news-details
കവർ സ്റ്റോറി

കറുത്ത കവിതകളും വെളുത്ത ആത്മാവുമായി ഒരഭിമുഖവും

തൂത്താല്‍ മാറാത്തവ
പൊന്നുരുക്കുന്നിടത്തെ
പൂച്ച
മെത്തയില്‍ കിടക്കാത്ത
അട്ട
കൊക്കാകാന്‍ കുളിക്കുന്ന
കാക്ക
സംക്രാന്തിയില്ലാത്ത
കാട്ടുകോഴി
നേരംപുലരാന്‍ കരയും
കുറുക്കന്‍
പടിപ്പുര നോക്കി കുരയ്ക്കും
പട്ടി
അങ്ങാടി വാണിഭം അറിയാത്ത
ആട്
ആനയോളം വാ പിളര്‍ക്കുന്ന
അണ്ണാന്‍
ഗ്രഹണത്തില്‍ തലപൊക്കും
ഞാഞ്ഞൂല്‍
അത്താഴം മുടക്കും
നീര്‍ക്കോലി
........................................................
അന്തിക്കൂരാപ്പിന് തമ്പിച്ച്
കൂരയെത്തുവോളം
.......................................................
കുരങ്ങു ചത്ത കുറവനും
അല്ലലുള്ള പുലയിക്കും
..........................................
ജന്മങ്ങളേറെ...

തോറ്റു തോറ്റ്
മടിച്ച്
കൂനിപ്പിടച്ച്
കുറ്റം ചെയ്തെന്ന മട്ടില്‍
വെട്ടവും
വെളിമ്പ്രദേശവും
ഒഴിഞ്ഞുമാറി
അരികുപറ്റി
പുറകുപറ്റി
തലകുനിച്ചു നടന്ന്
മുഖത്തു നോക്കാതെ നിന്ന്
കണ്ടെന്നു കണ്ടാല്‍
കണ്ണുതള്ളി
ഗ്രഹം തെറ്റിവന്നപോലെ
വെരണ്ട്
അടര്‍ത്തിമാറ്റാന്‍ പറ്റാത്ത
പുറംതോടില്‍
മുഖമൊളിപ്പിച്ച്
രണ്ടാമതൊരു മുയല്‍
ചരിത്രത്തിലെങ്ങും
ഉറങ്ങിപ്പോയിട്ടില്ലെന്ന
കാര്യം മറന്ന്
തന്നില്‍ തന്നെ
പാത്തിരുന്ന്
........................
തോറ്റുതോറ്റ്

തങ്ങളുടെ മത-ജാതി വിരുദ്ധ പുരോഗമനപരത എത്രത്തോളം വാസ്തവമാണെന്നന്നറിയാനുള്ള സ്വയം പരിശോധന അഥവാ ആത്മാവുമായി ഒരു അഭിമുഖം.

1. മറ്റാര്‍ക്കും കൊടുക്കുന്ന സ്വീകരണവും പരിഗണനയും തന്നെയാണോ എന്‍റെ വീട്ടില്‍ നാട്ടിലെ ദലിതുകള്‍ക്കും കൊടുക്കാറ്.? (അതെ/അല്ല.)
2. അപ്പൂപ്പന്‍, അമ്മൂമ്മ, അങ്കിള്‍, ആന്‍റി തുടങ്ങിയ ബഹുമാന്യ പദങ്ങള്‍ കൊണ്ടുതന്നെയാണോ ഞാനും കുടുംബവും അവരെ സംബോധന ചെയ്യാറ്.? (അതെ/ അല്ല)
3. എന്‍റെ വീട്ടിലെ ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ വിശേഷങ്ങള്‍ക്ക് അവരെയും ക്ഷണിക്കാറുണ്ടോ? (ഉണ്ട്/ ഇല്ല)
4. അവരുടെ വീടുകളിലെ വിവാഹംപോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിവരുമ്പോള്‍ ഭക്ഷണം കഴിക്കുവാന്‍ ഞാന്‍ മടിക്കുന്നുണ്ടോ? (ഉണ്ട് / ഇല്ല)
5. മറ്റുള്ളിടങ്ങളിലെന്നപോലെ ചുറ്റുവട്ടത്തെ ദലിതുവീടുകളിലെ വിശേഷങ്ങള്‍ക്കും കുടുംബവുമൊത്താണോ ഞാന്‍ പോകാറ്? (അതെ/ അല്ല)
6. മറ്റുള്ളവരോടെന്നപോലെ അവരുടെ കുട്ടികളോടും ഇടപഴകിയാണോ എന്‍റെ വീട്ടിലെ കുഞ്ഞുങ്ങള്‍ വളരുന്നത്? (അതെ / അല്ല)
7. ബോധവല്‍ക്കരണമെന്ന നിലയ്ക്ക് വീട്ടില്‍ ജാതി ഒരു ചര്‍ച്ചാവിഷയമാക്കാന്‍ എനിക്കു കഴിയുന്നുണ്ടോ? (ഉണ്ട്/ ഇല്ല)
8. മനുഷ്യവിരുദ്ധമായ ഉപരിവര്‍ഗ്ഗ ഉല്‍പ്പന്നമെന്ന നിലയില്‍ ജാതിവ്യവസ്ഥയെ ദുര്‍ബലമാക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമം ഞാന്‍ നടത്തുന്നുണ്ടോ? (ഉണ്ട്/ ഇല്ല)
9. ഒരു ജാതിരഹിത സമൂഹത്തിനുവേണ്ടി ജാതിവിട്ടുള്ള വിവാഹ ആഹ്വാനം മക്കള്‍ക്കു നല്‍കുവാന്‍ എനിക്കു കഴിയുമോ? (അതെ/ അല്ല)
10. എന്‍റെ സൗഹൃദങ്ങള്‍ക്കു സമുദായം മാനദണ്ഡമാകുന്നുണ്ടോ? (ഉണ്ട്/ ഇല്ല)
11. സ്വന്തം സമുദായക്കാര്‍ മാത്രമോ, സമാന ജാതികളില്‍പ്പെടുന്നവര്‍ കൂടി മാത്രമോ ഉള്ളതാണോ എന്‍റെ സൗഹൃദവലയം? (അതെ/ അല്ല)
12. എന്‍റെ സുഹൃത്തുക്കളുടെ, മറ്റു പരിചയക്കാരുടെ ബിസിനസ് കൂട്ടായ്മകളില്‍ ദലിതുകള്‍ ഉള്‍പ്പെടുന്നുണ്ടോ? (ഉണ്ട്/ ഇല്ല)
13. ജാതിനോക്കി ഞാന്‍ വോട്ടു ചെയ്തിട്ടുണ്ടോ? (ഉണ്ട്/ ഇല്ല)
14. ജാതിവാലിന്‍റെ ഉപയോഗം പച്ചയായ ജാതിയുടെ ഉപയോഗം തന്നെയാകയാല്‍ ആ പ്രവണതയെ ഞാന്‍ എതിര്‍ക്കുന്നുണ്ടോ? (ഉണ്ട്/ ഇല്ല)
15. ജാതിവാലുള്ളവരെ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യം ഉയര്‍ന്നാല്‍ ഞാന്‍ അതിനെ പിന്തുണയ്ക്കുമോ? (അതെ/ അല്ല)
16. കുട്ടിയുടെയോ കൂടപ്പിറപ്പിന്‍റെയോ കാമുകന്‍/ കാമുകി താണജാതിയില്‍ പെടുന്നു എന്നറിയുമ്പോള്‍ ഞാനതിനെ എതിര്‍ക്കുമോ, സ്വീകരിക്കുമോ? (അതെ/ അല്ല)
17. പ്രേമിക്കുന്ന വ്യക്തി താണജാതിയില്‍ പെടുന്നു എന്നറിയുമ്പോള്‍ ഞാനതില്‍ തുടരുമോ, പിന്മാറുമോ? (അതെ/ അല്ല)
18. ജാതിവ്യവസ്ഥയ്ക്കെതിരെ ജീവിതംകൊണ്ട് ചെയ്യുന്ന വോട്ട് എന്ന നിലയില്‍ ജാതിവിട്ടുള്ള വിവാഹത്തിന് എനിക്ക് സാധിക്കുമോ? (അതെ/ അല്ല)
19. ഒരു ദലിത് വ്യക്തിയെ വിവാഹം കഴിക്കുന്നതിന് എനിക്കു കഴിയുമോ? (അതെ/ അല്ല)
20. ജാതീയമായി കാര്യങ്ങളെ സമീപിക്കാത്ത ഒരാള്‍ എന്ന് മനസ്സാക്ഷി എന്നെ അംഗീകരിക്കുന്നുണ്ടോ? (അതെ/ അല്ല)

താങ്കള്‍ ഒരേസമയം ജാതിയിലും ജാതിയില്ലായ്മയിലും ജീവിക്കുന്ന ഉഭയജീവിയാണെന്നോ അല്ലെന്നോ പ്രഖ്യാപിക്കുക ഈ ചോദ്യാവലിയുടെ ലക്ഷ്യമല്ല. മറിച്ച് അനുഭവങ്ങളുടെ ഇത്തരം നൂറുനൂറു സൂക്ഷ്മമുനകളില്‍ ഉരഞ്ഞുനീറിയാണ് ഒരു ശരാശരി ദലിതു ജീവിതം കടന്നുപോകുന്നത് എന്ന യാഥാര്‍ത്ഥ്യം പങ്കുവെയ്ക്കുകയായിരുന്നു ഇവിടെ. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്നത് ജാതിയാണെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. അച്ഛന്‍ കട്ടില്‍കീഴിലില്ല എന്ന ശിശുബുദ്ധിയുപേക്ഷിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരേ കണ്ണു തുറന്നുപിടിക്കുവാന്‍ നമ്മള്‍ തയ്യാറായേ പറ്റൂ.

You can share this post!

ജീവന്‍റെ സംരക്ഷണവും അവയവദാനവും

ബിഷപ്പ് ജേക്കബ് മുരിക്കന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts