്നുപോകുന്ന ഒന്നല്ല സത്യം. താന്‍ ചേര്‍ന്നുനില്‍ക്കുന്ന കാര്യങ്ങളോട് അവസാനത്തോളം പുലര്‍ത്തേണ്ട വിശ്വസ്തയ്ക്കുവേണ്ടിയാണ് അയാള്‍ ദൈവത്തോടു മുട്ടിപ്പായി പ്രാര്‍ത്ഥിക്കേണ്ടത്. ചുരുക്കത്തില്‍ മൂന്നു കാര്യങ്ങളുടെയെങ്കിലും -സത്യം, അനുഭവം, സ്ഥൈര്യം- ഒരു സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ് 'സാക്ഷി' എന്നു തോന്നുന്നു. അങ്ങനെ അയാള്‍ക്ക് അസാധാരണമായ രീതിയില്‍ വിശ്വാസ്യത (credibility) ഉണ്ടാകുന്നു.

അത്തരം മനുഷ്യരുടെ സര്‍ഗാത്മകമായ ഇടപെടലുകളെക്കുറിച്ച് നിരവധി സുവിശേഷ സൂചനകളുണ്ട്. അതിലൊന്നിതാണ്, നിന്‍റെ സഹോദരന്‍ തെറ്റു ചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തുക. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികളെ കൂട്ടത്തില്‍ കൊണ്ടുപോകുക. നേരത്തെ സൂചിപ്പിച്ചതുപോലെ ദീര്‍ഘമായ ജീവിതംകൊണ്ട് നിഷേധിക്കാനാവാത്ത വിധത്തില്‍ നമ്മളില്‍ വിശ്വാസ്യത ബലപ്പെടുത്തിയവര്‍. നാട്ടിന്‍പുറത്തെ ചില പ്രൈമറിസ്കൂള്‍ അദ്ധ്യാപകരെപ്പോലെ അവര്‍ എല്ലായിടത്തുമുണ്ട്. എന്നിട്ടും അവരൊക്കെ കാണെക്കാണെ അപ്രസക്തമാകുമാറ് സങ്കീര്‍ണമാകുകയാണ് നമ്മുടെ കാലം. പകരം പണക്കൊഴുപ്പും അധികാരത്തിന്‍റെ ധാര്‍ഷ്ട്യവും ഉള്ള ചിലര്‍ എല്ലാത്തിന്‍റെയും മദ്ധ്യസ്ഥരായിക്കൊണ്ടിരിക്കുകയാണ്. ഇതാണ് ദൈവത്തിന് നമ്മുടെ വര്‍ത്തമാനകാലത്തെ കുറിച്ചു പറയാനുള്ള എതിര്‍സാക്ഷ്യം.

സാക്ഷിയുടേത് ഒരു വിപത്കരമായ ജീവിതമാണ്. ഭൗതികമായ അര്‍ത്ഥത്തില്‍പ്പോലും ഒരു സാക്ഷിയെ നിശബ്ദനാക്കാന്‍ എത്രമാത്രം കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രലോഭനങ്ങള്‍കൊണ്ടും ഭീഷണികള്‍കൊണ്ടും അവരുടെ ജീവിതത്തെ നമ്മള്‍ കഠിനമായ സമ്മര്‍ദ്ദത്തിലാക്കുന്നു. യോഹന്നാന്‍റെ ശിരച്ഛേദനവും ക്രിസ്തുവിന്‍റെ കുരിശുമരണവുമൊക്കെ ഒരു സാക്ഷിക്ക് ഒടുവില്‍ എന്തു സംഭവിക്കുന്നുവെന്നതിന്‍റെ ഏറ്റവും സത്യസന്ധമായ സൂചനയാണ്.  കുഞ്ഞാട് അഞ്ചാം മുദ്ര തുറന്നപ്പോള്‍ അത്തരം മനുഷ്യരെ കണ്ടാണ് യോഹന്നാന്‍ വിറങ്ങലിച്ചു നില്‍ക്കുന്നത്. ദൈവവചനത്തെപ്രതിയോ, അവയുടെ സാക്ഷ്യത്തെപ്രതിയോ വധിക്കപ്പെട്ട എണ്ണിയാല്‍ത്തീരാത്ത ആത്മാക്കള്‍... അവരുടെ കൂട്ടത്തില്‍ വായനക്കാരാ ഞാനുണ്ടാവില്ല, കഷ്ടം!  

You can share this post!

ഖേദം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts