news-details
കവർ സ്റ്റോറി

മൗനത്തിന്‍റെ കയങ്ങളില്‍

'അണുധൂളി പ്രസാരത്തി-
ന്നവിശുദ്ധ ദിനങ്ങളില്‍
മുങ്ങിക്കിടന്നു ഞാന്‍ പൂര്‍വ്വ-
പുണ്യത്തിന്‍റെ കയങ്ങളില്‍."
- ആറ്റൂര്‍ രവിവര്‍മ്മ

വാക്കുകളുടെ അണുധൂളി പ്രസാരമേറ്റ് സ്വയം മലിനവും പരിക്ഷീണവുമായി തോന്നുന്ന സന്ദര്‍ഭങ്ങളുണ്ട്. അപ്പോഴെല്ലാം നഷ്ടപ്പെട്ട ആത്മപരിശുദ്ധിയും ഊര്‍ജ്ജവും വീണ്ടെടുക്കാനായി സ്വന്തം ആന്തരികമൗനത്തിന്‍റെ കയങ്ങളില്‍ മുങ്ങിക്കിടക്കാറുണ്ട് ഞാന്‍. അതിനായി എനിക്ക് ഏറെ പരിചിതവും പ്രിയപ്പെട്ടതുമായ ചില ഇടങ്ങളുണ്ട്.

സ്വന്തം ഗ്രാമത്തിലെ പുഴത്തീരത്ത്, ഈ ഭൂമിയോളം പഴക്കംതോന്നിക്കുന്ന ഒരു കുന്നിന്‍പുറം. ഇളംപച്ച നിറമാര്‍ന്ന പുല്‍പ്പരപ്പിലങ്ങിങ്ങ് അനാദികാലത്തെ മഴയും വെയിലും കാറ്റുമേറ്റ് മിനുസമായ ചെങ്കല്‍പ്പാറകള്‍ തിണര്‍ത്തുകിടക്കുന്നു. ഓരോ ഋതുവിലും കുന്നിന്‍റെ ഭാവം മാറുമെങ്കിലും എക്കാലവും കാവ്യാത്മകമായ ഒരു മൗനം പുതച്ചാണ് അതിന്‍റെ കിടപ്പ്. അവിടെയിരുന്നു ചുറ്റിലും നോക്കിയാല്‍ കാണുന്നതൊക്കെ പച്ചനിറഞ്ഞ താഴ്വരകളും ആ താഴ്വരകള്‍ പതിയെ ഇറങ്ങിച്ചെല്ലുന്ന നെല്പാടങ്ങളും പുഴവളവുകളും, അവയ്ക്കുമപ്പുറം ചക്രവാളങ്ങളെ ചെന്നുതൊടുന്ന അവ്യക്തനീലിമയാര്‍ന്ന കുന്നിന്‍നിരകളുമാണ്. അവിടേക്കു നോക്കിനോക്കിയിരിക്കെ അകമെയുള്ള ക്ഷുബ്ധതകളൊന്നൊന്നായി ശമിക്കുന്നതായി തോന്നും. പരിതൃപ്തമായ ഒരു മൗനം ഉള്ളില്‍ നിറഞ്ഞുകവിയും. അപ്പോഴനുഭവപ്പെടുന്ന സുതാര്യതയില്‍ എന്‍റെ ചുറ്റിലുമുള്ള ചരാചരപ്രകൃതി എനിക്കുനേരെ കൂടുതല്‍ സചേതനമാകും. ഓരോന്നും അതിന്‍റേതായ ഭാഷയില്‍, എന്‍റെ മൗനത്തെ വളര്‍ത്തുംവിധം ജീവന്‍റെ നിഗൂഢസൗന്ദര്യങ്ങളെക്കുറിച്ച് എന്തൊക്കെയോ മൊഴിഞ്ഞുകൊണ്ടിരിക്കും.

കുന്ന് പടിഞ്ഞാറേക്ക് ചെരിഞ്ഞിറങ്ങുന്നത് വിശാലമായ വയലിലേക്കാണ്. വയലിന്‍റെ പടിഞ്ഞാറ് ഭാരതപ്പുഴ. വടക്ക് കുന്തിപ്പുഴ. രണ്ടുപുഴകളും ഒരുമിച്ചുചേര്‍ന്ന് കടലുനോക്കി ഒഴുകിപ്പോകുന്നു. ഒഴുക്കിന്‍റെ ആ ദൂരക്കാഴ്ചയിലേക്ക് ഏറെനേരം കണ്ണുനട്ടിരുന്നാല്‍, ജീവന്‍റെ നിഗൂഢമായ ജലഭാഷയില്‍ പുഴ എന്തൊക്കെയോ ഹൃദയത്തോടു സംസാരിച്ചുതുടങ്ങും. എത്രയോ കാലമായി അനന്തമായ ആഴിപ്പരപ്പിലേക്കു ചെന്നുചേര്‍ന്നലിയുന്നതിന്‍റെ കഥ. ജീവന്‍റെ ആ ആദിമഗര്‍ഭപാത്രത്തില്‍ മുങ്ങിക്കിടന്ന് ജൈവപ്പൊരുളറിഞ്ഞ്, ആ അറിവുമായി പുനര്‍ജനിച്ച്, ചിറകുവിരിച്ച് മേഘമായി ആകാശംനോക്കി, കാറ്റിനൊപ്പം ഈ ഭൂമിയിലെ കാഴ്ചകളൊക്കെ കണ്ടുകൊണ്ടുള്ള വ്യോമയാനങ്ങള്‍. അതിനൊടുവില്‍ വനനെറുകയിലും മലമുടിയിലും ചെന്നുചുറ്റി അലിഞ്ഞുപെയ്തു വീണ്ടും ഈ ഭൂമിയുടെ താഴ്ചകളിലൂടെ അനേകം ജീവനുകളെ തൊട്ടും തലോടിയും എളിമയോടെ വീണ്ടും കടലിലേക്ക്.

പുഴയൊഴുക്കിന്‍റെ ആ ജന്മാന്തരങ്ങളറിഞ്ഞ് ഒന്നു കണ്ണടച്ചിരുന്നാല്‍ പുഴയിലെ ഈറന്‍ തൊട്ടെടുത്ത കാറ്റുവന്ന് എന്നെ തലോടും. അപ്പോള്‍ പുഴ പറയുന്നതായി തോന്നും: " ഈ ഒഴുക്കില്‍ നീയുമുണ്ട്. ഈ പുഴയൊഴുക്കിനൊപ്പം ഞാന്‍ എല്ലാ ജീവനുകളെയും ചേര്‍ത്തുപിടിക്കുന്നുണ്ട്. അതുകൊണ്ട്, വേറിടലിന്‍റെ -ഒറ്റപ്പെടലിന്‍റെ വ്യസനങ്ങളൊക്കെ കളയുക. എന്‍റെ ഒഴുക്കിന്‍റെ ശ്രുതിക്കൊപ്പം നീ നിന്നെത്തന്നെ സ്വരപ്പെടുത്തുക." പുഴയിലേക്ക് ഏറെനേരം, മൗനമായി കണ്ണുംനട്ടിരുന്നാല്‍ മനസ്സ് അതിലിറങ്ങി മുങ്ങിക്കയറി വരും. അതിന്‍റെ നവോന്മേഷവുമായിട്ടാണ് കുന്നിറങ്ങിപ്പോരുക. അങ്ങോട്ടു ചെല്ലുമ്പോഴുണ്ടായിരുന്ന ഹൃദയഭാരങ്ങളൊക്കെ പുഴയൊഴുക്ക് ഏറ്റുവാങ്ങിയിട്ടുണ്ടാവും.
ഈ കുന്നിലിരുന്ന്, ഒരു ദൂരക്കാഴ്ചയായി, പുഴയുടെ ഒരു കരയില്‍നിന്നും മറുകരതേടുന്ന പായ്വഞ്ചികള്‍ കാണാം. കാലത്തിന്‍റെ കുത്തൊഴുക്കില്‍ തുഴഞ്ഞു തുഴഞ്ഞ് മറുകരതേടുന്ന മനുഷ്യജീവിതം തന്നെയല്ലേ ഒരര്‍ത്ഥത്തില്‍ ആ പായ്വഞ്ചികള്‍! കാറ്റിന്‍റെയും ഒഴുക്കിന്‍റെയും ശ്രുതി ചേര്‍ത്തുപിടിക്കുന്നതുകൊണ്ടു മാത്രം, വായുവിന്‍റെയും വെള്ളത്തിന്‍റെയും കാരുണ്യംകൊണ്ടുമാത്രം, മറിയാതെ, മുങ്ങാതെ പോകുന്ന ജലപാത്രങ്ങള്‍.

കുന്നിന്‍മുകളില്‍ ഏകനായിരുന്നുകൊണ്ടുള്ള അസ്തമയ കാഴ്ചകളും ഏറെ മനോഹരമാണ്. ചുവന്നുകനച്ച്, പുഴയൊഴുക്കിലേക്ക് നിറം പടര്‍ത്തി, പടിഞ്ഞാറന്‍ കുന്നിനപ്പുറത്തേക്ക് ചാഞ്ഞിറങ്ങുന്ന സൂര്യന്‍. ചക്രവാളത്തിന്‍റെ ഒരതിരില്‍നിന്നും ചിലച്ചുപൊങ്ങി ചിറകുവെച്ച ജീവന്‍റെ കുതൂഹലങ്ങളുമായി അന്തിമാനത്തു കൂടെ മറ്റേ അതിരിലേക്ക് വരിയൊപ്പിച്ചു പറന്നുപോകുന്ന കിളികൂട്ടങ്ങള്‍! വഴിവെട്ടാത്ത ജീവിവര്‍ഗ്ഗങ്ങളുടെ സ്വഛന്ദത. മനുഷ്യന്‍മാത്രം തന്‍റെ വഴിവെട്ടുകയാണ്. മരം വെട്ടുന്നതുപോലെ ഒരു വെട്ടലാണല്ലോ അതും. വെട്ടിവെട്ടി മരമില്ലാതായിത്തീരുന്നതുപോലെ ഒരുനാള്‍ (മുന്നോട്ടുള്ള) വഴിയും ഇല്ലാതായിത്തീരുമോ മനുഷ്യന്!

വഴിവെട്ടാതെ, മനുഷ്യര്‍ ദൂരയാത്ര ചെയ്തിരുന്ന കാലത്ത് സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമാണത്രെ മനുഷ്യനു ദിശാബോധം നല്‍കിയിരുന്നത്. വഴി തെറ്റാതെ മുന്നേറുവാന്‍ സഹായിച്ചത്.

ഒന്നും വെട്ടിപ്പിടിച്ചു സ്വന്തമാക്കാതെ, ഒന്നും മാറ്റിമറിക്കാതെ, ഒരിടത്തും സ്ഥിരമായി തങ്ങാതെ കാറ്റുപോലെ സ്വതന്ത്രമായി മനുഷ്യര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. വാസമുറപ്പിക്കാത്ത, വഴിവെട്ടാത്ത ജീവിതയാത്രകള്‍. ഇന്ന് വാസം കൂടുതല്‍ കൂടുതല്‍ (കോണ്‍ക്രീറ്റിട്ട്) ഉറപ്പിക്കുകയും, വഴി കൂടുതല്‍ കൂടുതല്‍ വെട്ടുകയുമാണ് ചെയ്യുന്നത്.

ഭൂമിയിലെ അവധൂത ജീവിതങ്ങളാണ് എക്കാലവും സത്യം കണ്ടെത്തിയിട്ടുള്ളത്, പട്ടുമെത്തകളും കൊട്ടാരങ്ങളും വിട്ടിറങ്ങി, വെട്ടാത്തവഴികളിലൂടെ ജീവിത സത്യം തേടിയിറങ്ങിയവര്‍ ശ്രീബുദ്ധനും ക്രിസ്തുവും മുഹമ്മദ്നബിയും ശങ്കരാചാര്യരുമൊക്കെ അങ്ങിനെയായിരുന്നു.

അസ്തമയനേരങ്ങളില്‍ ഇടക്കുന്നിലിരുന്ന് സൂര്യന്‍ മറയുന്നതും, മാനത്ത് ആദ്യനക്ഷത്രം ഉദിക്കുന്നതും, പുഴത്തീരങ്ങളിലെ വീടുകളില്‍ അന്തിവിളക്കു തെളിയുന്നതും മാനത്തുകൂടെ കിളികള്‍ കൂടുതേടിപ്പോവുന്നതും മറ്റും കണ്ടുകൊണ്ടിരിക്കുമ്പോള്‍, ഏതോ പുസ്തകത്തില്‍ വായിച്ച ഒരു കഥ ഓര്‍മ്മയിലെത്തും.

ക്രിസ്തുദേവന്‍ തന്‍റെ ശിഷ്യരുമൊത്ത് നാടുചുറ്റി നടക്കുന്ന കാലം. ഇതുപോലൊരു സന്ധ്യക്ക് ഇതുപോലെ മനോഹരമായ ആ ഗ്രാമത്തിലെത്തിപ്പെട്ടു അവര്‍.

അസ്തമയഭംഗികള്‍ക്കിടക്ക് ഇരുള്‍ പരക്കുന്നതും. മാനത്തു നക്ഷത്രങ്ങളുദിക്കുന്നതും, ഗ്രാമത്തിലെ കുടിലുകളില്‍ അന്തിവിളക്കു തെളിയുന്നതും, അമ്മമാര്‍ അത്താഴം പാകംചെയ്യുന്നതിന്‍റെ പുകച്ചുരുളുകള്‍ ചിമ്മിനികള്‍ വഴി ആകാശത്തേക്ക് ഉരുണ്ടുയരുന്നതും മറ്റും കണ്ട് ക്രിസ്തുവും ശിഷ്യരും ഇളംചൂടുള്ള ഒരു പാറപ്പുറത്ത് ഇരുന്നു. പകലത്തെ നീണ്ടയാത്രകൊണ്ട് ഏറെ ക്ഷീണിച്ചിരുന്നു എല്ലാവരും. ആരും ഒന്നും സംസാരിച്ചില്ല. നീണ്ട നിശ്ശബ്ദത.

അപ്പോള്‍ ഒരു ശിഷ്യന്‍ യേശുവിനോടു പറഞ്ഞു: 'ജീസസ് എന്തെങ്കിലും പറയൂ." ഉടനെ ക്രിസ്തു പറഞ്ഞു. "വേണ്ട... ഈ നിശ്ശബ്ദതയാണു നല്ലത്. ഇതു നമ്മോട് എല്ലാം പറയുന്നുണ്ട്..." തുടര്‍ന്ന് മൗനത്തിന്‍റെ ഒരു നീണ്ട ഇടവേളയ്ക്കുശേഷം, ആ മൗനം മുറിയാത്ത സൗമ്യതയോടെ യേശു തന്‍റെ ശിഷ്യരോട് ഇങ്ങനെമൊഴിഞ്ഞു: "നോക്കൂ... ഇതുപോലെ ശാന്തമായ ഒരന്തിനേരം മനോഹരമായ ഗ്രാമം. അസ്തമയസൂര്യനു പിന്നാലെ വിളക്കുകള്‍ തെളിഞ്ഞ ഭൂമിയും ആകാശവും. പകലന്തിയോളം നടന്ന് നമ്മള്‍ ഇവിടെയെത്തുന്നു. നന്നായി വിശക്കുന്നു. ഒന്നുമേ ഭക്ഷിക്കാനില്ലാതിരിക്കുക! എല്ലാം ദൈവത്തിനുമുന്‍പില്‍ ആ കൃപയ്ക്കായി സമര്‍പ്പിച്ച് ശാന്തരും സ്വസ്ഥരും നിശ്ശബ്ദരുമായി ഇങ്ങനെയിരിക്കാന്‍ സാധിക്കുക. ഇതിനേക്കാള്‍ വലിയ സുകൃതമുണ്ടോ?"

ഒരുപക്ഷേ യേശുദേവന്‍ ചൂണ്ടിക്കാണിക്കുന്ന ഇത്തരം മൗനസന്ദര്‍ഭങ്ങളിലാവാം, ദൈവം നമ്മോടു സംസാരിക്കുന്നത്. ആരെയും ശപിക്കാതെ, എല്ലാ വേദനകളും ദൈവത്തിനു സമര്‍പ്പിച്ച്, നിശ്ശബ്ദരായിരിക്കാനാവുമെങ്കില്‍ നിശ്ചയമായും ദൈവം നമ്മോട് പറയാതിരിക്കില്ല.

ഈ വിധത്തില്‍ ദൈവവുമായി സ്ഥിരഭാഷണം നടത്തുന്നവരാവാം പുണ്യാത്മാക്കള്‍. മനുഷ്യായുസ്സില്‍ അപൂര്‍വ്വമായിട്ടെങ്കിലും, തന്നോട് ദൈവം സംസാരിക്കുന്നതു കേള്‍ക്കാനാവുന്നതരം മൗനം പാലിക്കാനാവുന്നില്ലെങ്കില്‍ സൂക്ഷ്മസത്യങ്ങള്‍ക്കുനേരെ വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടതായിപ്പോവില്ലേ അക്കൂട്ടരുടെ ജീവിതം! അതിനാല്‍ ആണ്ടുമുങ്ങിക്കിടക്കുവാന്‍, ദൈവത്തിന്‍റെ സംസാരം കേള്‍ക്കുവാന്‍ ഓരോരുത്തര്‍ക്കും വേണം മൗനത്തിന്‍റെ ഒരു കയം!

You can share this post!

ജീവന്‍റെ സംരക്ഷണവും അവയവദാനവും

ബിഷപ്പ് ജേക്കബ് മുരിക്കന്‍
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts