ആഴത്തിലുറയുന്ന നിശ്ശബ്ദതയുടെ നീര്‍ത്തടങ്ങളിലൂടെ ഒരു യാത്രയാണ് Die Grosse Stille (മഹാ മൗനത്തിലേക്ക്) എന്ന ജര്‍മ്മന്‍ ഡോക്യുമെന്‍ററിഫിലിം. ഫ്രഞ്ച് ആല്‍പ്സില്‍ സ്ഥിതിചെയ്യുന്ന ഒരു കര്‍ത്തൂഷ്യന്‍ മൊണാസ്ട്രിയിലെ ജീവിതം ഫിലിപ്പ് ഗ്രോണിംഗിന്‍റെ സംവിധാനത്തില്‍ 2005 -ല്‍ ഒരു ഡോക്യുമെന്‍ററി ചിത്രമായി പുറത്തിറങ്ങി. ഈ സിനിമയുടെ ആശയം അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉരുത്തിരിയുന്നത് 1984-ല്‍ ആയിരുന്നെങ്കിലും അന്ന് ആശ്രമ വാസികളുടെ അനുവാദം ലഭിച്ചില്ല. പിന്നീട് 16 വര്‍ഷത്തിനുശേഷം അനുമതി ലഭിച്ചപ്പോള്‍ അദ്ദേഹം അവിടെപ്പോയി നാലരമാസത്തോളം താമസിച്ചാണ് ഇതു ഷൂട്ടുചെയ്തത്. ഇത് ഒരു കഥയുടെ പശ്ചാത്തലമൊരുക്കിത്തരുന്നില്ല. മറിച്ച് അവരുടെ പൊതുവായ ജീവിതത്തിന്‍റെ സമ്മിശ്രമായൊരു അവതരണം മാത്രമാണ്. ഇതില്‍ കൃത്രിമവെളിച്ചമോ സ്വരങ്ങളോ ഉപയോഗപ്പെടുത്തിയിട്ടില്ല. ആശ്രമവാസികളുടെ യഥാര്‍ത്ഥമായ ജീവിതകാഴ്ചകളെ അപ്പാടെ പകര്‍ത്തിയെടുത്തുവെന്നു മാത്രം. ഇങ്ങനെ ഷൂട്ടുചെയ്തവയെല്ലാം എഡിറ്റ് ചെയ്ത് ഒതുക്കിയെടുത്ത് മനോഹരമാക്കാന്‍ വീണ്ടും രണ്ടരവര്‍ഷത്തോളം എടുത്തു.
ഒരു കര്‍ത്തൂഷ്യന്‍ ആശ്രമത്തിന്‍റെ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങുകയാണ് ഈ സിനിമ. കനത്ത നിശബ്ദത തിങ്ങിയും വിങ്ങിയും നില്‍ക്കുന്നു അകത്തളങ്ങളില്‍. പ്രകടനങ്ങളുടെ ഒച്ചയനക്കങ്ങളൊട്ടുമില്ലാത്ത ചില സന്ന്യാസ ജീവിതങ്ങള്‍. സ്വന്തം മമതകളോട് ഉള്ളാലെ മറുത്തുപറഞ്ഞും സഹജതകളില്‍നിന്ന് നിര്‍മമതയോടെ മിഴിയകറ്റിയും അനന്യമായ നിശബ്ദതയുടെ ചിമിഴുകള്‍ക്കുള്ളില്‍ വിളങ്ങുന്നതെന്തോ തിരയുന്ന സന്ന്യാസികളെപ്പോലെയാണ് ഞാന്‍ അവരെ കണ്ടുകൊണ്ടിരുന്നത്. ആ ഏകാന്തജീവിതങ്ങളുടെ തളിര്‍പ്പുകളിലെ പച്ചപ്പിന്‍റെ ആഴം തിരയുകയായിരുന്നു അപ്പോഴൊക്കെ.
ചില കാര്യങ്ങളില്‍ സ്വയം നഷ്ടപ്പെടുത്തുകയും മറ്റു ചിലതില്‍ അങ്ങനെ ആവാതിരിക്കുകയും ചെയ്യുന്നതിനിടയില്‍ മൗനത്തിന്‍റെ താക്കോല്‍ദ്വാരങ്ങളിലൂടെ പുറത്തേയ്ക്കൊഴുകുന്നതെന്താണെന്നു ചിന്തിച്ചു. ഒരു കൂട്ടുജീവിതത്തിന്‍റെ ഒഴുക്കില്‍പ്പെടുമ്പോഴും വേറിട്ടുനില്‍ക്കുന്ന കണികകളെപ്പോലെയാണവര്‍. സാത്വികഭാവം ഒരു മുഖമുദ്രയെന്നോണം ഓരോ സന്ന്യാസികളിലുമുണ്ട്. ഒത്തുചേരലുകളില്‍ ആരവങ്ങളെ അരിച്ചുമാറ്റിയും ഏതോ ആന്തരിക നിഗൂഢതയെ ഒതുക്കിച്ചേര്‍ത്തും ഒറ്റയ്ക്കാവാന്‍ ചെറുപ്പക്കാര്‍ മുതല്‍ പ്രായമേറിയവര്‍വരെയുള്ള ആ ആശ്രമവാസികള്‍ എല്ലാവരും കൊതിക്കുന്നു.
സ്വയം മറക്കുന്നവര്‍ക്ക് ചുറ്റുമുള്ള നിസാരമെന്നു കരുതുന്നവയിലെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാകുമെന്നത് സത്യം. യുവാവായ ഒരു സന്ന്യാസി തന്‍റെ ലളിത ഭക്ഷണം ഒരു പടിവാതിലില്‍ ചാരിയിരുന്ന് കഴിക്കുന്ന രംഗമുണ്ട്. മഴത്തുള്ളികള്‍ ഒലിച്ചിറങ്ങുമ്പോഴുള്ള ഒരു ഇലയനക്കത്തിന്‍റെ മൃദുവായ താളത്തിനൊപ്പമാണ് അയാള്‍ അതു കഴിക്കുന്നത്. ആ സസ്യാഹാരം അതിന്‍റെ ഉറവിടത്തോട് നന്ദിയര്‍പ്പിച്ചുകൊണ്ട് അയാളിലേക്ക് അലിഞ്ഞുചേരുന്നു. ജീവിതത്തിന്‍റെ ഋതുഭേദങ്ങളോരോന്നും താണ്ടിയെത്തിയ കര്‍ഷകനായ ഒരു വൃദ്ധസന്ന്യാസി മഞ്ഞുകാലം തീരാറാകുമ്പോള്‍ നിലത്തു കുഴികള്‍ എടുക്കുകയാണ്. തെളിഞ്ഞുതുടങ്ങുന്ന മാനംപോലെ അയാളുടെ മുഖത്തെ പുഞ്ചിരിയും പ്രശാന്തമാണ്. മഴക്കാലമെത്തുമ്പോള്‍ നുരഞ്ഞുപതയുന്ന ആഹ്ളാദം ആ കണ്‍തടങ്ങളിലിറ്റുവരുന്നു. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറി വിത്തുകളെ പാകി തളിര്‍പ്പിച്ച് അയാള്‍ പ്രകൃതിയുടെ സഹചാരിയെപ്പോലെ നിശബ്ദസന്തോഷത്തിന്‍റെ നിഗൂഢഭാവത്തിലായിരിക്കുകയാണ്. തങ്ങളുടെ ഒറ്റവഴികളില്‍ ചെടിയും മഞ്ഞും മഴയും വേനലും കാറ്റും ചെറുജീവജാലങ്ങളും കൂടെനടക്കുന്നതിന്‍റെ സുഖം. ചുറ്റുപാടുകളിലെ സൂക്ഷ്മതകളുടെ ആവേഗങ്ങള്‍ അവരുടെയും ജീവിതതാളമാകുന്നു. വളര്‍ത്തുജീവികളോട് സൗഹൃദത്തിന്‍റെ ഭാഷ സംസാരിച്ചുകൊണ്ട് തീറ്റകൊടുക്കുന്ന ഒരു സന്ന്യാസി. ഒരു നിശബ്ദ സംവേദനത്തിലൂടെയാണ് അയാള്‍ അവയുടെ ആവശ്യം അറിയുന്നത്. മാടിവിളിച്ച് ആ ജീവികള്‍ക്കു ഭക്ഷണം നല്‍കിയാണ് അയാള്‍ അവിടെനിന്നും പോകുന്നത്. ഒന്നിനെയും നിസാരമെന്നു കരുതി അവഗണിക്കാനാവാത്തൊരു നിലാചൈതന്യമാണത്. അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നവരും ഒരു സാധനയുടെ സ്നേഹാദരങ്ങളോടെയാണ് കായ്കളെയും ഇലകളെയും സ്പര്‍ശിക്കുന്നത്. ഏറ്റവും ചെറുമയുടെ ഉള്‍വലിപ്പം കാണാന്‍ കഴിയുന്ന പ്രശാന്തതയുടെ സൗന്ദര്യമാണത്.
അപ്പോഴും ശ്രദ്ധിച്ചൊരു കാര്യമിതാണ്. ഒരു പൊട്ടിച്ചിരിയോ കണ്ണീര്‍തുള്ളിയോ കണ്ടില്ല അവരില്‍! സ്വഭാവികതയോട് മറുതലിച്ചുനില്‍ക്കുന്ന ഒരു തലം എങ്ങോ ഉള്ളതുപോലെ. ചില ദിനചര്യകളെ മുറതെറ്റാതെ നിവര്‍ത്തിച്ച് രാവന്തിയോളം നിശ്ചയിക്കപ്പെട്ട ജോലികളിലായിരിക്കുന്നവര്‍. ഒരുനേരം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മറ്റൊരു നേരം അവരുടെ ഒറ്റമുറിയുടെ കിളിവാതില്‍ക്കല്‍ ഭക്ഷണം എത്തിച്ചുകൊടുക്കപ്പെടുന്നു. ഒത്തുചേര്‍ന്ന് ജീവിക്കുമ്പോഴും തനിച്ചായി പോകുന്നുവോ നമ്മുടെ സന്ന്യാസികള്‍? ഏകാന്തവാസം തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അതിന്‍റെ ആവേശത്തിരകള്‍ എപ്പോഴെങ്കിലും തളര്‍ന്നുതാഴുന്നുണ്ടാകുമോ? മാനുഷിക ഭാവത്തിന്‍റെ വൈകാരികതലങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ സംഭവിക്കുന്നതെന്തോ അവിടെയും ഒളിഞ്ഞിരിപ്പുണ്ട്. ഒരു ഒറ്റജീവിതത്തിന്‍റെ നിസംഗരൂപമായി പുറത്തെടുക്കപ്പെടാതെ പോയതെന്തിന്‍റെയോ അവശിഷ്ടമെന്നോണം ഒരു വൃദ്ധസന്ന്യാസി. അസ്ഥിപജ്ഞരമായിതീര്‍ന്ന അദ്ദേഹത്തെ പിന്‍തുടര്‍ച്ചക്കാരന്‍ യുവസന്ന്യാസി തൈലംപുരട്ടി കുളിപ്പിക്കുകയാണ്. ഇരുവരിലും പരസ്പരം ചാലിട്ടൊഴുകുന്ന സമാനതയുടെ ചില ഭാവങ്ങള്‍ കാണാം.
ഇടവേളകളിലെപ്പോഴോ ഉള്ളൊരു സൗഹൃദക്കൂട്ടായ്മ കാണാം. നിശബ്ദചലനങ്ങളോടെ അവര്‍ വെളിയിലെ പുല്‍മേട്ടിലേക്കിറങ്ങി മതിലുകളിലിരുന്ന് വളരെ ചിട്ടപ്പെടുത്തിയെന്നോണം സംസാരിക്കുന്നു. ശരീരങ്ങള്‍ക്കും മനസുകള്‍ക്കും പരസ്പരം സ്പര്‍ശിക്കാന്‍ കഴിയാത്തൊരു നിര്‍വികാരത പൊതിയുന്ന വാചകങ്ങള്‍. ആരും ആരിലേക്കും ഇറങ്ങിച്ചെല്ലാനാവാത്തവണ്ണം കുടുങ്ങിപ്പോയതാവാം. ആശ്രമജീവിതത്തില്‍പ്പെടുന്ന ചിലരെങ്കിലും നിശ്ശബ്ദമായി ഇറങ്ങിപ്പോകുന്നത് സ്വന്തം ഹൃദയത്തിന്‍റെ ഉള്ളറകളിലേക്കു മാത്രമായിരിക്കും.
ചില വഴികള്‍ തിരിച്ചറിഞ്ഞ് ചരിക്കുന്നവര്‍ക്ക് പലായനം ചിലപ്പോള്‍ സുകൃതമായി മാറിയേക്കാം. മറ്റു ചിലര്‍ക്കത് നഷ്ടബോധവുമായേക്കാം. എന്നാല്‍ എപ്പോഴെങ്കിലും ഒരാള്‍ക്ക് അയാളായേ തീരൂ. അവസാനഭാഗങ്ങളില്‍ മഞ്ഞുമലകളിലേക്കുള്ള ഒരു ഉല്ലാസയാത്ര കാണാം. നിശബ്ദതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം കടന്നുപോവുകയാണവര്‍. അവിടെവച്ച് അവര്‍ മഞ്ഞുകൂടിനുള്ളില്‍ കുത്തിമറിയുന്ന കുഞ്ഞുങ്ങളാകുന്നു. മഞ്ഞുപോലെ നേര്‍ത്ത കണ്ണാടിമനസുള്ള കുഞ്ഞുങ്ങള്‍. ഒന്നു തൊടുമ്പൊഴേയ്ക്കും അലിഞ്ഞിറങ്ങുന്ന മഞ്ഞുപോലെ, വിമൂകമായിരുന്ന ആത്മാവുകളും ജീവിതത്തിന്‍റെ സ്വാഭാവികതകളില്‍ അറിഞ്ഞലിയുകയാണ്.