news-details
കവർ സ്റ്റോറി

മൗനത്തിന്‍റെ രാഷ്ട്രീയം

മൗനത്തിന്‍റെ അഗാധതലങ്ങളിലേക്ക് ആഴ്ന്നിറങ്ങി ബോധോദയം സിദ്ധിച്ച ബുദ്ധന്‍ പിന്നീട് ഏഴുനാളുകള്‍ സംസാരിച്ചില്ലെന്ന് ഒരു പാരമ്പര്യമുണ്ട്. സത്യത്തിന്‍റെ ആഴങ്ങള്‍ ദര്‍ശിച്ചവന് അതു വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ്. അതുകൊണ്ട് നമ്മുടെ ബുദ്ധന്‍ എന്നും ധ്യാനബുദ്ധനും മൗനിയുമാണ്. എന്നാല്‍ വിവേകാനന്ദന്‍ പറയുന്നു:"ശബ്ദിക്കുന്ന ഒരു ബുദ്ധന്‍ വരുന്നത് ശബ്ദിക്കാത്ത അനേകം ബുദ്ധന്‍മാര്‍ക്കു ശേഷമാണ്."

സാത്വികനാകുക കേവലം ശബ്ദിക്കാതിരിക്കലല്ല. ലോകം മുഴുവന്‍ പരിദേവനങ്ങള്‍ നിറയുമ്പോള്‍ ആര്‍ക്കാണ് നിശബ്ദനാകാന്‍ കഴിയുക, ആത്മീയതയുടെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ക്കൊഴികെ? എല്ലാ മൗനങ്ങളും ആത്മീയമായിക്കൊള്ളണമന്നില്ല. വിപ്ളവം മുതല്‍ വിമോചനം വരെ  (From revolution to liberation), മൗനംതൊട്ടു വാചാലതവരെ എന്തിനും ആത്മീയത എന്ന വാക്കുപയോഗിക്കാം. എന്നാല്‍ യഥാര്‍ത്ഥ മൗനം തിരിച്ചറിയുകയാണ് പ്രധാനം.

ചിലപ്പോള്‍ മൗനം മരുഭൂമിയില്‍ വിളിച്ചുപറയുന്ന ശബ്ദമാകാം. മരുഭൂമിയുടെ നിശ്ശബ്ദതയില്‍ മുഴങ്ങിയ ശബ്ദമായ യോഹന്നാനുശേഷമാണ് യേശുവെന്ന 'ശബ്ദിക്കുന്ന ബുദ്ധന്‍റെ' (അവനെ അങ്ങനെ വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു) ആഗമനം. അവനെക്കുറിച്ച് സുവിശേഷകന്‍ പറയുന്നത് അവന്‍ ദൈവത്തിന്‍റെ 'വാക്ക്' (Logos)  ആയിരുന്നുവെന്നാണ്. (ദൈവത്തിന്‍റെ വാക്ക് ഇരുതലവാളുപോലെ മൂര്‍ച്ചയുള്ളതാണെന്ന് മറ്റൊരിടത്ത് സൂചനയുണ്ട്). അവന്‍ സദ്വാര്‍ത്ത  പ്രസംഗിച്ചപ്പോഴൊക്കെ ചിലര്‍ അസ്വസ്ഥരായി. എന്തെന്നാല്‍ ചില സദ്വാര്‍ത്തകള്‍ അങ്ങനെയാണ്. ഒരുകൂട്ടര്‍ക്ക് അത് സദ്വാര്‍ത്തയാകുമ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് അതു ദുര്‍വാര്‍ത്തയാകും. അതുകൊണ്ടുതന്നെ അവന്‍റെ വാക്കുകള്‍ക്ക് എതിര്‍പ്പിന്‍റെ മറുശബ്ദമില്ലാതെ നീണ്ടുനീണ്ടു പോകാനാകുമായിരുന്നില്ല. അവന്‍റെ വായടപ്പിക്കുക മനസ്സാക്ഷിക്കുത്ത് അനുഭവിച്ച ചില മനുഷ്യരുടെ ആവശ്യമായിരുന്നു.

ജീവിതത്തിന്‍റെ അവസാനപാദം യേശു 'നിശ്ശബ്ദനാക്കപ്പെട്ട ബുദ്ധ'നാണ്.  അവന്‍റെ അവസാനനാളുകളുടെ സഹനത്തിന്‍റെ നിശ്ശബ്ദത നാലു സുവിശേഷങ്ങളും കാര്യമായിതന്നെ വിവരിക്കുന്നുണ്ട്. പ്രധാനപുരോഹിതന്മാരാലും പ്രമാണിമാരാലും കുറ്റാരോപിതനായപ്പോള്‍ അവന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്ന് മത്തായിയും (മത്താ. 27:12), 'നീ ഞങ്ങളോട് മറുപടിപറയുകയില്ലെ'യെന്ന് പ്രധാനപുരോഹിതന്‍ അവനോടു ചോദിക്കുന്നതായി മര്‍ക്കോസും (മര്‍ക്കോസ് 14:61), പീലാത്തോസ് അവനെ ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിക്കുമ്പോഴും അവന്‍ നിശ്ശബ്ദനായി നിന്നുവെന്ന് ലൂക്കായും (ലൂക്കാ 23:9), സത്യം പകല്‍വെളിച്ചംപോലെ കണ്‍മുന്‍പില്‍ നില്‍ക്കുമ്പോഴും 'സത്യമെന്ത്?' എന്ന ഭംഗിവാക്കായ ചോദ്യത്തിനുശേഷം അവന്‍റെ മറുപടി നിശ്ശബ്ദമെന്ന് എഴുതിച്ചേര്‍ക്കാതെ തന്നെ യോഹന്നാന്‍റെ സുവിശേഷവും (യോഹ. 18:28) നിശ്ശബ്ദതകൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. നിശ്ശബ്ദത! സംസാരിക്കുന്നവനെ ചൂണ്ടുവിരലിന്‍ മുമ്പില്‍ നിര്‍ത്തുന്ന നിശ്ശബ്ദത!!!

എന്തുകൊണ്ട് യേശു നിശ്ശബ്ദനായി? എന്തുകൊണ്ട് ഗാന്ധി മൗനവ്രതം ഒരു രാഷ്ട്രീയാചാരമാക്കി? ഇവിടെനിശ്ശബ്ദത വാക്കുകള്‍ തുടര്‍ച്ചയായി തിരസ്ക്കരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ 'വിധിക്കുന്ന നിശ്ശബ്ദത'യാണ്. വെട്ടാന്‍വരുന്ന പോത്തുകളുടെ മുന്‍പില്‍ ഇനി വേദം ഓതപ്പെടുകയില്ല. കേള്‍ക്കാന്‍ ചെവിയില്ലാത്തവരോട് സദ്വാര്‍ത്ത പ്രസംഗിച്ച് ഇനിയും സ്വയം വിഡ്ഢിവേഷം കെട്ടില്ല. കഠിനമാക്കപ്പെട്ട ഹൃദയങ്ങളോട് ദൈവത്തിനുപോലും ഇനി ഒന്നും പറയാനില്ല. ഈ നിശ്ശബ്ദതയെങ്കിലും ഒരുവനെ ചോദ്യം ചെയ്യുന്നില്ലെങ്കില്‍ ഇനി അവനുവേണ്ടി മറ്റൊന്നും അവശേഷിച്ചിട്ടില്ല. പ്രതികരിക്കാന്‍ കഴിവും ന്യായവും സാഹചര്യവും ഉണ്ടായിരിക്കെ അതു വേണ്ടെന്നുവയ്ക്കുന്നത് ഭീതിയല്ലെന്നെങ്കിലും മനസ്സിലാക്കണം. അത്തരം മൗനങ്ങള്‍ സമൂഹമനസ്സാക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന രാഷ്ട്രീയ ആയുധമാണ്.

തോമസ് മൂറിന്‍റെ കുറ്റവിചാരണയില്‍നിന്നാണ് 'മൗനം സമ്മത'മെന്ന പ്രയോഗം ശക്തമാകുന്നത്. മൗനം അപൂര്‍വ്വ അവസരങ്ങളില്‍ സഭാകമ്പവും ലജ്ജയും അനുഭവിക്കുന്ന മനുഷ്യരില്‍ സമ്മതത്തിന്‍റെ ലക്ഷണമായേക്കാമെങ്കിലും ഏറിയപങ്കും മൗനം പ്രതിഷേധിക്കാനറിയാത്തവന്‍റെ പ്രതിഷേധമോ, പ്രതികരണമില്ലായ്മയൊ, സന്ദേശം കേള്‍വിക്കാരന്‍റെ മനസ്സില്‍ എത്താത്തിന്‍റെ ലക്ഷണമോ,  കൂടുതല്‍ മോശമായ സാഹചര്യം ഒഴിവാക്കാന്‍ കുടുംബത്തിലും സമൂഹത്തിലുമെടുക്കുന്ന വിവേകത്തിന്‍റെ വഴികളൊ ഒക്കെയാകാം.

ഫ്രിഡേമാര്‍ പാഷെ (Fridemar Pache) ചോദിക്കുന്നുണ്ട്: "ഒരാള്‍ നിങ്ങളെ വിഡ്ഢിയെന്നു വിളിക്കുകയും നിങ്ങള്‍ നിശ്ശബ്ദനായിരിക്കുകയും ചെയ്താല്‍ അതിനര്‍ത്ഥം നിങ്ങള്‍ നിങ്ങളെ അധിക്ഷേപിച്ചവനോട് യോജിച്ചുവെന്നാണോ?" അതുപോലെ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മൗനം സമ്മതമോ അതോ ദുര്‍ബലതയുടെ തേങ്ങലോ? മദ്യപിച്ച് വീട്ടില്‍വന്ന് കയര്‍ത്തുകൊണ്ടിരിക്കുന്ന ഭര്‍ത്താവിനോട് 'മിണ്ടാതിരിക്ക് ചേട്ടാ, നാട്ടുകാര്‍ കേള്‍ക്കും' എന്ന മൗനത്തിനുവേണ്ടിയുള്ള ഭാര്യയുടെ ദയനീയമായ അപേക്ഷ സമാധാനത്തിന്‍റെ ഉത്കൃഷ്ട മാര്‍ഗ്ഗമോ സമൂഹത്തിനുമുമ്പില്‍ മുഖം രക്ഷിക്കാനുള്ള വെപ്രാളമോ? ജനാധിപത്യവ്യവസ്ഥിതിയിലെ ചില അനീതിനിറഞ്ഞ വ്യവസ്ഥിതികളോടുള്ള എതിര്‍പ്പു മൂലം ജനാധിപത്യത്തിന്‍റെ ശബ്ദമായ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നത് എന്‍റെ ജീവിതത്തിനുമേല്‍ തീരുമാനമെടുക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശം കൊടുക്കുന്നതോ, അതോ പ്രതിഷേധമോ?

മൗനമെപ്പോഴും സാത്വികമായിക്കൊള്ളണമെന്നില്ല; ചിലപ്പോള്‍ അതു മരണകരമാകാം, ചിലപ്പോള്‍ കുറ്റകരമാകാം, ഇനിയും ചിലപ്പോള്‍ അതു വെല്ലുവിളിയുമാകാം. ശവപ്പറമ്പിന്‍റെ മൗനം ചില ഊട്ടുമേശകളെയും വീടിന്‍റെ അകത്തളങ്ങളെയും അയല്‍ബന്ധങ്ങളുടെ പരിയമ്പുറം വഴികളെയും ബാധിച്ചുതുടങ്ങുമ്പോള്‍ അതു മരണകരമാകുന്നു. ദീര്‍ഘനാള്‍നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയശേഷം ഒരാള്‍ ഇങ്ങനെ ഗദ്ഗദത്തോടെ പറയുന്നു: "കഴിഞ്ഞ നീണ്ടവര്‍ഷങ്ങളിലെ ഞങ്ങളുടെ വിവാഹജീവിതത്തില്‍ എനിക്ക് ഏറ്റവും അസഹനീയമായി മാറിയത് അവളുടെ കഠിനമായ ആ മൗനമായിരുന്നു. ഒരേ വീട്ടില്‍ വര്‍ഷങ്ങളോളം ഞങ്ങള്‍ കഴിഞ്ഞു. എന്‍റെ തുടര്‍ച്ചയായ കുശലാന്വേഷണങ്ങള്‍ക്ക് ഒറ്റവാക്കില്‍ അവള്‍ ഉത്തരം പറഞ്ഞവസാനിപ്പിച്ചു. ഒരിക്കലും അവള്‍ കയര്‍ത്തിട്ടില്ല, പരാതിപ്പെട്ടിട്ടില്ല, ദേഷ്യപ്പെട്ടിട്ടില്ല, വീട്ടിലെ ഒരു ജോലിക്കും  അവള്‍ മുടക്കം വരുത്തിയിട്ടുമില്ല. വെറുപ്പിന്‍റെ വാക്കുകള്‍കൊണ്ട് അവളെന്നെ അധിഷേപിച്ചിരുന്നെങ്കില്‍ എന്നു ചിലനേരമെങ്കിലും ഞാന്‍ ആഗ്രഹിച്ചുപോയിട്ടുണ്ട്. അത് ആ വെറുക്കപ്പെട്ട നിശ്ശബ്ദതയേക്കാള്‍ എത്രയോ ഭേദമാകുമായിരുന്നു." ചില മൗനങ്ങള്‍ അങ്ങനെയാണ് മരണകരമാവുന്നത്.

മൗനം കുറ്റകരമാകാമെന്ന് നമ്മെ പഠിപ്പിച്ചത് ജര്‍മ്മന്‍ ജനത ഇന്നും ലജ്ജയോടെ ഓര്‍മ്മിക്കുന്ന നാസി തടങ്കല്‍ പാളയത്തിലെ പീഡനത്തിന്‍റെ ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമ്യൊള്ളറിന്‍റെ (Martin Niemoler)വാക്കുകളാണ്:
"ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു;
അപ്പോള്‍ ഞാന്‍ മൗനം അവലംബിച്ചു, കാരണം
ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല.
പിന്നീട് അവര്‍ തൊഴിലാളി യൂണിയനുകാരെ തേടിവന്നു;
അപ്പോഴും ഞാന്‍ മൗനം അവലംബിച്ചു, കാരണം
ഞാനൊരു തൊഴിലാളിയായിരുന്നില്ല.
പിന്നെ അവര്‍ യഹൂദരെ തേടിവന്നു;
അപ്പോഴും ഞാന്‍ മൗനം അവലംബിച്ചു, കാരണം
ഞാനൊരു യഹൂദനായിരുന്നില്ല.
അവസാനം അവര്‍ എന്നെ തേടിവന്നു;
അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചില്ല."
ഏറ്റുപറയേണ്ടവര്‍ മൗനം അവലംബിക്കുമ്പോള്‍ അതു തീര്‍ച്ചയായും കുറ്റകരമാണ്. അത് ജീവിതത്തോടുള്ള നിര്‍വികാരതയും സ്വാര്‍ത്ഥതയുടെ സുഖകരവും സുരക്ഷിതവുമായ ഉള്‍വലിയലുമാണ്.

ചില മൗനങ്ങള്‍ വെല്ലുവിളിക്കുന്ന മൗനങ്ങളാണ് മനസ്സിന്‍റെ ശാന്തത കെടുത്തുത്ത ഇത്തരം മൗനങ്ങള്‍ക്ക് ഒരു രാഷ്ട്രീയ മാനമുണ്ട്. അങ്ങനെയാണ് മൗനം വാചാലമാകുന്നത്. അത്തരം മൗനങ്ങള്‍ മരണകരമല്ലെന്നു മാത്രമല്ല, ചില മരണങ്ങളുടെ മൗനങ്ങള്‍പോലും നമ്മെ വെല്ലുവിളിക്കുന്നതായി തോന്നും. ഈറോം ഷര്‍മിളയുടെ അനുദിന മരണത്തിന്‍റെ മൗനം നിങ്ങളെ വേട്ടയാടുന്നുണ്ടെങ്കില്‍, ജയരാജിന്‍റെ 'ഗുല്‍മോഹര്‍' എന്ന മലയാള ചലച്ചിത്രംകൂടി കാണാന്‍ മറക്കരുതേ. ക്രൂശിലേറ്റപ്പെട്ടവന്‍റെ ആത്മാവ്  നിശ്ശബ്ദമായി ഒറ്റുകാരനെ വേട്ടയാടിക്കൊണ്ടിരുന്നതുപോലെ നിശ്ശബ്ദരാക്കപ്പെട്ട അനേകരുടെ മൗനങ്ങളും ഉള്‍വലിയുന്ന മൂകവേളകളില്‍ ഹൃദയജാലകപടികളില്‍ തലയടിച്ച് എന്നില്‍ ഭീതിജനിപ്പിക്കുന്നു.

You can share this post!

ജീവന്‍റെ സംരക്ഷണവും അവയവദാനവും

ബിഷപ്പ് ജേക്കബ് മുരിക്കന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts