news-details
കാലികം

കുരുക്കില്‍ പിടയുന്ന മിടിപ്പുകള്‍

(ജീവന്‍റെ എല്ലാ തുടിപ്പുകളും ചിന്തയുടെ എല്ലാ തലങ്ങളും പച്ചയായി തുടിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ - കുറ്റവാളിയെന്നാരോപിക്കപ്പെട്ട ഒരുവനെ- ബന്ധിതനാക്കി കഴുമരത്തിലേക്ക് തള്ളിക്കൊണ്ടുപോകുന്നു. കഴുത്തില്‍ കൊലക്കുരുക്ക് അണിയിക്കപ്പെട്ട്, അന്ത്യനിമിഷങ്ങളെണ്ണി കാത്തുനില്ക്കുമ്പോഴും ദൈവനാമം ഉരുവിടുന്ന ആ മനുഷ്യന്‍റെ അപ്പോഴത്തെ ദയനീയാവസ്ഥ, വാക്കുകള്‍ക്കപ്പുറം ഭീകരവും ബീഭത്സവുമാണ്. കിരാതമായ ഈ കഴുവേറ്റലിനു സാക്ഷ്യം വഹിക്കേണ്ടിവന്ന ജോര്‍ജ് ഓര്‍വെല്‍ - ഇദ്ദേഹം ബ്രിട്ടീഷ് ഇംപീരിയല്‍ പോലീസിലെ ഒരു അംഗമായിരുന്നു - തന്‍റെ, ആ നിമിഷത്തെ ഹൃദയത്തുടിപ്പുകളാണ് ഈ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ജോലിയുടെ ഭാഗമായി മാത്രം ഈ കഴുവേറ്റല്‍ ചടങ്ങിനെ കണ്ട ഉദ്യോഗസ്ഥന്മാരുടെ നിര്‍വികാരിത ഇദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.)

ബര്‍മ്മയിലെ ഒരു ജയിലിന്‍റെ കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളിലാണ് ഞാനും സംഘവും. ഇതു മഴയില്‍ കുതിര്‍ന്ന ഒരു തണുത്ത പ്രഭാതം. നിരനിരയായി കൊച്ചുകൊച്ചു ഷെഡുകള്‍. ഓരോന്നിനും ഏകദേശം പത്തടി വ്യാസം കാണും. ഏതോ ചെറിയ മൃഗങ്ങളുടെ ഗുഹകളാണവയെന്നു പെട്ടെന്നു തോന്നിപ്പിക്കാമെങ്കിലും അതിലെ അന്തേവാസികള്‍ നമ്മെപ്പോലുള്ള മനുഷ്യര്‍തന്നെ. പുതപ്പുകൊണ്ട് നഗ്നത മറച്ച് ഓരോ അറയുടെയും മൂലയില്‍ കുത്തിയിരിക്കുന്നതു മനുഷ്യരാണ്. വെറും മനുഷ്യരല്ല, കുറ്റമാരോപിക്കപ്പെട്ട്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍. ജീവിതത്തില്‍ അവശേഷിക്കുന്ന ദിവസവും മണിക്കൂറും നിമിഷവുംവരെ വായിച്ചറിഞ്ഞവര്‍. അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ കഴുവേറ്റപ്പെടാവുന്ന അവര്‍ക്കു കൂട്ടായുള്ളത് ഒരു ചെറിയ പലക കട്ടിലും കുടിവെള്ളം നിറച്ചിരിക്കുന്ന ഒരു മണ്‍കുടവും.

അഞ്ചാറു വാര്‍ഡന്മാര്‍ ചേര്‍ന്ന് അവരിലൊരുവനെ സെല്ലില്‍നിന്നും പുറത്തേയ്ക്കു കൊണ്ടുവരികയാണ്. കഴുമരത്തിലേക്കുള്ള അവന്‍റെ യാത്ര ആരംഭിച്ചിരിക്കുന്നു. പറ്റേ വെട്ടിയ മുടി. ഈറനണിഞ്ഞ കണ്ണുകള്‍. ബാഹ്യഭാവങ്ങളില്‍നിന്നും ആ മനുഷ്യനൊരു ഹിന്ദുവാണെന്ന് മനസ്സിലായി. അയാളുടെ സമൃദ്ധമായ മേല്‍മീശ ഏതോ സിനിമയിലെ ഹാസ്യകഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു.

നല്ല ഉയരമുള്ള ആറ് ഇന്ത്യന്‍ വാര്‍ഡന്മാരാണ് ആ മനുഷ്യനു ചുറ്റും ചേര്‍ന്നുനീങ്ങുന്നത്. നീട്ടിപ്പിടിച്ച നിറതോക്കുകളുടെയും ബയണറ്റിന്‍റെയും നടുവില്‍ കൈവിലങ്ങണിഞ്ഞ് ചങ്ങലയാല്‍ ബന്ധിതനായി അയാള്‍ നടന്നുനീങ്ങുകയാണ്. എങ്കിലും അയാളെ അവര്‍ ഉന്തുകയും തള്ളുകയും വലിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇടംവലം തിരിയാന്‍ അയാളെ അവര്‍ അനുവദിക്കുന്നില്ല. കരയ്ക്കു പിടിച്ചിട്ട മത്സ്യത്തെപ്പോലെ അയാള്‍ പിടയുകയാണ്. എന്നിട്ടും അയാള്‍ പ്രതികരിക്കുന്നില്ല. എതിര്‍ക്കുന്നുമില്ല. മുടന്തി മുടന്തി അയാള്‍ മുന്നോട്ടു നീങ്ങുകയാണ്.

സമയം എട്ടുമണി. അകലെയുള്ള പട്ടാളക്യാമ്പില്‍ നിന്നും സൈറണ്‍ മുഴങ്ങി. പ്രഭാതഭക്ഷണത്തിനു സമയമായി.

അക്ഷമനായി മുറ്റത്തുനിന്നിരുന്ന സൂപ്രണ്ട് സൈറണ്‍ കേട്ടപ്പോള്‍ തലയുയര്‍ത്തി അയാള്‍ എത്തിയില്ലേയെന്നു നോക്കി. നരച്ചമീശയും പരുക്കന്‍ സ്വരവുമുള്ള അയാള്‍ കയ്യിലിരിക്കുന്ന വടി നിലത്ത് ആഞ്ഞാഞ്ഞു കുത്തി. "ഫ്രാന്‍സിസ്, നിങ്ങള്‍ എന്തെടുക്കുകയാണ്? ഇതുവരെ റെഡിയായില്ലേ? ഇവന്‍ കൊല്ലപ്പെടേണ്ട സമയം ഇപ്പോള്‍ത്തന്നെ കഴിഞ്ഞിരിക്കുന്നു. ദൈവത്തെയോര്‍ത്ത് ഒന്നുവേഗം കൊണ്ടുവരൂ," ആര്‍മി ഡോക്ടര്‍ കൂടിയായിരുന്ന അയാള്‍ തിടുക്കപ്പെട്ടു.

"എല്ലാം തയ്യാറാണ് സാര്‍. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആരാച്ചാരും റെഡി. അവിടെയെത്തേണ്ട താമസമേയുള്ളൂ," ഫ്രാന്‍സിസ് ഭവ്യതയോടെ പറഞ്ഞു.

"ഉം... പെട്ടെന്നാകട്ടെ... ഈ പണി കഴിഞ്ഞിട്ടുവേണം അവന്മാര്‍ക്കു പ്രഭാതഭക്ഷണം നല്‍കാന്‍." അയാള്‍ വീണ്ടും ധൃതികൂട്ടി.

ഒരുവനെ തൂക്കിലേറ്റിയിട്ട്, മറ്റ് തടവുകാര്‍ക്ക് അതും, വൈകാതെ ഈ തൂക്കുമരത്തിലേക്ക് എത്തേണ്ടവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള തിടുക്കം!

സായുധധാരികളായ വാര്‍ഡന്മാരുടെ അകമ്പടിയോടെ അയാള്‍ കഴുമരത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. മജിസ്ട്രേറ്റും മറ്റുള്ളവരും തൊട്ടുപിന്നാലെ.

കൊലമരത്തിലേയ്ക്ക് ഇനി ഏകദേശം 30 അടി ദൂരം. കൊല നടക്കാന്‍ സൂപ്രണ്ടിന്‍റെ ഒരു വാക്കു സമ്മതം മാത്രമേ വേണ്ടൂ.

പെട്ടെന്ന് എല്ലാവരേയും അന്ധാളിപ്പിച്ചുകൊണ്ട് ഒരു നായ ഞങ്ങളുടെ ഇടയിലേക്കു ചാടിവീണു. അയാളിലെ നന്മ അറിഞ്ഞിട്ടെന്നവണ്ണം അവന്‍ കുരച്ചുചാടി ഞങ്ങള്‍ക്കു ചുറ്റും ഓടി. എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോള്‍ അവനു വലിയ സന്തോഷമായതുപോലെ. ആര്‍ക്കും തടയാനാകും മുന്‍പേ അവന്‍ തടവുകാരന്‍റെ ദേഹത്തേയ്ക്കു വലിഞ്ഞുകയറി, അയാളുടെ മുഖത്ത് നക്കാന്‍ ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം ഭയന്ന്, നിശ്ശബ്ദരായി.

"ഈ നശിച്ച മൃഗത്തെ ആരാണ് ഇങ്ങോട്ടു കടത്തിവിട്ടത്? വേഗം ഇതിനെ പിടിച്ചുപൂട്ടുക." സൂപ്രണ്ട് അലറി.

ഒരു വാര്‍ഡന്‍ പട്ടിയെ പിടിക്കാന്‍ മുന്നോട്ടടുത്തു. അയാള്‍ക്കു പിടികൊടുക്കാതെ അവന്‍ തെന്നിമാറി. എല്ലാവരും അവനെ പിടിക്കാന്‍ ചാടിവരട്ടെയെന്ന ഭാവത്തില്‍ അവന്‍ വെട്ടിച്ചോടി. ചിലര്‍ മുറ്റത്തുകിടന്ന കല്ലുംമണലും വാരിയെറിഞ്ഞ് അവനെ ഓടിക്കാന്‍ ശ്രമിച്ചു. അവന്‍ വിദഗ്ദ്ധമായി ഏറുകൊള്ളാതെ ചാടിച്ചാടി നിന്നു. അവന്‍റെ കുരയുടെ ശബ്ദം അവിടെയാകെ പ്രതിദ്ധ്വനിച്ചു.

വാര്‍ഡന്മാരുടെ നടുവില്‍ ബന്ധിതനായി നില്‍ക്കുന്ന ആ മനുഷ്യന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. എങ്കിലും അയാളതൊന്നും ശ്രദ്ധിച്ചില്ല; ഒരു ഭാവമാറ്റവുമില്ല. ഇതും കഴുവേറ്റുന്നതിനു മുന്‍പുള്ള ഒരു നടപടിക്രമം - അത്രയുമേ അയാള്‍ കരുതിയുള്ളൂ.
ആര്‍ക്കോ പട്ടിയെ പിടുത്തം കിട്ടി. ഞങ്ങളുടെ കൈയിലിരുന്ന തൂവാല അവന്‍റെ കഴുത്തില്‍ മുറുക്കി - അവന്‍റെ കുതിപ്പിനെ തടയാന്‍. രക്ഷപ്പെടാനാകാതെ അവന്‍ അസ്വസ്ഥതയോടെ മുറുമ്മിക്കൊണ്ടിരുന്നു.

തടവുപുള്ളി എന്‍റെ മുന്നിലൂടെ കടന്നുപോയി. നഗ്നനായ അവന്‍റെ ശരീരത്തിന്‍റെ പിന്‍ഭാഗം ഞാന്‍ അടുത്തു കണ്ടു. ഓരോ നടത്തയിലും ഇളകുന്ന മാംസപേശികള്‍. വിലങ്ങണിഞ്ഞ കൈകളോടെ നിര്‍വികാരനായി അയാള്‍ നടന്നുനീങ്ങുന്നു. മുറ്റത്തെ ചരലില്‍ അയാളുടെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞിട്ടുണ്ട്. രണ്ടുപേരുടെ ബലിഷ്ഠകരങ്ങള്‍ തോളില്‍ അമര്‍ന്നിട്ടുണ്ടായിരുന്നെങ്കിലും മുറ്റത്തെ ചെളിക്കുഴിയില്‍ കാല്‍കുത്താതെ അയാള്‍ ഒഴിഞ്ഞുമാറി നടന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ആകാംക്ഷയും ജിജ്ഞാസയും തുടിച്ചുനിന്ന നിമിഷങ്ങള്‍. ആരോഗ്യവാനും സുബോധമുള്ളവനുമായ ഒരു മനുഷ്യനോട് എങ്ങനെ ഇങ്ങനെ പെരുമാറാനാകും? ജീവിതം പൂര്‍ത്തിയാകേണ്ട സമയമെത്തുംമുമ്പേ അവനെ എങ്ങനെ മരണത്തിലേക്കു തള്ളിയിടാനാകും! ബന്ധിതനായി മുന്നിലൂടെ വലിച്ചിഴയ്ക്കപ്പെട്ട ഈ മനുഷ്യനും നമ്മെപ്പോലെ തന്നെ വിശക്കുകയും ദാഹിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്നില്ലേ..... അതിന് ഏറ്റവും വലിയ തെളിവാണല്ലോ അവസാന നിമിഷത്തിലേക്കു നടക്കുമ്പോഴും കാല്‍പ്പാദങ്ങളില്‍ ചെളിപുരളാതെ ശ്രദ്ധിച്ചു നടക്കുന്നത്. ഇയാളുടെ ശരീരത്തിലെ ഓരോ കോശവും ഇപ്പോഴും വിഭജിക്കപ്പെടുകയും വളരുകയും ചെയ്യുന്നുണ്ട്. കൊലമരത്തില്‍ നില്‍ക്കുന്ന പത്തിലൊന്നു സെക്കന്‍റില്‍പോലും അവന്‍റെ നഖങ്ങളും ശരീരവും വളരുന്നുണ്ട്. എന്നിട്ടും ഒരിക്കലും പറയാന്‍പോലും പാടില്ലാത്ത തരത്തിലുള്ള മരണത്തിലേക്കു നടത്തപ്പെടുന്നു. എത്ര വലിയ തെറ്റ്! ഇവനും ഞങ്ങളും ഒരേ ലോകത്തിലെ യാത്രക്കാരല്ലേ? ഞങ്ങള്‍ ഈ ലോകത്തെ കണ്ടതുപോലെയല്ലേ ഇവനും ഈ ലോകത്തെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും? അടുത്തനിമിഷം വലിയൊരു ശബ്ദം കേള്‍ക്കാം. അതോടൊപ്പം ഇവന്‍റെ പ്രാണനും വിടപറയും. ഇത്രയും നേരം ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഒരുവന്‍ എത്ര പെട്ടെന്നാണ് വിടപറയുന്നത്!

തൂക്കുമരം തയ്യാറായി നില്‍ക്കുകയാണ്. പരുപരുത്ത വിത്തുകളുള്ള കളകള്‍ നിറഞ്ഞ മുറ്റത്താണ് അതു പണികഴിപ്പിച്ചിരിക്കുന്നത്. പ്രധാന തടവറയില്‍നിന്നും കുറച്ചകലെയാണ് ഇത്. മൂന്നുഭാഗവും ചുടുകട്ടകൊണ്ട് നിര്‍മ്മിച്ച ഭിത്തി. മുകളില്‍ പലക തറച്ചിട്ടുണ്ട്. അതിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ടു തൂണിന്മേല്‍ കുറുകെ ബന്ധിപ്പിച്ചിരിക്കുന്ന ഇടബന്ധത്തില്‍നിന്നും കുടുക്കിട്ട കയര്‍ തൂക്കിയിട്ടിട്ടുണ്ട്. തൂക്കുമരത്തിന്‍റെ ചുവട്ടില്‍ത്തന്നെ ആരാച്ചാര്‍ കാത്തുനില്പുണ്ട്. ഞങ്ങളെ അയാള്‍ ഭവ്യതയോടെ സ്വീകരിച്ചു.

"ഇവനെ മുകളില്‍ക്കയറ്റി നിര്‍ത്തൂ." ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശപ്രകാരം രണ്ടു വാര്‍ഡന്മാര്‍ചേര്‍ന്ന് അയാളെ ഗോവണിയിലേക്ക് ഉന്തിത്തള്ളി കയറ്റി. കൊലക്കയര്‍ കഴുത്തില്‍ കുരുക്കാന്‍ പാകത്തിനുള്ള പൊക്കമാണ് ഗോവണിക്കുള്ളത്. കൊലക്കയറിനോടു ചേര്‍ത്ത് അയാളെ നിര്‍ത്തിയശേഷം വാര്‍ഡന്മാര്‍ താഴെയിറങ്ങി. ഉടനെ ആരാച്ചാര്‍ മുകളിലെത്തി. കയറിന്‍റെ കുടുക്കിട്ട അഗ്രം അയാളുടെ കഴുത്തിലേക്ക് എടുത്തിട്ടു. ഇപ്പോള്‍ അയാളുടെ ശിരസ് ആ കുടുക്കിനുള്ളിലാണ്. കണ്‍മുന്‍പില്‍ നടക്കുന്നതൊക്കെ അയാള്‍ അറിയുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അല്പം അകലത്തായി ഞങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടു നില്‍പ്പുണ്ട്. വാര്‍ഡന്മാര്‍ കഴുമരത്തിനു ചുറ്റിലും നിരന്നു. "റാം.... റാം.... റാം...." അയാള്‍ തന്‍റെ ദൈവത്തെ വിളിച്ചു. തിടുക്കമോ വെപ്രാളമോ പ്രകടിപ്പിക്കാതെ ശാന്തസ്വരത്തില്‍ അയാള്‍ മന്ത്രിച്ചുകൊണ്ടിരുന്നു. താളത്തില്‍ മുഴങ്ങുന്ന ഒരു മണിനാദംപോലെ ആ സ്വരം നേര്‍ത്തുനേര്‍ത്ത് അന്തരീക്ഷത്തിലലിഞ്ഞു ചേര്‍ന്നുകൊണ്ടിരുന്നു.

ആരോടോ പരാതി പറയുന്നതുപോലെ പട്ടി എന്തോ ശബ്ദം കേള്‍പ്പിച്ചു. കഴുവേറ്റപ്പെടേണ്ടവന്‍ ഇപ്പോഴും പച്ചയായ ജീവനോടെ കൊലക്കയറും കഴുത്തിലണിഞ്ഞ് കഴുമരത്തില്‍ത്തന്നെ നില്‍ക്കുകയാണ്.

ധാന്യം പൊടിക്കുന്ന മില്ലുകളില്‍ ഉപയോഗിക്കുന്ന മാതിരിയുള്ള ഒരു തുണിസഞ്ചികൊണ്ട് അയാളുടെ മുഖം ആരാച്ചാര്‍ മൂടി. ആ തുണിമറയ്ക്കുള്ളില്‍നിന്നും അപ്പോഴും നേര്‍ത്ത ആ മന്ത്രം ഉതിര്‍ന്നുകൊണ്ടേയിരുന്നു - "റാം.... റാം..... റാം....."

ആരാച്ചാര്‍ താഴെയിറങ്ങി. തൂക്കുമരം പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതിന്‍റെ ലിവറിന്‍റെ അഗ്രത്ത് അയാള്‍ മുറുകെ പിടിച്ചു. അവസാന ഉത്തരവിനായി കാതോര്‍ത്തു. (ലിവര്‍ വലിക്കുമ്പോള്‍, ഗോവണി താഴും, കഴുത്തില്‍ കുടുക്കു മുറുകി കുറ്റവാളി പിടഞ്ഞു മരിക്കും.)

കയ്യിലിരിക്കുന്ന വടി സാവധാനം നിലത്തു വീണ്ടും വീണ്ടും കുത്തിക്കൊണ്ട് സൂപ്രണ്ട് തലകുനിച്ചു നില്‍ക്കുകയാണ്; അയാളുടെ പ്രാര്‍ത്ഥനാമന്ത്രങ്ങളുടെ എണ്ണമെടുക്കുന്നതുപോലെ. "റാം... റാം..." അപ്പോഴും നേര്‍ത്തു കേള്‍ക്കാമായിരുന്നു. ചുറ്റിലുംനിന്ന പലരുടെയും മുഖഭാവങ്ങള്‍ വിവര്‍ണ്ണമായി. ചിലരുടെ ബയണറ്റുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

മുഖം മറയ്ക്കപ്പെട്ട്, കഴുത്തില്‍ കൊലക്കുടുക്ക് അണിയിക്കപ്പെട്ട് നില്‍ക്കുന്ന ആ മനുഷ്യന്‍ ഇപ്പോഴും "റാം... റാം..." എന്നു മന്ത്രിക്കുകയാണ്. ഓരോ മന്ത്രവും അയാളുടെ ജീവന്‍റെ അവസാന സെക്കന്‍ഡുകള്‍ എണ്ണുകയാണ്.

ചുറ്റിലും നിന്നവരുടെ ഉള്ളിലൊരൊറ്റ ആഗ്രഹം മാത്രം. അയാളെ എത്രയും വേഗം കൊല്ലൂ. അവന്‍ കടന്നുപൊയ്ക്കോട്ടെ... ഈ ദീനസ്വരം നിലച്ചിരുന്നെങ്കില്‍...

പെട്ടെന്ന് സൂപ്രണ്ട് തലയുയര്‍ത്തി. കൈയിലിരുന്ന വടി ഒരു വട്ടംകൂടി നിലത്ത് ആഞ്ഞുകുത്തി. എന്നിട്ട് ക്രൗര്യത്തോടെ പറഞ്ഞു: 'ചലോ' (ലിവര്‍ താഴ്ത്താന്‍ ആരാച്ചാര്‍ക്കു നിര്‍ദ്ദേശം കൊടുത്തു).

ഒരു ഭീകരശബ്ദം മുഴങ്ങി. അടുത്തനിമിഷം അയാള്‍ നിശബ്ദനായി. ആ കഴുമരത്തില്‍ അവന്‍ തൂക്കിക്കൊല്ലപ്പെട്ടു. വധശിക്ഷ പൂര്‍ത്തിയായി. അയാള്‍ തൂങ്ങിക്കിടന്ന ആ കയര്‍ തനിയെ വട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്നു.

ഞാന്‍ പട്ടിയെ അഴിച്ചുവിട്ടു. അവന്‍ ഒറ്റക്കുതിപ്പിനു തൂക്കുമരത്തിനു പിന്നിലെത്തി. അതിലേക്കു നോക്കി കുറച്ചു സമയം കുരച്ചു. പിന്നെ അവന്‍ മുറ്റത്തെ കുറ്റിക്കാട്ടിലേക്ക് മാറി, ഭയചകിതനായി ഞങ്ങളുടെ നേരെ   നോക്കിയിരുന്നു.

കഴുമരത്തിനു ചുറ്റും നടന്ന് ഞങ്ങള്‍ ആ ശവശരീരം നിരീക്ഷിച്ചു. അയാളുടെ കാല്‍പ്പാദങ്ങളിലെ തള്ളവിരലുകള്‍ ഭൂമിയുടെ നേരെ നീണ്ടു ഞാന്നുകിടക്കുന്നു. ഭാരമുള്ള ഒരു കല്ല് കയറില്‍ കെട്ടിത്തൂക്കിയിട്ടാല്‍ കറങ്ങുന്നതുപോലെ ആ ശരീരം കയറില്‍ക്കിടന്ന് സാവധാനം കറങ്ങിക്കൊണ്ടിരുന്നു.

സൂപ്രണ്ട് തന്‍റെ വടിയുയര്‍ത്തി ആ നഗ്നശരീരത്തിലൊന്നു കുത്തി. അതു നേരിയ തോതില്‍ ഒന്നാടുക മാത്രമേ ചെയ്തുള്ളൂ.

"ഇവന്‍റെ കഥ കഴിഞ്ഞിരിക്കുന്നു." അയാള്‍ പിറുപിറുത്തു. കഴുമരത്തിന്‍റെ ചുവട്ടില്‍നിന്നും തിരിച്ചിറങ്ങിയപ്പോള്‍ അയാളില്‍ നിന്നൊരു നെടുനിശ്വാസം ഉയര്‍ന്നു. മുഖത്ത് അതുവരെയുണ്ടായിരുന്ന മ്ലാനത പെട്ടെന്നുതന്നെ അപ്രത്യക്ഷമായി.

"എട്ടുമണി കഴിഞ്ഞ് എട്ടുമിനിറ്റുകൂടി ആയി. എല്ലാം രാവിലെതന്നെ ചെയ്തുതീര്‍ക്കാനായല്ലോ. നന്ദി ദൈവമേ." അയാളുടെ ആശ്വാസവചനം.

വാര്‍ഡന്മാരും തിരിച്ചു നടന്നു തുടങ്ങി.

താന്‍ കാണിച്ച അപമര്യാദകരമായ പ്രവൃത്തിയെക്കുറിച്ച് ബോധവാനായതുപോലെ പട്ടിയും ശാന്തനായി ആ രംഗം വിട്ടു.

മുറ്റത്ത് കൈയിലൊരു പിഞ്ഞാണവും പിടിച്ചുകൊണ്ട് നിരനിരയായി തടവുകാര്‍ കുത്തിയിരിപ്പുണ്ട്. മരണസമയം കുറിക്കപ്പെട്ടവര്‍. രണ്ടു വാര്‍ഡന്മാര്‍ ബക്കറ്റില്‍നിന്നും ഭക്ഷണസാധനം വിളമ്പി അവരുടെ പിഞ്ഞാണത്തിലേക്ക് ഇട്ടുകൊടുക്കുന്നു. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയാണെന്നേ കണ്ടാല്‍ തോന്നുകയുള്ളൂ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നവര്‍ പങ്കെടുക്കുന്ന മറ്റൊരു തമാശ.

എല്ലാവരുടെയും മുഖത്ത് ജോലി തീര്‍ത്തതിന്‍റെ സന്തോഷവും ആശ്വാസവും. ഓട്ടത്തിനിടയില്‍ ഒരു പാട്ടുപാടാന്‍ അവസരം ലഭിച്ച പാട്ടുകാരനെപ്പോലെ എല്ലാവരും ഉല്ലാസവാന്മാര്‍.

"അറിയുമോ, ഞങ്ങളുടെ ആ സുഹൃത്ത് (കഴുവേറ്റപ്പെട്ടവനെയാണ് അവന്‍ ഉദ്ദേശിച്ചത്) വധശിക്ഷ ഇളവുചെയ്യാന്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളപ്പെട്ടു എന്നറിഞ്ഞ നിമിഷം സെല്ലിന്‍റെ തറയില്‍ അറിയാതെ മൂത്രമൊഴിച്ചുപോയി." എതിരെ വന്ന യൂറോപ്യന്‍ പയ്യന്‍ പറഞ്ഞു. രാവിലെ വന്നവഴിക്ക് ഉള്ള കണ്ടുപരിചയം മാത്രമേ ഇവനുമായുള്ളൂ. എങ്കിലും അവന്‍ വളരെ അടുത്തു പരിചയമുള്ള രീതിയില്‍ സംസാരം തുടര്‍ന്നു: "സാര്‍, ഒരു സിഗരറ്റ് വലിക്കുന്നോ? ഈ വെള്ളിക്കവര്‍ കാണുമ്പോള്‍ എന്നോട് ആരാധന തോന്നുന്നില്ലേ. 8 രൂപ 8 അണ നല്‍കി വാങ്ങിയതാണ് ഈ സിഗരറ്റ് കവര്‍, തനി യൂറോപ്യന്‍ സ്റ്റൈലന്‍ സാധനമാ."
തൂക്കിലേറ്റപ്പെട്ടവനെ എല്ലാവരും എത്രവേഗം മറന്നിരിക്കുന്നു. എല്ലാവര്‍ക്കും ചിരിയും സന്തോഷവും മാത്രം - എന്തിനെന്നറിയുമോ ആവോ?

ഫ്രാന്‍സിസും സൂപ്രണ്ടും വരുന്നുണ്ട്. അയാള്‍ സൂപ്രണ്ടിനോട് എന്തൊക്കെയോ തുരുതുരാ പറയുന്നുണ്ട്.

"എല്ലാം തൃപ്തികരമായിത്തന്നെ നടന്നു. 'ടപ്പേ'ന്നല്ലേ അവന്‍ തീര്‍ന്നുകിട്ടിയത്. എല്ലാ കേസുകളും ഇതുപോലെ എളുപ്പമാകണമെന്നില്ല കേട്ടോ. കുഴപ്പം പിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലതിനും ഞാന്‍ ഡോക്ടറോട് കടപ്പെട്ടിരിക്കുന്നു. കാലില്‍ ഞാന്നുകിടന്ന് മരണം ഉറപ്പാക്കിയ എത്രയെത്ര കേസുകള്‍..."

"പിടഞ്ഞു പിടഞ്ഞ്, ചാകാതെ കിടക്കും അല്ലേ? അതൊരു തലവേദനയാ." സൂപ്രണ്ട് ഫ്രാന്‍സിസിനെ പിന്താങ്ങി.

"അതെ സാര്‍, ചില അവന്മാരെ തൂക്കാന്‍ കൊണ്ടുവരുമ്പോള്‍ മര്‍ക്കടമുഷ്ടി പിടിക്കും. അടുത്തയിടെ ഒരുത്തനെ കൂട്ടില്‍നിന്ന് അഞ്ചാറുപേര്‍കൂടി ചുമന്നുകൊണ്ടു വന്നാണ് തൂക്കിലിട്ടത്. മൂന്നുപേരുവീതം അവന്‍റെ കാലില്‍ പിടിച്ച് വലിച്ചിഴച്ചുകൊണ്ടാണ് തൂക്കുമരത്തിലേക്കു കൊണ്ടുവന്നത്. 'നീ കാരണം ഞങ്ങള്‍ക്കുണ്ടാകുന്ന സങ്കടവും സംഘര്‍ഷവുമൊന്നും മനസ്സിലാക്കുന്നില്ലല്ലോ' ഞങ്ങള്‍ അവനോടു പറഞ്ഞു. പക്ഷേ, അവനതൊന്നും ശ്രദ്ധിച്ചതേയില്ല. അവനതിലും വലിയ പ്രശ്നത്തിലായിരുന്നു."

ഞാന്‍ ഇത്തിരി ഉറക്കെ ചിരിച്ചുപോയി എല്ലാവരും ആ ചിരിയില്‍ പങ്കുചേര്‍ന്നു. സൂപ്രണ്ടും ഇപ്പോള്‍ ഹാപ്പി മൂഢിലാണ്.

"എന്‍റെ കാറില്‍ ഒരു കുപ്പി മദ്യമുണ്ട്. നമുക്കൊരുമിച്ച് അവനെ അകത്താക്കാം." അദ്ദേഹം ക്ഷണിച്ചു.

ജയിലിന്‍റെ കൂറ്റന്‍ വാതിലുകള്‍ കടന്ന് ഞങ്ങള്‍ റോഡിലെത്തി. "അവന്‍റെ കാലില്‍ ഞാന്നുകിടന്നു പോലും!!!" മജിസ്ട്രേറ്റ് അടക്കിപ്പിടിച്ച ചിരിയോടെ താന്‍ കേട്ട അത്ഭുതം ഒരിക്കല്‍കൂടി പറഞ്ഞു. അടക്കിയ ചിരി, കൂട്ടച്ചിരിയായി ചിതറിത്തെറിച്ചു.

അസാധാരണമായ മറ്റൊരു സംഭവകഥയുടെ ചുരുള്‍ വളരെ രസകരമായി ഫ്രാന്‍സിസ് നിവര്‍ത്താനാരംഭിച്ചു. സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വ്യത്യാസം കൂടാതെ ഞങ്ങളെല്ലാവരും മദ്യവും നുകര്‍ന്ന് കഥയും കേട്ട് യാത്ര തുടര്‍ന്നു.

കഴുവേറ്റപ്പെട്ടവന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ആയിരം അടി പിന്നിലാണ്.

You can share this post!

സൂര്യനെ പ്രണയിച്ച ചന്ദ്രിക

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts