ജസ്റ്റീസ് കൃഷ്ണയ്യര്‍ (Commission for the Rights and Welfare of Children and Women) ചെയര്‍മാനായുള്ള പന്ത്രണ്ടംഗസമിതി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24-ാം തീയതി കേരളാ മുഖ്യമന്ത്രിക്കു നല്‍കിയ Kerala Women’s Code (കേരള വനിതാ കോഡ് ബില്ല്) ലെ നിര്‍ദ്ദേശങ്ങളാണ് താഴെ പ്രസ്താവിക്കുന്നത്.
1. കുടുംബത്തിലെ കുട്ടികളുടെ എണ്ണം രണ്ട് എന്നു നിജപ്പെടുത്തുക.
2. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കു സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുക.
3. ഗര്‍ഭച്ഛിദ്രം സൗജന്യമായി ചെയ്തുകൊടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തുക.
4. കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ദമ്പതികളെ ബോധവത്കരിക്കുക.
5. കുടുംബകോടതികളില്‍ നിലനില്‍ക്കുന്ന വിവാഹ മോചനക്കേസുകളില്‍ എത്രയും വേഗം നടപടി എടുക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥന്മാരെ നിയമിക്കുക.
6. കേരള വനിതാ കോഡ് ബില്ലില്‍ (kerala women’s code)പറഞ്ഞിരിക്കുന്ന വിവാഹ-ജനന നിയന്ത്രണങ്ങള്‍ പാലിക്കുന്ന കുടുംബങ്ങള്‍ക്കു സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം അനുവദിക്കുക.
7. ജനസംഖ്യാ നിയന്ത്രണ കമ്മീഷനു രൂപംനല്‍കുക.
8. കുടുംബാസൂത്രണത്തിനെതിരെ സംഘടിതപ്രവര്‍ത്തനം നടത്തുന്ന മതങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മറ്റ് സാമൂഹിക സംഘടനകള്‍ ഇവയെ സര്‍ക്കാര്‍ കര്‍ശന താക്കീതു നല്‍കി നിയന്ത്രിക്കുക. ഇവര്‍ ഏതെങ്കിലും വിധത്തില്‍ വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ അതു തടയുക.
9. കുടുംബാസൂത്രണത്തിനും ജനനനിയന്ത്രണത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് (വ്യക്തികളായാലും മത-സാമൂഹിക സംഘടനകള്‍ ആയാലും) പതിനായിരം രൂപ പിഴ ഈടാക്കുക. അല്ലെങ്കില്‍ ഇവര്‍ക്കു മൂന്നുമാസത്തെ തടവുശിക്ഷ വിധിക്കുക.
കേരള വുമന്‍സ് കോഡ്: വിമര്‍ശന ചിന്തകള്‍
കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനുള്ള അധികാരവും സ്വാതന്ത്ര്യവും സര്‍ക്കാരിനു നല്‍കിക്കൊണ്ട് കേരളസമൂഹത്തില്‍ 'ദൈവം കളിക്കാനാണ്' കൃഷ്ണയ്യര്‍ ശ്രമിക്കുന്നത്. ഒരു കുടുംബത്തിലെ ആകെ അംഗസംഖ്യ നാലായി നിജപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട് - അതായത് അച്ഛന്‍, അമ്മ, രണ്ടു കുട്ടികള്‍. ബില്ല് പ്രാബല്യത്തില്‍ വന്നാല്‍ സര്‍ക്കാര്‍ വ്യവസ്ഥവയ്ക്കുന്ന രീതിയിലുള്ള ദാമ്പത്യബന്ധത്തിനു ദമ്പതികള്‍ക്കു വഴങ്ങേണ്ടിവരുന്നു. കേവലം നിയമപരമായ വ്യവസ്ഥകളില്‍നിന്ന് കുടുംബം കെട്ടിപ്പടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
കേരള വനിതാ കോഡ് ബില്ലിലെ ഏറ്റവും ആക്ഷേപാര്‍ഹമായ മറ്റൊരു നിര്‍ദ്ദേശമാണ് കുടുംബാസൂത്രണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, മതസംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, മറ്റു സാമൂഹികസംഘടനകള്‍ എന്നിവയെ ശിക്ഷിക്കണമെന്നത്. പതിനായിരം രൂപ പിഴ ഈടാക്കുകയോ അല്ലെങ്കില്‍ മൂന്നുമാസം ജയിലിലടയ്ക്കുകയോ ചെയ്യണമെന്നാണു കമ്മീഷന്‍റെ ശുപാര്‍ശ.
ഇത്തരത്തിലുള്ള കര്‍ശനവും കാരുണ്യരഹിതവുമായ നിലപാടുകള്‍ മാതാപിതാക്കളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ്. ഇതു തികച്ചും ജനാധിപത്യ വിരുദ്ധമാണ്. സഞ്ജയ് ഗാന്ധിയും കൂട്ടാളികളും തങ്ങളുടെ സങ്കല്പത്തിലുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ 1970ലെ അടിയന്തരാവസ്ഥക്കാലത്ത് സ്വീകരിച്ച കിരാതനടപടികളെപ്പറ്റി ഇത്തരുണത്തില്‍ ചിന്തിക്കാതെ വയ്യ. ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ തിങ്ങിപ്പാര്‍ത്തിരുന്ന നിരക്ഷരരും ദരിദ്രരുമായ ജനങ്ങള്‍ അയാള്‍ക്കും കൂട്ടര്‍ക്കും കണ്ണിലെ കരടായി മാറി. ജനസംഖ്യാ വിസ്ഫോടനം നടന്നുകൊണ്ടിരിക്കുന്ന ചേരിപ്രദേശങ്ങള്‍ ഡല്‍ഹിയെപ്പോലെയുള്ള ഒരു മെട്രോപ്പോലിറ്റന്‍ സിറ്റിക്കു കളങ്കമാണെന്ന കണ്ടെത്തലോടെ ചേരിപ്രദേശങ്ങള്‍ അപ്പാടെ അധികാരമുപയോഗിച്ച് തുടച്ചുനീക്കി. വര്‍ദ്ധിച്ചുകൊണ്ടിരുന്ന മുസ്ലീം ജനസംഖ്യയും അന്നത്തെ സര്‍ക്കാരിനു തലവേദനയായി. വലിയ കുടുംബങ്ങളുള്ളവര്‍ വന്ധ്യംകരണത്തിന് വിധേയരാകണമെന്നു ഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ചു. വാസക്ടമി ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന പുരുഷനും ട്യൂബക്ടമി ശസ്ത്രക്രിയയ്ക്കു വിധേയയാകുന്ന സ്ത്രീക്കും എണ്ണ, നെയ്യ്, കുറച്ചു പണം എന്നിവ പരിതോഷികമായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നാടെങ്ങും വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അധ്യാപകരെ അതിന്‍റെ പ്രേരകരും പ്രചാരകരുമാക്കി. നിശ്ചിത എണ്ണം ആള്‍ക്കാരെ വന്ധീകരണത്തിനു പ്രേരിപ്പിച്ചു വിധേയരാക്കണമെന്ന് അധ്യാപകരോടു സര്‍ക്കാര്‍ ശഠിച്ചു. വന്ധീകരണത്തിന് എത്രപേരെ വിധേയരാക്കി എന്നതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവു വരുത്തി. മുസ്ലീം ജനവിഭാഗത്തിന്‍റെ വന്ധീകരണമായിരുന്നു സര്‍ക്കാര്‍ മുഖ്യമായും ലക്ഷ്യമിട്ടിരുന്നത്. ഇതിന്‍റെ പേരില്‍ മീററ്റിലും മറ്റും കലാപങ്ങളുണ്ടായി. 1977-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ ഈ ഭ്രാന്തിന് അറുതിവന്നു.
എല്ലാ ആശുപത്രികളിലും ഗര്‍ഭാവസ്ഥയെ നീക്കം ചെയ്യുന്നതിന് (termination of pregnancy) സൗജന്യവും സുരക്ഷിതവുമായ ഏര്‍പ്പാടുകള്‍ ക്രമീകരിക്കണമെന്നാണ് കൃഷ്ണയ്യരുടെ മറ്റൊരു നിര്‍ദ്ദേശം. അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന പദം എന്താണെങ്കിലും അതിന്‍റെ അര്‍ത്ഥം അബോര്‍ഷന്‍ (ഗര്‍ഭച്ഛിദ്രം) എന്ന് അല്ലാതാകുന്നില്ലല്ലോ.
ജനസംഖ്യ നിയന്ത്രിക്കുന്നതിനുവേണ്ടി അബോര്‍ഷന്‍ നടത്തുക എന്നതു പൂര്‍ണ്ണമായും അസ്വീകാര്യമാണ്, അധാര്‍മ്മികതയാണ്. ജന്മമെടുക്കാന്‍ പോകുന്നവരുടെ ജനനത്തിനും ജീവിതത്തിനുംമേല്‍ സര്‍ക്കാര്‍ തികച്ചും സ്വേച്ഛാധിപത്യപരമായ നിലപാട് കൈക്കൊള്ളുന്ന ഒരു സംസ്കാരത്തിലേക്കു നാം അധപ്പതിക്കുന്നതിന് ഈ നീക്കങ്ങള്‍ വഴിതെളിക്കും. ശിശുവിരുദ്ധമായ (anti- Child) വികസനമെന്ന ആശയം ഭാവിവിരുദ്ധമായ (anti-future) ഒരു നിലപാടാണ്.
അടിമത്തം നിലനിര്‍ത്തുന്നതില്‍ പ്രാചീനലോകം കൈക്കൊണ്ട മനോഭാവത്തെ ഉള്‍ക്കൊള്ളാന്‍ നമുക്കിന്നാവുന്നില്ല. എന്നാല്‍ പ്രാചീന മനുഷ്യര്‍ മനുഷ്യത്വപരമല്ലാത്ത ഒരു സമൂഹ്യവ്യവസ്ഥിതിയായി അടിമത്തത്തെ പരിഗണിച്ചിരുന്നില്ല. വളരെ സാധാരണമായ ഒരു സാമൂഹ്യ ജീവിതക്രമം മാത്രമായിരുന്നു അവര്‍ക്കിത്. മനുഷ്യത്വരഹിതമായ മറ്റു പല സാമൂഹ്യതിന്മകള്‍ക്കെതിരായും ശബ്ദമുയര്‍ത്തുന്ന പുതിയനിയമരചിതാക്കള്‍ പോലും അടിമത്വത്തിനു നേരെ നിസ്സംഗമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് (ഉദാ. വി. പൗലോസ്). പക്ഷേ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്ക് ഇതു മനുഷ്യാവകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അവജ്ഞാവഹമായ ധ്വംസനമായി മനസ്സിലാക്കാനാവുന്നു.
ജര്‍മ്മനിയിലെ നാസി പട്ടാളക്യാമ്പുകളില്‍ അരങ്ങേറിയ കൂട്ടക്കൊലയെ ഇന്നും വളരെപ്പേര്‍ അപലപിക്കുന്നുണ്ട്. നാസികളുടെ കാഴ്ചപ്പാടില്‍ യഹൂദരും നിഷ്പ്രയോജനരായവരും മനഷ്യരേയല്ല. അവര്‍ പ്രകൃതിയുടെ ഒരു ഭാഗം മാത്രം. വൃദ്ധര്‍, അംഗവൈകല്യം സംഭവിച്ചവര്‍, മന്ദബുദ്ധികള്‍ തുടങ്ങിയവര്‍ സമൂഹത്തിന് ഉപയോഗമില്ലാത്തവരായതിനാല്‍ അവരെ ഭാരമായി കണക്കാക്കി ഉന്മൂലനം ചെയ്യേണ്ടതു സാമൂഹ്യ വികസനത്തിന് ആവശ്യമാണെന്ന് നാസികള്‍ വിചാരിച്ചു. മനുഷ്യജീവനുനേരെയുള്ള ബീഭത്സവും കിരാതവുമായ ഇത്തരം കടന്നുകയറ്റങ്ങള്‍ ഇന്നും ലോകത്തു നടക്കുന്നുണ്ട്. 1983 ലെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 30.55 ബില്യന്‍ ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നുണ്ട്. കാലം മുന്നോട്ടു പോകുന്തോറും ഈ കണക്കുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് ജീവനെ കൊലചെയ്യുന്ന ആശുപത്രികള്‍ നാസി കോണ്‍സന്‍ട്രേഷന്‍ക്യാമ്പുകളുടെ ഭീകരരൂപമാണ് ഓര്‍മ്മിപ്പിക്കുന്നത്. നാസിക്യാമ്പുകളില്‍ കൊലചെയ്യപ്പെട്ട അനാവശ്യ ജന്മങ്ങളുടെ (unwanted births) നിലവിളിയേക്കാള്‍ ഉച്ചത്തില്‍, പിറന്നുവീഴുംമുമ്പേ അരുംകൊലയ്ക്കു വിധേയരാകുന്ന പൈതങ്ങളുടെ രോദനം ഉയര്‍ന്നുപൊങ്ങുന്നില്ലേ?
വധശിക്ഷതന്നെ ഒഴിവാക്കി നിയമവ്യവസ്ഥ പരിഷ്കരിക്കണമെന്നും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന കുറ്റവാളികള്‍ക്കു ശിക്ഷ ഇളവു ചെയ്യണമെന്നും മുറവിളി കൂട്ടുന്ന സമൂഹം ഒരുവശത്ത്. ജനസംഖ്യ നിയന്ത്രണത്തിനു ഗര്‍ഭപാത്രം കുരുതിക്കളമാക്കണമെങ്കില്‍, അതില്‍ മടിക്കേണ്ടതില്ല എന്ന നിയമവ്യവസ്ഥ ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹം മറുവശത്ത്. ഈ നീക്കങ്ങള്‍ വളരെ വിരോധാഭാസമായിരിക്കുന്നു.
സഭയുടെ പ്രതികരണം - ഒരു വിലയിരുത്തല്‍
കേരളത്തിലെ കത്തോലിക്കാ സഭ ജീവന്‍റെ വിലയെ, അതിന്‍റെ മൂല്യത്തെ എപ്പോഴും ഉയര്‍ത്തിക്കാണിച്ചിട്ടേയുള്ളൂ. വളരെയേറെ ഗൂഢാര്‍ത്ഥങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്ന കേരളാ വുമന്‍സ് കോഡ് ധാര്‍മ്മികതയുടെ നേരെയുള്ള അതിക്രമമാണെന്ന പ്രഖ്യാപനത്തോടെ സഭ കടുത്ത പ്രതിരോധവുമായി രംഗത്തുണ്ട്.
കുടുംബാസൂത്രണത്തിനുള്ള മുറവിളി ശക്തമായി ഉയരുമ്പോഴും കെ. സി. ബി. സി. യുടെ നിലപാട് വളരെ വ്യക്തമാണ്; 'കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം എത്രയധികം കൂട്ടാമോ അത്രയും കൂട്ടുക.' തങ്ങളുടെ വാദത്തിനു കാരണമായി അവര്‍ പറയുന്ന വസ്തുത കത്തോലിക്കരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നതാണ്. അപ്പോള്‍പ്പിന്നെ കൂടുതല്‍പ്പേരെ ജനിപ്പിക്കുകയല്ലാതെ മറ്റെന്താണ് പോംവഴി! കത്തോലിക്കരുടെ അംഗബലം വളരെ ക്ഷയിച്ചുവെന്നും കാലക്രമേണ മുസ്ലീംങ്ങളും ഹൈന്ദവരും തങ്ങളേക്കാള്‍ അംഗബലമുള്ളവരായി തീര്‍ന്നേക്കാമെന്നുമായിരുന്നു കാലംചെയ്ത അഭിവന്ദ്യ വിതയത്തില്‍പിതാവിന്‍റെ ആശങ്ക. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന അദ്ദേഹം അല്മേനികളോട് നിരന്തരം നടത്തിയ ആഹ്വാനം; കൃത്രിമ ജനന നിയന്ത്രണമാര്‍ഗ്ഗങ്ങളൊന്നും സ്വീകരിക്കരുതെന്നായിരുന്നു. ഒപ്പം സാധിക്കുന്നിടത്തോളം കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുക.
ഈ അവസരത്തില്‍ കെ. സി. ബി. സി. മറ്റു ചില കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. ദേശീയതലത്തിലുള്ള ജനനനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ ജനനനിരക്ക് കുറവാണ്. എന്നിരുന്നാലും 1951-ല്‍ ഉണ്ടായിരുന്നതിന്‍റെ രണ്ടിരട്ടി, അതായത് 2.9 കോടിയായി, ഉയര്‍ന്നു 1991-ല്‍ കേരളത്തിലെ ജനസംഖ്യ. 2001ല്‍ 3.2 കോടി ആയിരുന്നത് 2011 ആയപ്പോഴേയ്ക്കും 3.3 കോടിയായി വര്‍ദ്ധിച്ചു. ഒരു കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ 859 ആളുകള്‍ അധിവസിക്കേണ്ടിവരുന്നു.
മറ്റൊരു കാര്യം ഇന്ത്യ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു രാജ്യമാണ്. ഇന്ത്യ ഇന്നു നേരിടുന്ന മുഖ്യപ്രശ്നം ജനസംഖ്യാ വിസ്ഫോടനമാണ്. 1974 ലെ ജനസംഖ്യാ കണക്കിന്‍പ്രകാരം 12,500 സ്കൂളുകളും, 400,000 ടീച്ചറന്മാരും 2.5 മില്യന്‍ വീടുകളും 4 മില്യന്‍ തൊഴിലവസരങ്ങളും പുതുതായി നമ്മള്‍ കണ്ടെത്തേണ്ടിയിരുന്നു. 1974-ലെ അവസ്ഥ ഇതായിരുന്നെങ്കില്‍ ഇന്നത്തെ ആവശ്യങ്ങളെക്കുറിച്ച് സങ്കല്പിക്കാന്‍കൂടി സാധിക്കില്ല. 2000 മെയ് 11 ലെ കണക്കിന്‍പ്രകാരം ഇന്ത്യയിലെ ജനസംഖ്യ ഒരു ബില്യന്‍ കഴിഞ്ഞിരിക്കുന്നു. ലോകത്തിന്‍റെ 2.4% മാത്രം ഭൂവിസ്തൃതിയുള്ള ഇന്ത്യയില്‍ ലോകജനസംഖ്യ മൂന്നിരട്ടി വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ അഞ്ചിരട്ടി വര്‍ദ്ധിച്ചു. ഇത്തരത്തിലുള്ള ജനസംഖ്യാപ്പെരുക്കം തുടരുകയാണെങ്കില്‍ 2045 ആകുമ്പോഴേയ്ക്കും ഇന്ത്യാക്കാര്‍ ചൈനയെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാഷ്ട്രമായിത്തീരും. പ്രതിവര്‍ഷം 17 മില്യന്‍ ജനങ്ങളാണ് (ഇത്രയും ജനസംഖ്യയെ ആസ്ത്രേലിയയില്‍ ആകെയുള്ളൂ!) ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നത്.
ഇന്ത്യയെപ്പോലൊരു വികസിതരാജ്യത്തിന് ഒരു ബില്യന്‍ ജനസംഖ്യതന്നെ താങ്ങാവുന്നതിനപ്പുറമാണ്. ഒരു ഇന്ത്യക്കാരനെ ശരാശരി തൃപ്തിപ്പെടുത്താന്‍പോലും സര്‍ക്കാരിന് ഇന്നു കഴിവില്ല. നൂറുകണക്കിന് മില്യന്‍ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍പ്പോലും സാധിച്ചു കൊടുക്കാന്‍ ഇന്ത്യ ഇന്ന് അശക്തയാണ്.
ജനസംഖ്യാ വര്‍ദ്ധനവാണ് നമ്മുടെ ഒരു പ്രധാന പ്രശ്നമെന്നതു കണ്ടില്ലെന്നു നടിക്കാനെങ്ങനെ കഴിയും? ജനസംഖ്യാ വര്‍ദ്ധനവെന്ന പ്രശ്നത്തെ എങ്ങനെ നേരിടാമെന്നു ചിലര്‍ ഭാവനയില്‍ കാണാറുണ്ട്. അവരുടെ കണ്ടെത്തലുകള്‍ വെറും ജലരേഖകള്‍ മാത്രം. കൃഷിയിടങ്ങളെക്കുറിച്ചും, ഓരോ ഏക്കറില്‍നിന്നും ഉത്പാദിപ്പിക്കാവുന്ന വിളവുകളെക്കുറിച്ചും, കൃഷിയിടങ്ങള്‍ കൂടുതല്‍ ഫലദായകമാക്കുന്നതിനെക്കുറിച്ചും, ഗതാഗതസൗകര്യങ്ങളെക്കുറിച്ചും, ജലവിഭവങ്ങളെക്കുറിച്ചും, കൃത്രിമ ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ചും വിശാലമായി കണക്കുകൂട്ടി ജനസംഖ്യാ വര്‍ദ്ധനവെന്ന പ്രതിഭാസത്തിനു പരിഹാരം കണ്ടെത്തും. പറയാനെളുപ്പം, പക്ഷേ ഇതൊക്കെ പ്രാവര്‍ത്തികമാക്കുക പ്രയാസംതന്നെ. ഇപ്പോള്‍ നിലവിലുള്ള ജനസംഖ്യയെ തീറ്റിപ്പോറ്റാന്‍ ഇത്രമാത്രം കഷ്ടപ്പെടുന്ന ഇന്ത്യ, വര്‍ഷംതോറും അധികമാകുന്ന 17 മില്യന്‍ ആളുകള്‍ക്ക് എന്തു നല്‍കും? ഈ വര്‍ധനവ് ഇന്ത്യയ്ക്കു താങ്ങാനാവുന്നതല്ല.
മറ്റൊന്ന് കൃഷ്ണയ്യര്‍ മുന്നോട്ടു വച്ച നയത്തിന്‍റെ സ്വാധീനം കത്തോലിക്കരുടെ ഇടയില്‍ വളരെ പരിമിതമായിരിക്കുമെന്നതാണ്. ദാമ്പത്യധര്‍മ്മങ്ങളെക്കുറിച്ചും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുന്നതിനെക്കുറിച്ചും കത്തോലിക്കാ സഭ അല്മായരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഈ ഉപദേശങ്ങള്‍ക്കു കത്തോലിക്കാ ദമ്പതികള്‍ ഇന്ന് അമിതപ്രാധാന്യം നല്‍കുന്നില്ല. കൃത്രിമ ജനന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുതെന്നു പോള്‍ ആറാമന്‍ പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. കത്തോലിക്ക ദമ്പതികളുടെ ഇടയില്‍ മാര്‍പ്പാപ്പയുടെ ആഹ്വാനം ചെലുത്തിയ സ്വാധീനമെത്ര എന്നറിയാന്‍ ഒരു സര്‍വ്വേ നടത്തിയപ്പോള്‍ കിട്ടിയ ഫലം വ്യത്യസ്തമായ ഒന്നായിരുന്നു. ഭൂരിഭാഗവും സഭയുടെ ഈ നിലപാടിനെ അനുകൂലിക്കുന്നവരായിരുന്നില്ല. സൈദ്ധാന്തിക ചിന്താസരണികളില്‍നിന്ന് ഉരുത്തിരിയുന്ന കാര്യങ്ങളാണ് സഭ കുടുംബജീവിതക്കാര്‍ക്കു നിര്‍ദ്ദേശിച്ചു നല്‍കിയത്. യുക്തിപരമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ദാമ്പത്യബന്ധത്തെ ക്രമപ്പെടുത്താനും ചിട്ടപ്പെടുത്താനുമൊക്കെയാണ് സഭ ശ്രമിച്ചത്. ദാമ്പത്യബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെയും സ്ത്രീയെയും അവരുടെ യഥാര്‍ത്ഥമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീക്ഷിക്കാതെ, അമൂര്‍ത്തമായ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് സഭ ശ്രമിക്കുന്നത്. എന്നാല്‍, കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗം അവലംബിക്കുന്നതു ധാര്‍മ്മികതയ്ക്കു വിരുദ്ധമാണെന്ന സഭയുടെ നിലപാട് ഉള്‍ക്കൊള്ളാന്‍ ദമ്പതികള്‍ക്കു താല്‍പര്യമില്ല.
ദാമ്പത്യബന്ധം സിദ്ധാന്തങ്ങളുടെ യുക്തിഭദ്രതയിലല്ല വളരേണ്ടത് അത് സ്നേഹത്തില്‍ അധിഷ്ഠിതമാണ്. ദാമ്പത്യം സ്നേഹത്തില്‍ നിന്നാരംഭിക്കുന്നു. സ്നേഹത്തിന്‍റെ ബാഹ്യപ്രകടനമാണ് ലൈംഗികബന്ധം. ഇവിടെ ദമ്പതികള്‍ സ്നേഹം പരസ്പരം പങ്കിടുന്നു. അല്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുക എന്ന ലക്ഷ്യമല്ല; ലൈംഗികബന്ധത്തിലേക്ക് ദമ്പതികളെ നയിക്കുന്ന പ്രഥമമായ പ്രചോദകം. സന്താനങ്ങള്‍ അവരുടെ സ്നേഹപ്രകടനത്തിന്‍റെ അനന്തരഫലങ്ങള്‍ മാത്രമാണ്. സഭ നിര്‍ദ്ദേശിക്കുന്നതുപോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ മാത്രമേ ലൈംഗികബന്ധം പാടുള്ളൂവെന്ന ധാരണ ഇന്നത്തെ ദമ്പതികള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.
മക്കളെ ജനിപ്പിക്കലും വളര്‍ത്തലും കുടുംബം കെട്ടിപ്പടുക്കലും സംരക്ഷണവും മാത്രമടങ്ങുന്ന ഒരു ദാമ്പത്യധര്‍മ്മം മാത്രമാണ് ലൈംഗികസ്നേഹം എന്ന കാഴ്ചപ്പാടാണ് സഭയ്ക്കുള്ളത്. എന്നാല്‍ സ്നേഹത്തിനാണ് ദമ്പതികള്‍ പ്രാധാന്യം നല്‍കുന്നത്. ദാമ്പത്യത്തില്‍ സ്നേഹത്തിന്‍റെ പൂര്‍ത്തീകരണമാണ് ലൈംഗികബന്ധം. പ്രത്യുത്പാദനം അതിന്‍റെ സ്നേഹഫലവും. ധാര്‍മ്മികതയുടെ പേരുപറഞ്ഞ് കൃത്രിമ ജനന നിയന്ത്രണത്തെ സഭ എതിര്‍ക്കുന്നതിന്‍റെയും വിശ്വാസികളുടെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പരമാവധി കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കണമെന്ന സഭയുടെ ഉദ്ബോധനത്തിന്‍റെയും യുക്തി തങ്ങളുടെ സ്നേഹപ്രകടനത്തിന്‍റെ അളവുകോലാക്കാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തയ്യാറാകേണ്ടതുണ്ടോ എന്ന് പുനര്‍വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും.
കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുന്നതില്‍നിന്നും അവരെ സംരക്ഷിക്കുന്നതില്‍നിന്നും ഒഴിവാകാന്‍ സ്നേഹവും ഉത്തരവാദിത്വവുമുള്ള ദമ്പതികള്‍ ഒരിക്കലും ആഗ്രഹിക്കുകയില്ലല്ലോ. എന്നാല്‍ അംഗസംഖ്യ കൂട്ടാന്‍ വേണ്ടി മാത്രം ജനിപ്പിച്ചു കൂട്ടുക എന്ന നയത്തോട് ദമ്പതികള്‍ക്ക് എത്രമാത്രം അനുകൂലിക്കാനാകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ജനസംഖ്യാ വിസ്ഫോടനം വന്‍ഭീഷണിയായി തീര്‍ന്നിരിക്കുന്ന ലോകത്തിലേക്ക് തങ്ങള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍, അത് ആ കുഞ്ഞുങ്ങളോടു ചെയ്യുന്ന ഒരു അനീതിയാകുമോ എന്ന ഭയം അവരിലുളവാകാന്‍ സാധ്യതയില്ലേ? ദാമ്പത്യധര്‍മ്മം എന്നതു പ്രത്യുല്‍പ്പാദനം മാത്രമാണെന്ന ഒരു ധാരണ അവരില്‍ ഉരുത്തിരിഞ്ഞാല്‍ ഒരുപരിധിവരെ അതു ലൈംഗികബന്ധത്തിന്‍റെ കാതലായ ദാമ്പത്യ സ്നേഹപ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കില്ലേ? തങ്ങള്‍ക്കു നല്ല രീതിയില്‍ വളര്‍ത്താനും സംരക്ഷിക്കാനും സാധിക്കുമെന്ന് ഉറപ്പുള്ളത്രയും കുഞ്ഞുങ്ങള്‍ക്കു മാത്രം ജന്മമേകാനാണ് ദമ്പതികള്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിലൊരു തീരുമാനം ദമ്പതികള്‍ കൈക്കൊണ്ടാല്‍ അത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമോ, സ്വാര്‍ത്ഥതയോ ആകുന്നില്ല. ആയതിനാല്‍ ജനസംഖ്യാ വിസ്ഫോടനമെന്ന മഹാവിപത്തിനെ നേരിടാന്‍ വേണ്ടിയുള്ള ജനന നിയന്ത്രണം ഒരു അധാര്‍മ്മിക പ്രവൃത്തിയാകുന്നില്ല; മറിച്ച് ഉത്തരവാദിത്വപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം എന്ന ധാര്‍മ്മിക മൂല്യമാണ്.
കത്തോലിക്കാ സഭയ്ക്കു പുറത്തും ധാര്‍മ്മിക തത്ത്വശാസ്ത്രജ്ഞന്മാരുണ്ട്. പക്ഷേ അവരാരും കൃത്രിമ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളെ അധാര്‍മ്മികമെന്നു ചിത്രീകരിക്കുന്നില്ല. മനുഷ്യകുലത്തിന് ഒരു ധാര്‍മ്മികതയേ ഉള്ളൂ. കത്തോലിക്കാ സഭയ്ക്കു പുറത്തുള്ള ആരും പ്രത്യുത്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുന്നതില്‍ അപാകത കണ്ടെത്തുന്നില്ല. അങ്ങനെയെങ്കില്‍, കത്തോലിക്കര്‍ക്കു മാത്രം ഇതെങ്ങനെ അധാര്‍മ്മിക പ്രവൃത്തിയാകും?
കുഞ്ഞുങ്ങളുടെ എണ്ണം നിശ്ചയിക്കേണ്ടതു നിയമസംഹിതയോ, സര്‍ക്കാരോ, മതങ്ങളോ അല്ല. തങ്ങള്‍ക്ക് എത്ര കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്താനാകുമെന്ന തീരുമാനം ദമ്പതികള്‍ സ്വയം എടുക്കുന്നതല്ലേ ഉചിതം? അതിനനുസൃതമായി അവര്‍ ദാമ്പത്യബന്ധം ക്രമപ്പെടുത്തിക്കൊള്ളട്ടെ. ആ ബന്ധത്തില്‍ ധാര്‍മ്മിക അധാര്‍മ്മിക ചൂണ്ടുപലകകള്‍ ഒരു തടസ്സമാകാതിരിക്കട്ടെ.
(മൊഴിമാറ്റം
ലിസി നീണ്ടൂര്‍)