അവര്‍ണ്ണമായ അനുഭവങ്ങളുടെ തീരമാണ് ദളിത് സാഹിത്യത്തിലൂടെ നാം കണ്ടെത്തുന്നത്. വര്‍ണ്ണവ്യവസ്ഥയില്‍ അടിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗത്തിന്‍റെ ജീവിതവര്‍ണ്ണങ്ങളും നിറമില്ലായ്മയും അതില്‍ ഇടകലരുന്നു. വരേണ്യ മൂല്യസംഹിതകളെ അതു നിരന്തരം ചോദ്യംചെയ്യുന്നു. നൂറ്റാണ്ടുകളായി ദളിതമായിരുന്ന ജീവിതത്തിന്‍റെ സൂക്ഷ്മസത്യങ്ങള്‍ ദളിത്സാഹിത്യത്തിനു കരുത്തുപകരുന്നു. മറാത്തയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം ദളിത്സാഹിത്യത്തിന്‍റെ ഭിന്നമുഖങ്ങള്‍ നമുക്കു കാണാന്‍കഴിയും. ഓംപ്രകാശ് വാല്മീകിയുടെ ആത്മകഥയില്‍ (എച്ചില്‍) സൂചിപ്പിക്കുന്നതുപോലെ 'ഒരു കാലത്ത് എച്ചില്‍പോലെ വലിച്ചെറിയപ്പെട്ട ജീവിതങ്ങള്‍' സ്വന്തം കഥ പറയുകയാണിവിടെ. ലക്ഷ്മണ്‍ ഗേയ്ക്ക്വാഡും പാമയും ടി. കെ. സി. വടുതലയും സി. അയ്യപ്പനും നാരായനും എം. ബി. മനോജും എസ്. ജോസഫുമെല്ലാം ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്നു. അരികുസത്യങ്ങളെ (Marginal truths) മുഖ്യധാരയ്ക്കു പകരം ഉയര്‍ത്തിക്കാണിക്കുന്ന പ്രതിസംസ്കൃതിയുടെ പാഠങ്ങളാണവര്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാനവര്‍ഗത്തിന്‍റെ ജീവിതത്തെ സ്പര്‍ശിക്കാതിരുന്ന ഭാഷയെയും സാഹിത്യത്തെയും അപനിര്‍മ്മിച്ചുകൊണ്ടാണ് ദളിത്സാഹിത്യം രൂപംകൊള്ളുന്നത്. മനുഷ്യജീവിതവും സ്ത്രീയും മണ്ണും പ്രകൃതിയുമെല്ലാം ഇവിടെ പുനര്‍നിര്‍വചിക്കപ്പെടുന്നു.
രാഷ്ട്രീയത്തില്‍, ചരിത്രത്തില്‍, സംസ്കാരത്തില്‍, മതത്തില്‍ എല്ലാം വരേണ്യതയുടെ സ്വാധീനം അഗാധവും സൂക്ഷ്മവുമാണ്. നിലവാരപ്പെടുത്തലിന്‍റെ മുഖ്യധാരാ മാനദണ്ഡങ്ങള്‍ പലപ്പോഴും ദളിത്സാഹിത്യത്തെ അളക്കാന്‍ പര്യാപ്തമല്ല. അതിന് സ്വന്തമായ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും പിന്‍ബലമായുണ്ട്. അത് മുഖ്യധാരയില്‍നിന്ന് വിഘടിച്ചുനില്‍ക്കുന്നതും അതിനെ ചോദ്യം ചെയ്യുന്നതുമാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍, മാറ്റിനിര്‍ത്തപ്പെട്ടവര്‍ ജീവിതത്തെ, ലോകത്തെ, പ്രകൃതിയെ നോക്കിക്കാണുമ്പോള്‍ അതിന്‍റെ അര്‍ഥസാധ്യതകള്‍, വിവക്ഷകള്‍ വ്യത്യസ്തമാകുന്നു. അതുകൊണ്ടുതന്നെയാണ് ദളിത്സാഹിത്യത്തെ പുതിയൊരു പ്രസ്ഥാനമായി, ചലനമായി നാം കണക്കാക്കുന്നത്. ഇന്ത്യയിലൊട്ടാകെ ദളിത്സാഹിത്യത്തിന് സ്വയം കരുത്താര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യധാരയുടെ സൗജന്യമൊന്നും ഇന്ന് അതിനാവശ്യമില്ല. അംബേദ്കര്‍ ചിന്തകളും മാര്‍ക്സിയന്‍ ചിന്തകളും നീഗ്രോ എഴുത്തുകാരുടെ വിചാരങ്ങളും ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കറുത്ത സൗന്ദര്യ ശാസ്ത്രത്തിന്‍റെ ദര്‍ശനങ്ങളും ദളിത്സാഹിത്യത്തിന് പിന്‍ബലമേകുന്നു. സി. അയ്യപ്പന്‍റെ കഥകളില്‍ കാണുന്ന സാങ്കേതികവും ഭാഷാപരവും പ്രത്യയശാസ്ത്രപരവുമായ പ്രത്യേകതകള്‍ എടുത്തുപറയേണ്ടതാണ്. ഞണ്ടുകള്‍, ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍ എന്നീ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍ ഇതിനുദാഹരണമാണ്.
ഇന്ത്യയിലെ വര്‍ണവ്യവസ്ഥ വളരെ സങ്കീര്‍ണമാണ്. ഇന്നും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ വിവേചനങ്ങള്‍ ശക്തമാണ്. ഭരണഘടനയും നിയമങ്ങളും നല്‍കുന്ന പരിരക്ഷകള്‍പോലും ദളിത്വിഭാഗങ്ങള്‍ക്കു പലപ്പോഴും ലഭിക്കാറില്ല. ആദിവാസി വിഭാഗങ്ങള്‍ ഇപ്പോഴും പരിതാപകരമായ ജീവിതമാണ് നയിക്കുന്നത്. അവര്‍ക്കുവേണ്ടി ചെലവാക്കിയ കോടികള്‍ സ്വന്തമാക്കിയത് നാം യോഗ്യന്മാരെന്നു കരുതുന്ന വരേണ്യവര്‍ഗം തന്നെയാണ്. നാരായന്‍റെ 'കൊച്ചരേത്തി' പോലുള്ള കൃതികളില്‍ ആദിവാസികള്‍ ജീവിക്കുന്ന ലോകത്തിന്‍റെ നേര്‍ചിത്രങ്ങള്‍ നമുക്കുകാണാം. ഭൂരിഭാഗം ആളുകള്‍ക്കും അപരിചിതമായ ഒരു പ്രപഞ്ചമാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. മണ്ണുമായും പ്രകൃതിയുമായും ഇണങ്ങിജീവിക്കുന്ന ഒരു വിഭാഗം എങ്ങനെ നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്നു, അതിരുകളിലേക്കു മാറ്റിനിര്‍ത്തപ്പെടുന്നു എന്നു നാമിവിടെ തിരിച്ചറിയുന്നു. വിദ്യാഭ്യാസം, തൊഴില്‍, വീട്, ആഹാരം എന്നിങ്ങനെയുള്ള അടിസ്ഥാനാവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെ അവര്‍ ഇപ്പോഴും ഇടറി നീങ്ങുന്നു. ആഗോളീകൃതലോകത്ത് എല്ലാ പരിഗണനകളും കോര്‍പ്പറേറ്റുകള്‍ക്കും ഉള്ളവനും വേണ്ടിയാകുന്നതിനെതിരെ ദളിത്സാഹിത്യത്തിന് നിരന്തരമായി ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്. ഈ രാജ്യത്തെ പൗരന്മാരെന്ന പരിഗണന ലഭിക്കാനുള്ള പോരാട്ടത്തിലാണ് അവരിപ്പോള്‍. പല സംസ്ഥാനങ്ങളില്‍ ദളിത്നേതാക്കള്‍ അധികാരത്തിലെത്തിയെങ്കിലും അവരും സഞ്ചരിക്കുന്നത് അധികാരികളുടെ പതിവുവഴികളിലൂടെയാണ്. കോടിക്കണക്കിന് രൂപയ്ക്ക് പ്രതിമകള്‍ സ്ഥാപിച്ച് അവകാശ സ്ഥാപനത്തിന് ശ്രമിക്കുന്നതിലെ പൊള്ളത്തരവും നാം തിരിച്ചറിയേണ്ടതുണ്ട്.
'ഭൂമിയിലെ പതിതര്‍' എന്ന പേരില്‍ ഫ്രാന്‍സ് ഫാനന്‍ എഴുതിയ ഗ്രന്ഥം കറുത്തവന്‍റെ മാനിഫെസ്റ്റോ എന്നാണ് അറിയപ്പെടുന്നത്. അധിനിവേശത്തിന്‍റെ നൂറ്റാണ്ടുകള്‍ കറുത്തവന്‍റെ, അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ജീവിതത്തില്‍ വരുത്തിത്തീര്‍ന്ന നിരവധിയായ പരിവര്‍ത്തനങ്ങളുടെ നിഷേധാത്മകതലങ്ങള്‍ അഗാധമായി തിരിച്ചറിയുകയാണ് ഫാനന്‍. ഭാരതത്തിലും വരേണ്യതയുടെ അധിനിവേശം ദളിതന്‍റെ ജീവിതത്തെ സമഗ്രമായി പൊളിച്ചെഴുതി. അവയുടെ വിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, മതം, സാമൂഹിക ജീവിതം എന്നിവയിലെല്ലാം വരേണ്യതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. നന്മയെ നഷ്ടപ്പെടുത്തുന്ന അധിനിവേശങ്ങള്‍ക്കെതിരെയും ദളിത്സാഹിത്യം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒരു കാലത്ത് മാറ്റിനിര്‍ത്തിയവര്‍ പുതിയ ചോദ്യങ്ങളുമായി രംഗത്തു വരുന്നു. "നിങ്ങളെന്‍റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ! നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ? നിങ്ങളവരുടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!" എന്ന ചോദ്യം പൊതുസമൂഹത്തിന്‍റെ നേരെയുള്ളതാണ്.
ദളിത് സാഹിത്യത്തില്‍ വിടര്‍ന്നുവരുന്ന സൂക്ഷ്മരാഷ്ട്രീയവും സൂക്ഷ്മചരിത്രവും സൂക്ഷ്മപരിസ്ഥിതിയും തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ അതിനെ മനസ്സിലാക്കാനാവൂ. ചരിത്രത്തില്‍ ഇന്നുവരെ കടന്നുവരാത്ത ചരിത്രമാണ് ദളിത്സാഹിത്യത്തില്‍ ആവിഷ്കരിക്കപ്പെടുന്നത്. അധഃകൃതരുമായി ബന്ധപ്പെട്ട രാഷ്ട്രീയം സൂക്ഷ്മതലത്തില്‍ ഇവിടെ കാണാം. പ്രകൃതിയുമായി ബന്ധപ്പെട്ട മണ്ണുമായി ബന്ധപ്പെട്ട സൂക്ഷ്മപരിസ്ഥിതിയാണ് ദളിത് സാഹിത്യത്തില്‍ കടന്നുവരുന്നത്. വികസനത്തിന്‍റെ പുത്തന്‍വേഗം പ്രകൃതിയില്‍ ഏല്പിച്ച ആഘാതങ്ങള്‍ക്കു പകരമായി സൂക്ഷ്മ പരിസ്ഥിതിയുമായി ഇണങ്ങി നില്‍ക്കുന്ന ജീവിതമാണ് ദളിത്സാഹിത്യം ഉയര്‍ത്തിപ്പിടിക്കുന്നത്. മണ്ണില്‍ നടക്കുന്ന സാധാരണ മനുഷ്യരുടെ പാദസ്പര്‍ശങ്ങളാണ് ഇവിടെ പതിഞ്ഞുകിടക്കുന്നത്. മണ്ണും വിണ്ണും പൂവും പുഴുവും വെള്ളവും പച്ചപ്പുമെല്ലാം പുതിയ ചൈതന്യത്തോടെ കൂടിക്കലരുകയാണിവിടെ എന്ന് ജോസഫിന്‍റെ കവിതകളിലെ സൂക്ഷ്മചരിത്രവും രാഷ്ട്രീയവും പരിസ്ഥിതിയും പുതിയൊരു സൗന്ദര്യശാസ്ത്രദര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നതു തന്നെയാണ്. ഭാഷയിലും ആവിഷ്ക്കാര രീതിയിലും ഈ വ്യത്യാസം ദൃശ്യമാണ്. നമ്മുടെ ജീവിതത്തെ താങ്ങിനിര്‍ത്തുന്ന പ്രതലങ്ങളെ തൊട്ടറിയുന്ന സാഹിത്യമാണ് ദളിത്സാഹിത്യമെന്ന നിലയില്‍ കടന്നുവരുന്നത്. നൂറ്റാണ്ടുകളായി ദമിതമായിരുന്ന അനുഭവങ്ങള്‍ പുതിയൊരാവേഗത്തോടെ, ചൈതന്യത്തോടെ കടന്നുവരുന്നു.
ദളിത് രാഷ്ട്രീയവും ചരിത്രവും സാഹിത്യവും കൂടുതല്‍ ശക്തമാകുന്നത് മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ കടന്നുവരവോടെയാണെന്ന് ഇന്ത്യന്‍ ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. അതിനുമുമ്പുതന്നെ സാഹിത്യത്തില്‍ അങ്ങനെയൊരു ധാരയുണ്ടായിരുന്നു. പക്ഷേ പുതിയൊരു പരിപ്രേക്ഷ്യത്തില്‍ അതിനെ അളക്കാനും കണ്ടെത്താനും തുടങ്ങിയത് ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളോടെയാണ്. ഇന്ന് ദളിത് സാഹിത്യം സ്വന്തം തട്ടകം ശക്തമാക്കിക്കഴിഞ്ഞു. അതിന് പുതിയൊരു സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അധഃകൃതന്‍റെ, മാറ്റിനിര്‍ത്തപ്പെട്ടവന്‍റെ ജീവിതം മുഖ്യധാരയുടെ ചര്‍ച്ചയ്ക്കു വിധേയമാകുന്നു. ഇന്നത്തെ ദളിത് ചിന്തകളെ, പ്രത്യയശാസ്ത്രത്തെ പൂരിപ്പിക്കാന്‍ ദളിത് സാഹിത്യം കരുത്തുനേടിയിരിക്കുന്നു.
"നിങ്ങളുടെ വീട്ടില്‍ ഒരു മുറിയില്‍ തീ പടരുമ്പോള്‍ അടുത്ത മുറിയില്‍ നിങ്ങള്‍ക്കുറങ്ങാനാവുമോ?
നിങ്ങളുടെ വീട്ടില്‍ ഒരു മുറിയില്‍ കബന്ധങ്ങള്‍ അഴുകുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ പ്രാര്‍ത്ഥന നടത്താന്‍ നിങ്ങള്‍ക്കാകുമോ?
നിങ്ങള്‍ക്കത് ചെയ്യാനാവുമെങ്കില്‍, എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല."
(സര്‍വേശ്വര്‍ ദയാല്‍ സക്സേന)