news-details
സഞ്ചാരിയുടെ നാൾ വഴി

എവിടെയാണ് നിന്‍റെ ദൈവാന്വേഷണം ആരംഭിക്കേണ്ടത്? അതു നിശ്ചയമായും ജീവിതത്തിലെ ഏറ്റവും ജൈവികവും സരളവുമായ ഒരു ഭൂമികയിലായിരിക്കണം. പുല്‍ത്തൊഴുത്തിനെക്കാള്‍ അതിനുപറ്റിയ മറ്റൊരു മെറ്റഫര്‍ വേറെ ഏതുണ്ട്? കാലാകാലങ്ങളായി മനുഷ്യര്‍ ദൈവത്തെ തിരഞ്ഞത് അത്തരം ഇടങ്ങളിലായിരുന്നില്ല. കിഴക്കിന്‍റെ ജ്ഞാനികള്‍ക്കുപോലും വഴിതെറ്റുന്നുണ്ട്. കൊട്ടാരമായിരിക്കും ദൈവാന്വേഷണത്തിന് വഴിയടയാളങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നതെന്ന് അവര്‍പോലും ഒരുമാത്ര കരുതിപ്പോയി. ഇല്ല - സഹായിച്ചില്ലെന്ന് മാത്രമല്ല, കുറെ അധികം കുഞ്ഞിപൈതങ്ങളുടെ ജീവനാളങ്ങള്‍ അണയ്ക്കുവാന്‍ ആ സന്ദര്‍ശനം നിമിത്തമാവുകയും ചെയ്തു. അവിടെ, അവിടെ മാത്രമാണ് നക്ഷത്രം മറഞ്ഞുനിന്നതെന്ന് ഓര്‍മ്മിക്കുക. അപ്പോള്‍ അതല്ല വഴി, അതല്ലല്ലദിശ. ഇതാണ് വഴിയും സത്യവും ജീവനും. 'ഇതായിരിക്കും നിങ്ങള്‍ക്കുള്ള അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ല്‍ കിടത്തിയിരിക്കുന്നഒരു ശിശുവിനെ നിങ്ങള്‍ കാണും' (ലൂക്ക 2,12).
പുല്‍ത്തൊട്ടിയിലെ കുഞ്ഞ് എന്തൊക്കെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്? അതില്‍ നിശ്ചയമായും സരളതയുടെ പാഠങ്ങള്‍ ഉണ്ടാകും. പഴയനിയമത്തില്‍ ദാവീദിനെ സാവൂള്‍ അണിയിക്കുന്നതുപോലെ, നമുക്ക് ഇണങ്ങുകയോ ഉതകുകയോ ചെയ്യാത്ത എത്ര കവചങ്ങളാണ് വര്‍ത്തമാനകാലം നമ്മെ അണിയിക്കുന്നത്? എന്നിട്ട് ഓരോ മത്സരങ്ങളുടെ കടമ്പയില്‍ തട്ടിയും മുട്ടിയും മുടന്തിയും സ്വന്തം ജീവിതം വല്ലാതെ ദുഷ്കരമാക്കുന്നവര്‍. അതു വേണ്ടെന്നുവയ്ക്കുവാന്‍ ദാവീദ് എന്ന ഇടയബാലന്‍ കാട്ടിയ ആര്‍ജ്ജവമാണ് അവന്‍റെ ജീവിതത്തെ അഴകുള്ളതാക്കിയത്. ഇത് എനിക്കുള്ളതല്ല എന്നു നിശ്ചയിക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്ന ആനന്ദത്തിനും സ്വാതന്ത്ര്യത്തിനും അതിരുകളില്ല. എത്രമാത്രം സമ്മര്‍ദ്ദങ്ങളാണ് എനിക്ക് അനിവാര്യമല്ലാത്ത കാര്യങ്ങളെ നേടാനും പുലര്‍ത്താനും ഞാനനുഭവിക്കുന്നത്. ഹെന്‍ററി ഡേവിഡ് തോറ, വാള്‍ഡന്‍ നദിക്കരയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കുറിച്ചതുപോലെ: 'ബോധപൂര്‍വ്വം ജീവിക്കാനാണ് ഞാന്‍ ആരണ്യത്തിലോട്ട് പിന്‍വാങ്ങിയത്. കാതലായവയെ മാത്രം അഭിമുഖീകരിക്കാനും അതില്‍നിന്ന് പഠിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. മരണത്തോട് അടുക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നു കണ്ടുപിടിക്കരുതെന്നും...' ഭൂമിയിലുള്ള വാസം അത്ര കഠിനമൊന്നുമല്ല. അതൊരു വിനോദമാണ്. അതിന് ഒരാള്‍ സരളമായും ബോധപൂര്‍വവും ജീവിക്കാന്‍ പരിശീലിച്ചാല്‍ മതി. തോറ ഒത്തിരിപ്പേരെ പ്രകാശിപ്പിച്ചിട്ടുണ്ട്. അതിലൊരാള്‍ നമ്മുടെ മഹാത്മഗാന്ധിയാണ്.  

ലളിതമെന്ന പദത്തിനു ശബ്ദതാരാവലിയില്‍ സൗന്ദര്യമുള്ളത് എന്നുകൂടി ഒരര്‍ത്ഥം കൊടുത്തിട്ടുണ്ട്. ജീവിതത്തിന്‍റെ ലാവണ്യശാസ്ത്രമാണ് സുവിശേഷമെന്ന് ആര്‍ക്കാണറിയാത്തത്. ഒരാളുടെ അഴകിലേക്കുള്ള യാത്ര ആരംഭിക്കേണ്ടതു ലാളിത്യങ്ങളെ തിരികെപിടിച്ചുകൊണ്ടു വേണം എന്ന സൗമ്യമായ മന്ത്രണം പുല്‍ത്തൊട്ടിയില്‍നിന്ന് കേള്‍ക്കാം. കൂട്ടി, കുറച്ച്, ഹരിച്ച് കഴിയുമ്പോള്‍ ഒരാള്‍ക്കു ജീവിക്കുവാന്‍ എത്ര കുറച്ചുകാര്യങ്ങള്‍ മതി. നിറയെ കതിര്‍മണികളുള്ള പാടത്തുനിന്ന് ഒരു കതിര്‍മണി മാത്രം മതിയെന്നു നിശ്ചയിക്കുന്ന ആകാശപറവകള്‍ക്കുള്ള വാഴ്ത്താണല്ലോ സുവിശേഷം. വിഭവങ്ങളോട് മാത്രമല്ല വൈകാരികതയോടും മതിയെന്നു പറയാനാകണം. ഈ കരുതല്‍ല്‍ മതി, ഈ സ്നേഹം മതി, ഈ ശ്രദ്ധ മതി എന്നൊക്കെ ഒരാള്‍ നിശ്ചയിക്കുന്നിടത്താണ് അയാളുടെ ആന്തരിക ആകാശം വികാസം തേടുന്നത്. ടോള്‍സ്റ്റോയിയുടെ ആ പഴയ കഥയിലെന്നപോലെ ഒരു പുലരിതൊട്ട് അന്തിവരെ ഓടിത്തീര്‍ക്കാവുന്ന ദൂരങ്ങളൊക്കെ നിങ്ങള്‍ക്കുള്ളതുതന്നെയാവാം. എന്നാല്‍, തളര്‍ന്നുവീഴുമ്പോള്‍ നിങ്ങള്‍ക്കവകാശപ്പെട്ട കൃത്യമായ അളവ് ആ ജന്മി നിശ്ചയിച്ചിട്ടുണ്ട്. അതേതായാലും ആറടിക്കപ്പുറമില്ല.

എല്ലായിടത്തും ലളിതജീവിതത്തിലേക്കുള്ള ദീപ്തമായ ക്ഷണങ്ങളുണ്ട്. കലയിലും രാഷ്ട്രീയത്തിലുമൊക്കെ അതിന്‍റെ അടയാളങ്ങളുണ്ട്. സഭ തന്‍റെ വാസത്തിനുവേണ്ടി കരുതിവച്ചിരുന്നഅറുപതു മുറികളുള്ള അരമന രോഗികള്‍ക്കായി തുറന്നുകൊടുക്കുകയും അവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന കുടുസ്സു വീട് തന്‍റേതാക്കുകയും ചെയ്ത ഡി- യിലെ മെത്രാന്‍ 'പാവങ്ങള്‍' എന്ന പുസ്തകം വായിച്ചുമടക്കുമ്പോള്‍ നമ്മുടെ ചങ്കിലേക്കും പ്രവേശിക്കുന്നതെന്തുകൊണ്ട്? ചുമരില്‍ ആ ജ്ഞാനവൃദ്ധന്‍ പുഞ്ചിരിക്കുന്നു - ഗാന്ധി. ദീര്‍ഘമായ ഒരു യാത്രയുടെ ഒടുവില്‍ല്‍ പൊടിപുരണ്ട മെതിയടി തീരത്തുവെച്ച് നര്‍മ്മദയിലേക്കിറങ്ങി മേല്‍മുണ്ടിന്‍റെ കോന്തല നനച്ച് അതു വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ആ വയോധികനിപ്പോള്‍. എന്തിനിങ്ങനെയെന്നു കൗതുകം പൂണ്ടവരോട് അദ്ദേഹം പറഞ്ഞു: 'അത്രയും ജലമേ അത് അര്‍ഹിക്കുന്നുള്ളൂ.' അത്രമേല്‍ ലളിതമായി ജീവിച്ചതുകൊണ്ടാകണം ഒരെഴുത്തുകാരന്‍ നിരീക്ഷിക്കുന്നതുപോലെ ലോകത്ത് ഏറ്റവും ലളിതമായിട്ട് നിങ്ങള്‍ക്ക് വരയ്ക്കാവുന്ന ചിത്രം അദ്ദേഹത്തിന്‍റേതാണ്. കഷ്ടിച്ച് മൂന്നോ നാലോ വരകള്‍...ഗാന്ധിയായി!    

ലാളിത്യം ഒരു ജീവിതസമീപനമാണ്. കുറച്ചുകാര്യങ്ങളില്‍ ജീവിതത്തെ പരിമിതപ്പെടുത്തുക എന്നതുമാത്രമല്ല അതിന്‍റെ സാരം. നേര്‍രേഖയിലല്ല എല്ലാം കാണാന്‍ കഴിയുക എന്നതാണ് അതിന്‍റെ പൊരുള്‍. അനന്തരം അതില്‍നിന്ന് ഒരു പൂവുണ്ടായി. നിറയെ പരിമളമുള്ള തൃപ്തി എന്നൊരു പൂവ്. തര്‍ക്കമില്ലാത്ത വിധത്തില്‍ ഇത്രയും ലളിതമായി ജീവിച്ച മറ്റൊരാള്‍ ഉണ്ടാവില്ല. പുല്‍ത്തൊട്ടിയിലെ ജനനം, പന്ത്രണ്ടുവര്‍ഷത്തെ നാടോടിജീവിതം, ദീര്‍ഘമായ മരയാശാരിയുടെ ജീവിതം, മേല്‍ക്കൂരയില്ലാത്ത നിദ്ര, അനുഭവിച്ച പട്ടിണി ഒക്കെക്കൂടി ആ ജീവിതത്തെ മൂര്‍ച്ചയുള്ളതാക്കി സൂക്ഷിച്ചു. നാല്പതുദിവസം പട്ടിണി കിടന്നതുപോലും മതപരമായ ഒരു സുകൃതത്തിന്‍റെ ആചരണമൊന്നുമായിരുന്നില്ല; മറിച്ച് പട്ടിണികിടക്കാനുള്ള പരിശീലനത്തിന്‍റെ ഭാഗമാണ്. മനുഷ്യര്‍ക്കും ഭൂമിക്കും വേണ്ടി ജീവിക്കുന്നവര്‍ നന്നായിട്ട് പട്ടിണികിടക്കാന്‍ പഠിച്ചവരായിരിക്കണം. അല്ലെങ്കില്‍ ഏറ്റവും ചെറിയ വിശപ്പുകളില്‍പോലും കല്ലുകളെ അപ്പമാക്കി തങ്ങളുടെ നിയോഗത്തില്‍നിന്ന് പാളിപ്പോകും. ജീവിതത്തെ ഒരു ദീര്‍ഘമായ യാത്രയായി എണ്ണി വടിയോ ചെരുപ്പോ രണ്ടുടുപ്പോ ഭാണ്ഡമോ നാണയമോ ഇല്ലാതെ വ്യാപരിക്കുവാന്‍ പ്രേരിപ്പിച്ചു.

ദൈവാവബോധങ്ങള്‍പോലും ക്രിസ്തുവില്‍ എത്ര സരളമായിട്ടാണ് പ്രകാശിക്കപ്പെട്ടത്. ദൈവത്തെ 'അപ്പാ' എന്നു വിളിക്കുന്നതു വഴി സരളമായൊരു ദൈവശാസ്ത്രമുണ്ടായി. എണ്ണിയാല്‍ തീരാത്ത നിയമങ്ങള്‍ 'സ്നേഹ'മെന്ന ചെറുപദത്തില്‍ സംഗ്രഹിക്കപ്പെട്ടു. ഭാഷ, 'അതെ - അല്ല' എന്ന മട്ടില്‍ല്‍ അത്രയും ഋജുവായി. വെളിപ്പെടുത്തുവാനാണ് മറച്ചുപിടിക്കാനല്ല വാക്ക്. അമിതഭാഷണമെന്ന അപരാധത്തില്‍നിന്ന് പ്രാര്‍ത്ഥനയ്ക്കു വിടുതല്‍ നല്‍കി. സുവിശേഷംപോലെ ലളിതമായൊരു ഗ്രന്ഥം വേറെയേതുണ്ട്? തച്ചന്‍ മുക്കുവരോട് മന്ത്രിച്ചവ അങ്ങനെയാകാനേ തരമുള്ളു. പിന്നെ പഴയ ഫലിതംപോലെ അത്രയും ലളിതമായതുകൊണ്ട് നിന്‍റെ പാഠങ്ങള്‍ ഞങ്ങളില്‍ വിപ്രതിപത്തി ഉണര്‍ത്തുന്നുവെന്ന് പരാതിപ്പെട്ട ശിഷ്യരോട് വ്യാഖ്യാനിച്ചതിനെ അതിനെ സങ്കീര്‍ണ്ണമാക്കിക്കൊള്ളൂ എന്നനുവദിച്ച ഗുരുവിനെപ്പോലെ ക്രിസ്തു! ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന പസ്സോളിനിയുടെ 'മാത്യുവിന്‍റെ സുവിശേഷം' എന്ന ചിത്രത്തിന്‍റെ പശ്ചാത്തലം ഓര്‍മ്മിക്കുക. കൊടിയ നാസ്തികനും വലിയ അളവില്‍ ബൊഹീമിയനുമായ ഒരാളില്‍നിന്ന് അത്തരമൊരു ചിത്രം ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ചിത്രം പസ്സോളിനി സമര്‍പ്പിച്ചിരിക്കുന്നത് ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പ്പാപ്പയ്ക്കാണ്. അതൊരു കുസൃതിയായി കരുതിയാല്‍ല്‍മതി. മാര്‍പ്പാപ്പയുടെ സന്ദര്‍ശനംമൂലം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട ഫ്ളോറന്‍സ് നഗരത്തില്‍വച്ച് യാത്ര മുടങ്ങി ഒരു ഹോട്ടല്‍മുറിയില്‍ കുരുങ്ങിപ്പോയി അയാള്‍. മേശയില്‍ സുവിശേഷമുണ്ട്. മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് അതു വായിച്ചു. ഇത്രയും സരളമായി ജീവിതത്തെ അതു പ്രകാശിപ്പിക്കുന്നതു കണ്ട് അമ്പരന്നു. താനിന്നോളം കേട്ടിട്ടുള്ള പാഠങ്ങളും  വ്യാഖ്യാനങ്ങളും അതിന്‍റെ സരളതയെ തിരിച്ചറിയുന്നതില്‍നിന്ന് തന്നെ തടഞ്ഞുവെന്ന് മനസ്താപപ്പെട്ടു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ചിത്രം രൂപപ്പെടുത്തണമെന്നും അതില്‍ തന്‍റേതായ ഒരു വരിപോലും പാടില്ലെന്നും നിശ്ചയിച്ചു. അങ്ങനെ ആ ചിത്രം പ്രതിസന്ധികളില്‍ ലളിതമായ പരിഹാരങ്ങള്‍ നല്കി. ഉദാഹരണത്തിന് 'അനുതാപം' എന്ന സങ്കീര്‍ണ്ണമായ പ്രക്രിയയെ കൂടുതല്‍ സ്നേഹിക്കുകയെന്ന മട്ടില്‍ പറഞ്ഞുകൊടുത്തു. ലളിതമായ പ്രശ്നങ്ങള്‍ക്കുപോലും സങ്കീര്‍ണ്ണമായ പരിഹാരങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ വര്‍ത്തമാനകാലത്തെ ബൗദ്ധിക ജാര്‍ഗണുകളുമായി ഇതൊന്നു കൂട്ടിവായിക്കണം. പലപ്പോഴും അതികഠിനവും സങ്കീര്‍ണ്ണവുമായ ചില അപഗ്രഥനങ്ങള്‍ നമ്മളില്‍ രൂപപ്പെടുത്തുന്ന മടുപ്പിനെ ഓര്‍മ്മിക്കുക. പരിസ്ഥിതി സംവാദങ്ങളിലൊക്കെ അതു സംഭവിക്കുന്നുണ്ട്. ഒരു ചെടി നടുക, കടയില്‍ പോകുമ്പോള്‍ ഒരു കായസഞ്ചി കരുതുക, നഗരത്തിലോട്ട് വരുമ്പോള്‍ പൊതുവാഹനങ്ങള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലളിതമായ ചില പരിഹാരങ്ങളും ജീവിതത്തിലുണ്ടെന്ന് എല്ലാവരും കാണക്കാണെ മറന്നുപോകുകയാണ്.

ഒന്നോര്‍ത്താല്‍ ലളിതമായ കാര്യങ്ങളിലാണ് ജീവിതത്തിന്‍റെ മുഴുവന്‍ ഊര്‍ജ്ജവും വിന്യസിക്കപ്പെടുന്നത്. ശ്വാസോച്ഛ്വാസംപോലെ, ഉറക്കം പോലെ സരളവും സ്വാഭാവികവുമായ കാരണങ്ങളിലാണ് ജീവിതം അതിന്‍റെ നിലനില്‍പ്പിനെ ഉറപ്പിക്കുന്നതെന്ന് നിരീക്ഷിച്ചിട്ടില്ലേ. അതില്‍ ജീവിതത്തിന്‍റെ പകിട്ടും വര്‍ണ്ണങ്ങളും ഇല്ലെന്ന് ഭാരപ്പെടരുത്. ആ ചെറിയ ക്ലാസ്സില്‍ ടീച്ചര്‍ ഏഴുവര്‍ണ്ണങ്ങളും ചേര്‍ത്തുവച്ച് ഒരു ഡിസ്ക് വേഗത്തില്‍ കറക്കിവിടുകയാണ്. ഇപ്പോള്‍ തൂവെള്ള മാത്രം. ഓര്‍മ്മയുണ്ടായിരിക്കില്ല, ഒരു മദ്ബഹായുടെ മുമ്പില്‍വെച്ച് നിങ്ങള്‍ക്കുവേണ്ടി നാലോളംപേര്‍ എടുത്ത ഒരു പ്രതിജ്ഞ. നിങ്ങള്‍ അന്ന് കൈക്കുഞ്ഞായിരുന്നു. നെറ്റിയില്‍ല്‍ ഒരു തുള്ളി തീര്‍ത്ഥം തളിക്കുന്നതിനുമുമ്പ് പുരോഹിതന്‍ ചോദിക്കുകയാണ്: 'സാത്താനെയും അവന്‍റെ ആഡംബരങ്ങളെയും ഒഴിവാക്കുന്നുവോ?' അങ്ങനെവരുമ്പോള്‍ ഏറ്റവും ചെറിയ ആഡംബരങ്ങള്‍പോലും എന്‍റെ വ്രതലംഘനത്തിന്‍റെ പട്ടികയെ ദീര്‍ഘമാക്കുന്നു. അതിനകത്ത് എല്ലാം പെടും -കഠിനപദങ്ങള്‍കൊണ്ടും അമിതവിശേഷണങ്ങള്‍കൊണ്ടും നിങ്ങള്‍ അലങ്കരിച്ചെടുക്കുന്ന ഒരു പ്രാര്‍ത്ഥനപോലും.

എല്ലാ ആഡംബരങ്ങളും അഴിച്ചുമാറ്റി ചിന്തയും പ്രാര്‍ത്ഥനയും ജീവിതവുമൊക്കെ അതിന്‍റെ നേര്‍രേഖകളെ തിരികെപിടിക്കുമ്പോള്‍ മാത്രമാണ് പുല്‍ക്കൂട്ടിലെ ഉണ്ണിയുടെ കൊഞ്ചലുകള്‍ എനിക്ക് വെളിപ്പെട്ടുകിട്ടുക.

You can share this post!

ഖേദം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts